Read Time:6 Minute

ഡോ. സുരേഷ് സി. പിള്ള

വോട്ടു ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മായാത്ത മഷി, സിൽവർ നൈട്രേറ്റ് (silver nitrate) കൊണ്ടാണ് ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ (stain) ആയി നിൽക്കും. മൂന്നാം ലോക്സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി stain ആയി ഉപയോഗിക്കാൻ തുടങ്ങിയത്. CSIR ന്റെ നാഷണൽ ഫിസിക്കൽ ലബോറട്ടറി യിലെ സയന്റിസ്റ്റ് ആയ Dr. M.L. Goel , Dr. B. G. Mathur, Dr. V. D. Puri എന്നിവരുടെ നേതൃത്വത്തിലാണ് ഇത് ഇന്ത്യയിൽ വോട്ടിങ്ങിനായി ഉപയോഗിക്കാം എന്ന് ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചത്. കർണ്ണാടക ഗവണ്മെന്റിന്റെ The Mysore Paints & Varnish Ltd. നാണ് ഇത് നിർമ്മിക്കാനുള്ള ലൈസൻസ് ഉള്ളത്.

എങ്ങിനെയാണ് തൊലി കറുക്കുന്നത്?

ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലേ ഇത് കറുത്ത നിറമാകൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറംതൊലിയിൽ (epidermis) വ്യാപിക്കും (diffusion). ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ഥികളിൽ നിന്നും വരുന്ന ക്ലോറിനുമായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവറിന്റെ colloid പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് ഓക്സിഡൈസ് ആയി സിൽവർ ഓക്സൈഡ് ആകും. ഇതാണ് ടാറ്റൂ പോലെ തൊലിയിൽ ഒട്ടി ഇരിക്കുന്നത്. പല ടാറ്റൂ ഇങ്കുകളും ഹെവി മെറ്റൽ ഓക്സൈഡുകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. (വിയർപ്പിലെ ക്ലോറൈഡ് അയോണുകളുമായി ചേർന്നില്ലെങ്കിലും നിറം കറുപ്പാകും . നഖത്തിൽ നിന്നും വിയർപ്പ് വരുന്നില്ലല്ലോ ,എന്നിട്ടും കറുപ്പാകുന്നുണ്ടല്ലോ . സിൽവർ നൈട്രേറ്റിന്‌ നിറമില്ല . ഇലക്ഷൻ മഷിയിൽ വയലറ്റ് ചായം ചേർത്തിട്ടുള്ളതുകൊണ്ടാണ് അതിനു നിറമുള്ളത്)

ഇത് വിഷമാണോ?

കുറഞ്ഞ ഡോസിൽ വിഷമല്ല. എങ്കിലും ചിലർക്ക് പുരട്ടിയ സ്ഥലത്ത് അലർജി ഉണ്ടാക്കാം. കൂടിയ അളവിൽ ഇത് മാരക വിഷമാണ്. ഇത് ചിലർക്ക് പൊള്ളൽ ഉണ്ടാക്കിയതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്2

ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

വികസിത രാജ്യങ്ങളിൽ ഒന്നും തന്നെ ഈ രീതി പ്രചാരത്തിൽ ഇല്ല. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ലബനോൻ, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ മാത്രമാണ് ഇലക്ഷൻ മഷി ഉപയോഗിക്കുന്നത്.

ഈ രീതി ശാസ്തീയമാണോ?

അല്ലേയല്ല. വോട്ടിങ് കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉള്ളപ്പോൾ ‘ഇലക്ഷൻ മഷി’ ഉപയോഗിക്കേണ്ട ആവശ്യം തന്നേയില്ല. വികസിത രാജ്യങ്ങളിൽ ഒന്നും ഈ പതിവില്ല എന്ന് മുകളിൽ പറഞ്ഞല്ലോ. കൂടാതെ സുതാര്യമായ ക്ലോറിൻ സംയുക്തങ്ങൾ അടങ്ങിയ ഗ്ലൂ/പശ വിരലിന്റെ ചുറ്റിനും പുരട്ടിയാൽ ഇത് കഴുകിക്കളയാം എന്നും വായിച്ചിട്ടുണ്ട് (ആധുനികമായി വികസിപ്പിച്ച ചിലവു കുറഞ്ഞ ടെക്നോളജിയുടെ ലിങ്ക് താഴെ നോക്കുക. Smart-Vote: Digital Election Ink Based Voting System, എന്ന ജേർണൽ ആർട്ടിക്കിൾ വായിക്കുക.

ഇത് വളരെ അനാവശ്യവും, മനുഷ്യാവകാശ ലംഘനം ആയതും, സമയം അനാവശ്യമായി പാഴാക്കുന്നതും ആയ ഒരു പ്രക്രിയയും ആണ് എന്ന് കാണാം. അധികച്ചിലവ് വേറെയും (ഏകദേശം 12 കോടി രൂപയാണ് ഇങ്കിന് മാത്രമായി ചിലവാക്കുന്നത് എന്നാണ് വായിച്ചത്).

ചുരുക്കത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതി പ്രാപിച്ചു എന്നവകാശപ്പെടുന്ന ആധുനിക ഇന്ത്യയിൽ എന്തായാലും കയ്യിൽ മഷി പുരട്ടുന്നത് വളരെ പ്രാകൃതമായ ഒരു രീതിയാണ് എന്ന് വിലയിരുത്താം. അതുകൊണ്ട് അടിയന്തിരമായി ഗവണ്മെന്റ് ആധുനിക തിരിച്ചറിയൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച്, പ്രാകൃതമായ മഷിപുരട്ടൽ അവസാനിപ്പിക്കുവാനുള്ള നടപടി ഉണ്ടാവണം.

കൂടുതൽ വായനയ്ക്ക്

  1. Smart-Vote: Digital Election Ink Based Voting System, Aloka Sinha, Int’l Journal of Computing, Communications & Instrumentation Engg. (IJCCIE) Vol. 2, Issue 2 (2015) ISSN 2349-1469 EISSN 2349-1477
  2. Indelible voters’ ink causing partial thickness burn over the fingers, Indian J Plast Surg. 2014 Sep-Dec; 47(3): 472–473. doi: 10.4103/0970-0358.146691
  3. “Smart Device Based Election Voting System Endorsed through Face Recognition.” Patel, Trisha, Maitri Chokshi, and Nikhil Shah. International Journal of Advance Research in Computer Science and Software Engineering 3.11 (2013).
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2001: എ സ്പേസ് ഒഡീസി- ശാസ്ത്രസിനിമകളിലെ തലതൊട്ടപ്പൻ
Next post കാലുകളുള്ള പാമ്പുകള്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യവും ചില പരിണാമ ചിന്തകളും!
Close