Read Time:14 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


നിങ്ങള്‍ തക്കുടൂനെ കണ്ടിട്ടുണ്ടോ? ഇല്ല, ഉണ്ടാവില്ല. ഞാന്‍ പോലും ശരിക്കു കണ്ടിട്ടില്ല. പക്ഷേ ശബ്ദം കേട്ടാല്‍ എനിക്കറിയാം. നല്ല മണികിലുങ്ങും പോലത്തെ ശബ്ദമാണ്. ചിരിക്കുമ്പം പ്രത്യേകിച്ചും.

അതുകൊണ്ട് ഞാന്‍ എപ്പഴും എന്തെങ്കിലും വികൃതികാട്ടി അവനെ ചിരിപ്പിക്കും.

‘അവനെ ‘ എന്നു പറയാന്‍ പറ്റ്വോ? ഒരുപക്ഷേ അവള്‍ ആണെങ്കിലോ? അവരുടെ ലോകത്ത് ആണും പെണ്ണും ഉണ്ടോന്നു തന്നെ ആരുകണ്ടു.

അങ്ങനെ ആയാല്‍ എന്തു ഭാഗ്യാ, ല്ലേ? ആരുടേം കൂടെ കൈപിടിച്ചു നടക്കാം. ടീച്ചറുടെ ചീത്ത കേക്കണ്ട. ഇന്നാള് സുഹറേടെ അടുത്തൊന്ന് ഇരുന്നേന് ദിനേശന് എത്ര ചീത്തയാ കിട്ട്യെ. വിലാസിനിട്ടീച്ചര്‍ ഭയങ്കര സാധനാ. അന്‍വര്‍മാഷ് മാത്രേ ആണ്‍കുട്ട്യളേം പെണ്‍കുട്ട്യളേം അടുത്തിരിക്കാന്‍ സമ്മതിക്കൂ.

ആണോ പെണോ എന്തോ ആട്ടെ, ഞാന്‍ തക്കുടൂനെ അവന്‍ എന്നേ വിളിക്കൂ.

തക്കുടൂനെ ഞാന്‍ ആദ്യം കാണുന്നത് – അല്ല, കേള്‍ക്കുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പഴാ. ഞാനന്ന് മഹാ മടിയനാ? പഠിക്കാനാണേ മടി, കളിക്കാന്‍ നല്ല ഇഷ്ടാ. കണക്കിനു പകരം ഫുട്ബാള്‍ പഠിച്ചാപ്പോരേ? എന്നാ എന്നെ തോല്പിക്കാന്‍ ആരും ഉണ്ടാoവില്ല.

‘ഇന്നെന്തായാലും നന്നായി ശ്രദ്ധിക്കണം’ എന്നൊക്കെ വിചാരിച്ചാ ക്ലാസ്സിലിരിക്ക്യ. കൊറച്ചു കഴിയുമ്പം എന്തെങ്കിലും സ്വപ്നം വന്ന് തലേക്കേറും. ചെലപ്പം മെസ്സിയേക്കാള്‍ വലിയ കളിക്കാരനായി ലോകകപ്പ് ഇന്ത്യയിലേയ്ക്കു കൊണ്ടുവരുന്ന സ്വപ്നാകും. ചെലപ്പം വലിയ രാഷ്ട്രീയ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി ആയി രാജ്യത്ത് പട്ടിണി ഇല്ലാതാക്കുന്ന സ്വപ്നാവും.

ഒരീസം ഓണം ബമ്പറടിച്ച് കൂട്ടുകാര്‍ക്കെല്ലാം ബിരിയാണി വാങ്ങിക്കൊടുത്ത് ആഘോഷിക്കുന്നതിനിടയ്ക്കാണ് സൈബുന്നീസ ടീച്ചറുടെ ചോദ്യം “72 നെ 8 കൊണ്ട് ഹരിച്ചാല്‍ എന്താ കിട്ടുക, യദു പറ.”

ഒറപ്പല്ലേ, ടീച്ചറുടെ ചീത്തതന്നെ. വേറെന്തു കിട്ടാന്‍! പക്ഷേ അതു പറഞ്ഞില്ല. പകരം, മിണ്ടാതെ തലകുനിച്ചു നിന്നു.

എന്തിനാ പാവം 72 നെ ഇങ്ങനെ ഹരിക്കുന്നെ? ഹരിക്കണ്ടാന്നു വെച്ചാ പോരേ? പക്ഷേ, അതു പറ്റില്ലല്ലോ‌? ഇല്ലെങ്കില് എന്തു പറഞ്ഞാ ടീച്ചര്‍ക്ക് കുട്ട്യളെ ചീത്തവിളിക്കാന്‍ പറ്റ്വ? നീയൊന്നും നന്നാവില്ലാന്ന്  എങ്ങന്യാ ശപിക്ക്യ?

പക്ഷേ, ഇക്കുറി ടീച്ചര്‍ ചീത്തയൊന്നും വിളിച്ചില്ല. മുഖത്ത് ഒരു പുച്ഛഭാവം വരുത്തീട്ട് ചോദ്യം രേശ്മയോട് ചോദിച്ചു. ഉത്തരം റെഡി: 9. അതുതന്നെയാവും ശരി. കാരണം രേശ്മയ്ക്ക് കണക്ക് തെറ്റൂല.

പക്ഷേ, എന്തിനാ ഇങ്ങനെ ഹരിക്കുന്നത് എന്ന് പിടികിട്ടീല്ലല്ലോ. ക്ലാസ് കഴിയട്ടെ, രേശ്മയോടു തന്നെ ചോദിക്കാം.

ക്ലാസ് കഴിഞ്ഞ് നേരെ ഗ്രൗണ്ടിലേക്കോടി. അവിടെയും ഇന്ന് ദുര്‍ദിനമായിരുന്നു. വീണ് ഇടതു കയ്യിലെ തോലെല്ലാം പോയി. ശരിക്കും വീണതല്ല, കീചകന്‍ തള്ളിയിട്ടതാണ്. തടിയന്‍ ഗണേശന് കുട്ടികളിട്ട ഇരട്ടപ്പേരാണ് കീചകന്‍. അവന്‍ തനി ഗുണ്ടയാ. പന്തുമായി മുന്നേറുന്നവരെ തട്ടിവീഴ്ത്തി അവന്‍ നിന്ന് ഉറക്കെ ചിരിക്കും. തല്ലിക്കൊല്ലാന്‍ തോന്നും. പക്ഷേ, ആ തടിമാടനെ എല്ലാവര്‍ക്കും പേടിയാ.

കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പം സന്ധ്യയായി. അമ്മ ഇനിയും എത്തിയിട്ടില്ല. വരാന്‍ ഏഴരയാകും. ഏഴുമണീടെ  വണ്ടിക്കുകൂടി പച്ചക്കൊടി കാണിച്ചിട്ടേ പോരൂ. ഇന്നാള് അടുത്ത വീട്ടിലെ നൂര്‍ബിനത്താത്തയോടു പറയ്യാ, അമ്മയ്ക്കവിടെ ഭയങ്കര പവറാ പോലും. അമ്മ പച്ചക്കൊടിക്കു പകരം ചോപ്പുകൊടിയെങ്ങാന്‍ കാട്ട്യാപ്പിന്നെ വണ്ടി ഒരടി മുന്നോട്ടു പോവൂല പോലും. അപ്പം ത്താത്ത പറയ്യാ, “ശരിയാ തീവണ്ടി പോവൂല, പകരം മാലിനിച്ചേച്ചീടെ ജോലിയാ പോവ്വാന്ന്.” എന്നിട്ട് രണ്ടാളും കൂടി ചിരിയോടു ചിരി.

അമ്മ വല്ലപ്പോഴുമേ തമാശ പറയൂ. എന്നോടെപ്പഴും വല്യ ഗൗരവാ. കണ്ടാ തോന്നും അച്ഛനെ നഷ്ടപ്പെട്ടത് ഞാന്‍ കാരണാന്ന്. ഇടയ്ക്ക്  കെട്ടിപ്പിടിച്ച് കരയ്യേം ചെയ്യും. പണ്ട്, അച്ഛനുള്ളപ്പം ഇങ്ങനെയൊന്നും അല്ല. രണ്ടാളും കൂടി തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കും. ട്രെയിന്‍ യാത്രയ്ക്കിടയിലെ ഓരോരോ സംഭവങ്ങള്‍ അച്ഛന്‍ പറയും. അച്ഛന്‍ തീവണ്ടീല് ടിക്കറ്റ്  പരിശോധകനായിരുന്നേ. അമ്മയ്ക്കന്ന് ജോലിയില്ല.

അച്ഛന്‍ നാലു ദിവസം കൂടുമ്പഴേ വരൂ.  അതുവരെ അമ്മയ്ക്ക് വര്‍ത്താനം പറയാന്‍ മാളൂട്ടിയുണ്ട്. ഞങ്ങടെ പയ്യാ മാളൂട്ടി. മാളൂട്ടീടെ മോള് പിങ്കി. രണ്ടാള്‍ക്കും അമ്മ പറയുന്നതെല്ലാം മനസ്സിലാകും. “പിണ്ണാക്ക് തീര്‍ന്നൂട്ടോ. ഇന്നിത്തിരി കഞ്ഞികുടിച്ചോ.” എന്നു പറഞ്ഞാ രണ്ടാളും തലയാട്ടും. എന്നിട്ട് കുടിക്കും.

ശാന്തിക്കും മനസ്സിലാകും അമ്മേടെ ഭാഷ. “മീന്‍ കാക്ക കൊണ്ടോവാണ്ട് നോക്കണം ട്ടോ, ഞാനിപ്പ വരാം.” എന്നും പറഞ്ഞ് അമ്മ അടുപ്പൂതാന്‍ പോയാല് അവള് ‘മ്യാവൂ, മ്യാവൂ’ ന്നും പറഞ്ഞ് അവിടെത്തന്നെ ഇരുന്നോളും.

വൈകുന്നേരായാല്‍ നൂര്‍ബിനത്താത്തയും കുട്ട്യളും എത്തും, സുമതിച്ചേച്ചീം വരും. പിന്നെ തമാശേം പൊട്ടിച്ചിരീം തന്നെ.

ഇപ്പം അതൊന്നും ഇല്ല. അമ്മയ്ക്ക് രാവിലെ ജോലിക്ക് പോകണം. വൈകിയേ വരൂ. പയ്യിനെ വിറ്റു. നൂര്‍ബിനത്താത്ത ഞാറാഴ്ച മാത്രം വരും. ശാന്തിപ്പൂച്ച പോലും  വരാതായി. അമ്മ കളീം ചിരീം മറന്നു. എപ്പഴും സങ്കടം തന്നെ.

രാവിലെ പൂച്ചട്ടീടെ അടീല് ഒളിപ്പിച്ചുവെച്ചുപോയ താക്കോലെടുത്ത് ഞാൻ വീട് തുറന്നു. ലൈറ്റിട്ട്, സാമൂഹ്യപാഠത്തിന്റെ പുസ്തകം എടുത്ത് മേശപ്പുറത്ത് നിവര്‍ത്തിവെച്ചു. അമ്മ വരുമ്പം പഠിക്ക്യാന്ന് തോന്നണല്ലോ. വയറ് കത്തിക്കാളുമ്പം വായിച്ചാല്‍ എന്തെങ്കിലും മനസ്സിലാവ്വോ!

അമ്മ വന്നു. മുഖത്ത് ഒരു പ്രസാദോം ഇല്ല. ഒന്നും മിണ്ടാതെ കുറച്ചുനേരം എന്നെത്തന്നെ നോക്കിനിന്നു. എന്നിട്ടു ചോദിച്ചു, “ടീച്ചര്‍ ഇന്ന് മനക്കണക്ക് ചോദിച്ചിട്ട് നീ പറഞ്ഞോ?”

ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നു. സൈബുന്നീസട്ടീച്ചറ് ഏഷണി ഒപ്പിച്ചിരിക്കുന്നു.

“ടീച്ചറ് ക്ലാസ്സില് ഹരണം പഠിപ്പിച്ചപ്പം നീ എന്തെടുക്വാരുന്നു?”

എന്തെടുക്ക്വാരുന്നു? എന്തു സ്വപ്നാ അന്നു കണ്ടത്? വിമാനത്തിലെ പയലറ്റ് ആയി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന സ്വപ്നായിരുന്നോ? എന്തായാലും ഞാനൊന്നും മിണ്ടിയില്ല.

“72 ല്‍ 8 എത്ര പ്രാവശ്യം പോകുംന്ന് നിനക്കറിയില്ലേ?,” അമ്മ വിടാന്‍  ഭാവമില്ല. രേശ്മ പറഞ്ഞ ഉത്തരം ഇനി പറഞ്ഞിട്ടെന്താ കാര്യം! അതുകൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.

അമ്മയ്ക്ക് ദേഷ്യോം സങ്കടോം ഒന്നിച്ചുവന്നു. മുറീല് പോയി കട്ടിലില്‍ കമിഴ്ന്നുകിടന്നു കരയാന്‍ തുടങ്ങി. എനിക്കും കരച്ചില് വന്നു. വിശപ്പും കയ്യിലെ നീറ്റലും സഹിക്കാന്‍ പറ്റുന്നില്ല. അമ്മേടെ കയ്യില് ഒരു പൊതിയുണ്ട്. പക്ഷേ എങ്ങനെ ചോദിക്കും!

അപ്പഴാണ് ചെവീടെ അടുത്തുനിന്നൊരു ശബ്ദം: “മണ്ടൂസേ, 9 എന്നു പറഞ്ഞുകൂടാരുന്നോ?”

ആരാ അത്? ഞാന്‍ ചുറ്റും നോക്കി. ആരേം കാണുന്നില്ലല്ലോ.

“നോക്കണ്ട, എന്നെ നിനക്കു കാണാന്‍ പറ്റില്ല. കേട്ടാ മതി. നിനക്ക് ഇങ്ങനെ ചിന്തിച്ചുകൂടെ? ഒരു ബക്കറ്റില്‍ 72 കപ്പ് വെള്ളം ഉണ്ട്. 8 കപ്പ് വെള്ളം കൊള്ളുന്ന ഒരു മഗ്ഗ് കൊണ്ട് നീ അത് മുക്കി എടുക്കുന്നു. എത്ര പ്രാവശ്യം എടുക്കാന്‍ പറ്റും?”

“നോക്കട്ടേ. രണ്ടു പ്രാവശ്യം മുക്കിയാ 16. പിന്നെ 24. നാലാമത് 32… ഇങ്ങനാല്ലേ രേശ്മയ്ക്ക് 9 കിട്ട്യേത്. അതെളുപ്പം ല്ലേ.”

“ഹരണംന്ന് പറഞ്ഞാ ഇത്രേ ഉള്ളൂ. അമ്മേടെ കയ്യില് 12 നെയ്യപ്പം ഉണ്ട്. 3 എണ്ണം വീതം എത്രപേര്‍ക്ക് കൊടുക്കാന്‍ പറ്റും? ”

നെയ്യപ്പംന്ന് കേട്ടപ്പം വയറ് ആളിക്കത്തി. എങ്കിലും ഞാന്‍ പറഞ്ഞു, “4 പേര്‍ക്ക്. പക്ഷേ അങ്ങനെ വേണ്ട. ആറെണ്ണം എനിക്കു വേണം. ബാക്കി ആര്‍ക്കാന്നുവെച്ചാ കൊടുത്തോട്ടെ.”

മണികിലുങ്ങും പോലത്തെ ഒരു ചിരി. ഞാന്‍ ചോദിച്ചു, “എന്താ നിന്റെ പേര്?”

“എനിക്കാരും പേരിട്ടിട്ടില്ല. നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ?”

“അതെന്താ നിന്റെ അമ്മേം അച്ഛനും ഒന്നും നിനക്കു പേരിടാഞ്ഞെ? ഞാന്‍ നിന്നെ ഉക്കുറൂന്ന് വിളിക്കട്ടേ? അല്ലെങ്കി പക്രൂന്നായാലോ? അല്ലെങ്കി വേണ്ട, തക്കുടൂ ന്നാകാം. പണ്ട് അച്ഛന്‍ തക്കുടൂന്നാ എന്നെ വിളിച്ചിരുന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയാ ആദ്യം എന്നെയാ വിളിക്ക്യ: എന്റെ തക്കുടു എവിടേ?”

“എന്നിട്ടിപ്പം അച്ഛന്‍ എവിടെ?”

“അച്ഛന്‍ എങ്ങോ പോയി. ആരോ തട്ടിക്കൊണ്ടു പോയീന്നാ അമ്മ പറയുന്നെ. ആരാന്ന് ചോദിച്ചാ അമ്മ കരയും.”

“ആരാന്ന് അമ്മയ്ക്ക് ശരിക്കും അറിയ്യോ?”

“അറിയാന്നു തോന്നുന്നു. പേടിച്ചിട്ട് പറയാത്തതാ?”

“ശരി, നമ്മക്ക് അന്വേഷിക്കാം. ഞാന്‍ ഇന്ന് നിങ്ങടെ ഫുട്ബാള്‍ കളി കണ്ടിരുന്നു. ആ തടിയന്‍ നിന്നെ തട്ടിവീഴ്ത്തീട്ട് നീ എന്താ ഒന്നും മിണ്ടാഞ്ഞെ?”

“അവന്‍ ഗുണ്ടയാ. എനിക്കവനെ പേടിയാ. എല്ലാര്‍ക്കും പേടിയാ.”

“ഉം സാരംല്ല. നമ്മക്കവനെ നേരെയാക്കാം. നാളെ സ്കൂളില്‍ പോകുമ്പം  ഇതാ ഈ സാധനം ചെവീല് വെച്ചോളൂ. ചെറുതാ, ആരും ശ്രദ്ധിക്കില്ല. ഇനി നീ അമ്മേടെ അടുത്തേക്ക് ചെല്ല്. അമ്മയോടു പറ ഇനി കണക്കൊന്നും തെറ്റിക്കില്ലാന്ന്. ടീച്ചറുടെ ക്ലാസ്സില് ശ്രദ്ധിക്കൂന്ന്. കെട്ടിപ്പിടിച്ച് അമ്മയ്ക്ക് ഒരുമ്മേം കൂടി കൊടുത്തോളൂ. നാളെ കാണാം.”

വായുവില്‍ ഒരിളക്കം. തക്കുടു  പോയ്ക്കഴിഞ്ഞു. അവന്‍ തന്ന, കുപ്പായക്കുടുക്കിനോളം പോന്ന ബ്രൗണ്‍ സാധനം ബാഗിന്റെ പോക്കറ്റിലിട്ട് ഞാന്‍ അമ്മേടെ അടുത്തേയ്ക്ക് ഓടി.

തുടരും.. എല്ലാ ശനിയാഴ്ച്ചയും

 


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
67 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എംബ്രയോ – പരീക്ഷണശാലയിൽ ജീവൻ കുരുക്കുമ്പോൾ
Next post ലൂക്ക ചാന്ദ്രദിനക്വിസിൽ പങ്കെടുക്കാം
Close