തക്കുടുവിന്റെ ലോകം – തക്കുടു 31

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിയൊന്നാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


അമ്മ കഥ പറഞ്ഞു : പണ്ടൊരു കൃഷിക്കാരന്‍ പയറു വിതച്ചു. ചുറ്റും വേലി കെട്ടി. പയര്‍ നന്നായി മുളയിട്ട് വളര്‍ന്നുവന്നു. പൂവിട്ടു , കായിട്ടു. ഒരു നാള്‍ രാവിലെ നോക്കുമ്പം ഒരു ഭാഗത്തെ പയറൊക്കെ ഏതോ ജീവി തിന്നു പോയി. വേലിയ്ക്കു കേടൊന്നുമില്ലതാനും. അന്നു രാത്രി കൃഷിക്കാരനും കുടുംബവും കാവലിരുന്നു. പാതിര കഴിഞ്ഞപ്പം മാനത്തുനിന്നൊരു പശു ഇറങ്ങിവന്നു. ദേവേന്ദ്രന്റെ കാമധേനുവാണ്. കൃഷിക്കാരന്‍ പറഞ്ഞു,  നമ്മക്കിന്ന് ദേവലോകത്തു പോകാം. കാമധേനു തിരിച്ചു പോകുമ്പോള്‍ കൃഷിക്കാരന്‍ അതിന്റെ വാലില്‍ കടിച്ചുതൂങ്ങി.  അമ്മയെ വലതുകൈകൊണ്ടും ഭാര്യയെ ഇടതുകൈ കൊണ്ടും പിടിച്ചു. രണ്ടു മക്കളും കാലില്‍ തൂങ്ങി. ഓടിയെത്തിയ അയല്‍ക്കാരനും ഭാര്യയും അവരുടെ കാലിലും. അങ്ങു മുകളിലെത്തിയപ്പം അയല്‍ക്കാരന്‍ താഴേന്നു വിളിച്ചു പറഞ്ഞു, സൂക്ഷിക്കണേ, കടിവിടല്ലേ. കൃഷിക്കാരന്‍ പറഞ്ഞു, ഇല്ല  വിടൂല്ല. അതാ കിടക്കുന്നു എല്ലാം കൂടി താഴെ. വിളയാറായ  പയറെല്ലാം പരന്നുപോയി. അങ്ങനെയാണ് മുതിരയുണ്ടായത്.

ദീപു  പറഞ്ഞു, “ചേച്ചി പേടിക്കണ്ട. കടിച്ചുതൂങ്ങുന്നത് ദില്‍ഷയാണ്. കടി വിടുന്ന പ്രശ്നം ഇല്ല.”

ദില്‍ഷ പറഞ്ഞു, “ഞാന്‍ വിടൂല. ധൈര്യള്ളോരു പിടിച്ചു തൂങ്ങിയാ മതി.”

തക്കുടൂനത് ഇഷ്ടപ്പെട്ടു. അവന്‍ പറഞ്ഞു, “നല്ല ഗ്രാഫീന്‍ പോലെ ഉറപ്പുള്ള പെണ്‍കുട്ടി. ദില്‍ഷേ, സ്വപ്നം സ്പേസ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ മാത്രായിട്ട് ഒതുക്കണ്ട. ഒരു വ്യവസായ ബെല്‍റ്റ് തന്നെ ആകാം. ഞങ്ങടെ പ്രധാന വ്യവസായങ്ങളെല്ലാം ഇപ്പോള്‍ സുസ്ഥിരപഥ ബെല്‍റ്റിലാണുള്ളത്.”

“അതെന്ത് ബെല്‍റ്റാന്ന് പറഞ്ഞുതാ.”

“അതു പറയാം. ഞങ്ങളാദ്യം സുസ്ഥിരപഥത്തില്‍ ഒരു വിശാല പ്ലാറ്റ്ഫോം  സ്ഥാപിച്ചൂന്ന് പറഞ്ഞില്ലേ. അതെങ്ങനയാ ചെയ്തെന്നുകൂടി പറയാം. ഇരുന്നൂറു ടൺ ഭാരമുള്ള ഒരു ഭീമൻ ക്രയോജനിക്ക് റോക്കറ്റ് ആദ്യം അവിടെ എത്തിച്ചു. ഒറ്റ സ്റ്റേജ് മാത്രമുള്ള റോക്കറ്റാണ്.അവിടെ എത്തുമ്പഴേക്കും അതിലെ ഇന്ധനമൊക്കെ തീർന്നിട്ടുണ്ടാക്കും.  റോക്കറ്റിന്റെ ഫ്രെയിം അവിടെ സുസ്ഥിര പഥത്തിൽ സ്ഥാപിച്ചു. പിന്നാലെ അതേ പോലത്തെ പത്തെണ്ണം കൂടി എത്തിച്ച് എല്ലാം കൂട്ടിച്ചേർത്ത് രണ്ടായിരത്തോളം ടൺ മാസുള്ള ഒരു പ്ലാറ്റ്ഫോം ആക്കി. അതിലാണ് ഇലവേറ്ററിന്റെ മുകളറ്റം ഉറപ്പിച്ചത്. പിന്നെ അതുവഴി സാധനങ്ങള്‍ എത്തിച്ച് പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടി. 

 അതിന് കനംകുറഞ്ഞ മെഷോ തകിടോ മതി. കാരണം അവിടെ ഒന്നിനും ഭാരമില്ലല്ലോ. നൂറ് മീറ്റര്‍ വീതിയുള്ള, ഞങ്ങടെ ഗ്രഹത്തോടൊപ്പം മുകളില്‍ കറങ്ങുന്ന  റോഡ് പോലെ ഒരു ബെൽറ്റ് . ഇപ്പഴതിന് പതിനായിരം കിലോമീറ്ററിലധികം നീളമുണ്ട്. ഇനിയും എത്രയെങ്കിലും നീട്ടാം.”

“ആരാ ഇപ്പം അത്രേം വല്യ റോക്കറ്റുകൾ അവിടെ എത്തിച്ചു തരിക?”, ദിൽഷയുടെ മുഖത്ത് നിരാശ പടർന്നിരുന്നു.

ഞാൻ പറഞ്ഞു, ” നമ്മക്ക് ഐ എസ്സ് ആർ ഒ യോടു പറഞ്ഞു നോക്കാം. സ്പേസ് ഫുട്ബോൾ ക്ലബ്ബിൽ അവരേം ചേർക്കാന്നു പറയാം. ദിൽഷ നല്ലോണം സോപ്പിട്ടു പറഞ്ഞാ നടക്കും.” 

         എല്ലാരും ചിരിയോടു ചിരി. മാഷ് ചിരിച്ചു കൊണ്ടു പറഞ്ഞു,  “ആ ബെല്‍റ്റിൽ ആദ്യം ഒരു വലിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാം എന്നു പറഞ്ഞാ മതി . ഇല്ലെങ്കി നാസയോ ചൈനയോ ആദ്യം സ്ഥാപിച്ചു കളയും എന്നു ഭീഷണിപ്പെടുത്തണം.    അവിടുന്ന് വാഹനം വിക്ഷേപിക്കാന്‍ ചെറിയ റോക്കറ്റ് മതി എന്നു ബോധ്യപ്പെടുത്താൻ ദീപൂനേം കൂടി കൂട്ടിക്കോ. പോരെങ്കിൽ നമ്മടെ ഗണിതശാസ്ത്രജ്ഞ രേശ്‌മേടെ ഏട്ടൻ ഐ എസ്സ് ആർ ഒ യിലെ സയന്റിസ്റ്റാ. അയാളേം കൂട്ടാം.”

 ” അവരെ പറഞ്ഞു ബോധ്യപ്പെടുത്തണേങ്കിൽ എനിക്കാദ്യം ഇതൊക്കെ അറിയണ്ടേ? അവിടുന്ന് വിക്ഷേപിക്കാൻ ചെറിയ റോക്കറ്റ് മതീന്ന് പറയാൻ കാരണം എന്താ?”

 “കാരണം, കറങ്ങുന്ന പ്ലാറ്റ്ഫോമില്‍ വസ്തുക്കള്‍ക്ക് ഭാരമില്ല.  കറങ്ങുന്നില്ലെങ്കിൽ പോലും  അത്രേം ഉയരത്തിൽ ഭാരം നന്നെക്കുറവായിരിക്കും. അപ്പം ശക്തി കുറഞ്ഞ റോക്കറ്റ് മതി.നേരത്തേ  ഉണ്ണിയേട്ടന്‍ ചോദിച്ചില്ലേ, തക്കുടുവും കൂട്ടരും വന്ന കപ്പല്‍ പോലത്തെ വാഹനം എങ്ങനെ വിക്ഷേപിച്ചെന്ന്. അവര് പുറപ്പെട്ടത് അവരുടെ സുസ്ഥിര പഥത്തില്‍നിന്നാരിക്കും.”

“അതിന് ആദ്യം റോക്കറ്റും വാഹനോം അവിടേക്ക് കേറ്റിക്കൊണ്ടു വരണ്ടേ?”

മറുപടി പറഞ്ഞത് തക്കുടുവാണ്.“അതിനല്ലേ ഉണ്ണിയേട്ടാ  ഇലവേറ്റര്‍. വൈദ്യുതി മതി അതിന്, കത്തിക്കുന്ന ഇന്ധനമൊന്നും വേണ്ട. ഓരോരോ ഘടകങ്ങളായി എത്തിച്ച് കൂട്ടിച്ചേര്‍ത്താ മതി.”

“അതിന് ആദ്യം ഞങ്ങൾ വൈദ്യുതി ഉണ്ടാക്കണ്ടേ. സാധനങ്ങൾ36000 കിലോമീറ്റര്‍ പൊക്കിക്കൊണ്ടരാന്‍ കുറച്ചെങ്ങാന്‍ മതിയോ വൈദ്യുതി. അതിനുള്ള വൈദ്യുത നിലയം പ്രവര്‍ത്തിക്കാന്‍ ഇന്ധനം കത്തിക്കണ്ടേ!”

“വേണ്ട ഉണ്ണിയേട്ടാ. ആ ബെല്‍റ്റില്‍ എത്ര ആയിരം കിലോമീറ്റര്‍ നീളത്തില്‍ വേണമെങ്കിലും രണ്ടു വശത്തും സോളാര്‍ പാനല്‍ സ്ഥാപിക്കാം. വായുവിന്റെ തടസ്സം പോലുമില്ലാതെ, രാവും പകലുമില്ലാതെ അതിൽ സൂര്യപ്രകാശം വീഴും. അതുകൊണ്ട് വൈദ്യുതി സൂക്ഷിച്ചു വെക്കാൻ ബാറ്ററി പോലും വേണ്ട. ഗ്രാഫീന്‍ ബെല്‍റ്റു വഴി ഭൂമീലേക്കും കൊണ്ടുവരാം വൈദ്യുതി. ഇഷ്ടംപോലെ വൈദ്യുതി. നിങ്ങടെ താപനിലയങ്ങളും ആണവ നിലയങ്ങളും ഒക്കെ പൂട്ടാം.”

“ഹായ് അതു പറ്റും, ല്ലേ?” മൈഥിലി ആവേശത്തിലായി. അമ്മയ്ക്കുപോലും ആ സാധ്യത ആവേശം നല്‍കി.

മാഷ് പറഞ്ഞു, “ അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞരും സ്പേസ് ഇലവേറ്ററിനെക്കുറിച്ച് ആലോചിച്ചത് ഭൂസ്ഥിരപഥത്തില്‍ ഒരു വിക്ഷേപണകേന്ദ്രം സ്ഥാപിക്കാം എന്ന സ്വപ്നം കണ്ടുകൊണ്ടായിരുന്നു. പക്ഷേ, നമ്മുടെ സമ്പന്നരാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കൊന്നും അത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല.      അപ്പപ്പിന്നെ ആകാശത്തെ സോളാര്‍ പാടത്തെക്കുറിച്ചു പറഞ്ഞാല്‍ എന്തായിരിക്കും ബഹളം എന്നാലോചിച്ചു നോക്കൂ. എണ്ണക്കമ്പനികളും താപനിലയക്കാരും ആണവ നിലയക്കാരും കല്‍ക്കരിഖനി ഉടമകളും എല്ലാം ഒന്നിച്ച് ഇളകൂലേ അതിനെതിരെ.”

“ഞാനും കൂടും അവരുടെ കൂടെ”, അച്ഛന്റെ പ്രഖ്യാപനം എല്ലാവരെയും അത്ഭുതപ്പെടുത്തി.

“അതെന്താ ഉണ്ണിയേട്ടന്‍ അങ്ങനെ പറയുന്നെ?”, അന്‍വര്‍മാഷ് അത്ഭുതത്തോടെ ചോദിച്ചു.

“അതെന്താണെന്നോ, ശാസ്ത്രം മാത്രം കണ്ടാ പോര, സമൂഹത്തെയും കാണണം. കോടിക്കണക്കിനാളുകളുടെ തൊഴിലു പോകും. എനിക്കുപോലും ജോലി ഉണ്ടാവില്ല. കാരണം എണ്ണേം കല്‍ക്കരീം എത്തിക്കണ്ടെങ്കില്‍ റെയില്‍വേ  നഷ്ടത്തിലാകും, പൂട്ടും.”

മാഷുടെ ആവേശമെല്ലാം പോയി. കുട്ടികളും അങ്കലാപ്പിലായി.

“അല്ലെങ്കിലും ഇതൊന്നും നടക്കൂല മാഷേ”, മൈഥിലി പറഞ്ഞു “വായു ഇല്ലാത്ത സ്ഥലത്ത് പോയി ശാസ്ത്രജ്ഞര്‍ക്ക് റോക്കറ്റ് വിടാന്‍ പറ്റ്വോ? ആരാ ആ ബെല്‍റ്റില് കൊണ്ടോയി സോളാര്‍ പാനലുകള്‍ വെക്കുക. ഒക്കെ തക്കുടൂന്റെ സ്വപ്നാ.”

“എന്നാ ബാക്കി സ്വപ്നോം കൂടി പറയാം മൈഥിലീ.” തക്കുടു പറഞ്ഞു. “ഞങ്ങടെ മുഴുവന്‍ രാസവ്യവസായങ്ങളും ഇലക്ട്രോണിക്സ് വ്യവസായങ്ങളും ഇപ്പോൾ സുസ്ഥിര ബെല്‍റ്റിലാണ്. രാസമാലിന്യങ്ങളൊന്നും താഴെ മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടാവില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നന്നായുണ്ടാക്കാന്‍ കഴിയുന്നതും വായു ഇല്ലാത്ത ഇടത്താണ്.”

“ആരാ അവിടെ പണി എടുക്ക്വ? വായുവില്ല, വെള്ളം ഇല്ല, ഭക്ഷണം ഇല്ല. മര്‍ദം ഇല്ലാത്തതുകൊണ്ട് സ്പേസ് സ്യൂട്ട് ധരിച്ചു വരേണ്ടിവരും പണിയെടുക്കാന്‍. അതൊക്കെ നടക്കുന്ന കാര്യാ?”

“അടുത്തൊന്നും ഭൂമീല് നടക്കില്ലാന്ന് ഒറപ്പാ”, തക്കുടു ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങള്‍ നൂറ്റമ്പത് കൊല്ലം യുവത്വത്തോടെ ജീവിച്ച്, ഇഷ്ടള്ളപ്പം പാട്ടും പാടി മരിക്കാന്‍ തീരുമാനിച്ച ആളു കളല്ലേ , അതുകൊണ്ടാ ഞാനിതൊക്കെ പറഞ്ഞത്. അതിനേക്കാള്‍ എളുപ്പാ മാനത്തേക്കൊരു ലിഫ്റ്റ് ഉണ്ടാക്കാനും അവിടെ വ്യവസായം തുടങ്ങാനും. അതിനു വേണ്ടത് നല്ല ബുദ്ധിയുള്ള റോബോട്ടുകളാണ്. സ്വയം തീരുമാനങ്ങളെടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന റോബോട്ടുകള്‍. ഞങ്ങക്ക് മീന്‍പിടിക്കുന്ന റോബോട്ടും കൃഷിചെയ്യുന്ന റോബോട്ടും കച്ചവടം നടത്തുന്ന റോബോട്ടും പോലെ മാനത്ത് വ്യവസായശാല നിര്‍മിച്ചു നടത്തുന്ന റോബോട്ടും സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന റോബോട്ടും ഒക്കെ ഉണ്ട്. അതു നിങ്ങക്കും പറ്റും.”

ജോസിന് ആ ഐഡിയ നന്നായി ഇഷ്ടപ്പെട്ടു. അവന്‍ പറഞ്ഞു, “അവയ്ക്കാകുമ്പം ഭക്ഷണം വേണ്ട, വായു വേണ്ട, വെള്ളം വേണ്ട, വീടും വേണ്ട. കവിത വായിച്ച് സമയോം കളയില്ല. വെയിലു കൊണ്ടാലും ക്ഷീണിക്കില്ല. ഇരുപത്തിനാലു മണിക്കൂറും പണിയെടുത്തോളും. മോഷ്ടിക്ക്യേം ഇല്ല, സമരം ചെയ്യ്യേo ഇല്ല.”

“അങ്ങനത്തെ ഒന്നിനെ കിട്ട്യാ ബേക്കറീല് നിർത്താരുന്നൂന്നാവും ഇവന്റെ മോഹം. പാട്ടും കവിതേം ഒന്നും വേണ്ടാത്തതാ പ്രധാന ഗുണം.”, മൈഥിലി പരിഹസിച്ചു.

അച്ഛന്‍ പറഞ്ഞു, “നമ്മുടെ വ്യവസായികള്‍ക്കെല്ലാം അതിഷ്ടാവും. തൊഴിലാളികളില്ല , തൊഴിൽ സമരങ്ങളില്ല. എല്ലാം ബുദ്ധിയുള്ള റോബോട്ടുകള്‍ ചെയ്തു കൊള്ളും.  നമ്മക്കെല്ലാം പാട്ടും പാടി നേരത്തേ  മരിക്കാം. ആര്‍ക്കും തൊഴിലുണ്ടാവില്ല.”

“ഉണ്ണിയേട്ടാ, തക്കുടൂന്റെ ലോകത്തെപ്പോലെ നമ്മടെ ലോകത്തും റോബോട്ടുകള്‍ ധാരാളം ഉണ്ടാകാന്‍ പോവ്വാണ്. അതു തടയാനാവില്ല. ഇപ്പത്തന്നെ പല രാജ്യങ്ങളിലും സൂപ്പര്‍ബസാറുകളിലും മ്യൂസിയങ്ങളിലും ഒക്കെ അവരാണ് നിങ്ങള്‍ക്ക് സഹായി. അടുക്കളജോലികള്‍ക്കും നിലം വൃത്തിയാക്കാനുമൊക്കെ വീട്ടുകാരെ സഹായിക്കാന്‍ അവരുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലുമൊക്കെ ആളു വേണ്ടാതായിട്ടുണ്ട്. ഇതൊക്കെ ഇന്നല്ലെങ്കില്‍ നാളെ നമ്മടെ അടുത്തും എത്തുമെന്ന് തീര്‍ച്ചയാ. ഇവിടെയും തൊഴിൽ ഇല്ലാതാകും. അതിന് തക്കുടൂന്റെ നാട്ടുകാര് എന്താ ചെയയ്തതെന്നു ചോദിക്കാം.”

 “അല്ല മാഷെ, പണിയെല്ലാം  റോബോട്ടുകള്‍ ചെയ്യുന്നൂന്ന് വെക്ക്. ആകാശത്തു വമ്പന്‍ ഫാക്റ്ററികള്‍ വന്നു, ഭയങ്കര ഉല്പാദനോം നടക്കുന്നു. ഉണ്ടാക്കുന്ന സാധനം ഒക്കെ ആരെങ്കിലും വാങ്ങിയാലല്ലേ ലാഭണ്ടാവൂ. ആര്‍ക്കും തൊഴിലും കൂലീം ഇല്ലെങ്കി എങ്ങനെ വാങ്ങും? റോബോട്ടുകള്‍ വാങ്ങുവോ?”, ചോദ്യം അമ്മയുടേതാണ്.

“അതിനും മറുപടി തക്കുടു പറയും”, മാഷ് ഒഴിഞ്ഞുമാറി.

തക്കുടു പറഞ്ഞു, “ലാഭം, സമ്പത്ത്, അധികാരം – ഇതൊക്കെയാണ് നിങ്ങടെ മോഹമെങ്കിൽ ഇതൊന്നും നടക്കാൻ പോണില്ല. ഞങ്ങൾ അവിടുന്നൊക്കെ മുന്നേറിയിരിക്കുന്നു.ഞങ്ങക്ക് നിങ്ങളേക്കാള്‍ കര വിസ്തൃതി കുറവാണ്. നിങ്ങടെ മൂന്നിലൊന്നേ ഉള്ളൂ. ജനസംഖ്യയും ഏതാണ്ട് മൂന്നിലൊന്നു തന്നെ. ഗ്രാമങ്ങളില്ല. എല്ലാരും നഗരവാസികള്‍. തൊഴിലില്ലായ്മ ഒട്ടും ഇല്ല. ഒരു കുഞ്ഞു ജനിച്ചാല്‍ മൂന്ന് വയസ്സാകുംവരെ അച്ഛനും അമ്മയും അതിനെ നോക്കണം. ഞങ്ങടെ മൂന്ന് വയസ്സെന്നു വച്ചാ ഏതാണ്ട് നിങ്ങടെ രണ്ടു വയസ്സ്. സമൂഹത്തിനു വേണ്ടിയുള്ള സേവനമാണ് ഈ ശിശുപരിപാലനം.  ആ മൂന്നു കൊല്ലം  വേറെ പണിക്കൊന്നും പോകണ്ട. പിന്നെ കുഞ്ഞുങ്ങൾക്ക് ശിശുവിഹാരങ്ങളാണ്. അവിടെ പത്തു കുഞ്ഞുങ്ങള്‍ക്ക് ഒരായ വേണം. എട്ടു വയസ്സായാൽ സ്കൂൾ പഠനം തുടങ്ങും. സ്കൂളില്‍ ഇരുപതു കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ വേണം. സ്കൂള്‍ പഠനം കഴിഞ്ഞാല്‍ പിന്നെ ആർക്കും എന്തു വിഷയവും പഠിക്കാം. ക്ലാസ്സിലിരുത്തി പഠിപ്പിക്കലൊന്നുമില്ല. ഗ്രൂപ്പു ചര്‍ച്ചകളും സെമിനാറുകളും ലബോറട്ടറി പ്രവര്‍ത്തനങ്ങളും ഒക്കെയാണ്.. അതിനൊക്കെ സഹായികളും ഗൈഡുകളുമായി വിദഗ്ധര്‍ വേണം. എല്ലാവരും എല്ലാ പ്രായത്തിലും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കും. അധ്യാപകര്‍ തന്നെ മറ്റു ചിലരുടെ വിദ്യാര്‍ഥികളും ആയിരിക്കും. ഇടയ്ക്ക് ഗവേഷകരും ആകും. ഏറ്റവും കൂടുതല്‍ തൊഴില്‍ വിദ്യാഭ്യാസ മേഖലയിലാണ്.”

മാഷ് ചോദിച്ചു,“ ശരി, നിങ്ങക്ക് ഒരുപാട് അധ്യാപകരെ വേണം, സമ്മതിച്ചു.വേറെന്താ പണി  ?”

“പൊതുഭരണം എന്ന സംഗതിയില്ലേ? നൂറ്ററുപത്താറു രാജ്യങ്ങളില്ലേ .ഓരോ രാജ്യത്തും അമ്പതു മുതല്‍ നൂറുവരെ മുന്‍സിപ്പാലിറ്റികളുണ്ട്. ഓരോ മുന്‍സിപ്പാലിറ്റിയിലും അമ്പതോളം വാര്‍ഡുകളുണ്ടാകും. ഇതൊക്കെ നിങ്ങള്‍ ഇവിടെ ഉപയോഗിക്കുന്ന പേരുകളാണേ. എന്തായാലും അവിടെയെല്ലാം ഭരണസമിതികള്‍ വേണം, ജനപ്രതിനിധികള്‍ വേണം, സഹായസംവിധാനങ്ങള്‍ വേണം. ഉദ്യോഗസ്ഥരെന്ന കൂട്ടരില്ല. എല്ലാരും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടക്കും.”

“കൃഷിക്കാരെന്നു പറയുന്ന കൂട്ടര്‍ ഇല്ല, അല്ലേ? കൃഷിപ്പണിയെല്ലാം യന്ത്രങ്ങള്‍ ചെയ്യുമല്ലോ?”, അച്ഛന്റെ കമന്റ്.

“സര്‍ഗാത്മകത വേണ്ട ഒരു പണീം ഞങ്ങള് വേണ്ടെന്ന് വെച്ചിട്ടില്ല ഉണ്ണിയേട്ടാ. ജനിതകമാറ്റം വരുത്തി പുതിയതരം സസ്യങ്ങളെയും ജീവികളെയും ഉല്പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യല്‍ രസകരമായ ജോലിയല്ലേ? കഥേം കവിതേം എഴുതുംപോലെ താല്പര്യത്തോടെ അതു ചെയ്യുന്ന ആളുകളുണ്ട്. അതുപോലെ എല്ലാരും എന്തെങ്കിലും കലാപ്രവര്‍ത്തനങ്ങളിലോ കായിക വിനോദങ്ങളിലോ ഏര്‍പ്പെട്ടിരിക്കും. ആരും വെറുതെ ഇരിക്കാറില്ല.”

“അതുകൊണ്ടു കാര്യംല്ലല്ലോ. കലാ പ്രവര്‍ത്തനത്തിലും കായിക വിനോദത്തിലും ഏര്‍പ്പെടുന്ന എല്ലാര്‍ക്കും പൈസ കിട്ട്വോ? കുറച്ച് മികച്ച കലാകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും കിട്ടീന്നു വരും. അതു മതിയോ?”

“ഞങ്ങക്കെന്തിനു പൈസ!  ഞാന്‍ മുമ്പു പറഞ്ഞതോര്‍മയില്ലേ, ശാസ്ത്രസാങ്കേതികവിദ്യകൾ  വളർന്നപ്പോൾ ഒന്നിനും പഞ്ഞമില്ലാതായി. എല്ലാ ഉല്പാദനാം എല്ലാർക്കും വേണ്ടിയാണ്. പിന്നെന്തിന് പൈസ ?  ഞങ്ങടെ ജീവിത്തിനു സന്തോഷം നല്‍കുന്നത് പണമല്ല കുട്ടീ,സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ്. പക്ഷേ ആ ലക്ഷ്യത്തിലെത്താൻ ഞങ്ങൾ ആയിരക്കണക്കിനു കൊല്ലം എടുത്തു. ഇപ്പം ഞങ്ങളതൊക്കെ ചരിത്രമായി സ്ക്കൂളിൽ പഠിക്കുന്നുണ്ട്. ഭൂമിയിൽ നിങ്ങളും ഒന്നുകിൽ ആ വഴി തേടേണ്ടിവരും. ഇല്ലെങ്കില്‍  തമ്മിലടിച്ചു നശിക്കും. “

” എല്ലാർക്കും എല്ലാം വേണ്ടത്ര നൽകാൻ കഴിയുക ഒരു നല്ല സ്വപ്നാണ്. നിങ്ങടെ ലോകത്ത് അത് എങ്ങനെ സാധിച്ചു എന്നെനിക്കറിയില്ല. പക്ഷേ ഭൂമിയിൽ നടക്കുമെന്നു തോന്നുന്നില്ല. വൈദ്യുതി ആകാശത്തു നിന്ന് കൊണ്ടു വരാംന്ന് വെക്ക്. ലോഹങ്ങൾക്കു പകരം ഗ്രാഫീൻ പോലുള്ള സാധനങ്ങൾ ഉണ്ടാക്കാന്നും വെക്ക് . പക്ഷെ വെള്ളത്തിന് വെള്ളം തന്നെ വേണ്ടേ ? കൃഷി ചെയ്യാൻ ഭൂമി വേണ്ടേ? മനുഷ്യരുടെ എണ്ണം കൂട്വല്ലേ ? അതൊക്കെ ഉണ്ടാക്കാൻ റോബോട്ടിനു കഴിയ്യോ ? ഇപ്പത്തന്നെ അതിനൊക്കെ വേണ്ടി ആളുകൾ വഴക്കടിക്ക്യാണ് . ” .

“ഉണ്ണിയേട്ടന് ശാസ്ത്രത്തിന്റെ കഴിവിൽ വേണ്ടത്ര വിശ്വാസം ഇല്ലെന്നു തോന്നുന്നു. നല്ല ശാസ്ത്രവും സാമൂഹ്യബോധവും  ഉണ്ടെങ്കിൽ സാധിക്കാത്തതായി ഒന്നുമില്ല. ” 

അച്ഛന്‍ ആകെ  കുഴപ്പത്തിലായി എന്നു തോന്നുന്നു. കൂടെ ഞങ്ങളും . ഞങ്ങള്‍ അഞ്ചു കുട്ടികളോടൊപ്പം ആറാമതൊരു കുട്ടി – ഒരു മായാവിക്കുട്ടി- ആയി കരുതിയിരുന്ന തക്കുടു, ഇപ്പഴതല്ല എന്ന തോന്നല്‍ അച്ഛനും അമ്മയ്ക്കും ഉണ്ടായ്ക്കഴിഞ്ഞു . അവൻ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ശരിക്ക് പിടി കിട്ടുന്നേയില്ല.പക്ഷേ ഞാൻ അവനെ അങ്ങനെ വലിയ ആളാകാന്‍ വിടില്ല. അതിനല്ലല്ലോ എന്റെ പേരു പോലും ഞാൻ അവനു കൊടുത്തത്.

തുടരും എല്ലാ ആഴ്ച്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം

 

27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി

28 . മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം

29. തക്കുടൂ, നിങ്ങക്കെന്താ പണി ?

30. മാനത്തൊരു സ്റ്റേഡിയം

Leave a Reply