Read Time:10 Minute
വിജയകുമാര്‍ ബ്ലാത്തൂര്‍
പാതിരാത്രിയിൽ ഇത്തിരി വെള്ളംകുടിക്കാൻ അടുക്കളയിൽ പോയി ലൈറ്റ് ഇടുമ്പോൾ കാണാം അടുക്കളയുടെ ശരിക്കുമുള്ള അവകാശികളെ. അടുപ്പിനടുത്തും, വാഷ്ബേസിനിലും, കഴുകാൻ ബാക്കിവെച്ച പാത്രങ്ങളിലും ഓടിക്കളിച്ചർമാദിക്കുന്ന പാറ്റകളെ. ഇത്രയും നേരം ഇവർ എവിടെയാണ് ഒളിച്ചിരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. ‘എന്റെ വീട്’ എന്ന് മനസിൽ അട്ടഹസിച്ച് ചൂലെടുത്ത് കൂറകളെ അടിച്ച് കൊല്ലാൻ നോക്കിയാൽ അറിയാം അവരുടെ ഓടിഒളിക്കൽ പ്രാഗത്ഭ്യം.. അടികൊണ്ടാലൊന്നും വേഗം കഥകഴിയില്ല. അടിച്ച് ചമ്മന്തിയാക്കി എന്നു സമാധാനിച്ചിരിക്കെ എഴുന്നേറ്റ് ഓടുന്ന കാഴ്ചകാണാം. തീറ്റയില്ലെങ്കിലും, ഒരു മാസം പട്ടിണികിടന്നാലും ചാവില്ല. തല അറ്റ് പോയാലും ഒരാഴ്ച ജീവിക്കും ഈ പഹയന്മാർ.. ശ്വാസം കഴിക്കാൻ നമ്മളെപ്പോലെ തലയും മൂക്കും ഒന്നും വേണ്ട. വായുവില്ലാതെ മുക്കാൽ മണിക്കൂർ അതിജീവിക്കും. ഭൂമിയിൽ പാഞ്ചിയ എന്ന ബൃഹത് ഭൂഖണ്ഡം മാത്രമുണ്ടായിരുന്ന ആദിമ കാലത്ത്തന്നെ പാറ്റകൾ പരിണമിച്ച് ഉണ്ടായിട്ടുണ്ടത്രെ. അതായത് 30 കോടി വർഷം മുമ്പ്. ഭൂമിയിൽ മനുഷ്യർ ഉണ്ടായിട്ട് വെറും രണ്ട് ലക്ഷം വർഷം മാത്രമേ ആയിട്ടുള്ളു എന്നും ഓർക്കണം. നൂറുകൂട്ടം അനുകൂലന വഴികൾ പരിണാമത്തിന്റെ ഭാഗമായി കടന്ന് വന്ന് അതിജീവിച്ചവരാണിവർ. ഇനി ഒരു ആണവസ്ഫോടനം നടന്ന് ഭൂമി ശവപ്പറമ്പായി സർവജീവികളും കൊല്ലപ്പെട്ടാലും അവിടെയും ഇവിടെയും കുറേ പാറ്റകൾ ബാക്കികാണും.
കടപ്പാട് mashable

സുപരിചിതരായ ഇവരെ തെക്കൻ കേരളത്തിൽ പാറ്റ എന്നുവിളിക്കുന്നതെങ്കിലും വടക്കൻ മലബാറിൽ കൂറ എന്നാണ് പേര്. ചില സ്ഥലങ്ങളിൽ എല്ലാ പ്രാണികളേയും പാറ്റകൾ എന്ന് പൊതുവായി വിളിക്കാറുണ്ട്. പൂമ്പാറ്റയും മഴപ്പാറ്റയും അവയ്ക്കൊപ്പം തന്നെ. കീറിയ തുണി എന്നും കൂറക്ക് അർത്ഥമുണ്ടല്ലോ.. Cockroach എന്നതിനെ സൂചിപ്പിക്കാൻ മലയാളത്തിൽ പാറ്റ എന്നുതന്നെ തത്കാലം ഉപയോഗിക്കാം. Blattaria എന്നും ചിലപ്പോൾ വിളിക്കാറുള്ള , ( ബ്ലാത്തൂരുമായി ശബ്ദ സാമ്യമുള്ളതിനാൽ ലേഖകന് പ്രത്യേക ഇഷ്ടം തോന്നിയ) Blattodea, ഓർഡറിൽ നിരവധി ഇനം പ്രാണികളുണ്ട്. ചിതലുകളും ഈ കൂട്ടത്തിൽ പെട്ടവരാണ്. ഇരുവരും ഒറ്റ പൊതുപൂർവികനിൽ നിന്ന് പരിണമിച്ചുണ്ടായവർ. തന്മാത്രാതല പഠനങ്ങളും ജെനിറ്റിക് അറിവുകളും ഇവർ അടുത്ത ബന്ധുക്കളാണെന്ന് തെളിയിച്ചിട്ടുണ്ട്.. ബ്ലാറ്റോഡിയയിലെ 4600 സ്പീഷിസുകളിൽ 30 സ്പീഷിസുകളാണ് മനുഷ്യർക്കൊപ്പം താമസം തുടങ്ങിയ ‘പാറ്റ’കളെന്ന ‘കൂറ’കൾ. ഇവരിലെ നാലിനങ്ങളാണ് പ്രധാന ശല്യക്കാരെന്ന് മനുഷ്യർ പരാതി പറയുന്നവ. ലോകമെങ്ങും വ്യാപകമായി വളരെ സാധാരണയായി കാണുന്ന അമേരിക്കൻ പാറ്റ (Periplaneta americana) കൂടാതെ ജെർമൻ പാറ്റ (Blattella germanica) , ഏഷ്യൻ പാറ്റ ( Blattella asahinai) ഓറിയെന്റൽ പാറ്റ ( Blatta orientalis) എന്നിവയാണവ. Periplaneta americana ആഫ്രിക്കയിലാണ് ആദ്യമായി പരിണമിച്ച് ഉണ്ടായതെങ്കിലും, വ്യാപാരവും, കോളനിസ്ഥാപനവുമായി കപ്പലുകൾ ലോകസഞ്ചാരം ആരംഭിച്ചതോടെ ഇവർ സർവ്വരാജ്യങ്ങളിലും എത്തി. ആറ്ട്ടിക്കിലെ കൊടും തണുപ്പും ഇവർക്ക് പ്രശ്നമല്ല. മരുഭൂമികളിലെ ചൂടും പ്രശ്നമല്ല.

കപ്പൽ പാറ്റ (ship cockroach), , ബോംബെ കാനറി ( Bombay canary) എന്നിങ്ങനെയും ഇതിന് പേരുണ്ട്. ആളുകളുടെ ശ്രദ്ധയിൽ പെടാതെ. സഞ്ചാരത്തിനൊപ്പം ഒളിഞ്ഞെത്താനുള്ള പാറ്റകളുടെ മിടുക്കിൽ നിന്നാണ് മലയാളത്തിലെ ‘’കൂറ ബംഗാളത്ത് പോയപോലെ’’ എന്ന ശൈലി ഉണ്ടായത്. തീവണ്ടി ഒളിമൂലകളിൽ പതുങ്ങി നിന്ന കൂറ കൽക്കട്ടവരെ തീവണ്ടിക്കൊപ്പം പോയി മടങ്ങിയെത്തി ‘ഞാൻ കൽക്കത്ത കണ്ടു’ എന്ന് പറഞ്ഞു എന്നാണ് കഥ.. കാഴ്ചകളും കാര്യങ്ങളും തുടർ യാത്രകളും ഇല്ലാതെ എവിടെയെങ്കിലും പോയി തിരിച്ചെത്തുന്നവരെപ്പോലെ സമഗ്രമായല്ലാതെ, ജോലികൾ മുഴുമിപ്പിക്കുന്നവരെ കളിയാക്കാനാണ് ഈ ശൈലി ഉപയോഗിക്കാറ്. ‘കഞ്ഞിയിൽ പാറ്റയിടുക’ എന്ന പ്രയോഗത്തിലെ പാറ്റ ഏതാണെന്നറിയില്ല. തങ്ങളുടെ ജീവിത വരുമാനം മുട്ടിച്ച് പട്ടിണിക്കിടല്ലേ എന്നാണ് ഈ പ്രയോഗത്തിന്റെ കാതൽ. .

കടപ്പാട് : വിക്കിപീഡിയ

ഒന്നര ഇഞ്ചിലധികം നീളവും ചുവപ്പ് കലർന്ന തവിട്ട് നിറവും, ഉള്ള ജോറന്മാരായ ഇവർക്ക് കുഞ്ഞ് തലയാണുള്ളത്. നമ്മുടെ അസ്ഥികൂടം ശരീരത്തിനുള്ളിലാണല്ലോ, എന്നാൽ കൂറകളുടെ അസ്ഥികൂടം കൈറ്റിൻ എന്ന ഉറപ്പുള്ള വസ്തുകൊണ്ട് നിർമ്മിച്ച പുറം കവർ ആണ്. ശക്തിയും ഉറപ്പുമുള്ള പുറം ചിറകുകളും ലോലമായ അടിച്ചിറകുകളും ഉണ്ടാകും. മുങ്കാലുകൾ കുറുകിയവയും പിങ്കാലുകൾ നീണ്ടതുമാണ് ഓട്ടത്തിന് പ്രത്യേക ശക്തി ലഭിക്കാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്. ഓട്ടത്തിൽ അതിവേഗക്കാരാണിവർ. മണിക്കൂറിൽ 5.4 കിലോമീറ്റർ എന്ന തോതിൽ ഓടും. അതായത് സ്വന്തം ശരീരനീളത്തിന്റെ 50 മടങ്ങ് ദൂരം ഒരു സെക്കന്റിൽ പായുമെന്ന് അർത്ഥം.. ഈക്കണക്കിന് പായാൻ നമുക്ക് കഴിയുമെങ്കിൽ നമ്മുടെ ഓട്ടത്തിന്റെ സ്പീഡ് മണിക്കൂറിൽ 330 കിലോമീറ്റർ എന്നായിരിക്കണം . ഉസൈൻ ബോൾട്ടൊക്കെ കൂറയുടെ മുന്നിൽ എന്ത്!

തലയിലെ നേർത്തു നീണ്ട ആന്റിനകൾ സധാ ചലിപ്പിച്ചുകൊണ്ടിരിക്കും. മുട്ട വിരിഞ്ഞ് നേരെ നിംഫുകളാണുണ്ടാവുക. ഇടയിൽ പ്യൂപ്പാവസ്ഥയൊന്നും ഇല്ല വെള്ള പാറ്റക്കുഞ്ഞുങ്ങൾ ഉറപൊഴിക്കൽ നടത്തി വളർന്ന് പൂർണ്ണ പാറ്റയാകാൻ സാധാരണ 3- 4 മാസമെടുക്കും.

നിംഫുകൾ ചിറകില്ലാത്ത കുഞ്ഞു പാറ്റകൾ തന്നെയാണ്. പെൺ പാറ്റ ഊത്തക്ക ( ootheca ) എന്നു വിളിക്കുന്ന മുട്ടസഞ്ചി ഉണ്ടാക്കി അതിൽ കുറച്ചധികം മുട്ടകൾ വഹിക്കും. ജീവിതകാലത്ത് ചിലപ്പോൾ എട്ട് തവണ ഊത്തക്ക പേറി നടക്കും. എല്ലാം കൂടി 300 – 400 കുഞ്ഞുങ്ങളുണ്ടാവും. ചില സ്പീഷിസുകൾ വാത്സല്യപൂർവ്വം കുഞ്ഞുങ്ങളെ പോറ്റും , ചിലവ കണ്ട ഭാവം കാട്ടില്ല.. എങ്കിലും പൊതുവെ സാമൂഹ്യജീവിതം പിന്തുടരുന്നവർ തന്നെയാണ് പാറ്റകൾ. ഇവയുടെ ആയുസ് ചില സാഹചര്യങ്ങളിൽ നാലഞ്ചു വർഷം വരെ നീളാം. ആശയ കൈമാറ്റത്തിനും ഇണകളെ ആകർഷിക്കാനും ഇവയും ഫിറമോണുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

അധ്വാനിക്കാതെ തീറ്റകണ്ടെത്താനാണ് പാറ്റകൾ മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയത്. അടുക്കളയാണ് ഇഷ്ട സ്ഥലം. ബാക്കിയായ ഭക്ഷണത്തിന്റെ പൊട്ടും പൊടിയും തിന്നു കരങ്ങിനടന്നും, അടച്ചുവെക്കാത്തപാത്രങ്ങളിലെല്ലാംകയറി തപ്പിയും , കഴുകാൻ വാഷ്ബേസിനിൽ വെച്ച പാത്രങ്ങളിൽ വെരകി നടന്നും രാത്രിയിലെ സുൽത്താന്മാരായി ഇവർ വാഴും.
ആളും ബഹളവും ഒഴിഞ്ഞ ഇരുളിലാണ് ഇവരുടെ സാമ്രാജ്യം സജീവമാകുക. പല ഒളിവിടങ്ങളിൽ നിന്നും പുറത്തിറങ്ങും . കക്കൂസ് ടാങ്കിൽന്റെ വിടവുകൾ, ഓടകൾ, മലിനജലം ഒഴുകുന്ന പൈപ്പിനകവശം തുടങ്ങി വൃത്തികെട്ട ‘മനോഹര’ സ്ഥലങ്ങളിൽ നിന്നെല്ലാം ശരീരമാസകലം മാലിന്യവും രോഗാണുക്കളും വാരിപ്പൂശിയാണ് പലപ്പോഴും അടുക്കളയിൽ അവതരിക്കുക. കീടാണുക്കളെ പരക്കെ പരത്തുന്നതിൽ കേമന്മാർ.. കോളറ, വയറിളക്കം , വയറുകടി , സന്നിപാതജ്വരം , മഞ്ഞപ്പിത്തം, ചില വിരബാധകൾ തുടങ്ങി H1 N1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും. അതുകൊണ്ട് കൂറകളോട് സൂക്ഷിച്ച് പെരുമാറിയാൽ മനുഷ്യർക്ക് നല്ലത്. പാറ്റയുടെ പൊടിപോലുമില്ല എന്നുകരുതിയ അടുക്കളകളിൽ 20-48% സ്ഥലത്തുനിന്നും പാറ്റകളുടെ അലെർജനുകൾ ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ ശരിയായ അവകാശികൾ ഒളിഞ്ഞിരിപ്പുണ്ടെങ്ങും എന്നോർത്തോളു.


പാറ്റയെക്കുറിച്ച് കൂടുതലറിയാന്‍

Happy
Happy
20 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19- സൗത്ത്കൊറിയ ലോകത്തിന് നല്‍കുന്ന പാഠം
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 1
Close