Sun. Jul 5th, 2020

LUCA

Online Science portal by KSSP

ചിതലു തന്നെയാണ് ഈയാംപാറ്റ

ഈയാംപ്പാറ്റയെന്നും മഴപ്പാറ്റയെന്നും ഒക്കെ വിളിക്കുന്നവരുടെ വൻ സംഘങ്ങൾ മണ്ണിൽ നിന്ന് തുരുതുരാ പറന്നുയരുന്ന അത്ഭുതക്കാഴ്ചക്കാലം ആകാറായി - മഴ തുടങ്ങാറായി.
വിജയകുമാര്‍ ബ്ലാത്തൂര്‍
ഈയാംപ്പാറ്റയെന്നും മഴപ്പാറ്റയെന്നും ഒക്കെ വിളിക്കുന്നവരുടെ വൻ സംഘങ്ങൾ മണ്ണിൽ നിന്ന് തുരുതുരാ പറന്നുയരുന്ന അത്ഭുതക്കാഴ്ചക്കാലം ആകാറായി – മഴ തുടങ്ങാറായി.
മഴയ്ക്ക് തൊട്ടുമുമ്പുള്ള ചില സന്ധ്യകളിൽ മണ്ണിനടിയിൽ നിന്ന് തുരുതുരാ പുറത്തേക്കിറങ്ങി ലവലില്ലാതെ കൂട്ടമായി ചറപറ പറന്ന് പൊങ്ങുന്ന ഈയാമ്പറ്റകളെ കണ്ട് അമ്പരന്ന ബാല്യകാല ഓർമ്മകൾ എല്ലാർക്കും ഉണ്ടാകും. രാത്രിയാണെങ്കിൽ കുറേയെണ്ണം വിളക്കിനുചുറ്റും പറന്ന് ചിറകു കരിഞ്ഞ് വീഴുന്നത് കാണാം. പ്രതീക്ഷകളോടെ വെളിച്ചത്തിനു നേരെ പാറിവന്ന് തീജ്വാലയിൽ വീണ് കരിഞ്ഞ്പോകുന്ന, നീർക്കുമിളപോലെ പോലെ നിസാരമായ, നല്ലതും ചീത്തയും തിരിച്ചറിയാനാകാത്ത ബുദ്ധിശൂന്യമായ പൊട്ടജന്മമായാണ് കവികളും എഴുത്തുകാരും ഈയാംപാറ്റയെ അവതരിപ്പിക്കറുള്ളത്. വൈദ്യുതി വിളക്കുകൾ പ്രചാരത്തിൽ വന്നതിനുശേഷം ‘മണ്ടന്മാർ’ എന്ന വിശേഷണവുമായുള്ള ഈയാമ്പാറ്റക്കവിതകൾ അത്പം കുറഞ്ഞിട്ടുണ്ടെന്ന് മാത്രം. മുറത്തിൽ കൊള്ളുന്നത്ര ചിറകുകൾ മുറ്റത്തും ഇറയത്തും ബാക്കിവെച്ച് ഈ ഷഡ്പദങ്ങൾ എവിടെപ്പോയി എന്ന് ചെറുപ്പത്തിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്. ഏതോ സാധുപ്രാണികൾ ആണ് ഇവ എന്നായിരുന്നു കരുതിയിരുന്നത്. ആകെ മൊത്തം ഒരു സഹതാപ മൂഡ്. ഈയാംപാറ്റകൾ ചിതലുകൾ തന്നെ ആണ് എന്ന കാര്യം പിന്നീടാണറിഞ്ഞത്. ഇവയുടെ ചിറകുകൾ പൊഴിച്ച് കളയാൻ ഉദ്ദേശിച്ച് മുളച്ചവയാണ്, അബദ്ധത്തിൽ അറ്റുപോകുന്നതല്ല എന്നും.

ഉറുമ്പുകളേയും തേനീച്ചകളേയും കടന്നലുകളേയും പോലെ സമ്പൂർണ്ണ സമൂഹജീവികളാണ് ചിതലുകൾ. ഐസൊപ്റ്റെറ (Isoptera) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഷഡ്പദങ്ങളാണ് ഇവ. കാഴ്ചയിൽ സാമ്യം തോന്നുമെങ്കിലും ഇവർക്ക് ഉറുമ്പുമായി വലിയ ബന്ധമൊന്നും ഇല്ല . ഉറുമ്പുകൾ ഇവരുടെ ജന്മശത്രുക്കളാണ് താനും. കൂറകളോടും തൊഴുകൈയൻ പ്രാണികളോടും ഒക്കെ ആണ് വർഗ്ഗപരമായ സാമ്യം കൂടുതൽ..

കടപ്പാട് psep.extension.uconn.edu

മൂവായിരത്തി ഒരുന്നൂറിലധികം സ്പീഷിസ് ചിതലുകളെ ഇതുവരെയായി ലോകത്തിന്റെ പല ഭാഗത്തുനിന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. മരഉരുപ്പടികളും ഉപകരണങ്ങളും ശാപ്പിട്ട് തീർക്കുന്ന ചിതൽക്കൂട്ടം വലിയ ശല്യക്കാരായാണ് എല്ലാവരും കരുതുന്നത്. ഏത് വീട്ടുകാരുടെയും പേടിസ്വപ്നമാണ് ചിതൽ. ഇത്തിരി കുഞ്ഞമാരായ ഇവരെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും മനുഷ്യർ പയറ്റി നോക്കുന്നുണ്ട്. പക്ഷെ അതത്ര എളുപ്പമല്ല. മണ്ണിനടിയിലും മുകളിലും ആയി ഗൂഢമാളങ്ങളിൽ കോടിക്കണക്കിന് ചിതലുകൾ ഉണ്ടാകും ഓരോ കോളനിയിലും.

ആ സാമ്രാജ്യങ്ങളുടെ അധിപയായ രാജ്ഞിച്ചിതലിന് പത്തിരുപത് വർഷത്തിലധികം നീണ്ട മുടിഞ്ഞ ആയുസ്സും കാണും. എന്തൊക്കെ ആയാലും വീണടിഞ്ഞ മരങ്ങളും സസ്യാവശിഷ്ടങ്ങളും തിന്ന് വിഘടിപ്പിച്ച്, ദ്രവിപ്പിച്ച് മണ്ണാക്കുന്ന ചിതലുകൾ പരിസ്ഥിതിയുടെ വലിയ സംരക്ഷകർ ആണ് താനും.
ചിത്രം കടപ്പാട് : manvspest.com
ചിതൽ കോളനി ഒരു മഹാ സാമ്രാജ്യം തന്നെയാണ്. രാജ്ഞിയും രാജാവും പടയാളികളും, വേലക്കാരും ഉള്ള വമ്പൻ സംവിധാനം. ഏറ്റവും വലിപ്പമുള്ള ശരീരമാണ് രാജ്ഞിക്ക്. നാലഞ്ച് ഇഞ്ചിലധികം വലിപ്പമുള്ള ഭീമാകാര ശരീരം. വലിയ അണ്ഡാശയവുമുള്ള രാജ്ഞിയുടെ പ്രധാന പണി ഇണചേരലും മുട്ടയിടലും തന്നെ. ദിവസം നാൽപ്പതിനായിരം വരെ മുട്ടകളിടും. വീർത്ത വയറും താങ്ങി നടക്കാൻ പോലും ഈ രാജ്ഞിക്ക് കഴിയില്ല. താങ്ങിനീക്കേണ്ട പണിയും പൊടിയന്മാരായ വേലക്കാർക്കാണ്. കോളനിയിൽ ഏറെ അംഗസംഖ്യയുള്ളത് വേലക്കാർക്കാണ്. പ്രത്യുത്പാദനശേഷി ഇല്ലാത്തവരാണിവർ. രാവും പകലും ജോലിചെയ്യുന്ന പാവങ്ങൾ. രാജ്ഞിയെ നക്കിത്തുവർത്തി വൃത്തിയാക്കുക, സർവ്വർക്കും ഭക്ഷണം കൊണ്ടുവന്ന് നൽകുക, വിരിഞ്ഞിറങ്ങുന്ന നിംഫുകളെ പരിപാലിക്കുക, മാളങ്ങളുണ്ടാക്കുക തുടങ്ങി നൂറുക്കൂട്ടം ജോലികൾ കാഴ്ചശക്തിപോലും ഇല്ലാത്ത ഇവരാണ് ചെയ്യുന്നത്. മൊത്തം കോളനിയിലെ അംഗങ്ങളുടെ പരസ്പര ആശയവിനിമയ പരിപാടികൾ മുതൽ നിംഫുകൾ ഏതിനം ആകണം എന്ന കാര്യം വരെ ഈ രാജ്ഞി സ്രവിപ്പിക്കുന്ന ഫിറമോണുകളെ ആശ്രയിച്ചാണ് നടക്കുന്നത്. രാജ്ഞിയെ നക്കിത്തുടക്കുമ്പോൾ ഈ ഫിറമോണുകൾ വേലക്കാരിലേക്ക് എത്തുന്നു. വേലക്കാർ ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അവർക്കും കിട്ടുന്നു ഈ ഫിറമോൺ. പ്രധാന വിഭാഗമായ പടയാളികളെ തീറ്റേണ്ട ഉത്തരവാദിത്വം വേലക്കാർക്കാണ്. ഉറുമ്പുകളോടും മറ്റും പോരടിക്കാനായി വലിപ്പം കൂടിയ തലയും പ്രത്യേകരൂപത്തിലുള്ള വദനഭാഗങ്ങളും ഉള്ളതിനാൽ പടയാളിച്ചിതലുകൾക്ക് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുകയില്ല. അവർക്കും തീറ്റ വായിൽ നൽകേണ്ടത് പാവം വേലക്കാർ തന്നെ. അങ്ങിനെ പോരാളികളുടെ ഉള്ളിലും ഫിറമോൺ എത്തുന്നു. വർഷങ്ങൾ കുറേ കഴിയുന്നതോടെ രാജ്ഞിയുടെ ഫിറമോൺ ചുരത്തലിന്റെ അളവ് കുറയും. എല്ലാരിലും എത്താൻ മാത്രം ഫിറമോൺ ഇല്ലാത്ത വാർദ്ധക്യകാലം. രാജ്ഞിക്ക് പ്രായമാകുമ്പോഴേക്കും കുറേ നിംഫുകൾ രാജ്ഞി പദവിയിലേക്കെത്താൻ പറ്റും വിധം പ്രത്യുത്പാദനശേഷിയും ഫിറമോൺ ചുരത്താനുള്ള കഴിവും നേടിയിരിക്കും. കൂട്ടത്തിൽ മുതിർന്ന ഒരു നിംഫ് രാജ്ഞിയായി മാറും, അവയ്ക്ക് പ്രത്യുത്പാദനശേഷിയും ലഭിക്കുന്നു. പ്രത്യുപാദനശേഷിയുള്ള രാജാവ് ജീവിതകാലം മുഴുവനും ഇണചേരൽ നടത്തുകയും ചെയ്യുന്നു. പ്രത്യുത്പാദനശേഷിയുള്ള ചിതലുകൾ ചിറകുകളുള്ള അവസ്ഥയിലാകും ഉണ്ടാകുക. അവയാണ് ഈയലുകൾ (Alate). എണ്ണം കൂടിയാൽ ഇവർക്കെല്ലാം ഒറ്റ സാമ്രാജ്യത്തിൽ നിൽക്കാനും കഴിയില്ല, മഴക്കാലത്തിന് തൊട്ട് മുൻപ് അനുകൂല കാലാവസ്ഥയും കാറ്റും ഉള്ളപ്പോൾ ഇവ ചിതൽക്കൂട്ടിലെ പ്രത്യേക ദ്വാരങ്ങൾ തുറന്ന് പുറത്തേക്ക് പാറും.. ഇവർക്ക് വികാസം പ്രാപിച്ച കണ്ണൂകൾ ഉണ്ടാവും സ്വാമിങ് എന്നാണ് ഈ കൂട്ടപ്പറക്കലിന് പേര്.
സ്വാമിങ് (swarming) കടപ്പാട് വിക്കിപീഡിയ
ഇത്തിരി നേരത്തെ ചറപറപ്പറക്കലിന് മാത്രം പറ്റുന്നവിധം ലോലമാണവയുടെ ചിറകും ഘടനയും. ഈയലുകൾ ഇണചേർന്ന് പുതിയ കോളനിക്ക് പറ്റിയ സ്ഥലം കണ്ടെത്തി ചിറക് പൊഴിച്ച് കളഞ്ഞ് മണ്ണിൽ കൂടൊരുക്കുന്നു. ഇതിനിടയിൽ ഈയലുകളിൽ പലരും ഇരപിടിയൻമാരായ പക്ഷികളുടെയും മറ്റും വയറ്റിലും എത്തും. കുറച്ചെണ്ണം വിളക്ക് നാളത്തിൽ വീണ് കരിഞ്ഞ് പോകും. ബാക്കിയായവ രാജ്ഞിയും രാജാവും പടയാളികളും വേലക്കാരും ഉള്ള പുതിയൊരു സാമ്രാജ്യമുണ്ടാക്കുന്നു. രാജ്ഞിച്ചിതൽ രാവും പകലും മുട്ടയിട്ട് കൂട്ടുന്നു, കഥ തുടരുന്നു.

 

ചിതൽ പുറ്റ് കടപ്പാട് വിക്കിപീ‍ഡിയ
ചിതലിന്റെ കൂട് കടപ്പാട് വിക്കിപീഡിയ

ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
%d bloggers like this: