Read Time:10 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍

രാത്രി ഉറക്കത്തിൽ അറിയാതെ ദേഹത്ത് വീണ കറുത്ത കുഞ്ഞൻ വണ്ടിനെ തടവി പൊട്ടിച്ചത് – രാവിലെ ദേഹത്ത് കറുത്ത പൊള്ളിപ്പായി കണ്ടു പേടിച്ച് പോയ അനുഭവം ഉള്ളവരുണ്ടാകും. ഉപ്പുമാവിൽ വീണ ഓട്ടുറുമയെ അബദ്ധത്തിൽ ചവച്ചുപോയതിൻ്റെ പൊള്ളുന്ന രുചിച്ചവർപ്പ് നാവിൽ നിറയുന്ന പഴയ സ്കൂൾ ഓർമ്മകൾ ഇപ്പഴും ബാക്കിയുള്ളവരും ഉണ്ടാകും. ഓലഷെഡ്ഡിനുമുകളിൽ നിന്ന് കൈവിട്ട് വീണ് , മുഖത്തും ദേഹത്തും ഇഴയുന്ന കറുത്ത കുഞ്ഞുവണ്ടുകൾ അന്നുണ്ടാക്കിയ വെറുപ്പും ഭയവും പലരും മറന്നിട്ടില്ല. വേനൽ ചൂട് കഴിഞ്ഞ് ആദ്യ മഴ തകർത്ത് പെയ്യുന്നതോടെ ‘അയ്യോ, ഞങ്ങൾക്ക് മഴകൊള്ളാൻ വയ്യേ ‘ – എന്ന മട്ടിൽ നമ്മുടെ വീടുകളിലേക്ക് ഇരച്ചെത്തുന്ന കറുത്ത കുഞ്ഞു വണ്ടുകളാണ് ഓട്ടുറുമകൾ. റബ്ബർ തോട്ടങ്ങളുടെ അടുത്തുള്ള വീടുകളിലാണ് ഇവരുടെ പട വേഗം വിരുന്നെത്തുക.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തെക്കൻകേരളത്തിലെ മുപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വ്യാപക വണ്ടു സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്. ലുപ്രോപ്സ് ട്രിസ്റ്റിസ് (Luprops tristis) എന്നാണിവർക്ക് നൽകിയ ശാസ്ത്രനാമം.
പെൻസിലിൽ ഇരിക്കുന്ന മുപ്ളി വണ്ട്‌. കടപ്പാട് വിക്കിപീഡിയ Mathews Sunny Kunnelpurayidom

Coleoptera ഓർഡറിൽ Tenebrionidae കുടുംബത്തിൽ പെട്ട ഇവർ മുപ്ളിയിലെ റബർ തോട്ടങ്ങളിൽ കണ്ടെത്തിയതിനാൽ മുപ്ലിവണ്ടുകൾ (Mupli beetle ) എന്ന പേരിലാണ് അറിയപ്പെടുന്നത്. മേച്ചിലോടിനുള്ളിൽ ഒളിച്ച് കൂടുന്നതിനാൽ ‘ഓട്ടുറുമ’, ‘ഓട്ടെരുമ’ ‘കോട്ടെരുമ’ , ‘ഓട് വണ്ട്’ എന്നീ പേരുകളും ഇവർക്കുണ്ട്. ഓലമേഞ്ഞ വീടുകൾ ഇഷ്ടപ്പെടുന്നതിനാൽ ‘ഓലച്ചാത്തൻ’, ‘ഓലപ്രാണി’, തുടങ്ങിയ പേരും ചില പ്രദേശങ്ങളിൽ ഉണ്ട്.

കടപ്പാട് വിക്കിപീഡിയ Mathews Sunny Kunnelpurayidom
എന്നാൽ വെറും മുക്കാൽ സെന്റീമീറ്ററിനടുത്ത് മാത്രം നീളമുള്ള ഇത്തിരി കുഞ്ഞൻ വണ്ടുകൾക്ക് എടുത്താൽ പൊങ്ങാത്ത ‘കരിഞ്ചെള്ള്’ എന്ന കിടിലൻ പേരും ചില നാടുകളിൽ ഉണ്ട്. പത്തും നൂറുമല്ല, ലക്ഷക്കണക്കിന് വണ്ടുകൂട്ടമാണ് വിരുന്നു വരിക. ഓടിട്ട കെട്ടിടങ്ങളിലെ കഴുക്കോലും ഉത്തരവും മൂടി കരിഓയിൽ വാരിപ്പൂശിയ കോലത്തിൽ, പായത്തേനീച്ചക്കൂട്ടം പോലെ അവർ പറ്റിക്കിടക്കും. ആലയും ചകരിക്കൂനയും ഒന്നും വിടില്ല. ഒന്നിനുമേൽ ഒന്നായി മൂന്ന് അട്ടിയായി ഇരുൾ മൂലകളിലെല്ലാം വന്ന് മൂടും. മുൻ വർഷം തമ്പടിച്ച സ്ഥലങ്ങളാണ് പുതിയ വണ്ടിൻ കൂട്ടം തിരഞ്ഞെടുക്കുക. ഇവ വരാതിരിക്കാൻ വെളിച്ചം ഇല്ലാതാക്കാൻ ചിമ്മിനിക്കൂടുകൾ ഊതിക്കെടുത്തി, ഇരുളിൽ ചിരട്ടകൊട്ടി ഒച്ചയുണ്ടാക്കി ആളുകൾ ഗ്രാമങ്ങളിൽ കാവലിരിക്കുമായിരുന്നു. പക്ഷെ രാവിലെ ഉണർന്ന് മേലോട്ട് നോക്കുമ്പോൾ രാത്രിയിൽ വണ്ടിൻ പട കൈയടക്കിയ മച്ച് കാണുന്നതോടെ മനസ് കിടുങ്ങും.
കുടിയൊഴിപ്പിക്കൽ അത്ര എളുപ്പമല്ല. അടുത്ത ഒൻപത് മാസവും തല്ലിയാലും കൊന്നാലും അവർ പോകില്ല. അടർത്തി മാറ്റാൻ നോക്കിയാൽ പരസ്പരം ചേർത്ത് പിടിച്ച് അങ്ങിനെ നിൽക്കും. പക്ഷെ വേറെ യാതൊരു ശല്യവും ഇല്ല.
പരമ സാത്വികരായ നിരുപദ്രവികൾ. ആരെയും കടിക്കില്ല, ചിതലുകളെപ്പോലെ മച്ച് തിന്ന് തീർക്കില്ല. മഴക്കാലം കഴിഞ്ഞ് അടുത്ത വേനലിൽ വീണ്ടും റബ്ബർതോട്ടങ്ങളിൽ ഇലകൾ വീണ് മെത്തയൊരുങ്ങും വരെ വിശ്രമം മാത്രം. തീറ്റയും കുടിയും അനക്കവും ഇല്ലാതെ ഇരുൾ മൂലകളിൽ അട്ടിയിട്ട് ഉറക്കം മാത്രം. ഇടക്കുള്ള പിടിവിടലിൽ ചിലർ ചടുപിടെ താഴെയുള്ളവരുടെ ദേഹത്തും ഭക്ഷണത്തിലും ഒക്കെ വീഴും., രക്ഷപ്പെടാൻ ഇവർ പുറപ്പെടുവിക്കുന്ന ഫിനോളിക്കായിട്ടുള്ള സ്രവങ്ങൾ ചിലപ്പോൾ തൊലിപൊള്ളിക്കും.
കടപ്പാട് വിക്കിപീഡിയMathews Sunny Kunnelpurayidom
വിരിഞ്ഞിറങ്ങുന്ന ലാർവകളുടെ ഇഷ്ട ഭക്ഷണമാണ് നിലത്ത് വീണുകിടക്കുന്ന റബ്ബറിന്റെ തളിർ ഇലകൾ. ഉറപ്പുള്ള പുറം തോടും ഉള്ളിലെ കടുത്ത രൂക്ഷ ഗന്ധ സ്രവങ്ങളും മൂലം പക്ഷികളും മറ്റ് ഇരപിടിയന്മാരും ഒന്നും ഇതിനെ തിന്നില്ല. ലാർവകൾക്ക് തിന്നാനും വളരാനും തോട്ടങ്ങളിൽ നിലം നിറയെ വീണഴുകിയ ഇലപ്പുതപ്പ് ഉള്ളതിനാൽ വിരിഞ്ഞിറങ്ങുന്ന ലാർവകൾ ഭൂരിഭാഗവും അതിജീവിക്കും.
  ഇരുട്ടും വെയിലും ചൂടും ഒക്കെ വളരെ ഇഷ്ടമാണെങ്കിലും മഴയും തണുപ്പും ഇവർക്ക് ഒട്ടും ഇഷ്ടമല്ല. മഴ തുടങ്ങിയാൽ ഉടൻ വളർച്ചമുറ്റിയ വണ്ടുകളെല്ലാം കൂട്ടമായി പറന്ന് അടുത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിൽ പറ്റിക്കൂടുന്നു. മുൻ തലമുറകൾ കൈയടക്കി വന്നിരുന്ന സ്ഥലങ്ങളുടെ കുടിക്കിടപ്പവകാശം ഓർത്തു വെച്ചെന്നപോലെ പുതിയവ പറന്നുവന്നു സ്ഥലം കൈയടക്കും. ഇരുപത് വർഷം വരെ തുടർച്ചയായി ഒരേ പീടികമുറികളും വീടുകളും വിടാതെ കൈയടക്കിയ ഓട്ടുറുമ പടകളുള്ള പ്രദേശങ്ങളുണ്ട്. ഒറ്റ കെട്ടിടത്തിൽ തന്നെ അഞ്ച് ലക്ഷം മുതൽ നാൽപ്പത്തി അഞ്ച് ലക്ഷം വരെ എണ്ണം മുപ്ലി വണ്ടുകൾ ഉണ്ടാവാം. തെക്ക് മഴ തുടങ്ങിയാലും, അത്പം നാളുകൾ കൂടി വേണം വടക്കൻ കേരളത്തിൽ മഴയെത്താൻ . അതു കൊണ്ട് , ഇണചേരാനും വളർച്ചാ ഘട്ടങ്ങൾ പൂർത്തിയാക്കാനും കുറച്ച് കുടി നാളുകൾ അധികമായി ലഭിക്കും എന്നതിനാൽ ഓട്ടുറുമ കൂട്ടങ്ങൾ കൂടുതൽ ആയി കാണുക മലബാറിലാണ്. ഒരു വർഷം മാത്രമാണ് ഇവരുടെ ജീവ ചക്രകാലമെങ്കിലും ഒരോ പുതിയ തലമുറയും ഓർമ്മവെച്ച്, ഒഴിയാബാധയായി, വിടാതെ പഴയ കെട്ടിടത്തിൽ വന്ന് കൂട്ടം കൂടും. തിരുനെല്ലിയിലെ ചോലവങ്ങൾക്കുള്ളിൽ നിന്നും കണ്ടെത്തിയ ‘ലൂപ്രോപ്സ് ദേവഗിരിയൻസിസ്’ അടക്കം നാലിനം ഓട്ടുറുമകളാണ് കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ആൺ – പെൺ വണ്ടുകൾ തമ്മിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസമൊന്നുമില്ല. പെൺവണ്ട് 10 മുതൽ 15 വരെ മുട്ടകൾ ഇടും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് പുഴുക്കൾക്ക് വെളുത്ത നിറമാണെങ്കിലും കുറച്ച് സമയം കൊണ്ട് കറുത്തു വരും. ഇലകൾ തുരു തുരെ തിന്ന് വളർച്ചയുടെ അഞ്ച് ഘട്ടങ്ങൾ തീർത്ത് ഒരുമാസം കൊണ്ട് ഇവ പ്യൂപ്പയായി മാറും. എന്നാൽ പ്യൂപ്പക്ക് വണ്ടായി മാറാൻ മൂന്നു ദിവസമേ വേണ്ടു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഈ സമാധികാലം ഉണ്ടാകുക.

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഭക്ഷണമില്ലതെ, അനങ്ങാതെ കഴിഞ്ഞുകൂടിയ ഇവയുടെ ചിറകുകൾ ചലിപ്പിക്കാനും പറക്കാനും ഉള്ള ഊർജ്ജം ബാക്കികിട്ടുന്നത് എങ്ങിനെയാണ് എന്ന കാര്യത്തിൽ ഇപ്പഴും ഗവേഷകർ തീർച്ചയെത്തീട്ടില്ല.
മുപ്ലിവണ്ടിന്റെ കെട്ടിട കുടിയായ്മ ആധാരം അടുത്ത തലമുറക്ക് പങ്കുവെക്കുന്നതിന്റെ സൂത്രവും പൂർണ്ണമായും വ്യക്തമായിട്ടില്ല.


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും 
17 ചിതലു തന്നെയാണ് ഈയാംപാറ്റ
Happy
Happy
10 %
Sad
Sad
0 %
Excited
Excited
30 %
Sleepy
Sleepy
10 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്
Next post ഞങ്ങൾക്ക് വീട്ടിൽ പോകണം സാബ്
Close