Read Time:10 Minute
വിജയകുമാര്‍ ബ്ലാത്തൂര്‍എങ്ങും പോവാനില്ലാതെ മുറിയിൽ തനിച്ചിരിക്കുകയല്ലെ – ജാലകപ്പടികൾ , മച്ച്, മരക്കസേരകൾ, ഒക്കെ കുറച്ച് സമയം സൂക്ഷിച്ച് നോക്കുക. ശ്രമം വിഫലമാകില്ല. ഒരു വേട്ടാവളിയനെ കാണാതിരിക്കില്ല. ഭയപ്പെടേണ്ട കാര്യമില്ല. മറ്റ് കടന്നലുകളെപ്പോലെ ആക്രമകാരികളല്ല. ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം. മണ്ണ് കൊണ്ട് ഇവയുടെ കൂടൊരുക്കൽ മാത്രമല്ല കൂട്ടിൽ മുട്ടയിട്ട് അത് വിരിഞ്ഞിറങ്ങാൻ നേരം കുഞ്ഞിന് കഴിക്കാൻ വേണ്ട തീറ്റയായി വിഷം കുത്തിവെച്ച് കോമയിലാക്കിയ ശലഭലാർവകളെ മുൻകൂറായി കൂട്ടിൽ കൊണ്ട് വെച്ച് കൂട് അടച്ച് പോകുന്ന ജാഗ്രത കണ്ട് അമ്പരക്കും.
കടപ്പാട്©karthikeyan shanmugasundaram

ഹെഡ്ലൈറ്റിന് ഇരുഭാഗവുമായി ആന്റിനപോലെ നീണ്ടു തുറിച്ചു നിൽക്കുന്ന ഹാൻഡിൽ ബാറുകളുള്ള തലഭാഗം. ഉള്ളിൽ എഞ്ചിനുള്ളതിനാൽ തടിച്ചുരുണ്ട് വീർത്തുന്തിയ പിൻഭാഗം. നടുവിൽ പരസ്പരം ചേർത്തുനിർത്താൻ നേർത്തുമെലിഞ്ഞ ലോഹത്തണ്ട്. പുതിയ സ്കൂട്ടറിന്റെ ഡിസൈൻ കണ്ടയുടൻ കമ്പനി ഉടമയായ എന്രിക്കോ പിയാജിഓ വിളിച്ച് പറഞ്ഞു ‘വെസ്പ‘ – ലാറ്റിൻ- ഇറ്റാലിയൻ ഭാഷകളിൽ അതിനർത്ഥം കടന്നൽ എന്നാണ്. ശരിക്കും ഒരു കടന്നലിന്റെ രൂപം ഓർമ്മിപ്പിക്കുന്ന ആ വാഹനമോഡലിന് 1946 ൽ ‘വെസ്പ‘ എന്ന് പേര് തീരുമാനമായി.

വെസ്പ – ആദ്യമോഡല്‍ 1946

 

കടന്നലുകളെ കണ്ടാൽ. ഒരു വമ്പൻ ഭീമനുറുമ്പ് ദേഹം നിറയെ മഞ്ഞയോ ചുകപ്പോ നിറമുള്ള വരകളോടെ, ചിറകു വളർന്ന് വീശി പറന്നുനടക്കുന്നതായും ഒറ്റനോട്ടത്തിൽ തോന്നും. ഉറുമ്പിന്റെ കൂട്ടത്തിലും തേനീച്ചയുടെ കൂട്ടത്തിലും പെടുത്താൻപറ്റാത്തവരാണ് കടന്നൽ വർഗ്ഗക്കാർ.

കടപ്പാട് ©karthikeyan shanmugasundaram

ഇവർക്കിടയിലെ വെസ്പിഡെ കുടുംബത്തിലെ Eumeninae ഉപകുടുംബക്കാരാണ് വേട്ടാളൻ എന്നും ചില സ്ഥലങ്ങളിൽ വേട്ടാവളിയൻ, ചെക്കാലി എന്നും ഒക്കെ പേരുള്ളവർ. വേട്ടാളൻ എന്നത് മൺകൂടുണ്ടാക്കാത്ത കടന്നലിനങ്ങളെ സൂചിപ്പിക്കാനും ചില പ്രദേശങ്ങളിൽ ഉപയോഗിക്കാറുണ്ട്. . ഇവ ഒറ്റയ്ക്കാണ് സഞ്ചാരം. ഭീകരൻ കുത്ത് കൊണ്ട് സ്വർഗ്ഗം കാണിക്കാൻ കഴിയുന്ന പായ കടന്നലുകളെപ്പോലെ സാമൂഹ്യജീവിതമല്ല ഇവരുടേത്. ഇരതേടലും കൂടൊരുക്കലും ഒക്കെ തനിച്ചാണ്.. കൂടിന് കേടുവരുത്താൻ വരുന്നവരെ പെൺ വേട്ടാളന്മാർ അപൂർവ്വം ചിലപ്പോൾ ഒരു കുത്ത് കാച്ചും. ആൺകടന്നലുകൾ അതിനും ഇല്ല. സാധാരണയായി കറുപ്പോ ബ്രൗണോ നിറത്തിലുള്ളതാണ് ഇവയുടെ ശരീരം. വെള്ള, മഞ്ഞ ചുകപ്പ്, ഓറഞ്ച് നിറങ്ങളേതെങ്കിലും കൊണ്ടോ ഇവയുടെ ചേരുവയിലുള്ളതോ ആയ തിളങ്ങുന്ന വരകളും കുറികളും കൊണ്ട് ദേഹത്ത് മനോഹര ഡിസൈനും കാണും, കടന്നലുകളെ തിന്നാൻ വരുന്ന ഇരപിടിയൻ പക്ഷികൾക്ക്, വിഷമുള്ള, അരുചിയുള്ള തങ്ങളെ അബദ്ധത്തിലെങ്ങാൻ തിന്നല്ലേ എന്നും, തിന്നാൽ ഖേദിക്കും എന്ന ഓർമ്മിപ്പിക്കലിനുള്ള തിരിച്ചറിയൽ അപകട മുന്നറിയിപ്പ് സിഗ്നൽ. . മറ്റു കടന്നൽ ഇനങ്ങളെപോലെ വിശ്രമിക്കുമ്പോൾ ചിറകുകൾ നീളത്തിൽ കൂട്ടിപ്പിടിക്കുന്ന സ്വഭാവം ഇവർക്കും ഉണ്ട്. മണ്ണ് കുഴച്ച് മനോഹരമായ കുഞ്ഞ് മൺ കുടരൂപത്തിലുള്ള കൂടുകൾ ഉണ്ടാക്കുന്നതിനാൽ പോട്ടർ വാസ്പ് എന്നും മേസൺ വാസ്പ് എന്നും ഇംഗ്ളീഷിൽ പേരുണ്ട്. കൂടുണ്ടാക്കുന്നത് താമസിക്കാനൊന്നുമല്ല- മുട്ടയിട്ട് വിരിയിക്കാൻ മാത്രമായുള്ള ഗർഭഗൃഹം..

കടപ്പാട് alchetron.com
വിവിധ സ്പീഷിസുകൾ വ്യത്യസ്ഥരൂപത്തിലുള്ള കൂടുകൾ പണിയും. കാറ്റും വെളിച്ചവും കുറഞ്ഞ, മഴയും വെയിലും ഏൽക്കാത്ത മറയുള്ള ഇടങ്ങളാണ് കൂടുപണിയാൻ തിരഞ്ഞെടുക്കുക. ചിലവ മതിലുകളിലും തറയിലും ഉള്ള ദ്വാരങ്ങളിലാണ് കൂടുണ്ടാക്കുക. ചിലർ വീട്ടു മച്ചിലും മര ഉരുപ്പടികളിലും ഒക്കെ കൂടുണ്ടാക്കും. . കുഴച്ച മൺ തരികളും ഉമിനീരും വെള്ളവും പശയും ഒക്കെ ഉപയോഗിച്ച് ഒന്ന് രണ്ട് മണിക്കൂർ കൊണ്ട് അകം പൊള്ളയായ , ചിലപ്പോൾ ഒന്നിലധികം അറകളുള്ള മൺ കൂജ രൂപത്തിലുള്ള കൂട് പണിയും.
സ്പീഷിസുകൾക്കനുസരിച്ച് ആകാരവും ഉറപ്പും വ്യത്യാസമായിരിക്കും. വിദഗ്ധർക്ക് കൂട് നോക്കി ഇനം പറയാനാകും. കൂടൊരുക്കൽ വലിയ അധ്വാനവും സർഗ്ഗാത്മകതയും വേണം. . അങ്ങോട്ടും ഇങ്ങോട്ടുമായി ആയിരക്കണക്കിൻ പറക്കൽ ചിലപ്പോൾ വേണ്ടി വരും. ഇണചേർന്നുകഴിഞ്ഞ പെൺ വേട്ടാളന്റെ മാത്രം ഉത്തരവാദിത്തമാണീ കൂടു പണി.

കടപ്പാട് വിക്കിപീഡിയ
തുന്നാരന്മാരെപ്പോലെ ഇണയെ ആകർഷിക്കാൻ കെട്ടുന്നതല്ല. കൂടൊരുങ്ങി മുട്ടയിടും മുമ്പ് മറ്റൊരു വലിയ ഉത്തരവാദിത്വമുണ്ട്. മുട്ട വിരിഞ്ഞ് ലാർവ പുറത്ത് വന്നാൽ തിന്ന് വളരാൻ വേണ്ട ഭക്ഷണമത്രയും മുന്‍കൂറായി ശേഖരിക്കലാണ് അടുത്ത പണി. കടന്നലുകൾ പൂന്തേനും പൂമ്പൊടിയും ഒക്കെയാണ് ഭക്ഷിക്കുക. പക്ഷെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവ്വകൾ തേനും പൂമ്പൊടിയും ഒന്നും തിന്നില്ല. നല്ല ജീവനുള്ള നോൺ വെജ് ഭക്ഷണം തന്നെ വേണം. തിന്ന് വളർന്ന് പ്യൂപ്പാവസ്ഥയിലേക്ക് പോകുന്നതുവരെയുള്ള കാലത്തേക്ക് ആവശ്യമുള്ളത്ര ഭക്ഷണം മുന്‍കൂറായി ഒരുക്കി വെക്കും.
വണ്ടുകളുടേയും ശലഭങ്ങളുടെയും ലാർവ്വകൾ , ചിലന്തികൾ തുടങ്ങിയവയെ അന്വേഷിച്ച് കണ്ടെത്തി, പിടികൂടി കൊല്ലാതെ കുത്തിമയക്കി മരവിപ്പിച്ച് കൂട്ടിൽ കൊണ്ട് വെക്കും. എന്നിട്ട് അതിൽ മുട്ടയിട്ടശേഷം കൂടിന്റെ വായ്ഭാഗം കൂടി മണ്ണുകോണ്ടടച്ച് സീൽ ചെയ്ത് അടുത്ത കൂടുണ്ടാക്കാൻ പറന്നുപോകും. പിന്നെ പഴയകൂട്ടിലെ കുഞ്ഞ് വിരിഞ്ഞോ വളർന്നോ എന്നൊന്നും അന്വേഷണമൊന്നും ഇല്ല. കൂട്ടിനുള്ളിലെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവ്വപ്പുഴു അമ്മക്കടന്നൽ ഒരുക്കിവെച്ച് പോയ തീൻ മേശയിൽ പാതിജീവനോടെ കിടക്കുന്ന ഭക്ഷണപ്പുഴുക്കളെ ബകനെപ്പോലെ തിന്ന് തുടങ്ങും. പിന്നീട് പ്യൂപ്പ സമാധിയും കഴിഞ്ഞ് വളർച്ചപൂർത്തിയായി കൂടു പൊളിച്ച് പുറത്തിറങ്ങി ചിറകു വീശി തേനും പൂമ്പൊടിയും ഇണയും തേടി പറന്നുപോകും. ജീവചക്രം പൂർത്തിയാക്കാൻ ആഴ്ചകൾ മുതൽ ഒരു വർഷത്തിലധികം സമയം വരെ എടുക്കും.

കടപ്പാട് വിക്കിപീഡിയ
കാഴ്ചയിൽ ചെറിയ ഉൾഭയമൊക്കെ ഉണ്ടാക്കുന്നവരാണെങ്കിലും ഇവരെകൊണ്ട് മനുഷ്യർക്ക് ശല്യമൊന്നും ഇല്ല. വീടിനുള്ളിൽ പണിയുന്ന മൺകൂടുകൾ നമുക്ക് ഉടച്ച്കളയേണ്ടി പണിതരും എന്നു മാത്രം.. അപ്പോൾ ചിലപ്പോൾ പുറത്ത് ചാടുന്ന സദ്യയ്ക്കൊരുങ്ങി ഭക്ഷണമായ പൂമ്പാറ്റ ലാർവകളെകണ്ട് പലപ്പോഴും അതാണ് കടന്നലിന്റെ കുഞ്ഞ് എന്ന് തെറ്റിദ്ധരിച്ച്പോകാറുണ്ട്  പലരും.
നൂറുകണക്കിന് ഉപദ്രവകാരികളായ കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ പുഴുക്കളെ ഭാവി മക്കൾക്ക് തീറ്റക്കായി എടുത്തുകൊണ്ടുപോയി സഹായിക്കുന്നതുകൂടാതെ നല്ല പരാഗണ സഹായികളും കൂടിയാണ്- അങ്ങിനെ ഇവർ നല്ല കർഷക മിത്രങ്ങളും കൂടിയാണ്. മനുഷ്യർ ആദ്യമായി മൺകുടങ്ങൾ ഡിസൈൻ ചെയ്യാനുള്ള മാതൃക കണ്ട് പഠിച്ചത് ഇവരുടെ അടുത്ത് നിന്ന് തന്നെയാകാം.

കടപ്പാട് alchetron.com

വേട്ടാളന്‍ മണ്‍കൂടൊരുക്കുന്നത് കാണാം

Happy
Happy
38 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
6 %
Surprise
Surprise
19 %

Leave a Reply

Previous post N95 ന്റെ കഥ
Next post ചൈനയോ  അമേരിക്കയോ നിർമ്മിച്ച ജൈവായുധമല്ല കോവിഡ്-19
Close