Read Time:13 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ മൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


സന്ധ്യയ്ക്ക് തക്കുടു കൂട്ടിനു വന്നു. വന്നപാടെ ഞാന്‍ പറഞ്ഞു.

“കീചകന്‍ എന്നോടു പകരം വീട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റച്ഛന്‍ വല്യ ഗുണ്ടയാ.”

“എല്ലാം ഞാന്‍ കേട്ടു. നിന്റെ ചെവീല് വെച്ച ഓ‍ഡിയോ റസീവര്‍ വഴി എല്ലാം എനിക്കു കേള്‍ക്കാം. അവനെന്താ നിന്നോടിത്ര വിരോധം?”

“എനിക്കറിയില്ല. ഞാനവനോട് ഒന്നും ചെയ്തിട്ടില്ല. എല്ലാ കുട്ടികളും ഒളിഞ്ഞുനിന്നു കീചകന്‍ എന്നു വിളിക്കുമ്പം ഞാന്‍ അവനെ ഗണേശന്‍ന്നേ വിളിക്കാറുള്ളൂ.”

“സാരല്ല, നീ പേടിക്കണ്ട. വഴിയുണ്ടാക്കാം. അമ്മ വരാറായില്ലേ?”

“അമ്മ ഇപ്പം വരും. അതിനു മുമ്പ് ഒരു ചോദ്യം ചോദിച്ചോട്ടേ? ആരാ കീചകനെ ഉന്തിയിട്ടത്?”

“അതൊരു ചെറിയ പ്രാവാണ്. ഒരു ബുദ്ധിയുള്ള പ്രാവ്. അതിനെ ഞാന്‍ പിന്നെ കാണിച്ചുതരാം. ഇപ്പം ഇത്ര മതി.”

“ബുദ്ധിയുള്ള പ്രാവോ? ആ പ്രാവിനെയാ ദീപു കണ്ടത്, അല്ലേ? ഒരു ചോദ്യം കൂടി. നിന്നെയെന്താ എനിക്കു കാണാന്‍ പറ്റാത്തെ? നിനക്ക് ശരീരം ഇല്ലേ? ഭക്ഷണം ഒന്നും വേണ്ടേ? നീ എവിടെയാ താമസിക്കുന്നെ? ഏതു ലോകത്തൂന്നാ വന്നെ?”

തക്കുടു ചിരിയോടുചിരി. അവന്‍ പറഞ്ഞു, “ഒരു ചോദ്യം ചോദിക്കട്ടേന്ന് പറഞ്ഞിട്ട് എത്ര ചോദ്യാ! എന്നാ കേട്ടോ: എനിക്കു ശരീരം ഉണ്ട്. എന്താ എന്നെ കാണാന്‍ പറ്റാത്തേന്ന് പറയാന്‍ കൊറേ സമയം എടുക്കും.  അതിനു മുമ്പ് അമ്മ വരും. ഭക്ഷണം എനിക്കും വേണം, പക്ഷേ നിങ്ങളെപ്പോലെ മൂന്നു നാലു നേരം ഒന്നും വേണ്ട. ഒറ്റ നേരം മതി. കുറച്ചു മീനോ കൂന്തളോ കിട്ടിയാല്‍ ധാരാളം. വേവിക്ക്യേം ഒന്നും വേണ്ട. ഒരുപാടു വെള്ളം കുടിക്കും. കടലിലെ ഉപ്പുവെള്ളം മതി. ബാക്കിയൊക്കെ പിന്നെ പറയാം. നിന്റെ അമ്മ അതാ വരുന്നു.”

അമ്മ വന്നു. മുഖത്ത് പതിവില്‍ക്കവിഞ്ഞ സന്തോഷം. കൈ നിറയെ പലഹാരപ്പൊതികള്‍. വരുന്ന വഴിക്ക് സൈബുട്ടീച്ചറെ കണ്ടിട്ടുണ്ടാവും.

അമ്മ ചോദിച്ചു, “നീ ആരോടാ വര്‍ത്താനം പറഞ്ഞോണ്ടിരുന്നത്?”

ഞാന്‍ പറഞ്ഞു, “തക്കുടൂനോട്.”

അമ്മ കുറേ നേരം എന്നെ സൂക്ഷിച്ചുനോക്കി. കിറുക്കിന്റെ ലക്ഷണം കാണുന്നുണ്ടോന്നാവും. ഞാന്‍ പൊട്ടിച്ചിരിച്ചു. അമ്മ പൊതികളെല്ലാം മേശപ്പുറത്തുവെച്ച് ചായ ഉണ്ടാക്കാന്‍പോയി.

ഞാന്‍ തക്കുടൂനോടു പറഞ്ഞു, “എനിക്ക് കിറുക്കായീന്നാ അമ്മേടെ പേടി. സാരല്ല. പക്ഷേ, എനിക്ക് നിന്റെ കാര്യത്തില്‍ നല്ല സങ്കടണ്ട്, കേട്ടോ. ഉഴുന്നുവടേം ലഡൂംകൂടി ഒന്നിച്ച് വായിലിട്ട് ചവച്ചാല്‍ എന്തു സ്വാദാന്നോ! ഇതാ ഇങ്ങനെ. ഒരു ഞാലിപ്പൂവന്‍ പഴോം കൂടി ഉണ്ടെങ്കില് കേമായി. പക്ഷേ, നിനക്കിതൊന്നും ആസ്വദിക്കാന്‍ ഭാഗ്യല്ലല്ലോ, കഷ്ടം.”

ചായയ്ക്ക് കാത്തുനില്ക്കാതെ ഞാന്‍ തിന്നുതുടങ്ങി.

തക്കുടു പറഞ്ഞു, “എനിക്കു സങ്കടം നിങ്ങള്‍ മനുഷ്യരുടെ കാര്യത്തിലാ. എത്ര സമയാ നിങ്ങള്‍ ഭക്ഷണത്തിനുവേണ്ടി കളയുന്നെ. ഒരു കൂട്ടര് കൃഷിചെയ്യാന്‍, ഒരു കൂട്ടര് അത് കച്ചോടം ചെയ്യാന്‍, എല്ലാ വീട്ടിലേം പെണ്ണുങ്ങള്‍ ദിവസം മുഴുവന്‍ അതു വെച്ചുണ്ടാക്കാന്‍. എന്നിട്ട് എല്ലാരും അത് തിന്ന് വയറും വീര്‍പ്പിച്ച് അങ്ങനെ നടക്കും. എന്നെ നോക്ക്, അതൊന്നും വേണ്ട. വിശക്കുമ്പം കുറച്ച് ചെറിയ മീനോ കൂന്തളോ പിടിച്ചുതിന്നും. ദിവസം ഒരു തവണ മതി. വെള്ളം മാത്രം ഇടയ്ക്കിടെ കുടിക്കണം. അത് പ്രപഞ്ചം മുഴുവന്‍ ഉണ്ടുതാനും.”

“എന്നേം കൂടി നിന്നെപ്പോലെ ആക്കാമോ?”

“അയ്യോ അതു പറ്റില്ലല്ലോ യദുക്കുട്ടാ. അതിനു നീ ഞങ്ങടെ ലോകത്ത് ജനിക്കണാരുന്നു.”

“നിങ്ങടെ ലോകം ഏതാണെന്ന് പറഞ്ഞുതര്വോ?”

“പറഞ്ഞുതരാലോ. പന്ത്രണ്ട് പ്രകാശവര്‍ഷം അകലെ, നിങ്ങടെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ല്യൂട്ടന്‍ എന്നു വിളിക്കുന്ന ഒരു ഓറഞ്ച് താരമുണ്ട്. നക്ഷത്ര ചാര്‍ട്ടിലെ നമ്പര്‍ GJ 273. അതിനെ ചുറ്റി സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് എന്റെ ലോകം.”

“മതി മതി, എല്ലാം മനസ്സിലായി.”

“അതാ പറഞ്ഞെ, ധൃതി വെക്കണ്ട. നീ കുറച്ചുകൂടി ഫിസിക്സും ജ്യോതിശ്ശാസ്ത്രവും ഒക്കെ പഠിച്ചുകഴിഞ്ഞ് മനസ്സിലാക്കാം. എനിക്ക് അഞ്ചുകൊല്ലം കൂടി ഈ ഭൂമിയില്‍ കഴിയാന്‍ അനുവാദമുണ്ട്. അതിനുള്ളില്‍ അതൊക്കെ പറഞ്ഞുതരാം, കേട്ടോ.”

“ആരുടെ അനുവാദാ നീ വാങ്ങിയെ?”

“എന്നെ ഇങ്ങോട്ടയച്ചവരുടെ.”

“അപ്പം ഭൂമിലുള്ള ഞങ്ങടെ അനുവാദമൊന്നും വേണ്ട?”

ഒരു കുലുങ്ങിച്ചിരി മാത്രമായിരുന്നു ഉത്തരം.

ഞാന്‍ പറഞ്ഞു, “വട്ട് കേസ് തന്നെ. ഞാന്‍ നിന്നെപ്പറ്റി എന്റെ അടുത്ത കൂട്ടുകാരോടു പറഞ്ഞോട്ടെ?”

“അയ്യോ വേണ്ട, നാടാകെ അറിയും.”

“ഇല്ല, എന്റെ വിശ്വസ്തരായ അഞ്ചുപേരോടു മാത്രം.”

“എന്നാ പറഞ്ഞോളൂ. നാളെ ഒഴിവുദിവസം അല്ലേ, രാവിലെ അവരും വരട്ടെ, പരിചയപ്പെടാം. അമ്മ ചായയുമായി വരാറായി. നീ ഇങ്ങനെ ശൂന്യതയിലേക്കു നോക്കി വര്‍ത്താനം പറയുന്നതുകണ്ടാ അമ്മയ്ക്ക് തീര്‍ച്ചയാകും നിനക്ക് വട്ടാണെന്ന്. ഉടന്‍ ഡോക്ടറെ വിളിച്ചെന്നും വരും. അതുകൊണ്ട് ഞാന്‍ പോട്ടെ.”

അമ്മ ചായയുമായി എത്തിക്കഴിഞ്ഞു. ഞാന്‍ തക്കുടൂനോടു പറഞ്ഞു, “നില്‍ക്ക്, പോകല്ലേ. നമ്മക്ക് അമ്മയെ ഇനീം പറ്റിക്കണ്ട. ഞാന്‍ നിന്നെ  അമ്മയ്ക്ക് പരിചയപ്പെടുത്താം.”

“അമ്മ പേടിക്ക്വോ? പ്രേതോ പിശാചോ മറ്റോ ആണെന്ന് കരുത്വോ.”

“ആരാടാ അത്?” തക്കുടൂന്റെ ശബ്ദം കേട്ട് അമ്മ ചോദിച്ചു.

ഞാന്‍ പറഞ്ഞു, “ഇതാണമ്മേ എന്റെ തക്കുടു. എന്റെ പുതിയ കൂട്ടുകാരന്‍. മായാവി. തക്കുടൂ, ഇതാണെന്റെ അമ്മ.”

“അമ്മേ നമസ്ക്കാരം.” തക്കുടുവിന്റെ മണികിലുക്കം പോലത്തെ ശബ്ദം കേട്ട ഭാഗത്തേക്ക് അമ്മ സൂക്ഷിച്ചുനോക്കി. ആരെയും കാണാഞ്ഞ് അത്ഭുതപ്പെട്ടു.

തക്കുടു ആശ്വസിപ്പിച്ചു, “അമ്മേ, അമ്മയ്ക്കെന്നെ കാണാന്‍ പറ്റൂല. പക്ഷേ ഞാന്‍ അമ്മേ കാണുന്നുണ്ട്.”

“അതെന്താ എനിക്കു കാണാന്‍ പറ്റാത്തെ?”

“അമ്മ ഏതു ക്ലാസ്സ് വരെ പഠിച്ചു?”

“പ്ലസ് റ്റു പാസ്സായി. പിന്നെ അച്ഛന്‍ പഠിപ്പിച്ചില്ല. കല്യാണം കഴിപ്പിച്ചുവിട്ടു.”

“അപ്പം പ്രകാശ സ്പെക്ട്രം ഒക്കെ അറിയാല്ലോ.”

ഞാന്‍ പറഞ്ഞു, “എനിക്കുപോലും അറിയാലോ. വയലറ്റ്, ഇന്‍ഡിഗോ, ബ്ലൂ, ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ്.” ഞാന്‍ അന്‍വര്‍മാഷ് പഠിപ്പിച്ചത് അപ്പടി ആവര്‍ത്തിച്ചു. “അന്‍വര്‍ മാഷ് സ്പെക്ട്രം കാണിച്ചുതന്നിട്ടും ഉണ്ട്.”

“നിങ്ങടെ കണ്ണുകൊണ്ട് കാണാവുന്ന നിറങ്ങളാണതൊക്കെ. അതിലും തരംഗദൈര്‍ഘ്യം കുറ‍ഞ്ഞ, ഊര്‍ജം കൂടിയ പ്രകാശവുമുണ്ട്, അള്‍ട്രാവയലറ്റും എക്സ്റേയുമൊക്കെ. തരംഗദൈര്‍ഘ്യം കൂടിയ, ഊര്‍ജം കുറഞ്ഞവയാണ് ഇന്‍ഫ്രാറെഡും റേഡിയോ തരംഗങ്ങളുമൊക്കെ.”

“അതെല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ സാറിന്റെ ഫിസിക്സ് ക്ലാസ്സ് എനിക്കിഷ്ടാരുന്നു.” അതു പറയുമ്പം അമ്മ ആ നല്ല കാലത്തേയ്ക്ക് ഒന്ന് തിരിച്ചുപോയപോലെ തോന്നി.

തക്കുടു പറഞ്ഞു, “നിങ്ങക്ക് അള്‍ട്രാവയലറ്റും എക്സ്റേയും കാണാന്‍ പറ്റില്ലല്ലോ. ഞങ്ങടെ ലോകത്തുള്ളവര്‍ക്ക് അതു മാത്രമല്ല, നിങ്ങള്‍ കാണുന്ന പ്രകാശവും കാണാന്‍ പറ്റില്ല. ചുവപ്പ് മാത്രം കുറേശ്ശെ കാണാം. പക്ഷേ ഇന്‍ഫ്രാറെഡ് നല്ലോണം കാണും.”

“അപ്പം നീ ഞങ്ങളെ എങ്ങനയാ കാണുന്നെ? ചുറ്റും ഇരുട്ടല്ലേ. ട്യൂബ്‌ലൈറ്റില്‍ ഇന്‍ഫ്രാറെഡ് ഇല്ലല്ലോ,” അമ്മ ചോദിച്ചു.

“ഞാന്‍ നിങ്ങളെ കാണുന്നത് നിങ്ങള്‍ തമ്മില്‍ കാണുംപോലെ അല്ല. എല്ലാ വസ്തുക്കളും ഇന്‍ഫ്രാറെഡ് പുറത്തുവിടുന്നുണ്ട്. നിങ്ങടെ ശരീരത്തില്‍ നിന്നും വരുന്നുണ്ട്. നിങ്ങളെ കാണാന്‍ അതു മതി. പകലാണെങ്കില്‍ സൂര്യപ്രകാശത്തില്‍ അതുണ്ട്. അതു നിങ്ങളുടെ ശരീരത്തില്‍ തട്ടിച്ചിതറും. അപ്പോള്‍ നല്ല ശോഭയോടെ കാണാം.”

“ഞാനിപ്പം ഏതു നിറമുള്ള സാരിയാ ഉടുത്തിരിക്കുന്നത് എന്നു പറയാന്‍ പറ്റ്വോ?”

“ഞാന്‍ കാണുന്ന നിറം നിങ്ങള്‍ കാണുന്ന നിറം അല്ല. എനിക്ക് ഇന്‍ഫ്രാറെഡില്‍പ്പെട്ട 24 നിറങ്ങള്‍ കാണാന്‍ പറ്റും. അതിനൊന്നും നിങ്ങളുടെ ഭാഷയില്‍ പേരില്ല.”

ഞാന്‍ പറഞ്ഞു, “തക്കുടൂ, നിന്റെ കാര്യം കഷ്ടാണ്. നല്ല ഒരു റോസാപ്പൂവോ ഓര്‍ക്കിഡോ ഒന്നും കണ്ടാല്‍ നിനക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഒക്കെ നീ ഇന്‍ഫറെട്ടാന്നു പറയും. കഷ്ടംണ്ട്.”

“ഇന്‍ഫറട്ടല്ല ശുപ്പാണ്ടീ, ഇന്‍ഫ്രാറെഡ്. എന്റെ ലോകത്തെ ഒരു പൂ കണ്ടാ നിനക്കും ആസ്വദിക്കാന്‍ കഴിയില്ലല്ലോ. നിനക്ക് ഏഴു നിറങ്ങളും അവയുടെ പല ഷേഡുകളും അല്ലേ ഉള്ളത്; കടും ചുവപ്പ്, ഇളം പച്ച, നീലപ്പച്ച എന്നിങ്ങനെ. എനിക്കതൊന്നും കണ്ടാ തിരിച്ചറിയാന്‍ പറ്റില്ല. പക്ഷേ ഞങ്ങടെ ലോകത്തെ പൂക്കള്‍ക്ക് നൂറുകണക്കിനു നിറങ്ങളുണ്ട്. 24 ഇന്‍ഫ്രാറെഡ് നിറങ്ങളും അവയുടെ പല ഷേഡുകളും ചേരുവകളും എല്ലാം ചേര്‍ന്ന ഞങ്ങടെ പൂന്തോട്ടങ്ങള്‍ അതിമനോഹരമാണ്.”

അമ്മ ചോദിച്ചു, “നീ ഞങ്ങടെ ലോകം, ഞങ്ങടെ ലോകം എന്നു പല പ്രാവശ്യം പറഞ്ഞല്ലോ. ഏതാ ഈ ലോകം? ഈരേഴു പതിന്നാലു ലോകം എന്നൊക്കെ കേട്ടിട്ടുണ്ട്. അതിലേതെങ്കിലും ആണോ നിന്റെ ലോകം?”

“ലോകങ്ങള്‍ പതിന്നാലൊന്നും അല്ലമ്മേ, ലക്ഷക്കണക്കിനുണ്ട്.  ഒക്കെ ഞാന്‍ പിന്നെ ഒരിക്കെപ്പറയാം. നാളെ രാവിലേ വരാം. ഇപ്പം പോട്ടെ. എന്റെ ഡോള്‍ഫിന്‍ കൂട്ടുകാര്‍ കാത്തിരുന്നു മടുത്തിട്ടുണ്ടാകും.”

പതിവുപോലെ ഒരു ‘ശ്ശ്’ ശബ്ദം. വായുവില്‍ ഒരു ചലനം. തക്കുടു പോയിക്കഴിഞ്ഞു.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ


8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം
Next post ലൂക്ക ഒളിമ്പിക്സ് ക്വിസ്
Close