Read Time:14 Minute

 

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ അഞ്ചാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം 


“ആ, ഞങ്ങളെത്തി. തക്കുടു തൊടങ്ങിക്കോ”, മൈഥിലി ധൃതികൂട്ടി.

മാഷ് പറഞ്ഞു, “തക്കുടൂ നീ എവിട്യാ നില്‍ക്കുന്നെ? ഈ കസേരയില്‍ വന്നിരിക്ക്. എന്നിട്ടു തൊടങ്ങാം.”

തക്കുടു ചിരിച്ചു. അവന്‍ പറഞ്ഞു,  “അന്‍വര്‍ മാഷേ, എനിക്ക് നില്ക്കാനാ ഇഷ്ടം. എന്റെ കാല് ചെറുതല്ലേ.”

“അത് ഞങ്ങക്കറിയ്വോ? ശരിക്കും നിന്റെ രൂപം എന്താ?”, ദീപൂന് ആകാംക്ഷ അടക്കാനായില്ല.

“ഞങ്ങക്ക് നിന്നെ കാണണം.”, ദില്‍ഷേം ജോസും ഒന്നിച്ചാണ് പറഞ്ഞത്.

“ഇപ്പം കാണിക്കാന്‍ ഒരു മാര്‍ഗോം ഇല്ലല്ലോ കൂട്ടുകാരേ,” തക്കുടു ചിരിയടക്കാന്‍ പാടുപെട്ടു. “വഴിയുണ്ടാക്കാം, സന്ധ്യയാകട്ടെ. ഞാന്‍ പോയി എന്റെ ക്യാമറ എടുത്തോണ്ടുവരട്ടെ.”

അമ്മ ചോദിച്ചു, “എവിടെയാ അതു സൂക്ഷിച്ചിരിക്കുന്നെ? എവിടെയാ നിന്റെ താമസം.”

“കടലിലാണമ്മേ. ഇവിടുന്ന് പത്തു പന്ത്രണ്ട് കിലോമീറ്റര്‍ അകലെ, കടലിന്റെ നടുക്ക് വെള്ള്യാംകല്ലെന്ന ഒരു പാറക്കൂട്ടമുണ്ട്. അതിന്റെ ചുവട്ടില്‍ ആഴത്തില്‍, ആരും ശല്യംചെയ്യാത്ത സ്ഥലത്താണ് താമസം. അവിടെ ഞാന്‍ വന്ന വാഹനം ഉണ്ട്. അതിനകത്താണ് താമസം.”

 

“അതിനകത്ത് വെള്ളം കേറൂലേ?”

“കേറും. വെള്ളത്തില്‍ മുങ്ങിക്കിടന്നുറങ്ങാന്‍ എന്താ സുഖംന്നറിയ്വോ?”

“അപ്പം ശ്വാസംമുട്ടൂലേ?”

“ഇവന്‍ മീനാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞില്ലേ. വര്‍ത്താനം പറയുന്ന മീന്‍. അറബിക്കഥയിലെ മീന്‍,” മൈഥിലി ഉറപ്പിച്ചു പറഞ്ഞു.

“എന്നാ ഇപ്പം ശ്വാസംമുട്ടി ചാകണ്ടേ? മീനിന് കരേല് ജീവിക്കാന്‍ പറ്റ്വോ?” ദീപു മൈഥിലിയെ നേരിട്ടു. എല്ലാരും തര്‍ക്കത്തിലായി.

അമ്മ പറഞ്ഞു, “തക്കുടൂ, നീ എല്ലാം ഒന്ന് തെളിച്ചുപറ. ഞങ്ങളെ കൊഴപ്പത്തിലാക്കല്ലേ. നീ എന്തിനാ നിന്റെ വാഹനം കൊണ്ടോയി കടലില്‍ താഴ്ത്ത്യേത്?”

“അതേയ്, കരേലിട്ടാ അതു ബാക്കിണ്ടാവ്വോ? പോലീസും പട്ടാളോം ഒക്കെ വരൂല്ലേ? കടലില് പോലും ആരും എത്തിപ്പെടാത്ത സ്ഥലത്ത് വേണ്ടേ ഇടാന്‍.”

“അപ്പം ശ്വസിക്കുന്നതോ?”, ദില്‍ഷ അക്ഷമയായി.

“അതിന് കുറച്ച് ഓക്സിജനല്ലേ വേണ്ടൂ; അതു ഞാനുണ്ടാക്കും.”

“ഓക്സിജന്‍ ഉണ്ടാക്ക്വോ? അതെങ്ങനെ?”

“വെള്ളം ഇല്ലേ ഇഷ്ടംപോലെ. വെള്ളംന്ന് പറഞ്ഞാ ഓക്സിജനും ഹൈഡ്രജനും ചേര്‍ന്നതല്ലേ. ഒരു ബാറ്ററി ഉണ്ടെങ്കില്‍ വെള്ളത്തില്‍നിന്ന് ഓക്സിജനെ വേര്‍പെടുത്താം.”

“ആ, അന്‍വര്‍ മാഷ് കാണിച്ചുതന്ന പരീക്ഷണം!” കുട്ടികള്‍ എല്ലാരും ഒന്നിച്ചു പറഞ്ഞു.

“ഹൈഡ്രോളിസിസ്”, അമ്മ പതുക്കെ പിറുപിറുത്തു.

“അപ്പം എടയ്ക്കെടയ്ക്ക് ബാറ്ററി മാറ്റണ്ടേ?”, ഞാന്‍ ചോദിച്ചു.

“എന്റെ ബാറ്ററി ന്യൂക്ലിയര്‍ ബാറ്ററിയാ. അലൂമിനിയം -26 എന്ന റേഡിയോ ആക്റ്റീവ് പദാര്‍ഥം ആണ് ഉപയോഗിക്കുന്നത്. നാലഞ്ചുലക്ഷം  വര്‍ഷത്തേയ്ക്കൊന്നും ചാര്‍ജു തീര്‍ന്നുപോകില്ല.”

“അയ്യോ നാലഞ്ച് ലക്ഷം കൊല്ലോ. അതൊന്നു കിട്ടിയാ അമ്മേടെ മൊബൈല്‍ എടയ്ക്ക് ചാര്‍ജുചെയ്യാന്‍ മറക്കണത് ഒഴിവാക്കാരുന്നു.”

“കുഴപ്പം ഇല്ല. അഞ്ചരക്കിലോ വരുന്ന ഒരു ലെഡ്ഡിന്റെ പെട്ടിക്കുള്ളിലേ അത് വെക്കാന്‍ പറ്റൂ. അമ്മ മൊബൈല്‍ തലേല് വെച്ച് കൊണ്ടുപോകേണ്ടിവരും.” പറയുമ്പം തക്കുടു ചിരിക്കുന്നുണ്ടായിരുന്നു.

അന്‍വര്‍മാഷ് ചോദിച്ചു, “തക്കുടു ഇവിടുന്നുപോയാപ്പിന്നെ ആ വാഹനത്തില്‍ കിടന്ന് ഉറങ്ങ്വാ ചെയ്യ?”

“അല്ല മാഷേ, എന്റെ കൂട്ടുകാരുടെ കൂടെ കളിക്കും.”

“ആരാ കൂട്ടുകാര്‍.”

“ഡോള്‍ഫിനുകള്‍. അവരോടു മാത്രല്ലേ വര്‍ത്താനം പറയാന്‍ പറ്റൂ. ബാക്കി ആരും മിണ്ടൂലല്ലോ. മീനുകള്‍ക്കൊക്കെ ബുദ്ധി കുറവാ.”

“നിങ്ങള്‍ എന്തു കളിയാ കളിക്ക്യ?” ദീപുവിനാണ് സംശയം.

“ഫുട്ബോളൊന്നും അവര്‍ക്കറിയില്ല. ഞങ്ങള്‍ വെള്ള്യാംകല്ലിനു ചുറ്റും നീന്തിക്കളിക്കും. ഒളിച്ചുകളിക്കും. തലകുത്തിമറിയും, സന്ധ്യയായാ പരന്ന പാറപ്പുറത്തു കേറിക്കിടന്ന് ചൂടേല്‍ക്കും. പക്ഷേ, വെള്ളത്തീന്ന് കേറ്യാപ്പിന്നെ അവര്‍ക്ക് വര്‍ത്താനം പറയാന്‍ പറ്റില്ല.”

“എന്തൊക്കെയാ ഞാനീ കേള്‍ക്കുന്നെ! ഡോള്‍ഫിന്‍ വര്‍ത്താനം പറയ്യേ? ഇംഗ്ലീഷിലോ മലയാളത്തിലോ!”, ദില്‍ഷയ്ക്ക് അതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല.

ദീപു ദില്‍ഷയുടെ തലയ്ക്കുനേരെ കൈചൂണ്ടി അകം ശൂന്യമാണെന്ന് ആംഗ്യം കാണിച്ചു. ജോസും തലയ്ക്കുനേരെ വിരല്‍ചൂണ്ടി കറക്കി വട്ടാണെന്നു കാണിച്ചു. തക്കുടുവിന് ചിരിപൊട്ടി. ദില്‍ഷ ദേഷ്യം വന്ന് ചെരിപ്പൂരി അവരെ അടിക്കാനോങ്ങി. എല്ലാരും കൂട്ടച്ചിരി.

മാഷ് പറഞ്ഞു, “ദില്‍ഷേ, ഭാഷ എന്നുവെച്ചാ എന്താണെന്ന് ഇപ്പം മനസ്സിലായില്ലേ? ആംഗ്യഭാഷയും ഭാഷയാണ്. ഒരു തേനീച്ച ധാരാളം പൂക്കളുള്ള ഒരു സ്ഥലം കണ്ടെത്തിയാല്‍ അതു മറ്റു തേനീച്ചകളോടു പോയി പറയുന്നത് ഒരു നൃത്തഭാഷയിലാണ്. ഡോള്‍ഫിനുകള്‍ക്കും അങ്ങനെ എന്തെങ്കിലും ഭാഷയുണ്ടാകും.”

തക്കുടു പറഞ്ഞു, “അങ്ങനെയല്ല മാഷേ, ഡോള്‍ഫിനുകള്‍ പറയുന്നത് ശബ്ദം ഉപയോഗിച്ചുതന്നെയാണ്. ജലത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ആണെന്നു മാത്രം. അവര്‍ക്ക് സാഹിത്യോം ശാസ്ത്രോം രാഷ്ട്രീയോം ഒന്നും ചര്‍ച്ചചെയ്യണ്ടാത്തതുകൊണ്ട് ഭാഷ വളരെ ലളിതമാണ്. കുറച്ചു വാക്കുകളേ വേണ്ടൂ. അതു പഠിക്കാന്‍ ഒരു മാസം മതിയായി. നിങ്ങടെ ഭാഷ പഠിക്കാന്‍ എനിക്ക് ആറു മാസം വേണ്ടിവന്നു.”

“എന്നെ നിനക്കിഷ്ടായോന്ന് ഡോള്‍ഫിന്‍ ഭാഷേല് എങ്ങനയാ ചോദിക്യ?”, മൈഥിലിക്ക് അറിയാന്‍ മോഹം.

“പറഞ്ഞുകൊടുക്കല്ലേ തക്കുടൂ. അവളിനി ഡോള്‍ഫിന്‍ ഭാഷേലും കവിത എഴുതിക്കളയും”, ദീപു കളിയാക്കി.

തക്കുടു പറഞ്ഞു, “മൈഥിലി എന്റെ കൂടെ കടലിലേക്കു വരാമെങ്കില്‍ ഞാന്‍ കേള്‍പ്പിച്ചുതരാം. കരയില്‍ പറ്റില്ല. എങ്ങനയാ വാക്കുകള്‍ ഉണ്ടാകുന്നതെന്നു പറഞ്ഞുതരാം. ഡോള്‍ഫിനുകള്‍ക്ക് രണ്ടുതരം കോഡുണ്ട്. ഒന്ന് നീണ്ട വിസില്‍ ശബ്ദമാണ്. അത് ഓരോ ഡോള്‍ഫിനും വേറെ വേറെയാണ്. സ്വന്തം സാന്നിധ്യം അറിയിക്കാനും കൂട്ടുകാരെ വിളിക്കാനും ഒക്കെ അതാണുപയോഗിക്കുക. ഞങ്ങള്‍ ഒളിച്ചുകളിക്കുമ്പം കേള്‍ക്കാം. രണ്ടാമത്തേത് ഒരു തരം ടക്, ടക് ശബ്ദമാണ്. അത് കൃത്യമായ ഇടവേളകളോടെ പ്രത്യേക താളത്തില്‍ അയയ്ക്കും. ശബ്ദത്തിന്റെ ക്രമവും ഇടവേളയും ചേര്‍ന്ന് അര്‍ത്ഥമുള്ള വാക്കുകളാകും.”

“ഞങ്ങള്‍ ടെലിഗ്രാം സന്ദേശമയയ്ക്കാന്‍ ഉപയോഗിച്ചിരുന്ന മോർസ് കോഡ് അങ്ങനെ ആയിരുന്നു. മൊബൈല്‍ ഫോണ്‍ വന്നപ്പം  അതില്ലാണ്ടായി ,” അമ്മ ഓര്‍മ പങ്കുവെച്ചു.

തക്കുടു പറഞ്ഞു,“വേറൊരിനം ടക് ടക് ശബ്ദം കൂടിയുണ്ട്. വലിയ ഉച്ചത്തിലുള്ളത്. അത് വിശക്കുമ്പോളാണ്. ആ ശബ്ദം വസ്തുക്കളില്‍ തട്ടി പ്രതിധ്വനിച്ചുവരുമ്പം സ്വീകരിച്ച് അവയുടെ സ്ഥാനം അറിയാന്‍ പറ്റും. തിന്നാന്‍ പറ്റിയ മീനുകളുടെയും കൂന്തളുകളുടെയും ഒക്കെ സ്ഥാനം അറിയാന്‍ സംഘത്തലവന്‍ അതുപയോഗിക്കും. ഡോള്‍ഫിനുകള്‍ എപ്പഴും ഗ്രൂപ്പായിട്ടാണ് സഞ്ചരിക്കുക.”

“ഇതല്ലേ വവ്വാലും ചെയ്യുന്നെ?”

“പക്ഷേ ദില്‍ഷേ, വവ്വാലിന് കാഴ്ച തീരെ കുറവല്ലേ, ഇരതേടുന്നത് രാത്രീലല്ലേ. ഡോള്‍ഫിന് കുറച്ചു ദൂരെ വരെ കാഴ്ചശക്തിയുണ്ട്. കൂടുതല്‍ ദൂരേയ്ക്ക് കാണാനാണ് ‘എക്കോ ലൊക്കേഷന്‍’ എന്ന് നിങ്ങളുടെ എഞ്ചിനീയര്‍മാര്‍ വിളിക്കുന്ന പ്രതിധ്വനിവിദ്യ.”

“തക്കുടൂന് ഈ ശബ്ദങ്ങളൊക്കെ ഉണ്ടാക്കാനറിയ്വോ?”

“അറിയാം. പക്ഷേ, ദില്‍ഷേ പഠിപ്പിച്ചുതരില്ല”, തക്കുടു ചിരിച്ചുകൊണ്ടു പറഞ്ഞു, “ഞാന്‍ നിങ്ങളെപ്പോലെ വായും അണ്ണാക്കിലെ സ്വനതന്തുവും ഒന്നും കൊണ്ടല്ല ശബ്ദമുണ്ടാക്കുന്നത്. എങ്ങനെയാണെന്ന് പിന്നൊരിക്കല്‍ പറഞ്ഞുതരാം. ഏതു ശബ്ദവും എനിക്കുണ്ടാക്കാന്‍ കഴിയുംന്ന് മാത്രം മനസ്സിലാക്കിയാ മതി.”

മൈഥിലി ഏതോ സ്വപ്നത്തില്‍ മുഴുകിപ്പോയിരുന്നു. പെട്ടെന്ന് ഉണര്‍ന്നപോലെ അവള്‍ ചോദിച്ചു, “തക്കുടൂ, ഡോള്‍ഫിനുകള്‍ നിന്നോട് എന്തൊക്കെയാ പറയ്യ്യ?”

“അതോ, കൂട്ടുകാരിയോടൊപ്പം ദൂരേയ്ക്ക് നീന്തിപ്പോയതും മീന്‍പിടുത്ത ബോട്ടുകാരുടെ വല കണ്ട് പേടിച്ചുതിരിച്ചുപോന്നതും ചുറ്റികത്തലയന്‍ സ്രാവുകള്‍ വേട്ടയാടി കറങ്ങിനടക്കുന്നതും ബുദ്ധിയില്ലാത്ത ഏട്ടകള്‍ അവയുടെ വായില്‍പ്പോയി പെടുന്നതും ഒക്കെ അവര്‍ പറയും. കടലിന്റെ ചൂട് കൂടി വരുന്ന കാര്യോം മത്തിയും കൂന്തളും കിട്ടാതാവുന്ന കാര്യോം വിഷമത്തോടെ പറയും. പാവം ഡോള്‍ഫിനുകള്‍ക്കറിയില്ലല്ലോ ചൂടുകൂടുന്നത് നിങ്ങള്‍ മനുഷ്യര്‍ കാരണമാണെന്ന്.”

“എനിക്കും പോണം വെള്ള്യാങ്കല്ലില്‍;  ഡോള്‍ഫിനെ പരിചയപ്പെടണം”, അതൊരു രോദനം പോലെ ആയിരുന്നു. ഒരിക്കലും നടക്കാത്ത ഒരാഗ്രഹം പോലെ.

തക്കുടു പറഞ്ഞു, “അതിനെന്താ നമ്മക്ക് ഇന്നുതന്നെ പോകാല്ലോ.”

“വേണ്ട, വെറുതെ കൊതിപ്പിക്കണ്ട.”

“കൊതിപ്പിക്യേം ഒന്ന്വല്ല. ധൈര്യണ്ടങ്കി ഞാന്‍ കൊണ്ടുപോകും.”

“എനിക്ക് ധൈര്യംണ്ട്. നമ്മക്ക് ഇപ്പത്തന്നെ പോകാം”, ദീപു പ്രഖ്യാപിച്ചു.

“അയ്യോ, ഇപ്പപ്പറ്റൂലല്ലോ ദീപൂ. രാത്രീലേ പറ്റൂ. ഞാനിപ്പം ദീപൂനേം എടുത്ത് ആകാശത്തുകൂടി പറന്നാല്‍ ആളുകള് ദീപൂനെ മാത്രേ കാണൂ. അതാ ഒരു പറക്കും മനുഷ്യന്‍ എന്നും പറഞ്ഞ് അവര്‍ പിന്നാലെ ഓടും. പോലീസ് വരും. പാകിസ്ഥാന്‍ ചാരന്‍ ആണെന്നും പറഞ്ഞ് പട്ടാളോം വന്നെന്നിരിക്കും. അതുകൊണ്ട് രാത്രീല് എല്ലാരും ഉറങ്ങീട്ട് പോകാം.”

തക്കുടു എല്ലാം ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. പക്ഷേ മൈഥിലിയ്ക്ക് കരച്ചില്‍വന്നു. “എന്നെ രാത്രീല് വീട്ട്ന്നു വിടൂല.”

ദില്‍ഷേം പറഞ്ഞു, “എന്നേം വിടൂല.”

മൈഥിലിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, “അതിനൊക്കെ വഴീണ്ടാക്കാം.”

“ശരിക്കും?”

“ശരിക്കും.”

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിക്രം സാരാഭായി
Next post പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK
Close