Read Time:17 Minute


ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകളെ കുറിച്ച് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിൽ ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് വന്ന പ്രബന്ധത്തിന്റെ സംഗ്രഹം.

എഴുതിയത് : അങ്കുർ പലിവാൾ, മലയാളം സംഗ്രഹം: ശ്രീനിധി കെ. എസ്.

ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകൾ ഒരു പുതിയ വിഷയമല്ല. ഇന്ത്യയിൽ അതിനു ജാതീയതയുടെ രൂപമാണ്. ശാസ്ത്രമേഖലയിലെ (ബിരുദതലം മുതൽ ഗവേഷണതലം വരെ) വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൽ ജാതിവ്യവസ്ഥ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ആറു ഗ്രാഫുകളിലൂടെ പരിശോധിക്കുകയാണ് ഇവിടെ. വിവിധ അക്കാദമിക് തലങ്ങളിലെ ജാതി അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യക്കണക്ക് ഗവൺമെന്റിൽ നിന്നും ലഭ്യമല്ല. മിക്ക സർവ്വകലാശാലകളും ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താറുമില്ല. എങ്കിലും മാധ്യമങ്ങൾ, വിദ്യാർഥിസംഘടനകൾ, ഗവേഷകർ തുടങ്ങിയവർ വിവരാവകാശനിയമത്തിന്റെയും മറ്റും സഹായത്തോടെ ഈ വിവരങ്ങൾ ശേഖരിച്ചു വരുന്നുണ്ട്. ഇങ്ങനെ സമാഹരിച്ച വിവരങ്ങളും നേച്ചർ നേരിട്ട് വിവരാവകാശനിയമപ്രകാരം ശേഖരിച്ച കണക്കുകളും ചേർത്താണ് ഈ റിപ്പോർട് തയ്യാറാക്കിയിട്ടുള്ളത്.

ചരിത്രപരമായി പിന്തള്ളപ്പെട്ട ജാതീയവിഭാഗങ്ങളുടെ ‘വരേണ്യ’ഇടങ്ങളിലെ പ്രാതിനിധ്യം  സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നാമമാത്രമായി തുടർന്ന സാഹചര്യം ആണ് ഉണ്ടായത്. എല്ലാ മേഖലകളിലും പിന്നാക്കജാതിയിൽ പെട്ടവരുടെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ വേണ്ടി ഭരണഘടന സംവരണം വിഭാവനം ചെയ്തു. ഇതനുസരിച്ച് ഇന്ത്യയിലെ ഒരുവിധം ഗവേഷണസ്ഥാപനങ്ങളിൽ എല്ലാം പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് യഥാക്രമം 15%, 7.5% എന്നിങ്ങനെ സംവരണം താത്വികമായി നിലവിൽ ഉണ്ട്. എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ, ചരിത്രപരമായി പ്രബലരായ വിഭാഗങ്ങൾ -മുന്നാക്ക ജാതിയിൽ പെട്ടവർ- തന്നെയാണ് ഇന്ത്യയിലെ മുൻനിര ഗവേഷണസ്ഥാപനങ്ങളിൽ സിംഹഭാഗവും എന്ന് മനസിലാകും.

ഗ്രാഫ് 1

ഗ്രാഫ് 1 ശ്രദ്ധിക്കുക. ദേശീയതലത്തിൽ ബിരുദ തലത്തിലെ വിവിധ ജാതിവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രാതിനിധ്യത്തിന്റെ കണക്കുകൾ കാണാം. കൂടെ ഇന്ത്യയിലെ മുൻനിര പഠന-ഗവേഷണ സ്ഥാപനങ്ങളായ അഞ്ച് ഐ ഐ ടി കളിൽ വിവിധ കരിയർ തലങ്ങളിൽ (പി എച്ഡി വിദ്യാർത്ഥി , അസിസ്റ്റന്റ് പ്രൊഫെസ്സർ, അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ) ഉള്ള പ്രാതിനിധ്യക്കണക്കും നൽകിയിട്ടുണ്ട്. എല്ലാ തലത്തിലും ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം സംവരണം ചെയ്ത ശതമാനത്തിനേക്കാൾ കുറവാണെന്നു കാണാം. ബിരുദതലത്തിൽ നിന്നും ഐ ഐ ടി കളിലെ പ്രൊഫസർ സ്ഥാനത്തേക്ക് കരിയർ തലം ഉയരും തോറും ആദിവാസി-ദളിത്-ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം ക്രമേണ കുറഞ്ഞു വരുന്നു. മറിച്ച് ജെനറൽ വിഭാഗത്തിന്റെ പ്രാതിനിധ്യം ഓരോ കരിയർ തലത്തിലും കൂടിവരുകയുമാണ്. മുൻ നിര ഐ ഐ ടികളിലെ ദുർബലവിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫസർമാരുടെ അനുപാതം ഒരു ശതമാനത്തിൽ താഴെ ആണ് എന്ന നിരാശാജനകമായ കണക്കും ഗ്രാഫിൽ നിന്നു വായിച്ചെടുക്കാം.

ഗ്രാഫ് 2

ബിരുദം-ബിരുദാനന്തരബിരുദം

ശാസ്ത്രവിദ്യാഭ്യാസമേഖലയിൽ ജാതി ഉയർത്തുന്ന വെല്ലുവിളികൾ സ്‌കൂൾ-കോളേജ് തലം മുതലേ തുടങ്ങുന്നതാണെന്നാണ് വാസ്തവം. 2019-2020 ലെ ഡാറ്റ അനുസരിച്ച് (ഗ്രാഫ് 2,3) ബിരുദ-ബിരുദാനന്തരതലത്തിൽ സയൻസ്, എൻജിനീയറിങ്, മെഡിസിൻ, ടെക്‌നോളജി എന്നീ വിഷയങ്ങളിൽ ആദിവാസി-ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ വളരെ കുറവാണ്. ആർട്സ് വിഷയങ്ങളിൽ മാത്രമാണ് വ്യത്യസ്തമായ സ്ഥിതിവിശേഷം ഉള്ളത്. മാത്രവുമല്ല ബിരുദതലത്തിൽ നിന്നും ബിരുദാനന്തരതലത്തിലേക്ക് കടക്കുമ്പോൾ മിക്ക വിഷയങ്ങളിലും ആദിവാസി-ദളിത് പ്രാതിനിധ്യം വീണ്ടും കുറയുന്നുമുണ്ട്.

ഗ്രാഫ് 3

ആർട്സ്-സയൻസ് വിഷയങ്ങളിലെ ദളിത്-ആദിവാസി പ്രാതിനിധ്യത്തിൽ കാണുന്ന ഈ വൈരുധ്യത്തിനു കാരണം ആർട്സ് വിഷയങ്ങൾ കൂടുതൽ ജനകീയമായത് കൊണ്ടല്ല. മറിച്ച് ഈ വിദ്യാർത്ഥികളുടെ, വിശേഷിച്ചും ആദിവാസി വിദ്യാർത്ഥികളുടെ, പ്രദേശത്തെ സ്‌കൂളുകളിൽ സയൻസ് വിഷയങ്ങളിൽ നൈപുണ്യം ഉള്ള അധ്യാപകർ വിരളം ആയത് കൊണ്ട് ആണ് എന്നാണു സിദ്ധു കാണു മുർമു സർവ്വകലാശാലയുടെ വൈസ് ചാൻസലർ സോന ഛരിയ മിഞ്ച്  അഭിപ്രായപ്പെടുന്നത്. (ഇന്ത്യയിൽ വൈസ് ചാൻസലർ പദവിയിൽ എത്തുന്ന രണ്ടാമത്തെ ആദിവാസി വനിതയാണ് അദ്ദേഹം). കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും ഈ വിദ്യാർഥികൾ നേരിടുന്ന പ്രത്യക്ഷവും പരോക്ഷവുമായുമുള്ള വിവേചനങ്ങൾ സാമൂഹികസമ്മർദം മൂലം പഠനത്തിൽ വേണ്ടത്ര  ശ്രദ്ധ ചെലുത്താൻ സാധിക്കാത്ത അവസ്ഥയിലേക്കോ, പഠനം നിർത്തുന്നതിലേക്കോ അവരെ കൊണ്ടെത്തിക്കാറുണ്ട്. പ്രിവിലേജുകൾ ഇല്ലാത്ത സാമൂഹികപശ്ചാത്തലത്തിൽ നിന്നും അക്കാദമിക പരിസരത്തേക്ക് വരുമ്പോൾ ഭാഷ, സംസ്കാരം, പ്രയാസമേറിയ പഠനരീതി എന്നിവയെല്ലാം ഇവർക്കു വെല്ലുവിളികൾ ആകുന്നുണ്ട്.

മറ്റൊരു ദുർബലവിഭാഗമായ ‘other backward caste’ അഥവാ ഒബിസി വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികളുടെ സയൻസ്-മെഡിക്കൽ സയൻസ് കോഴ്‌സുകളിലെ പ്രാതിനിധ്യം യഥാക്രമം 44%, 30% എന്നിങ്ങനെയാണ്. ദേശീയതലത്തിൽ ഒബിസി വിഭാഗത്തിൽ ഉള്ളവരുടെ ജനസംഖ്യാനുപാതം സെൻസസ് ഡാറ്റയിൽ നിന്നും ലഭ്യമല്ല. എന്നാലും 2006ൽ നടന്ന ഒരു ഗവണ്മെന്റ് സർവേ അനുസരിച്ച്  ജനസംഖ്യയുടെ ഏകദേശം 41% ഒബിസി വിഭാഗത്തിൽ പെട്ടവരാണ്. അക്കാദമികസ്ഥാപനങ്ങളിൽ 27% സംവരണമാണ് നിയമാനുസൃതമായി ഒബിസി വിഭാഗത്തിന് നിര്ണയിച്ചിട്ടുള്ളത്.

പി എച് ഡി 

ബിരുദ-ബിരുദാനന്തര തലത്തിൽ നിന്നും പി എച്ഡി തലത്തിൽ എത്തുമ്പോൾ പാർശ്വവല്കൃതവിഭാഗങ്ങളുടെ അനുപാതം വീണ്ടും കുറയുകയാണ് (ഗ്രാഫ് 4). ഏറ്റവും മുൻനിരയിൽ നിൽക്കുന്ന അഞ്ച് ഐ ഐ ടികളിലെ 2020 വർഷത്തെ ഡാറ്റ അനുസരിച്ച്  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരുടെ ശതമാനം യഥാക്രമം  10% , 2% എന്നിങ്ങനെയാണ്. മുൻനിര ഗവേഷണസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)ൽ നിന്നുള്ള കണക്കുകൾ ഇതിനേക്കാൾ നിരാശാജനകമാണ്.

ഗ്രാഫ് 4

പാർശ്വവല്കൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പിഎച് ഡി പ്രവേശനത്തിന് ആവശ്യമുള്ള ഇന്റർവ്യൂകളും മത്സരപ്പരീക്ഷകളും മറികടക്കാൻ ആവശ്യമായ അധികപരിശീലനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പിഎച് ഡി പ്രവേശനം ലഭിച്ചാൽ കൂടി, തങ്ങളുടെ ഗവേഷണത്തിന് വേണ്ടി ഗൈഡിനെ കണ്ടെത്തുക എന്ന വലിയ കടമ്പയാണ് ഇവർക്ക് മുന്നിൽ ഉള്ളത്. സിംഹഭാഗവും മുന്നാക്കവിഭാഗങ്ങളിൽ പെട്ട പ്രൊഫസർമാർ ഉള്ള ഇന്ത്യൻ ഗവേഷണസ്ഥാപനങ്ങളിൽ (താഴെ കൂടുതൽ വിശദീകരിക്കുന്നു) ജാതി മുൻവിധികളിൽ നിന്നും മുക്തരായ ഗൈഡുകളുടെ എണ്ണം വളരെ കുറവായിരിക്കും എന്ന് ഊഹിക്കാമല്ലോ. അതുകൊണ്ട് തന്നെ ഗവേഷണതാല്പര്യവുമായി സമീപിക്കുന്ന, ദുർബലവിഭാഗക്കാരായ വിദ്യാർത്ഥികളെ മുൻവിധി ഇല്ലാതെ ഏറ്റെടുക്കാൻ തയ്യാറാകുന്നവർ ചുരുക്കമായിരിക്കും. പി എച് ഡി പ്രവേശനം ലഭിച്ചാലും ദുർബലവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അർഹിക്കുന്ന അധിക ശ്രദ്ധയും പ്രോത്സാഹനവും ഗൈഡുകളിൽ നിന്നു മിക്കപ്പോഴും  ലഭിക്കുന്നില്ല എന്നത് പഠനം പൂർത്തിയാക്കും മുൻപേ ഉള്ള കൊഴിഞ്ഞുപോക്കിലേക് നയിക്കാം.

ജോലി നിയമനം 

പി എച്ഡി നേടിക്കഴിഞ്ഞാൽ തന്നെ ഇന്ത്യയിലെ ഏറ്റവും മുൻനിര ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്ന പട്ടികജാതി-വർഗ്ഗ വിഭാഗക്കാരുടെ ശതമാനം വളരെ കുറവാണ്. ഐ ഐ ടികൾ, ഐ ഐ എസ് സി എന്നിവയിലെ കണക്കുകൾ പരിശോധിച്ചാൽ 98% പ്രൊഫസർമാരും 90 ശതമാനത്തിലധികം അസിസ്റ്റന്റ് /അസ്സോസിയേറ്റ് പ്രൊഫസർമാരും മുന്നാക്കജാതികളിൽ പെട്ടവരാണ് (ഗ്രാഫ് 5).

ഗ്രാഫ് 5

മറ്റൊരു പ്രധാന ഗവേഷണസ്ഥാപനമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് (TIFR) നൽകിയ വിവരം അനുസരിച്ച് അവിടുത്തെ എല്ലാ പ്രൊഫസർമാരും മുന്നാക്കവിഭാഗത്തിൽ  നിന്നുള്ളവർ ആണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (CSIR) നൽകിയ ഡാറ്റ ആണ് കുറച്ചെങ്കിലും പ്രത്യാശ നൽകുന്നത്. CSIRനു കീഴിൽ ഉള്ള 38 ലാബുകളിൽ 31 ലാബുകൾ നൽകിയ വിവരം അനുസരിച്ച് 18% ഗവേഷകർ പട്ടികജാതിയിലും 4% ആദിവാസിവിഭാഗത്തിലും പെടുന്നവരാണ്.

ഗവേഷണ ഫണ്ടിങ്ങുകൾ 

വിവിധ ഗവണ്മെന്റ്-ഗവൺമെന്റിതര ഏജൻസികൾ നൽകുന്ന ധനസഹായം (ഫണ്ടിങ്) ഉപയോഗിച്ചുകൊണ്ടാണ് ഗവേഷകർ തങ്ങളുടെ പഠനങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ ഗവേഷണഫണ്ടിങ് നൽകുന്ന മിക്ക ഏജൻസികളും ഫണ്ടിങ് ഉപയോക്താക്കളുടെ ജാതി അടിസ്ഥാനത്തിൽ ഉള്ള വിവരം ശേഖരിക്കുകയോ പുറത്തു വിടുകയോ ചെയ്യുന്നില്ല. ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് (Department of Science and Technology-DST) പങ്കു വച്ച ചില വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള അനുമാനങ്ങൾ നോക്കാം.

2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ DST പോസ്റ്റ്-ഡോക്ടറൽ ഗവേഷകർക്ക് അനുവദിച്ച INSPIRE Faculty Fellowship ലഭിച്ച 80% പേരും മുന്നാക്കജാതിയിൽ പെട്ടവർ ആയിരുന്നു. ഫണ്ടിങ് ലഭിച്ചവരിൽ കേവലം 6% പേർ മാത്രം പട്ടികജാതി വിഭാഗത്തിൽ പെട്ടവർ ആയപ്പോൾ പട്ടികവർഗ്ഗവിഭാഗത്തിൽ പെട്ടവർ 1 ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. DSTയുടെ തന്നെ Technology Development and Transfer Division അനുവദിച്ച ഗ്രാന്റുകൾ ലഭിച്ചവരുടെ കണക്കുകളും ഏറെക്കുറെ സമാനമാണ് (ഗ്രാഫ് 6). കണിശമായും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് ഫണ്ടിങ് അനുവദിക്കുന്നത് എന്നാണ് DSTയുടെ വാദം. അതേ സമയം അപേക്ഷകളുടെ വിജയനിരക്ക് (application succes rate) സംബന്ധിച്ച വിവരങ്ങൾ DST പങ്കു വച്ചതും ഇല്ല.

ഗ്രാഫ് 6

മതന്യൂനപക്ഷങ്ങളുടെ കണക്കുകൾ കൂടി ഇതിനോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 14% മുസ്ലിം ജനതയാണ്. പക്ഷെ 2019-20 വർഷത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നിട്ടുള്ള മുസ്ലിം വിദ്യാർത്ഥികൾ 5.5% മാത്രമാണ്. ഐ ഐ ടികളോടും മറ്റ് മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളോടും മുസ്ലിം പ്രതിനിധാനത്തിന്റെ കണക്കുകൾ ആവശ്യപ്പെട്ടപ്പോൾ കണക്കുകൾ ഇല്ലെന്ന മറുപടി ആണ് നേച്ചറിന് അധികവും ലഭിച്ചത്.

അകെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാൽ മുസ്‌ലിം വിദ്യാർഥികൾ ജനസംഖ്യാനുപാതികമായി പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന അനുമാനത്തിൽ ആണ് എത്താൻ സാധിക്കുന്നത്. 2020ൽ ഐ ഐ ടി മദ്രാസ്, ഐ ഐ ടി ഖരഗ്പൂർ എന്നിവിടങ്ങളിലെ പി എച് ഡി  വിദ്യാർത്ഥികളിൽ മുസ്ലിം അനുപാതം യഥാക്രമം 5 ശതമാനത്തിലും 1 ശതമാനത്തിലും താഴെയാണ്. എന്നാൽ ചെറുതല്ലാത്ത മുസ്ലിം ജനസംഖ്യയുള്ള പ്രദേശത്തെ സ്ഥാപനമായ ഐ ഐ ടി ധൻബാദിൽ 55% പി എച് ഡി വിദ്യാർഥികൾ മുസ്ലിം വിഭാഗത്തിൽ നിന്നാണ്.

ഇന്ത്യയിൽ നിലനില്കുന്ന വംശീയ വിഭാഗീയതയുടെ വിശാലമായ ചിത്രത്തിന്റെ ഭാഗം ആണ് മുകളിൽ വിശദീകരിച്ച കണക്കുകൾ. ഇന്ത്യയിൽ ജാതി പ്രവർത്തിക്കാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ആഭിമുഖ്യമുള്ള ഗവൺമെന്റ് നിലവിൽ വന്നതിനു ശേഷം വേർതിരിവുകൾ കൂടുതൽ കനപ്പെട്ടു എന്നാണ് അക്കാദമിക മേഖലയിൽ നിന്നും ഉള്ള, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, ചിലർ നേച്ചറിനോട് അഭിപ്രായപ്പെട്ടത്. ഈ വലിയ വിടവുകൾ നികത്താൻ സ്‌കൂൾ തലം മുതൽ ഓരോ ഘട്ടത്തിലും പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ, അർഹിക്കുന്ന പഠന സൗകര്യങ്ങൾ, ആരോഗ്യകരമായ ചുറ്റുപാട് എന്നിവ നൽകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓരോ വിഭാഗങ്ങളിൽ നിന്നുമുള്ള തങ്ങളുടെ വിദ്യാർത്ഥികളുടെ കണക്കുകൾ പൊതുവിടത്തിൽ ലഭ്യമാക്കാൻ ഗവണ്മെന്റ് ഇടപെടൽ ഉണ്ടാകണം. സ്ഥാപനങ്ങൾ സംവരണനിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഉള്ള സംവിധാനം വേണം. ഏറ്റവും അടിസ്ഥാനമായി, ജാതി ചിന്തയിൽ നിന്നും പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന ഒരു സമൂഹം പശ്ചാത്തലത്തിൽ ഉണ്ടാകുമ്പോൾ മാത്രം ആണ് ശാസ്ത്രമേഖലയിൽ ഉൾപ്പെടെ ഏത് മേഖലയിലെയും വിടവുകൾ പൂർണമായി നികത്താൻ സാധിക്കുകയുള്ളു.


How India’s caste system limits diversity in science — in six charts, By Ankur Paliwal, Nature

Happy
Happy
10 %
Sad
Sad
90 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?
Next post ZTF അഥവാ C/2022 E3 എന്ന ധൂമകേതു -അറിയേണ്ട കാര്യങ്ങൾ
Close