കടലാമകൾ

അൽ ബാദുഷ്
നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ, മൈസൂരു, കര്‍ണാടക

വിവിധതരം ആവാസവ്യവസ്ഥകളാൽ സമ്പന്നമാണ് കേരളം. പലതരം കാടുകളും പുൽമേടുകളും തണ്ണീർത്തടങ്ങളും മലനിരകളുമെല്ലാം അതിൽ പെടും. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നീണ്ടുകിടക്കുന്ന, വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന ഒരു ജൈവവൈവിധ്യസമ്പന്ന മേഖലയാണ് കടൽത്തീരം.
കുളങ്ങളിലും പാടങ്ങളിലും കണ്ടുപരിചയമുള്ള ആമകളുടെ കുടുംബത്തിൽപെട്ട കടൽവാസിയാണ് കടലാമകള്‍.
ഒലീവ് റിഡ്‌ലി കടലാമ മെക്സിക്കോയിലെ എസ്കോബില്ല ബീച്ചിൽ നിന്നും കടപ്പാട് വിക്കിമീഡിയ കോമൺസ്

ഉരഗവര്‍ഗത്തില്‍പ്പെട്ട കടലാമകള്‍

നമ്മുടെ കടല്‍ത്തീരത്തേക്ക് പ്രജനനത്തിനായി വിരുന്നുവരുന്ന, ധാരാളം പ്രത്യേകതകളുള്ള അതിഥികളാണ് കടലാമകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ ചെലവഴിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് കടലാമകൾ എന്നു പേര്‍ വന്നത്. പാമ്പും മുതലയും ഓന്തും അടങ്ങുന്ന ഉരഗവിഭാഗത്തിലാണ് കടലാമകളും ഉള്‍പ്പെടുന്നത്. ഭൂമിയിൽ ആദ്യമായി ജീവൻ ഉണ്ടാകുന്നത് കടലിലെ വെള്ളത്തിലാണ്. പരിണാമപ്രക്രിയയുടെ ഭാഗമായി കരയിൽ ജീവിക്കാനുള്ള വിവിധ അനുകൂലനങ്ങൾ ആർജിച്ച ജീവികൾ പതുക്കെ കരയിലേക്ക് കയറിത്തുടങ്ങി. അത്തരത്തിൽ, കരയിലേക്ക് വരികയും വിജയകരമായി കരയിൽ ജീവിക്കുകയും ചെയ്ത നട്ടെല്ലുള്ള ആദ്യജീവിവർഗമാണ് ഉരഗങ്ങൾ. ഏകദേശം 250 മില്യന്‍ (1 മില്യന്‍ = 106) വർഷം മുമ്പാണ് ഭൂമിയിൽ ഉരഗവര്‍ഗങ്ങൾ ഉണ്ടായത്. അനേകായിരം വർഷങ്ങൾ കൊണ്ട് നടന്ന പരിണാമപ്രക്രിയയില്‍ കടലിനെയും കരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജീവിവർഗമാണ് കടലാമകൾ. കടലിൽ ജീവിക്കാൻ അനുയോജ്യമായ ധാരാളം അനുകൂലനങ്ങൾ അവയ്ക്ക് ലഭിച്ചിട്ടുണ്ട്. കട്ടിയുള്ള പരന്ന പുറന്തോടുകൾ ശത്രുക്കളിൽനിന്ന് രക്ഷ പ്പെടുന്നതിനോടൊപ്പം വെള്ളത്തിൽ വേഗത്തില്‍ സഞ്ചരിക്കാനും സഹായിക്കുന്നു. മുൻകാലുകൾ തുഴകൾപോലെ രൂപാന്തരപ്പെട്ടതിനാല്‍ അതിവേഗം വെള്ളത്തിലൂടെ സഞ്ചരിക്കാനും പിൻകാലുകൾ  ഉപയോഗിച്ച് ദിശ നിയന്ത്രിക്കാനും സാധിക്കുന്നു.
ലോകത്തെ ഒലീവ് റിഡ്‌ലി പ്രജനന കേന്ദ്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
  • ഏഴ് ഇനം കടലാമകളാണുള്ളത്. അതിൽ അഞ്ചിനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് കടലാമകൾ. 1000 മുട്ട വിരിഞ്ഞാൽ ഒരു കടലാമ മാത്രമേ പ്രായപൂർത്തിയാകുന്നതുവരെ ജീവിക്കുകയുള്ളൂ.
  • ലെതർബാക്ക് ഇനത്തിൽപെട്ട കടലാമകൾക്ക് പരമാവധി 900 കിലോഗ്രാം വരെ ഭാരമുണ്ടാവാറുണ്ട്. ഇത് ഏകദേശം ഒരുകാട്ടുപോത്തിന്റ ഭാരത്തിന് തുല്യമാണ്!
  • കടലാമകൾക്ക് തോടിന്റെ ഉള്ളിലേക്ക് തല വലിക്കാൻ കഴിയില്ല.
  • കടലാമയുടെ മുട്ടയ്ക്ക് കോഴിമുട്ടയുടേതുപോലെ കട്ടിയുള്ള തോട് ഇല്ല.
  • കടലാമകൾ കണ്ണീരൊഴുക്കാറുണ്ട്. അതു സങ്കടംകൊണ്ടല്ല, ഭക്ഷണത്തിലൂടെ അമിതമായി ഉള്ളിലെത്തുന്ന ഉപ്പ് കണ്ണിനടുത്തുള്ള ഉപ്പ് ഗ്രന്ഥികൾവഴി പുറന്തള്ളുന്നതിനാണ്.
  • കടലാമയ്ക്ക് ഒരു തവണ ശ്വാസമെടുത്താൽ 5 മണിക്കൂർ വരെ വെള്ളത്തിനടിയിൽ കഴിയാനാകും.
കടലാമ ഇനം IUCN Red List
Green Endangered
Loggerhead Vulnerable
Kemp’s ridley Critically endangered
Olive ridley Vulnerable
Hawksbill Critically endangered
Flatback Data deficient
Leatherback Vulnerable

കരയിലെത്തിയശേഷം കടലിലേക്ക് മടങ്ങിയ ജീവിവര്‍ഗം 

കടലാമകളുടെ ഘ്രാണശക്തി വളരെ മികച്ചതാണ്. വായ ചെറുതായി തുറന്ന് നിരന്തരമായി വായിലൂടെ വെള്ളം കയറ്റി പുറത്തേക്കുവിട്ടാണ് അവ മണംപിടിക്കുന്നത്. ഭക്ഷണം കണ്ടെത്തുന്നതും മണത്തിലൂടെയാണ്. കടലാമയുടെ ഇനത്തിനനുസരിച്ച് കടൽപ്പുല്ലുകൾ, കടൽച്ചൊറി (ജെല്ലി ഫിഷ്), പവിഴപ്പുറ്റുകൾ, സ്പോഞ്ചുകൾ തുടങ്ങിയ ഭക്ഷണയിനങ്ങൾ മാറിക്കൊണ്ടിരിക്കും. കരയിൽ ജീവിക്കാനുള്ള അനുകൂലസാഹചര്യങ്ങൾ കൈവരിക്കുകയും പിന്നീട് പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ അവ കടലിലേക്ക് തിരിച്ചുപോകുകയും ചെയ്തുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അന്തരീക്ഷവായു ശ്വസിക്കുന്നതും മുട്ടയിടാനായി കരയിലേക്ക് വരുന്നതുമൊക്കെ ഇതിനുള്ള തെളിവുകളാണ്. കടലാമകളുടെ ജീവിതചക്രം അങ്ങേയറ്റം കൗതുകകരമാണ്. സാധാരണയായി, രാത്രികാലങ്ങളിലാണ് പെൺകടലാമകൾ മുട്ടയിടാനായി കരയിലേക്ക് വരുന്നത്. വേലിയേറ്റ സമയത്ത് തിരയടിക്കുന്ന സ്ഥലത്തിനും മുകളിൽ, സുരക്ഷിതവും ഇരുട്ടുള്ളതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു. പിൻകാലുകൾകൊണ്ട് ഒരു കുഴിയുണ്ടാക്കി മുട്ട അതിൽ നിക്ഷേപിക്കുന്നു. ഒരു കുഴി അവിടെ ഉണ്ടെന്നുപോലും തോന്നാത്തത്രയും പൂർണതയോടെ കുഴി മൂടിയശേഷം തിരികെ കടലിലേക്ക്  പോകുന്നു.
ഒലീവ് റിഡ്‌ലി – കടലാമക്കുഞ്ഞ് കടപ്പാട് വിക്കിമീഡിയ കോമൺസ്

വിരിഞ്ഞിറങ്ങിയ കടല്‍ത്തീരത്തേക്ക്  മടങ്ങിവരുന്ന പെണ്ണാമകള്‍ 

പക്ഷികൾക്കും മനുഷ്യർക്കും മറ്റും ഉള്ളതു പോലെ ഒരു തരത്തിലുമുള്ള മാതൃ-പിതൃ പരിചരണവും മുട്ടയ്ക്കോ കുഞ്ഞുങ്ങൾക്കോ ലഭിക്കാറില്ല.

സൂര്യന്റെ ചൂടുകൊണ്ടാണ് മുട്ടകളെല്ലാം വിരിയുന്നത്. ഇതേ ചൂടുതന്നെയാണ് കടലാമയുടെ ലിംഗനിർണയത്തിനും കാരണമാകുന്നത്. ഈ സമയത്തെ സൂര്യതാപം 280C – 320C ൽ കൂടുതലാണെങ്കിൽ കുഞ്ഞുങ്ങൾ പെണ്ണാമകളായും ചൂട് കുറവാണെങ്കിൽ ആണാമകളായും മാറും.
കടലാമ ഒരു സമയത്ത് 60 മുതൽ 150 മുട്ടവരെ ഇടാറുണ്ട്. മുട്ട വിരിഞ്ഞശേഷം കടലിൽ പ്രതിഫലിക്കുന്ന നിലാവിന്റെ വെളിച്ചം കണ്ടാണ് കുഞ്ഞുങ്ങൾ കടലിലേക്ക് പോകുന്നത്. മുട്ടവിരിഞ്ഞു കടലിലേക്ക് പോകുന്ന കടലാമകൾ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട്. പ്രായപൂർത്തിയായ പെണ്ണാമകൾ തങ്ങൾ വിരിഞ്ഞിറങ്ങിയ മാതൃതീരത്തേക്കുതന്നെ മുട്ടയിടാനായി വരാറുണ്ടത്രേ. ആണാമകൾ ഒരിക്കലും ഇങ്ങനെ വിരിഞ്ഞിറങ്ങിയ തീരത്തേക്ക് മടങ്ങിവരാറില്ല. മുട്ടവിരിഞ്ഞ് കടലിലേക്ക് പോകുന്ന കടലാമകളെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ നമുക്കറിയൂ. കടലാമകളെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതലും നടക്കുന്നത് അവ മുട്ടയിടാൻ തീരത്തേക്ക് വരുമ്പോഴാണ്. അതുകൊണ്ടുതന്നെ,ഇവയെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങള്‍ക്കും ഇനിയും അനന്തസാധ്യതകളുണ്ട്.

ഒലീവ് റിഡ്‌ലി കടലാമ

കേരളത്തിൻറെ സമുദ്രങ്ങളിൽ കാണുന്ന വംശനാശം നേരിടുന്ന വലിയതരം കടലാമകളാണ് ഒലീവ് റിഡ്‌ലി കടലാമ(Lepidochelys olivacea). ആഴക്കടലിൽ സഞ്ചരിയ്ക്കുന്നു എന്ന കാരണത്താൽ ഇവയെ സാധാരണവേളകളിൽ കണ്ടെത്തുക പ്രയാസമാണ്. പ്രത്യേകപ്രജനനകാലം രേഖപ്പെടുത്തിയിട്ടില്ല എന്നതിനാൽ ഓരോ സ്ഥലത്തേയും കാലാവസ്ഥാഭേദംഅനുസരിച്ച് മാറ്റം വരുന്നു. പ്രജനകാലത്ത് ‍ പതിനായിരക്കണക്കിന് കടലാമകൾ ആണ് മുട്ടയിടാനായി തീരത്തണയുന്നത്.‍ ഈ പ്രതിഭാസത്തെ അറിബദ്ദാസ് എന്നാണ് പറയുന്നത്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പെരിയമ്പലം ബീച്ചിൽ നാട്ടിവെച്ചിരിക്കുന്ന കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട സൂചനാ ഫലകം. കടപ്പാട് വിക്കിപിഡിയ
ഇവയുടെ പുറന്തോടിന് ഏതാണ്ട് ഒരു മീറ്ററോളം നീളം ഉണ്ട്. പുറന്തോടിന് ഒലീവിലയുടെ പച്ച കലർന്ന തവിട്ടുനിറമാണ്. അടിഭാഗത്തിന് നേർത്ത ഇളം‌മഞ്ഞ നിറമായിരിയ്ക്കും. പ്രായപൂർത്തിയാകാത്തവയ്ക്ക് നിറവ്യത്യാസം ഉണ്ടാകും. മുതുകിൽ വരിയായി കവചശൽക്കങ്ങൾ ഉണ്ടാകും അഞ്ചോ അതിൽക്കൂടുതലോ ആയിരിയ്ക്കും ഇവയുടെ എണ്ണം. വശങ്ങളിലുള്ള ശൽക്കങ്ങളുടെ എണ്ണം27ആണ്. അഗാധമായ ആഴക്കടലിൽ ആണ് ഇവ സഞ്ചരിയ്ക്കുന്നത് എന്നതിനാൽ പത്തോ പതിനഞ്ചോ മിനുട്ടിൻറെ ഇടവേളകളിൽ അന്തരീക്ഷവായു ശ്വസിയ്ക്കുന്നതിനായി ജലോപരിതലത്തിൽ എത്തുന്നു.
ഒലീവ് റിഡ്‌ലിയും മുട്ടയും കടപ്പാട് വിക്കിപീഡിയ

സൂര്യാസ്തമയത്തോടെ പെൺകടലാമ മുട്ടയിടുന്നതിനായി കൂട്ടത്തോടെ തീരത്തെത്തുന്നു. അപായസൂചനയുണ്ടായാൽ തിരികെ കടലിലേയ്ക്ക് പോകുന്നു. സുരക്ഷിതസ്ഥാനം കണ്ടെത്തിയാൽ തുഴകൈകൾ കൊണ്ട് മണൽ വകഞ്ഞുണ്ടാക്കുന്ന ചെറുകുഴികളിലാണ് 40-125മുട്ടകളോളം ഇടുന്നത്. ശേഷം മണൽകൊണ്ട് മൂടുന്നു. അൻപത് ദിവസത്തിലേറെക്കഴിഞ്ഞാണ് മുട്ടകൾ വിരിയുന്നത്. കടലിലേയ്ക്കുള്ള ദിശാബോധം സ്വയമേവ നേടുന്ന കുഞ്ഞുങ്ങൾ കടലിലേയ്ക്ക് തിരിയ്ക്കുകയും ജീവിതചര്യകൾ ആരംഭിയ്ക്കുകയും ചെയ്യുന്നു. കടലാമകൾക്ക് ശത്രുക്കൾ ഏറേയാണ്.കുറുക്കൻ,കീരി,നായ്,പന്നി ഇവയെല്ലാം ഉൾപ്പെടുന്നു. മുട്ടയും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് കുറുക്കന്മാരുടെ പ്രധാന‌ ഇരകൾ. മനുഷ്യൻറെ വിവേചനരഹിതമായ പ്രവർത്തികളാണ് ഇതിലേറെ അപകടം. മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി കൊന്നും മറ്റും വിൽക്കുന്നു. ട്രോളി ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഇവയുടെ നിലനില്പ്പിന് കടുത്ത ഭീഷണി ഉയർത്തുന്നു.

കടലാമ മുട്ടകൾ മലേഷ്യയിലെ മാർക്കറ്റിൽ കടപ്പാട് വിക്കിമീഡിയ

Leave a Reply