Read Time:14 Minute
വിജയകുമാര്‍ ബ്ലാത്തൂര്‍
ചാണകം ഉരുട്ടികൊണ്ടുപോയി അതു തിന്നും അതിൽ മുട്ടയിട്ട് വിരിയിച്ചും ജീവിക്കുന്ന ചാണകവണ്ടുകളെ കുറിച്ച് കൂടുതൽ അറിയാം.

പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്.  നല്ല ഭംഗിയിൽ പീരങ്കിയുണ്ടപോലെ പച്ചച്ചാണകം ഉരുട്ടിയുണ്ടാക്കി അതുമായി ജോറിൽ പോകുന്ന കറുത്ത കുഞ്ഞൻ വണ്ടുകളാണ് ചാണകവണ്ടുകൾ. നമ്മുടെ നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിനുമുകളിലേക്കൊന്നുമല്ല ഉരുട്ടൽ എന്നുമാത്രം. സർക്കസുകാരെപ്പോലെ തലകുത്തിനിന്ന് പിന്‍കാലുകൊണ്ട് നിരപ്പിലൂടെ ചവിട്ടി ഉരുട്ടിയും ഇടക്ക് അതിനുമുകളിൽ കേറി ചുറ്റും നിരീക്ഷിച്ചും, കൊമ്പുകൊണ്ട് കുത്തിത്തിരിച്ചും കഷ്ടപ്പെട്ട് നീങ്ങും. കൊമ്പൂക്കുള്ള മറ്റൊരു വണ്ട് വന്ന് അതിനിടയിൽ കുത്തിമറിച്ചും അടികൂടിയും അതു പിടിച്ചെടുത്ത് സ്വന്തമാക്കുന്നതും കാണാം. ‘ചാണകമാണോ തലക്കകത്ത്’ എന്ന കളിയാക്കലിൽ ഒന്നിനും കൊള്ളാത്ത വസ്തുവാണ് ചാണകം എന്ന സൂചനയുണ്ടല്ലോ. എന്നാൽ ചാണകം തന്നെ ജീവനും ജീവിതവുമായ ജീവികളാണിവർ.

കടപ്പാട് ©scitechdaily.

ലോകത്തെങ്ങുമായി 6000 അധികം ചാണകവണ്ടിനങ്ങൾ ഉണ്ട്. നാൽക്കാലികളുടെ വിസർജ്ജ്യം മാത്രമല്ല മനുഷ്യരുടേതടക്കം ഏത് അപ്പിയും ഇവർക്ക് ബിരിയാണിതന്നെ. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ അവിടവിടെ കാഷ്ഠിച്ച് വെക്കുന്നതു മുഴുവൻ മണിക്കൂറുകൊണ്ട് തിന്നുതീർത്തും, പലയിടങ്ങളിലേക്ക് ഉരുട്ടിക്കൊണ്ടുപോയും , നിലം ക്ലീൻ ആക്കുന്നത് പ്രധാനമായും ഇവരാണ്. ചാണകം പറമ്പിൽ അവിടവിടെ കൂടിക്കിടന്നിരുന്നെങ്കിൽ പല സൂക്ഷ്മാണുക്കളും അതിൽ വളരുമായിരുന്നു, ഈച്ചകളും മറ്റ് പ്രാണികളും പെറ്റുപെരുകി നമുക്ക് രോഗങ്ങൾ കൂട്ടുകയും ചെയ്യും. ചാണകം മണ്ണിൽ വീണകാര്യം ഗ്രഹിച്ചെടുത്ത് നിമിഷം കൊണ്ടിവർ ഹാജർ രേഖപ്പെടുത്തും. ചിലർ പശുക്കൾക്കും മറ്റും ഒപ്പം വിടാതെ കൂടെക്കൂടും ചാണകമിടുന്നത് കാത്ത് ചുറ്റുവട്ടത്ത് ഒളിച്ച്നിൽക്കും. ഉണക്കം കൂടുന്നതിനുമുന്നെ തിന്നാനാണിവർക്കിഷ്ടം. ഭക്ഷണം മാത്രമല്ല ഇത്. അതിനുള്ളിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും . ( സാധാരണ തൊഴുത്തിലെ ചാണകക്കുണ്ടിൽ കാണുന്ന തൊലിഅടർത്തിയ കൊഞ്ചിനെ പോലെയുള്ള തടിച്ചുരുണ്ട സുന്ദര വെള്ള ചാണകപ്പുഴുക്കൾ പക്ഷെ കൊമ്പഞ്ചെല്ലികളുടെ പുഴുക്കളാണ്) . മുട്ട വിരിഞ്ഞിറങ്ങുന്ന ചാണക വണ്ടിന്റെ ലാർവപ്പുഴുക്കളെ അങ്ങിനെ എളുപ്പം പുറത്ത് കാണാൻ കിട്ടില്ല മണ്ണിനടിയിൽ ഒളിച്ച് വെച്ച ചാണകത്തിനുള്ളിലാ‍ണല്ലോ ജീവിതം. ചാണകത്തിനുള്ളിൽ തന്നെ പ്യൂപ്പാവസ്ഥയിലിരുന്നു വണ്ടുകളായി ജീവചക്രം പൂർത്തിയാക്കും . പിന്നെ അവരും ചാണകാന്വേഷണജീവിതം തുടരും ചാണകത്തിനു പുറത്തിറങ്ങിയാൽ പുഴുക്കളേയും വണ്ടിനേയും പക്ഷികൾ കണ്ടാൽ കൊത്തിത്തിന്നും. വലിയ ഇനം ഉരുട്ടുവണ്ടുകളെ കാട്ടിലല്ലാതെ നാട്ടിൻപുറങ്ങളിൽ കാണാൻ കിട്ടാറേ ഇല്ല.. മേഞ്ഞുതിന്നുന്ന പശുക്കളുടെ എണ്ണം കുറഞ്ഞതും , തൊഴുത്തിന് പുറത്തിറങ്ങാത്ത പശുക്കൾ ഹൈഫൈ ആല ജീവിതക്കാരായതും കൊണ്ട് പറമ്പിലെവിടെയും ചാണകമില്ല. . ഇനി വല്ല പശുവും ചാണകമിട്ടാൽ ഉടൻ വീട്ടുകാർ കോരിക്കൊണ്ടുപോയി പ്ലാസ്റ്റിക്ക് ഷീറ്റിലിട്ട് ഉണക്കിപൊടിച്ച് ഒന്നിനും പറ്റാതാക്കും. കാലിത്തീറ്റകളുടെ സ്വഭാവം മാറിയതിനാലും വിരമരുന്നുകൾ പശുക്കൾക്ക് കണ്ടമാനം കൊടുക്കുന്നതുകൊണ്ടും ലാർവകൾക്ക് ചാണകത്തിൽ വളരാനും പറ്റുന്നില്ല.

കടപ്പാട് ©Peggy Chu-Chouillet pinterest.co.uk
മൂന്ന് വിധത്തിലുള്ള ചാണക ജീവിതക്കാരാണുള്ളത്. ചാണകം ദൂരേക്ക് ഉരുട്ടികൊണ്ടുപോയി കുഴികുത്തിഒളിച്ച് വെച്ച് അത് തിന്ന് മുട്ടയിട്ട് വിരിയിച്ച് ജീവിക്കുന്ന ഉരുട്ട് വിഭാഗം.ര ചാണകക്കുന്തിക്ക് താഴെയും ചുറ്റുമായി മണ്ണിനടിയിലേക്ക് തുരന്നു മാളങ്ങളുണ്ടാക്കി അതിലേക്ക് കഴിയുന്നത്ര ചാണകം കൊണ്ടുപോയി സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ് രണ്ടാം ഇനം. മടിയന്മാരാണ് മൂന്നാമത്തെ കൂട്ടർ ചാണകം എങ്ങോട്ടും കൊണ്ടുപോകാനൊന്നും മിനക്കെടില്ല . അതിൽ തന്നെ തിന്ന്ജീവിച്ച് മുട്ടയിട്ട് വിരിയിക്കുന്ന പഹയർ.
Scarabaeidae കുടുംബത്തിൽപെട്ട ഇവരിൽ നമ്മുടെ നാട്ടിൽ കാണുന്ന ഉരുട്ടുവണ്ടുകൾ സിസിഫസ് (Sisyphus) ജീനസിൽ പെട്ടവയാണ്. മാളം തുരപ്പന്മാർ ഓന്തോഫാഗസ് ( Onthophagus ) കോപ്രിസ് (copris ) എന്നീ ഇനത്തിലും മടിയന്മാർ ഒണിറ്റിസെല്ലസ് (oniticellus) ടിനിഓസെല്ലസ് (tiniocellus) എന്നീ ഇനത്തിലും പെട്ട ചാണകവണ്ടുകളാണ്.
തുരപ്പന്മാരുടെ ചില മാളങ്ങൾ പരസ്പരം കൂട്ടിമുട്ടും ഒരാളുടെ ചാണകം വേറെ ആൾ മോഷ്ടിക്കുന്ന ചതികളുണ്ട്. . ഇത്തിരി ചാണകവും നൂറായിരം വണ്ടുകളും എന്ന അവസ്ഥയുള്ളപ്പോൾ ചാണകത്തിനായുള്ള മത്സരം കടുത്തതായിരിക്കും . അതിജീവനത്തിനും വംശവർദ്ധനയ്ക്കുമായുള്ള ഈ സമരത്തിൽ ചാണകമുരുട്ടി വണ്ടുകൾ തന്ത്രപരമായ ചില നിലപാടുകൾ എടുക്കും. ആദ്യമെത്തി, കൂടുതൽ ചാണകം കൂടുതൽ ദൂരെ എത്തിച്ച് മറ്റുള്ളവർ തട്ടിഎടുക്കാതെ നോക്കുന്നവരാണല്ലോ സമർത്ഥന്മാർ. കൂടുതൽ കരുത്തർ എത്തിയാൽ കൈയൂക്ക് ബലത്തിൽ തന്റെ ചാണകയുണ്ട തട്ടിയെടുത്ത് കൊണ്ടു പോകും എന്ന അപകടവും ഉള്ളതിനാലാണ് ഇവർ ആക്രാന്തക്കളികളിക്കുന്നത്. ചണക കേന്ദ്രത്തിൽ നിന്നും ആവുന്നത്ര ദൂരെ സുരക്ഷിത ഇടത്തിലേക്ക് ഉരുട്ടി എത്തിച്ച് ഒരു കുഴികുഴിച്ച് അതിലിട്ട് മൂടി ഒളിച്ച് വെക്കാനാണ് ഈ ഓട്ടം. ഋജു രേഖയിൽ വേണം യാത്ര. ദിശ തെറ്റിയാൽ ചിലപ്പോൾ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയ സ്ഥലത്ത് കൂടുതൽ മത്സരാർത്ഥികളുടെ ഇടയിൽ തന്നെ എത്തിയാൽ അധ്വാനിച്ചതൊക്കെ വെറുതെയാകും . തൂണും ചാരി നിന്നവൻ ചാണക ഉണ്ടയും കൊണ്ടു പോകുന്നത് കണ്ട് നിൽക്കേണ്ടി വരും.
ചിത്രം കടപ്പാട് ©bethanychristou.com
നേരെ വെച്ചുപിടിച്ചുള്ള ഉരുട്ടലിന് എന്ത് സൂത്രമാണിവർ ഉപയോഗിക്കുന്നത് എന്നത് ശാസ്ത്രകൗതുകമായിരുന്നു. സ്വീഡനിലെ ലൻഡ് സർവകലാശാലയിൽ നടന്ന പഠനങ്ങൾ ‘കറന്റ് ബയോളജി’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യനു ചുറ്റും പ്രത്യക്ഷപ്പെടുന്ന സമമിതിയിലുള്ള പോളറൈസ് പാറ്റേണുകൾ (symmetrical pattern of polarized light ) തിരിച്ചറിയാൻ ഈ വണ്ടുകൾക്ക് സാധിക്കുന്നു. നമുക്ക് ഈ പാറ്റേണൂകൾ കാണാനുള്ള റിസപ്റ്ററുകൾ കണ്ണിലില്ല. ഇവർക്ക് ഇതുപയോഗിച്ച് നേർ യാത്ര സാദ്ധ്യമാണ്. രാത്രിയിൽ ഇതിന്റെ പരിമിതി മറികടക്കാൻ ഇവർ ഉപയോഗിക്കുന്ന രീതിയാണ് ശരിക്കും അമ്പരപ്പിച്ച്കളഞ്ഞത്.
ഗവേഷകരായ എറിക്ക് വാറന്റും സംഘവും ആഫ്രിക്കയിലെ രാത്രിസഞ്ചാരികളായ Scarabaeus satyrus എന്നയിനം വണ്ടുകളെ ഉപയോഗിച്ച് പ്ലാനറ്റോറിയങ്ങളിൽ വെച്ച് നടത്തിയ പരീക്ഷണങ്ങളിൽ ആകാശഗംഗയാണ് ഇവരെ സഹായിക്കുന്നത് എന്ന് മനസിലാക്കി. ഉരുട്ടുയാത്രക്കിടയിൽ തലകുത്തിനിന്നും ഉണ്ടയുടെ മുകളിൽ കയറിയും ഒരോരൊ ആകാശ ചിത്രങ്ങൾ അവ പതിപ്പിച്ചെടുക്കുന്നു. ആകാശഗംഗയുടെ ഒരു സ്പൈസ് ഫോട്ടോ മനസിൽ റിക്കോഡ് ചെയ്തു വെക്കുകയും അതിനെ അടിസ്ഥാനമാക്കി തന്റെ നേര്‍രേഖാ റൂട്ടുകൾ തീരുമാനിക്കുകയും ചെയ്യുന്നു . ഭൂമിയിൽ നക്ഷത്രങ്ങളെ നോക്കി യാത്ര ചെയ്യുന്നു എന്ന് വമ്പുപറയുന്ന മനുഷ്യന്റെ അഹന്ത ഗാലക്സികളെ നിരീക്ഷിച്ച് യാത്രചെയ്യുന്ന ചാണകവണ്ടുകളുടെ മുന്നിൽ ചാണകം പോലെ ചളമായി..
ചാണകവണ്ടിനെ നേര്‍രേഖാസഞ്ചാരത്തിന് സഹായിക്കുന്ന സംവിധാനം    കടപ്പാട് ©biologists.org
സ്വന്തം ഭാരത്തിന്റെ എത്രയോ മടങ്ങ് ഭാരം ചാണകം ഉരുട്ടി കൊണ്ടുപോകാൻ ഇവർക്ക് കഴിയും. Onthophagus taurus എന്ന ഇനം മനസുവെച്ചാൽ അതിന്റെ ഭാരത്തിന്റെ 1141 മടങ്ങ് ചാണകം വരെ നീക്കും . നിറയെ ആളുകളുള്ള ആറ് ഡബിൾ ഡക്കർ ബസിന്റെ ഭാരം ഒരു സാധാരണ മനുഷ്യൻ ഉരുട്ടി നീക്കികൊണ്ടുപോകുന്നതിനു തുല്യം.
ആസ്ത്രേലിയയിൽ കുടിയേറ്റക്കാർ പശുക്കളെ അവിടെ എത്തിച്ച് വളർത്ത് ഫാമുകൾ തുടങ്ങിയപ്പോൾ വലിയ ഒരു പ്രശ്നം ഉണ്ടായി. കാങ്കാരുവിനെ പോലെയുള്ള ആസ്ത്രേലിയൻ മൃഗങ്ങൾക്കൊപ്പം പരിണമിച്ചുണ്ടായ അവിടത്തെ ചാണകവണ്ടുകൾ ഉറപ്പുള്ള വിസർജ്ജ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവയായിരുന്നു. പശുച്ചാണകം അവർക്ക് പരിചയമില്ല. അവ തിന്നുന്ന വണ്ടുകളും അതിനാൽ ആസ്ത്രേലിയയിൽ ഇല്ലായിരുന്നു. പശുക്കളിട്ട ചാണകമത്രയും മാസങ്ങളോളം അതുപോലെ നാറ്റിച്ച് അപ്പം പോലെ കിടന്നു. പ്രാണികളും ഈച്ചകളും അതിൽ പറ്റുപെരുകി നിറഞ്ഞു. ചാണകപ്പരപ്പുകളിൽ പുല്ലുമുളച്ചില്ല. പശുക്കൾ അത്തരം സ്ഥലങ്ങളിൽ മേയാതായി . ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷണങ്ങൾക്കൊടുവിൽ യൂറോപ്പിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും Digitonthophagus gazelle പോലുള്ള 23 ഇനം ചാണക വണ്ടുകളെ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. ഇതിനായി 1965 ൽ ആരംഭിച്ച് ഇരുപതു വർഷം നീണ്ട പ്രോജക്റ്റായിരുന്നു ( Australian Dung Beetle project ) അത് . പരിസ്ഥിതിയുടെ സുസ്ഥിരതകാക്കുന്നതിൽ ഇത്തിരിക്കുഞ്ഞൻ ജീവികളുടെ റോൾ എത്ര സങ്കീർണ്ണവും ലോലവും ആണെന്ന അമ്പരപ്പ് ചാണകവണ്ടുകളുടെ ജീവിതം നമുക്ക് നൽകുന്നു.
Australian Dung Beetle Project നെകുറിച്ച് കൂടുതലറിയാന്‍ ചിത്രം  കടപ്പാട് Source: Simmons & Ridsdill-Smith ed. (2011), Ecology and evolution of dung beetles

 


ചാണകവണ്ടും നക്ഷത്രങ്ങളും വീഡിയോ കാണാം

ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
Happy
Happy
30 %
Sad
Sad
10 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 21
Next post പരിണാമത്തെ അട്ടിമറിച്ചവർ
Close