Read Time:10 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍

ർദ്ധഗോളാകൃതിയിൽ, ലോഹത്തിളക്കമാർന്ന കടും വർണ്ണ ശരീരത്തിൽ പൊട്ടുകളോടെ, കറുത്തിരുണ്ട തലയുമുള്ള ചെറുവണ്ടുകളെ എല്ലാവരും കണ്ടിട്ടുണ്ടാകും. ആറു കുഞ്ഞിക്കാലുകളിളക്കി ചെടികളിലും മരത്തടികളിലും പതുക്കെ ഉരഞ്ഞ് നീങ്ങിപ്പോകുകയും, പെട്ടന്ന് ചിറകുകൾ തുറന്ന് അതിവേഗതയിൽ വിറപ്പിച്ച് പറന്ന് നീങ്ങുകയും ചെയ്യുന്ന സുന്ദരജീവികൾ. ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ. യൂറോപ്പിലെ പഴയ പള്ളിമേടകളിലെ വർണ്ണചിത്രങ്ങളിൽ കടും ചുവപ്പിൽ തിളങ്ങുന്ന ചുവന്ന മേലുടുപ്പ് അണിഞ്ഞാണല്ലോ കന്യാമറിയത്തെ ചിത്രീകരിച്ചിട്ടുണ്ടാവുക.
ഇത്തരം തിളങ്ങുന്ന വർണ്ണപ്പുറംപാളി ഉള്ളതിനാലാണ് ഈ കുഞ്ഞന്മാർക്ക് my Lady എന്ന പദസാമ്യത്തിൽ നിന്നും Ladybird”, “Ladybug”, “Lady beetle” തുടങ്ങിയ പേരുകൾ ലഭിച്ചത്. പൊട്ടുകൾ ഇല്ലാതെ മൊത്തം കടും കറുപ്പിലും, തവിട്ടിലും ചിലരുണ്ട്.  ചിറകിൽ ചില നീളൻ വരകളും അടയാളങ്ങളും ഉള്ളവരേയും കാണാം. 0.8 മുതൽ 18 മില്ലീ മീറ്റർ വരെ പല വലിപ്പത്തിലും വിവിധ വർണ്ണ പറ്റേണുകളിലുമായി അയ്യായിരത്തിൽപരം സ്പീഷിസുകൾ ഉണ്ട്. അതിനാൽ എന്റമോളജിസ്റ്റുകളല്ലാത്തവർക്ക് പലപ്പോഴും ഇവയെ കൃത്യമായി തിരിച്ചറിയാനും വിഷമമാണ്. ചിലയിനം ആമവണ്ടുകളെ ( tortoise beetles) ലേഡിബഗ്ഗുകാളായും, ചില ലേഡിബഗ്ഗുകളെ തിരിച്ചും ചിലർ തെറ്റിപ്പറയാറുണ്ട്.
Coccinella septempunctata ടപ്പാട് വിക്കിപീഡിയ Charles J Sharp
ജീവലോകത്ത് അതിജീവനത്തിനായി പല സൂത്രങ്ങളും പരിണാമ ദശകളിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. തിന്നാൻ വരുന്നവരുടെ മുന്നിൽ പെട്ടാൽ ഓടി രക്ഷപ്പെടാനുള്ള വമ്പൻ തന്ത്രങ്ങൾ മുതൽ കണ്ണിൽ പെടാതിരിക്കാനുള്ള പ്രച്ഛന്നവേഷപരിപാടിയായ ‘’കാമൊഫ്ലാഷ്’’ വരെ. ചുള്ളിപ്രാണികളും, തുള്ളന്മാരും, പല കടൽജീവികളും ഈ സൂത്രം ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്. ഉള്ളതിലധികം വലിപ്പം തോന്നിപ്പിച്ച് ഇരപിടിയന്മാർക്ക് മൊത്തം കൺഫ്യൂഷനുണ്ടാക്കി പേടിപ്പിക്കാനും ചില ജീവികൾ ശ്രമിക്കാറുണ്ട്, ചില പൂമ്പാറ്റകളുടെയും നിശാശലഭങ്ങളുടേയും ചിറകുകളിൽ കൺരൂപത്തിലുള്ള വമ്പൻ പൊട്ടുകളുണ്ടാകും. ഒറ്റ നോട്ടത്തിൽ ആള് ഭയങ്കരനാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇരപിടിയന്മാരെ അകറ്റാനും ഇതുകൊണ്ട് കഴിയും.

ചുറ്റുപാടുകളിൽ നിന്നു തിരിച്ചറിയാതെ മറഞ്ഞിരിക്കാൻ സഹായിക്കുന്ന രൂപവും നിറവും ഒക്കെ പല ചെറു ജീവികളിലും ഉണ്ടെങ്കിലും ലേഡിബേഡിന്റെ കാര്യത്തിൽ പെട്ടന്ന് തിരിച്ചറിയാൻ പറ്റുന്ന തിളങ്ങുന്ന കടും നിറങ്ങൾ തിരിച്ചുള്ള ധർമ്മമാണ് നിർവഹിക്കുന്നത്. അടുത്ത് വരണ്ട, അകന്നു പോ, എന്ന സിഗ്നൽ തന്നെ. ഇരപിടിയന്മാരേ – സൂക്ഷിച്ചോളു എന്ന സന്ദേശം. എന്നെ തൊട്ടാലും തിന്നാലും നിങ്ങൾ കുടുങ്ങും എന്ന മുന്നറിയിപ്പ്. പക്ഷികളാണ് പ്രധാന വേട്ടക്കാരെങ്കിലും, തവളകൾ, ചിലന്തികൾ, കടന്നലുകൾ, തുമ്പികൾ എന്നിവരും ഇവരെ തിന്നാൻ ശ്രമിക്കാറുണ്ട്. ശത്രു ആക്രമണം മനസിലായാൽ ഉടൻ അതി ശീഘ്ര റിഫ്ലക്സുവഴി കാലുകളിലെ സന്ധികളിൽ നിന്ന് രൂക്ഷ മണവും രുചിയും ഉള്ള വിഷദ്രാവകം രക്തവാർച്ചപോലെ ഒഴുക്കും. ചത്തതുപോലെ കിടക്കും.

ലേഡിബേഡിന്റെ ശരീരഘടന കടപ്പാട് വിക്കിപീഡിയ Persian Poet Gal
ജീവിതത്തിൽ ഒരു തവണ ഇതിനെ തിന്നുകുടുങ്ങിപ്പോയ ഇരപിടിയന്മാർ ആ വിഷം കൊണ്ടുള്ള പൊല്ലാപ്പ് ഒരിക്കലും മറക്കില്ല. അക്കാര്യം ഓർമ്മയുള്ളതിനാൽ ലേഡിബേഡുകളെ കണ്ടാലുടൻ ‘വേണ്ട-വേണ്ടേ’ എന്ന് മനസിൽ പറഞ്ഞ് ഒഴിവാക്കും. ഇരപിടിയന്മാരുടെ കണ്ണിൽ പെടാനും മുന്നറിയിപ്പിനും ആണ് ഈ കളറെന്ന് സാരം. എന്നാലേ അബദ്ധത്തിൽ അവർ തിന്നുപോകാതെ രക്ഷപ്പെടൂ. ഈ സൂത്രപ്പരിപാടിക്ക് ജന്തുലോകത്തിൽ അപ്പോസെമാറ്റിസം (aposematism ) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രശലഭങ്ങൾ മുള്ളേരിയൻ മിമിക്രിയിൽ ഈ സൂത്രം തന്നെയാണ് ഉപയോഗിക്കുന്നത്. വിഷശലഭങ്ങളെ ഇരപിടിയന്മാർ ഒഴിവാക്കും എന്നറിയുന്നതിനാൽ അവയുടെ നിറം മിമിക്ക് ചെയ്ത് വേറെ ശലഭങ്ങൾ രക്ഷപ്പെടുന്ന തന്ത്രം.
ലേഡാബേഡും മുട്ടയും കടപ്പാട് Jonathan (chirpy)
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന, കർഷകരുടെ ശത്രുക്കളായ അഫിഡുകൾ, ശൽക്കപ്രാണികൾ, മൈറ്റുകൾ എന്നിവയുടെ അന്തകന്മാരാണ് ലേഡി ബേഡുകൾ. വിരിഞ്ഞിറങ്ങിയ ലാർവകളും മുതിർന്ന അഫീഡ്കളെ തിന്നാൻ മത്സരിക്കും, അഫിഡുകളുടെ മുട്ടയും ലാർവയും രുചിയോടെ അകത്താക്കും. വിരിഞ്ഞിറങ്ങിയ ഉടൻ തീറ്റകിട്ടാനുള്ള സൗകര്യം പരിഗണിച്ച് ലേഡി ബേഡുകൾ അഫിഡ് കോളനിക്കകത്തു തന്നെയോ, തൊട്ടടുത്തോ തന്നെയാണ് മുട്ടയിട്ട് വെയ്ക്കുക.. അഫിഡുകളെ പശുക്കളെപ്പോലെ വളർത്തുന്ന ചിലയിനം ഉറുമ്പുകൾ, അവർക്ക് മധുരദ്രവം ചുരത്തുന്ന അഫിഡുകളെ തിന്നാൻ വരുന്ന ലേഡി ബീറ്റിലുകളെ ആക്രമിച്ച് ഓടിച്ച് വിടും. ജീവിതകാലത്തിനിടയ്ക്ക് ആയിരക്കണക്കിന് അഫിഡുകളേയും മറ്റും തിന്നു തീർക്കുന്നതിനാൽ വിള നശിക്കാതെ സംരക്ഷിക്കുന്ന കർഷകമിത്രങ്ങളായാണ് ഇവരെ കണക്കാക്കുന്നത്. ജൈവ നിയന്ത്രണത്തിനുള്ള ഉപകരണമായി പലരാജ്യങ്ങളും ഇവരെ ഉപയോഗിക്കുന്നുണ്ട്. കോക്സി നെല്ലി ഡെ യിലെ ചില ഇനങ്ങൾ ഭക്ഷണ ക്ഷാമമുള്ളപ്പോൾ ഒറിജിനലിനൊപ്പം വിരിയാത്ത ഡൂപ്ലിക്കേറ്റ് മുട്ടകൾ കൂടി ഇട്ടുകൂട്ടും. വിരിഞ്ഞിറങ്ങിയ ലേഡിബീറ്റിൽ ലാർവകൾ ഈ ഡമ്മിമുട്ടകൾ തിന്ന് തത്കാലം വിശപ്പ് മാറ്റും.
22 പുള്ളിയുള്ള ലേഡീബേഡ് (Psyllobora vigintiduopunctata).കടപ്പാട് വിക്കിപീഡിയ Olei
ഇരു ഭാഗത്തുമായി മൂന്നുവീതവും നടുവിൽ ഒന്നും ആയി ആകെ ഏഴു പൊട്ടുകളുള്ള ലേഡി ബഗ്ഗുകൾ ആണ് സധാരണയായി കാണുക. പൊട്ടുകളുടെ എണ്ണം ആണ് അവയുടെ പ്രായം എന്ന വിശ്വാസം ചിലർക്കുണ്ട്. പക്ഷെ ഇവയുടെ ആയുസ്സ് ഒന്നു മുതൽ രണ്ട് വർഷം വരെ മാത്രമാണ്.
പ്രാദേശികമായി പലരും പലപേരുകളിൽ ഇക്കൂട്ടർ അറിയപ്പെടുന്നുണ്ടെങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പേര് മലയാളത്തിൽ ഇല്ല. മലയാളച്ചുവയുള്ള ‘കുന്നിക്കുരു വണ്ട്’ എന്നോയാലോ ?
ലേഡീബേഡ് കൂട്ടം കടപ്പാട് STUART WILSON / SCIENCE PHOTO LIBRARY

ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍

Happy
Happy
14 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
57 %

Leave a Reply

Previous post സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം
Next post ചൈനീസ് ആപ്പ് നിരോധനം, പകരമെന്ത് ?
Close