Read Time:55 Minute

Gender equality today  for a sustainable tomorrow എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ വനിതാദിന മുദ്രാവാക്യം.  ഇന്നത്തെ ലിംഗസമത്വം  നാളത്തെ സുസ്ഥിര വികസിതമായ, പരിസ്ഥിതി സന്തുലിതമായ ഒരു നല്ല  ലോകത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

1970 കളിലാണ്  വികസനവുമായി ബന്ധപ്പെട്ട  ചർച്ചകൾ ആഗോളതലത്തിൽ  സജീവമാകുന്നതും സ്ത്രീകളെ വികസനത്തിൽ പങ്കാളികളായി അംഗീകരിക്കുന്നതും.ഇതിനു മുൻകൈയെടുത്തത് ഐക്യരാഷ്ട്രസഭ തന്നെയായിരുന്നു. 1975-ലെ ഒന്നാമത്തെ അന്തർദേശീയ  വനിതാ സമ്മേളനം, 1975 ൽ അന്തർദേശീയ വനിതാ വർഷവും തുടർന്നുള്ള പത്തു വർഷം  വനിതാ ദശകവും ഐക്യരാഷ്ട്രസഭയുടെ നേതൃത്യത്തിൽ നടന്നു. ഇവയൊക്കെ ഐക്യരാഷ്ട്രസഭയിൽ  അംഗങ്ങളായ ലോകരാജ്യങ്ങളിൽ സ്ത്രീ – പുരുഷ സമത്വത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു.  ഓരോ രാജ്യത്തെയും സ്ത്രീകളുടെ ജീവിതത്തെ  അവലോകനം നടത്തി പുതിയ മാറ്റങ്ങൾ എങ്ങനെ കൊണ്ടുവരാൻ കഴിയുമെന്ന് സർക്കാർതലത്തിൽ ആലോചിക്കാനുള്ള ശ്രമങ്ങൾ നടന്നു . അത് പലയിടത്തും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും സ്ത്രീകളെ നയ പരിപാടികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാക്കി മാറ്റുകയും ചെയ്തു.ലിംഗസമത്വം എന്ന തത്വത്തെ വികസന പ്രക്രിയയിലേക്ക് സംയോജിപ്പിക്കാനുള്ള  ശ്രമമായിരുന്നു അത്.1975 നു ശേഷം 1980, 1985 പിന്നെ  1995 ലും അന്തർദേശീയ വനിതാ സമ്മേളനങ്ങൾ നടക്കുകയുണ്ടായി .ഇതിൻ്റെയൊക്കെ ഫലമായി ആഗോളതലത്തിൽ വലിയ മാറ്റങ്ങളുണ്ടായി.എന്നാൽ  ഈ പ്രവർത്തനങ്ങളൊന്നും തന്നെ തുടക്കം കുറിച്ചത് ഐക്യരാഷ്ട്ര സഭയല്ല എന്നതും ശ്രദ്ധിക്കണം. ആഗോളതലത്തിൽ സ്ത്രീ പ്രശ്നത്തിൽ ഇടപെടുന്ന   സംഘടനകളുടെ ഇക്കാര്യത്തിലുള്ള പങ്ക്  പ്രധാനമാണ്. സോഷ്യലിസ്റ്റ് – ഫെമിനിസ്റ്റ് സംഘടനകളുടെ ഇടപെടലിന്റെ ഭാഗമായാണ്   വനിതാ ദിനം ആഘോഷിച്ചു തുടങ്ങുന്നത്.സോഷ്യലിസ്റ്റ് കളോടൊപ്പം  ലിബറൽ ഫെമിനിസ്റ്റുകളും റാഡിക്കൽ ഫെമിനിസ്റ്റുകളും നടത്തിയ നിരന്തര പ്രക്ഷോഭങ്ങളും അവരുയർത്തിയ മുദ്രാവാക്യങ്ങളും കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളും പ്രധാനമാണ്. ഇങ്ങനെ ഉരുവപ്പെട്ട ആശയങ്ങൾ ശക്തമായപ്പോൾ  ഒരു ഔപചാരിക ചാനലിലൂടെ ഐക്യരാഷ്ട്രസഭ ഏറ്റെടുക്കുകയും അതോടെ ലോക രാഷ്ട്രങ്ങളിലാകെ അതിന്റെ അലയൊലികളെത്തുകയും ചെയ്തു. തുടർന്ന് പല പല അന്താരാഷ്ട്ര ഏജൻസികളും അതുമായി മുന്നോട്ടു പോയി . (വനിതാ ദിനം നൂറ്റാണ്ടിന്റെ നാൾവഴികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

അരാഷ്ട്രീയമായി ഉണ്ടായി വന്നതല്ല സ്ത്രീ വാദങ്ങൾ .അവയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്.ജെൻഡർ എന്ന തത്വം കൂടുതൽ സ്ഥാപനവൽക്കരിക്കപ്പെട്ട് മുന്നോട്ടുപോകുമ്പോൾ വീണ്ടും വീണ്ടും ഇടപെടുക എന്നത്  പ്രധാനമാണ്.

സുസ്ഥിര വികസനം

പ്രകൃതിവിഭവങ്ങളുടെ മേലുള്ള ഇടപെടലുകൾ ഏറ്റവും നീതിപൂർവകമായി നടക്കുമ്പോഴാണ് സുസ്ഥിര വികസനം സാധ്യമാകുന്നത്. സുസ്ഥിര വികസനം കൈവരിക്കണമെങ്കിൽ  അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധിയാണ്  ജന്റർ  ഇക്വാലിറ്റി കൈവരിക്കുക എന്നത് . എന്നാൽ നമ്മുടെ  സമൂഹത്തിൽ  ഏറ്റവും അസമമായാണ് ജെൻഡർ എന്ന അവസ്ഥ  നിലനിൽക്കുന്നത്. ലിംഗ സമത്വം എന്ന ലക്ഷ്യത്തിലേ ക്കെത്താനുള്ള  ലോകത്തിലെ gender setting തുല്യതയില്ലാത്തതും ശ്രേണി പരമായ അധികാരഘടനയാൽ നിശ്ചയിക്കപ്പെടുന്നതും  മാറാൻ ഒട്ടും തയ്യാറല്ലാത്ത തും പുരുഷകേന്ദ്രീകൃതമായ ചിന്താഗതിക്ക് മുൻതൂക്കം കൊടുക്കുന്നതുമായി തുടരുന്നു. ഇത്തരം ഒരു സമൂഹത്തിൽ സ്ഥായിയായ വികസനം അസാധ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ  മുദ്രാവാക്യത്തെ കാലാവസ്ഥാ വ്യതിയാനവുമായി ആണ് അവർ ബന്ധപ്പെടുത്തിയിരിക്കുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ  പ്രധാനമായുള്ളത്.ഒന്നാമതായി കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ,  ആഗോളതാപനം  പോലെയുള്ള വിഷയങ്ങൾ എല്ലാം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ബാധിക്കുന്നു.എന്നാൽ ദുർബല വിഭാഗങ്ങളെയും അവരിൽ തന്നെ സ്ത്രീകളെയും പെൺകുട്ടികളെയും അത് കൂടുതൽ ബാധിക്കും.നിലനിൽക്കുന്ന അസമത്വവും വികസനകാര്യങ്ങളിൽ സ്ത്രീകൾക്ക് ഒരു പങ്കും നൽകാത്ത അവസ്ഥയുമാണ് അവരെ  ഇത് കൂടുതൽ ബാധിക്കാൻ കാരണം. വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അനീതി പൂർവ്വ കവുമായ ചൂഷണം, ഓസോൺ നശീകരണം  പോലുള്ള  കാര്യങ്ങളിലൊന്നും തീരുമാനം കൈക്കൊള്ളുന്നതിൽ സ്ത്രീകൾക്ക് പങ്കില്ല.എന്നാൽ ലോകത്തിലെമ്പാടും പരിസ്ഥിതി നാശത്തിനെതിരെയും കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾക്കെതിരേയും  എല്ലാം നടക്കുന്ന പ്രക്ഷോഭങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് സ്ത്രീകളും പെൺകുട്ടികളുമാണ്. കഴിഞ്ഞ 20 വർഷമായി നടക്കുന്ന പരിസ്ഥിതി സമരങ്ങളിൽ പലതിലും കേന്ദ്രസ്ഥാനത്ത് സ്ത്രീകളാണ് .അവരിൽ പലരും സാധാരണക്കാരും തൊഴിലാളികളുമാണ്. ഇതോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലുണ്ടാവണം.എങ്ങനെയാണ് സ്ത്രീകളെ വികസന പ്രവർത്തനങ്ങളിൽ  പങ്കാളികളാക്കുന്നത് എന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് എങ്ങനെയാണ് അവരെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് എന്നതും. കക്ഷിരാഷ്ട്രീയമല്ല ഇവിടെ അർത്ഥമാക്കുന്നത്. രാഷ്ട്രീയമായി ചിന്തിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളാവുക   എന്നതാണ്.

ഒരു സുസ്ഥിരതയുള്ള സ്ത്രീ നേതൃത്വം രൂപപ്പെട്ടു വരാനുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്.  ലിംഗനീതിക്കായുള്ള പ്രവർത്തനങ്ങൾ  സുസ്ഥിരതയുള്ളതായാൽ  സ്വാഭാവികമായും വികസന പ്രവർത്തനങ്ങളിലെ  പങ്കാളിത്തവും  സുസ്ഥിരതയുള്ളതായി മാറും. അതു കൊണ്ട് തന്നെ ലിംഗനീതി തന്നെയാണ് നാം ഫോക്കസ് ചെയ്യേണ്ടത്.ഈ മുദ്രാവാക്യത്തെ ഒരു രൂപരേഖ മാത്രമായി വച്ചുകൊണ്ട് എങ്ങനെ അതിനെ കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളിലേക്ക്  പകർത്താൻ കഴിയുമെന്ന് ആലോചിക്കണം.

വികസനം    –  സങ്കല്‍പ്പവും സമീപനങ്ങളും

വികസനം എന്ന പദം വ്യാപകമായി ഇന്ന് സമൂഹത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. പൊതുവില്‍ നിലവിലുളളതില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുളള ഒരു സമൂഹത്തിന്റെയും, അതിന്റെ ഭാഗമായ ജനങ്ങളുടെ ജീവിതാവസ്ഥയുടേയും മാറ്റത്തെ ആണ് വികസനം (Development)  എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം എന്നതു പോലെ തന്നെ പ്രധാനമാണ് വ്യത്യസ്ത അര്‍ത്ഥ തലങ്ങളില്‍ ഇത് ഉപയോഗിക്കപ്പെടുന്നു എന്നതും. ഓരോരുത്തരുടേയും സമീപനത്തിനും സാഹചര്യങ്ങൾക്കും  അനുസരിച്ച് വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ മാറുന്നു.  ചുരുക്കത്തില്‍ വികസന സമീപനങ്ങളിലെ മാറ്റങ്ങള്‍ വികസനത്തെ സംബന്ധിച്ച നിര്‍വ്വചനത്തിലും മാറ്റം വരുത്തുന്നു.  ഇത്തരത്തില്‍ വികസനത്തെ സംബന്ധിച്ച് പൊതുവില്‍ ചര്‍ച്ച ചെയ്യുന്ന വിവിധ ധാരകളെ പരിചയപ്പെടുത്തുന്നതിനാണ്  ഇവിടെ ശ്രമിക്കുന്നത്.

വികസനത്തിന്റെ മൂല്യ നിരപേക്ഷത എന്ന സങ്കല്പം (Development on a value neutral  concept)

സാധാരണയായി നാം ശാസ്ത്രത്തെ മൂല്യനിരപേക്ഷമായ  (Value neutral)  ഒന്നായി പറയാറുണ്ട്. ഉപയോഗിക്കുന്ന വ്യക്തിക്ക് അനുസരിച്ച് അതിന്റെ ഫലങ്ങളില്‍ മാറ്റം സംഭവിക്കുന്നില്ല എന്നതാണ് അതിൻറെ അടിസ്ഥാനം.  അതുപോലെ വികസനം എന്ന വാക്കും മൂല്യ നിരപേക്ഷമാണ് എന്ന പൊതുവാദം ഉണ്ട്. ഇത് തെറ്റായ ഒരു ധാരണയാണ്.  നാം ആരുടെ പക്ഷത്തുനിന്ന്, എന്തൊക്കെ സൂചകങ്ങള്‍ ഉപയോഗിച്ച് ആണ് വികസനം എന്ന വാക്കിനെ നോക്കികാണുന്നത് എന്നതിന് അനുസരിച്ച് അതിന് വ്യത്യസ്തമായ നിര്‍വ്വചനങ്ങള്‍ ഉണ്ടാകുന്നു.  വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഇടയില്‍ തന്നെ വികസനത്തിന്റെ നിര്‍വ്വചനത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.  വിവിധ  വ്യവസ്ഥകള്‍ തമ്മിലും  വികസനത്തിന്റെ നിര്‍വ്വചനത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.  ഉദാഹരണത്തിന് തികച്ചും ഉദാരവത്കരിക്കപ്പെട്ട  മുതലാളിത്ത സമൂഹങ്ങളില്‍ ഉളള വികസന നിര്‍വ്വചനം അല്ല, ഒരു മിശ്രിത സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുക.

വികസനത്തിന് രാഷ്ട്രീയം ഇല്ല  എന്ന പൊതുവാദം തെറ്റാണെന്ന് ഈ അനുഭവങ്ങള്‍ കാണിക്കുന്നു.  വികസന സങ്കല്‍പ്പം രാഷ്ട്രീയത്തിന് അതീതം ആണ് എന്ന വാദം പോലും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.  ഇത് വസ്തുതാപരമല്ല.  സാധാരണയായി രണ്ട് തരം നിര്‍വ്വചനങ്ങള്‍ ആണ് വികസനത്തിന് ഉണ്ടാകാറുളളത്.  ഒന്ന് അതിനെ മൂല്യ നിരപേക്ഷമായി കണ്ടുകൊണ്ടുളള, (value neutral) നിര്‍വ്വചനവും, മറ്റൊന്ന് അതിനെ  മൂല്യാധിഷ്ഠിതം (value based) ആയി കണ്ട് കൊണ്ടുളള നിര്‍വ്വചനവും. ഒന്നാമത്തേത് പരമ്പരാഗതമായ ധനതത്വ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ വച്ചുകൊണ്ടുളള നിര്‍വ്വചന രീതിയാണ്.  സാങ്കേതികമായ അളവുകളും, സൂചകങ്ങളും ആണ് ഈ നിര്‍വചനത്തില്‍ പ്രാമാണികമായി പരിഗണിക്കപ്പെടുന്നത്.  മനുഷ്യരുടെ ജീവിതാവസ്ഥയില്‍ വരുന്ന മാറ്റങ്ങളേക്കാള്‍ സംഖ്യാപരമായ (statistical) ലക്ഷ്യങ്ങള്‍ക്കാണ് ഈ നിര്‍വ്വചനം ഊന്നല്‍ നല്‍കുക. ഉദാഹരണത്തിന് ഉയര്‍ന്ന ആഭ്യന്തര ഉത്പാദനം, പ്രതിശീര്‍ഷ വരുമാനം, നഗരവത്കരണം, സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുതലായ സംഖ്യാ സൂചകങ്ങളെ അടിസ്ഥാനമാക്കി ഇവിടെ വികസനം നിര്‍വ്വചിക്കപ്പെടും. വികസനത്തിന്റെ സാമൂഹിക വശത്തേയോ, അതിന് വിധേയരാകുന്ന മനുഷ്യരുടെ യഥാര്‍ത്ഥ ജീവിത അവസ്ഥയില്‍ വരുന്ന മാറ്റങ്ങളെയോ മൂല്യ നിരപേക്ഷമെന്ന് കരുതുന്ന ഒന്നാമത്തെ നിര്‍വ്വചന രീതി പരിഗണിക്കുന്നില്ല.  സാങ്കേതിക അര്‍ത്ഥത്തില്‍ മൂല്യ നിരപേക്ഷമാണ് എന്ന് പറയുമെങ്കിലും മുതലാളിത്തത്തിന്റെ സാമ്പത്തിക വിശകലന രീതിയും, യുക്തിയും ആണ് ഈ നിര്‍വ്വചനത്തിന്റെ വക്താക്കള്‍ ഫലത്തില്‍ പിന്തുടരുന്നത്.

വികസനത്തിന്റെ രണ്ടാമത്തെ നിര്‍വ്വചന രീതി എന്നത് മൂല്യങ്ങളില്‍ ഊന്നിയ ഒന്നാണ്.  സാങ്കേതിക  പരിഗണനകള്‍ക്ക് അപ്പുറത്ത്  മനുഷ്യരുടെ ജീവിതാവസ്ഥയിലേയും, ഗുണതയിലേയും മാറ്റങ്ങള്‍, ശേഷികളുടെയും, ആസ്തികളുടെയും വികസനം എന്നിങ്ങനെ മൂല്യങ്ങളില്‍ ഊന്നിയ വികസന നിര്‍വ്വചനത്തെ ഈ രീതി സ്വീകരിക്കുന്നു.  ഒരു ഭരണ പ്രദേശത്തിന് അകത്ത് വ്യത്യസ്ത പ്രദേശങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലെ അന്തരങ്ങളെ പരിഗണിക്കാത്ത പൊതുവായ (universe) ഒരു നിര്‍വ്വചന രീതിയാണ്  മൂല്യനിരപേക്ഷ  സമീപനത്തില്‍ അവലംബിക്കുന്നത്. അത് ചരിത്രപരമായ വ്യത്യാസങ്ങളെ പരിഗണിക്കാറില്ല.  എന്നാല്‍ ചരിത്രപരവും, ഭൂമിശാസ്ത്രപരവും, സാമൂഹികവുമായ പ്രത്യേകതകളെ പരിഗണിക്കുന്ന സൂക്ഷ്മ  മാനങ്ങളുളള ഒരു നിര്‍വചനരീതി ആണ് മൂല്യാധിഷ്ഠിതമായ (value  based)  നിര്‍വചന രീതികള്‍ക്ക് അകത്തുളളത്.

വികസനം : വ്യത്യസ്ത സമീപനങ്ങള്‍

നാം ഇതുവരെ ചര്‍ച്ച ചെയ്തത് വികസനത്തിനെ പ്രധാനമായും നിര്‍വചിച്ചിരിക്കുന്ന രണ്ട് നിര്‍വചന രീതികളെ കുറിച്ച് ആയിരുന്നു.  വികസനത്തിന് രാഷ്ട്രീയമില്ല എന്ന  വാദത്തെ നമ്മുടെ പരിശോധനകള്‍ തെറ്റാണെന്ന് തെളിയിക്കുന്നു.   അതിനെ വിലയിരുത്തുന്ന വ്യക്തിയുടെയോ, വിഭാഗങ്ങളുടേയോ, സംഘടനകളുടേയോ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് അതിനോടുളള സമീപനവും വ്യത്യസ്തമാകും.  വികസനം എന്നത് ഒരു അരാഷ്ട്രീയ പരികല്‍പ്പനയല്ല എന്നത് ഇതിലൂടെ അടിവരയിടപ്പെടുന്നു.  മുതലാളിത്തം, സോഷ്യലിസം, ഗാന്ധിസം, മിശ്രിത സമ്പദ് വ്യവസ്ഥ തുടങ്ങി വ്യത്യസ്ത സമ്പദ് വ്യവസ്ഥകളിലും വ്യത്യസ്ത  സമീപനങ്ങള്‍ ആണ് വികസനത്തിന് ഉളളത്.  ഇങ്ങനെ വ്യത്യസ്ത വ്യവസ്ഥകളുമായി ഇടപഴകി നടന്ന ചര്‍ച്ചകളിലൂടെ വികസനത്തിന് വ്യത്യസ്തമായ സമീപനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.  അത്തരം സമീപനങ്ങളെ പൊതുവില്‍ മൂന്ന് തലങ്ങളായി തിരിക്കാം.

 1.  വളര്‍ച്ചാ കേന്ദ്രീകൃത സമീപനം (growth centred approach)
 2.  സമത്വ കേന്ദ്രീകൃത സമീപനം (equity centred approach)
 3.  സുസ്ഥിരതാ കേന്ദ്രീകൃത സമീപനം (sustainability centred approach)    

ഇതില്‍ ആദ്യ സമീപനം പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ വികസന പാതയെ പിന്തുടരുന്നത് ആണ്.  രണ്ടും മൂന്നും സമീപനങ്ങള്‍ സോഷ്യലിസത്തിന്റെയും, ഗാന്ധിയന്‍ സമീപനങ്ങളുടേയും സമ്മിശ്ര സ്വഭാവം ഉള്‍ക്കൊളളുന്നതാണ്.  ഈ മൂന്ന് സമീപനങ്ങളുടെ അടിസ്ഥാന നിലപാടുകളെ വിശദീകരിക്കാന്‍ ആണ് തുടര്‍ന്ന് ശ്രമിക്കുന്നത്.

1. വളര്‍ച്ചാ കേന്ദ്രീകൃത സമീപനം

മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് വളർച്ചാ കേന്ദ്രീകൃതമായ  (growth centred )സമീപനം ആണ്. മൊത്തം ആഭ്യന്തര ഉത്പാദനം (GDP), പ്രതിശീര്‍ഷ വരുമാനം (per capita income), സാമ്പത്തിക വളര്‍ച്ചാ നിരക്ക് (Economic growth rate) എന്നിവയില്‍ ഉളള തുടര്‍ച്ചയായ വര്‍ദ്ധനവിനെയാണ് വളര്‍ച്ചാ കേന്ദ്രീകൃത വികസന സമീപനത്തില്‍ വികസനത്തിന്റെ മുഖ്യധാരാ സൂചകങ്ങള്‍ ആയി കാണുന്നത്. അടുത്ത കാലത്തായി  പ്രത്യക്ഷ വിദേശ നിക്ഷേപവും (Foreign Direct Investment – FDI ) വികസനത്തിന്റെ സൂചകമായി കണക്കാക്കുന്നു.

മേല്‍ സൂചിപ്പിച്ച സൂചകങ്ങൾ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു രാജ്യം വികസനത്തിലേക്ക് കുതിക്കാം എന്ന് പരമ്പരാഗത സാമ്പത്തിക ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.  ഈ സമീപനം അരിച്ചിറങ്ങൽ സിദ്ധാന്തത്തില്‍ (Trickle Down Theory) വിശ്വസിക്കുന്നു. കുറേ പേരുടെ കയ്യില്‍ പണം അഥവാ സമ്പത്ത് കുന്ന് കൂടുമ്പോള്‍ താഴെ ഉളളവരുടെ കയ്യിലേക്ക് ആ നേട്ടം സ്വഭാവികമായി എത്തിക്കൊളളും എന്നാണ് അവര്‍ കരുതുന്നത്. ഉത്പാദന രംഗത്തും, സാമ്പത്തിക വിനിമയത്തിലും പൂര്‍ണ്ണമായ സ്വകാര്യ ഉടമസ്ഥതയാകും മികച്ചത് എന്ന  നവമുതലാളിത്ത സമീപനം  അവ ഉയര്‍ത്തിപ്പിടിക്കുന്നു.

സാമ്പത്തിക കേന്ദ്രീകരണം, ഉത്പാദന ഉപാധികളുടെ കേന്ദ്രീകരണം, വലിയൊരു വിഭാഗം ജനങ്ങള്‍ സമ്പത്ത് ഉടമസ്ഥതയില്‍ നിന്നും, ഉത്പാദന ഉപാധികളുടെ ഉടമസ്ഥതയില്‍ നിന്നും പുറന്തളളപ്പെടുന്നത് മുതലായ വിതരണ  നീതിയുടേയും, സാമൂഹിക നീതിയുടേയും പ്രശ്‌നങ്ങളെ ഈ സമീപനം കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ ഈ സമീപനം സൃഷ്ടിക്കുന്ന സാമൂഹിക അസമത്വങ്ങളെ അഭിസംബോധന ചെയ്യാന്‍ വിതരണ നീതി  (distributive justice )ഉള്‍ച്ചേര്‍ന്ന ചില പദ്ധതികള്‍ അരിച്ചിറങ്ങൽ സിദ്ധാന്തത്തിന്റെ   ഭാഗമായി അവര്‍ അവതരിപ്പിക്കുന്നു. അടിസ്ഥാന ഉത്പാദന ഉടമസ്ഥതയുടെ ഘടനയില്‍ മാറ്റം വരുത്താതെ തന്നെ എല്ലാവരേയും ഉള്‍ച്ചേര്‍ന്ന വികസനം  (inclusive growth) യാഥാര്‍ത്ഥ്യമാക്കാം എന്ന് അവര്‍ കരുതുന്നു.  11-ആം പഞ്ചവത്സര പദ്ധതി കാലത്ത് ഇത്തരം ഒരു സമീപനം ഇന്ത്യയുടെ വികസനസമീപനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.  തൊഴിലുറപ്പുപദ്ധതി, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയവ ഈ സമീപനത്തിന്റെ ഉല്‍പന്നങ്ങള്‍ കൂടിയാണ്. അസമത്വത്തിന്റെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യാതെ വിതരണ നീതി ഉറപ്പാക്കുന്നതിന് വിവിധ ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ വഴി നടപ്പാക്കാന്‍ ഈ സമീപനം ശ്രമിക്കുന്നു.  ഭൂഉടമസ്ഥത, ആസ്തികളുടെ ഉടമസ്ഥത, വരുമാനം എന്നിവയില്‍ വിവിധ തരം  ജനങ്ങള്‍ക്കിടയിലും, വ്യക്തികള്‍ക്കിടയിലും ഉളള അന്തരത്തെ ഒരു ഗൗരവപ്പെട്ട സാമൂഹിക പ്രശ്‌നമായി ഇവര്‍ പരിഗണിക്കുന്നില്ല. ലോകബാങ്ക് പോലുളള അന്താരാഷ്ട്ര ധനകാര്യ  സ്ഥാപനങ്ങള്‍ വികസനത്തെ അളക്കുന്നതിന് ഉപയോഗിക്കുന്നതും മേല്‍ സൂചിപ്പിച്ച സൂചകങ്ങളെ തന്നെയാണ്. അതിനാല്‍ തന്നെ അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ വികസനത്തിന്റെ പ്രാമാണിക സൂചകങ്ങള്‍ ആയി വളര്‍ച്ചാ കേന്ദ്രീകൃത സമീപനത്തിന്റെ സൂചകങ്ങള്‍ ഇന്നും പരിഗണിക്കപ്പെടുന്നു.

2. സമത്വ കേന്ദ്രീകൃത സമീപനം (Equity centred approach)

പരമ്പരാഗത വികസന സമീപനങ്ങളിലെ പാളിച്ചകള്‍ ചോദ്യം ചെയ്തുകൊണ്ടാണ് സമത്വ കേന്ദ്രീകൃത സമീപനം ഉയര്‍ന്നു വന്നത്.  വ്യക്തികള്‍, കുടുംബങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിവര്‍ക്ക് ഇടയിലും, അവര്‍ തമ്മിലും  നിലനില്‍ക്കുന്ന വിവിധ തരം അസമത്വങ്ങള്‍ ഇല്ലാതാകുന്ന സാമൂഹിക അവസ്ഥയാണ് സമത്വം (Equity) അവസ്ഥയിലേക്ക് എത്തുന്നതിന് ജീവിതത്തിന്റെ ഓരോ മേഖലയിലും നിലനില്‍ക്കുന്ന അസമത്വങ്ങള്‍ ഇല്ലാതാകുന്ന മാര്‍ഗ്ഗമാണ്  തുല്യത(Equality). തുല്യനീതി, വിവേചനമില്ലായ്മ, തുല്യ അവസരങ്ങള്‍ എന്നിവ സമത്വ സങ്കല്‍പ്പത്തിന്റെ ആധാരശിലകള്‍ ആണ്. അവസരങ്ങളും വിഭവങ്ങളും എല്ലാവര്‍ക്കും വിവേചനമില്ലാതെ തുല്യമായി ലഭ്യമാകുമ്പോള്‍ മാത്രമാണ് സമൂഹം സമത്വം എന്ന സങ്കല്‍പ്പത്തിലേക്ക് എത്തുക.

സമത്വത്തെ തന്നെ അവസരസമത്വം, (opportunistic equity) സാക്ഷാത്കാരസമത്വം (realistic  equity) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഭരണഘടനാപരമായും, നിയമപരമായും വ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന തുല്യതയാണ് അവസരസമത്വം.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതാണ് സാക്ഷാത്കാര സമത്വം. സംവരണം അതിന് ഒരു ഉദാഹരണമാണ്. നിയമപരമായ സംവരണത്തിന്റെ സാദ്ധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ അര്‍ഹതയുളളവരിലേക്ക് തുല്യമായി അത് ലഭ്യമാകണം എന്നില്ല.  ലിംഗനീതിയുടെ കാര്യത്തിലും ഈ വിവേചനം പ്രകടമാണ്.  നിയമപരമായി സ്വത്ത്, വരുമാനം എന്നീ കാര്യങ്ങളില്‍ ഒക്കെ തുല്യതയ്ക്കുള്ള സാദ്ധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ അത് പ്രായോഗികമായി ലഭ്യമാകുന്നില്ല.

സമത്വകേന്ദ്രീകൃത സങ്കല്‍പ്പവും ബഹുമുഖ സമീപനവും

സമത്വകേന്ദ്രീകൃത സങ്കല്‍പം, വിഭവങ്ങള്‍, ശേഷികള്‍ എന്നിവയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ മാറ്റി നിര്‍ത്തുക എന്നത് വികസനത്തിന്റെ മുഖ്യ സൂചകമായി  പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി മുതലാളിത്ത വികസന സൂചികങ്ങള്‍ക്ക് ബദലായി നിരവധി പുതിയ സൂചകങ്ങള്‍ ഈ സമീപനം വികസിപ്പിച്ചു.   മാനവ വികസന സൂചിക(Human development index), മാനവ സന്തുഷ്ടി സൂചിക (Human happiness index), പട്ടിണി സൂചിക (Hunger Index), ലിംഗ പദവി  വികസന സൂചിക (Gender development index), തുടങ്ങി വിവിധങ്ങളായ സൂചകങ്ങളെ അത് അവതരിപ്പിച്ചു.  വികസനത്തെ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഊന്നിയ ഏകമുഖ സൂചകങ്ങള്‍ മാത്രം വച്ചല്ല, മറിച്ച് മാനവ ജീവിതത്തിന്റെ ഗുണതയെ അളക്കുന്ന ജീവിത ഗുണതയുടെ (quality of life), ബഹുമുഖ സൂചകങ്ങള്‍ വച്ചാകണം വികസനത്തെ അളക്കേണ്ടത് എന്ന് ഈ സംവാദങ്ങള്‍ അടിവരയിട്ടു.

1990 കളില്‍ മെഹബൂബ് ഉള്‍ ഹഖ് എന്ന പാക്കിസ്ഥാന്‍ കാരനായിരുന്നു മാനവ വികസന സൂചിക എന്ന സങ്കല്‍പ്പത്തെ അവതരിപ്പിച്ചത്.  വരുമാനത്തിനൊപ്പം, ആരോഗ്യം, വിദ്യാഭ്യാസ ശേഷികള്‍ എന്നിവ കൂടി പരിഗണിച്ച് ആണ് വികസനത്തെ അളക്കേണ്ടത് എന്ന നിലപാടില്‍ നിന്ന് കൊണ്ടാണ് അദ്ദേഹം മാനവ വികസന സൂചിക അവതരിപ്പിച്ചത്.  ഇത് യൂ.എന്‍.ഡി.പി. പോലൂളള ഐക്യ രാഷ്ട്ര സംഘടനാ സ്ഥാപനങ്ങളുടെ പ്രധാന വികസന അളവു കോലായി പിന്നീട് മാറി.  രാജ്യങ്ങളുടെ മാനവ വികസന റിപ്പോര്‍ട്ടുകള്‍  ഈ നിലപാടില്‍ നിന്നു കൊണ്ട് തയ്യാറാക്കപ്പെടും സമ്പത്തുൽപാദനത്തിന് അപ്പുറത്ത് മാനവ വികസനത്തെ മനസ്സിലാക്കുന്നതിനുള്ള അളവ് കോലുകള്‍ ആയി ഇത് മാറി.

ഇതില്‍ നിന്നും കുറേകൂടി വളർച്ച പ്രാപിച്ചതാണ് മാനവ സന്തുഷ്ടി സൂചിക (Human happiness index) എന്നത്. സെക്യൂലര്‍ മൂല്യങ്ങളുടെ വ്യാപനം, സന്തോഷകരമായ സുസ്ഥിര വികസനം, മാനവശേഷികളുടെ വികാസം, പൊതു നന്മയുടെ വികാസം, വരുമാന തുല്യത, ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം, ആരോഗ്യകരമായ ജീവിതം, സര്‍ക്കാരിലുള്ള വിശ്വാസം, സുസ്ഥിരത പരിസ്ഥിതി എന്നീവയെല്ലാം സന്തുഷ്ടി, സൂചകങ്ങളില്‍ ഉള്‍പ്പെടുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യം ആയ ഫിന്‍ലണ്ട് ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സന്തുഷ്ടി സൂചിക യില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്നത്. ഒരു രാജ്യത്തിന്റെ മാനവ വികസനത്തിന്റെ ഏറ്റവും മികച്ച സൂചകമായി ഇതിനെ കണക്കാക്കാം.

ഒരു രാജ്യത്ത് കേവല ദാരിദ്ര്യം അനുഭവിക്കുന്ന ജനതയുടെ കണക്കുകളുടെ അടിസ്ഥാത്തില്‍ അവിടുത്തെ ദാരിദ്ര്യത്തെ സൂചിപിക്കുന്ന ഒന്നാണ് ലോക പട്ടിണി സൂചിക (World Hunger Index) ലോകത്ത് ഇക്കാര്യത്തില്‍ 122 ആണ് ഇന്ത്യയുടെ സ്ഥാനം.

ഒരു രാജ്യത്ത് ലിംഗനീതി എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ വികസനത്തെ വിലയിരുത്തുന്നതിനുള്ള സൂചകം ആണ് ലിംഗപദവി വികസന സൂചിക (Gender Development index). സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം, സാക്ഷരത, മൊത്തം സ്‌കൂള്‍ പ്രവേശന നിരക്ക്, സ്വയാർജ്ജിത വരുമാനം എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നാണ് ലിംഗപദവി വികസന സൂചിക രൂപീകരിച്ചിട്ടുള്ളത്. ആരോഗ്യകരമായ ജീവിതം, അറിവ്‌നേടാനുള്ള ശേഷി, അതിജീവിക്കാനുള്ള വരുമാനം എന്നിവ ലിംഗപദവി വികസന സൂചികയുടെ ഘടകങ്ങളായി പരിഗണിക്കുന്നു. വിഭവങ്ങളുടേയും, ശേഷികളുടേയും വികസനം എന്നത് തന്നെയാണ് സ്ത്രീ ശാക്തീകരണത്തിന്റെയും, ലിംഗനീതിയുടേയും അടിത്തറയായി പ്രവര്‍ത്തിക്കേണ്ടത് എന്ന് ഇത് അടിവരയിടുന്നു.

മാനവ വികസന സൂചിക, സന്തുഷ്ടി സൂചിക, ലിംഗപദവി വികസന, സൂചിക, പട്ടിണി സൂചിക എന്നിവക്കൊപ്പം. അസമത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നു. ആഗോള സമ്പത്ത് റിപ്പോര്‍ട്ട്, ആഗോള അസമത്വ റിപ്പോര്‍ട്ട് എന്നിവയും തയ്യാറാക്കപ്പെടുന്നുണ്ട്.

ഈയിടെ പുറത്തിറങ്ങിയ Global Wealth Report, India Inequality Report എന്നിവ അസമത്വത്തിന്റെ വിവിധ ഘടകങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നു. ആസ്തികളിലും (Asset) വരുമാനത്തിലും (Income) ഉളള അസമത്വത്തെയാണ് ഈ കണക്കുകള്‍ കൂടുതലും ഉയര്‍ത്തിക്കാണിക്കുന്നത്. സമൂഹത്തിലെ ഏറ്റവും സമ്പന്നരായ 20 ശതമാനവും, ഏറ്റവും ദരിദ്രരായ 20 ശതമാനവും, തമ്മില്‍ ആസ്തിയിലും, വരുമാനത്തിലും ഉള്ള അന്തരം (Pentale Ratio) ഏറ്റവും സമ്പന്നരായ 10 ശതമാനവും, ഏറ്റവും ദരിദ്രരായ 10 ശതമാനവും തമ്മിലുള്ള അന്തരം എന്നിവയും ഉപയോഗിക്കുന്നു.  ഏറ്റവും ഉയര്‍ന്ന ഒരു ശതമാനവും ഏറ്റവും താഴ്ന്ന ഒരു ശതമാനവും തമ്മിലുളള  അന്തരവും ഇത്തരത്തില്‍ പരിശോധനക്ക് വിധേയമാക്കപ്പെടുന്നു.

ഈ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം 1939 – 1940 കളില്‍ കൈവശം വച്ചിരുന്നത് ആകെ സമ്പത്തിന്റെ 20 ശതമാനം ആയിരുന്നു എങ്കില്‍ 2018-2019 ല്‍ അത് 51 ശതമാനമായി വര്‍ദ്ധിച്ചു. രാജ്യത്ത് 2000 ത്തിൽ  കേവലം 9 ശതകോടിശ്വരന്മാർ ആണ് ഉണ്ടായിരുന്നതെങ്കിൽ 2011  ൽ അത് 101 ആയി ഉയർന്നു. ഈ കണക്കുകള്‍ എല്ലാം കാണിക്കുന്നത് രാജ്യത്തെ കടുത്ത തോതില്‍ സമ്പത്തിലും വരുമാനത്തിലുള്ള അസമത്യങ്ങള്‍ വളരുന്നു എന്നാണ് സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം കുറച്ചു കൈകളിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ സമത്വ പൂര്‍ണ്ണമായ വികസനത്തന്റെ സാദ്ധ്യതകളെ അത് വലിയ തോതില്‍ ബാധിക്കുന്നു. വികസനത്തിന്റെ സമത്വ സങ്കല്‍പ്പം അതിലൂടെ നിക്ഷേപിക്കപ്പെന്നു. ജാതി, മത, ഭാഷ, ലിംഗഭേദമന്യേ ഉള്ള സമത്വ വികസനം എന്ന സങ്കല്‍പ്പം ഒരു വിദൂര സ്വപ്നമായി  തുടരുന്നു.

3. സുസ്ഥിരതാ കേന്ദ്രീകൃത സമീപനം

യൂറോപില്‍ 16-ാം നൂറ്റാണ്ടില്‍ ആരംഭിച്ച് പിന്നീട് ശക്തിപ്പെട്ട വ്യവസായ വിപ്ലവം ലോകത്ത് നിരവധി പാരിസ്ഥിതിക ദരുന്തങ്ങള്‍ സൃഷ്ടിച്ചു നഗരവത്കരണം വ്യവസായം കൃഷി എന്നിവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ശക്തമായി. പ്രകൃതി വിഭവങ്ങള്‍ അനന്തമാണ് എന്നും, പ്രകൃതിക്ക് മുകളില്‍ ഏത് തരം പാരിസ്ഥിതിക ആഘാതവും ഏല്‍പ്പിക്കാം എന്നുമുള്ള വ്യാവസായിക വിപ്ലവ കാലത്തെ ധാരണകള്‍ പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്രീകൃതമായ  വ്യാവസായിക ഉത്പാദനത്തിന്റെ കെടുതികള്‍ ലോകത്ത് പല ഇടത്തായി  പ്രകടമാകാന്‍ തുടങ്ങി.  പ്രകൃതിക്ക് മേല്‍ പരിക്കേല്‍പ്പിച്ച് മനുഷ്യന് അധികകാലം മുന്നോട്ട് പോകാനാവില്ല എന്ന് മനുഷ്യ കേന്ദ്രീകൃത വികസന സമീപനത്തെ (Anthropocentric development approach),  വിമര്‍ശിച്ചവര്‍ ഊന്നിപ്പറഞ്ഞു.

ഈ വിമര്‍ശനം ആദ്യമായി പുറത്ത് വന്നത് 1962 ല്‍ പുറത്തിറങ്ങിയ റേയ്ച്ചല്‍ കാഴ്‌സന്റെ നിശബ്ദ വസന്തം (silent spring), എന്ന പുസ്തകത്തിലൂടെ ആണ്  ഡി.ഡി.ടി എന്ന കീടനാശിനി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ ഈ പുസ്തകം തുറന്ന് കാണിച്ചു. ഒരു പക്ഷെ പരിസ്ഥിതി സംരക്ഷണം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി വളരുന്നതിലേക്ക് ഇത് നയിച്ചു.  1972 ല്‍ ലോക രാജ്യങ്ങള്‍ ആദ്യമായി ഒരു പാരിസ്ഥിതിക ഉച്ചകോടിയിലേക്ക് സ്റ്റോക്ക് ഹോമില്‍ കൂടി ചേരുന്നതിലേക്ക് നിശബ്ദ വസന്തം തുടങ്ങിവെച്ച ചര്‍ച്ചകള്‍ വലിയ പങ്ക് വഹിച്ചു.   ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഈ ആദ്യ പരിസ്ഥിതി ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നതിന് റെനി ദുഡോയ്, ബാര്‍ബറ വാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘ഒരേ ഒരു ഭൂമി’  (only one earth ) എന്ന റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായി. വിഭവങ്ങളുടെ മേല്‍ വരാനിരിക്കുന്ന തലമുറകള്‍ക്കുളള അവകാശം ഈ റിപ്പോര്‍ട്ട്  ഊന്നി പറഞ്ഞു വികസനത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇതോടെ പരിസ്ഥിതി  ഒരു പ്രധാന ഘടകം ആയി മാറി.

ഏതാണ്ട് ഇതേകാലത്ത് തന്നെയാണ് ക്ലബ്ബ് ഓഫ് റോമിന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പരിമിതി (limits to growth ) എന്ന പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജനസംഖ്യാ വര്‍ദ്ധന, ഭക്ഷ്യോല്‍പാദനം, വ്യാവസായിക വികസനം മലിനീകരണം ഇവ തമ്മിലുളള പരസ്പര ബന്ധം ഊന്നിപറഞ്ഞ റിപ്പോര്‍ട്ട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയും വിഭവങ്ങളുടെ ആവശ്യവും തമ്മില്‍ ഉയര്‍ന്നുവരാന്‍ ഇടയുളള പൊരുത്തക്കേടുകള്‍ സൂചിപ്പിച്ചു. പ്രസിദ്ധീകരണത്തിന് ശേഷം ഓരോ ദശകത്തിലും പുതുക്കിയ ഈ റിപ്പോര്‍ട്ടിന്റെ അവസാന വാള്യത്തില്‍ പറയുന്നത് പ്രകൃതിയിലെ സുപ്രധാന മൂലകങ്ങള്‍ മിക്കവാറും 2030 ഓടെ അവസാനിക്കും എന്നാണ്. പ്രകൃതി വിഭവങ്ങള്‍ അനിയന്ത്രിതമായി മനുഷ്യന് ഉപയോഗിക്കാന്‍ ഉളളതാണ് എന്ന പരമ്പരാഗത വികസന ധാരണയെ ഇത് ചോദ്യം ചെയ്തു.  വിഭവങ്ങളുടെ മേലുളള സമ്മര്‍ദ്ദം കുറച്ചു കൊണ്ടെല്ലാതെ സുസ്ഥിര വികസനം സാദ്ധ്യമാവില്ല എന്ന് ഇത് ചൂണ്ടിക്കാട്ടി. 1977-ല്‍ പ്രകൃതിയും വികസനവും തമ്മിലുളള ബന്ധത്തെപ്പറ്റി പഠിക്കുന്നതിന് ബ്രെൻലണ്ടന്റെയും നേതൃത്വത്തില്‍ ഐക്യ രാഷ്ട്ര സംഘടന ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. നമ്മുടെ പൊതു ഭാവി (Our Common Future), എന്ന റിപ്പോര്‍ട്ട് ഭാവിതലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചാകണം ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതാകണം വികസന സമീപനം എന്ന് ചൂണ്ടിക്കാട്ടി. 1970  കളിലും അതിന് ശേഷവും പരിസ്ഥിതിയെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ 1990 കളിലെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) യുടെ  രൂപീകരണത്തിലേക്ക് എത്തിയപ്പോഴേക്കും സാധാരണ പരിസ്ഥിതി ദുരന്തത്തില്‍ നിന്ന് മനുഷ്യരാശിയുടെ നിലനില്‍പിനെ തന്നെ വെല്ലുവിളിക്കുന്ന കാലാവസ്ഥാ വ്യതിയാനമായി പ്രകൃതിക്ക് മേലുളള മനുഷ്യരുടെ ഇടപെടലുകളുടെ ഫലങ്ങള്‍ പരിണമിച്ച്  കഴിഞ്ഞിരുന്നു.  2040 ആകുമ്പോഴേക്കും 1.45 ഡിഗ്രിയിലേക്ക് അന്തരീക്ഷ താപനില വര്‍ദ്ധന പിടിച്ചു  നിര്‍ത്തേണ്ട അവസ്ഥയിലേക്ക് അത് വളര്‍ന്നിരിക്കുന്നു.

സമുദ്രോപരിതല ഊഷ്മാവ് വര്‍ദ്ധന, മഞ്ഞു പാളികളുടെ ഉരുകല്‍ തുടങ്ങി ഹരിത ഗേഹ വാതകങ്ങള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത ലോകത്തെമ്പാടും വിവിധ തോതില്‍  പ്രകടമാകുന്നു.  വെളളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, അതിതീവ്ര താപനില, തുടങ്ങി പ്രകൃതി പ്രതിഭാസങ്ങളുടെ അളവ് ലോകത്തെമ്പാടും വര്‍ദ്ധിക്കുന്നു.

പ്രകൃതി വിഭവങ്ങള്‍ മനുഷ്യന് അനിയന്ത്രിതമായി ഉപയോഗിച്ച് തീര്‍ക്കാനുളളതാണ്, വിഭവ ഉപയോഗത്തില്‍ നിയന്ത്രണം വെക്കേണ്ടതില്ല എന്ന  വികസന സമീപനം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.  നഗരവും  ഗ്രാമവും  ഇടകലര്‍ന്ന മാർക്സിയൻ വികസന ദര്‍ശനങ്ങളും, നിയന്ത്രിതമായ വിഭവ ഉപയോഗത്തില്‍ ഊന്നിയ ഗാന്ധിയന്‍ സമീപനവും എല്ലാം വീണ്ടും ചര്‍ച്ചയാകാന്‍ തുടങ്ങിയിരിക്കുന്നു. കാര്‍ബണ്‍ പാദമുദ്ര (carbon footprint),  പാരിസ്ഥിതിക പാദമുദ്ര  (ecological footprint), ജല പാദമുദ്ര (water footprint), മുതലായ പരിസ്ഥിതി സൗഹൃദ വികസന സങ്കല്‍പ്പങ്ങള്‍  പൊതു സംവാദ വിഷയങ്ങള്‍ ആയി മാറാന്‍ തുടങ്ങിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന് തുല്യമായി കാര്‍ബണ്‍ ആഗിരണ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വികസനം, കാര്‍ബണ്‍ പാദമുദ്ര കുറഞ്ഞ വികസന പാത (low carbon pathway to development) എന്നീ സങ്കല്‍പ്പനങ്ങള്‍ പ്രായോഗികമാക്കാനുളള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സുസ്ഥിരവികസനം (Sustainable Development) എന്നതിന് പാരിസ്ഥിതിക സുരക്ഷയില്‍ ഊന്നിയ ഒരു പുതിയ മാനം കൈവന്നിരിക്കുന്നു.

സുസ്ഥിര വികസന സമീപനത്തിലേക്ക്

മേല്‍ സൂചിപ്പിച്ച ചര്‍ച്ചകളില്‍ നിന്നും കേവലം വളര്‍ച്ചാ കേന്ദ്രീകൃതമായ (growth centred) ഒരു ഏകമുഖ സമീപനത്തില്‍ നിന്നും ബഹുമുഖ സൂചികകള്‍ ഉളള ഒരു വികസനസമീപനത്തിലേക്കുളള മാറ്റമാണ് മനുഷ്യന്റെ വികസനത്തിന് ഏറ്റവും ഉതകുക എന്ന യാഥാര്‍ത്ഥ്യം  ഉയര്‍ന്നു വരുന്നു.  സാമ്പത്തിക വളര്‍ച്ച, പ്രതിശീര്‍ഷ വരുമാന വര്‍ദ്ധന എന്നിവ ഒരു സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.  എന്നാല്‍ അത് സമൂഹത്തില്‍  അസമത്വം വളര്‍ത്തുന്നതും അമിത വിഭവ ചൂഷണത്തില്‍ ഊന്നിയതും ആകുമ്പോള്‍ അത് സൃഷ്ടിക്കുന്നത് സ്ഥായിയായ ഒരു വികസനപാത ആകില്ല

അതിനാല്‍ തന്നെ മത, ജാതി, പ്രാദേശിക, ലിംഗ, സാമ്പത്തിക സ്ഥിതി ഭേദങ്ങള്‍ ഇല്ലാത്ത എല്ലാ മനുഷ്യര്‍ക്കും ആസ്തികളുടേയും, വിഭവങ്ങളുടേയും ഉടമസ്ഥതയിലും, ശേഷികള്‍ ആര്‍ജ്ജിക്കലിലും തുല്യത  ഉറപ്പാക്കുന്ന സമത്വത്തിൽ ഊന്നിയ ഒരു വികസന പാതയാണ് ഉണ്ടാകേണ്ടത്.  പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ലഭ്യതയില്‍ ഊന്നുന്ന ഒരു സാമൂഹിക വിഭവ വിനിയോഗ ക്രമമാണ് ഉണ്ടാകേണ്ടത്.

സമത്വത്തില്‍ ഊന്നിയ ഒരു സുസ്ഥിര വികസനം സാദ്ധ്യമാകണം എങ്കില്‍ അതിന് ഏറ്റവും തടസ്സം നില്‍ക്കുന്ന ഘടകങ്ങളില്‍ ഒന്ന് ലിംഗ പരമായ വിവേചനം, ആസ്തികള്‍, വിഭവങ്ങള്‍, അധികാരം എന്നിവയുടെ ഉടമസ്ഥതയിലാണ് നിലനില്‍ക്കുന്നത്. ശേഷികളുടെ കാര്യത്തിലും ഈ വിവേചനം ശക്തമാണ്.  ലിംഗ പദവിയുടെ അടിസ്ഥാനത്തിലുളള എല്ലാ വിവേചന രൂപങ്ങളേയും ശാസ്ത്രീയമായ പരിശോധനയിലൂടെ നിരീക്ഷിച്ച് പരിഹാര ക്രമങ്ങള്‍ വികസിപ്പിക്കുമ്പോള്‍ മാത്രമാണ് ഒരു സമൂഹത്തിന് സമത്വവും, സുസ്ഥിരതയും ഉളള ഒരു വികസനപാതയിലേക്ക് മുന്നറാൻ  കഴിയൂ.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ലിംഗപദവി തുല്യതയും സുസ്ഥിര വികസനവും

മുകളിൽ സൂചിപ്പിച്ചത് പോലെ മനുഷ്യർക്കിടയിലും, മനുഷ്യർ തമ്മിലും ഉള്ള ഏത് തരം വിവേചനവും അസമത്വവും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഓരോ സമൂഹത്തിന് മുൻപിലും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ലിംഗ പദവി തുല്യതയുള്ള സമൂഹം എന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലും പ്രധാനമാണ്. സമൂഹങ്ങളിൽ ആദിവാസികൾ, ദളിതർ, മത്സ്യതൊഴിലാളികൾ, ഭിന്ന ശേഷിക്കാർ മുതലായ ദുർബല വിഭാഗങ്ങൾ പൊതുവിൽ വിവേചനങ്ങൾക്ക് വിധേയർ ആകുന്നവർ ആണ്. ജാതി/ മതം, വംശം / ലിംഗം, ജൻമനാ ഉള്ള വൈകല്യങ്ങൾ എന്നിവയെല്ലാം സമത്വ സമീപനത്തിന് എതിരായ വിവേചന രൂപങ്ങൾ ആയി പ്രവർത്തിക്കുന്നു. ലിംഗ പദവി അടിസ്ഥാനത്തിൽ ഉള്ള വിവേചനങ്ങൾ ആകട്ടെ എല്ലാ സാമൂഹിക സാമ്പത്തീക വിഭാഗത്തിലും പെട്ട സ്ത്രീകൾക്കും , ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും നേരിടേണ്ടി വരുന്നു. പുരുഷ സ്ത്രീ  ദ്വന്ത്വത്തിന് അപ്പുറത്തുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ,  ട്രാൻസ് ജെൻഡർ, ഇന്റർ സെക്സ്, വിഭാഗങ്ങൾക്കും സമൂഹത്തിൽ പലതരം വിവേചനങ്ങൾ അവരുടെ ലൈംഗിക സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടി വരുന്നു.. ഇതിനെയെല്ലാം ഘട്ടം ഘട്ടമായി മറികടക്കാൻ കഴിഞ്ഞാൽ മാത്രമെ ലിംഗ പദവി തുല്യത എന്ന സുസ്ഥിര വികസന ലക്ഷ്യം യാഥാർഥ്യമാകൂ. എല്ലാവരേയും ഉൾക്കൊള്ളുന്ന സമൂഹ സൃഷ്ടിയും അങ്ങനേയ യാഥാർഥ്യമാകൂ.

സ്വത്ത് ഉടമസ്ഥതയിലെ വിവേചനം 

 • ഭൂമി, വീട്, സ്ഥാപനങ്ങൾ, വാഹനങ്ങൾ മുതലായവയുടെ ഉടമസ്ഥ അവകാശം ലിംഗ പദവി വിവേചനം ഏറ്റവും പ്രകടമാകുന്ന ഒന്നാണ്. ഇത് ഭൂരിഭാഗവും പുരുഷ കേന്ദ്രീകൃതം ആണ്. സ്ത്രീകളുടെ വരുമാനം ഉപയോഗിച്ച് ആർജ്ജിക്കുന്ന സ്വത്തുക്കളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഈ വിവേചനം  കുറച്ചു കൊണ്ട് വരിക എന്നത് ലിംഗ പദവി തുല്യതയുടെ പ്രധാന ഘടകം ആണ്.
 • സാമ്പത്തിക സ്വയം നിർണ്ണയ അവകാശം – തൊഴിലിലൂടെ വരുമാനം ആർജ്ജിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് ആർജ്ജിക്കുന്ന വരുമാനം ഉപയോഗിക്കുന്നതിൽ സ്വയം നിർണ്ണയ അവകാശം ഉണ്ടാകുക എന്നത്.
 • വീട് നിർമ്മാണം, സ്വത്ത് വാങ്ങൽ , വിവാഹ നടത്തിപ്പ് സ്വന്തം  – ആഗ്രഹങ്ങൾക്ക് ആയുള്ള ചെലവിടൽ എന്നിവയിൽ എല്ലാം വിവേചനമോ , ബാഹ്യ അധികാര പ്രയോഗമോ ഇല്ലാതെ തീരുമാനം എടുക്കാൻ എല്ലാ ലിംഗ വിഭാഗങ്ങൾക്കും കഴിയണം. എന്നാൽ ഇക്കാര്യത്തിലെ വിവേചനം ഇന്ന് ശക്തമാണ്.

ജീവിതത്തെ കുറിച്ചുള്ള സ്വയം നിർണ്ണയ അവകാശം

 • പഠനം, വിശ്വാസം, വിവാഹം , ചടങ്ങുകൾ പിന്തുടരൽ, ആചാരങ്ങൾ പിന്തുടരൽ, തൊഴിൽ തിരഞ്ഞെടുക്കൽ ഗർഭധാരണം തുടങ്ങി ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളെക്കുറിച്ച് എല്ലാ ലിംഗ വിഭാഗങ്ങൾക്കും സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാനുള്ള    അവകാശം ലിംഗ പദവി സമത്വത്തിൽ നിർണ്ണായകമാണ്. പുരുഷാധികാരം ഏറ്റവും അധികം പ്രയോഗിക്കപ്പെടുന്ന മേഖലകൾ ആണിത്.

ചലന സ്വതന്ത്ര്യം

 • ലിംഗ വിവേചനം ഇല്ലാതെ എല്ലാ മനുഷ്യർക്കും ഏത് സമയത്തും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അന്തരീക്ഷം സമൂഹത്തിൽ ഉണ്ടാകണം. ഇതിന്റെ നിഷേധം അടിസ്ഥാന മനുഷ്യാവകാശ നിഷേധം കൂടിയാണ്. വിവേചന രഹിതമായ പൊതു ഇടങ്ങൾ, പൊതു സംവിധാനങ്ങൾ എന്നിവയുടെ സൃഷ്ടി ഇക്കാര്യത്തിൽ പ്രധാനമാണ്.

ശരീരത്തിന്മേലുള്ള സ്വയം നിർണ്ണയാവകാശം

 • സ്വന്തം ലൈംഗിക സ്വത്ത്വം തിരിച്ചറിയുകയും വെളിപ്പെടുത്തുകയും അവയെ ഉയർത്തിപ്പിടിച്ച് ജീവിതം, ലൈംഗിക ബന്ധം / ഗർഭധാരണം  പ്രത്യുത്പാദന നിയന്ത്രണ മാർഗ്ഗങ്ങളുടെ ഉപയോഗം എന്നിവയെ സംബന്ധിച്ച് സ്വയം തീരുമാനം എടുക്കാനുള്ള അവകാശവും / ഇക്കാര്യങ്ങളിൽ അടിച്ചേൽപ്പിക്കലുകളെ നിഷേധിക്കാനുള്ള അവകാശവും എല്ലാ ലിംഗ വിഭാഗങ്ങൾക്കും ഉണ്ടാകണം.
 • അധികാരം കയ്യാളുന്ന പ്രസ്ഥാനങ്ങൾ ,സ്ഥാപനങ്ങൾ, സംഘടനകൾ / കുടുംബം മുതലായ സാമൂഹിക സ്ഥാപനങ്ങളിൽ എല്ലാം ലിംഗ വിവേചനം ഇല്ലാതെ അധികാരസ്ഥാനങ്ങളിലും, തീരുമാനം എടുക്കുന്ന വേദികളിലും എല്ലാ വിഭാഗങ്ങൾക്കും വിവേചനരഹിതമായ പങ്കാളിത്തം ലഭിക്കണം.
 • രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ, സന്നദ്ധ സംഘടനകൾ, അയൽ കൂട്ട സംവിധാനങ്ങൾ എന്നിവയുടെ എല്ലാം കാര്യത്തിൽ ഇത് പ്രധാനമാണ്.
 • മേൽ സൂചിപ്പിച്ച രീതിയിൽ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളിലും, മേഖലകളിലും ലിംഗ പദവി അടിസ്ഥാനത്തിൽ ഉള്ള വിവേചനങ്ങൾ ഇല്ലാതായാൽ മാത്രമേ ലിംഗ പദവി സമത്വത്തിൽ ഊന്നിയ സുസ്ഥിര വികസനം സാദ്ധ്യമാകൂ.

സുസ്ഥിര വികസനലക്ഷ്യങ്ങൾ (Sustainable development goals -SDG)

ഐക്യരാഷ്ട്ര സംഘടന  2030 ഓടെ ലക്ഷ്യം വെയ്ക്കുന്ന 17  സുസ്ഥിര വികസനലക്ഷ്യങ്ങളിൽ അഞ്ചാമത്തേതാണ് ലിംഗസമത്വം.  മേൽ വിവരിച്ച വസ്തുതകളിൽ നിന്നും  അസമത്വം എത്ര മാത്രം വ്യാപകമാണ് എന്ന് വ്യക്തമാണല്ലോ.ചില കണക്കുകൾ നോക്കാം.

2015 – 16 ലും 2019 – 20 ലും നടത്തിയ ദേശീയ കുടുംബാരോഗ്യ സർവ്വേ( NFHS 4, NFHS 5) യിൽ സ്ത്രീ പദവിയെ സംബന്ധിച്ചുഷള്ള  വിവരങ്ങളിൽ ചിലത്.

 1. വീട്ടിനുള്ളിലെ തീരുമാനങ്ങളിൽ സ്വന്തം ആരോഗ്യപരിപാലനം, ബന്ധുക്കളെ സന്ദർശിക്കൽ, വലിയ തോതിലുള്ള ഉപഭോഗ പ്രക്രിയകളിൽ ഒക്കെ സ്ത്രീകൾക്ക് നല്ല പങ്കാളിത്തമുണ്ട് (83 % ,85%,81%)
 2. വരുമാനമുള്ള തൊഴിൽ (20.4% ത്തിൽ നിന്നും 26% ആയി വർധിച്ചിട്ടുണ്ട്.)
 3. വീട് , ഭൂമി  എന്നിവയുടെ ഉടമസ്ഥാവകാശം 34.9% ൽ നിന്നും 25% ത്തിലേക്ക് താഴ്ന്നു .( ഇത് 2008 ൽ പരിഷത്ത് നടത്തിയസ്ത്രീപഠനം പ്രകാരം 26.9% ആയിരുന്നു ഒപ്പം  വായ്പ / കടം  30.6% പേർക്കുണ്ടായിരുന്നു)
 4. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 81.2% ത്തിൽ നിന്ന് 87% ആയി ഉയർന്നു.
 5. 2019 -20 ലെ സർവേ പ്രകാരം II % പേർ ഒരിക്കലങ്കിലും ഗാർഹിക പീഡനം അനുഭവിച്ചവരാണ്.
 6. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവർ  70 ശതമാനത്തിന് മുകളിലാണ്. (ഇതോടൊപ്പം  സക്കൂൾ PTA യോഗങ്ങളിൽ 19.8% പുരുഷന്മാർ മാത്രം പങ്കെടുക്കുമ്പോഴും ഭാരവാഹികളിൽ 88.1% പേരും പുരുഷന്മാർ ആണ്  എന്നതു പോലുള്ള സ്ത്രീപഠനത്തിലെ ഡാറ്റയും ചേർത്തു വെക്കാം)

മുകളിൽ  സൂചിപ്പിച്ച ഡാറ്റ എല്ലാം തന്നെ കേരളത്തെ മൊത്തമായി കണ്ടു കൊണ്ടുള്ളതാണ്. പ്രാദേശിക വികസനത്തെക്കുറിച്ച് സംസാരിയ്ക്കുമ്പോൾ അതത് പ്രദേശത്തെ വിവരങ്ങൾ പ്രധാനമാണ്. അതുകൊണ്ട് ഈ വർഷത്തെ വനിതാ ദിനത്തിന്റെ ഭാഗമായി ലിംഗസമത്വവും സുസ്ഥിര വികസനവും തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ചർച ചെയ്യുമ്പോൾ  അതത് പഞ്ചായത്തുകളിലെ സ്ത്രീ പദവിയുടെ സ്റ്റാറ്റസ് റിപ്പോർട്ട്  വെച്ചു കൊണ്ട് ചർച്ച ചെയ്യാനുള്ള ശ്രമം ഉണ്ടാവണം. ഭൂമിയുടെ / വീടുകളുടെ ഉടമസ്ഥാവകാശം, വിദ്യാഭ്യാസം,തൊഴിലും വരുമാനവും , കുടുംബശ്രീ പോലുള്ള സംഘങ്ങൾ വഴിയുള്ള നിക്ഷേപവും, വായ്പയും , പൊതുപ്രവർത്തകർ , രാഷ്ട്രീയ പാർട്ടികൾ / പഞ്ചായത്ത് / PTA  മറ്റ് സന്നദ്ധ സംഘടനകൾ … തുടങ്ങിയവയിലൊക്കെയുള്ള സ്ത്രീ നേതൃത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയൊക്കെ ചർച്ചക്ക്  വിധേയമാക്കാം.

പഞ്ചായത്തുകൾക്ക് എന്തു ചെയ്യാൻ കഴിയും ?

എല്ലാ മനുഷ്യർക്കും തുല്യ ലിംഗപദവി ലഭിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പലതും ചെയ്യാൻ കഴിയും. അവസ്ഥാവിശകലനത്തിനായി സ്ത്രീകൾ , പുരുഷൻ, ട്രാൻസ് ജന്റർ എന്നീ കണക്കുകൾ, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴിൽ . സംബന്ധിച്ച വിവരങ്ങൾ,  വേതനത്തിന്റെ കണക്കുകൾ, അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരിൽ ഓരോ വിഭാഗത്തിന്റേയും പങ്കാളിത്തം , ആരോഗ്യ കാര്യങ്ങൾ എന്നിവയെല്ലാം പഠന വിധേയമാക്കണം. പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ ഇടയിലും അവസ്ഥാ പഠനം നടത്തണം (മത്സ്യ തൊഴിലാളി, പട്ടികജാതി പട്ടിക വർഗ . വിഭാഗങ്ങൾ …)

 1. സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കും കൂടുതൽ തൊഴിലിടങ്ങൾ ഉണ്ടാക്കണം
 2. സ്കിൽ ഡവലപ്പ്മെന്റിനു വേണ്ട സംവിധാനങ്ങൾ ഒരുക്കണം
 3. പരമ്പരാഗത തൊഴിലിടങ്ങളിൽ അവിടേയ്ക്ക് അനുയോജ്യമായ സങ്കേതിക ഉപകരണങ്ങളോടെ ആധുനികവൽക്കരിക്കണം.
 4. തുല്യ ജോലിയ്ക്ക് തുല്യ വേതനം എന്നത് നടപ്പിലാക്കാൻ ശ്രമിക്കണം
 5. സ്വയം സംരംഭകത്വ ഗ്രൂപ്പുകളാക്കി ഉൽപ്പാദന, ശേഖരണ , സംസ്കരണ, വിതരണ സംവിധാനങ്ങൾക്ക് വേദി ഒരുക്കണം. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ യോഗ്യതയും കാര്യ ശേഷിയും കണക്കാക്കി പുതിയ സംരംഭങ്ങൾക്കും അവസരമൊരുക്കണം.
 6. ആരോഗ്യ, ശുചിത്വ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ ഉണ്ടെന്നത് ഉറപ്പാക്കണം.
 7. ട്രാൻസ് ജന്റർ മനുഷ്യർക്ക് എല്ലാ നിലയിലുമുള്ള പിന്തുണക്കണം. അവരുടെ  സർജറികൾക്കുവേണ്ട സാമ്പത്തിക പിന്തുണയും  നൽകാൻ കഴിയണം.
 8. സ്ത്രീകൾക്ക് കൂടുതൽ തൊഴിലിടങ്ങളിലേയ്ക്കും, പൊതു ഇടങ്ങളിലേയ്ക്കും വരുന്നതിന് വീടിന്റെ ഭാരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സാമൂഹ്യ അടുക്കള, സാമൂഹ്യ അലക്ക് കേന്ദ്രങ്ങൾ എന്നീ ആശയങ്ങൾ കൊണ്ടുവരാവുന്നതാണ്
 9. അംഗനവാടികളെ കുട്ടികളുടെ സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റുക . (8am മുതൽ 7 pm വരെ) സ്ക്കൂൾ സമയത്തിനു ശേഷം ചുറ്റുവട്ടത്തെ LP കുട്ടികൾക്കു കൂടിയുള്ള ഇടം. ഇവർക്കെല്ലാം പോഷകാഹാരം ഉറപ്പു വരുത്തുകയും പ്രധാനം.
 10. കുട്ടികൾക്ക് സ്ക്കൂൾ സമയം കഴിഞ്ഞു വന്നാൽ വാർഡ് തലത്തിൽ കളിക്കാനും , ഒരുമിച്ചിരുന്ന് പഠിക്കാനും കഴിയുന്ന പൊതു ഇടങ്ങൾ ഉണ്ടാക്കി എടുക്കുക. അവരെ ഫെസിലിറ്റേറ്റ് ചെയ്യാനുള്ള വരെ കൂടി കണ്ടെത്തണം.
 11. ജാഗ്രതാ സമിതികൾ അംഗനവാടി തലം വരെ രൂപീകരിക്കുകയും ശക്തിപ്പെടുത്തകയും ചെയ്യാം
 12. ഹരിത കർമ്മസേനയെ സാമൂഹ്യ ഡോക്ടർമാരുടെ പദവിയിലേയ്ക്ക് കൊണ്ടുവരുക. അവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തെ ബോധ്യപ്പെടുത്തണം. അവർക്കാവശ്യമായ മുഴുവൻ ഭൗതിക സാഹചര്യങ്ങളും ഒരുക്കണം.
 13. ജന്റർ ന്യൂട്രൽ കായിക പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുക.
 14. സ്ക്കൂൾ യൂണിഫോമുകൾ ജന്റർ ഫ്രണ്ട്ലി ആക്കുക. ക്ലാസ്സിൽ ഇടകലർന്നുള്ള ഇരിപ്പാക്കുക.
 15. സമൂഹത്തിൽ വിധവകളുടെ എണ്ണം കൂടുതൽ ആണ് . ഇവർക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിയണം.

2022 വനിതാദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ആമുഖക്കുറിപ്പ്

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വനിതാദിനം – നൂറ്റാണ്ടിലെ നാൾവഴികൾ
Next post തക്കുടു വരും, വരാതിരിക്കില്ല – തക്കുടു 33
Close