ന്യൂറോ സർജൻ കടന്നൽ


വിജയകുമാർ ബ്ലാത്തൂർ

മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ. ശരീരത്തിന് ലോഹത്തിളക്കമുള്ള നീലിമകലർന്ന മരതക പച്ച നിറമുള്ളതിനാൽ ജ്വൽ വാസ്പ് എന്നും വിളിക്കാറുണ്ട്. പിറകിലെ രണ്ട് ജോഡി കാലുകളുടെ തുടഭാഗത്തെ ചുവപ്പ് നിറം ഇവയെ തിരിച്ചറിയാൻ സഹായിക്കും. ആൺ കടന്നലിന്റെ ഇരട്ടി വലിപ്പമുള്ളതാണ് പെൺ കടന്നലുകൾ. ഇണ ചേർന്ന് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും ഇവർ ചെയ്യുന്ന അതിശയകാര്യങ്ങൾ അമ്പരപ്പിക്കുന്നതാണ്.

മരതക കൂറ കടന്നൽ (emerald cockroach wasp) കടപ്പാട് വിക്കിമീഡിയ കോമൺസ്

ന്യൂറോ സയൻസും ഫാർമക്കോളജിയും വികസിച്ചിട്ട് അത്രയധികം കാലമായിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ പാറ്റകളുടേ തലയിലെ ന്യൂറോണുകളുടേയും ഗാംഗ്ളിയകളുടേയും സ്ഥാനവും പ്രവർത്തനവും കൃത്യമായി അറിവുള്ള വമ്പൻ ന്യൂറോ സർജന്മാർ ആണ് ഇവയിലെ പെൺ കടന്നലുകൾ.

ഇണ ചേർന്ന് കഴിഞ്ഞാൽ മുട്ടയിടേണ്ട സമയമാകുമ്പോൾ പെൺകടന്നൽ മണ്ണിൽ ഒരു മാളം ഒരുക്കും. നമ്മുടെ വീട്ടിലും പുറത്തും സാധാരണ കാണുന്ന പാറ്റയെന്നും കൂറയെന്നും വിളിക്കുന്ന Periplaneta americana യെ അന്വേഷിച്ച് കറങ്ങിയടിക്കും. വലിപ്പത്തിൽ തന്നേക്കാൾ നിരവധി മടങ്ങ് വലിപ്പവും കരുത്തും ഉള്ള പാറ്റയ്ക്ക് ചുറ്റും തന്ത്രപരമായി നീങ്ങും. അവസരം കിട്ടുമ്പോൾ സമർത്ഥമായി അതിന്റെ തലയിൽ കയറി കടിച്ച് പിടിക്കും. പാറ്റ ഇതിനെ കുടഞ്ഞ് കളയാൻ ശ്രമിക്കുന്നതിനിടയിൽ പിൻഭാഗത്തെ വിഷമുള്ള് കൊണ്ട് കൂറയുടെ മുങ്കാലുകളുടെ ഇടയിൽ മർമത്തിൽ, സ്ഥാനം തെറ്റാതെ കൃത്യമായി നാഡീവ്യൂഹത്തിലെ പ്രോ തൊറാസിക് ഗാങ്ങ്ളിയോണിൽ (prothoracic ganglion ) ന്യൂറോ ടോക്സിൽ കടത്തും. ചെറിയ അളവിലുള്ള വിഷം രണ്ട് മൂന്ന് മിനിറ്റിനുള്ളിൽ പാറ്റയുടെ മുങ്കാലുകളെ താത്കാലികമായി കുറച്ച് നേരത്തേക്ക് പാരലൈസ് ചെയ്യിക്കാനുള്ളതാണ്. മുന്നോട്ട് ഓടാനാവാതെ അന്തം വിട്ട് നിൽക്കുന്ന കൂറയെ ഇത്തിരി നേരം കഴിഞ്ഞ് രണ്ടാമത് ഒന്നു കൂടി കുത്തും. കൂറയുടെ തലയിലെ സബ് ഇസൊഫാഗിയൽ ഗാങ്ലിയോൺ (subesophageal ganglion) കൃത്യമായി തിരഞ്ഞ് കണ്ടെത്തിയാണ് രണ്ടാം കുത്ത്. അതിൽ വിഷത്തിലെ അളവിലും മിശ്രണത്തിലും മാറ്റമുണ്ടാകും. ന്യൂറോറിസപ്റ്ററുകളെ ബ്ളോക്ക് ചെയ്യുന്നതിനാൽ അതോടെ പാറ്റയ്ക്ക് സ്വന്തം ഇഷ്ടം പോലെ നടക്കൻ കഴിയാതാവും. മനസ് കൈമോശം വരും. ചലങ്ങൾക്ക് താളം നഷ്ടമാകും. രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്ലക്സുകൾ തടയപ്പെടും. പ്രേത സിനിമകളിലെ സോംബി തന്നെ പാവം. കുറച്ച് ദിവസങ്ങളോളം നിലനിൽക്കുന്ന ഈ സ്വഭാവ പരിണാമം Hypokinesia എന്ന പ്രത്യേക അവസ്ഥയിൽ പാറ്റയെ എത്തിക്കുന്നു. കുറച്ച് നേരം കാത്തിരുന്നതിന് ശേഷം മരതക കടന്നൽ പാറ്റയുടെ ഏറ്റവു സഹായക ഇന്ദ്രിയ ആൻ്റിനയായ മീശ രോമങ്ങൾ കടിച്ച് മുറിച്ച് കളയും. അതിൽ നിന്നൂറുന്ന ആന്തരിക ദ്രാവകം എനർജി ഡ്രിങ്കു പോലെ രസിച്ച് വലിച്ച് കുടിക്കും. (ഒരു ഡ്രാക്കുള ചിരി കൂടി BGM ആയി നൽകിയാൽ പൊളിക്കും!) മെലിഞ്ഞുണങ്ങിയ പാപ്പാൻ “ഇടത്താനേ – വലത്താനേ“ എന്നു പറഞ്ഞ് ആനയെ നടത്തികൊണ്ട് കൊണ്ട് പോകുന്നത് പോലെ ആ പാവം പാറ്റയുടെ മുറിഞ്ഞ മീശ തുമ്പിൽ കടിച്ച് വലിച്ച് കൂട്ടി നടത്തിക്കും. മടിയൻ നായയെ തുടലിൽ പിടിച്ച് വലിച്ച് നടത്തിക്കുന്നതു പോലെയും നമുക്ക് തോന്നും. ആദ്യമേ ഒരുക്കിയ മാളത്തിൽ പാറ്റയെ നടത്തി എത്തിച്ച് മലർത്തി കിടത്തും. അതിന്റെ കാലുകൾക്ക് ഇടയിൽ വെളുത്ത അരിമണിപോലുള്ള കുഞ്ഞ് മുട്ടയിട്ട് വെക്കും. പാറ്റയെ തേടുന്ന മറ്റ് ഇരപിടിയന്മാർ കാണാതിരിക്കാൻ മാളത്തിന്റെ കവാടം കുഞ്ഞ് കല്ലും മണ്ണും ചുള്ളിക്കഷണവും ഒക്കെകൊണ്ട് ഭദ്രമായി അടച്ച് വെക്കും. അടുത്ത മുട്ടയിടാൻ വേറെയൊരു കൂറയെ തപ്പി കടന്നൽ സ്ഥലം വിടും.

മരതക കൂറ കടന്നലുെ പാറ്റയും കടപ്പാട് വിക്കിമീഡിയ കോമൺസ്

ആ മാളത്തിലെ ഇരുളിൽ പൂർണ്ണ ബോധത്തോടെ എന്താണ് സംഭവം എന്ന് പോലും മനസിലാകാതെ ഒന്നും ചെയ്യാനാകാതെ വെറുതേ കിടക്കുന്ന ആ സാധു പാറ്റയേക്കുറിച്ച് ഓർത്ത് നോക്കുമ്പോൾ നമ്മുടെ മനസു പിടയും. ഓടാനോ രക്ഷപ്പെടാനോ തീറ്റ അന്വേഷിക്കാനോ ഉള്ള റിഫ്ലക്സുകൾ തടയപ്പെട്ട് പാവം കൂറ ദിവസങ്ങളോളം അതിൽ ചുമ്മാ അനങ്ങാതെ കീടക്കും. മൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിയും. ലാർവകുഞ്ഞ് ജീവനുള്ള കൂറയുടെ പുറം ഭാഗം കുറേശ്ശെ തിന്ന് വളരും, പലതവണ ഉറപൊഴിച്ച് വലിപ്പം വർദ്ധിപ്പിക്കും. പിന്നെയാണ് ഏറ്റവും ക്രൂരമായ പണി! ലാർവപ്പുഴു പാറ്റയുടെ ജീവനുള്ള ശരീരത്തിനുള്ളിലേക്ക് തുരന്ന് കയറും. ഉള്ളിലെത്തി പാറ്റയുടെ ആന്തരികാവയവങ്ങൾ തിന്ന്തീർക്കാൻ തുടങ്ങും. അപ്പഴും പാറ്റയ്ക്ക് ഓടാനോ ഇതിനെ കുടഞ്ഞ് കളഞ്ഞ് രക്ഷപ്പെടാനോ തോന്നില്ല എന്നു മാത്രം. ലാർവയുടെ അവസനത്തെ ഉറപൊഴിക്കൽ കഴിയുമ്പോഴേക്കും കൂറയുടെ ഉള്ള് പൊള്ളയായി കാണും. ജീവൻ പോയ കൂറയുടെ ഉള്ളിൽ ലാർവ നൂലുകൾ കൊണ്ട് കൊക്കൂൺ ഉണ്ടാക്കി പ്യൂപ്പാവസ്ഥയിൽ കിടക്കും. അവസാനം പുതിയ കടന്നലായി പാറ്റയുടെ ഉള്ളിൽ നിന്ന് നൂണ് പുറത്തിറങ്ങി മാളത്തിന്റെ വാതിൽ പൊളിച്ച് ചിറകുകൾ വിടർത്തി പറന്ന് പോകും. തൻ്റെ ജീവിതം ആരംഭിക്കും. പെണ്ണാണെങ്കിൽ ഇണ ചേർന്ന് വീണ്ടും നിരവധി ഡസൻ കൂറകളുടെ അന്തക മുട്ടകൾ ഇടാൻ വേണ്ടിയാണ് യാത്ര.

മറ്റ് ജീവികളുടെ ഉള്ളിൽ ജീവിക്കുന്ന പരാദജന്മങ്ങൾ ജീവലോകത്ത് നിരവധിയുണ്ട്. പക്ഷെ മരതക കടന്നലുകളുടെ കുഞ്ഞുങ്ങളുടെ ഈ Parasitoidism വളരെ സങ്കീർണമാണ്. മറ്റു പല വാസ്പുകളും (നമ്മുടെ വേട്ടാളൻമാർ വരെ) ശലഭങ്ങളുടെയും വണ്ടുകളുടെയും ഒക്കെ ലാർവകളെ വിഷം കുത്തി അബോധാവസ്ഥയിലാക്കി കൂട്ടിൽ കെണ്ട് വന്ന് അതിന് മുകളിൽ മുട്ടയിട്ട് പോകുന്ന ശീല മുണ്ടെങ്കിലും രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്ലക്സുകൾ തടയുന്ന വിധം കൃത്യതയോടെ ന്യൂറോൺ കണ്ടെത്തി അതിൽ തന്നെ വിഷം കുത്തിവെക്കുന്ന പരിപാടി ആർക്കും ഇല്ല.  ന്യൂറോ സയൻസിലെ പുലിയാണ് മരതക കടന്നൽ.


വീഡിയോ കാണാം


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍
23 രക്തദാഹിയായ കുളയട്ടകള്‍
24 വേഷം കെട്ടുന്ന ചിത്രശലഭങ്ങള്‍
25 ഇലക്കവിളിലെ തുപ്പൽപ്രാണി
26 തുമ്പിപ്പെണ്ണേ വാ.. വാ..
27 ചട്ടുകത്തലയുള്ള താപ്പാമ്പ്
28 പുഴുവെറും പുഴുവല്ല

 

Leave a Reply