Read Time:11 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍

ബ്യൂറോക്രസിയുടെ ദുഷിപ്പുമൂലം സർക്കാർ ഫയലുകളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് ഉപമിക്കാൻ ‘ഒച്ചിഴയും പോലെ’ എന്നാണല്ലോ പറയുക. തൊട്ടടുത്ത മേശയിൽ ഒരു ഫയലെത്താൻ മാസങ്ങളും വർഷങ്ങളും എടുക്കും എന്ന അതിശയോക്തികലർന്ന കളിയാക്കലുണ്ടതിൽ. പക്ഷെ ഒച്ച് അത്ര പതുക്കെ ഒന്നുമല്ല സഞ്ചരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ഒച്ചുകൾ ഒറ്റ രാത്രികൊണ്ട് 12 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങും. അതെന്താ മോശം ദൂരമാണോ?

മൊളസ്ക (Mollusca) ഫൈലത്തിലെ ഗാസ്ട്രോപ്പോഡ ( Gastropoda ) വർഗ്ഗത്തിലുൾപ്പെടുന്നവരാണ് ഒച്ചുകൾ. കരയിൽ മാത്രം 40,000 ഇനത്തിലധികം ഗാസ്ട്രോപ്പോഡകൾ ഉണ്ട്. ശരീരത്തിന് മേലെ കാൽഷ്യം കാർബണേറ്റ് കൊണ്ടുണ്ടാക്കിയ പിരിയൻ പുറംതോടുമായി പതുക്കെ സഞ്ചരിക്കുന്നവരും അത് ഇല്ലാത്തവരും ഇവരിലുണ്ട്. തോടുള്ളവയെ Snail എന്നും ഇല്ലാത്തവയെ Slug എന്നും ആണ് പൊതുവേ ഇംഗ്ലീഷിൽ പറയാറ്.

സ്നൈലുകൾക്ക് അവരുടെ ശരീരം മൊത്തമായി ഈ പിരിയൻ കൂടിനുള്ളിൽ ഒതുക്കിവെക്കാൻ കഴിയും. മലയാളത്തിൽ രണ്ടിനങ്ങൾക്കും ‘ഒച്ച്’ എന്ന ഒറ്റപ്പേരേ ഉള്ളു. ജലജീവികളാണ് ഭൂരിപക്ഷം ഒച്ചുകളും. പലയിനങ്ങളായി കടൽ വെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്നവർ. . കരഒച്ചുകൾ പൊതുവെ തണുപ്പും ഈർപ്പവും ഇരുളും ഇഷ്ടപ്പെടുന്നവയാണ്.

റാഡുല (Radula) – കുഞ്ഞരിപ്പല്ലുകള്‍

ലോലവും ആർദ്രവുമായ ശരീരം വെയിൽ കൊണ്ടാൽ തന്നെ വരണ്ടുപോകും. വീണടിഞ്ഞ ഇലകൾക്കടിയിലും മറ്റു മറകൾക്കുള്ളിലും ഒളിച്ച് ജീവിക്കും. പൊതുവെ സസ്യഭുക്കുകളാണ്. ഇവയുടെ നാടപോലെയുള്ള നാക്കിൽ നിരനിരയായി പതിനായിരക്കണക്കിന് കുഞ്ഞ് അരിപ്പല്ലുകളുണ്ട്. റാഡുല (Radula) എന്നാണിതിന് പേര്. ഈ ‘റാഡുല’ കൊണ്ട് അരം രാകും പോലെ ഇലകളും മരത്തൊലിയും ചുരണ്ടിത്തിന്നാണ് ജീവിതം.

തലയിൽ നിന്ന് രണ്ട് ജോഡി കുഞ്ഞ് ആന്റിനകൾ നീളത്തിൽ പുറത്തേക്ക് തുറിച്ച് നിൽക്കുന്നുണ്ടാകും. അവ ഉള്ളിലേക്ക് ചുരുക്കിവെക്കാനും നീട്ടാനും കഴിയുന്നവയാണ്. ഒന്നാം ജോഡിയുടെ തലപ്പത്ത് കടുകുമണി പറ്റിയപോലെ പൊട്ടിന്റെ രൂപത്തിൽ കണ്ണുകൾ ഉണ്ടാവും. ചുറ്റുമുള്ള ദൃശ്യവിസ്മയങ്ങൾ കണ്ട് ആനന്ദിക്കാനൊന്നും ഉള്ളതല്ല അവ. പേരിന് രണ്ട് കണ്ണുകൾ എന്ന് മാത്രം. പ്രകാശവ്യതിയാനങ്ങൾ തിരിച്ചറിയാനുള്ള വെറും ഗ്രാഹികൾ മാത്രമാണവ. തൊട്ട് താഴെയുള്ള നീളം കുറഞ്ഞ ആന്റിനകൾ മണം പിടിക്കാനുള്ള മൂക്കുകളാണ്. നമ്മുടെ കണ്ണുകൾ തലയോട്ടിലെ എല്ലിൻ കുഴികളിൽ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നതു പോലെ അല്ല ഒച്ചിന്റെ കണ്ണുകൾ. ലോലമായ ഈ രണ്ട്ജോഡി ഗ്രാഹികളും എങ്ങാനും തട്ടിയാലും മുട്ടിയാലും, ഇരപിടിയൻ പക്ഷികൾ കൊത്തിയാലും വേഗത്തിൽ മുറിഞ്ഞുപോവുകയോ കേടു പറ്റുകയോ ചെയ്യാൻ സാദ്ധ്യതയുള്ളതാണ്. പക്ഷെ കണ്ണും മൂക്കുമില്ലാതെ പിന്നെന്തു ജീവിതം. മുറിഞ്ഞ് പോയാലും ഇവ രണ്ടും വീണ്ടും വളരും എന്നതിനാൽ ഒച്ചിന് ഭയക്കാനില്ല.

 

 

കരയിൽ ജീവിക്കുന്ന ഒച്ചിന്റെ ശരീര ഭാഗങ്ങൾ കടപ്പാട് വിക്കിപീഡിയ

ശരീരത്തിന്റെ ഇടത് വലത് ഭാഗങ്ങൾ തമ്മിലുള്ള സാമ്യതയായ ‘സിമട്രി’ക്കാര്യം ഒച്ചിന്റെ കാര്യത്തിൽ അവതാളത്തിലാണ്. വലമ്പിരിയായ പുറംതോടിനുള്ളിൽ വലിഞ്ഞുകയറാനുള്ള അനുകൂലനമായാവാം, പരിണാമദശയിൽ ഒച്ചിന്റെ ആന്തരികാവയവങ്ങൾ പിണഞ്ഞ്പോയത്. ഇടതുവശം കൂടുതൽ വളർന്നും വലതുവശം ചുരുണ്ടും ഉള്ളത് പോലെ. ഉള്ളിൽ ആകെ മൊത്തം പിണഞ്ഞ് മറിഞ്ഞ അവസ്ഥ. ശരീരത്തിന്റെ പിന്നഗ്രത്തിൽ ഉണ്ടാകേണ്ട വിസർജ്ജനദ്വാരം തിരിഞ്ഞ് മുന്നിൽ വലത് ഭാഗത്ത് ആണുണ്ടാകുക.. ലൈംഗീക അവയവങ്ങളും ശ്വസനനാളവും കൂടി വലത് വശത്ത് തന്നെ.. തലക്ക് പിന്നിൽ കുതിരയുടെ ജീനിരൂപത്തിൽ ഉള്ള മാന്റിൽ എന്ന ഭാഗമുണ്ട്,. മാന്റിലിനു പിറകിലോട്ടുള്ള ഭാഗമാണ് വാല്. ചില ഇനങ്ങൾക്ക് വാലിനുമുകളിൽ വരമ്പ് പോലുള്ള സംവിധാനം ഉണ്ടാകും. ഒച്ചിന്റെ പരന്ന അടിഭാഗം മൊത്തമായി പാദം എന്ന് പറയാം. വയർപാദന്മാർ -( ഗ്രീക്കിൽ വയർ എന്ന അർഥം വരുന്ന gaster ഉം പാദം എന്നർത്ഥം വരുന്ന poda യും ചേർന്നാണ് ഗാസ്ട്രോപോഡ എന്ന പേര് ഇവർക്ക് ലഭിച്ചത്) പാദത്തിലെ മസിലുകളുടെ താളത്തിലുള്ള വലിച്ചിലും ചുരുങ്ങലും വഴിയാണ് സഞ്ചാരം. തറയിലുരഞ്ഞ് ലോലമായ പാദത്തിന് പരിക്ക്പറ്റാതിരിക്കാൻ ശരീരം ആദ്യമേ ഒരുതരം വഴുക്കുന്ന മ്യൂക്കസ് പുറപ്പെടുവിക്കും. പാദത്തിന്റെ മുൻഭാഗത്തിനെ propodium എന്നാണ്ട് വിളിക്കുക. മുന്നിലെ വഴിയിലെ കരടും പൊടിയും തൂത്ത്മാറ്റലാണ് പണി. തീവണ്ടി എഞ്ചിന്റെ മുന്നിൽ തടസങ്ങൾ വാരിഒഴിവാക്കാൻ വെച്ച ‘പയലറ്റ്’ പോലൊരു കോരിക സംവിധാനം. ഇത്രയുമൊക്കെ സൂക്ഷ്മത ഉള്ളതിനാൽ മൂർച്ചയേറിയ ബ്ലൈഡിനുമുകളിലൂടെയും പരുപരുത്ത പ്രതലത്തിലൂടെയും ഇതിന് മുറിവേൽക്കാതെയും പരിക്ക് പറ്റാതെയും ഇഴഞ്ഞ് നിങ്ങാൻ ആകും. ഇഴഞ്ഞ് പോയ വഴികളിൽ മ്യൂക്കസ് ഉണങ്ങിയ പാട് വെള്ളിനിറത്തിൽ തിളങ്ങിക്കാണാം. ഈ അടയാളങ്ങൾ മറ്റ് ഒച്ചുകൾ ഇണയെക്കണ്ടെത്താനുള്ള വഴിയടയാളമായി ഉപയോഗിക്കാറുണ്ട്. പാദം പുറപ്പെടുവിക്കുന്ന ഈ സ്രവങ്ങളിൽ ഫൈബറുകളും കാണും. അതിനാൽ കുത്തനെയുള്ള ചുമരുകളും മറ്റും വഴുതിവീഴാതെ കയറാനും ഇവർക്ക് പറ്റുന്നു. വെള്ളക്കുള്ളന്മാരായ ഒച്ചുകൾ ചൂടിൽ ഉണങ്ങിപ്പോവാതിരിക്കാൻ സ്വയം ചില സ്രവങ്ങൾ ശരീരമാസകലം നിർമ്മിച്ച് കൊണ്ടിരിക്കും. പുറംതോടുള്ളവർക്ക് ഇരപിടിയന്മാരെത്തിയാൽ കൂടിനുള്ളിൽ ഒളിക്കാം. അതില്ലാത്ത ഒച്ചുകൾ അതിജീവനത്തിനായി ഈ വഴുതുന്ന ശരീരത്തെ ഉപയോഗിക്കുന്നുണ്ട്. പക്ഷികളുടെ കൊക്കിൽ കുടുങ്ങിയാലും ചിലപ്പോൾ വഴുതി രക്ഷപ്പെടാനാകും. കൂടാതെ ഈ സ്രവങ്ങളുടെ അരുചി മൂലം പക്ഷികൾ തിന്നാതെ ഉപേക്ഷിക്കുകയും ചെയ്യും. ശരീരം വലിച്ച് നീട്ടാൻ വല്ലാത്ത കഴിവുണ്ട് ഇവർക്ക്. പത്തിരട്ടിവരെ നീളം വലിഞ്ഞ് കൂട്ടാം . നേർത്ത ദ്വാരങ്ങളിലൂടെ പോലും കടന്ന് പോകാനും ഇരപിടിയന്മാർക്ക് പിടികൊടുക്കാതെ കല്ലുകളുടേയും മരക്കീറുകളുടേയും നേർത്ത വിള്ളലുകളിൽ ഒളിക്കാനും, സുരക്ഷിത സ്ഥലങ്ങളിൽ മുട്ടയിടാനും ഈ പ്രത്യേകതകൊണ്ട് കഴിയും. ‘ചോരച്ചുവപ്പാർന്ന് അഭിവാദ്യ’ങ്ങളൊന്നും ഒച്ചിന് വേണ്ട. ചുവപ്പ് നിറത്തിന് കാരണമായ ഹീമോഗ്ലോബിനു പകരം ഒച്ചിന്റെ ചോരയിൽ ഹീമോസയാനിൻ ആണുള്ളത്. ഓക്സിജൻ അടങ്ങിയാൽ ഒച്ചിന്റെ ചോര കടു നീലനിറമാകും. ആൺ പെൺ ലൈഗീകാവയവങ്ങൾ ഒരേ ജീവിയിൽ തന്നെകാണുന്ന (hermaphrodites) ഉഭയലിംഗ ജീവികളാണിവർ. ഒച്ചുകൾ ഇണചേരുന്നത് ശരിക്കും ഇഴചേരും പോലെ പരസ്പരം കൂട്ടിപ്പിണഞ്ഞാണ്. പ്രണയലീലകൾ രണ്ട് മണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ വരെ നീളും. ഇരുവരും പരസ്പരം തങ്ങളുടെ പുരുഷാവയവങ്ങൾ ജോഡിയുടെ ശരീരത്തിനുള്ളിലേക്ക് കയറ്റി ഉള്ളിൽ ബീജം നിക്ഷേപിക്കും. ബീജ സങ്കലനം കഴിഞ്ഞാൽ ഇരുവരും ദിവസങ്ങൾക്കകം വീണുകിടക്കുന്ന മരത്തടികൾക്കടിയിലോ ഇലകൾക്കടിയിലോ മുട്ടയിടും. മുപ്പതോളം മുട്ടകൾ ഒറ്റത്തവണയായി ഇട്ട് കൂട്ടും.

വാഴഒച്ചുകൾ (Banana slugs – Ariolimax californicus) കടപ്പാട് വിക്കിപീഡിയ

വടക്കേ അമേരിക്കയിലെ വാഴഒച്ചുകൾ (Banana slugs – Ariolimax californicus) ഇണചേരുന്നത് ചിലപ്പോൾ ദുരന്തത്തിലാണ് അവസാനിക്കുക. കൂട്ടിപ്പിണഞ്ഞുള്ള ഇണചേരലിന് ശേഷം ചിലപ്പോൾ ഒരാൾക്കോ അല്ലെങ്കിൽ ഇരുവർക്കുമോ ലൈംഗീകാവയവം കുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും . അപ്പോൾ അത് സ്വയം അരിഞ്ഞ് കളയുകയോ പരസ്പരം കടിച്ച് മുറിച്ച് കളയുകയോ മാത്രമേ മാർഗ്ഗമുള്ളു. Apophallation എന്ന ഈ അവസ്ഥയിൽ മുറിഞ്ഞ് പോയ ലിംഗാവയവം പോയത് തന്നെ. നഷ്ടമായ കണ്ണ് വീണ്ടും വളരുന്നത് പോലെ ഇത് വളരുകയില്ല. തുടർന്ന് ജീവിതം പെണ്ണായി മുട്ടയിടൽ മാത്രം…

ഹെലിക്സ് പൊമേഷ്യ – ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രധാന ഒച്ച് വിഭാഗം കടപ്പാട് വിക്കിപീഡിയ
കടൽ ഒച്ച് കടപ്പാട് വിക്കിപീഡിയ
കര ഒച്ച് കടപ്പാട് വിക്കിപീ‍ഡിയ
Happy
Happy
11 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
11 %

One thought on “ഒച്ചിഴയുന്ന വഴികൾ

  1. ഒച്ചുകൾ ചുമരിലൂടെ സഞ്ചരിക്കുന്നത് പുറപ്പെടുവിക്കുന്ന ദ്രവത്തിലെ fibre കണ്ടെന്റ് കൊണ്ട് ആണല്ലോ?പല്ലിയെ പോലുള്ള മറ്റ് ജീവികളും ഇതുപോലയാണോ ചുമർ സഞ്ചാരം നടത്തുന്നത്?അതോ മറ്റ് രീതികൾ ഉണ്ടോ?

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 12
Next post പരിസ്ഥിതിക്ക് സാവധാന മരണം
Close