Read Time:15 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനേഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


കുട്ടികള്‍ നാലുപേരും ഏഴുമണിക്കു പോയി. വീട്ടില്‍പോയി കുളിച്ചുമാറ്റി അവര്‍ക്ക് സ്കൂളിലെത്തണം. അമ്മ ഇന്ന് പോകാൻ വൈകി. സാധാരണ എട്ടുമണിക്ക് പോകാറുള്ളതാണ്. ഇന്ന്, ഒമ്പത് മണിക്ക് മാഷ് സ്കൂട്ടറുമായി വന്നപ്പം ഞങ്ങള്‍ ഒന്നിച്ചാണ് ഇറങ്ങിയത്. കാക്കപ്പോലീസ്  മുന്നില്‍ പറന്നു. ഞാനും മാഷും പിന്നാലെയും.

ഞങ്ങള്‍ ഭയപ്പെട്ടതുപോലെ ക്ലാസ്സില്‍ ആരും ഉറങ്ങിയില്ല. പക്ഷേ ആരും ക്ലാസ് നന്നായി ശ്രദ്ധിച്ചുമില്ല. എല്ലാരും വെള്ള്യാം കല്ലില്‍ ഡോള്‍ഫിനുകളുമായി കിന്നാരത്തിലാണെന്നു തോന്നുന്നു.

വൈകുന്നേരം ക്ലാസു കഴിഞ്ഞ് കളിച്ചു. കളിക്കാന്‍ മാഷും കൂടി. കീചകനെ കണ്ടില്ല. മുട്ടിലെ പരിക്ക് ഭേദമായിട്ടുണ്ടാവില്ല.

വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ കാക്കയുടെ കരച്ചില്‍ കേട്ടു. ഞാന്‍ പരിഭാഷിയന്ത്രം എടുത്ത് ചെവിയില്‍ വെച്ചു. കാക സന്ദേശം : ‘മാഷോട് ശ്രദ്ധിച്ച് സ്കൂട്ടറോടിക്കാന്‍ പറയണം. എതിരേ ദൂരേന്ന് മോട്ടോര്‍ സൈക്കിളില്‍ രണ്ടുപേര്‍ വലിയ സ്പീഡില്‍ വരുന്നുണ്ട്. സുരക്ഷിത സ്ഥാനത്തേക്ക് സ്കൂട്ടര്‍ ഒതുക്കിയിടാന്‍ പറയൂ.’

പറഞ്ഞതുപോലെ സംഭവിച്ചു. വീട് അടുക്കാറായപ്പോള്‍ അതിവേഗത്തില്‍  മോട്ടോര്‍ സൈക്കിള്‍ വരുന്നതുകണ്ട് മാഷ് സ്കൂട്ടര്‍ കുട്ടികളുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി ബ്രേക്കിട്ടു. മോട്ടോര്‍ സൈക്കിളില്‍ കള്ളി ബനിയനിട്ട രണ്ടു തടിയന്മാര്‍ കടന്നുപോയി. കുട്ടികള്‍ ചുറ്റും കൂടി. “ഓ, ഇപ്പം കൂട്ടിയിടിച്ചേനേം”, അവര്‍ പറഞ്ഞു.

അമ്മ വരുന്നതുവരെ മാഷ് എന്റെ മുറിയില്‍ത്തന്നെ ഇരുന്നു. ഫുട്ബാള്‍ കളിയിലെ കേമന്മാരെക്കുറിച്ച് മാഷ് സംസാരിച്ചു. മിക്കതും ഞാന്‍ കേട്ടിട്ടുകൂടിയില്ലാത്ത, പഴയ തലമുറയിലെ കളിക്കാര്‍. ലെഫ്‌ യാഷിന്‍ എന്ന പഴയ സോവ്യറ്റ് യൂണിയന്റെ ഗോളിയെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. ‘കറുത്ത ചിലന്തി’ എന്ന ഓമനപ്പേരുള്ള അയാളാണത്രേ ലോകം കണ്ട ഏറ്റവും നല്ല ഗോള്‍കീപ്പര്‍. പിന്നെ ബ്രസീലിന്റെ ഫോര്‍വേഡ് ഗാരിഞ്ച, നെതര്‍ലണ്ടിന്റെ ജോഹാന്‍ ക്രൈഫ്, ഹങ്കറിയുടെ പുസ്കാസ്,  ഇബ്രാഹിമോവിച്ച്… അങ്ങനെ ഒത്തിരി പേരെക്കുറിച്ച് മാഷ് പറഞ്ഞു.  ‘നീ ഗാരിഞ്ചയുടെ കളി കാണണം’ എന്നും പറഞ്ഞു. മാഷുടെ അടുത്ത് ക്ലിപിംഗ്സ് ഉണ്ടുപോലും.

അമ്മ വന്ന് ചായ ഉണ്ടാക്കി കുടിച്ചിട്ടാണ് മാഷ് പോയത്. മാഷ് പറഞ്ഞു, “ഇനി എന്നും ചായയ്ക്ക് ഞാനും കാണും. ഇവനെ തനിച്ച് കോലായില്‍ ഇരിക്കാന്‍ വിടണ്ട. മുറി അടച്ച് ഇരുന്നോട്ടെ. ഒന്നും ഉണ്ടായിട്ടല്ല. എന്നാലും…”

വെന്റിലേറ്ററില്‍ സ്ഥാനംപിടിച്ചിരുന്ന കാക്ക പറഞ്ഞു, “അതാ നല്ലത്.” അപ്പോഴാണ് ഞങ്ങള്‍ അവനെ കണ്ടത്.

അമ്മ ചോദിച്ചു, “നിനക്കിന്ന് വെള്ള്യാം കല്ലിലൊന്നും പോണ്ടേ?”

“എനിക്കിന്ന് എട്ടുമണിക്ക് ഇവിടെ അടുത്തൊരു ഡ്യൂട്ടി ഉണ്ട്”, കാക്ക പറഞ്ഞു. “എന്താന്നൊന്നും ചോദിക്കണ്ട. നാളെ അറിഞ്ഞാ മതി.”

അങ്ങനെ ഞങ്ങളെ സസ്പന്‍സില് നിര്‍ത്തി കാക്ക പറന്നുപോയി. മാഷും യാത്ര പറഞ്ഞു പോയി.

പിറ്റേന്ന് മാഷ് വന്നത് ഒരു പ്രാദേശിക വാര്‍ത്താ ചാനലിലെ ഉദ്വേഗജനകമായ വാര്‍ത്തയുമായിട്ടാണ്. വടകര, മാഹി, നാദാപുരം മേഖലയിലെ നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഉടമയും തൊഴില്‍ ദാതാവും സേവന തല്പരനും ഒട്ടേറെ ക്ഷേത്രക്കമ്മിറ്റികളുടെ ഖജാന്‍ജിയുമായ ശ്രീമാന്‍ ചന്ദ്രശേഖരന്റെ (ചന്തു എന്നാണറിയപ്പെടുന്നത്) ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന സെല്‍ഫോണ്‍ ഒരു കാക്ക കൊത്തിക്കൊണ്ടുപോയി എന്നാണ് വാര്‍ത്ത. രാത്രി എട്ടുമണി കഴിഞ്ഞാണ് സംഭവം. ഫോണ്‍ മേശപ്പുറത്തുവെച്ച് ടോയ്‌ലറ്റില്‍ പോയി തിരിച്ചുവന്ന ചന്ദ്രശേഖരന്‍ കാണുന്നത് കാക്ക, അതിന്റെ കാലുകള്‍ക്കിടയില്‍ സാമാന്യം വലിയ തന്റെ മൊബൈല്‍ഫോണ്‍ ഉറുക്കിപ്പിടിച്ച് വെന്റിലേറ്റര്‍ വഴി പറന്നുപോകുന്നതാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് ഒര് ഉന്തുവണ്ടിയില്‍ ഐസ്ക്രീം വിറ്റു നടന്നിരുന്ന ചന്ദ്രശേഖരന്‍ സ്വപരിശ്രമത്താൽ വളര്‍ന്ന് പ്രദേശത്തെ അറിയപ്പെടുന്ന പൗരപ്രമുഖനായി മാറിയ കഥ യുവതലമുറയ്ക്ക് ആവേശം പകരുന്നതാണ്. നല്ലൊരു ഈശ്വരഭക്തനായ അദ്ദേഹം നാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്കെല്ലാം കയ്യയച്ച് സഹായം ചെയ്യുന്ന വ്യക്തികൂടിയാണ്. ഏക മകന്‍ ഗണേശന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും നല്ലൊരു ഫുട്ബാള്‍ കളിക്കാരനുമാണ്. ഫോണ്‍ നഷ്ടപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്ത  ഉടനെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഫോണിന്റെ സാന്നിധ്യം കടലില്‍ എവിടെയോ ആണെന്ന സൂചനയാണ് കിട്ടുന്നത്. ഏതോ ബോട്ടിലുള്ള കള്ളക്കടത്ത് സംഘത്തിനു വേണ്ടിയാണ് മോഷണമെന്നും ധാരാളം വ്യാപാര രഹസ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടമായത് ശ്രീമാന്‍ ചന്ദ്രശേഖരന് വലിയ ആഘാതമാണെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.

തുടര്‍ന്ന് കാക്കകളെ മോഷണത്തിനായി പരിശീലിപ്പിക്കാന്‍ കഴിയുമോ എന്ന വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ചയാണ്. പ്രശസ്ത പക്ഷിനിരീക്ഷകനായ തുണ്ടിയില്‍ ഹരികൃഷ്ണന്‍, റിട്ടയര്‍ഡ് ജീവശാസ്ത്രപ്രൊഫസര്‍ ഡോ. ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. 

ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കെ ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത’ ആയി ഒരറിയിപ്പു വന്നു. ശ്രീമാന്‍ ചന്ദ്രശേഖറിന്റെ സെല്‍ഫോണ്‍ അടുക്കളയിലെ അമ്മിത്തിണ്ണയില്‍ നിന്നു തിരിച്ചുകിട്ടിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണത്. ഉടനെ ചാനല്‍ ചര്‍ച്ചയില്‍ ഒരു പുതിയ വിഷയം കൂടി വന്നുചേര്‍ന്നു. രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തശേഷം പരിശീലനം സിദ്ധിച്ച കാക്ക തന്നെ ഫോണ്‍ തിരികെ എത്തിച്ചതാവാമെന്ന് ശ്രീമാന്‍ ഹരികൃഷ്ണനും അതല്ല, ഫോണ്‍ അമ്മിത്തിണ്ണയില്‍ മറന്നുവെച്ച ചന്ദ്രശേഖരന്‍ മുറിയില്‍ നിന്ന് ഒരു കാക്ക പറന്നുപോകുന്നതുകണ്ട് ഫോണ്‍ അതു മോഷ്ടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതാവാം എന്ന് ഡോ. ശശിധരന്‍ നായരും തറപ്പിച്ചു പറഞ്ഞു. ചര്‍ച്ച മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. മകളെ സ്കൂളിലെത്തിച്ചിട്ടു വേണോല്ലോ ഇങ്ങോട്ടു വരാന്‍.”

ഫുട്ബാള്‍ റണ്ണിംഗ് കമന്ററി നടത്തി ശീലമുള്ള അന്‍വര്‍മാഷിന്റെ അവതരണം ശരിക്കും ഒരു ടിവി റിപ്പോര്‍ട്ടിംഗിന്റെ സ്റ്റൈലില്‍ തന്നെയായിരുന്നു.

“മാടമ്പി ചന്തു പൗരപ്രമുഖന്‍ ചന്ദ്രശേഖരനായത് ഞാന്‍ ഇന്നാണറിഞ്ഞത് കേട്ടോ”, അമ്മയ്ക്ക് രോഷവും പരിഹാസവും അടക്കിനിര്‍ത്താനായില്ല. “എന്തായാലും നമ്മടെ കാക്കപ്പോലീസ് ആള് മോശല്യ. രാത്രി എട്ടുമണിക്ക് വേറൊരു ഡ്യൂട്ടിണ്ട് എന്നു പറഞ്ഞപ്പം ഞാനിത്രയ്ക്ക് പ്രതീക്ഷിച്ചില്ല.”

മാഷ്‌ടെ  സ്കൂട്ടറില്‍ പോകുമ്പം ഞാന്‍ ചോദിച്ചു, “ഇന്ന് നമ്മടെ കാക്കപ്പോലീസ് എവിടെപ്പോയി, കാണാനില്ലല്ലോ?”

മാഷ് പറഞ്ഞു, “ഇന്ന് അപകടം ഇല്ലെന്ന സൂചന കിട്ടിക്കാണും.”

സ്കൂളിലെത്തിയപ്പം ദീപൂം ദില്‍ഷേം ഓടിവന്നു പറഞ്ഞു,  “സൂക്ഷിച്ചോ, ഇന്നു നിന്റെ മുഖ്യശത്രു വന്നിട്ടുണ്ട്. പൗരമുഖ്യന്റെ മോന്റെ മുട്ടിലെ പ്ലാസ്റ്റര്‍ അഴിച്ചിട്ടില്ല.”

ഞങ്ങളെല്ലാരും ചിരിച്ചു.

വൈകിട്ട് ഞാനും അമ്മയും മാഷും ചായ കുടിച്ചുകൊണ്ടിരിക്കുമ്പം തക്കുടു വന്നു. കൂടെ കാക്കച്ചിയും. അതു വന്നപാടെ അമ്മയുടെ മടിയില്‍ സ്ഥാനംപിടിച്ചു. അമ്മ അതിനെ സ്നേഹപൂര്‍വം തലോടി. പാവം അമ്മ അതൊരു കുഞ്ഞു റോബോട്ടാണെന്ന കാര്യം എപ്പഴും മറക്കും. അതിന് അമ്മയുടെ സ്നേഹമൊക്കെ ആസ്വദിക്കാന്‍ കഴിയുമെന്നാണ് അമ്മയുടെ വിചാരം. അല്ലെങ്കില്‍ ആരറിഞ്ഞു, തക്കുടുവിന്റെ ലോകത്തുണ്ടാക്കുന്ന റോബോട്ടുകള്‍ക്കും സ്നേഹിക്കാനും സ്നേഹം സ്വീകരിക്കാനും കഴിയില്ലെന്ന്!

അമ്മ തക്കുടൂനോടു ചോദിച്ചു, “എന്തിനാ ആ മൊബൈല്‍ തിരിച്ചുകൊടുത്തത്?”

തക്കുടു പറഞ്ഞു, “നമുക്കു വേണ്ട വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെന്തിനാ നമ്മളത് സൂക്ഷിക്കുന്നെ? വെറുതെ പോലീസിനെ ബുദ്ധിമുട്ടിക്കാനോ?”

“ഞാനാണെങ്കില്‍ കടലില്‍ എറിഞ്ഞുകളയും.”

“അതൊക്കെ നിയമവിരുദ്ധമാണ് ചേച്ചീ. നമ്മടെ എതിരാളിക്ക് സംസ്കാരമില്ലാത്തത് നമ്മള്‍ക്കും അങ്ങനെയാകാനുള്ള ന്യായീകരണമാകരുത്. ഞാന്‍ മുമ്പേ പറഞ്ഞില്ലേ, പ്രതികാരമല്ല നീതിയുടെ മാര്‍ഗം.”

മാഷ് പറഞ്ഞു, “അതു പോട്ടെ തക്കുടൂ. ഞങ്ങളിനിയും ഒരുപാടു മാറേണ്ടതുണ്ട്. ഫോണില്‍ നിന്ന് എന്തൊക്കെ വിവരങ്ങള്‍ കിട്ടി എന്നു പറയൂ.”

“കുറേ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഒക്കെ കോപ്പി ചെയ്തു. അധികവും ഇവിടെ ചുറ്റുപാടും ഉള്ളതാണ്. അല്ലാത്ത കുറേ ഉള്ളത് പൂനെ, പന്‍വേല്‍, ലോനാവല, റായ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലേതാണ്. മിക്കവാറും ആ കള്ള സന്യാസി വരുന്നത് അവിടെ എവിടെയോ നിന്നായിരിക്കും. നമ്മക്ക് അന്വേഷിക്കേണ്ടിവരുന്നതും അവിടെത്തന്നെ ആയിരിക്കും.”

“അവിടെയൊന്നും നമ്മക്കൊരു പരിചയവും ഇല്ലല്ലോ. ആരെങ്കിലും പരിചയക്കാരുണ്ടോ എന്നു നോക്കാം. നാളെത്തന്നെ കഴിയുന്നത്ര വിവരം ഞാന്‍ ശേഖരിക്കാം.”

“വിഷമിക്കണ്ട. എന്റെ ചാരന്‍ പ്രാവുണ്ടല്ലോ. അവനവിടെ ധാരാളം കൂട്ടുകാരുണ്ട്; കുട്ടികളും ഉണ്ട്, വലിയവരും ഉണ്ട്. അവര് നമ്മളെ സഹായിക്കും. അവരുടെ പ്രിയപ്പെട്ട കബുത്തര്‍ നമ്മോടൊപ്പമുണ്ടാകും.”

“ആരാ കബൂത്തര്‍”, ഞാന്‍ ചോദിച്ചു.

“ഹിന്ദിയില്‍ പ്രാവിനെ വിളിക്കുന്ന പേരാണ്. കവ്വാ എന്നുവെച്ചാ കാക്കയും”

അമ്മ ചോദിച്ചു, “അവര്‍ക്കെങ്ങനയാ അവിടെ ഇത്ര പരിചയം. അവിടെ താമസിച്ചിട്ടുണ്ടോ നിങ്ങള്”

“അതൊക്കെ ഞാന്‍ പിന്നെ പറയാം. നാളെ വരാം. ഇപ്പം  മാഷിന് പോണ്ടേ.  നാളെ കളിക്കാന്‍ നില്ക്കണ്ട, നേരത്തേ പോര്. ദീപൂനേം കൂട്ടിക്കോ. നാളെ എല്ലാം പ്ലാന്‍ ചെയ്യാം.”

മാഷ് പറഞ്ഞു, “എന്നാ അങ്ങനെ. കവ്വായും കബൂത്തറും ഉണ്ടാക്വല്ലോ? ജോസും വന്നോട്ടെ.”

മാഷ് എണീറ്റു. തക്കുടൂം കവ്വായും യാത്ര പറഞ്ഞു.

എല്ലാ ശനിയാഴ്ച്ചയും തുടരും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


 16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫിസിക്‌സും ചിത്രകലയും 
Next post മലേറിയയ്ക്ക് ആദ്യ വാക്സിൻ
Close