Read Time:20 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


ഞങ്ങള്‍ പൂനെയില്‍ നിന്ന് ലോനാവലയില്‍ എത്തുമ്പോള്‍ സമയം നാലുമണി. കബൂത്തറിനെ കാണാനില്ല. എന്റെയും മാഷിന്റെയും ചെവിയിലെ പരിഭാഷികളും നിശ്ശബ്ദം. കഴുത്തിലെ മാലേം ലോക്കറ്റും കണ്ട് പാവത്തിനെ ആരെങ്കിലും വലയിട്ട് പിടിച്ചുകാണുമോ? എങ്കില്‍ എല്ലാ പദ്ധതീം പൊളിയും.

ഞങ്ങള്‍ ബാല്‍വിഹാറിന്റെ ഗേറ്റിനടുത്ത് പോയി നോക്കി. കട്ടി ഇരുമ്പുഷീറ്റുകൊണ്ടുള്ള ഗേറ്റാണ്. ഉള്ളിലേക്കൊന്നും കാണാന്‍ പറ്റില്ല. പക്ഷേ, കുട്ടികളുടെ കോലാഹലം കേള്‍ക്കാനുണ്ട്. ഞങ്ങള്‍ പതുക്കെ രാജ്മാചി റോഡിലേക്കു നടന്നു.

ഏതാണ്ട് അര മണിക്കൂര്‍ നടന്നുകാണും, കബൂത്തര്‍ പറന്നുവന്ന് എന്റെ തോളത്ത് സ്ഥാനംപിടിച്ചു. “നീ എവിടെ പോയിരുന്നു? ഞങ്ങളാകെ ബേജാറായിപ്പോയല്ലോ”, ഞാന്‍ ചോദിച്ചു.

കബൂത്തര്‍ പറഞ്ഞു, “അതോ, നിങ്ങള്‍ പോയ ഉടനെ ഞാനാ മയക്കുമരുന്ന് ശാലയില്‍ പോയി എല്ലാരുടേം വീഡിയോ എടുത്തു. പന്നെ ബാല്‍വിഹാറില്‍ പോയി. അവിടെ ഗംഭീരസദ്യ നടക്കുകയാണ്. പൂരീം ചപ്പാത്തീം പുലാവും മധുരപലഹാരങ്ങളും പലതരം പഴങ്ങളും ഒക്കെയുണ്ട്. കുട്ടികള്‍ക്ക് വന്ന് ഇഷ്മുള്ളതൊക്കെ എടുക്കാം. അതുകൊണ്ട് ഒരിടത്തിരുന്ന് ഓരോരുത്തരുടേം ഫോട്ടോ എടുക്കാന്‍ പറ്റി.”

“കബൂത്തറിന് കുട്ടികളൊന്നും തന്നില്ലേ?” ദീപു ചോദിച്ചു.

“ലഡൂം നീട്ടി കൊറേ പേര്‍ വന്നു. ഞാന്‍ അവരെ കുറച്ച് കളിപ്പിച്ചു. അതു കഴിഞ്ഞ് ഞാന്‍ തക്കുടൂനെ കാണാന്‍ പോയി. വെറുതെ പത്തുമണിക്കൊന്നും വരണ്ടാന്നു പറയണ്ടേ? പരിപാടിയൊക്കെ മാറിപ്പോയില്ലേ. ഞാന്‍ ചെന്നപ്പം തക്കുടു കുട്ട്യോള്‍ടെ കൂടെ കളിക്ക്യാ. അപ്പം കൊറച്ച് ഞാനും കളിച്ചു.”

മാഷ് പറഞ്ഞു, “മിടുക്കന്‍. എന്നലേ ക്യാമറ ഇങ്ങു കൊണ്ടാ. മൂന്നു മണിക്കൂറൊക്കെ പണ്ടേ കഴിഞ്ഞു.”

മാഷ് ക്യാമറിയിലെ ചിത്രങ്ങളെല്ലാം മൊബൈലിലേക്ക് പകര്‍ത്തി, ക്യാമറ റിസെറ്റ് ചെയ്ത് അവന്റെ കഴുത്തില്‍തന്നെ ഇട്ടുകൊടുത്തിട്ട് പറഞ്ഞു, “പോയി ബാക്കീം കൂടി എടുത്തിട്ടുവാ.”

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങടെ പരിഭാഷികള്‍ ശബ്ദിച്ചു, “ഇവിടെ പരിപാടികള്‍ തുടങ്ങാന്‍ പോവുകയാണ്. മൂന്ന് കുട്ടികളെ സ്റ്റേജില്‍ പൂമാലയിട്ട് ഇരുത്തിയിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. പന്ത്രണ്ട് – പതിമൂന്ന്  വയസ്സുകാണും. സ്റ്റേജില്‍ ഇവരെ കൂടാതെ രണ്ടു സന്യാസിമാരും ഒരു തടിച്ച സന്യാസിനിയുമുണ്ട്. അവരാണ് ബാല്‍വിഹാറിന്റെ നടത്തിപ്പുകാരി എന്നു തോന്നുന്നു. അവരുടെ സ്വാഗതപ്രസംഗമാണിപ്പോള്‍. ഈ മൂന്നു കുട്ടികള്‍ ഇവിടത്തെ ജീവിതം പൂര്‍ത്തിയാക്കി പുതിയ രക്ഷിതാക്കളുടെ കൂടെ സൗഭാഗ്യം നിറഞ്ഞ പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നും അവരുടെ കൂട്ടുകാര്‍ക്ക് വളരെ ദുഃഖമുണ്ടെങ്കിലും അവരും ഇന്നല്ലെങ്കില്‍ നാളെ ഇങ്ങനെ പോയേ മതിയാകൂ എന്നുമൊക്കെ അവര്‍ പറയുന്നുണ്ട്. പോകുന്ന കുട്ടികള്‍ വളരെ മിടുക്കാരണെന്നും അവരെ കൊണ്ടുപോകുന്നവര്‍ ഭാഗ്യവാന്മാരാണെന്നും കൂടി പറഞ്ഞു. ഇപ്പോള്‍ കുട്ടികളെ സ്വീകരിക്കാന്‍ വന്നവരെ പരിചയപ്പെടുത്തുകയാണ്. മൂന്നും മറുനാട്ടുകാരാണ്. ഇപ്പം ആ സന്ന്യാസിനി പറയുകയാണ്, ഇന്നു രാത്രികൂടി ഇവര്‍ നിങ്ങളോടൊപ്പമുണ്ടാകും. ആഘോഷങ്ങള്‍ തുടരാം. നാളെ രാവിലെ അഞ്ചുമണിക്ക് അവസാനവട്ടം പരിശോധനക്കായി അവര്‍ ആസ്പത്രീലേക്കു പോകും. അവിടന്ന് പിന്നെ പുതിയ രക്ഷിതാക്കളോടൊപ്പം പോകും.”

മാഷ് പറഞ്ഞു, “കിഡ്നി ഒരാള്‍ക്കൊപ്പം പോകും, ഹൃദയം  വേറൊരാളുടെ കൂടെ. അങ്ങനെ പലരോടൊപ്പം.”

കബൂത്തര്‍ പിന്നെയും റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. സന്യാസിമാരില്‍ ഒരാള്‍ പ്രേംസാഗര്‍ മഹര്‍ഷിയുടെ കാരുണ്യത്തെക്കുറിച്ചും വിശ്വസ്നേഹത്തെക്കുറിച്ചുമൊക്കെ വാചാലനാവുകയാണ്.. ലോകാസമസ്താ സുഖിനോ ഭവന്തു എന്നാണല്ലോ ആര്‍ഷഭാരതത്തിന്റെ ആപ്തവാക്യം, അതു പ്രാവര്‍ത്തികമാക്കാനാണ് നമ്മുടെ സ്ഥാപനം ശ്രമിക്കുന്നത് എന്നുമൊക്കെ അയാള്‍ പറഞ്ഞു. അത്രയും കേട്ടപ്പോള്‍ കബൂത്തറിനു മതിയായി. അവന്‍ തിരിച്ചുപോന്നു.

മാഷ് കബൂത്തറിന്റെ കഴുത്തില്‍നിന്ന് ക്യാമറ ഊരി, അതിലുള്ള ചിത്രങ്ങളെല്ലാം ഫോണിലേക്കു പകര്‍ത്തി. മുമ്പു പകര്‍ത്തിയതും കൂടി ചേര്‍ത്ത്, എഡിറ്റ് ചെയ്ത്, കബൂത്തര്‍ പറഞ്ഞ യാത്രയയപ്പിന്റെ വിവരങ്ങളും ചേര്‍ത്ത് സാന്ദീപ് ഗോറേയ്ക്കും ഹരീഷ് പാട്ടീലിനും അയച്ചുകൊടുത്തു. അതിന് ഒരു മണിക്കൂറോളം സമയം വേണ്ടിവന്നു. എങ്കിലും പറഞ്ഞ സമയത്തിനു മുമ്പെ അയയ്ക്കാന്‍ കഴിഞ്ഞു. ആ സന്തോഷത്തില്‍ ഞങ്ങള്‍ അല്പം ദൂരെയുള്ള ലേക് വ്യൂ ഹോട്ടലിലേക്കു നടന്നു. പോകും വഴിക്ക് മാഷ് അമ്മയെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. എല്ലാം നന്നായി മുന്നേറുന്നു എന്നും പറഞ്ഞു. ആദ്യമിട്ട പരിപാടി പൊളിഞ്ഞ കാര്യം മിണ്ടിയില്ല.

പൊരിച്ച കോഴിയും നാനും വയറു നിറയെ തട്ടി പുറത്തിറങ്ങിയപ്പോള്‍ ഗുരുതരമായ പ്രശ്നം. ഒത്തിരി സമയം ബാക്കി. പതിനൊന്നു മണിയേ ആയിട്ടുള്ളൂ. രാവിലെ നാലു മണി കഴിഞ്ഞേ ഇനി എന്തെങ്കിലും ചെയ്യാനുള്ളൂ. രാത്രി സമയത്ത് ഇവിടെ അലഞ്ഞുനടന്നാല്‍ മഹര്‍ഷീടെ ഗുണ്ടകള്‍ പിടിക്കും. അതുകൊണ്ട് ബാക്കി സമയം മൃത്യുഞ്ജയയുടെ അടുത്തു ചെലവഴിക്കാം എന്നു തീരുമാനിച്ചു. അവിടെയാകുമ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ ധാരാളമുണ്ടാകും.

ആസ്പത്രിയുടെ വെയ്റ്റിംഗ് റൂമില്‍ ധാരാളം ഇടമുണ്ടെങ്കിലും ഞങ്ങള്‍ കുറച്ചകലെ ഒരു പുല്‍ത്തകിടിയില്‍ സ്ഥാനംപിടിച്ചു. ഞാനും ദീപൂം പുല്ലില്‍ നിവര്‍ന്നു കിടന്നു. രാത്രിയില്‍ അവിടിരിക്കാന്‍ പാടില്ല എന്ന് ഒരു പാറാവുകാരന്‍ വന്ന് ഭീഷണസ്വരത്തില്‍ പറഞ്ഞു. മാഷ് പറഞ്ഞു, ഹോഷിയാര്‍പൂരില്‍ നിന്ന് ഒരു രോഗിയേം കൊണ്ട് ആംബുലന്‍സ് വരുന്നുണ്ട്, നാലുമണിക്കെത്തും, കാത്തിരിക്ക്യാണ്. ഇനിയിപ്പം നാലുമണിവരെ ഇവിടിരിക്കാന്‍ ലൈസന്‍സായി. 

മാഷ് ഫോണില്‍ മുഴുകി. കടിച്ചാപ്പൊട്ടാത്ത ഹിന്ദിയാണ്. പിടി കിട്ടുന്നില്ല. പിന്നെ മാഷ് പറഞ്ഞുതന്നു : രാവിലെ അഞ്ചുമണി മുതല്‍ തന്നെ പ്രധാന ചാനലുകളിലെല്ലാം ഫോട്ടോകളും വാര്‍ത്തകളും വന്നുതുടങ്ങും എന്ന് സാന്ദീപ് പറയുന്നു. ആറു മണിയോടെ ഹരീഷിന്റെ ആള്‍ക്കാരും എത്തും. പക്ഷേ, അഞ്ചു മണിക്ക് ആ മൂന്ന് കുട്ടികളെ കൊല്ലാന്‍ കൊണ്ടുപോകുന്നത് ആരു തടയും? പോലീസിന് ഇവിടേയ്ക്ക് കടന്നുവരാന്‍ ഒരു കാരണം വേണ്ടേ, അതെങ്ങനെയുണ്ടാക്കും എന്നാണ് സുഹൃദ് ചോദിക്കുന്നത്. “

ദീപു ചോദിച്ചു, “എന്നിട്ട് മാഷെന്താ പറഞ്ഞെ?”

“അതൊക്കെ ഉണ്ടാക്കാം, അഞ്ചുമണിക്ക് പോലീസിനെ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തോളൂ എന്ന് ഞാന്‍ തട്ടീട്ടുണ്ട്. പക്ഷേ, എന്താ നമ്മള് ചെയ്യ്യ? നിങ്ങളും കൂടി ആലോചിക്ക്.”

കുടുങ്ങ്യല്ലോ റബ്ബേ. എന്തു കാരണാ ഉണ്ടാക്ക്വ? ഞാന്‍ ദീപൂനെ നോക്കി, ദീപു എന്നേം. ഒടുവില്‍ ഞാന്‍ പറഞ്ഞു, “തക്കുടു വിചാരിച്ചാല്‍ നടക്കും. നമ്മക്കറിയാത്ത എന്തെങ്കിലും ആയുധം അവന്റെ കയ്യിലുണ്ടാകും. അറിയാത്ത ഒരു ലോകത്തേക്കു വന്നതല്ലേ. നമ്മള്‍ എത്തരക്കാരാന്ന് നേരത്തേ  അറിയില്ലല്ലോ. പ്രതിരോധത്തിന് എന്തെങ്കിലും കരുതീട്ടുണ്ടാവും.”

ദീപൂം പറഞ്ഞു, “ശരിയാ, തക്കുടു വിചാരിച്ചാ നടക്കും. ആദ്യം ട്രാന്‍സ്ഫോര്‍മര്‍ തകര്‍ത്ത് കറന്റ് പോക്കണം. പിന്നെ കഞ്ചാവു സൂക്ഷിക്കുന്ന കെട്ടിടത്തിന് തീയിടണം. എന്നിട്ട് പോലീസിനെ വിളിക്യ​.”

“പറഞ്ഞുനോക്കാം. നടക്ക്വോ എന്തോ”, മാഷിന്റെ വാക്കുകളില്‍ പഴയ ആത്മവിശ്വാസം കണ്ടില്ല. മാഷ് കബൂത്തറിനോടു പറഞ്ഞു, “നീ പോയി തക്കുടൂനോട് കാര്യങ്ങള്‍ പറ. നാലു മണിക്ക് എത്തണമെന്നും പറ. എല്ലാ സ്ഥലവും നീ കാണിച്ചുകൊടുക്കണം. എന്നിട്ട് എന്നെ കാണാന്‍ പറയണം. അഞ്ചു മണിക്കു മുമ്പ് എന്തെങ്കിലും സംഭവിക്കണം.”

കബൂത്തര്‍ പോയി. സമയം പന്ത്രണ്ട് മണി. ഞങ്ങള്‍ ആസ്പത്രി വെയ്റ്റിംഗ് റൂമിലേക്ക് നടന്നു. അവിടെ കുഷ്യനിട്ട ഇരിപ്പിടങ്ങളുണ്ട്. പക്ഷേ, കിടക്കാന്‍ പറ്റില്ല. പലരും ഇരുന്ന് ഉറങ്ങുന്നുണ്ട്. അനേകം കൂര്‍ക്കംവലികള്‍ ഒന്നിച്ചുചേരുമ്പോഴുള്ള താളം ആസ്വദിച്ച് കുറച്ചുനേരം ഇരുന്നു. പിന്നെ ഞാനും ഉറങ്ങിപ്പോയി.

ദൂരെ ഒരു പൊട്ടിത്തെറിയുടെ ഒച്ചകേട്ടാണ് ഉണര്‍ന്നത്. ദീപു ഉണര്‍ന്നിട്ടില്ല. മാഷെ കാണാനില്ല. ദീപൂനെ തട്ടിയുണര്‍ത്തി പുറത്തിറങ്ങി. പ്രേംസാഗറില്‍, ആസ്പത്രീലൊഴികെ വേറെവിടെയും ലൈറ്റില്ല. രണ്ടിടത്തുനിന്ന് തീയും കനത്ത പുകയും ഉയരുന്നുണ്ട്. ഒരു വെളുത്ത പുകയും ഒരു കറുത്ത പുകയും. വെളുത്ത പുക ഔഷധനിര്‍മാണശാലയില്‍നിന്നാണെന്നു മനസ്സിലായി. മറ്റേത് എവിടുന്നെന്ന് മനസ്സിലായില്ല.

ദൂരെ സൈറനുകളുടെ ഭീകര അലര്‍ച്ച. ഫയര്‍ എഞ്ചിനുകളുടെ വരവാണ്. പിന്നാലെ പോലീസ് വാഹനങ്ങളുടെ സൈറനും. തുടര്‍ന്ന്, ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അനേകം വാഹനങ്ങളുടെ പ്രവാഹം. സാധാരണ ഇതൊക്കെ കണ്ടാല്‍ പേടിയാണ് തോന്നേണ്ടത്. പക്ഷേ ഇന്നിപ്പോള്‍ നല്ല സന്തോഷം തോന്നി. ആസ്പത്രീലെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളുമെല്ലാം ചുറ്റുമുണ്ട്. എല്ലാരും പേടിച്ചരണ്ടു പോയിരിക്കുന്നു.

എവിടെനിന്നോ മാഷ് ഞങ്ങടെ അടുത്തേക്ക് ഓടിവന്നു. മാഷ് പറഞ്ഞു, “ആരോ മെയ്ൻ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ത്തു. അപ്പം രണ്ടു ജനറേറ്ററുകള്‍ ഒന്നിച്ച് ഓണായി. അതിലൊന്ന് കൂടി ആരോ തകര്‍ത്തു. അതിന്റെ പൊട്ടിത്തെറിയാ നമ്മള് കേട്ടത്. അതാ ആ കറുത്ത പുക. മറ്റത് ആസ്പത്രീടെ ജനറേറ്ററാ. അതു കേടാക്കീട്ടില്ല. ആരാണോ ഇതു ചെയ്തത്” മാഷ് ചുറ്റും നിന്നവര്‍ കേള്‍ക്കെ പറഞ്ഞു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഞങ്ങളെ മാറ്റിനിര്‍ത്തി മാഷ് പറഞ്ഞു, “ആ മൂന്നു കുട്ടികളെ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. പിന്നിലെ ഗേറ്റിലൂടെ ആ കള്ള മഹര്‍ഷി രക്ഷപ്പെടാന്‍ നോക്കി. സുഹൃദ്‌വര്‍ധന്‍ തന്നെ അയാളെ പിടികൂടി. ഹരീഷ് പാട്ടീലിന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ സ്ഥാപനം വളഞ്ഞിരിക്കയാണ്.”

ദുഃഖകരമായ ഒരു കാര്യം കൂടി അന്‍വര്‍ മാഷ് പറഞ്ഞു : കത്തുന്ന മയക്കുമരുന്നുകളുടെ പുക ശ്വസിച്ച് ഔഷധ നിർമാണശാലയിൽ കുറച്ചുപേര്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ഒക്കെ ചെയ്തിട്ടുണ്ട്. എല്ലാരേം പൂനെയിലെ സര്‍ക്കാര്‍ ആസ്പത്രീലേക്ക് കൊണ്ടുപോയി. നമുക്കിപ്പം അങ്ങോട്ടു പോണം. സുഹൃദ് ഇപ്പം വാഹനം അയയ്ക്കും.

മാഷ് കബൂത്തറിനെ വിളിച്ചു പറഞ്ഞു, “നീയും തക്കുടൂം വേഗം നാട്ടിലേക്ക് തിരിച്ചു പോയ്ക്കോ. യദൂന്റെ അമ്മയോട് നടന്നതൊക്കെ പറയൂ.”

****

ഞങ്ങള്‍ ആസ്പത്രിയിലെത്തുമ്പോള്‍ അച്ഛന്‍ കട്ടിലില്‍ ഇരിക്കുകയാണ്. നല്ല ക്ഷീണമുണ്ടെങ്കിലും മുഖം പ്രസന്നമാണ്. ചിലരൊക്കെ കിടപ്പാണ്. 

എന്നെ കണ്ട് അച്ഛന്‍ അത്ഭുതപ്പെട്ടു. “ഇതെന്റെ തക്കുടു അല്ലേ? നീ എങ്ങനെ ഇവിടെത്തി?”

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. നിലത്ത് മുട്ടുകുത്തി, അച്ഛന്റെ മടിയില്‍ തലവെച്ച് കമിഴ്ന്നു കിടക്കുക മാത്രം ചെയ്തു. മറുപടി പറഞ്ഞത് ദീപുവാണ്, “ഉണ്ണിയേട്ടാ, ഇവനല്ല ഇപ്പം തക്കുടു, ഇവന്‍ വെറും യദു. തക്കുടു വേറെയുണ്ട്.”

മാഷ് പറഞ്ഞു, “അതൊക്കെ പിന്നെപ്പറയാം. നാളെ രാവിലെ നമ്മക്ക് പോകണം. അതിനു മുമ്പ് പോലീസിനു മൊഴികൊടുക്കണം. അവര്‍ ഉടനെ വരും. യദുവും ദീപൂം എന്റെ കൂടെ വാ. നമ്മക്ക് ദയാല്‍സാബിനേം സുഹൃദിനേം കണ്ട് നന്ദി പറയണം.”

അച്ഛന്‍ ചോദിച്ചു, “നാളെ എങ്ങനെ പോകും? ടിക്കറ്റ് വേണ്ടേ?”

“ടിക്കറ്റൊക്കെ എന്റെ സുഹൃത്ത് ശരിയാക്കീട്ടുണ്ട്. ബംഗലൂര്‍ വഴിയാണ് നമ്മള്‍ പോവുക. ഇന്നിപ്പം പോലീസ് വന്നു പോയ്ക്കഴിഞ്ഞാല്‍ ഉണ്ണിയേട്ടനെ ഡിസ്ചാര്‍ജ് ചെയ്യും. നമ്മളപ്പം ഗസ്റ്റ് ഹൗസിലേക്കു പോകും.”

ഞങ്ങള്‍ ദയാലിന്റെ വീട്ടിലെത്തുമ്പം സുഹൃദും അവിടുണ്ട്. എല്ലാരും ടി.വിയില്‍ മുഴുകി ഇരിക്കയാണ്. ലോനാവലയിലെ സബ് ഇന്‍സ്പെക്ടര്‍ കള്ള മഹർഷിയെ പിടികൂടാൻ താന്‍ ചെയ്ത മഹത്തായ കാര്യങ്ങൾ വർണിക്കുകയാണ്. ഞങ്ങളെ കണ്ട പാടെ ദയാൽ സാബിന്റെ അമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു, “വളരെ സന്തോഷായി. ഗംഭീരായി.”

മാഷ് അമ്മേടെ നെറുകയില്‍ ചുംബിച്ചുകൊണ്ടു  പറഞ്ഞു, “ഇന്നലെ ഒട്ടും ഉറങ്ങിയില്ല. വല്ലാതെ വിശക്കുന്നു. കഴിക്കാന്‍ എന്തുണ്ടമ്മേ?”

“ഇതാ, ഇവരൊന്നും കഴിക്കാതെ നിങ്ങളെ കാത്തിരിക്ക്യാ.”

ദയാല്‍ പറഞ്ഞു, “അന്‍വര്‍ജീ, നിങ്ങടെ കുട്ടിപ്പട്ടാളം കൊള്ളാം. ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡ്‌മാര്‍ തന്നെ. കണ്‍ഗ്രാചുലേഷന്‍സ്. എനിക്കവരോടു പലതും ചോദിക്കണമെന്നുണ്ട്. എന്തുചെയ്യാം, പതിനൊന്നു മണിക്ക് ആഭ്യന്തര മന്ത്രീടെ പത്രസമ്മേളനം ഉണ്ട്. ഞാന്‍ ഭക്ഷണം കഴിച്ചപാട് അങ്ങോട്ടു പോകും.”

മാഷ് പറഞ്ഞു, “ഞങ്ങള്‍ നാളെ രാവിലെ പോകും.”

“സാരമില്ല. മിസ്റ്റര്‍ ഉണ്ണിയെ കോടതി വിളിപ്പിക്കുമ്പം നിങ്ങളും വരണം. എല്ലാരും വേണം. മിസ്റ്റര്‍ ഉണ്ണിയുടെ ഭാര്യയും അന്‍വറിന്റെ ഭാര്യയും മകളും വരണം. ഇവിടെ ഞങ്ങള്‍ സദ്യ ഒരുക്കും.”

സുഹൃദ് പറഞ്ഞു, “ചാര്‍വാകദര്‍ശന്‍കാര് നിങ്ങള്‍ക്ക് സ്വീകരണം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ഗോറെയും എത്തും.”

എനിക്ക് സന്തോഷമായി. പൂനെയും ലോനാവലയും നന്നായൊന്നു കാണാലോ. ഒപ്പം അമ്മയും ഉണ്ടാകും. തിരിച്ചുപോകുമ്പം ബംഗലൂരും നന്നായൊന്ന് കാണാം.

തുടരും എല്ലാ ശനിയാഴ്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചപ്പാത്തിയുടെ രസതന്ത്രം
Next post ഒമിക്രോൺ – ഏറ്റവും പുതിയ വിവരങ്ങൾ
Close