Read Time:17 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയെട്ടാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


അങ്ങനെ ഇഷ്ടംപോലെ മീനോ പക്ഷിയോ ആകാന്‍ പറ്റുമോ എന്ന ദില്‍ഷയുടെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് എല്ലാരും ചിരിച്ചെങ്കിലും ദില്‍ഷയ്ക്ക് ചിരിയൊന്നും വന്നില്ല.

മാഷ് പറഞ്ഞു, “എന്തിനാ എന്നോടു ചോദിക്കുന്നെ ദില്‍ഷേ, തക്കുടൂനോടു തന്നെ ചോദിക്കു.”

“നീ ഒന്നു മീനാകാന്‍ ആഗ്രഹിച്ച് കടലില്‍ ചാടി നോക്ക്, ഒറപ്പാ നീ മീനാകും.”, ദീപൂന്റെ പരിഹാസം കേട്ട് ദില്‍ഷ അവന്റെ നേര്‍ക്കു തിരിഞ്ഞു.

തക്കുടു ഇടപെട്ടു : “കടലില്‍ ചാടിയ ഉടനെ മീനായീന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ ദില്‍ഷേ. ഞങ്ങളൊരിക്കലും ശരിയായ മീനായിട്ടും ഇല്ല. യദൂനോട് ഒരു തമാശ പറഞ്ഞതല്ലേ. ഞങ്ങള്‍ കടല്‍ജീവികളാണ് ആയത്. അതുതന്നെ ഏഴെട്ടുകോടി വര്‍ഷംകൊണ്ടാണ് സംഭവിച്ചത്. ഞങ്ങള്‍ തുടക്കത്തിലേ തീരവാസികളായിരുന്നു. ഒന്നുകില്‍ പുഴയുടെ തീരത്ത്, അല്ലെങ്കില്‍ കടലിന്റെ തീരത്ത്. അന്നും ഇന്നും മുഖ്യഭക്ഷണം മീനാണ്. നീളം കുറഞ്ഞ, നീന്താന്‍ പറ്റിയ കാലാണ് അന്നേ ഞങ്ങൾക്ക്. താറാവിനെപ്പോലെ പാദം പരന്ന്, വിരലുകള്‍ ചര്‍മംകൊണ്ട് ബന്ധിച്ച നിലയിലാണെന്ന് നിങ്ങള്‍ കണ്ടതല്ലേ?”

“തീരത്ത് ജീവിച്ചതുകൊണ്ട് മീന്‍കഴിച്ച് ശീലിച്ചതാണോ അതോ മീന്‍ ഇഷ്ടായതുകൊണ്ട് തീരത്ത് താമസമാക്കിയതാണോ?”, അമ്മയുടെ ചോദ്യം എല്ലാര്‍ക്കും രസിച്ചു.

തക്കുടു പറഞ്ഞു, “അറിയില്ല ചേച്ചീ. ആദ്യത്തേതാകാനാണ് സാധ്യത. ഞങ്ങള്‍ക്ക് ആകെ ഒറ്റ വലിയ വന്‍കരയേ ഉള്ളൂ . നല്ല ചൂടും ധാരാളം മഴയും ഉള്ളതുകൊണ്ട് ഇടതൂര്‍ന്ന കാടുകളാണ്. നിങ്ങടെ പോലത്തെ പച്ചിലക്കാടല്ല. നിറം പറയാന്‍ എനിക്കറിയില്ല. കാടു നിറയെ മൃഗങ്ങളാണ്. പലതും നല്ല കൊലയാളികളാണ്. അതുകൊണ്ടാകാം ഞങ്ങടെ പൂര്‍വികര്‍ തീരവാസികളായത്. വെള്ളത്തില്‍ ചാടി രക്ഷപ്പെടാലോ? നൂറ്ററുപത്താറ് വലിയ  നദികളുണ്ട് ഞങ്ങടെ ലോകത്ത്. ആമസോണും ഗംഗയും പോലത്തെ നദികള്‍. അതിലും വലുതുമുണ്ട്. അവ കടലില്‍ ചേരുന്നിടത്ത് വിശാലമായ കായലുകളും തടാകങ്ങളും ഉണ്ട്. അവിടെയാണ് കൂടുതല്‍ മീന്‍ കിട്ടുക. അവിടുന്നാണ് പൂര്‍വികരുടെ കൂടുതല്‍ ഫോസിലുകള്‍ കിട്ടിയിട്ടുള്ളത്.”

അപ്പം മൈഥിലിക്ക് സംശയം, “മീന്‍മാത്രം കഴിച്ച് ജീവിക്കാന്‍ പറ്റ്വോ?”

“പറ്റില്ല, പറ്റില്ല. ഡോള്‍ഫിനും തിമിംഗലോം ഒക്കെ ഉച്ചയ്ക്ക് ചോറ് കിട്ടിയില്ലെങ്കില്‍ കരഞ്ഞു പൊളിക്കും.”, ജോസിന്റെ പരിഹാസം കൂട്ടച്ചിരി ഉയര്‍ത്തി.

തക്കുടു പറഞ്ഞു, “മീന്‍ മാത്രല്ല മൈഥിലീ, അന്നും ഇന്നും ഞങ്ങള്‍ക്ക് പഴങ്ങള്‍ ഇഷ്ടാണ്. അന്നവര്‍ താമസിച്ച ഇടങ്ങളില്‍ പലതരം മൃഗങ്ങളുടെ എല്ലുകളും കാണാനുണ്ട്. ചുട്ടു തിന്നതിന്റെ അടയാളവുമുണ്ട്. മീന്‍ എളുപ്പം ദഹിക്കുന്നതുകൊണ്ടായിരിക്കും, അതു പച്ചയ്ക്കു തിന്നാണ് ശീലം.”

“ചെറുമീനുകളെ പച്ചയ്ക്കു തിന്നുന്ന ശീലം ഇവിടേം ചില രാജ്യങ്ങളിലുണ്ട്. അക്കാലത്ത് എങ്ങനെയാവും നിങ്ങള്‍ മീന്‍ പിടിച്ചിട്ടുണ്ടാവ്വ?”, അച്ഛനാണ് സംശയം.

“അറിയില്ല. വലയും ചൂണ്ടേം ഒന്നും ഉപയോഗിച്ചതിന്റെ അടയാളം കാണുന്നില്ല. മുങ്ങി നീന്തിപ്പോയി പിടിച്ചിട്ടുണ്ടാകും. രണ്ടു മണിക്കൂര്‍ വരെ വെള്ളത്തില്‍ മുങ്ങിക്കഴിയാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്.”

“മുഴുവന്‍ സമയോം വെള്ളത്തില്‍ കഴിയുന്ന ഡോള്‍ഫിനുപോലും അര മണിക്കൂറേ വെള്ളത്തില്‍ മുങ്ങിക്കഴിക്കാന്‍ പറ്റൂ.  മീന്‍പിടിക്കാന്‍ മാത്രം വെള്ളത്തിലിറങ്ങുന്ന നിങ്ങക്കെങ്ങനയാ പിന്നെ രണ്ടു മണിക്കൂര്‍ മുങ്ങിക്കഴിയാന്‍ സാധിക്കുന്നെ?”

“മീന്‍പിടിക്കാന്‍ മാത്രമല്ല, സുരക്ഷയ്ക്കും ചൂടില്‍നിന്ന് രക്ഷപ്പെടാനും വെള്ളത്തില്‍ കഴിയുന്നതല്ലേ നല്ലത്. പകല്‍ അധികവും ഞങ്ങടെ പൂർവികർ വെള്ളത്തിലാവും കഴിഞ്ഞിട്ടുണ്ടാവുക. പക്ഷേ രണ്ടു മണിക്കൂറൊക്കെ മുങ്ങിക്കഴിയാന്‍ പറ്റുന്നത് അതുകൊണ്ടു മാത്രമല്ല. അതു ഞങ്ങടെ ശ്വാസകോശത്തിന്റെ പ്രത്യേകതകൊണ്ടാണ്.”

“അതെന്താ ആ പ്രത്യേകത?”, ജോസിന് കൗതുകം.

“നിങ്ങളെപ്പോലെ ചെറിയ രണ്ട് ശ്വാസകോശങ്ങള്‍ നെഞ്ചില്‍ ഫിറ്റ് ചെയ്തിരിക്ക്യല്ല ഞങ്ങക്ക്. കഴുത്ത് മുതല്‍ അര വരെ നട്ടെല്ലിന്റെ ഇരുവശത്തും നീളത്തില്‍ കിടക്കുന്ന ശ്വാസകോശങ്ങളാ ഞങ്ങക്ക്. അതില്‍നിറയെ ഓക്സിജന്‍ സഞ്ചികളാണ്. ശ്വസിക്കുമ്പോള്‍ ഓക്സിജന്‍ തന്മാത്രകള്‍ മാത്രം അതില്‍ ഒട്ടിപ്പിടിക്കും.  സംസക്തിബലം കൊണ്ടാണ്. അതു പിന്നെ മാഷ് പറഞ്ഞു തരും . ഈ ഓക്സിജനെ ആവശ്യം അനുസരിച്ച് പിന്നെ രക്തം എടുത്തോളും. വായുവിലെ ബാക്കി ഘടകങ്ങളും ശരീരം ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡുമെല്ലാം മുങ്ങിക്കിടക്കുമ്പം തന്നെ വെള്ളത്തിലേക്ക് ഉച്ഛ്വസിക്കാന്‍ പറ്റും.

“അമ്പട, അങ്ങനത്തെ ഒരു ശ്വാസകോശം കിട്ടിയിരുന്നെങ്കി ഒളിമ്പിക്സിന്….”

“ഒരെണ്ണായിട്ട് കിട്ടൂല ജോസേ, ജോടിയായിട്ടേ കിട്ടൂ. അതു ഞാന്‍ ഇനി വരുമ്പം കൊണ്ട്വരാം.” തക്കുടൂന്റെ തമാശ പെട്ടെന്നാര്‍ക്കും പിടികിട്ടിയില്ല. അമ്മയാണ് പൊട്ടിച്ചിരിക്ക് തുടക്കമിട്ടത്.

അമ്മ ചോദിച്ചു, “ദില്‍ഷയ്ക്കും വേണ്ടേ ഒരു ജോടി?”

അവള്‍ പറഞ്ഞു, “വേണ്ട ചേച്ചീ. ഞാന്‍ നീന്തല്‍ മത്സരത്തിനൊന്നും പോണില്ല. തക്കുടു പറ, നിങ്ങളെപ്പഴാ പറക്കാന്‍ തൊടങ്ങിയെ?”

“ചിറകു മുളച്ചപ്പം.”

“എപ്പഴാ ചിറകു മുളച്ചെ?”

“അതൊരു നീണ്ട കഥയാ ദില്‍ഷേ. ഏകദേശം ഒമ്പതു കോടി കൊല്ലം മുമ്പ് ഞങ്ങള്‍ കടലിലേക്ക് ജീവിതം മാറ്റിയ കാര്യം പറഞ്ഞില്ലേ?”

“അതെന്തിനാന്ന് പറഞ്ഞില്ല. പൊഴേലേം കായലിലേം മീനൊക്കെ തീര്‍ന്നതുകൊണ്ടാ?”

“മീന്‍ തീര്‍ന്നിട്ടൊന്നും അല്ല കുട്ടീ. മഹാമാരി വന്നിട്ടാണെന്നാ കരുതുന്നെ. നിങ്ങളെ ബാധിച്ച കോവിഡ് പോലത്തെ ഒന്ന്. ബാധിച്ചത് കോവിഡിനെപ്പോലെ ശ്വാസകോശത്തെ അല്ല, തലച്ചോറിനെയാ. ശരിക്കു പറഞ്ഞാ തലച്ചോറിനെ പൊതിഞ്ഞുള്ള ആവരണത്തെ. അതു വൈറസ് ആയിരുന്നോ ബാക്റ്റീരിയ ആയിരുന്നോ എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം ഉണ്ട്. എന്തായാലും നദീമുഖത്തു കഴിഞ്ഞവരെയാണ് കൂടുതല്‍ ബാധിച്ചത്. കടലില്‍  കഴിഞ്ഞവര്‍ രക്ഷപ്പെട്ടു. ഉപ്പുവെള്ളത്തില്‍ രോഗാണുക്കള്‍ ചത്തുപോകുന്നതുകൊണ്ടാകാം.”

“ഒന്നു രണ്ടു കൊല്ലം കൊണ്ട് മഹാമാരി പോയിക്കാണ്വല്ലോ.  പിന്നെ എന്താ അവര് കരയിലേക്കു തിരിച്ചുവരാഞ്ഞെ?”

“പോയോന്ന് എങ്ങനെ അറിയും? പലരും ദൂരെയുള്ള ദ്വീപുകളിലാണ് അഭയം തേടിയത്. അവിടുന്ന് അക്കാലത്തെ അവശിഷ്ടങ്ങള്‍ കിട്ടിയിട്ടുണ്ട്.”

“എപ്പഴാ ചിറകു മുളച്ചേന്ന് പറഞ്ഞില്ല.”, ജോസ് ഓര്‍മിപ്പിച്ചു.

“ഞങ്ങടത് ചിറകല്ല ജോസേ, തുഴയാ. വെള്ളത്തില്‍ തുഴയാനുള്ള ഒരുതരം മാംസപേശി. ഇലാസ്റ്റമര്‍ ടിഷ്യൂ കൊണ്ടാണത്. ഇഷ്ടംപോലെ വലിഞ്ഞുകൊടുക്കുന്ന പ്രകൃതമാണതിന്. അത് ഞങ്ങടെ വംശത്തിനു പണ്ടേ ഉണ്ട്. നിങ്ങടെ കക്ഷത്തിലെ മാംസപേശിക്കു പകരം ഞങ്ങക്ക് ശരീരത്തെയും കൈകളെയും ബന്ധിപ്പിക്കുന്നത് അത്തരം ടിഷ്യൂകൊണ്ടാണ്. അന്നത് ചെറുതായിരുന്നു. കടലിലേക്ക് താമസം മാറിയപ്പഴാണത് വികസിച്ചത്. അതു നന്നായി വളര്‍ന്നവര്‍ക്ക് വേഗത്തില്‍ നീന്താന്‍ പറ്റി, കൂടുതല്‍ മീന്‍ കിട്ടി. അവരുടെ പരമ്പര വേഗം പെരുകി.  അങ്ങനെയാണല്ലോ പരിണാമം നടക്കുക. ആയിരക്കണക്കിന് തലമുറകൊണ്ടാകും അതു വലിയ ചിറകായി മാറിയത്.”

“അപ്പഴും അവര് കടലില്‍ തന്നെയല്ലേ. പറക്കാന്‍ തുടങ്ങിയില്ലല്ലോ?”

“ചിറകുണ്ടെങ്കില്‍ പറക്കാതിരിക്കാന്‍ പറ്റ്വോ, ജോസേ? ചിറകില്ലാഞ്ഞിട്ട് തന്നെ ആ ഡോള്‍ഫിനുകള്‍ ചെയ്യുന്ന പണി കണ്ടില്ലേ? ആകാശത്ത് ചാടി മറിയുന്നെ. ഞങ്ങടെ പൂര്‍വികരും അങ്ങനെ ചാടി നോക്കിയപ്പം പറക്കാന്‍ പറ്റുംന്ന് തോന്നീട്ടുണ്ടാകും. പിന്നെ നീന്തല്‍ മത്സരം പോലെ കടലിനു മീതെ പറക്കല്‍ മത്സരം നടന്നിട്ടുണ്ടാകും.”

“പിന്നെ കരേലേക്കും പറന്നിട്ടുണ്ടാകും.”, ദീപു കൂട്ടിച്ചേര്‍ത്തു.

“ഉണ്ടാകും. പണ്ട് അവരുടെ മുന്‍ഗാമികള്‍ ഉപേക്ഷിച്ചുപോയ ഇടമാണെന്നറിയാതെ കായല്‍ക്കരകളില്‍ താമസം തുടങ്ങിയിട്ടുണ്ടാകും. നമ്മള്‍ക്കതൊക്കെ ഊഹിക്കാനേ കഴിയൂ. എല്ലാരും ഒന്നിച്ച് കരയിലേക്കു പോന്നു എന്നും കരുതണ്ട. അതൊക്കെ അനേകം നൂറ്റാണ്ടുകള്‍ കൊണ്ടാകും നടന്നിട്ടുണ്ടാവുക.”

“ശരിയാ, പലരും കടല്‍ ഉപേക്ഷിച്ചു പോവാന്‍ മടിച്ചുകാണും”, അമ്മ പറഞ്ഞു. “അവിടെ എന്തു സുഖാ. ഭക്ഷണത്തിന് ക്ഷാമമില്ല, വീടു വേണ്ട, കുപ്പായം വേണ്ട. ഒരു ജോലീം ചെയ്യണ്ട.”

മൈഥിലി പറഞ്ഞു, “ഇപ്പഴും ഇവര്‍ക്കു പരമസുഖാ ചേച്ചീ. കൃഷി ചെയ്യണ്ട, കച്ചവടം വേണ്ട. വിശക്കുമ്പം കടലില്‍ ചാടിയാ മീന്‍ കിട്ടും. റോഡും കാറും തീവണ്ടീം ഒന്നും വേണ്ട. പറന്നങ്ങനെ നടക്കാം.”

അന്‍വര്‍ മാഷ് ഒന്നും മിണ്ടുന്നില്ലല്ലോ? നോക്കുമ്പം എന്തോ ചിന്തയിലാണ്. ഒരുപക്ഷേ തക്കുടൂന്റെ ലോകത്താരിക്കും. മൈഥിലിയുടെ വാക്കുകള്‍ മാഷെ ഉണര്‍ത്തി. മാഷ് പറഞ്ഞു, “മൈഥിലിക്ക് തക്കുടു പറഞ്ഞത് ഓര്‍മയില്ലേ? ല്യൂട്ടന്‍ സിയില്‍ ഭയങ്കര ചൂടാണ്. അഞ്ചില്‍ നാലുഭാഗം സമുദ്രവും. അതുകൊണ്ട് മഴയും ഇടിമിന്നലും കാറ്റും ഒക്കെ കഠിനമായിരിക്കും. തുറന്ന സ്ഥലത്ത് താമസിക്കാന്‍ പറ്റില്ല. കടല്‍ പോലെ സുരക്ഷിതമല്ല കര. അപ്പം വീടു നിര്‍ബന്ധം. അതിനു മരം വെട്ടണം, കല്ലുവെട്ടി ചുമരു കെട്ടണം, കട്ടിളയും വാതിലും ഉണ്ടാക്കണം. അതിനൊക്കെ ആയുധങ്ങള്‍ വേണം. ഗണിതവും ശാസ്ത്രവും വേണം. കാലാവസ്ഥ പ്രവചിക്കാന്‍ പറ്റണം. ആകാശത്തു നക്ഷത്രങ്ങളെ കാണും, ല്യൂട്ടന്‍ നക്ഷത്രത്തിന്റെ ഉദയവും അസ്തമയവും കാണും. അതാണവരുടെ സൂര്യന്‍.

എല്ലാം കണ്ട് അത്ഭുതപ്പെടും. ഇടിമിന്നല്‍ കാണുമ്പം അത് എന്തുകൊണ്ട് എന്ന് നമ്മളെപ്പോലെ അവരും ചോദിച്ചുകാണും.”

“മാനത്തു മാരിവില്ലെന്തുകൊണ്ട് എന്നു ചോദിക്കില്ലല്ലോ മാഷേ. കാരണം, പാവങ്ങള്‍ക്ക് അതിലെ നിറങ്ങള്‍ ഒന്നും കാണാന്‍ പറ്റൂല.”, മൈഥിലി സങ്കട സ്വരത്തില്‍ പറഞ്ഞു.

“നീ കാണുമ്പോലെ കാണില്ലെന്നേ ഉള്ളൂ. അവര്‍ അവരുടെ മഴവില്ലാവും കാണുക.”, ജോസ് പ്രതികരിച്ചു.

“നമ്മള്‍ ഹോമോസാപ്പിയന്‍സ് സാപ്പിയന്‍സ് ആയി ഉരുത്തിരിയും മുമ്പുതന്നെ അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തിട്ടുണ്ടാകും. അതുകൊണ്ടാണ് നമ്മള്‍ അങ്ങോട്ടു തേടി ചെല്ലും മുമ്പേ തക്കുടൂന് ഇങ്ങോട്ടു തേടി വരാന്‍ കഴിഞ്ഞത്.”

“ശരിയാണ് മാഷേ”, തക്കുടു സമ്മതിച്ചു. “ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ദുഃഖിച്ചത് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ഓര്‍ത്താണ്. എത്ര കോടി വര്‍ഷങ്ങളാണ് ഞങ്ങള്‍ കടലില്‍ പാഴാക്കിയത്!  പക്ഷേ നീന്താനും പറക്കാനുമുള്ള കഴിവു നേടി എന്ന നേട്ടമുണ്ട്.”

“നിങ്ങടെ ലോകത്ത് ആരുടെയെങ്കിലും തലേല് ആപ്പിള്‍ വീണിട്ടുണ്ടോ? ”, ദില്‍ഷേടെ കുസൃതിച്ചോദ്യം എല്ലാര്‍ക്കും ചിരിക്കാന്‍ വകനല്‍കി. തക്കുടൂന് മാത്രം  അതിലെ കുസൃതി മനസ്സിലായില്ല. മാഷ് അവന് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥ പറഞ്ഞുകൊടുത്തു.

ഞാനോര്‍ത്തു, എത്ര എത്ര ന്യൂട്ടന്മാരും ഗലീലിയോമാരും ഡാര്‍വിന്‍മാരുമൊക്കെ തക്കുടൂന്റെ ലോകത്തുണ്ടാകും. പക്ഷേ ആര്‍ക്കും നമ്മക്ക് വിളിക്കാന്‍ പറ്റിയ പേരുണ്ടാവില്ല. അവന് പിന്നെ എങ്ങനെ ആ കഥയൊക്കെ നമ്മക്കു പറഞ്ഞുതരാന്‍ പറ്റും !

ജോസ് കേക്കിന്റെ പൊതി അഴിച്ചു. എല്ലാരും ചുറ്റും കൂടി.


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം

 27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം
Next post പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർത്ഥിപക്ഷ സമീപനം സ്വീകരിക്കണം
Close