Read Time:14 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനാറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ


കേൾക്കാം


എല്ലാരും തിരിച്ചെത്തിയപ്പം നാലുമണി. വെള്ള്യാം കല്ലിലെ തിരയടി മനസ്സിലിപ്പോഴും ബാക്കി. ഇനി ഇന്ന് ഉറങ്ങണ്ടെന്ന് എല്ലാരും തീരുമാനിച്ചു. അമ്മ എന്തായാലും അഞ്ചരയ്ക്ക് എണീക്കണം. ജോലിക്ക് പോണ്ടേ. ഞങ്ങക്ക് സ്കൂളിലും പോണം. ഉറക്കം ക്ലാസ്സിലാകാം. ടീച്ചര്‍മാരുടെ ചീത്തകിട്ടും. സാരമില്ല.

തക്കുടുവിന് വെളിച്ചാകും മുമ്പേ പോണം. പോകും മുമ്പ് അവന്‍ എല്ലാരോടും ആയി പറഞ്ഞു, “നമ്മളിന്നലെ എവിടേം പോയിട്ടില്ല. രാത്രി മുഴുവന്‍ ഈ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.  മനസ്സിലായല്ലോ?”

“ഓ, മനസ്സിലായി”, കുട്ടികളെല്ലാം ഒന്നിച്ചുപറഞ്ഞു.

“എന്നാ ഗുഡ്നൈറ്റ്. യദൂം മാഷും എന്റെ കൂടെ പുറത്തേക്കു വാ.”

ഞങ്ങള്‍ തക്കുടുവിന്റെ പിന്നാലെ ചെന്നു. അവന്‍ പറഞ്ഞു, “യദൂ സൂക്ഷിക്കണം. സ്കൂളിലേക്കും തിരിച്ചും തനിച്ചു നടക്കണ്ട. മാഷ് ഇവനെ ശ്രദ്ധിച്ചോളണം. എന്റെ കാക്ക പോലീസ് ഒപ്പം ഉണ്ടാകും. യദുവിന്റെ ചെവിയില്‍ ഞാന്‍ തന്ന യന്ത്രം വെച്ചോളൂ. കാക്ക പറയുന്നത് കേള്‍ക്കാനാ.”

മാഷ് പറഞ്ഞു, “യദൂനെ ഞാനെന്റെ സ്കൂട്ടറില്‍ എത്തിച്ചോളാം.”

“ശരി. മാലിനിച്ചേച്ചിക്ക് അതൊരാശ്വാസാ. എങ്കില്‍ നാളെ കാണാം.” തക്കുടു പോയ്ക്കഴിഞ്ഞു.

ഞങ്ങള്‍ തിരിച്ചു ചെന്നപ്പം  ഭയങ്കര ചര്‍ച്ചയാണ്.  തക്കുടൂന്റെ നാട്ടുകാരെ നമ്മള്‍ എന്താ വിളിക്ക്യ, കേരളത്തിലുള്ളോരെ കേരളീയര്‍ എന്നു വിളിക്കുംപോലെ.

ഞാന്‍ പറഞ്ഞു, “അതിന് ദില്‍ഷേം മൈഥിലീം അല്ലേ അവിടെ പോണുള്ളൂ. അവിടെച്ചെന്ന് എന്തു വിളിച്ചിട്ടും കാര്യോം ഇല്ല. ചെവിയില്ലാത്ത കൂട്ടരല്ലേ.”

“അതു ശരിയാ. എന്നാലും ഒരു പേരു വേണം. ചൈനക്കാര്‍ എന്നു പറയും പോലെ ല്യൂട്ടന്‍കാര്‍ എന്നു പറഞ്ഞാപ്പോരേ?”, ദീപൂന്റെ നിര്‍ദേശം.

“തല്‍ക്കാലം അങ്ങനെയാവട്ടെ”, മാഷ് സമ്മതിച്ചു. “കൊറേക്കൊല്ലം കഴിഞ്ഞ് ദില്‍ഷേം മൈഥിലീം ബുന്ധുക്കളെ കാണാന്‍ തിരിച്ചുവരുമ്പം നമ്മളു പറയും അതാ രണ്ടു ല്യൂട്ടന്‍കാരികള്‍ വന്നിട്ടുണ്ട്. നമ്മക്കെന്താ കൊണ്ടുവന്നേന്നു നോക്കാം.”

അമ്മ ചിരിയോടു ചിരി. മാഷ് ചോദിച്ചു, “എന്താ മാലിനി ചിരിക്കുന്നെ?”

അമ്മ പറഞ്ഞു, “ഒന്നൂല്ല, ഞാന്‍ ചിന്തിച്ചുപോയതാ. പതിനാറും പതിനാറും മുപ്പത്തിരണ്ടു വര്‍ഷം യാത്രയ്ക്ക്. പിന്നെ അവിടുത്തെ താമസവും. ഇവിടുന്നു കൊണ്ടുപോയ കുപ്പായം എല്ലാം പിഞ്ചിപ്പോയിട്ടുണ്ടാകും. അപ്പം ആ വരവ് ഒന്നു മനസ്സില്‍ കണ്ടതാ. കാണാന്‍ ഞാനൊന്നും ബാക്കിണ്ടാവൂലാന്നും വെച്ചോ.”

“അതു മാത്രല്ല ചേച്ചീ” ,ദീപു കൂട്ടിച്ചേര്‍ത്തു. “കയ്യോടു തുന്നിച്ചേര്‍ത്ത രണ്ടു ചിറകുണ്ടാകും. കണ്ണുംചെവീം എടുത്തു കളഞ്ഞിട്ട് രണ്ട് ആന്റിനേം ഫിറ്റു ചെയ്തിട്ടുണ്ടാകും. എല്ലാം ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതാവും.”

എല്ലാരും ചിരിച്ചു മറിയുമ്പം ഈ ജോസ് മാത്രം എന്താ കാര്യമായി വരച്ചോണ്ടിരിക്കുന്നെ? ഞാന്‍ തട്ടിപ്പറിച്ചു നോക്കി. ചിറകുള്ള രണ്ടു നഗ്നരൂപങ്ങള്‍ ആന്റിനക്കൊമ്പുമായി പറന്നുവരുന്ന ചിത്രം.

അമ്മ പറഞ്ഞു, “ചിരിയൊക്കെ പതുക്കെ. അയല്‍ക്കാരെ ഉണര്‍ത്തണ്ട.”

“ചേച്ചീ, ഇവര്‍ക്കെല്ലാം അസൂയയാ. അതുകൊണ്ട് ഞാന്‍ പോണില്ല”, ദില്‍ഷ പറഞ്ഞു. “മാത്രല്ല അവിടെ എപ്പഴും ഇരുട്ടാന്ന് തക്കുടൂം പറേന്ന്.”

“അങ്ങനെ പറയല്ലേ ദില്‍ഷേ”, മാഷ് അനുനയസ്വരത്തില്‍ പറഞ്ഞു. “തക്കുടൂന് സങ്കടാകും. ഇരുട്ടൊന്നും സാരല്യ. ചാര്‍ജ് ചെയ്യണ്ടാത്ത ന്യൂക്ലിയര്‍ ബാറ്ററിയുള്ള ടോര്‍ച്ച് തക്കുടു സംഘടിപ്പിച്ചു തരും. അതും മിന്നിച്ചങ്ങനെ വിലസാം അവിടെ.”

“മാഷിന് അങ്ങനെ നിര്‍ബന്ധാച്ചാ പോയേക്കാം. പക്ഷേ, വെളിച്ചം ഇല്ലാത്തിടത്ത് ഭയങ്കര തണുപ്പും ആരിക്കില്ലേ? നമ്മടെ ധ്രുവപ്രദേശത്തൊക്കെ അങ്ങനെയല്ലേ. അപ്പം ഞാനും മൈഥിലീം തണുത്ത് ചാവൂലേ?”

“ഏയ്, അതൊക്കെ തെറ്റിദ്ധാരണ. ഭൂമീടെ ധ്രുവപ്രദേശത്ത് ചൂടും വെളിച്ചവും കുറയാന്‍ കാരണം ഭൂമീടെ വക്രതയല്ലേ. ഉഷ്ണമേഖലയില് കുത്തനെ വീഴുന്ന പ്രകാശവും ചൂടും ധ്രുവപ്രദേശത്ത് വളരെ ചരിഞ്ഞു വീഴുന്നതുകൊണ്ട് കുറച്ചേ കിട്ടൂ. ല്യൂട്ടന്‍ സി യില്‍ വെളിച്ചം കുറയുന്നത് അങ്ങനെയല്ല. നക്ഷത്രം കുറച്ച് ഓറഞ്ച്, ചുവപ്പ് പ്രകാശം മാത്രേ ഉല്പാദിപ്പിക്കുന്നുള്ളൂ. പക്ഷേ ചൂട് നന്നായി ഉല്പാദിപ്പിക്കും. എന്നു മാത്രല്ല, ഗ്രഹം വളരെ അടുത്തായതുകൊണ്ട് കൂടുതല്‍ ചൂട് കിട്ട്വേം ചെയ്യും. ഭൂമി സൂര്യനീന്ന് പതിനഞ്ചുകോടി കിലോമീറ്റര്‍ അകലെയാ. ല്യൂട്ടന്‍ സി  ല്യൂട്ടന്‍ നക്ഷത്രത്തിൽ നിന്ന് വെറും ഒമ്പതര കോടി കിലോമീറ്റര്‍ അകലേം. അതുകൊണ്ട് വെളിച്ചം കുറവാരിക്കും; നല്ല ചൂടാരിക്കും. അവിടേം ഉണ്ടാകും ഉഷ്ണമേഖലേം മിതശീതോഷ്ണമേഖലേം ശൈത്യമേഖലേം ഒക്കെ.”

“മാത്രല്ല മാഷേ”, ജോസ് പറഞ്ഞു. “തണുപ്പുള്ള സ്ഥലങ്ങളില്‍ കട്ടിയുള്ള കുപ്പായം ഇടൂന്നും അല്ലാത്തിടത്ത് ഊരിക്കളയൂന്നും തക്കുടു പറഞ്ഞില്ലേ? ഇവര്‍ക്കും അങ്ങനെ ചെയ്യാലോ. ആരും കുപ്പായം ഇടാത്തിടത്ത് ഇവരായിട്ടെന്തിനാ കുപ്പായം ഇടുന്നെ?”

അമ്മ ഇടപെട്ടു, “നിങ്ങളാ പെങ്കുട്ട്യോളെ നിര്‍ത്തിപ്പൊരിക്കാണ്ട് എന്തെങ്കിലും കാര്യംള്ള സംഗതി പറ.”

ദീപു പറഞ്ഞു, “ശരിയാ ചേച്ചീ. പാവം കുട്ട്യള്. അവര് പോയാലാണ് നമ്മള്‍ അവരുടെ വെലയറിയ്യ. എനിക്ക് മാഷോടൊരു സംശയണ്ട്. തക്കുടു വന്ന പോലെ ഇനീം ആരെങ്കിലും വരൂല്ലേ? മുമ്പും വന്നിട്ടുണ്ടാവൂലേ? ഏലിയന്‍സ് എന്നൊക്കെ പറയുന്നത് ശരിയായിക്കൂടെ?”

“ഇതുവരെയുള്ളതൊക്കെ കഥയാ ജോസേ. ഒരു തെളിവും ഇല്ല. പക്ഷേ വന്നുകൂടാന്നില്ല. നമ്മടെ ആകാശഗംഗയില്‍ മാത്രം പതിനായിരം കോടിയിലധികം നക്ഷത്രങ്ങളുണ്ട്.”

“അതിന് എല്ലാ നക്ഷത്രങ്ങടേം ചുറ്റും ഗ്രഹങ്ങളുണ്ടാകണോന്നുണ്ടോ?”

“അതില്ല. ഏറെയും അന്യോന്യം ചുറ്റുന്ന ഇരട്ട നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളുമാ. സൂര്യനെയും ല്യൂട്ടനെയും പോലത്തെ ഒറ്റ നക്ഷത്രങ്ങള്‍ക്കേ ഗ്രഹങ്ങളുണ്ടാകുമെന്നുറപ്പുള്ളൂ. പക്ഷേ അതുതന്നെ ഒരു രണ്ടായിരം കോടിയിലധികം കാണും.”

“എന്റമ്മേ, രണ്ടായിരം കോടിയോ! അതിനെല്ലാം ഭൂമി പോലത്തെ ഓരോ ഗ്രഹോം അതില്‍ മനുഷ്യനേം ല്യൂട്ടന്‍കാരെയും പോലത്തെ ഓരോ തരം ബുദ്ധിജീവികളും ഉണ്ടെങ്കിലത്തെ സ്ഥിതി.”

“ഇപ്പഴത്തെ സ്ഥിതി തന്നെ! ഏററവും അടുത്തുള്ള ല്യൂട്ടന്‍കാരന് ഇവിടെത്താന്‍ പതിനാറ് കൊല്ലം വേണം. നമ്മടെ ആകാശഗംഗേടെ വിസ്തൃതി ഒരു ലക്ഷം പ്രകാശവര്‍ഷം വരും. അപ്പം പലര്‍ക്കും ഇവിടെത്താന്‍ ആയിരമോ പതിനായിരമോ ലക്ഷമോ വര്‍ഷം വേണം. ആരാ അത്രേം കാലം ജീവിച്ചിരിക്ക്യ! അതുകൊണ്ട് വല്യ സന്ദര്‍ശകശല്യമൊന്നും ഉണ്ടാകില്ല.”

“ഹാവൂ, സമാധാനായി. നമ്മടെ പെണ്‍കുട്ട്യളെല്ലാം അവരുടെ കൂടെ നാടുകാണണോന്നും പറഞ്ഞ് പോകാനൊരുങ്ങ്യാ…”, ദീപൂന് പറഞ്ഞുതീര്‍ക്കാന്‍ പറ്റിയില്ല, അതിനു മുമ്പ് ദില്‍ഷേടെ അടി അവന്റെ പുറത്തുവീണു. പിന്നെ കൂട്ടച്ചിരി.

അമ്മ ആദ്യമായി ഒരു സംശയം ചോദിച്ചു, “മാഷേ, നമ്മളെക്കാളും തക്കുടൂനെക്കാളും ബുദ്ധീം വികാസോം ഒക്കെ ഉള്ള ജീവികള്‍ പല സ്ഥലത്തും ഉണ്ടാക്വല്ലോ. പണ്ട് യൂറോപ്യന്മാര്‍ വന്ന് നമ്മളെ അടക്കി ഭരിച്ചപോലെ അവരും വന്ന് നമ്മളെ കീഴടക്കിയാലോ?”

മാഷ് എന്തു പറയണമെന്നറിയാതെ കുഴങ്ങി. എന്നിട്ട് പറഞ്ഞു, “അങ്ങനെ പേടിക്കണ്ട എന്നു തോന്നുന്നു. ശാസ്ത്രവും സാങ്കേതികവിദ്യകളും വളരുമ്പം സംസ്കാരവും സ്വാഭാവികമായി വളരും. അല്ലാത്ത സമൂഹങ്ങളൊക്കെ തമ്മിലടിച്ചു നശിക്കും. നമ്മടെ ഭൂമീത്തന്നെ ശാസ്ത്രരംഗത്ത് മുന്നേറിയ യൂറോപ്പിലെ ജനങ്ങള്‍ രണ്ടു ലോകയുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചു. ഇനി യുദ്ധം വേണ്ടാന്നുവെച്ചു. കാരണം അവര്‍ക്ക് ജനാധിപത്യം എന്ന സംസ്കാരം ഉണ്ടായിരുന്നു. പക്ഷേ ശാസ്ത്രത്തില്‍ മുന്നേറിയ അമേരിക്ക സംസ്കാരത്തില്‍ പിന്നിലാണ്. ജനാധിപത്യബോധം കുറവാണ്.. കറുത്തവരെയും കുടിയേറ്റക്കാരെയും പുച്ഛമാണ്. നമ്മടെ ഇന്ത്യപോലെ തന്നെ. ഇവിടെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതിക്കാരോടാണ് പുച്ഛം എന്നു മാത്രം. അതൊക്കെ മാറിവരാന്‍ ഇനിയും കാലമെടുക്കും. അല്ലെങ്കില്‍ നശിക്കും. പ്രപഞ്ചത്തില്‍ ശാസ്ത്രരംഗത്ത് വളരെ മുന്നേറിയ ജീവികളെല്ലാം നല്ല സംസ്കാരമുള്ളവരും ആയിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”

“നമ്മടെ തക്കുടൂനെപ്പോലെ, അല്ലേ മാഷേ?”, മൈഥിലി തക്കുടൂനോടുള്ള ആദരവ് പ്രഖ്യാപിച്ചു.

“അതെ, തക്കുടൂനെപ്പോലെ. അവരൊന്നും ഭൂമീല് വരുന്നത് കൊള്ളയടിക്കാനായിരിക്കില്ല. നമ്മടെ സംസ്കാരവും ജീവിതരീതികളും സാങ്കേതികവിദ്യകളും മനസ്സിലാക്കാനും നല്ലത് സ്വീകരിക്കാനുമാകും. ഇതൊക്കെ എന്നെക്കാളും നന്നായിട്ട് പറഞ്ഞുതരാന്‍ പറ്റുക തക്കുടൂനാകും. അവനും കൂടി ഉള്ളപ്പം നമ്മക്ക് ഈ ചര്‍ച്ച തുടരാം. ഇപ്പം ഞാന്‍ പോട്ടെ. അഞ്ചര മണിയായി . ഒമ്പതു മണിയാകുമ്പം ഞാൻ വരും. യദു ഒരുങ്ങി നിന്നോളൂ.”

മാഷ് ബാഗ് എടുത്തു പുറത്തിറങ്ങി.

“ഞങ്ങളും പോണൂ”, കുട്ടികളും എണീറ്റു.

അമ്മ പറഞ്ഞു, “നേരം ശരിക്കും വെളുത്തില്ല കുട്ടികളേ. നിങ്ങളിപ്പം പോണ്ട. ഞാന്‍ വേഗം ഉപ്പുമാവുണ്ടാക്കാം. പഴോം ഉണ്ട്. വെറും അരമണിക്കൂര്‍.” അമ്മ അടുക്കളയിലേക്കു നീങ്ങി.

അപ്പഴതാ ചിറകടി ശബ്ദം. മൈഥിലീടെ തോളത്തുവന്ന് ഇരുന്നിട്ട് അതു പറഞ്ഞു, “ഞാനാണ്, കാക്കപ്പോലീസാണ്.”

“അയ്യോന്റെ കാക്കപ്പോലീസേ, ഞാന്‍ ശരിക്കും പേടിച്ചൂട്ടോ”, മൈഥിലീടെ ശബ്ദത്തില്‍ ആ പേടി പ്രതിഫലിച്ചിരുന്നു. “എന്തിനാ നീ ഇത്ര രാവിലെ വന്നേ? അഞ്ചര ആയതല്ലേ ഉള്ളൂ.”

“ഞാനൊരു കാക്കയല്ലേ. അതിരാവിലെ എണീക്കണ്ടേ. ഇന്ന് യദൂന്റെ കൂടെയാ ഡ്യൂട്ടി. രാത്രി വേറൊരു ഡ്യൂട്ടികൂടി ഉണ്ട്.”

അതെന്താണെന്ന് ആരും ചോദിച്ചില്ല. എല്ലാരും കൂടി അടുക്കളേലേക്കു നടന്നു.


എല്ലാ ശനിയാഴ്ച്ചയും തുടരും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

 15. വെള്ള്യാംകല്ലിനോട് വിട

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യൻ ചന്ദ്രനെ തൊട്ടപ്പോൾ
Next post പരിസ്ഥിതി, സുസ്ഥിര വികസനം: സർക്കാർ എന്ത് ചെയ്യണം?
Close