Read Time:14 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍

ലർക്കും അറപ്പും വെറുപ്പും ഉള്ള ഒരു ജീവിയാണ് അട്ട. പഴഞ്ചൊല്ലുകളിൽ പലതിലും അട്ടകളെ കാണാം. ‘അട്ടയ്ക്കു പൊട്ടക്കുളം’, ‘അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയപോലെ’, ‘അട്ടയുടെ മുഖത്ത് ഉപ്പിട്ടപോലെ’, തുടങ്ങിയ ചൊല്ലുകളിൽ നിറയെ ഈ ജീവിയോടുള്ള അവജ്ഞയാണുള്ളത്.

ചതുപ്പുകളിലും വയലുകളിലും ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു കുളയട്ടകൾ. പോത്തട്ട, തോട്ടട്ട തുടങ്ങിയ പല പ്രാദേശിക നാമങ്ങളും ഇവയ്ക്കുണ്ട്. സാത്വിക ജീവിതം നയിക്കുന്ന മണ്ണുണ്ണികളായ പാവം മണ്ണിരകളുടെ അടുത്ത ബന്ധുക്കളാണ് ഇവർ. ഫൈലം അനലിഡയിൽ (phylum annelida) അണ് ഇവരും ഉൾപ്പെടുക. മണ്ണിരകളെപ്പോലെ അല്ല ഇവരുടെ പരാദ ജീവിതം. നമ്മെപോലെ കശേരുകികളായ ജീവികളുടെ ചുടുരക്തം തേടി കാത്തിരിക്കുന്ന രക്തരക്ഷസ്സുകളാണിവർ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് പാടത്തും വരമ്പത്തും കാട്ടിലും മേട്ടിലും ഒക്കെ നടന്നുതീർത്ത് വിശ്രമിക്കുമ്പോഴാണ് ആ കിടുങ്ങുന്ന കാഴ്ച ചിലപ്പോൾ കാണുക. കാലിൽ കടിച്ച് തൂങ്ങിക്കിടക്കുന്ന ഇരുണ്ടുരുണ്ട അട്ടകൾ. ആദ്യാനുഭവത്തിൽ പലരും ഒന്ന് ഞെട്ടും. കാര്യമായ വേദനയൊന്നും ഇല്ലെങ്കിലും ചോരകുടിച്ച് വീർത്ത് ഞാഴ്ന്ന് കിടക്കുന്ന അട്ടയെകാണുമ്പോൾ ‘അയ്യേ ‘- എന്ന് മനസിൽ പറയും. അട്ട വയർനിറച്ച് പിടിവിട്ട് പോയതിനുശേഷം മുറിവായിൽ ബാക്കിയായ ഹിറുഡിൻ ഉള്ളതിനാൽ നിൽക്കാതെ ചോര ഒഴുകുന്നുണ്ടാകും ചിലപ്പോൾ. മലയോരങ്ങളിൽ കാണുന്ന ഹെമഡിപ്സെ എന്ന നൂലട്ടകൾ പിന്നറ്റം കുത്തി വഴികളിൽ എഴുന്നേറ്റ് വിറച്ച്കൊണ്ട് നിൽക്കും. ചോരയുള്ളവർ വരുന്നത് ചൂടുകൊണ്ടറിഞ്ഞ് ശരീരം വില്ലുപോലാക്കി തെറിച്ച് ദേഹത്ത് വന്നുപറ്റും. പിന്നെ കടിയായി കുടിയായി.

കടപ്പാട് pixabay

ഹിറുഡിനിഡ (Hirudinida) ഓർഡറിൽ ഹിറുഡിനെ (Hirudinea) ക്ലാസിൽ നാലിനം കുളയട്ടകളാണ് ഉള്ളതെങ്കിലും ഹിറുഡിനേരിയെ ഗ്രാനുലോസ എന്ന ഇനമായ Indian cattle leech ആണ് നമ്മുടെ നാട്ടിൽ ധാരാളമായി ഉള്ളത്. ഹിറുഡിനേരിയെ വിറിഡിക്സ്, ഹിറുഡിനേരിയെ ജവനിക, ഹിറുഡിനേരിയെ മെനിലിൻസിസ്, എന്നിവയാണ് മറ്റുള്ളവ. ലോകത്തെങ്ങുമായി അട്ടകളുടെ അറുന്നൂറിലധികം സ്പീഷിസുകൾ ഉണ്ട്. മനുഷ്യരെ അപൂർവ്വമായേ കിട്ടുകയുള്ളുവെങ്കിലും മത്സ്യം, തവള, ആമ, കന്നുകാലികൾ എന്നിവയുടെയൊക്കെ ചോരകുടിക്കാൻ ഇവർക്ക് ഇഷ്ടം പോലെ അവസരം കിട്ടും. കടിയോടൊപ്പം രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഹിറുഡിൻ (hirudin) എന്ന രാസ പദാർത്ഥം മുറിവിൽ കയറ്റിവിടും.

ഹിറുഡിൻ (hirudin) ഘടന

ഒപ്പം രക്തക്കുഴലുകൾ വികസിക്കാനും വേദന അറിയാതിരിക്കാൻ മരവിപ്പ് തോന്നിപ്പിക്കാനും ഉള്ള അല്ലറചില്ലറ രാസഘടകങ്ങളും കൂടി ഉണ്ടാകും. തടസമില്ലാതെ ഒഴുകുന്ന രക്തം അട്ടവയറിലേക്ക് വലിച്ച് ഒഴുക്കി നിറക്കും. സ്വന്തം ശരീര ഭാരത്തിന്റെ പത്ത് ഇരട്ടിയോളം ചോര അകത്താക്കി ബലൂൺ പോലെ വീർത്ത് ഗുണ്ടപ്പനാകും. കുടിച്ച ചോരമുഴുവൻ ഒറ്റയടിക്ക് ദഹിപ്പിക്കില്ല. അടുത്ത രക്ത പാനോത്സവം എന്നുണ്ടാവും എന്ന് ഒരു ഉറപ്പും ഇല്ല. സൂക്ഷിച്ച് കുറേശെ മാത്രമേ ദഹിപ്പിച്ച് ഉപയോഗിക്കൂ. അതിന് പറ്റുന്ന വിധമാണ് അട്ടകളുടെ ദഹനസംവിധാനം. കുടിച്ച ചോരമുഴുവൻ ശരീരത്തിനുള്ളിൽ ക്രോപ് എന്ന സഞ്ചിയിൽ പ്രത്യേക രീതിയിൽ സൂക്ഷിക്കും. കുടിച്ച രക്തത്തിലെ ചുവന്നരക്താണുക്കളെ വിഘടിപ്പിച്ച് വേർതിരിക്കുന്ന ഗ്ലോബിൻ ഭാഗമാണ് പോഷണമാക്കുന്നത്.. രക്തപ്ലാസ്മയിലെ ജലാംശം അട്ടയുടെ ശരീരം ആഗിരണം ചെയ്ത് നീക്കും. ബാക്കിയുള്ളത് കുഴമ്പ്പോലെ കൊഴുത്ത് കിടക്കും. ഒരു പ്രാവശ്യം വയറു നിറച്ച ചോര ദഹിപ്പിച്ച് തീർക്കാൻ പത്ത് മുതൽ പതിനാല് മാസം വരെ സമയം എടുക്കും. ഒരു ശാപ്പാട് കഴിഞ്ഞാൽ പിന്നെ ഒരു കൊല്ലം വരെ ഒരു തുള്ളി ചോരയും രുചിക്കാതെ സുഖിച്ച് ജീവിക്കാൻ കഴിയും.

കടപ്പാട് pixabay

കാഴ്ചയിൽ ഉരുണ്ട് നീണ്ട ഒരു പുഴുവിനെപ്പോലെ മാത്രമേ തോന്നുകയുള്ളു എങ്കിലും ചോരകുടിച്ചു കഴിയുമ്പോഴാണ് പ്രകടമായ രൂപമാറ്റം ശ്രദ്ധിക്കപെടുക. തലഭാഗം കൂർത്തും പിറകോട്ട് പോകും തോറും വിസ്താരം കൂടിയും ഉള്ള രൂപം. ഇരു അഗ്രങ്ങളിലും ഒട്ടിപ്പിടിച്ച് നിൽക്കാനുള്ള സക്കറുകൾ ഉണ്ടെങ്കിലും തൊലികടിച്ച് മുറിക്കാനുള്ള താടിഭാഗം മുന്നിൽ മാത്രമേ ഉള്ളു. 5 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ നീളത്തിൽ പല ഇനം അട്ടകൾ ഉണ്ട്. ഇവരുടെ ശരീരം കൃത്യമായ 33 ഖണ്ഡങ്ങൾ ചേർന്ന് രൂപത്തിലാണ്. ഇതിലെ പല ഖണ്ഡങ്ങളും വീണ്ടും ഉപഘണ്ഡങ്ങളായാണ് പുറമേക്ക് കാണുക. അതുകൊണ്ട് ബാഹ്യമായി നൂറിലധികം വലയങ്ങൾ പുറത്ത് കാണാം. വലിയാനും ചുരുങ്ങാനും കഴിയുന്ന ഇവരുടെ നനവാർന്ന ശരീരത്തിന് മുകളിൽ നല്ല ഡിസൈനുകളും ഉണ്ടാകും.

അട്ടയുടെ സഞ്ചാരം കടപ്പാട് വിക്കിപീഡിയ

 

വലിഞ്ഞും ചുരുങ്ങിയും മുന്നിലേയും പിറകിലേയും സക്കറുകൾ നിലത്തുറപ്പിച്ചും പറിച്ചും താളത്തിൽ വലിഞ്ഞും ചുരുണ്ടും ഒക്കെയാണ് കരയിലെ സഞ്ചാരം. വെള്ളത്തിൽ നല്ല നീന്തൽക്കാരുമാണ് ഇവർ.

അട്ടകളുടെ പ്രത്യുത്പാദന രീതി പ്രത്യേകതയുള്ളതാണ്

ആൺ പെൺ ലിംഗകോശങ്ങൾ രണ്ടും ഒരേ ജീവിയിൽ തന്നെ ഉണ്ടാകും . hermaphroditism എന്നാണ് ഇതിന് പറയുക. ഉഭയ ലൈംഗീകത ഉള്ള ഇത്തരക്കാരെ ‘ഹെർമഫ്രോഡൈറ്റ്’ എന്ന് വിളിക്കും. ശരീരത്തിനുള്ളിൽ വിരുദ്ധ ലിംഗ കോശങ്ങൾ പരസ്പരം സങ്കലനം ചെയ്ത് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകുകയില്ല. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇണചേരൽ നടക്കുക.. ഇണചേരലിനു മുമ്പ് ചില പ്രണയചേഷ്ടകളൊക്കെ കാണും. ഇണചേരൽ ഒരു മണിക്കൂറോളം നീളും. രണ്ട് കുളയട്ടകളും വിരുദ്ധ ദിശയിൽ പരസ്പരം ചേർന്ന് നിൽക്കും. ഒരു അട്ടയുടെ ആൺബീജ അവയവം മറ്റേ അട്ടയുടെ പെൺ സ്വീകരണിക്ക് നേരെ വരുന്ന വിധത്തിൽ നിന്ന ശേഷം, ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ആൺബീജങ്ങൾ പമ്പ് ചെയ്യുന്നു. ബീജസംയോജനത്തിനുശേഷം മുട്ടകൾ കൊക്കൂണുകളിലേക്ക് നിറച്ച് കാത്തിരിക്കും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് കുളയട്ടകൾ രക്താന്വേഷണ യാത്ര ആരംഭിക്കുന്നു.

പണ്ട് കാലത്ത് അട്ടകൾ വലിയ ചികിത്സാ സഹായികളായിരുന്നു. അശുദ്ധ രക്തമാണ് എല്ലാ രോഗങ്ങൾക്കും കാരണം എന്നും അവ അട്ടകളെകൊണ്ട് കടിപ്പിച്ച് കുടിപ്പിച്ച് രോഗം മാറ്റാം എന്നും വിശ്വസിച്ചിരുന്നു. ശുശ്രുതന്റെ കാലം മുതൽ തന്നെ ഭാരതത്തിൽ ഈ അട്ട കടിപ്പിക്കൽ ചികിത്സ നിലവിലുണ്ടായിരുന്നു. ഗാലൻ, പ്ലീനി അവിസിന്ന തുടങ്ങിയവരൊക്കെ കുളയട്ട മാഹാത്മ്യം ചർച്ച ചെയ്തിട്ടുണ്ട്. യൂറോപ്പിൽ ഒരുകാലത്ത് അട്ടയെകൊണ്ട് കടിപ്പിച്ചുള്ള ചികിത്സ വളരെ പ്രചാരമുള്ളതായിരുന്നു. Hirudo medicinalis എന്നയിനം അട്ടകളായിരുന്നു ചികിത്സയ്ക്ക് കാര്യമായും ഉപയോഗിച്ചിരുന്നത്.

ചികിത്സാനടത്താനുള്ള അട്ടകൾക്കുവേണ്ടിയുള്ള കച്ചവടത്തിൻടേയും ഇറക്കുമതിയുടേയും കുത്തകാവകാശങ്ങൾക്കായി സുഗന്ധവ്യഞ്ജനങ്ങൾക്ക് വേണ്ടി നടന്നതുപോലുള്ള മത്സരങ്ങൾ യൂറോപ്പിൽ നടന്നിട്ടുണ്ടത്രെ. കുഞ്ഞ് യുദ്ധങ്ങളും. ഇപ്പഴും ചില വൈദ്യന്മാർ ചില വാതരോഗങ്ങൾക്കും ‘രക്ത ദൂഷ്യത്തിനും ‘ വേരിക്കോസ് വെയിൻ തുടങ്ങിയ രോഗാവസ്ഥകൾ ചികിത്സിക്കാനും അട്ടകളെ ഉപയോഗിക്കുന്നുണ്ടെങ്കിലും ആധുനിക ചികിത്സയിൽ ഇതിന് വലിയ സ്ഥാനം ഉണ്ടായിരുന്നില്ല. ഹിറുഡിൻ വേർതിരിച്ചെടുത്ത് അതിന്റെ ആന്റി കൊയാഗുലന്റ് ഗുണം ചികിത്സകൾക്കായി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങീട്ടുണ്ട്. ചിലതരം പ്ലാസ്റ്റിക്ക് സർജറികൾക്ക് ശേഷമുള്ള രക്തക്കുഴലുകളിലെ രക്തവാർച്ച ശരിയാക്കുന്നതിന് വേണ്ടിയും അട്ടകളെ ഉപയോഗിക്കുന്നുണ്ട്.

പശ്ചിമഘട്ട കാടുകളിലൂടെ മഴക്കാലത്ത് കാൽനടയാത്ര നടത്തീട്ടുള്ളവർക്കെല്ലാം അട്ടകടി അനുഭവം ഉണ്ടായിട്ടുണ്ടാകും. ശരീരത്തിൽ കടിച്ച് തൂങ്ങി ചോരകുടിക്കുന്ന അട്ടകളെ പിഴുത് മാറ്റുക അത്ര എളുപ്പമല്ല. ചുണ്ണാമ്പ്, ഉപ്പ്, വിനാഗിരി , സോപ്പ്, കോളകൾ തുടങ്ങിയവയൊക്കെ ഇതിനെ വിടുവിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ചിലർക്ക് കടിച്ച സ്ഥലത്ത് ചെറിയതോ, ഗുരുതരമായതോ ആയ അലർജികൾ ഉണ്ടാകാറുണ്ട്. എങ്കിലും ആദ്യ കാഴ്ചയിലുണ്ടാകുന്ന അമ്പരപ്പും വെറുപ്പും ഭയവും ഒന്നുരണ്ട് കടി കിട്ടിക്കഴിയുമ്പോൾ തീരും.

കടപ്പാട് pixabay

അട്ടയുടെ കണ്ണുണ്ടോ ?

‘അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും’, ‘അട്ട്യ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട’ എന്നുമൊക്കെയുള്ള ചൊല്ലുകൾ കൂടി നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. അട്ടയ്ക്ക് കണ്ണു കണ്ടുകൂട എന്ന ധാരണയിൽ ജനിച്ചതാണീ ചൊല്ലുകൾ. . നമ്മളെപ്പോലെ രണ്ട് ഉണ്ടക്കണ്ണില്ല എന്നേ ഉള്ളു. പകരം അഞ്ച് ജോഡി പൊട്ടുപോലുള്ള കണ്ണുകൾ ഇവയുടെ തലഭാഗത്തുണ്ട്. പുറം കഴ്ചകൾ കാണാനൊന്നുമുള്ളതല്ല ഇവ. പ്രകാശവ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങൾ മാത്രം. ‘കുതിരക്ക് കൊമ്പും അട്ടയ്ക്ക് കണ്ണും കൊടുക്കാത്തത് വെറുതെയല്ല എന്ന ചൊല്ലിൽ ഇതൊക്കെ ആരോ കൊടുക്കുന്നതാണ് എന്ന സൂചന കാണാം. അത് മറന്നേക്കുക. കുതിരയ്ക്ക് കൊമ്പ് കിട്ടിയില്ലെങ്കിലും അട്ടയ്ക്ക് പരിമിതമായ കണ്ണുകൾ ഉള്ളതിനാൽ അതിന്റെ അന്നം (രക്തം) മുട്ടുന്നില്ല എന്ന് പറയാം. അതിജീവനത്തിന്റെ പരിണാമ വഴികൾ വളരെ അത്ഭുതകരം തന്നെ.


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍

 

Happy
Happy
22 %
Sad
Sad
11 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
22 %
Surprise
Surprise
0 %

Leave a Reply

Previous post മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?
Next post ഉപ്പു ചീര
Close