Read Time:18 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. അവസാനത്തെ അധ്യായം.  അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ


കേൾക്കാം


ഒരുപാട് സ്വപ്നങ്ങളും തന്ന് തക്കുടു പോയിട്ട് രണ്ടാഴ്ച ആകുന്നു. വല്ലാത്തൊരു ശൂന്യത എല്ലാർക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. “അവൻ ഇനി വരാതിരിക്കുമോ ” , അമ്മ ഇടയ്ക്കിടെ ആരോടെന്നില്ലാതെ ചോദിക്കും.

 അച്ഛൻ പറയും, ” അവൻ വരും മാലിനീ , വരാതിരിക്കില്ല. പക്ഷേ അവന് എന്നെങ്കിലും തിരിച്ചു പോകാതിരിക്കാൻ പറ്റില്ലല്ലോ”. 

തക്കുടു പോയതിന്റെ പിറ്റേന്നു തന്നെ അച്ഛനും അമ്മയും ഞാനും മാഷും കൂടി ചന്ദ്രശേഖരന്റെ വീട്ടിൽ പോയി . മാഷ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നറിയാതെ അയാൾ ആദ്യമൊന്ന് പതറി. അയാളുടെ ഭാര്യ പക്ഷേ സന്ദർഭത്തിനൊത്ത് ഉയർന്നു. ഏറെക്കാലമായി കാണാൻ കാത്തിരുന്ന ഒരു കൂട്ടുകാരിയെ എന്ന പോലെ തോളത്ത് കയ്യിട്ട് അവർ അമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഗണേശനും എന്റെയടുത്തു വന്നിരുന്ന് സ്ക്കൂളിലെ കാര്യങ്ങളും ഫുട്ബാൾ ക്ലബ്ബിന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞു തുടങ്ങി. അച്ഛനും മാഷും ചന്ദ്രശേഖറിനോട് കച്ചവട കാര്യങ്ങളും മകന്റെ വിദ്യാഭ്യാസ കാര്യങ്ങളും ഒക്കെയായി ചർച്ച . സേലത്ത് അനാഥനായി കഴിഞ്ഞ ബാല്യകാലത്തെക്കുറിച്ചും കള്ള വണ്ടി കേറി വടകരയിൽ വന്നിറങ്ങി ചായക്കടയിൽ പാത്രം കഴുകാൻ നിന്ന കാലത്തെക്കുറിച്ചും ചന്ദ്രശേഖർ സംസാരിച്ചത് ഒട്ടും അപകർഷതാബോധം ഇല്ലാതെയാണ്. ബാക്കിയൊക്കെ ഞങ്ങൾക്കറിയാവുന്ന കാര്യങ്ങളാണ്. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കഴിഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. ഗണേശൻ ഒരു നല്ല ഫുട്ബാൾ താരമായി വളരും എന്ന മാഷുടെ പ്രോത്സാഹനം കേട്ട് അവൻ വളരെ സന്തുഷ്ടനായിരുന്നു. എനിക്കും ഇപ്പോൾ അവനോടുളള ദേഷ്യമൊക്കെ പോയിത്തുടങ്ങിയിരിക്കുന്നു.

തിരിച്ചു പോരും വഴി അൻവർ മാഷ് പറഞ്ഞു, ” ദയാൽ സാബ് ഇന്നലെ രാത്രി വിളിച്ചിരുന്നു. കോടതി നടപടികൾ തുടങ്ങാൻ ഇനി രണ്ടാഴ്ചയേ ഉള്ളൂ. അതിനു രണ്ടു ദിവസം മുമ്പ് എല്ലാരും എത്തണം. വക്കീലുമായി സംസാരിക്കണം. അയാൾ ദയാലിന്റെ സുഹൃത്താണ്. ചാർവാകർ സ്വീകരണവും ഒരുക്കുന്നുണ്ട്. “

” ദയാൽ സാബിനോട് മറ്റേ കുന്ത്രാണ്ടം ചോദിക്കാൻ മറക്കണ്ട . എന്താരുന്നതിന്റെ പേര് ?”, ദിൽഷയാണ്.

മാഷ് ചിരിച്ചു. ” ഇൻഫ്രാറെഡ് കാണാനുള്ള സാധനല്ലേ ? തരാന്ന് പറഞ്ഞിട്ടുണ്ട് “

” ആ അത് അത്യാവശ്യാ ” , ദീപു ഗൗരവത്തിലാണ് പറഞ്ഞത്. “അതിലൂടെ തക്കുട്ടൂന്റെ സിൽമ കണ്ടിട്ടു വേണം അങ്ങോട്ട് പോണോ വേണ്ടയോ എന്ന് ദിൽഷയ്ക്ക് തീരുമാനിക്കാൻ “

എല്ലാരും ചിരിച്ചു. വരാൻ പോകുന്ന പൂനേ യാത്ര ഓർത്ത് എല്ലാരും വലിയ ആഹ്ളാദത്തിലായിരുന്നു.

*****

ഇക്കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ വെള്ള്യാംകല്ല് ടീം ഒന്നിച്ച് എന്റെ വീട്ടിൽ സൊറ പറഞ്ഞിരിക്കുമ്പോൾ അൻവർ മാഷ് പറഞ്ഞു, “വാ , നമ്മക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. “

“എവിട്യാ ” , എല്ലാരും ആകാംക്ഷയോടെ ചോദിച്ചു.

” രേശ്മേടെ വീട് വരെ “

“അയ്യോ ഞാനില്ല”, ഞാൻ ഉറക്കെ പറഞ്ഞു.

” അതു പറ്റൂല. ഞങ്ങൾ നിന്നെ കെട്ടിവലിച്ചു കൊണ്ടുപോകും “, ജോസ് ഉറപ്പിച്ചു പറഞ്ഞു. എല്ലാരും ജോസിനൊപ്പം ചേർന്നു.

അച്ഛൻ ചോദിച്ചു, “ഇവന് ആ കുട്ടിയോടെന്താ ഇത്ര ദേഷ്യം ?”

മാഷ് പറഞ്ഞു, “ഇത്തിരി അപകർഷതാബോധം, അത്രേ ഉള്ളൂ. ഇവൻ കണക്കില് ഇത്തിരി മോശാ. അവള് കണക്കിന്റെ   ആശാത്തീം. ക്ലാസിൽ എപ്പഴും ഒന്നാമതാ” 

” ഉണ്ണിയേട്ടാ, രേശ്മയ്ക്ക് ഇവനെ വല്യ ബഹുമാനാ . കാരണം അവൾക്ക് ഫുട്ബാൾ വല്യ ഇഷ്ടാ. ക്ലാസ്സിൽ ഒന്നാമതാണെന്ന ഭാവമൊന്നും അവൾക്കില്ല. പാവം കുട്ട്യാ ” , ദിൽഷയാണ് പറഞ്ഞത്.

രേശ്മയ്ക്ക് ഫുട്ബാൾ ഇഷ്ടാണെന്ന് എനിക്കറിയാം. കളി കാണാൻ എപ്പഴും വരും. പക്ഷേ എന്നോടു ബഹുമാനമോ – അതു വെറും പൊളി.

ഞാൻ ചോദിച്ചു,”എന്തിനാ ഇന്നിപ്പം തിടുക്കപ്പെട്ട് രേശ്‌മേ കാണുന്നെ ? നാളെ സ്കൂളിന്ന് കണ്ടാപ്പോരേ?”

           “അതു മതി. പക്ഷേ സൂരജ് സ്കൂളില് വരൂലല്ലോ “

          “അതാരാ ആള്?”

          “അത് രേശ്മേടെ ഏട്ടൻ . നമ്മടെ സ്കൂളിന്ന് പ്ലസ് റ്റു കഴിഞ്ഞ്, ചെന്നൈ ഐഐടിയിൽ നിന്ന് എഞ്ചിനിയറിംഗ് പാസ്സായി അടുത്ത കാലത്ത് ഐ എസ് ആർ ഒ യിൽ ശാസ്ത്രജ്ഞനായി ചേർന്ന പയ്യൻ. “

         ” ആ ,രേശ്മ എപ്പഴും ഏട്ടന്റെ കാര്യംപറയും “, മൈഥിലി പറഞ്ഞു. “ജ്യോതിശ്ശാസ്ത്രജ്ഞനാകണമെന്നും പറഞ്ഞ് നടന്നിട്ട് എഞ്ചിനിയറാകേണ്ടിവന്നതിൽ ദു:ഖിച്ചു നടക്വാരുന്നു പോലും “

          ” ആ ദു:ഖമൊക്കെ ഇപ്പം മാറി മൈഥിലീ . ഐ എസ് ആർ ഒ യിൽ അല്ലേ.അവനിപ്പം വീട്ടിൽ വന്നിട്ടുണ്ട്. അവനുമായി നമ്മടെ സ്പേസ് ബെൽറ്റും അവിടെ ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സ്ഥാപിക്കുന്നതിലെ ശാസ്ത്രം ഒന്നു ചർച്ച ചെയ്യാം. തക്കുടുന്റെ കാര്യം ആരും മിണ്ടിയേക്കരുത്. “

          ” തക്കുടു പറഞ്ഞതൊക്കെ നടക്കുംന്ന് മാഷ് ഇപ്പഴും വിശ്വസിക്കുന്നുണ്ടോ?”, ചോദ്യം ദീപൂന്റെ ആണ്.

         മാഷ് ചിരിച്ചു. “നമ്മുടെ കാലത്തൊന്നും നടക്കൂല ദീപൂ . പക്ഷേ അതൊരു ഗംഭീര സ്വപ്നം അല്ലേ? അസാധ്യമൊട്ടല്ല താനും. ശാസ്ത്രത്തിൽ  അസാധ്യം എന്നു കരുതിയ എന്തൊക്കെ കാര്യങ്ങൾ നടന്നിരിക്കുന്നു ! ഇതും നമ്മക്ക് കഴിവുള്ളവരിലേക്ക് കൈമാറാം. നമ്മള് തന്നെ എല്ലാം ചെയ്യണംന്ന് നിർബന്ധം വേണ്ട. “

         അച്ഛൻ പറഞ്ഞു,”മാഷേ , എന്നാ ഞാനും മാലിനീം കൂടി വരാം. നമ്മക്കൊരു കുടുംബ സൗഹൃദം സ്ഥാപിച്ചു കളയാം” .

         അതെല്ലാർക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾ രേശ്മയുടെ വീട്ടിലെത്തുമ്പോൾ സമയം ആറു  മണി. സൂരജേട്ടൻ ആണ് എതിരേറ്റത്. സൗഹൃദം നിറഞ്ഞ പെരുമാറ്റം. രേശ്‌മേടെ അച്ഛൻ ഉറമ്മറത്തു തന്നെ ഉണ്ടായിരുന്നു. ഞങ്ങടെ ശബ്ദം കേട്ട് രേശ്മയും അമ്മയും ഓടി വന്നു.

          മാഷ് ഞങ്ങൾക്കവരെ പരിചയപ്പെടുത്തി. അച്ഛൻ രാധാകൃഷ്ണ മേനോൻ . കൃഷി ഓഫീസറായി റിട്ടയർ ചെയ്തു. ഇപ്പഴും താൽപര്യം കൃഷയിൽത്തന്നെ. പച്ചക്കറികളും പഴങ്ങളും പശുക്കളും മീനും ഒക്കെയാണ് കൂട്ട്. അമ്മ  (ഉമ്മയെന്നും വിളിക്കാം ) ഫാത്തിമ. പ്രൈമറി സ്ക്കൂൾ അധ്യാപികയാണ്.

        കുഴിയിൽ നിന്നേ കായ്ച്ച തെങ്ങുകളും മുറ്റത്ത് കായ്ച്ചു നിൽക്കുന്ന കുറ്റിക്കുരുമുളകും കായ്കൾ നിറഞ്ഞ സപ്പോട്ട മരവും മാവും പ്ലാവും പേരയും സീതപ്പഴവും എല്ലാം തഴച്ചു നിൽക്കുന്നത് സന്ധ്യാ വെളിച്ചത്തിലും ഞങ്ങൾ കണ്ടു.

          സൂരജേട്ടനും അച്ഛനും അൻവർ മാഷെ നേരത്തേ അറിയാം. ഭാവിയിലെ സ്പേസ് ടെലിസ്കോപ്പിന്റെ ഡിസൈൻ വിഭാഗത്തിലാണ് ഏട്ടൻ ഇപ്പോൾ ഉള്ളത്. ഇഷ്ടപ്പെട്ട ജോലിയാണ്. ആ രംഗത്ത് ലോകത്തു നടക്കുന്ന ഗവേഷണങ്ങളെക്കുറിച് അയാൾ ആവേശത്തോടെ സംസാരിച്ചു. അത് ഒരവസരമായി കണ്ട് മാഷ് ഭൂസ്ഥിര പഥത്തിൽ ഒരു വിക്ഷേപണ കേന്ദ്രത്തിന്റെ സാധ്യത ആരാഞ്ഞു. സ്പേസ് ഇലവേറ്ററിന്റെ സാധ്യതയും അതിന് ഗ്രാഫീൻ ഉല്പാദനത്തിന്റെ പരിമിതിയും ഒക്കെ സൂരജേട്ടൻ തന്നെ അവതരിപ്പിച്ചത് കേട്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. അവിടെ സോളാർ പാനലുകളുടെ ഒരു വിശാല നിര സ്ഥാപിക്കുന്ന കാര്യം മാഷ് പറഞ്ഞപ്പോൾ സൂരജേട്ടന് വലിയ താല്പര്യമായി. ഇന്നത്തെ ലോക രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന സൂരജേട്ടന്റെ അഭിപ്രായത്തോട് മാഷും യോജിച്ചു. 

             സംസാരം കൂടുതൽ സാങ്കേതിക കാര്യങ്ങളിലേക്കു കടന്നപ്പോൾ ഞങ്ങൾ രേശ്മയോടൊപ്പം അവരുടെ പുസ്തക അലമാരകൾ പരതാൻ പോയി. എത്ര പുസ്തകാ ! നോവലും കവിതേം കഥേം ചരിത്രോം ശാസ് ത്രോം ഗണിതോം … അച്ഛൻ എവിടെപ്പോയാലും കുറേ പുസ്തകവുമായിട്ടേ തിരിച്ചു വരൂ എന്ന് രേശ്മ പറഞ്ഞു.

         തിരിച്ചെത്തിയപ്പോൾ രേശ്മേടെ അച്ഛൻ പറഞ്ഞു, ” വായിക്കണേങ്കി പുസ്തകം എടുത്തോ ട്ടോ. മോൾടെ അടുത്ത് കൊടുത്തയച്ചാ മതി. ” 

          ടീച്ചർ പറഞ്ഞു, “അതെന്തിനാ , അവരു തന്നെ കൊണ്ടെത്തരട്ടെ?”

           അൻവർ മാഷ് അത് ഒരവസരമാക്കി. മാഷ് പറഞ്ഞു, “അതാ നല്ലത്. ഞങ്ങൾ ഒരു പഠന ഗ്രൂപ്പ് തുടങ്ങീട്ടുണ്ട്. അതിൽ രേശ്മ യും ഉണ്ടാക്കണംന്നാ ഇവരുടെ ആഗ്രഹം.  ഇപ്പം ഞങ്ങള് എല്ലാ ഞായറാഴ്ചയും യദൂന്റെ വീട്ടിലാ കൂടാറ്. ഇനി ഇവിടേം ആകാം. പക്ഷേ നിങ്ങടെ പേരേം സപ്പോട്ടേം ഒക്കെ എന്താവുംന്നാ പേടി. “

“അതു പേടിക്കണ്ട . ഇപ്പ ത്തന്നെ അതൊക്കെ കിളികൾക്കുള്ളതാ “

അതെനിക്ക് ഇഷ്ടപ്പെട്ടു. എന്നാ രേശ്മയും കൂടി ഗ്രൂപ്പില് വന്നോട്ടെ. വായിക്കാൻ പുസ്തകോം കിട്ട്വല്ലോ. 

ക്ലോക്കിൽ സമയം ഏഴര. രാത്രി ഭക്ഷണം സൂരജിന്റെ അമ്മ ഒരുക്കിയിരുന്നു. അവർ  പറഞ്ഞു, “നിങ്ങൾ ഇന്നു വന്നത് നന്നായി. ഞങ്ങൾ പൊതുവേ , സൂരജിന്റെ ഭാഷയിൽ പറഞ്ഞാൽ പുല്ലു തീനികളാ. ഇവൻ വരുമ്പഴാ മട്ടൺ വാങ്ങുക. ഇവനിഷ്ടം മട്ടൺസ്റ്റ്യൂവും വെള്ളാപ്പോം ആണ് . രേശ്മയ്ക്കും അതിഷ്ടാ “

ഞാൻ പതുക്കെപ്പറഞ്ഞു, “എനിക്കും “

” ഉം.. “, ദിൽഷ ഒന്ന് ഇരുത്തി മൂളി ” ഇനി സൂരജേട്ടൻ വരുമ്പം യദൂനേം അറിയിക്കണേ .”

എല്ലാരുടേം ചിരിക്കിടയിൽ രേശ്മേടെ അച്ഛൻ പറഞ്ഞു ” യദൂനെ മാത്രം ആക്കണ്ട ,എല്ലാരേം അറിയിക്കാം. “

രേശ്മയെയും സൂരജിനേം പോലെ വായിക്കണം, പഠിക്കണം , ശാസ്ത്രജ്ഞനാകണം എന്ന ആഗ്രഹവുമായാണ് തിരിച്ചു പോന്നത്. അതെത്ര ദിവസത്തേക്ക് ഉണ്ടാകുമെന്നറിയില്ല.

           ഒരാഴ്ച കൂടി കടന്നുപോയി. സ്കൂളിൽ എന്നും ഉച്ചയ്ക്ക് രേശ്മ ഞങ്ങടെ വെള്ളിയാംകല്ല് ഗ്രൂപ്പിലെത്തും. ഞങ്ങളിൽ വെള്ളിയാംകല്ല് സന്ദർശിക്കാത്ത ഏക അംഗം. ഞങ്ങൾ എല്ലാ കാര്യങ്ങളും അവളോടു പറഞ്ഞു, ഏട്ടനോടു പോലും പറയില്ല എന്ന മുൻധാരണയോടെ. അവൾ എല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു. ആദ്യം വിശ്വസിച്ചില്ല. പക്ഷേ, പതുക്കെ വിശ്വാസമായി . കാരണം അൻവർ മാഷ് നുണ പറയില്ല എന്നവൾക്കുറപ്പുണ്ടായിരുന്നു. തക്കുടുവിനോട് മാഷ് അവളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അവൻ ഇനി വരുമ്പോൾ വിളിക്കും എന്നും പറഞ്ഞപ്പോൾ സന്തോഷായി.

ഇന്നിപ്പോൾ ഞായറാഴ്ചയാണ്. സന്ധ്യയായി. എല്ലാരും എന്റെ വീട്ടിലുണ്ട്. തക്കുടു വന്നെങ്കിലോ എന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ്. വന്നാലും ഇല്ലെങ്കിലും രാത്രി ഒമ്പതു മണി കഴിഞ്ഞാൽ പെൺകുട്ടികളെ വീട്ടിലെത്തിക്കുമെന്ന് മാഷ് വാക്കു കൊടുത്തിട്ടുണ്ട്. അച്ഛനും രേശ്മ യും തമ്മിൽ വലിയ കമ്പനി ആയിക്കഴിഞ്ഞു. ഇപ്പോൾ അച്ഛൻ കള്ള മഹർഷിയുടെ തടവിൽ കഴിഞ്ഞ അനുഭവങ്ങൾ പങ്കിടുകയാണെന്നു തോന്നുന്നു. ബാക്കി ഞങ്ങളെല്ലാരും മുറ്റത്താണ്. എല്ലാരുടേം കണ്ണ് മാനത്തും. 

കൂട്ടം തെറ്റിപ്പറക്കുന്ന ഓരോ കാക്കയെയും ഓരോ പ്രാവിനെയും ഞങ്ങൾ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്നു. കവ്വയോ കബൂത്തറോ ആണെങ്കിലോ.

അമ്മ പറഞ്ഞു, “എനിക്ക് ചിലപ്പത്തോന്നും ഒക്കെ ഒരു സ്വപ്നാരുന്നെന്ന്. പക്ഷേ ഉണ്ണിയേട്ടനെ  അടുത്തു കാണുമ്പം അങ്ങനെ വിശ്വസിക്കാനും പറ്റുന്നില്ല. “

” സ്വപ്നാണെങ്കിലും സാരംല്ല പ്രതീക്ഷ നൽകുന്ന സ്വപ്നാണല്ലോ. എല്ലാരും ഒരേ സ്വപ്നാണല്ലോ കണ്ടതും “, മാഷ് ആശ്വസിപ്പിച്ചു.

“എന്റെ കർമം കഴിഞ്ഞു , ഇനി എന്റെ ആവശ്യം ഇല്ല എന്നെങ്ങാൻ വിചാരിച്ച് ആ കുട്ടി വരണ്ട എന്നെങ്ങാൻ വെച്ചാലോ ?”

എനിക്കു ചിരി വന്നു. അമ്മയോളം പ്രായം ഉള്ള ഒരു അന്യഗ്രഹയുവാവിനെ അമ്മ ഇപ്പഴും തന്റെ കുട്ടി ആയിട്ടാണ് കരുതുന്നത്.

ദിൽഷ പറഞ്ഞു, “ഇല്ല ചേച്ചീ, തക്കുടുവരും , വരാതിരിക്കില്ല. ഒരു ദിവസം ഉണ്ണിയേട്ടന്റെ തോളത്ത് കബൂത്തറും ചേച്ചീടെ തോളത്ത് കവ്വായും പറന്നിരുന്ന് പറയും , കുട്ട്യളേം മാഷേം ഒക്കെ വിളിച്ചോ. സന്ധ്യയ്ക്ക് തക്കുടുവരും. “

” അപ്പം എന്നേം വിളിക്കാൻ മറക്കല്ലേ ” , രേശ്മ ഓർമിപ്പിച്ചു.

“ഇല്ല മോളേ .നിന്നെ എന്തായാലും വിളിക്കും”, അമ്മ അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

തക്കുടു ഈ ലക്കത്തോടെ അവസാനിച്ചു…


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം

 

27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി

28 . മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം

29. തക്കുടൂ, നിങ്ങക്കെന്താ പണി ?

30. മാനത്തൊരു സ്റ്റേഡിയം

31. തക്കുടുവിന്റെ ലോകം

32. സ്വപ്നത്തിൽ എന്തിനു പിശുക്ക്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
83 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post അന്താരാഷ്ട്ര വനിതാദിനം 2022 – ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്
Next post മലയാളം കമ്പ്യൂട്ടിംഗിന് ഒരാമുഖം
Close