Read Time:14 Minute
വിജയകുമാര്‍ ബ്ലാത്തൂര്‍
നമ്മുടെ വീട്ടിലും പറമ്പിലും നമ്മളെ കൂടാതെ താമസക്കാരായി ജീവിക്കുന്നവരിൽ എണ്ണത്തിൽ ഒന്നാം സ്ഥാനക്കാർ ആരാണ്? ഉറുമ്പുകൾ തന്നെ. അവരെ ഒന്ന് സൂക്ഷിച്ച് നോക്കാം. പതിനായ്യായിരത്തോളം ഇനം ഉറുമ്പുകളുണ്ട് ഭൂമിയിൽ. പരമസാത്വികർ മുതൽ ഭീകരാക്രമികൾ വരെ. ആണും , പെണ്ണും കുട്ട്യോളും എന്ന ലളിതകുടുംബ സമവാക്യമൊന്നും ഇവർക്കില്ല. സമൂഹമായാണ്` ജീവിതം.
കടപ്പാട് pinterest.se
57 കോടി വർഷങ്ങൾ മുമ്പേ ഉറുമ്പുകൾ ഭൂമുഖത്ത് പരിണമിച്ച് ഉണ്ടായിട്ടുണ്ട്. കോളനികൾ സ്ഥാപിച്ച് മനോഹരവും സങ്കീർണ്ണവുമായ കൂടുകൾ നിർമ്മിച്ച് മഹാ സാംമ്രാജ്യങ്ങൾ പണിത് ഇവർ ഇത്രയും കൊല്ലം അതിജീവിച്ചിരിക്കുന്നു.
പ്രത്യുത്പാദന ശേഷിയുള്ള ഒന്നോ അതിലധികമോ പെണ്ണുറുമ്പുകൾ ഒരു കോളനിയിൽ ഉണ്ടാവും. അവരാണ് രാജ്ഞി. ഇണചേരലല്ലാതെ മറ്റൊരു ജോലിയും ചെയ്യാത്ത മടിയന്മാരായ കുറച്ച് ആൺ ഉറുമ്പുകളും കൂടെ കാണും. ഇണചേരലും മുട്ടയിടലും തന്നെ രാജ്ഞിയുടെ പണി. മുട്ടയിട്ടുകൂട്ടുന്ന ഒരു ജീവനുള്ള ഫാക്ടറിയാണ് രാജ്ഞി. ബീജ സങ്കലനം കഴിഞ്ഞ മുട്ടകൾ വിരിഞ്ഞ് വേലക്കാർ എന്ന ഇനം പെണ്ണുറുമ്പുകൾ ഉണ്ടാവുന്നു. പ്രത്യുത്പാദന ശേഷിയില്ലാത്ത ഉറുമ്പുകൾ ആണിവ. ഇവയിൽ ചിലതാണ് പിന്നീട് പുതിയ രാജ്ഞിയായി മാറുന്നത്. ഇതിലെ വേലക്കാരുടെ ജൊളിയാണ് കടുപ്പം. രാജ്ഞിയിട്ട് കൂട്ടുന്ന മുട്ടകൾ വിരിയാനായി കൂട്ടിൽ അതാതിടത്ത് കൊണ്ടുപോയി സൂക്ഷിക്കുക. വിരിഞ്ഞ കുഞ്ഞുങ്ങളെ വൃത്തിയാക്കുക, തീറ്റുക, പ്യൂപ്പാവസ്ഥയിലുള്ളവരെ സംരക്ഷിക്കുക. കോളനിയിലെ സർവ്വർക്കും വേണ്ട ഭക്ഷണം ശേഖരിച്ച് എത്തിക്കുക എന്നതെല്ലാം. കൂടാതെ ശത്രുക്കളോട് പൊരുതി കോളനി സംരക്ഷിക്കുകയും വേണം. കാവൽ ജോലിക്ക് പ്രത്യേക ശരീര ഘടനയോടെ ചില വേലക്കാരികൾ പരിണമിച്ച് ജോറൻ പട്ടാളക്കാരാവുകയും ചെയ്യും. ഇവരാണ് കടിയുടെ കുത്തിന്റെ ആശാത്തികൾ. സ്വന്തം കൂട്ടുകാരെ രക്ഷിക്കാൻ പടയാളി ഉറുമ്പുകൾ പലരും ചാവേറുകളെപ്പോലെ പൊരുതും. കടിച്ച് മരിച്ച് കളയും. . പാമ്പുകൾ, പക്ഷികൾ ചിലന്തികൾ എന്നിവയൊക്കെ കൂടാക്രമിക്കാറുണ്ട്. പലർക്കും വേണ്ടത് ഉറുമ്പിൻ ലാർവകളേയും മുട്ടകളെയും ഒക്കെയാണ്. ശരിയ്ക്കും ഉറുമ്പുകളുടെ ശത്രുക്കൾ മനുഷ്യരാണ്. സ്വസ്ഥമായി ജീവിക്കുന്നതിനിടയിൽ വെറുതേ അവരെ ശല്യപ്പെടുത്താൻ വരുന്നവർ. ഇവരെ തുരത്താനും കൂടി വികസിച്ച തന്ത്രമാകാം കൂട്ടക്കടിയുടെ തുടക്കം.

ഉറുമ്പ് പുറ്റ്/ഉറുമ്പ് കൂട് കടപ്പാട് വിക്കിപീ‍ഡിയ
മാങ്ങ പെറുക്കാൻ പോകുമ്പോള്‍ കാലിലും കൈയിലും കടിച്ച്, പുറകില്‍ക്കൂടെ ഫോർമിക്ക് ആസിഡ് ചീറ്റി വേദനിപ്പിക്കുന്ന പുളിയുറുമ്പുകളെയാണല്ലോ നമുക്ക് ഏറ്റവും പരിചയം. നീറുന്ന വേദനയുള്ള കടി തരുന്നതിനാലാവാം ഇവർക്ക് നീറ് എന്നും പേരുണ്ട്. Oecophylla ജനുസിൽ പെട്ടവയാണ് ഇവർ. ആരെങ്കിലും കൂടാക്രമിക്കാൻ വരുന്നു എന്നുതോന്നിയാൽ പിന്നെ ഒരു പരാക്രമം തന്നെ. കൂട്ടമായുള്ള ആക്രമണം. കിട്ടിയ സ്ഥലത്തൊക്കെ കടിച്ച് മുറിച്ച് പൊള്ളുന്ന ഫോർമിക്ക് ആസിഡ് കുടഞ്ഞ് വെയ്ക്കുകയാണിവരുടെ പണി. ശരിയ്ക്കും പുണ്ണിൽ കുത്തുന്ന പരിപാടി . ഇതിനായി വലിയ ഒരു സഞ്ചി ആസിഡും ചുമന്നാണ് നടത്തം. വളരെ ചെറിയ, കരിപ്പൊടിവിതറിയ പോലുള്ള നെയ്യുറുമ്പുകളുടെ കടിയാണസഹ്യം. കടിച്ചിടം തിണിർത്തു പൊങ്ങും. കുനുകുനെ ഓടിക്കളിക്കുന്ന കരിമാടിക്കുട്ടികളായ കട്ടുറുമ്പുകൾ കൂട്ടമായി വന്ന് കടിക്കാറില്ല. ഒറ്റയ്ക്കൊറ്റയ്ക്കാണു കടി. ഇളംചുവപ്പുള്ള ലോലശരീരരായ, ചോണനുറുമ്പുകൾ ദേഹത്തുമുഴുവൻ ശറപറെന്ന് പാഞ്ഞു കയറി, ഓടിക്കളിച്ച് ഇക്കിളിപ്പെടുത്തി നമ്മെ ഓടിക്കും. പക്ഷേ ആരെയും കടിക്കാറില്ല.
കടിക്കുന്ന ഇനങ്ങൾക്ക് അതിനു പറ്റും വിധമുള്ള വദനഭാഗങ്ങലാണുണ്ടാവുക. മറ്റുള്ളവ കൂർത്ത വിഷസൂചിക്കൊമ്പുകളുള്ളവയാണ്. അതുകൊണ്ട് ഒരു കുത്താണ് നൽകുക. കൂടെ കടുത്ത വിഷം ഇഞ്ചക്ഷൻ നടത്തുകയും ചെയ്യും. കടച്ചിലും കഴപ്പും മരവിപ്പും തരിപ്പും നീർക്കെട്ടും തിണിർപ്പും ഒക്കെ പലവിധ അനുഭവങ്ങൾ ഉണ്ടക്കുന്ന വിവിധ ഉറുമ്പുകൾ. തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കാണുന്ന ബുള്ളറ്റ് ഉറുമ്പുകളാണ് (Paraponera clavata ) കടിയുടെ ആശാട്ടികള്‍. ശരിയ്ക്കും വെടികൊണ്ടപോലെ ഉണ്ടാവും ഒരു കടികിട്ടിയാൽ. കണ്ണിലൂടെ പൊന്നീച്ച പറക്കും. Poneratoxin എന്ന ഒരു മാരകവിഷമാണ് അവര്‍ കുത്തിവെയ്ക്കുക. കടന്നലുകൾ, തേനീച്ചകൾ, ഉറുമ്പുകൾ തുടങ്ങിയവയുടെ കുത്തും കടിയും കൊണ്ടുണ്ടാകുന്ന വേദനയെ അളക്കാൻ Schmidt sting pain index എന്ന ഒരു അളവാണ് സാധാരണ ഉപയോഗിക്കുന്നത്. നാലുപോയിന്റോടെ ചില കടന്നലുകളുടെ ഒപ്പം ഒന്നാം സ്ഥാനത്ത് ഉള്ളത് വെടിയുറുമ്പുകളുടെ വേദന തന്നെ! തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ പോകാനിടയായാല്‍ ഇവരെ ഒന്നു സൂക്ഷിക്കുന്നതു നന്ന്.

കട്ടുറുമ്പ് കടപ്പാട് വിക്കിപീഡിയ
ആസ്ട്രേലിയയിൽ കാണുന്ന ബുൾഡോഗ് ഉറുമ്പുകൾ പേരുപോലെ തന്നെ ശൗര്യക്കാരാണ്. മിർമീസിയ വിഭാഗത്തിൽപ്പെട്ട ഇവ കുത്തിനൊപ്പം വിഷങ്ങൾ കലർത്തിയ ഫോർമിക്ക് ആസിഡണ് കയറ്റുക. ഇത് ചിലരിൽ ഭയങ്കരമായ അലർജിക്ക് കാരണമാകും . പത്തുമുപ്പതു കുത്ത് കിട്ടിയാൽ ചിലപ്പോൾ മരിച്ച് പോകും.
( പുളിയുറുമ്പുകളുടെ കൂടുണ്ടാക്കൽ വിദ്യ രസകരമാണ്. ഇലകൾ വളച്ച് കൂട്ടിയൊട്ടിച്ചാണ് കൂടൊരുക്കുന്നത്. ഇതിന് ഇവരുടെതന്നെ മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവകളെ ഉപയോഗിക്കുന്നു. ലാർവക്കുഞ്ഞുങ്ങളെ വളച്ച്, മുട്ടിച്ച ഇലകൾക്കിടയിൽ മുതിർന്ന ഉറുമ്പുകൾ പശക്കുപ്പിപോലെ പിടിച്ച് ഞെക്കും. അപ്പോൾ ലാർവയുടെ ഉള്ളിൽ നിന്നും സ്രവിക്കുന്ന ദ്രാവകം ഉറച്ച് സിൽക്ക് നൂലുകളുണ്ടാകും. ഇതുകൊണ്ട് ഇലകളെ ചേർത്ത് തുന്നുന്നു. മുതിർന്ന ഉറുമ്പുകൾക്ക് ഇത്തരം സ്രവം ഉത്പാദിപ്പിക്കാനുള്ളകഴിവില്ല.)
കടിച്ച് വേദനിപ്പിക്കാൻ പരിണാമവഴിയിൽ ലഭിച്ച ഫോർമിക് ആസിഡ് ശേഖരം ചിലപ്പോൾ ഇവർക്ക് കെണിയാകാറുണ്ട്. ഈ കാര്യമറിയുന്ന ചില പക്ഷികൾ അവയുടെ തൂവലുകൾക്കിടയിലെ ഉപദ്രവകാരികളായ കീടങ്ങളെ കൊല്ലാനുള്ള മരുന്നടിക്കുള്ള എളുപ്പ വിദ്യയായി ഈ ഉറുമ്പുകളെ ഉപയോഗിക്കും. ‘ഉറുമ്പ് കുളി’ (Anting) എന്നാണ് ഇതിനു പറയുക. പക്ഷികൾ ഉറുമ്പുകൂട്ടത്തിൽ പോയി ഒരു കുളി നടത്തും. പൊടിമണ്ണിൽ ശരീരം ഇട്ടുരക്കുന്നതുപോലെ ഒരു പരിപാടി. അന്തംവിട്ട് പക്ഷിയെ കടിച്ചും സ്വയം ഉരഞ്ഞ് ചത്തും ഫോർമിക്ക് ആസിഡ് മുഴുവൻ പക്ഷിത്തൂവലുകളിൽ പരക്കും.. ശല്യക്കാരായി കേറിക്കൂടിയ ചെള്ളുകളും മറ്റു കീടങ്ങളും ചാവും. ഉറുമ്പിൻചിലവിൽ ഒരു ‘കീടനാശിനിപ്രയോഗം’. എന്നാലും പക്ഷി അടങ്ങില്ല. കൂടെ പക്ഷി ഉറുമ്പ് ശാപ്പാടും ഒപ്പിക്കും. ആസിഡ് നീങ്ങിയ ഉറുമ്പിൻ ശവത്തിന് പഴയ അരുചി ഉണ്ടാവില്ലല്ലൊ. എല്ലാത്തിനെയും കൊത്തി അകത്താക്കും.

സാധാരണ ജോലിക്കാരി ഉറുമ്പിന്റെ ശരീരഘടന കടപ്പാട് വിക്കിപീഡിയ
ചെടികളുടെ നീരൂറ്റിക്കുടിച്ച് ജീവിക്കുന്ന അഫിഡുകൾ എന്ന കുഞ്ഞു മൂട്ടകളെ ചില ഉറുമ്പുകൾ പോറ്റിവളർത്താറുണ്ട്. അവയെ മറ്റു ഇരപിടിയരായ പക്ഷികളും കടന്നലുകളും തൊഴുകൈയൻപ്രാണികളുമൊന്നും കൈവെക്കാതെ കാത്തു സൂക്ഷിക്കും. പകരമായി അഫിഡുകൾ ഉറുമ്പുകൾക്ക് കുടിക്കാൻ നല്ല തേൻപോലെ മധുരമുള്ള സ്രവം ചുരത്തിക്കൊടുക്കും.
ഇഷ്ടമുള്ള ധാന്യങ്ങളും പഴങ്ങളും ലഭിക്കാൻ നമ്മൾ കൃഷി നടത്തുന്നതുപോലെ കൃഷി ചെയ്യുന്ന ഉറുമ്പുകളും (Leaf cutter ants) ഉണ്ട്. ചിലയിനം ഫംഗസുകൾ ഇവർ കൂട്ടിലോ സമീപത്തോ വളർത്തും.അത് തിന്നാൻ അവർക്ക് വലിയ ഇഷ്ടമാണ്. പൂപ്പലുകൾ വളരാൻ വേണ്ടി പച്ചഇലകൾ നുറുക്കിയെടുത്ത് ചുമന്ന് കൊണ്ടുവന്ന് കൃഷിയിടത്തിൽ ഇട്ടുകുതിർത്ത് വെക്കും.
ലൈക്കിനിഡെ വിഭാഗത്തിൽ പെട്ട നീലിമയാർന്ന ചില ശലഭങ്ങളുടെ ലാർവകളെ ഉറുമ്പുകൾസംരക്ഷിക്കാറുണ്ട്. ലാർവകൾ പകരമായി മധുരദ്രവം സ്രവിപ്പിച്ച് കൊടുക്കും.തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന ശൈലി പോലെ ഉറുമ്പുകളെ പറ്റി അറിയാൻ ഗൂഗിളിൽ തപ്പിയാൽ ഗൂഗിൾ ഉറുമ്പ് എന്നൊരു ഇനത്തെക്കൂടി കാണാം. കാലിഫോർണിയ അക്കാഡമി ഓഫ്സയൻസസിലെ Brian L. Fisher മഡഗാസ്കറിൽ നിന്നും കണ്ടെത്തിയ ഉറുമ്പിനാണ് ഗൂഗിൾ ഉറുമ്പ് (Proceratium google) എന്ന് പേരിട്ടിരിക്കുന്നത് . ചിലന്തിമുട്ടകൾ തപ്പിപ്പിടിച്ച് കണ്ടെത്തി അതുമാത്രം തിന്നു ജീവിക്കുന്നവയാണ് ഈ ഉറുമ്പുകൾ. ഗൂഗിൾ എർത്ത് എന്ന സംവിധാനം ഗവേഷണങ്ങൾക്ക് നൽകുന്ന പിന്തുണയോടുള്ള ആദരം പ്രകടിപ്പിക്കാനാണത്രേ ഇത്തരം ഒരു പേരു നൽകിയത്. ഭാവിയിൽ ജൈവവൈവിധ്യവും അവയുടെ സംരക്ഷണവും പൊതുജന വിദ്യാഭ്യാസവും ലക്ഷ്യമാക്കി ഗൂഗിൽ ZOOGLE ആരംഭിക്കുമെന്ന പ്രത്യാശയും ഫിഷർ പങ്കുവെക്കുന്നുണ്ട്.
ഉറുമ്പിനെക്കുറിച്ച് എന്താ അഭിപ്രായം എന്ന് ചോദിച്ചാൽ ശരിക്കും ആശയക്കുഴപ്പമായി. സാമൂഹ്യജീവിതത്തിന്റെ അത്യുഗ്രൻ മാതൃക. ശത്രുക്കളോട് വീറോടെ കൂട്ടമായി പൊരുതുന്നവർ. കൂടും കൃഷിയും നമുക്കും മുന്നേ തുടങ്ങിയവർ.
പുളിയിറുമ്പിന്റെ കൂടുകൾ കടപ്പാട് വിക്കിപീഡിയ
എന്നിട്ടും ‘ഉറുമ്പിന്റെ അത്ര’ എന്നു പറയുമ്പോൾ വാക്കിലൊരു പുച്ഛം. അതിനി മാറ്റാം. കൂടാതെ ചെറുപ്പത്തിലെ ഓർമകൾ മനസിൽ തികട്ടും. കൂർത്ത സൂചിയുടെ മുനയിലേക്കു വിങ്ങിപ്പൊട്ടുന്ന മനസ്സും നനഞ്ഞുതുടങ്ങിയ കണ്ണുകളുമായി നോക്കിയിരിക്കെ , ലോഹം മാംസം തുളച്ച് കയറുന്നത് സങ്കല്പിച്ചുള്ള അങ്കലാപ്പിൽ അന്തിച്ച് നിൽക്കേ നേർഴ്സ് പറയാറുള്ള സമാധാന വാചകമുണ്ട് . ‘’പേടിക്കേണ്ട, ഉറുമ്പ് കടിക്കുന്നപോലെയേ ഉള്ളൂ’ ’. എന്നിട്ടോ, നല്ല വേദനയുള്ള കുത്തും തരും. അവർ, ഏത് ഉറുമ്പിന്റെ കടിയുടെ വേദനയെ ആണ് ഉദ്ദേശിച്ചതാവോ.
Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 9
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 10
Close