Read Time:52 Minute
Climate Dialogue – ഡോ. സി. ജോർജ്ജ് തോമസ് എഴുതുന്ന കോളം

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് നാം വളരെക്കാലമായി കേൾക്കുന്നു, ചർച്ച ചെയ്യുന്നു, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഹരിതഗൃഹ വാതകങ്ങൾ, ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെക്കാളുപരി അത്യന്തം സങ്കീർണമായ ചില സങ്കൽപ്പങ്ങളും പ്രയോഗങ്ങളും കൂടി മനസ്സിലാക്കിയിരുന്നാലെ  കാലാവസ്ഥാ ഉടമ്പടികളും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന യോഗങ്ങളും ചർച്ചകളും  മറ്റും ശരിയായി വിലയിരുത്താൻ സാധിക്കൂ എന്ന സ്ഥിതി സംജാതമായിട്ടുണ്ട്. AFOLU, LULUCF, REDD+, NDCs, CDM, CBDR–RC, GWP, കാർബൺ ഓഫ്സെറ്റിങ്, കാർബൺ ക്രഡിറ്റ്, ഗ്രീൻ ക്രഡിറ്റ്, എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.  രാജ്യത്തിന്റെ കാലാവസ്ഥാ നയങ്ങൾ തീരുമാനിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ഈ ലേഖന പരമ്പര അവസാനിക്കുമ്പോൾ മേൽപ്പറഞ്ഞ തരം സംശയങ്ങൾക്ക് പരിഹാരമാകും എന്നാണ് പ്രതീക്ഷ.  ഈ ലക്കത്തിൽ ക്യോട്ടോ പ്രോട്ടോക്കോൾ വരെയുള്ള കാര്യങ്ങൾ ചുരുക്കി പറയാനാണ് ശ്രമിക്കുന്നത്.

2016  മുതൽ ലോകം പാരിസ് ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥമായ സ്ഥിതിക്ക് ക്യോട്ടോ പ്രോട്ടോക്കോളിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചേക്കാം. ക്യോട്ടോ ഉടമ്പടിയെ നന്നായി മനസ്സിലാക്കാതെ പാരിസ് ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാനാവില്ല എന്നതാണ് ഉത്തരം.

1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന“ഭൗമഉച്ചകോടി”

അന്തരിക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ ഗാഢത മനുഷ്യന്‍ വിചാരിച്ചാല്‍ കുറക്കാന്‍ കഴിയുമെന്ന ചിന്ത ഉണ്ടായിട്ട് അധികം കാലമായിട്ടില്ല. പക്ഷേ, കാലാവസ്ഥാ മാറ്റമെന്നത്  രാജ്യാതിർത്തികൾക്കപ്പുറമുള്ള ആഗോള അടിയന്തരപ്രശ്നമാണ്.  ഇത് പരിഹരിച്ച് പോകണമെങ്കിൽ വേറിട്ട പ്രവർത്തനങ്ങൾക്കുപകരം  ഏകോപിതമായ പരിഹാരങ്ങളും അന്താരാഷ്‌ട്ര സഹകരണവും എല്ലാ തലങ്ങളിലും ആവശ്യമുണ്ട്. ലോകം അതിനുള്ള ശ്രമത്തിലാണ്.

1988ലാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമും (യു.എൻ.ഇ. പി) ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യു.എം.ഒ.) ചേര്‍ന്ന് “കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര പാനൽ” അഥവാ ഐ.പി.സി.സി. (International Panel on Climate Change, IPCC) രൂപീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയിലോ ഡബ്ല്യു.എം.ഒ.യിലോ അംഗങ്ങളായ രാജ്യങ്ങളുടെ ഒരു സംഘടനയാണ് ഐ.പി.സി.സി. (നിലവിൽ 195 അംഗ രാഷ്ട്രങ്ങൾ). കാലാവസ്ഥാ നയങ്ങൾ വികസിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ശാസ്ത്രീയ വിവരങ്ങൾ  നൽകുക എന്നതാണ് IPCC യുടെ ലക്ഷ്യം. ഐ.പി.സി.സി.യുടെ ആദ്യ വിലയിരുത്തൽ റിപ്പോർട്ട് 1990ൽ പുറത്തുവന്നു. ആഗോളതാപനം യാഥാർഥ്യമാണെന്നും ഇതിനെതിരെ ഉടൻ എന്തെങ്കിലും ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഐ.പി.സി.സി.യും, ആ വർഷം തന്നെ നടന്ന രണ്ടാം ലോക കാലാവസ്ഥാ സമ്മേളനവും (1990) കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിന് ലോക രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  ഒരു ആഗോള ഉടമ്പടിക്ക് ആഹ്വാനം ചെയ്യുകയുണ്ടായി. തുടർന്നാണ് ഭൌമ ഉച്ചകോടി (the earth summit), കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ  (United Nations Framework Convention on Climate Change, UNFCC), ക്യോട്ടോ പ്രോട്ടോക്കോൾ, പാരിസ് ഉടമ്പടി എന്നിവയൊക്കെ ഇവിടെ ഉണ്ടാകുന്നത്. അന്താരാഷ്ട്ര തലത്തിൽ നടന്ന മറ്റു ചില സംഭവങ്ങളും ഇതിന് കാരണമായി.

ചില നാഴികക്കല്ലുകൾ   

വ്യാവസായിക വിപ്ലവവും തുടർന്നുള്ള ഫോസ്സിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗവുമാണ് ആഗോളതാപനത്തിനും തുടർന്ന് കാലാവസ്ഥാമാറ്റത്തിനും കാരണമായി മാറിയത് എന്ന് ഇന്ന് നമുക്കറിയാം. വ്യാവസായിക വിപ്ലവം 1760 ൽ ആരംഭിച്ചുവെന്നാണ് പൊതുവേ പറയപ്പെടുന്നത്.   അതായത്, മനുഷ്യപ്രേരിത ആഗോള താപന പ്രശ്നങ്ങൾക്ക് 250 വർഷത്തിൽ കൂടുതൽ പഴക്കമില്ല. ഹരിതഗൃഹ പ്രഭാവം, ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നിവയെക്കുറിച്ച് ജനങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത് 1992 ലെ  ഭൗമ ഉച്ചകോടിക്ക്  ശേഷമാണ്. ഇതിന് മുമ്പുള്ള പ്രവർത്തനങ്ങൾ മിക്കവാറും ഗവേഷകരിലും, വിദഗ്ദ്ധരിലുമായി   ഒതുങ്ങിനിന്നു.  ഇക്കാലത്തെ ചില  പ്രധാന നാഴികക്കല്ലുകൾ നോക്കാം.

1824-ൽ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ജോസഫ് ഫൂറിയർ (Joseph Fourier) പകലും രാത്രിയും, ഗ്രീഷ്മവും ശിശിരകാലവും തമ്മിലുള്ള താപനിലയിലെ വ്യതിയാനങ്ങൾ പരിശോധിച്ചു. ഈ വ്യതിയാനങ്ങളുടെ ഒരു സാധാരണ വിശകലനം സൂചിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചൂടാണ് ഭൂമിയിലെന്ന നിഗമനത്തിലെത്തി. സൂര്യനിൽ നിന്നുള്ള റേഡിയേഷൻ മാത്രമേ ചൂടിനുള്ള പ്രഭാവം ആയി ഉള്ളൂവെങ്കിൽ, തണുപ്പ് കൂടുതലായിരിക്കുമെന്ന് ഫ്യൂറിയർ കണക്കുകൂട്ടി. ഭൂമിയുടെ അന്തരീക്ഷം ഒരു ഇൻസുലേറ്റർ പോലെ പ്രവർത്തിക്കുന്നു എന്ന അദ്ദേഹത്തിന്റെ ആശയമാണ് ‘ഹരിതഗൃഹ പ്രഭാവം’ എന്ന് നാം ഇപ്പോൾ വിളിക്കുന്ന പ്രതിഭാസത്തിന്റെ രൂപീകരണത്തിന് നിമിത്തമായത്(ഗ്രീൻ ഹൗസ് ഇഫക്റ്റ് എന്ന പദപ്രയോഗം അന്ന് ഉണ്ടായിട്ടില്ല).

കാർബൺ ഡൈഓക്സൈഡിന്റെ ഭൂമിയെ തപിപ്പിക്കുവാനുള്ള കഴിവ് കാലാവസ്ഥാ ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്.  പെട്രോളും കൽക്കരിയും പോലുള്ള   ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുകയും കാർബൺ ഡൈഓക്സൈഡ് തന്മാത്രകളെ അന്തരീക്ഷത്തിലേക്ക് തള്ളുകയും ചെയ്യുമ്പോൾ നമ്മുടെ ഗ്രഹത്തിന്റെ താപനില ഉയരുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. 1856-ൽ സ്ത്രീകളുടെ അവകാശ പ്രസ്ഥാനങ്ങളിലും കൂടി പ്രവർത്തിച്ചിരുന്ന യൂനിസ് ന്യൂട്ടൺ ഫുട്ട് (Eunice Newton Foote) എന്ന വനിതാ ശാസ്ത്രജ്ഞയാണ് ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ആദ്യമായി വിവരിച്ചത്.

ന്യൂയോർക്കിൽ വെച്ച് നടന്ന American Association for the Advancement of Science കോൺഫെറൻസിൽ യൂനിസ് ന്യൂട്ടൺ ഫുട്ട് അവതരിപ്പിച്ച “Circumstances affecting the heat of the sun’s rays” എന്ന പ്രബന്ധം

സൂര്യപ്രകാശത്തിൽ വെച്ചിട്ടുള്ള കാർബൺ ഡൈ ഓക്സൈഡ് നിറച്ച ഒരു ഗ്ലാസ് സിലിണ്ടർ സാധാരണ വായു നിറച്ച ഒരു സിലിണ്ടറിനേക്കാൾ കൂടുതൽ ചൂടാകുന്നതായി കണ്ടെത്തുകയും അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ ആധിക്യം ചൂടുള്ള ഒരു ഗ്രഹത്തിന് കാരണമാകുന്നു എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. പക്ഷേ, യൂനിസ് ഫുട്ടെയുടെ കണ്ടുപിടുത്തം വിസ്മരിക്കപ്പെട്ടു. 1859-ൽ ഐറിഷ് ഭൗതികശാസ്ത്രജ്ഞനായ ജോൺ ടിൻഡാൽ (John Tyndall), കാർബൺ ഡൈഓക്സൈഡിന്റെ പങ്കും ഹരിതഗൃഹ വാതക പ്രഭാവവും കണ്ടുപിടിച്ചു എന്നാണ് മിക്ക രേഖകളിലും!  ‘ദ അമേരിക്കൻ ജേർണൽ ഓഫ് സയൻസ് ആൻഡ് ആർട്‌സിന്റെ’ ഈയിടെ ഡിജിറ്റൈസ് ചെയ്ത ഒരു പകർപ്പിൽ 1856-ലെ ഒരു യു.എസ്. സയൻസ് കോൺഫറൻസിൽ യൂനിസ് ഫുട്ടെയുടെ അവതരണം ഉൾപ്പെട്ടതോടുകൂടി  പലരും ഫുട്ടിനെ അനുസ്മരിക്കാൻ തുടങ്ങിയിട്ടുണ്ട് (യൂനിസ് ഫുട്ടെ ഒരു സ്ത്രീയായത് കൊണ്ട് ചരിത്രം അവഗണിച്ചതാണ് എന്നും പറയുന്നുണ്ട്).

സ്വാന്റെ അറേനിയസ് (Svante Arrhenius)

1896-ൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ അറേനിയസ് (Svante Arrhenius) അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവ് ഭൂമിയുടെ ഉപരിതല താപനിലയെ എത്രത്തോളം ബാധിക്കുമെന്ന് കണക്കാക്കാൻ ഫിസിക്കൽ കെമിസ്ട്രിയുടെ തത്വങ്ങൾ ആദ്യമായി ഉപയോഗിച്ചു. ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിന്റെ ആവിർഭാവത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു.

19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ പലയിടങ്ങളിൽ നിന്നുമായി താപനിലയുടെ അളവുകൾ സമാഹരിച്ച് ഗയ് സ്റ്റുവർട്ട് കാല്ലണ്ടർ (Guy Stewart Callendar) തയ്യാറാക്കിയത്

1938-ൽ, ഗയ് സ്റ്റുവർട്ട് കാല്ലണ്ടർ (Guy Stewart Callendar) 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ പലയിടങ്ങളിൽ നിന്നുമായി താപനിലയുടെ അളവുകൾ സമാഹരിച്ചു. വ്യവസായശാലകളിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗോളതാപനത്തിന് കാരണമാകുമെന്ന് കാല്ലണ്ടർ വാദിച്ചു. കാല്ലണ്ടറുമായി ബന്ധം പുലർത്തിയിരുന്ന ഗിൽബർട്ട് പ്ലാസ്(Gilbert Plass)  1956-ൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കാർബൺ ഡൈ ഓക്സൈഡ് സിദ്ധാന്തം ആവിഷ്കരിച്ചു. വ്യാവസായിക പ്രക്രിയകളും മറ്റ് മനുഷ്യ പ്രവർത്തനങ്ങളും അധികമായി പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷതാപനില ഉയരാൻ കാരണമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 1961-ൽ ചാൾസ് ഡേവിഡ് കീലിംഗ് (Charles David Keeling), അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത തുടർച്ചയായി അളന്നുകൊണ്ട് ഈ വാതകത്തിന്റെ അളവ് അന്തരീക്ഷത്തിൽ ക്രമാനുഗതമായി ഉയരുന്നതായി കാണിക്കുന്ന ഡാറ്റ പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ സ്ഥിരമായ വർദ്ധനവ് കാണിക്കുന്ന “കീലിംഗ് കർവ്” അദ്ദേഹത്തിന്റെ പേരിലാണുള്ളത്.

ചാൾസ് ഡേവിഡ് കീലിംഗ്

1965-ൽ, യു. എസ്. പ്രസിഡണ്ടിന്റെ സയൻസ് അഡ്വൈസറി കമ്മിറ്റിയിലെ ശാസ്ത്രജ്ഞർ ഹരിതഗൃഹ താപനം സംബന്ധിച്ച ആശങ്കകൾ ആദ്യമായി മുന്നോട്ടുവച്ചു; അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡിന്റെ തുടർച്ചയായ പുറന്തള്ളൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും അത് മനുഷ്യർക്ക് ദോഷകരമാകുമെന്നും വാദിച്ചു. 1981-ൽ, NASA യിലെ ശാസ്തഞ്ജൻ ജെയിംസ് ഹാൻസനും കൂട്ടരും ‘സയൻസ്’ ജേർണലിൽ മോഡൽ സിമുലേഷനുകളെ അടിസ്ഥാനമാക്കി കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ആദ്യത്തെ ദീർഘകാല പ്രവചനങ്ങൾ പ്രസിദ്ധീകരിച്ചു.

1983-ൽ, നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെയും പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെയും (EPA) റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി, ആഗോളതാപനത്തിൽ ഗണ്യമായ വർദ്ധനവ് വേഗത്തിൽ സംഭവിക്കുമെന്ന മുന്നറിയിപ്പും ഉണ്ടായി. ഇതിനിടെയാണ് 1987-ൽ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള മോൺട്രീൽ ഉടമ്പടി നിലവിൽവന്നത്. അവിടെ ഹരിതഗൃഹപ്രഭാവവും പരിഗണനാവിഷയമായിരുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുള്ള മിക്കവാറും വാതകങ്ങൾ ആഗോളതാപനത്തിനും വഴിവെക്കുന്നുണ്ട്.

ഇത്തരം ശാസ്ത്രീയ റിപ്പോർട്ടുകൾ, ഹരിതഗൃഹ താപനവുമായി ബന്ധപ്പെട്ട മറ്റ് പഠനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, 1988 ൽ യു.എസ്. കോൺഗ്രസ് ഈ വിഷയത്തിൽ തെളിവ് ശേഖരണങ്ങൾ നടത്തുകയും പുറത്തുനിന്നുള്ള വിദഗ്ധരുടെ സാക്ഷ്യപത്രം ക്ഷണിക്കുകയും ചെയ്തു. നേരത്തേ സൂചിപ്പിച്ച ജെയിംസ് ഹാൻസനും തെളിവ് നല്കാൻ എത്തിയിരുന്നു. ആഗോളതാപനത്തെക്കുറിച്ച് ലോകമെമ്പാടും വിശാലമായ അവബോധം വളർത്താൻ സഹായിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 1988-ലെ യു. എസ്. കോൺഗ്രസിന്റെ മുമ്പിലെ സാക്ഷ്യത്തിന്റെ പേരിലാണ് ഹാൻസൻ കൂടുതലായി അറിയപ്പെടുന്നത്. ആഗോളതാപനം ആരംഭിച്ചുവെന്നും ഇതിന് മനുഷ്യരായ നമ്മളും നമ്മുടെ ഹരിതഗൃഹ വാതകങ്ങളുമാണ് കാരണമെന്നത് 99 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പൊതുജനാഭിപ്രായവും  ഐക്യരാഷ്ട്രസഭയുടെ  ഇടപെടലും   നേരത്തേ സൂചിപ്പിച്ചതുപോലെ 1988 ൽ IPCC യുടെ രൂപീകരണത്തിനും 1990 ൽ അവരുടെ ആദ്യ റിപ്പോർട്ടിനുമൊക്കെ വഴി തെളിച്ചു. ഇതിനിടെ നോർവേയുടെ മുൻ പ്രധാനമന്ത്രി ഗ്രോ ഹാർലെം ബ്രണ്ട്‌ലാന്റിന്റെ അദ്ധ്യക്ഷതയിൽ “വേൾഡ് കമ്മീഷൻ ഓൺ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ്” 1987ൽ  തയ്യാറാക്കിയ “നമ്മുടെ പൊതുഭാവി” (Our Common Future) എന്ന റിപ്പാർട്ടും പൊതുജന ശ്രദ്ധ ആകർഷിച്ചു. സുസ്ഥിരവികസനം എന്ന ആശയത്തിന് പ്രചുര പ്രചാരം ലഭിക്കുന്നത് “നമ്മുടെ പൊതുഭാവി” വഴിയാണ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ

പരിസ്ഥിതി പ്രശ്നങ്ങൾ, പ്രധാനമായും കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ നാശം, മരുവൽക്കാരണം, വന നശീകരണം എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും അന്താരാഷ്ട്ര ഉടമ്പടികൾ രൂപീകരിക്കുന്നതിനുമായി  ഐക്യരാഷ്ട്രസഭയുടെ നേതൃതത്തിൽ 1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ “ഭൗമഉച്ചകോടി” (United Nations Conference on Environment and Development, UNCED/the earth summit) എന്ന് വിളിക്കപ്പെട്ട ഒരു കോൺഫറൻസ്  നടക്കുകയുണ്ടായി.  ഈ ഉച്ചകോടിയിൽ  പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു ഉടമ്പടികൾ അംഗീകരിക്കപ്പെട്ടതിൽ ഒന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC) (മറ്റ് രണ്ടെണ്ണം ജൈവ വൈവിധ്യ കൺവെൻഷനും-United Nations Convention on Biodiversity, UNCBD; മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള കൺവെൻഷനുമാണ്- United Nations Convention to Combat Desertification, UNCCD). 1994 മാർച്ച് 21-ന് UNFCC നിലവിൽ വന്നു, ഇതിൽ ഒപ്പുവെച്ച രാജ്യങ്ങളെ കൺവെൻഷന്റെ “പാർട്ടികൾ” എന്നാണ് വിളിക്കുക (ഇപ്പോൾ 198 പാർട്ടികൾ ഉണ്ട്}.

കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് UNFCC യുടെ ആത്യന്തിക ലക്ഷ്യം. UNFCC ഒരു ഫ്രെയിംവർക്ക് കൺവെൻഷൻ അഥവാ ചട്ടക്കൂട് ഉടമ്പടിയാണ്.  അന്താരാഷ്ട്ര നിയമം അനുസരിച്ച്  പാർട്ടികൾക്ക്’ പൊതുവായ പ്രതിബദ്ധതകളും  പൊതു ഭരണസംവിധാനവും സ്ഥാപിക്കുകയും,  അതേസമയം കൂടുതൽ വിശദമായ നിയമങ്ങളും നിർദ്ദിഷ്ട ലക്ഷ്യങ്ങളുടെ ക്രമീകരണവും ‘പ്രോട്ടോക്കോൾ’ അല്ലെങ്കിൽ ‘ഉടമ്പടി’ (agreement) എന്ന് വിളിക്കുന്ന കരാറുകളോ അല്ലെങ്കിൽ ദേശീയ നിയമനിർമ്മാണത്തിനോ വിട്ടുകൊടുത്തുകൊണ്ട് തയ്യാറാക്കുന്ന നിയമപരമായ ഉടമ്പടിയാണ്  ഫ്രെയിംവർക്ക് കൺവെൻഷൻ അഥവാ ചട്ടക്കൂട് ഉടമ്പടി. വ്യത്യസ്ത പ്രതിബദ്ധതകൾ അനുസരിച്ച് കാലാവസ്ഥാ ഫ്രെയിംവർക്ക് കൺവെൻഷൻ പാർട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഇവയുടെ പേരുകൾ രണ്ട് അനുബന്ധ പട്ടികകൾ ആയാണ് നല്കിയിട്ടുള്ളത്.

അനെക്സ് I പാർട്ടികൾ

‘ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്’ (OECD) അംഗങ്ങളായ വ്യാവസായിക രാജ്യങ്ങളും റഷ്യൻ ഫെഡറേഷൻ, ബാൾട്ടിക് രാജ്യങ്ങൾ, കൂടാതെ സെൻട്രൽ & കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ സമ്പദ്‌വ്യവസ്ഥ പരിവർത്തന ഘട്ടത്തിലുള്ള രാജ്യങ്ങളും (economies in transition, EIT) അനെക്സ് I പാർട്ടികളിൽ ഉൾപ്പെടുന്നു. അതായത്,  ഫ്രെയിംവർക്കിന്റെ അനുബന്ധം 1 ൽ ഈ രാജ്യങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അനെക്സ് II പാർട്ടികൾ

അനെക്സ് II വിൽ EIT രാജ്യങ്ങൾ ഒഴിച്ചുള്ള അനെക്സ് I-ലെ OECD അംഗങ്ങളാണുള്ളത്. കൺവെൻഷനു കീഴിൽ വികസ്വര രാജ്യങ്ങളെ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനും ഇവർ സാമ്പത്തിക സഹായം നൽകേണ്ടതുണ്ട്. കൂടാതെ, EIT രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ വികസനവും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രായോഗികമായ നടപടികളും സ്വീകരിക്കണം.

നോൺ-അനെക്സ് I പാർട്ടികൾ

നോൺ-അനെക്സ് I (അതായത് അനുബന്ധത്തിൽ പേര് വരാത്തവ) പാർട്ടികൾ കൂടുതലും വികസ്വര രാജ്യങ്ങളാണ്. താഴ്ന്ന തീരപ്രദേശങ്ങളുള്ള രാജ്യങ്ങളും മരുവൽക്കരണത്തിനും വരൾച്ചയ്ക്കും സാധ്യതയുള്ള രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതങ്ങൾക്ക് പ്രത്യേകിച്ച് ദുർബലരാണെന്ന് കൺവെൻഷൻ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ (ഉദാ: ഫോസിൽ ഇന്ധന ഉൽപ്പാദനത്തിൽ നിന്നും വാണിജ്യത്തിൽ നിന്നുമുള്ള വരുമാനത്തെ വൻതോതിൽ ആശ്രയിക്കുന്ന രാജ്യങ്ങൾ പോലുള്ളവ) കാലാവസ്ഥാ പ്രതികരണ നടപടികളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കൂടുതൽ ഇരയാകുന്നു.

കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുന്നതിനും അതിന്റെ പ്രതികൂല ഫലങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള പരിമിതമായ ശേഷി കാരണം നോൺ-അനെക്സ് I രാജ്യങ്ങളിൽ ഉൾപ്പെട്ട, ‘തീരെ അവികസിതമായ രാജ്യങ്ങൾ’ (Least Developed Countries, LDCs) എന്ന് തരംതിരിക്കുന്ന, 49 രാജ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു. ധനസഹായവും സാങ്കേതിക-കൈമാറ്റ പ്രവർത്തനങ്ങളും പരിഗണിക്കുമ്പോൾ എൽ.ഡി.സി.കളുടെ പ്രത്യേക സാഹചര്യം പൂർണ്ണമായി കണക്കിലെടുക്കാൻ ഐക്യരാഷ്ട്രസഭ മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിക്കുയും ചെയ്യുന്നു.

മേൽപ്പറഞ്ഞ എല്ലാ വിഭാഗത്തിലും ഉൾപ്പെടുന്ന “പാർട്ടികളുടെ” കോൺഫറൻസ്  ആണ് വർഷം തോറും നടത്തുന്ന COP അഥവാ ‘കോൺഫറൻസ് ഓഫ് ദി പാർട്ടീസ്’; ആദ്യത്തെ  COP (COP-1) 1995 ൽ ജർമ്മനിയിലെ ബെർലിനിൽ  ആണ് നടന്നത്.

ക്യോട്ടോ പ്രോട്ടോക്കോൾ

ജപ്പാനിലെ ക്യോട്ടോ എന്ന് വിളിക്കുന്ന നഗരത്തിൽ വെച്ചാണ് UNFCC യുടെ COP-3 നടക്കുന്നത്.  ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കാൻ ലക്ഷ്യമിട്ട് സജ്ജമാക്കിയ  ആദ്യ സംരംഭമായി ഒരു പ്രോട്ടോക്കോൾ 1997 ഡിസംബർ 11-ന് ഇവിടെ വെച്ച് അംഗീകരിച്ചു (ക്യോട്ടോവിൽ വെച്ച് ഒപ്പിട്ടതുകൊണ്ടു ‘ക്യോട്ടോ പ്രോട്ടോക്കോൾ’ എന്ന് അറിയപ്പെടുന്നു). കാലാവസ്ഥാ ഫ്രയിംവർക്ക് കൺവെൻഷന്റെ തത്വങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയുള്ളതാണ് ക്യോട്ടോ പ്രോട്ടോക്കോൾ. ഇത് വികസിത സമ്പന്ന രാജ്യങ്ങൾക്ക് കൂടുതൽ ചുമതലകൾ നൽകുകയും  “പൊതുവായതും എന്നാൽ വിവേചിക്കപ്പെട്ടതുമായ ഉത്തരവാദിത്തവും  അതത് കഴിവുകളും”(common but differentiated responsibility and respective capabilities, CBDR–RC) എന്ന തത്വത്തിന് കീഴിൽ 1990 അടിസ്ഥാനവർഷമായെടുത്ത് അന്നത്തെ നിലയിലേക്ക് ഹരിതഗൃഹവാതകങ്ങളുടെ (GHGs) ഉത്സർജനം കുറയ്ക്കാൻ വികസിതരാജ്യങ്ങളെ  ബാധ്യസ്ഥരാക്കുകയും ചെയ്തു.

വ്യാവസായിക വിപ്ലവത്തെത്തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ ഉയർന്ന അളവിലുള്ള ഹരിതഗൃഹവാതകങ്ങൾക്കും തദ്വാരായുള്ള ആഗോളതാപനത്തിനും വികസിത രാജ്യങ്ങളാണ് പ്രധാനമായും ഉത്തരവാദികളെന്ന് ക്യോട്ടോ പ്രോട്ടോക്കോൾ തിരിച്ചറിയുകയും, അതനുസരിച്ച് വികസിത രാജ്യങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ചുമത്തുകയും ചെയ്തു.  ഇതിൻ പ്രകാരം 37 വ്യാവസായിക രാജ്യങ്ങളും 28 അംഗ യൂറോപ്യൻ യൂണിയനും (അന്ന് ബ്രിട്ടനുമുണ്ട്) അവരുടെ GHG ഉദ്‌വമനം നിർദേശിച്ച അളവിൽ കുറയ്ക്കണമെന്ന് ക്യോട്ടോ പ്രോട്ടോക്കോൾ നിർബന്ധമാക്കി. ആദ്യമായി, നിയമപരമായ ലക്ഷ്യങ്ങളും പ്രതിബദ്ധതകളും നിശ്ചയിച്ചു; ജപ്പാൻ, യു.എസ്., യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ GHG ഉദ്‌വമനം യഥാക്രമം 7%, 8%, 9% എന്ന തലത്തിൽ  കുറയ്ക്കണം. ക്യോട്ടോ പ്രോട്ടോക്കോളിന്റെ ആദ്യ പ്രതിബദ്ധതാ കാലയളവിലെ ലക്ഷ്യങ്ങൾ ആറ് പ്രധാന ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്നതിനായിരുന്നു. അതായത്,  കാർബൺ ഡൈ ഓക്സൈഡ് (CO2),  മീതയിൻ (CH4), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs),  പെർഫ്ലൂറോകാർബണുകൾ (PFCs), ഒപ്പം സൾഫർ ഹെക്സാഫ്ലൂറൈഡ് (SF6).

ചൈനയും ഇന്ത്യയും ഉൾപ്പെടെ 100-ലധികം വികസ്വര രാജ്യങ്ങൾക്ക് ക്യോട്ടോ കരാറിലെ വ്യവസ്ഥകൾ നിർബന്ധമാക്കിയില്ല, പക്ഷേ, സ്വമേധയാ പങ്കാളിയാകാം. പ്രോട്ടോക്കോൾ പ്രകാരം അനുബന്ധം I ൽ (അനെക്സ് I) ഉൾപ്പെടുത്തിയ രാജ്യങ്ങൾ അഥവാ വികസിത രാജ്യങ്ങൾ വ്യക്തിഗതമായോ സംയുക്തമായോ, പ്രോട്ടോക്കോളിന്റെ അനുബന്ധം A യിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് (CO2e)  അനുബന്ധം B യിൽ കൊടുത്തിരിക്കുന്നത് പോലെ 1990ല്‍ ഉണ്ടായിരുന്നതിന്റെ കുറഞ്ഞത് 5 ശതമാനം കണ്ട് 2008-2012 കാലയളവില്‍ കുറയ്ക്കുവാന്‍ ബാധ്യസ്ഥരായിരുന്നു.

അനുബന്ധം I ൽ പേരില്ലാത്ത അവികസിത രാജ്യങ്ങളെ (നോൺ-അനെക്സ് I) അവയുടെ ഉത്സര്‍ജ്ജനം താരതമ്യേന കുറവായതിനാലും അവ വികസനത്തിന്‍റെ പാതയിൽ വന്നിട്ട് അധികാലം ആകാത്തതിനാലും ഈ മാനദണ്ഡത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.  മിക്കവാറും വികസ്വര രാജ്യങ്ങൾ കോളനി ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി വികസനത്തിന്റെ പാതയിൽ എത്തിയത് 1950 കൾയ്ക്ക് ശേഷമാണ്. അനുബന്ധത്തിൽ ലിസ്റ്റ് ചെയ്യാത്ത രാജ്യങ്ങൾ അവരുടെ രാജ്യങ്ങളിൽ ഉദ്വമനം കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത പദ്ധതികളിൽ നിക്ഷേപം നടത്തുകയും അവ കാർബൺ ക്രഡിറ്റുകളാക്കി വികസിത രാജ്യങ്ങളുടെ ഉൽസർജന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുകയും ചെയ്തു.  2005 ഫെബ്രുവരി 16-ന് ക്യോട്ടോ കരാര്‍ നിലവില്‍ വന്നു.

1997-ൽ ക്യോട്ടോ പ്രോട്ടോക്കോൾ കൊണ്ടുവരുന്നതിൽ പ്രധാന പങ്കാളിയായിരുന്നു അന്നത്തെ യു.എസ്. വൈസ് പ്രസിഡന്റ് അൽഗോർ. പ്രസിഡന്റ് ബിൽ ക്ലിന്റൺ 1998 നവംബറിൽ കരാറിൽ ഒപ്പുവെച്ചുവെങ്കിലും യു.എസ്. സെനറ്റ് ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഈ പ്രോട്ടോക്കോൾ  പ്രകാരമുള്ള എമിഷൻ മാനദണ്ഡങ്ങൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക്  ഭീഷണയിയാണെന്ന  ന്യായമാണ് അവർ ഉയർത്തിയത്. മാത്രമല്ല, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെ ഒഴിവാക്കിയതും അവർക്ക്   ഇഷ്ടപ്പെട്ടില്ല. സമാനമായ എതിർപ്പുകൾ കൊണ്ട് പിന്നീട് വന്ന പ്രസിഡന്റ് ജോർജ്ജ് ബുഷും ഒപ്പിടാൻ വിസമ്മതിച്ചു. വികസിത രാജ്യങ്ങളും (അനെക്സ് 1) വികസ്വര രാജ്യങ്ങളും (നോൺ  അനെക്സ് 1)തമ്മിലുള്ള വിഭജനം അന്യായമാണെന്നും വികസ്വര രാജ്യങ്ങളും തങ്ങളുടെ ഉദ്‌വമനം ഏകപക്ഷീയമായി കുറയ്ക്കേണ്ടതുണ്ടെന്നും അവർ വാദിച്ചു.

ചരിത്രപരമായ ആകെ ഉത്സര്‍ജ്ജനത്തിൽ ഏറ്റവും മുമ്പില്‍ നില്ക്കുന്നത് യു.എസ്.എ. ആണന്നോര്‍ക്കണം, ഏകദേശം 25 ശതമാനം! മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കൊണ്ട് ക്യോട്ടോ പ്രോട്ടോക്കോളിൽ നിന്നു മാറി നിന്നത് പോലെ തുടർന്ന് രൂപീകരിച്ച പാരിസ് ഉടമ്പടിയിലും   യു.എസ് ഒപ്പുവെച്ചില്ല. അന്ന് ഒപ്പുവെക്കേണ്ട പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ‘കാലാവസ്ഥ മാറ്റം’ എന്ന യാഥാർഥ്യത്തിൽ വിശ്വാസമുണ്ടായിരുന്നില്ല! മാത്രമല്ല, അനെക്സ് I പാർട്ടികൾ മാത്രമല്ല ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും ഉത്തരവാദിത്തം എൽക്കണം എന്ന പക്ഷക്കാരനായിരുന്നു.  ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബിഡൻ അധികാരത്തിൽ  വന്നതിനു ശേഷം കാലാവസ്ഥാ ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ട്, പാരിസ് ഉടമ്പടിയിലും ഒപ്പിട്ടു.

ക്യോട്ടോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ 

ക്യോട്ടോ പ്രോട്ടോക്കോളിലെ വ്യാവസായിക രാജ്യങ്ങൾക്കായുള്ള ഉദ്വമന ലക്ഷ്യങ്ങൾ അനുവദനീയമായ ഉദ്‌വമനത്തിന്റെ അളവ്  അല്ലെങ്കിൽ ചുമതലപ്പെടുത്തിയ യൂണിറ്റുകളായി (Assigned Amount Units) പ്രകടിപ്പിക്കുന്നു.  2008-2012 പ്രതിബദ്ധതാ കാലയളവിൽ വ്യാവസായിക രാജ്യങ്ങൾ ആഗോളതാപനം കുറക്കുന്നതിന് യോജിച്ച നടപടികളെടുക്കണം. ആർട്ടിക്കിൾ 2 (a) ൽ ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി സ്വീകരിക്കാവുന്ന ചില നയങ്ങളും നടപടികളും പറയുന്നുണ്ട്. പ്രസക്തമായ ചില ഉദാഹരണങ്ങൾ:

  1. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തമായ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കൽ;
  2. ഹരിതഗൃഹ വാതകങ്ങളുടെ സിങ്കുകളുടെയും റിസർവോയറുകളുടെയും സംരക്ഷണവും മെച്ചപ്പെടുത്തലും, സുസ്ഥിര വന പരിപാലന രീതികളുടെ പ്രോത്സാഹനം, വനവൽക്കരണം, പുനർനിർമ്മാണം;
  3. ഫോസില്‍ ഇന്ധനങ്ങൾ ക്രമാതീതമായി ഉപയോഗിക്കേണ്ടിവരുന്ന സാങ്കേതിക വിദ്യകളിലെ സബ്സിഡികള്‍ ക്രമേണ കുറച്ചുകൊണ്ടുവരിക.
  4. കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവുമധികം കുറക്കുന്ന തരത്തിലുള്ള ബദല്‍ സാങ്കേതികവിദ്യകള്‍ (green technologies)സ്വീകരിക്കുക.
  5. വീണ്ടെടുക്കലിലൂടെയും ഉപയോഗത്തിലൂടെയും മീതേൻ ഉദ്‌വമനം പരിമിതപ്പെടുത്തലും അല്ലെങ്കിൽ കുറയ്ക്കലും;
  6. കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തിന് നികുതി ഏര്‍പ്പെടുത്തുക.

ചുരുക്കത്തില്‍, ക്യോട്ടോ ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വികസിത രാജ്യങ്ങള്‍ വന്‍ ബാദ്ധ്യത ഏറ്റെടുക്കണം.  ഇതിന്‍റെ ചിലവു മാത്രമല്ല പ്രശ്നം; ഇതുളവാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. വികസിത രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക രാഷ്ട്രീയ പ്രത്യാഘാതങ്ങളില്ലാതെ കാര്‍ബണ്‍ ന്യൂനീകരണ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകരമായി മൂന്നു സംവിധാനങ്ങൾ ക്യോട്ടോ ഉടമ്പടി ആവിഷ്കരിച്ചിരുന്നു.

ക്യോട്ടോ സംവിധാനങ്ങൾ 

മൂന്ന് ക്യോട്ടോ സംവിധാനങ്ങൾ ഇവയാണ്: കാർബൺ വ്യാപാരം എന്നറിയപ്പെടുന്ന ഇന്റർനാഷണൽ എമിഷൻ ട്രേഡിംഗ് (I.E.T.), ജോയിൻ്റ് ഇംപ്ലിമെൻ്റേഷൻ (J.I.), സംശുദ്ധ വികസന തന്ത്രം (ക്ലീൻ ഡെവലപ്‌മെൻ്റ് മെക്കാനിസം, C.D.M). ഇതിൽ ആദ്യം പറഞ്ഞ രണ്ടു പ്രവര്‍ത്തന തന്ത്രങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂ. ഈ സംവിധാനങ്ങളാൽ സൃഷ്ടിക്കപ്പെട്ട കാർബൺ വിപണി ക്യോട്ടോ പ്രോട്ടോക്കോൾ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരുന്നു (ഇവക്കെതിരെ വൻ വിമർശനങ്ങളുമുണ്ട്!).

GHG പുറന്തള്ളൽ പരിമിതപ്പെടുത്തുന്നതിനുള്ള അനെക്സ് I രാജ്യങ്ങളുടെ ലക്ഷ്യങ്ങൾ, 2008-2012 പ്രതിബദ്ധത കാലയളവിൽ, അനുവദനീയമായ ഉദ്‌വമനത്തിന്റെ അളവ് അല്ലെങ്കിൽ ചുമതലപ്പെടുത്തിയ യൂണിറ്റുകളായി (assigned amount units,  AAUs) തിരിച്ചിരിക്കുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന്റെ ആർട്ടിക്കിൾ 17-ൽ പറഞ്ഞിരിക്കുന്നതുപോലെ എമിഷൻ ട്രേഡിംഗ് വഴി എമിഷൻ യൂണിറ്റുകൾ അധികമുള്ള രാജ്യങ്ങളുടെ (എമിഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും, “ഉപയോഗിക്കാത്തവ”) അധികശേഷി തങ്ങളുടെ ലക്ഷ്യത്തേക്കാൾ കൂടുതലുള്ള രാജ്യങ്ങൾക്ക് വിൽക്കാൻ അനുവദിക്കുന്നു.

കാർബൺ വ്യാപാരം

International Emissions Trading (IET)

GHG പുറന്തള്ളൽ പരിമിതപ്പെടുത്തുന്നതിനുള്ള അനെക്സ് I രാജ്യങ്ങളുടെ ലക്ഷ്യങ്ങൾ, 2008-2012 പ്രതിബദ്ധത കാലയളവിൽ, അനുവദനീയമായ ഉദ്‌വമനത്തിന്റെ അളവ് അല്ലെങ്കിൽ ചുമതലപ്പെടുത്തിയ യൂണിറ്റുകളായി (assigned amount units,  AAUs) തിരിച്ചിരിക്കുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന്റെ ആർട്ടിക്കിൾ 17-ൽ പറഞ്ഞിരിക്കുന്നതുപോലെ എമിഷൻ ട്രേഡിംഗ് വഴി എമിഷൻ യൂണിറ്റുകൾ അധികമുള്ള രാജ്യങ്ങളുടെ (എമിഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും, “ഉപയോഗിക്കാത്തവ”) അധികശേഷി തങ്ങളുടെ ലക്ഷ്യത്തേക്കാൾ കൂടുതലുള്ള രാജ്യങ്ങൾക്ക് വിൽക്കാൻ അനുവദിക്കുന്നു.

ക്യോട്ടോ പ്രോട്ടോക്കോളിന്റെ ആർട്ടിക്കിൾ 6 ൽ പരാമർശിച്ചിരിക്കുന്ന പ്രോജക്റ്റ് അധിഷ്ഠിത സംവിധാനമാണ് സംയുക്ത നിര്‍വ്വഹണം. മറ്റ് വികസിത രാജ്യങ്ങളുമായി (പ്രധാനമായും പരിവർത്തന സമ്പദ്‌വ്യവസ്ഥയിലുള്ള രാജ്യങ്ങൾ, Economies in transition) സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ വ്യാവസായിക രാജ്യങ്ങളെ ജെ. ഐ.   പ്രാപ്‌തമാക്കുന്നു. ഇതില്‍ നിന്നുമുണ്ടാകുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ പദ്ധതി ആവിഷ്ക്കരിച്ച രാജ്യത്തിനു വാങ്ങുകയും അവരുടെ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം കൈവരിക്കുകയും ചെയ്യാം.

സംയുക്ത നിര്‍വ്വഹണം

Joint Implementation (JI)

ക്യോട്ടോ പ്രോട്ടോക്കോളിന്റെ ആർട്ടിക്കിൾ 6 ൽ പരാമർശിച്ചിരിക്കുന്ന പ്രോജക്റ്റ് അധിഷ്ഠിത സംവിധാനമാണ് സംയുക്ത നിര്‍വ്വഹണം. മറ്റ് വികസിത രാജ്യങ്ങളുമായി (പ്രധാനമായും പരിവർത്തന സമ്പദ്‌വ്യവസ്ഥയിലുള്ള രാജ്യങ്ങൾ, Economies in transition) സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ വ്യാവസായിക രാജ്യങ്ങളെ ജെ. ഐ.   പ്രാപ്‌തമാക്കുന്നു. ഇതില്‍ നിന്നുമുണ്ടാകുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ പദ്ധതി ആവിഷ്ക്കരിച്ച രാജ്യത്തിനു വാങ്ങുകയും അവരുടെ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം കൈവരിക്കുകയും ചെയ്യാം.

ആർട്ടിക്കിൾ 12 പ്രകാരം വികസിതരാജ്യങ്ങള്‍ വികസ്വര-അവികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ടു നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. സി.ഡി.എം. പദ്ധതിയിലൂടെ വികസിതരാജ്യങ്ങള്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്കു ഉൽസർജ്ജനം കുറയ്ക്കുന്ന പദ്ധതികളുടെ  ആവിഷ്കരണത്തിന് സാമ്പത്തിക സാങ്കേതിക സഹായം നല്‍കുന്നു.  പ്രതിഫലമായി വികസ്വര-അവികസിത രാജ്യങ്ങള്‍ വികസിതരാജ്യങ്ങള്‍ക്കു കാര്‍ബണ്‍ ഉത്സര്‍ജ്ജന ന്യൂനീകരണ ക്രെഡിറ്റുകള്‍ നല്കുന്നു. തത്ഫലമായി വികസിത രാജ്യങ്ങള്‍ക്കു (അനെക്സ് I) അവരുടെ ക്യോട്ടോ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം തട്ടിക്കിഴിക്കുവാന്‍ സാധിക്കും.

സംശുദ്ധ വികസന തന്ത്രം

Clean Development Mechanism (CDM)

ആർട്ടിക്കിൾ 12 പ്രകാരം വികസിതരാജ്യങ്ങള്‍ വികസ്വര-അവികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ടു നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. സി.ഡി.എം. പദ്ധതിയിലൂടെ വികസിതരാജ്യങ്ങള്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്കു ഉൽസർജ്ജനം കുറയ്ക്കുന്ന പദ്ധതികളുടെ  ആവിഷ്കരണത്തിന് സാമ്പത്തിക സാങ്കേതിക സഹായം നല്‍കുന്നു.  പ്രതിഫലമായി വികസ്വര-അവികസിത രാജ്യങ്ങള്‍ വികസിതരാജ്യങ്ങള്‍ക്കു കാര്‍ബണ്‍ ഉത്സര്‍ജ്ജന ന്യൂനീകരണ ക്രെഡിറ്റുകള്‍ നല്കുന്നു. തത്ഫലമായി വികസിത രാജ്യങ്ങള്‍ക്കു (അനെക്സ് I) അവരുടെ ക്യോട്ടോ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം തട്ടിക്കിഴിക്കുവാന്‍ സാധിക്കും.

ക്യോട്ടോ പ്രോട്ടോക്കോളിന്റെ ദോഹ ഭേദഗതി

2005 ല്‍ നിലവില്‍ വന്ന ക്യോട്ടോ ഉടമ്പടിയുടെ ഒന്നാം ഘട്ടം 2012ല്‍ അവസാനിച്ചു. 2012-ൽ ഖത്തറിലെ ദോഹയിൽ നടന്ന COP 18, രണ്ടാമത്തെ പ്രതിബദ്ധതാ കാലയളവ് നിർണ്ണയിച്ചുകൊണ്ട് ക്യോട്ടോ പ്രോട്ടോക്കോൾ 2020 വരെ നീട്ടാൻ തീരുമാനമെടുത്തു. പ്രതിബദ്ധതകൾ നീട്ടുകയും കുറയ്ക്കൽ ലക്ഷ്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. 2013 മുതൽ 2020 വരെയുള്ള രണ്ടാമത്തെ 8 വർഷ പ്രതിബദ്ധതാ കാലയളവിൽ, 1990 ലെ നിലവാരത്തേക്കാൾ കുറഞ്ഞത് 18 ശതമാനമെങ്കിലും GHG ഉദ്‌വമനം കുറക്കണമെന്നുള്ള തീരുമാനം എടുത്തിരുന്നു. ഭാവിയിൽ ഹരിതഗൃഹ വാതകം കുറയ്ക്കുന്നതിന്റെ വ്യാപ്തിയും വിതരണവും, അതുപോലെ തന്നെ വികസ്വര- അവികസ്വര രാജ്യങ്ങളുടെ  റിഡക്ഷൻ പ്രതിബദ്ധതകളിലും, സാമ്പത്തിക കൈമാറ്റത്തിന്റെ തുക ഉൾപ്പെടുത്തുന്നതും  തർക്കവിഷയമായിരുന്നു. യു. എസ്., റഷ്യ, ജപ്പാൻ, കാനഡ എന്നീ വികസിത രാജ്യങ്ങൾ ഒപ്പിടില്ല എന്ന നിലപാട് എടുത്തതോടെ രണ്ടാം ഘട്ടത്തിന്റെ വിധി ഏതാണ്ട് തീരുമാനമായി!

ക്യോട്ടോ ഉടമ്പടിയിൽ ഒപ്പുവെച്ച 144 പേർ അംഗീകരിച്ചുകഴിഞ്ഞാൽ, ഈ രണ്ടാമത്തെ പ്രതിബദ്ധതാ കാലയളവ് 90 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. പക്ഷേ, 144 പേരുടെ ഒപ്പിടൽ 2020 വരെ നടന്നില്ല, രണ്ടാം ഘട്ട  പ്രതിബദ്ധതകളുമുണ്ടായില്ല. അവസാനം,  2020 ഒക്‌ടോബർ 2-ന് നൈജീരിയ ഒപ്പിട്ടതോടെ, അതായത്, 2020 അവസാനത്തോടെ ഏതാണ്ട് പ്രതീകാത്മകമായി ക്യോട്ടോ ഉടമ്പടിയുടെ  വിപുലീകരണം നിലവിൽ വന്നു. ഇതിനകം പാരിസ് ഉടമ്പടി പ്രാബല്യത്തിൽ വന്നത് കൊണ്ട് (2016 നവംബർ 4)വലിയ കുഴപ്പങ്ങൾ ഉണ്ടായില്ല!

ക്യോട്ടോ പ്രോട്ടോക്കോളിന് സംഭവിച്ചതെന്ത്? 

ക്യോട്ടോ പ്രോട്ടോക്കോൾ ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ (GHGs) പുറന്തള്ളൽ കുറയ്ക്കുന്നതിന് വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ഒരു വലിയ തുടക്കമായിരുന്നു. ധാരാളം എതിർപ്പുകളെ തരണം ചെയ്തുകൊണ്ടാണ് ഇത് നടത്തപ്പെട്ടത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ചരിത്രപരമായ GHG ഉദ്‌വമനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വികസിത രാജ്യത്തിനും പുറന്തള്ളൽ കുറക്കാനുള്ള ഉത്തരവാദിത്തം നിശ്ചയിച്ചിരുന്നു. ചരിത്രപരമായ GHG ഉദ്‌വമനത്തിന്റെ തോതനുസരിച്ച് വിവിധ രാജ്യങ്ങളെ  തരംതിരിച്ചതിനെതിരെയായിരുന്നു പ്രധാന വിമർശനങ്ങൾ.

ക്യോട്ടോ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള ചില വിമർശനങ്ങൾ കാലാവസ്ഥാ നീതിയുടെ (climate justice) ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വികസിത രാജ്യങ്ങളുടെ (അനെക്സ് I )ഉയർന്ന ഉദ്‌വമനവുമായി താരതമ്യപ്പെടുത്തുമ്പോൾ, വികസ്വര രാജ്യങ്ങളുടെ (നോൺ അനെക്സ് I) കുറഞ്ഞ ഉദ്‌വമനവും ഉയർന്ന ദുർബലതയും തമ്മിലുള്ള സന്തുലിതാവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു ക്യോട്ടോയുടെ പല നിബന്ധനകളും. അതുപോലെ തന്നെ, ഒരു രാജ്യത്തിന്റെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി കാർബൺ ക്രഡിറ്റുകൾ ഉപയോഗിക്കുന്നത് വലിയ എതിർപ്പ് ക്ഷണിച്ചു വരുത്തി.  സമ്പന്ന രാഷ്ട്രങ്ങൾ ദുർബല രാജ്യങ്ങൾക്ക് CDM പ്രൊജക്റ്റ്കളിലൂടെ പണം കൊടുത്തു കൊണ്ട് തങ്ങളുടെ ആഡംബര ജീവിതശൈലി തുടർന്നു. പല കാർബൺ ക്രെഡിറ്റുകളും നിലവാരമില്ലാത്തത് ആണെന്ന വിമർശനവും ഉണ്ടായിരുന്നു. ഇത് വർദ്ധിച്ചതോതിലുള്ള ‘ഗ്രീൻ വാഷിംഗിനും’ ഇടം കൊടുത്തു.  കാർബൺ വിപണനം മറ്റൊരു വിമർശനവും  നേരിട്ടു. ഇതിന്റെ   പ്രധാന പരിമിതികളിലൊന്ന്, കാർബൺ ക്രഡിറ്റ് വാങ്ങുന്നത് വഴി നിങ്ങളുടെ കാർബൺ പാദമുദ്ര (carbon footprint) നേരിട്ട് കുറയില്ല എന്നതാണ്. നിങ്ങളുടെ കാർബൺ പാദമുദ്ര കുറക്കാത്തത്തിന് നഷ്ടപരിഹാരമായി  മറ്റുള്ളവരുടെ പാദമുദ്രകൾ കുറയ്ക്കുന്നു.

ചില വിമർശകർ ക്യോട്ടോ പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ചർച്ച ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഉടമ്പടിയായി പ്രശംസിക്കുന്നുണ്ട്. ക്യോട്ടോ പ്രോട്ടോക്കോൾ വിജയകരമായ നയതന്ത്ര നേട്ടമായി ചിത്രീകരിക്കുന്നുവെങ്കിലും അതിന്റെ വിജയം അത്രയൊന്നും പ്രശംസാവഹമായിരുന്നില്ല എന്നതാണ് സത്യം. ചില വിമർശകരുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ചൈനയും ലോകത്തിലെ രണ്ടാമത്തെ വലിയ എമിറ്ററായ യു. എസ്. എ. യും ക്യോട്ടോയുമായി ബന്ധിക്കപ്പെട്ടിട്ടില്ല (നോൺ-അനെക്സ് I രാജ്യമെന്ന നിലയിൽ ചൈനയും പ്രോട്ടോക്കോൾ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അമേരിക്കയും). ലോകത്തിലെ മൂന്നാമത്തെ വലിയ എമിറ്ററായ ഇന്ത്യയെ ഒഴിവാക്കിയതും പിടിച്ചിട്ടില്ല. നിലവിലുള്ള ഇന്ത്യടെ വാർഷിക ഉദ്‌വമനവും യൂറോപ്യൻ യൂണിയന്റെ ഉദ്‌വമനവും ഒരു പോലെ ആയി എന്നതാണ് ചിലരുടെ വിമർശനം. ലോക ജനസംഖ്യയുടെ വെറും 6 ശതമാനം അധിവസിക്കുന്ന 27-രാഷ്ട്ര കൂട്ടായ്മയായ  യൂറോപ്യൻ യൂണിയന്റെ പങ്കും, 18 ശതമാനം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ പങ്കും 7 ശതമാനമാണ് എന്നത് ശരിയാണ്. പക്ഷേ, പ്രതിശീർഷ കാർബൺ പുറന്തള്ളൽ (CO2e)  എടുത്താൽ യൂറോപ്യൻ  യൂണിയന്റേത് 8.1 ടണ്ണും  ഇന്ത്യയുടെത്  2.8 ടണ്ണുമാണ് ( യു. എസ്. എ. യുടേത് 17.9 ടൺ ആണ്). ഇതിലെവിടെയാണ് നീതി?

ക്യോട്ടോ പ്രോട്ടോക്കോളിനെ വിലയിരുത്തുമ്പോൾ അത് നിലവിലിൽ വന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നു ആലോചിക്കുന്നത് നല്ലതാണ്. കാലാവസ്ഥാ മാറ്റമെന്നത്  രാജ്യാതിർത്തികൾക്ക് അപ്പുറമുള്ള അടിയന്തരപ്രശ്നമാണ്.  ഒരു രാജ്യത്തിന് മാത്രമായി എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യമല്ലിത്.  ഏകോപിതമായ പരിഹാരങ്ങളും അന്താരാഷ്‌ട്ര സഹകരണവും ഒരു പരിധിവരെ കൊണ്ട് വരാൻ കഴിഞ്ഞു എന്നതാണ് ക്യോട്ടോ പ്രോട്ടോക്കോളിന്റെ മേന്മയായി കാണേണ്ടത്. അത്പോലെ തന്നെ, ഭാവി കരാറുകൾക്ക് അടിത്തറ പാകുന്നതിൽ ക്യോട്ടോ വഹിച്ച പങ്കും പരിഗണിക്കേണ്ടതുണ്ട്. പാരീസ് ഉടമ്പടി ഉൾപ്പെടെ പിന്നീടുള്ള കാലാവസ്ഥാ ചർച്ചകളുടെ അലകും പിടിയും രൂപപ്പെടുത്തുന്നതിൽ ക്യോട്ടോ പ്രോട്ടോക്കോൾ മഹത്തായ പങ്ക് വഹിച്ചു എന്നതിൽ സംശയമില്ല.

അനുബന്ധ ലൂക്ക ലേഖനങ്ങൾ

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?
Next post ബാക്റ്റീരിയൽ പ്രകാശ സംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ
Close