Read Time:11 Minute

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23

ഡോ.പി.മുഹമ്മദ് ഷാഫി എഴുതുന്നു…

ഇന്ത്യയിൽ സ്ത്രീകൾ ശാസ്ത്ര പഠനത്തിൽ താല്പര്യം കാണിക്കാതിരുന്ന കാലത്താണ് അസീമാ ചാറ്റർജി ജനിക്കുന്നത് (സെപ്റ്റംബർ 23, 1917). സസ്യശാസ്ത്രത്തിൽ അതീവ തല്പരനും ഭിഷഗ്വരനുമായിരുന്ന പിതാവടക്കമുള്ള കുടുംബാങ്ങങ്ങളുടെ പിന്തണ രസതന്ത്രം ഐച്ഛികവിഷയമായി ബിരുദവും  (1936, B.Sc. honourse , Scottish Church College , University of Culcutta) ബിരുദാനന്തരബിരുദവും(1938 ) കരസ്ഥമാക്കാൻ സഹായകമായി. കൂടാതെ അതേകാലത്തു ബംഗാളിൽ ഉണ്ടായിരുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരുടെ ഒരു വലിയ നിരയും ( എസ്.എൻ.ബോസ് : 1894 -1974, ജെ.സി.ബോസ് : 1858 – 1937, പി.സി.റായ് : 1861 – 1944 , മേഘനാഥ് സാഹ : 1893- 1956 ,……)  അവർക്ക് പ്രചോദനമായിട്ടുണ്ടായിരിക്കാം.. തുടർന്ന്  1940 ൽ കൽക്കത്ത യൂണിവേഴ്സിറ്റിയിലെ ലേഡി ബ്രാബോൺ കോളെജിൽ  (Lady Brabourne College)സ്ഥാപകമേധാവിയായി ചുമതല ഏൽക്കുകയും ചെയ്തു.

അസിമ ചാറ്റർജി

ഔഷധ സസ്യങ്ങളിൽ തല്പരനായ അച്ഛൻറെ സ്വാധീനം ആയിരിക്കാം അവരെ ഔഷധ സസ്യങ്ങളിൽ ഗവേഷണം നടത്താൻ പ്രേരിപ്പിച്ചത് . അതിനാൽ ഗവേഷണബിരുദ പഠനത്തിനായി തിരഞ്ഞെടുത്ത മേഖല കാർബണികാ രസതന്ത്രവും (Organic chemistry)  സസ്യ രസതന്ത്രവുമായിരുന്നു (Plant chemistry OR Phytochemistry). അനേക ലക്ഷം മലമ്പനി രോഗികളെ മരണത്തിൽ നിന്ന് രക്ഷിച്ച ക്വണിൻ (Quinine : സിങ്കോണ മരത്തൊലിയിൽ നിന്നും വേർതിരിച്ചെടുക്കപ്പെട്ടത്) കുഷ്ഠരോഗത്തിനു ഭാഗികമായെങ്കിലും  ആശ്വാസം നൽകിയിരുന്ന മരോട്ടി എണ്ണയും അതിൽ നിന്ന് വേർതിരിച്ചെടുക്കപ്പെട്ട ഹിഡനോകാർപിക്  അമ്ലവും (Hydnocarpic acid) അനേകവർഷങ്ങളായി ചികിത്സാ രംഗത്തുണ്ടായിരുന്നതു പിൽക്കാല ഗവേഷണ വിഷയമായി സസ്യരസതന്ത്രവും കാർബണിക രസതന്ത്രവും തിരഞ്ഞെടുക്കുന്നതിന് അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

1983 ൽ ജോർജിയയിൽ നടന്ന ഇൻഡോ-സോവിയറ്റ് സിംപോസിയത്തിൽ നിന്നുള്ള ദൃശ്യം |കടപ്പാട്‌:© Prof. Julie Banerji, personal familly archive

1947 നുശേഷം  ലോകപ്രശസ്തമായ വിസ്കോൺസിൻ യൂണിവേഴ്സിറ്റി ( University of Visconsin) കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (California Institute of Technology), സൂറിച്  യൂനിവേഴ്സിറ്റി (Zurich University)എന്നിവിടങ്ങളിലും ഗവേഷണത്തിനായി പ്രവേശനം നേടി. 1954 ൽ കൽക്കത്ത യൂനിവേഴ്സിറ്റിയുടെ സയൻസ് കോളെജിൽ റീഡർ ആയി ചുമതലയേറ്റു . ഗവേഷണത്തിനായുള്ള സാമ്പത്തിക സഹായവും സൗകര്യവും അന്ന് വളരെ പരിമിതമായിരുന്നു. രാസപദാർത്ഥങ്ങളുടെ വിശ്ലേഷണ പഠനങ്ങൾക്കായി (analytical studies) വിദേശത്തെ ലബോറട്ടറികളിലേക്ക് അയക്കുവാനുള്ള സാമ്പത്തികചെലവ്  സ്വയം വഹിച്ചുകൊണ്ടാണ് ഗവേഷണം മുന്നോട്ടു കൊണ്ടുപോയത്. ഈ കാലഘട്ടത്തിൽ എസ്.എൻ.ബോസ്, മേഘ്‌നാഥ് സാഹ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ അസീമാ ചാറ്റർജിക്ക് ലഭിച്ചിട്ടുണ്ട്.

ആൽക്കലോയിഡ് (Alkaloid),ടെർപിനോയിഡ് (Terpenoid) ,കുമറിൻ (Coumarin) എന്നീ  വിഭാഗങ്ങളിൽപ്പെട്ട സംയുക്തങ്ങൾ സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കൽ , അവയുടെ ഘടന മനസ്സിലാക്കാനുള്ള പഠനങ്ങൾ, അവയെ ഔഷധമായി ഉപയോഗിക്കാനാകുമോ തുടങ്ങിയ മേഖലകളിലാണ് അവരുടെ  ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചത്. ഇതിനു പുറമെ ആൽക്കലോയിഡുകളുടെ കൃത്രിമ നിർമാണത്തിനായുള്ള സങ്കേതങ്ങളും വികസിപ്പിച്ചിട്ടുണ്ട്. രോഗ ചികിത്സക്കായി സസ്യങ്ങളിൽ നിന്നുമുള്ള രാസവസ്തുക്കൾ ഉപയോഗപ്പെടുത്തണമെന്ന നിലപാട് അസിമാ ചാറ്റർജിക്കുണ്ടായിരുന്നു. അപസ്മാര ചികിത്സക്കായി ആയുഷ് 56 എന്ന ഔഷധക്കൂട്ട് വികസിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തത്തിനു പുറമെ മലമ്പനി ചികിത്സക്കുള്ള ഔഷധവും വികസിപ്പിക്കുന്നതിൽ പങ്കാളിയായി. ഈ പഠനങ്ങൾക്ക് ഭിഷഗ്വരൻകൂടി ആയിരുന്ന അവരുടെ സഹോദരന്റെ സഹകരണവും ലഭിച്ചിരുന്നു .

ഗവേഷണത്തിന് പുറമെ ഗ്രന്ഥരചനയിലും അസിമാ ചാറ്റർജി ഏർപ്പെട്ടിട്ടുണ്ട്. ഉന്നത ഗവേഷണമേഖലയിലും അധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോഴും സ്കൂൾകുട്ടികൾക്കായുള്ള കെമിസ്ട്രി പുസ്തകം രചിച്ചിട്ടുണ്ട്. സരായ് മാദ്ധ്യമിക് രസായൻ ( Sarai Madhyamic Rasayan) എന്ന ഈ പുസ്തകം ബംഗാളി ഭാഷയിലാണുള്ളത്. എസ്.എൻ .ബോസിന്റെ നിർദേശപ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. പഠനമാധ്യമം മാതൃഭാഷ ആയിരിക്കണമെന്ന കാഴ്ചപ്പാടാണല്ലോ അദ്ദേഹത്തിനുണ്ടായിരുന്നത് . ഇത് പ്രസിദ്ധീകരിച്ചതാകട്ടെ ശാസ്ത്രപ്രചരണത്തിനായി  എസ്.എൻ.ബോസിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ബംഗീയ ബിജ്‌ഞാൻ പരിഷത്താണ് ( Bangeeya Bijnan Parishad).

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്റെ ജനറല്‍ പ്രസിഡണ്ടായി 1975ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യത്തെ വനിതാ ശാസ്ത്രജ്ഞയായി അവര്‍

– പ്രൊഫ.അസിമ ചാറ്റർജി ഇന്ത്യൻ സയൻസ് കോൺഗ്രസിൽ 1975 | കടപ്പാട്‌: © Prof. Julie Banerji, personal familly archive

ശാസ്ത്രഗവേഷണ രംഗത്തെ സംഭാവനകളെ പരിഗണിച്ചു ഇന്ത്യയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ഭട്നഗർ അവാർഡ്, പത്മഭൂഷൺ ഉൾപ്പെടെ അനേകം അംഗീകാരങ്ങൾക്ക് അവർ അർഹയായിട്ടുണ്ട് . അവരുടെ സമഗ്ര സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യസഭാ അംഗമായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുമുണ്ടല്ലോ.

അസിമാ ചാറ്റർജിയുടെ ഭർത്താവ് പ്രഫസർ ഭദ്രാനന്ദ ചാറ്റർജിയും രസതന്ത്ര മേഖലയിൽ ചെറുതല്ലാത്ത സംഭാവന ചെയ്തിട്ടുണ്ട് . അവരുടെ ഏക മകൾ ജൂലിയും പിൽക്കാലത്തു രസതന്ത്ര വിഭാഗം പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചു .

– ഫോട്ടോ അസിമ ചാറ്റർജി കുടുംബസമേതം

നാനൂറോളം ഗവേഷണ ലേഖനങ്ങൾ അസിമാ ചാറ്റർജി പ്രസിദ്ധീകരിച്ചിട്ടുണ്ട് . വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ഇത്രയും നേട്ടമുണ്ടാക്കിയത്. അജ്മലിസിൻ (ajmalicin) എന്ന ആൽകലോയ്‌ഡിന്റെ രാസഘടനയും ത്രിമാന ഘടനയും അക്കാലത്തു കണ്ടുപിടിക്കാനായത് എടുത്തു പറയേണ്ടതാണ്. തന്മാത്രകളുടെ ഘടന കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സ്പെക്ട്രോസ്കോപ്പുകൾ അധികമൊന്നും വികസിക്കാതിരുന്ന ഒരു കാലത്താണ് ഈ നേട്ടം കൈവരിക്കാൻ അവർക്കായത്. തികഞ്ഞ അർപ്പണ മനോഭാവവും ഉയർന്ന വിശകലന ശേഷിയും ഇത്തരം നേട്ടങ്ങൾക്കു അനിവാര്യമാണല്ലോ.

പി.സി. ചന്ദ്ര പുരസ്‌കാരം സ്വീകരിക്കുന്നു 2001 |കടപ്പാട്‌:© Prof. Julie Banerji, personal familly archive

ഞാൻ ജീവിച്ചിരിക്കുന്നേടത്തോളം കാലം ഗവേഷണ രംഗത്ത് തുടരുമെന്ന് അവർ പറയാറുണ്ടായിരുന്നത്രെ ! അസിമാ ചാറ്റർജി പിന്നിട്ട വഴികൾ ഏതൊരു ശാസ്ത്ര ഗവേഷകനും മാതൃകയാണെന്ന് പറയേണ്ടതില്ലല്ലോ


മറ്റു ലേഖനങ്ങൾ

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂവങ്കോഴികളില്ലാത്ത കാലം
Next post സെപ്റ്റംബർ 23 -സൂര്യൻ കിഴക്കുദിക്കും
Close