Read Time:14 Minute

ഏപ്രിൽ 25 ലോക മലമ്പനി ദിനമാണ്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ (Accelerating the fight against malaria for a more equitable world) എന്നതാണ് ഈ വർഷത്തെ  തീം.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2022 ൽ ലോകത്ത് 249 ദശലക്ഷം മലമ്പനി കേസുകളും 608000 മരണങ്ങളുമുണ്ടായിരുന്നു. 2000 മുതൽ 2015 വരെ മലമ്പനി മരണനിരക്ക് പകുതിയായി കുറഞ്ഞെങ്കിലും അതിന് ശേഷം നിരക്കിലുള്ള കുറവ് വളരെ പതുക്കെയായിരുന്നു. 2030 ആകുന്നതോടെ മലമ്പനി കേസുകളും മരണങ്ങളും 2015 ൽ  ഉണ്ടായിരുന്നതിൽ നിന്നും 90% കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. എന്നാൽ നിലവിലുള്ള നിരക്കിൽ പോയാൽ ലക്ഷ്യം നേടാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. 94% കേസുകളും 95% മരണങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഈയൊരു ആഗോള പശ്ചാത്തലത്തിൽ  കേരളത്തിലെ മലമ്പനിയുടെ ഭൂതവും വർത്തമാനവും പരിശോധിക്കാം. 

ചരിത്രം

അതിപുരാതനമായ ഒരു രോഗമാണ് മലമ്പനി. മലമ്പനിയുടെ ഇംഗ്ലീഷ് വാക്കായ മലേറിയ (Malaria) ഒരു ഇറ്റാലിയൻ വാക്കാണ്. മാൽ (Mal) അറിയാ (aria) എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് മലേറിയ ആയത്. ആദ്യത്തെ വാക്കിന്റെ അർത്ഥം  ചീത്തയായത് എന്നും രണ്ടാമത്തേതിന്റേത് വായു എന്നുമാണ്. ദക്ഷിണ ഇറ്റലിയിലെ ചതുപ്പ് നിലങ്ങളിൽ നിന്ന് വീശിയടിക്കുന്ന ചീത്തവായു കാരണമാണ് മലമ്പനി ഉണ്ടാകുന്നത് എന്ന വിശ്വാസത്തിൽ നിന്നാണ് ഇങ്ങനെയൊരു പേരുണ്ടാകുന്നത്. കേരളത്തിൽ വയനാട് പോലെയുള്ള മലമ്പ്രദേശങ്ങളായിരുന്നു പണ്ടുകാലത്ത് മലമ്പനിക്ക് കുപ്രസിദ്ധങ്ങളായിരുന്നത്. അങ്ങനെയാണ് മലേറിയ മലയാളികൾക്ക് മലമ്പനിയായത്. 1948 ൽ പുറത്തിറങ്ങിയ എസ്.കെ.പൊറ്റെക്കാടിന്റെ വിഷകന്യകയിൽ  മലമ്പനി ഒരു പ്രധാന കഥാപാത്രമാണ്. വടക്കേ മലബാറിലെ മലമ്പ്രദേശങ്ങളിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറി, പ്രകൃതിയോട് മല്ലിട്ട്, പരാജിതരായ കർഷകരുടെ കഥയാണ് വിഷകന്യക. പരാജയത്തിന് പ്രധാന കാരണം മലമ്പനിയും. നോവലിലെ ഇരുപത്തേഴാം അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്:

മഴക്കാലം തുടങ്ങി. മലയിലെ കുഴികളിലും കീഴ്നിലങ്ങളിലെ താഴ്ചെരിവുകളിലും മലിനജലം കെട്ടിനിന്നു. സസ്യങ്ങൾ ചീഞ്ഞു നാറിത്തുടങ്ങി. അതോടൊപ്പം മലമ്പനിയും പുറപ്പെട്ടു. നനഞ്ഞു തണുത്ത കനത്ത വായുവിൽ ആ വിഷബീജാണുക്കൾ വ്യാപിക്കയായി. മങ്ങിയ മലഞ്ചെരുവുകളിൽ നിന്നും തുറന്ന കീഴ്നിലങ്ങളിലെ കുടിലുകളിലേക്ക് അവ കൊതുകുവിമാനമേറി വിരുന്നു വരികയായി.

സ്വാതന്ത്ര്യപൂർവ വയനാടിന്റെ നേർചിത്രമാണ് വിഷകന്യക. കേരളത്തിലെ മലമ്പനിക്ക് അതി ദീർഘമായ ഒരു ചരിത്രമുണ്ടെന്നതിന് നേരിട്ടല്ലാത്ത ഒരു തെളിവുമുണ്ട്. വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ കണ്ടുവരുന്ന അരിവാൾ രോഗം (sickle cell anaemia) വിദൂര ഭൂതകാലത്തുണ്ടായിരുന്ന മലമ്പനിയുടെ അവശേഷിപ്പുകളാണ്. അരിവാൾ രോഗം ഒരു ജനിതക രോഗമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ തന്മാത്രകളിലുണ്ടാകുന്ന മാറ്റമാണിതിന് കാരണം. ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ നാല് അമിനോ ആസിഡ് കണ്ണികളുണ്ട്. രണ്ട് ആൽഫ കണ്ണികളും രണ്ട് ബീറ്റ കണ്ണികളും. ബീറ്റ കണ്ണികളുണ്ടാക്കുന്ന ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാകുമ്പോഴാണ് അസാധാരണമായ ഹീമോഗ്ലോബിൻ ഉണ്ടാകുന്നത്. ഇത്തരം ഹീമോഗ്ലോബിൻ അടങ്ങിയ ചുവന്ന രക്താണുക്കൾക്ക് അരിവാളിന്റെ ആകൃതിയായിരിക്കും. അത്തരം ഹീമോഗ്ലോബിൻ തന്മാത്രകൾക്ക് ഓക്സിജൻ വഹിച്ചുകൊണ്ടുപോകാനുള്ള കഴിവ് കുറവായിരിക്കും. രണ്ട് ബീറ്റ കണ്ണികളും അസാധാരണമായ തന്മാത്രകളാണെങ്കിൽ രോഗം മരണത്തിന് കാരണമാകും. എന്നാൽ ഒരു കണ്ണിയിൽ മാത്രമേ പ്രശ്നമുള്ളൂവെങ്കിൽ  സാധാരണ മരണം സംഭവിക്കാറില്ല. മാത്രമല്ല അത്തരം ആളുകൾ ഫാൽസിപ്പാരം വിഭാഗം (Plasmodium falciparum) മലമ്പനിക്കെതിരെ പ്രതിരോധ ശക്തിയുള്ളവരായിരിക്കും. മരണത്തിന് കാരണമാകുന്ന മലമ്പനി വിഭാഗമാണ് ഫാൽസിപ്പാരം. വയനാട്ടിൽ ഒരു കാലത്ത് അതിഗുരുതരമായ തരത്തിൽ  ഫാൽസിപ്പരം മലമ്പനി ഉണ്ടായിരുന്നിരിക്കണം. അക്കാലത്ത് ഒരു കണ്ണിയിൽ മാത്രം അസാധാരണ തൻമാത്രയുള്ള അരിവാൾ രോഗികൾ മലമ്പനിയിൽ നിന്ന് രക്ഷപ്പെടുകയും അവരുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ടാവും. അതിന്റെ അംശമാണ് ഇപ്പോഴും കാണുന്നത്. ഇത് സൂചിപ്പിക്കുന്നത് മലമ്പനിയുടെ വയനാട്ടിലെ അതിദീർഘമായ ചരിത്രത്തെയാണ്. 

സ്വാതന്ത്ര്യത്തിന് മുൻപ് കേരളത്തിൽ രോഗവും മരണവും വിതയ്ക്കുന്നതിൽ  പ്രധാനിയായിരുന്നു മലമ്പനി. 1939 ൽ കോവലും ഹർഭഗവാൻ സിങ്ങും (Covell and Singh, 1939) ചേർന്ന് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രലേഖനത്തിൽ വയനാട്ടിലെ മലമ്പനിയുടെ നിരക്ക്, പരിശോധിച്ച രക്ത സാമ്പിളുകളുടെ 17 ശതമാനം മുതൽ 56 ശതമാനം വരെ ആയിരുന്നു എന്ന് പറയുന്നുണ്ട്. അതിൽ കൂടുതലും ഫാൽസിപ്പാരം മലമ്പനി ആയിരുന്നു. അത് കൂടാതെ വൈവാക്സ് മലമ്പനിയും മലേറിയേ മലമ്പനിയും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. 1949 മുതൽ 1951 വരെ ഡി. ഡി. ടി ഉപയോഗിച്ചുള്ള ഒരു മലമ്പനി നിവാരണ പരിപാടി ലോകാരോഗ്യ സംഘടനയുടേയും (WHO) യുനിസെഫിന്റേയും (UNICEF) സാമ്പത്തിക സഹായത്തോടെ കേരളത്തിലെ മലമ്പനി മേഖലകളിൽ  നടപ്പാക്കിയതിന്റെ ഫലമായി മലമ്പനി പൂർണമായി ഉന്മൂലനം ചെയ്യപ്പെട്ടു. തെക്കേ മലബാറിൽ നടത്തിയ അത്തരമൊരു മലമ്പനി നിവാരണ പദ്ധതിയെ കുറിച്ച് സംഘത്തലവനായ ഡോ. എൽ. മാറ (L. Mara) 1954 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം താഴെ കൊടുത്തിരിക്കുന്നു: 

The author describes the activities and achievements of a two-year malaria control demonstration organized by WHO, UNICEF, the Indian Government, and the Government of Madras State in South Malabar. Widespread insecticidal work, using a dosage of 200 mg of DDT per square foot (2.2 g per m2), protected 52,500 people in 1950, and 115,500 in 1951, at a cost of about Rs 0/13/0 (US$0.16) per capita. The final results showed a considerable decrease in the size of the endemic areas; in the spleen and parasite-rates of children; and in the number of malaria cases detected by the team or treated in local hospitals and dispensaries.
ഡി. ഡി. ടി. ഉപയോഗിച്ചുള്ള രണ്ട് വർഷത്തെ മലമ്പനി നിയന്ത്രണം വഴി മലമ്പനി കേസുകൾ നല്ല രീതിയിൽ കുറയ്ക്കാൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വള്ളുവനാട്, ഏറനാട് താലൂക്കുകളും പാലക്കാട് താലൂക്കിന്റെ വടക്കൻ ഭാഗവുമായിരുന്നു പദ്ധതി പ്രദേശങ്ങൾ. 

മലമ്പനി നിയന്ത്രണ പദ്ധതി പ്രദേശം  (അവലംബം. മാറ, 1954)

മലമ്പനി ഇന്ന് 

1965 ൽ കേരളത്തിൽ മലമ്പനി ഉന്മൂലനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഏറെ ആഘോഷിക്കപ്പെട്ട ഈ വിജയം അധികകാലം നീണ്ടുനിന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ പതുക്കെ പതുക്കെ മലമ്പനി തിരിച്ചു വരാൻ  തുടങ്ങി. എന്നാൽ ഉന്മൂലനപൂർവ്വ കാലവുമായി താരതമ്യം ചെയ്യുമ്പോൾ മലമ്പനിയുടെ ശക്തി തീരെ ക്ഷയിച്ചിരുന്നു. 1996 ൽ തിരുവനന്തപുരത്തെ വലിയതുറയിലും 1998 ൽ കാസർക്കോട്ടും മലമ്പനി പൊട്ടിപ്പുറപ്പെട്ടു. വയനാട്ടിലും മറ്റ് മലയോരങ്ങളിലും മലമ്പനി പരത്തുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത് പതുക്കെ ഒഴുകുന്ന അരുവികളിൽ (slow moving streams) വളരുന്ന അനഫലസ് ഫ്ലൂവിയാറ്റിലിസ് (Anopheles fluviatilis) കൊതുകുകളായിരുന്നു. എന്നാൽ വലിയതുറയിലും കാസർക്കോട്ടും കുറ്റവാളി അനഫലസ് സ്റ്റീഫൻസിയും (Anopheles stephensi). മനുഷ്യനിർമ്മിതമായ ടാങ്കുകൾ, കിണറുകൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ ഇടങ്ങളിലാണ് അനഫലസ് സ്റ്റീഫൻസി വളരുന്നത്. അതുകൊണ്ട് അവയെ നഗര മലമ്പനി വാഹകർ (Urban malaria vectors) എന്നാണ് വിളിക്കുന്നത്. 1998 ന് ശേഷം വലിയരീതിയിലുള്ള മലമ്പനി വിസ്ഫോടനങ്ങളൊന്നുമുണ്ടായില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ  മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായിട്ടില്ല. സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ മഹാഭൂരിപക്ഷവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന മലമ്പനിയാണ് (imported malaria). ആഗോളതലത്തിൽ തന്നെ 2030 ആകുമ്പോഴേക്കും 90% മലമ്പനി കേസുകളും മരണവും ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം എന്ന് പറഞ്ഞല്ലോ. കൊണ്ടുപിടിച്ച് ശ്രമിക്കുകയാണെങ്കിൽ കേരളത്തിലെങ്കിലും മലമ്പനിയുടെ പരിപൂർണ്ണ ഉന്മൂലനം സാധ്യമാണെന്നാണ് 2010 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് (2022 മുതൽ മാത്രമേ തദ്ദേശീയമായ കേസുകളുടെ കണക്ക് ലഭ്യമാക്കിയിട്ടുള്ളൂ). 2023 ൽ കേസുകളും മരണങ്ങളും മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കൂടുതൽ കാണുന്നുണ്ടെങ്കിലും അപകടകരമായ സ്ഥിതിവിശേഷമൊന്നുമില്ല. 1965 ൽ നേടിയെടുത്തതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ  മലമ്പനിമുക്ത സംസ്ഥാനം എന്ന പദവി വീണ്ടെടുക്കാൻ ഏറെ വൈകാതെ തന്നെ കേരളത്തിന് കഴിയട്ടെ.        

(ഗോവയിലെ മലമ്പനി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും വയനാട് ജില്ലാ മലേറിയ ഓഫീസറും കൂടിയായിരുന്നു ലേഖകൻ)  


അധികവായനയ്ക്ക് 

Kaur, M., Das, G.P. and Verma, I.C. (1997). Sickle cell trait & disease among tribal communities in Orissa, Madhya Pradesh & Kerala. Indian J Med Res. 105:111-116.

Mara L (1954). Malaria control in South Malabar, Madras state. Bulletin of World Health Organisation. 11: 679-723

World Health Organization (2023). World Malaria Report 2023. WHO, Geneva.

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എയർ ബബിൾ ക്യാബിൻ – ശാസ്ത്രകഥ
Next post ഇലക്ഷൻ മഷി എന്താണ്?
Close