Read Time:14 Minute
‘നൂറുകാലൻ’ എന്നർത്ഥം വരുന്ന Centipede ആണ് പഴുതാരകൾക്ക് സായിപ്പിട്ട പേര്. അടുത്തബന്ധുക്കളായ തേരട്ടകൾക്ക് ‘ആയിരം കാലൻ’ – Millipede എന്ന പേരും ഉണ്ട്. പരന്ന നിരവധി ഖണ്ഡങ്ങൾ ഒന്നിനുപിറകെ ഒന്നായി ഘടിപ്പിച്ചപോലെയുള്ള നീളൻ പഴുതാര ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകൾ ഉണ്ടാകും. തേരട്ടകൾക്ക് ഇത് രണ്ട് ജോഡിയാണ് ഉണ്ടാവുക. കുഞ്ഞിക്കാലനക്കി കുനുകുനെ തേരട്ടകളുടെ മെല്ലെപ്പോക്കല്ല ഇവരുടെ രീതി. ശരം വിട്ടപോലെ ഒരു പാച്ചിലാണ്. നിരവധി കഷണങ്ങൾ യോജിപ്പിച്ച രൂപത്തിലാണല്ലോ എല്ലാ ‘ആർത്രോപോഡ’ വിഭാഗക്കാരുടെയും കാലുകളുടെ കോലം.. പ്രത്യേക താളത്തിൽ കാലുകൾ ഒന്നിനുപിറകെ ഒന്നായി വേഗത്തിൽ ചലിപ്പിച്ചാണ് ഇവരുടെ സഞ്ചാരം. ഓട്ടത്തിനിടയിൽ അടുത്തടുത്ത കാലുകൾ തമ്മിൽ പിണഞ്ഞ് ധിംതരികിടതോം എന്നാകാത്തവിധമാണ് കാലുകളുടെ നീളക്രമീകരണം.. തൊട്ട് മുന്നിലെ കാലിലും ഇത്തിരി നീളം കൂടുതലായിരിക്കും അടുത്തകാലിന്. അതിനാൽ പരസ്പരം പിണഞ്ഞ് ഗുലുമാലാകില്ല. ഏറ്റവും അവസാനത്തെ കാലിന് ചിലപ്പോൾ ആദ്യത്തെ കാലിന്റെ ഇരട്ടിനീളം വരെ കാണും. അതുപോലെ തന്നെ കരിങ്കണ്ണി, കരിങ്കന്ന് തുടങ്ങിയ പേരുകളും പ്രാദേശികമായി ഇവർക്കുണ്ട്. പുതിയ വീടെടുക്കുമ്പോൾ ദുഷ്ടക്കണ്ണുള്ളവരുടെ ദൃഷ്ടിപാഞ്ഞ്, കണ്ണേറ്കിട്ടി വീട്പണിമുഴുവിക്കാൻ പറ്റാതാവും എന്ന അന്ധവിശ്വാസം പണ്ട് ഉണ്ടായിരുന്നല്ലോ. അത്തരക്കാരുടെ ശ്രദ്ധമാറ്റാൻ ‘കരിങ്കണ്ണാ ഠോ’ എന്ന് കരിക്കട്ടകൊണ്ട് എഴുതിവെക്കും. ആ കരിങ്കണ്ണന്മാരുമായി നമ്മുടെ കക്ഷിക്ക് ഒരു ബന്ധവും ഇല്ല എങ്കിലും ഈ പേര് കേട്ടാൻ തോന്നുക ഉഗ്രൻ മൊട്ടക്കണ്ണുകളുള്ളവരാണ് പഴുതാരകൾ എന്നല്ലെ. കാഴ്ചകൾകാണാൻ പറ്റുന്ന കണ്ണുകളേ ഇവർക്ക് ഇല്ല. ചിലയിനങ്ങൾക്ക് ‘ഓസിലി’ എന്ന പ്രകാശഗ്രാഹികോശങ്ങളുടെ ചില കൂട്ടങ്ങളാണ് തലയിൽ രണ്ട് പൊട്ടുപോലെയുള്ളത്. പുറത്തെ പ്രകാശതീവ്രത വ്യതിയാനങ്ങൾ തിരിച്ചറിയാൻ മാത്രമേ ഇതുകൊണ്ട് പറ്റുകയുള്ളു. വസ്തുക്കളെ കാണാൻ പറ്റില്ല. Cryptopidae കുടുംബത്തിലെ എല്ലാ സ്പീഷിസുകളും പൂർണ്ണ അന്ധന്മാരുമാണ്. ഇതുകൂടാതെ Geophilomorpha എന്ന പഴുതാര വിഭാഗവും കാഴ്ചശക്തി ഒട്ടും ഇല്ലാത്തവരാണ്. എന്നാൽ ഈ വിഭാഗത്തിലെ ചില സ്പീഷിസുകൾക്ക് ഇരുട്ടത്ത് പ്രകാശിക്കാനുള്ള കഴിവുണ്ട്. ചാക്കാണി, ചെതുമ്പൂരൻ തുടങ്ങിയ പല രസികൻ പേരുകളും ഇവർക്കുണ്ട്. ‘പഞ്ചാര‘ എന്ന് ചില ആദിവാസി വിഭാഗങ്ങൾ ഇവരെ വിളിക്കാറുള്ളത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
എപ്പോഴും ഒറ്റ നമ്പർ ജോഡിയായാണ് പഴുതാരകളുടെ കാലുകളുടെ എണ്ണം ഉണ്ടാകുക. ലോകത്തിലെ ഒരു സെന്റിപെഡിനും കൃത്യം നൂറു കാലുകാണില്ല എന്നർത്ഥം. ഒന്നുകിൽ രണ്ട് കൂടുതൽ അല്ലെങ്കിൽ രണ്ട് കുറവ്. പതിനഞ്ച് ജോഡി മുതൽ നൂറ്റി എഴുപത്തൊന്നു ജോഡി കാലുകൾ വരെ ഉള്ള വിവിധ ഇനം പഴുതാരകൾ ഭൂമിയിലുണ്ട്.
തേരട്ടകൾ മൊത്തം സൗമ്യജന്മങ്ങളും വെജിറ്റേറിയന്മാരുമാണെങ്കിൽ പഴുതാരകൾ പൂർണ നോൺ വെജ് – വേട്ടക്കാരാണ്. പുതുതായി കൊന്നുകീഴടക്കിയവരെ മാത്രം ഭക്ഷിക്കുന്ന ശീലം. അപൂർവ്വം ഇനങ്ങൾ മാത്രം ഗതികെട്ടാൽ സസ്യഭാഗങ്ങൾ തിന്നുന്നതായി കണ്ടിട്ടുള്ളു. ഇരപിടിയന്മാർക്ക് വേണ്ട ശീഘ്രസഞ്ചാരവും ആക്രമണതന്ത്രങ്ങളും വിഷവും ഇവർക്കുണ്ട്. . ആദ്യ ഖണ്ഡത്തിലെ കാലുകൾ രൂപാന്തരം പ്രാപിച്ചാണ് വായ്ഭാഗത്ത് വിഷമുനയുള്ള അവയവമായി മാറീട്ടുള്ളത്. വിഷം കുത്തിവെച്ച് ഇരയെ നിശ്ചലമാക്കിയാണ് കീഴ്പ്പെടുത്തുന്നത്. Rhysida longipes എന്ന ഇനം കരിങ്കണ്ണികൾക്ക് നമ്മുടെ വീടും പരിസരവുമാണ് ഇഷ്ടസ്ഥലം. ആളറിയാതെ തീറ്റയെന്ന് കരുതി അബദ്ധത്തിൽ നമുക്കും കുത്തുകിട്ടാം. നല്ല കിടിലൻ വേദനയുണ്ടാവും കുറേ നേരത്തേക്ക്. എങ്കിലും മനുഷ്യർക്ക് അത്രകണ്ട് അപകടകരമൊന്നുമല്ല ഇതിന്റെ വിഷം. വിങ്ങിവീർക്കലും, പനിയും, വിറയും ക്ഷീണവും ഒക്കെ കുറച്ച് നേരത്തേക്ക് ഉണ്ടാകും എന്നുമാത്രം. അപൂർവ്വം ചിലർക്ക് അലർജിക്ക് റിയാക്ഷനുകളും ഉണ്ടായേക്കാം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കുത്ത്കിട്ടാത്തവർ നാട്ടുമ്പുറങ്ങളിൽ ചുരുക്കമായിരിക്കും. ‘പഴുതാരവിഷചികിത്സയുടെ” ഉസ്താദുമാരായ ഒറ്റമൂലി സൂത്രോപദേശികൾ ഏതുനാട്ടിലും വിലസി നടക്കുന്നത് കാണാം. സത്യത്തിൽ കാര്യമായ ചികിത്സ ഒന്നും ചെയ്തില്ലെങ്കിലും സാധാരണയായി ഒരുദിവസം കൊണ്ട് വേദനയും നീർക്കെട്ടും മാറും. പഴുതാരയെ കണ്ടാൽ തന്നെ പേടിച്ച് വിറക്കുന്നവർ ധാരാളം ഉണ്ട് ലോകത്തെങ്ങും. ചൈനയിലും കമ്പോഡിയയിലും തായ്ലാന്റിലും പ്രാദേശിക മാർക്കറ്റുകളിൽ കമ്പുകളിൽ ചുട്ടെടുത്ത പഴുതാരകളെ തിന്നാൻ ആളുകൾ തിരക്കുകൂട്ടുന്നതും കാണാം.മലേഷ്യയിലെ സെറെംബിയൻ പ്രദേശത്ത് പഴുതാരയെ ആരാധിക്കുന്ന ഒരു ബുദ്ധക്ഷേത്രം കൂടി ഉണ്ട്.
ചുവപ്പ് കലർന്ന കടും തവിട്ട് നിറത്തിലും, ചെമ്പൻ കറുപ്പിലും ഒക്കെ ഇവരെ കാണാം. ഇവരുടെ തലയിൽ രണ്ട് നീളൻ ആന്റിനകളുണ്ട്. മൊത്തമായി ഇന്ദ്രിയധർമ്മങ്ങളത്രയും ചെയ്ത് സഹായിക്കുന്നത് ഈ ആന്റിനകൾ ആണ്. വഴിതിരയുന്നതും ഇരയെ കണ്ടെത്തുന്നതും ഇണയെ കണ്ടെത്തുന്നതും ഒക്കെ ഈ സ്പർശനികൊണ്ടാണ്. ആദ്യജോഡി പാദങ്ങൾ വിഷഅവയവം ആയതുപോലെ ഏറ്റവും അവസാനത്തെ ഒരുജോഡി കാലുകൾ പിറകിലേക്ക് നീണ്ട് വാലുപോലെ തോന്നിപ്പിക്കും.

430 ദശലക്ഷം വർഷം മുമ്പേ പരിണമിച്ച് ഉണ്ടായതാണ് പഴുതാരകൾ. ഇപ്പോൾ ലോകത്താകമാനം 8000 സ്പീഷിസുകൾ എങ്കിലും ബാക്കി ഉണ്ടാകും എന്നാണ് ഏകദേശ ധാരണ. 3000 ഇനങ്ങളെ ഇതുവരെയായും രേഖപ്പെടുത്തിക്കഴിഞ്ഞു.
കേരളത്തിൽ 2006 ൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിൽ 23 സ്പീഷിസുകളുടെ പട്ടിക പുറത്തിറക്കി.. ഡോ.പി.എം.സുരേശൻ , ധന്യബാലൻ , എന്നിവർ ചേർന്ന് അടുത്തകാലത്ത് Rhysida aspinosus എന്ന പുതിയ ഇനത്തെ തട്ടേക്കാട് നിന്ന് കണ്ടെത്തിയത് അടക്കം മുപ്പതിനടുത്ത് ഇനം പഴുതാരകളെ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
മറ്റു പ്രാണിവർഗ്ഗക്കാരെ പോലെ മെഴുകുപാളികളുള്ള ക്യൂട്ടിക്കിൾ പുറം കവചം ഇല്ലാത്തതിനാൽ ഇവരുടെ ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടമാകും. ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ അതിജീവനം പ്രശ്നമാണ്. അതുകൊണ്ട് തണുപ്പും ഈർപ്പവുമുള്ള ഒളിവിടങ്ങളിൽ ആണ് പകൽ ജീവിതം. അഴുകിയ ഇലകൾക്കടിയിലും മരത്തടികൾക്കടിയിലും ഒക്കെ കാണാം. വേനൽക്കാലം കഴിവതും പുറത്തിറങ്ങാതെ ഒളിച്ചിരുന്നു നേരം കളയും . മഴയോടെ സജീവമാകും. Scolopendra cataracta, എന്ന ഉഭയജീവിയായ ഒരിനം പഴുതാര ഒഴികെ എല്ലാവരും കര ജീവികളാണ്. ആർത്രോപോഡകളുടെ കൂട്ടത്തിലെ ഇരപിടിയന്മാരിൽ ഏറ്റവും വലിപ്പം കൂടിയവർ ഇവരുടെ കൂട്ടത്തിലാണുള്ളത്. തെക്കേ അമേരിക്കയിലെ Scolopendra gigantea എന്ന പെറൂവിയൻ ഭീമൻ പഴുതാര മുപ്പത് സെന്റീമീറ്റർ വരെ വളരും. ഇവർ കുഞ്ഞുകുരുവികൾ, വവ്വാലുകൾ, തേരട്ടകൾ, തവളകൾ ഓന്തുകൾ, എലികൾ, പാമ്പുകൾ എന്നിവയെ ഒക്കെ കൊന്നു തിന്നും. സാധാരണയായി നമ്മുടെ നാട്ടിലെ പഴുതാരകൾ മണ്ണിരകൾ പ്രാണികൾ, ചിലന്തികൾ. കൂറകൾ വാലന്മൂട്ട, ഒച്ച് തുടങ്ങി എന്തിനേയും തിന്നും ചിലപ്പോൾ സ്വന്തം വർഗ്ഗക്കാരേയും വരെ. നമ്മുടെ വീടു വൃത്തിയാക്കാൻ സഹായിക്കുന്നവരാണെന്ന് സാരം. വളരെ പതുക്കെ നന്നായി ചവച്ച് അരച്ചാണ് തീറ്റ. പഴുതാരകൾ രണ്ട് മൂന്ന് വർഷം ആയുസ്സുള്ളവയാണ്. ചിലയിനങ്ങൾ ഏഴു വർഷം വരെ ജീവിക്കും.

ഇണചേരൽ എന്ന പരിപാടിയൊന്നും പഴുതാരകൾക്ക് ശീലമില്ല. ആൺ പഴുതാര തന്റെ ബീജങ്ങൾ ചിലയിടങ്ങളിലെ വലകളിൽ നിക്ഷേപിച്ച് വെക്കും. അവിടേക്ക് പെൺപഴുതാരയേ ആകർഷിക്കാൻ ശൃംഗാര നൃത്ത പരിപാടികൾ നടത്തും. ചിലയിനങ്ങൾ ബീജം ഇട്ടുവെച്ച് അതിന്റെ പാട്ടിന് പോകും. പെൺപഴുതാര സഞ്ചാരത്തിനിടയിൽ ഇതു കണ്ടെത്തി അകത്താക്കും. ബീജസങ്കലനം കഴിഞ്ഞാൽ 10 മുതൽ 50 വരെ മുട്ടകൾ ഒന്നിച്ച് കുഴികളിൽ ഇവ ഇട്ടുകൂട്ടും. അതുമൂടിവെച്ച് അവരും അതിന്റെ പാട്ടിന് പോകും.
വായ്ഭാഗത്തുള്ള വിഷസഞ്ചി ഒഴിച്ചാൽ ബാക്കിയെല്ലാം കുശാൽ ഭക്ഷണം ആയതിനാൽ പഴുതാരയെ പിടികൂടാനും കൊത്തിത്തിന്നാനും തീറ്റപിടിയന്മാർ ഇഷ്ടം പോലെ ഉണ്ട്,. ഓടി രക്ഷപ്പെടുന്നതിനിടയിൽ പക്ഷികൊക്കിൽ കുടുങ്ങിയാൽ രക്ഷപ്പെടാൻ ഒരു സൂത്രമുണ്ട് ഇവർക്ക്. കുടുങ്ങിയ കാലുകളത്രയും പിടച്ചിലിനിടയിൽ മുറിച്ചുപേക്ഷിച്ച് തടി രക്ഷപ്പെടുത്തൽ. വയർ നിറക്കാൻ തത്ക്കാലം വായിൽ കിട്ടിയ കാലുകൾകൊണ്ട് പക്ഷി സമാധാനിച്ചോളും. പഴുതാരയ്ക്ക് നഷ്ടമായ കാലുകൾ അടുത്ത ഉറപൊഴിക്കലോടെ വീണ്ടും ലഭിക്കും. ജീവൻ ഒന്നല്ലെ ഉള്ളു.
Related
0
0
vijayakumar, I was exploring the names of certain centipedes in Malayalam and incidentally reached you. You have done an excellent job of explaining in an easy, light-hearted and informative way. Keep it up.
കൊള്ളാം നല്ല സാരാംശമുള്ള വിശദീകരണം, വിജ്ഞാനപ്രദം.
വളരെ നല്ല വിശകലനം…. ഒരുപാട് ഉപകാരമുള്ള അറിവുകൾ….. ഒരു തവണ വായിക്കുമ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന ലാളിതമായ ഭാഷ….. ഓരോന്നിന്റെയും ജീവിത ശൈലിയെ കുറിച്ച് നന്നായി അറിയാൻ സാധിക്കുന്നു…….
വളരെ നന്നായിട്ടു ഉണ്ട്, ലളിതമായ ഭാഷാ നല്ല വിശദീകരണം കുട്ടികൾക്ക് വളരെ ഉപകാരം ആണ്
i like