Read Time:11 Minute
വിജയകുമാർ ബ്ലാത്തൂർ
‘പഴഞ്ചൊല്ലിൽ പതിരില്ല ‘ എന്നൊരു പഴഞ്ചൊല്ലുകൂടി സ്വയം ഒരുറപ്പിന് പഴമക്കാർ ഉണ്ടാക്കീട്ടുണ്ടല്ലോ. ‘അരണ കടിച്ചാലുടനേ മരണം’ എന്നതിന്റെ കാര്യത്തിൽ എന്തായാലും പഴഞ്ചൊല്ല് പതിരായിപ്പോയി.

ഈ സാധുവിന്റെ തലയും ഉടലും ഒറ്റനോട്ടത്തിൽ പാമ്പിനേപ്പോലെ തോന്നുന്നതിനാൽ ആരോ പറഞ്ഞുണ്ടാക്കിയതാവാം ഈ ചൊല്ല്. മഹാ മറവിക്കാരനെന്ന അപഖ്യാതിയും കൂട്ടിനുണ്ട്. അരണയുടെ തല വാലറ്റം വരെ തിരിയുമ്പോഴേക്കും ഉദ്ദേശിച്ച കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് കടിക്കാൻ പോലും ചങ്ങാതി മറന്നുപോകുന്നു എന്നാണ് കഥ. അല്ലായിരുന്നെങ്കിൽ എല്ലാവരേയും ചറുപറ കടിക്കുമായിരുന്നു എന്ന് ധ്വനി. ഓർമ്മക്കുറവുള്ളവരെ കളിയാക്കാൻ ‘അരണബുദ്ധി’ എന്ന പ്രയോഗവും അങ്ങിനെ ഉണ്ടായി. അരണകടിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാത്രമല്ല – അരണ കടിച്ച് ഒരാളും ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി നമ്മുടെ നാട്ടിൽ ഒരു രേഖയും ഇല്ല . മനുഷ്യരെ കടിക്കാനുള്ള ത്രാണിയും വിഷപ്പല്ലും വിഷസഞ്ചിയും ഒന്നും ഈ പാവത്തിന് ഇല്ലതാനും . അബദ്ധത്തിലെങ്ങാൻ ഒരു അരണ ആരെയെങ്കിലും കടിക്കാൻ ശ്രമിച്ചാൽ വലിയ വേദനപോലും ഉണ്ടാവില്ല, കുഞ്ഞരിപ്പല്ലുരഞ്ഞ് ഒരു ഇക്കിളി ഉണ്ടായാൽ ആയി. പക്ഷെ ചിലപ്പോൾ കടികിട്ടിയ ആൾ പേടിയും ദേഷ്യവും കൊണ്ട് പാവത്തിനെ തല്ലിക്കൊന്ന് അതിന്റെ മരണം ഉറപ്പാക്കും എന്ന് മാത്രം.

വിവിധയിനം അരണകള്‍ കടപ്പാട് reptilefact.com
Scincidae എന്ന ഉരഗ കുടുംബത്തിലാണ് അരണകൾ ഉൾപെടുക. ലോകത്തെങ്ങുമായി 1612 ഇനം അരണകളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. ഇന്ത്യയിൽ 72 സ്പീഷിസ് അരണകളുണ്ട് 4 cm മാത്രം നീളമുള്ള കുഞ്ഞൻ അരണയായ ട്രാവങ്കൂർ പൂച്ചരണ (Ristella travancorica) തൊട്ട് 45 cm നീളമുള്ള Mabuya tytleri വരെ വിവിധ നീളക്കാർ. മരുഭൂമിയിലെ മണലിലൂടെ നീന്തി മറയുന്നതിനാൽ ‘മണൽമീൻ’ എന്നും പേരുള്ള Ophiomorus tridactylus രസികന്മാരാണ്. മണ്ണിലിറങ്ങാതെ ജീവിതകാലം മുഴുവനും മരത്തിൽ തന്നെ ജീവിച്ചു തീർക്കുന്ന മര അരണകളുണ്ട്. ഒക്കെകൂടി വൈവിദ്ധ്യമാർന്നതാണ് അരണലോകം. വെറും – ‘അരണ’ തൊട്ട് ‘മര അരണ’, ‘പാമ്പരണ’, ‘പൂച്ച അരണ’, ‘മണ്ണരണ’, ‘കാട്ടരണ’ എന്നീ ഇനങ്ങളിൽ 19 സ്പീഷിസ് അരണകളാണ് കേരളത്തിലുള്ളത്. വളരെ സാധാരണയായി കാണപ്പെടുന്ന അരണയാണ് ‘സുവർണ അരണ’ (golden skink) എന്നും Keeled Indian Mabuya , Many-keeled Grass Skink എന്നും ഒക്കെ പേരുള്ള Eutropis carinata .
Keeled Indian Mabuya (Eutropis carinata), ഇരവിക്കുളം ദേശീയോദ്യാനത്തില്‍ നിന്നും കടപ്പാട് വിക്കിപീഡിയ
ഇതുകൂടാതെ ചെമ്പനരണയും ( Eutropis macularis) , പാമ്പരണയും ( Lygosoma punctata) നാട്ടിൽ ചുറ്റും കാണാൻ കിട്ടും. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരിനം അരണയാണ് Sphenomorphus dussumieri. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടം സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരിയും ജീവികളുടെ സ്പെസിമനുകൾ ശേഖരിക്കുന്ന ആളും ആയ Jean-Jacques Dussumier ന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയിരിക്കുന്നത്.
പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരിനം അരണയാണ് Sphenomorphus dussumieri. കടപ്പാട് reptile-database.reptarium.cz

കടലുണ്ടി കടപ്പുറത്ത് നിന്ന് 1870 ൽ ബെഡോമി കണ്ടെത്തിയതായി രേഖപ്പെടുത്തീട്ടുള്ള ‘ അഞ്ചുവിരലൻ അരണ’യെ ( Five- fingered skink – Chalcides pentadactylus ) പിന്നീടാരും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലപ്പോൾ അവയുടെ വംശം കുറ്റിയറ്റുപോയതായിരിക്കാം, എങ്കിലും ഗവേഷകർ അതിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. പൊന്മുടി മലനിരകളിൽ നിന്നും 1984 ൽ കണ്ടെത്തിയ പൊന്മുടി അരണ ( Mountain skink – Eutropis clivicola) ആണ് നമ്മുടെ നാട്ടിലെ പുതുമുഖം. ഇവർ പൊന്മുടിയിൽ മാത്രം വസിക്കുന്നവരാണ്.

കടപ്പാട് വിക്കിപീഡിയ

തലയും ശരീരവും കാഴ്ചയിൽ പാമ്പിനെപ്പോലെ തോന്നുമെങ്കിലും അരണകൾക്ക് കുഞ്ഞിക്കാലുകളുണ്ട്.. ചില ഇനങ്ങൾക്ക് കാലുകൾ കുറുകി കുറുകി ഒട്ടും കാലുകൾ ഇല്ലാത്തതുപോലെ തന്നെ തോന്നും. ഒഡീഷ സംസ്ഥാനത്തെ ചിൽക്കാ തടാകത്തിലെ ബർക്കുള ദ്വീപിൽ കാണപ്പെടുന്ന Barkudiya insularis ഇത്തരം അരണയാണ്. IUCN: ( International Union for Conservation of Nature ) ന്റെ റെഡ് ഡാറ്റാ ബുക്കിൽ അതീവ ഗുരുതരമായ വംശനാശഭീഷണിനേരിടുന്ന വിഭാഗത്തിലാണിവയെ ഉൾപ്പെടുത്തീട്ടുള്ളത്.

. പൊന്മുടി മലനിരകളിൽ നിന്നും 1984 ൽ കണ്ടെത്തിയ പൊന്മുടി അരണ ( Mountain skink – Eutropis clivicola) കടപ്പാട് reptile-database.reptarium.cz

അരണകളുടെ ഓട്ടം പ്രത്യേക രീതിയിലാണ്. സാധാരണ പല്ലിവർഗ്ഗക്കാരുടെ ഓട്ടമല്ല. തലനീട്ടിയുള്ള നിൽപ്പും ആൾക്കാർക്ക് പാമ്പാണോ എന്ന ആശയക്കുഴപ്പം ഉണ്ടാക്കും.

ത്രികോണാകൃതിയിൽ പരന്ന തലയിൽ അടുക്കായി വലിപ്പം കൂടിയ ശൽക്കങ്ങൾ കാണാം. കഴുത്തില്ലാത്ത ശരീരം. ദേഹം നിറയെ മിനുങ്ങിത്തിളങ്ങുന്ന ചെതുമ്പലുകൾ ഉണ്ടാവും. ശരീരത്തിന് മുകൾഭാഗം ബ്രൗൺ നിറമാണുണ്ടാകുക. കണ്ണിനു മുകളിൽ നിന്ന് ആരംഭിച്ച് വാലറ്റം വരെ അരികികുകളിൽ നീളത്തിൽ വര കാണാം. അടിഭാഗം വെളുപ്പോ , മഞ്ഞകലർന്ന ക്രീം വെളുപ്പോ നിറം- നീണ്ട വാൽ . ശൂലരൂപത്തിൽ പരന്ന നാവ് ഇടക്ക് പുറത്ത് നീട്ടിപ്പിടിക്കും. അതിലും അരിപ്പല്ലുപോലെ ശൽക്കങ്ങൾ ഉണ്ട്. മണം പിടിക്കുന്നതും ഇരകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതും നാവുപയോഗിച്ചാണ്. പൊതുവെ എല്ലാ അരണകളുടേയും കൺപോളകൾ ചലിപ്പിക്കാനാവും. (കൺപോളകൾ ചലിപ്പിക്കാനാവത്ത ഇനങ്ങളും ഉണ്ട്)

ചുവന്ന വാലൻ അരണ കടപ്പാട് വിക്കിപീഡിയ

ആൺ അരണകൾ ഇണചേരൽ കാലത്ത് ഇളം ചുവപ്പോ, ഓറഞ്ചോ നിറ ഭേദം കാണിക്കും. കരിയിലകൾക്കടിയിലും, കല്ലുകളുടെ വിടവുകൾക്കിടയിലും ഒക്കെ ഒളിച്ച് നിൽപ്പാണ് കൂടുതലും. പേടിച്ചാണ് ജീവിതം . വെറുതേ പുറത്ത് ഉലാത്തിയാൽ കഥകഴിയും. പിടിച്ച് ശാപ്പിടാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട് ചുറ്റും. കാക്ക, പരുന്ത് തുടങ്ങിയ പക്ഷികൾ- കൂടാതെ കീരികൾ, വലിയ ഉരഗങ്ങൾ, പാമ്പുകൾ, കുറുക്കന്മാർ, പട്ടി, പൂച്ച തുടങ്ങി എല്ലാവരും അരണയെ വെറുതേ വിടില്ല. ഗതികേടിന് ഇവരുടെ കൈയിലോ കൊക്കിലോ പെട്ടാൻ തടി കാക്കാൻ പല്ലികളേയും ഓന്തുകളേയും പോലെ വാൽ മുറിച്ചിട്ട് രക്ഷപ്പെടുന്ന തന്ത്രം അരണകളും പയറ്റും. മുറിഞ്ഞു മാറിയാലും പിന്നെയും പിടക്കുന്ന വാലിൽ പിടികൂടിയ ഇരപിടിയന്റെ ശ്രദ്ധ തെറ്റിച്ച് ശരീരം രക്ഷിക്കുന്ന സൂത്രം. Autotomy എന്നാണ് ഇതിന് പറയുക, വേദനയും വലിയ മെനക്കേടും ഉള്ളതാണ് വാൽ മുറിച്ചിട്ട് പറ്റിക്കുന്ന ഈ പരിപാടിയെങ്കിലും വാൽ വീണ്ടും വളരും എന്നതിനാൽ മൊത്തത്തിൽ നഷ്ടക്കച്ചവടമല്ല. ജീവിതം ബാക്കികിട്ടുക എന്നത് മെച്ചം തന്നെയാണല്ലോ.

അരണ അതിന്റെ മുന്നിൽ പെട്ട കുഞ്ഞു പ്രാണികളെ ഒന്നിനെയും വിടില്ല. ചീവീടുകൾ, ചിലന്തികൾ, തുള്ളന്മാർ, വണ്ടുകൾ , മണ്ണീര, ഒച്ച്, തേരട്ട തുടങ്ങിയവയേ യെല്ലാം ശാപ്പിടും. കൂടാതെ മറ്റ് കുഞ്ഞ് പല്ലിവർഗക്കാരെയും അകത്താക്കും.
ചില സ്പീഷിസുകൾ മാളങ്ങൾ പണിയും , കുറേപ്പേർ ഒന്നിച്ച് കൂട്ടമായി ജീവിക്കും. ചിലർ മാളത്തിനടുത്ത് ശത്രു സാന്നീദ്ധ്യം നിരീക്ഷിച്ച് ഊഴമിട്ട് കാവൽ നിൽക്കും.

Trachylepis maculilabris ഇണചേരുന്നു കടപ്പാട് വിക്കിപീഡിയ

ലോകത്തിലെ അരണ ഇനങ്ങളിൽ പകുതിയും മുട്ടയിടൽ രീതിക്കാരാണ്. ബാക്കിയുള്ള ഇനങ്ങൾ ഇണചേർന്ന് മുട്ട ഉള്ളിൽ തന്നെ വെച്ച് വിരിയിച്ച ശേഷമാണ് പുറത്തേക്ക് വിടുക. ഒരുതരം പ്രസവം എന്നും പറയാം. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏർപ്പാടൊന്നും പൊതുവെ ഇല്ല. വിരിഞ്ഞിറങ്ങിയ, അല്ലെങ്കിൽ ‘പെറ്റിട്ട’ കുഞ്ഞുങ്ങളെ കാര്യമായി ശ്രദ്ധിക്കുന്ന പതിവ് ഇല്ല. അവരായി അവരുടെ പാടായി എന്ന മട്ട്. നമ്മുടെ നാട്ടിലെ അരണകൾ മുട്ടയിടൽകാരാണ്. മണ്ണു മാന്തി കുഴിയാക്കിയോ, ദ്രവിച്ച ഇലകൾക്കും മരക്കമ്പുകൾക്കും അടിയിലോ ഒറ്റപ്രാവശ്യം 2 മുതൽ 20 മുട്ടകൾ വരെ കൂട്ടമായി ഇട്ടു വെക്കും. ആഗസ്ത് സപ്തംബർ മാസക്കാലത്താണ് മുട്ടയിടുക. മെയ് ജൂൺ മാസത്തിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. അതിജീവനത്തിനുള്ള പാഠങ്ങൾ മറക്കാതെ ഇരതേടിയും, ഇരയാകാതെനോക്കിയും ജീവിതം മുന്നോട്ട് കൊണ്ടുപോകും.
വെറും മറവിക്കാരനെന്ന് മനുഷ്യർ അപഹസിക്കുന്ന കഥയൊന്നും അവരറിയുന്നില്ലല്ലോ

Ristella travancorica – Travancore Cat Skink കടപ്പാട് www.indianreptiles.org/
Happy
Happy
58 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
8 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “അരണ ആരെയാണ് കടിച്ചത്?

Leave a Reply

Previous post വൈറോളജിക്ക് ഒരാമുഖം
Next post കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 29
Close