Read Time:16 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


വെള്ളിയാഴ്ച രാവിലെ അന്‍വര്‍മാഷിന്റെ സന്ദേശവുമായി കബൂത്തര്‍ വന്നു : രാവിലെ തിരിച്ചെത്തി. സ്കൂളില്‍ വരും. വൈകുന്നേരം വെള്ള്യാംകല്ല് ടീം മുഴുവന്‍ വീട്ടിലുണ്ടാകണം.

വെള്ള്യാം കല്ല് ടീം എന്ന പേര് എനിക്കിഷ്ടപ്പെട്ടു. സന്ദേശം ഞാന്‍ എല്ലാര്‍ക്കും കൈമാറി.

വൈകുന്നേരം ഞാനും ജോസും വീട്ടിലേക്ക് നേരത്തേ പുറപ്പെട്ടു. മാഷെ വഴിക്കുവെച്ചു തന്നെ പിടിച്ചുനിര്‍ത്തി ബൈക്ക് പറന്ന കഥ കേള്‍പ്പിക്കണം. അതിന്റെ ആദ്യഭാഗം അമ്മ കേള്‍ക്കാൻ പാടില്ലല്ലോ. 

സംഭവം  മാഷ് നന്നായി ആസ്വദിച്ചു.മാഷ് പറഞ്ഞു, “ഇനി എന്റെ സംരക്ഷണം നിനക്കാവശ്യമില്ല. നിന്നെ കാക്കാന്‍ ഇനി പ്രേതം ഉണ്ടല്ലോ.”

ആറരമണി ആയപ്പോഴേക്കും തക്കുടു ഒഴികെ ടീം അംഗങ്ങള്‍ മുഴുവന്‍ എത്തി. തക്കുടുവിന് വരാന്‍ ഇരുട്ടാകണം. അവനെ പ്രതീനിധീകരിച്ച് കവ്വായും കബൂത്തറും റെഡി.

ഞങ്ങള്‍ ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും തക്കുടു എത്തി. അമ്മ അവനെ ഷാള്‍ പുതപ്പിച്ച് ദൃശ്യമാക്കി. രഹസ്യയോഗം ആയതുകൊണ്ട് കോലായില്‍  ഇരിക്കാതെ എല്ലാരും എന്റെ മുറിയില്‍ ഇരുന്നു. ബഹളോം ചിരീം പാടില്ലെന്ന അമ്മയുടെ കര്‍ശന നിര്‍ദേശമുണ്ട്. എല്ലാരും വലിയ ഗൗരവത്തിലാണ്. മീറ്റിംഗ് വെള്ള്യാം കല്ലില്‍ മത്യാരുന്നു എന്ന ദില്‍ഷേടെ അഭിപ്രായം പോലും ആരിലും ചിരി ഉണര്‍ത്തിയില്ല.

മാഷ് തുടങ്ങി, “നമ്മടെ ഊഹം ശരിയായിരുന്നു. കള്ള സ്വാമി പന്‍വേലില്‍ത്തന്നെ ഇറങ്ങി. അയാളുടെ ബാഗ് എടുക്കാന്‍ ഒരാള്‍ കാത്തു നില്പുണ്ടായിരുന്നു. സ്വാമി നടക്കുന്ന വഴിയില്‍നിന്നു  ആളുകള്‍ മാറി ഓച്ചാനിച്ചുനിന്നു. ബി.എം.ഡബ്ള്യു കാര്‍ കാത്തു നില്പുണ്ടായിരുന്നു. അവര്‍ അതില്‍ കയറി പുറപ്പെട്ടു. പിന്നാലെ കബൂത്തറും.

കബൂത്തര്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ ഉണ്ടാകണമെന്നാണ് കരാര്‍. പക്ഷേ, കള്ള സന്യാസിയുടെ ആസ്ഥാനം എത്ര ദൂരെയാണെന്നറിയില്ലല്ലോ. എന്തായാലും തിരിച്ചെത്താന്‍ ഒരു മണിക്കൂറെങ്കിലും പ്രതീക്ഷിക്കാം. പുറത്തിറങ്ങി ഒന്നു നടന്നിട്ടു വരാം.

പന്‍വേല്‍ വലിയ മുന്‍സിപ്പാലിറ്റിയാണ്. മുംബൈ നഗരവികസനത്തിന്റെ ഭാഗമായ നവിമുംബൈ പ്രോജക്റ്റിന്റെ കേന്ദ്രമാണ്. നഗരകേന്ദ്രം സ്റ്റേഷനില്‍ നിന്ന് കുറേ അകലെയായതുകൊണ്ട് അവിടെ പിന്നെപ്പോകാം എന്നു തീരുമാനിച്ചു. സ്റ്റേഷനു പുറത്തിറങ്ങി കുറച്ചു നടന്നപ്പോള്‍ ഒരു ‘ശ്രീമുരുകന്‍ ഹോട്ടല്‍’ കണ്ടു. അവിടെ കേറി.”

“എന്നിട്ട് ഇഡ്ഡലീം ഉഴുന്നവടേം ഓര്‍ഡര്‍ ചെയ്തു”, ദീപു പൂരിപ്പിച്ചു.

“തെറ്റി. പൂരിമസാല ഓര്‍ഡര്‍ ചെയ്തു. അതു കഴിഞ്ഞ് ഒരു വഡാപാവ് കൂടി വാങ്ങി. മുംബൈയില്‍ വന്നിട്ട് അതു കഴിക്കാതെ പോകരുതല്ലോ?”

“അതെന്താ സാധനം?”, ദില്‍ഷയ്ക്ക് കൗതുകം.

“അതാണ് പാവപ്പെട്ട മുംബൈക്കറുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം. ചിലര് മൂന്നുനേരോം കഴിക്കും. ബന്ന് രണ്ടായി പകുത്ത്, അതിനകത്ത് ഒന്നോ രണ്ടോ ചെറിയ ബോണ്ട വെച്ച് അടച്ചാല്‍ വടാപാവ് റെഡി. അങ്ങനത്തെ രണ്ടോ മൂന്നോ എണ്ണം കഴിച്ചാല്‍ കുശാല്‍. ചെറിയ വിലയേ ഉള്ളൂ.”

“മാഷ് ഹോട്ടല്‍കാരനോട് തമിഴ് പേശിയോ?”

“അതിനല്ലേ ദില്‍ഷേ അവിട കേറിയതുതന്നെ. പേരും ഊരും പറഞ്ഞ് പരിചയപ്പെട്ടു. ഒരു കുഞ്ഞിക്കണാരന്റെ ബേക്കറി അറിയുമോന്നു ചോദിച്ചു. അയാള്‍ പറഞ്ഞു കുഞ്ഞിക്കണാരന്‍ മൂന്നു കൊല്ലം മുമ്പ് മരിച്ചുപോയി. ഇപ്പം മൂത്ത മകന്‍ പ്രഭാകരന്‍ ആണ് നടത്തുന്നത്. പേര് അരോമ ബേക്കറി. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ ഇടതുവശത്തു  കാണാം. ബേക്കറീടെ പിന്നില്‍ തന്നെയാ വീടും.”

“കുഞ്ഞിക്കണാരന്റെ കാര്യം മാഷോടാരു പറഞ്ഞു?”, അമ്മ ചോദിച്ചു.

“വടകരക്കാരുടെ ബേക്കറീം തലശ്ശേരിക്കാരുടെ ഹോട്ടലും ഇല്ലാത്ത സ്ഥലമില്ല മാലിനീ. കുഞ്ഞിക്കണാരന്‍ ഓര്‍ക്കാട്ടേരിക്കാരനാണ്. അയാളുടെ തറവാട്ടിലേക്ക് എന്റെ വീട്ടീന്ന് അഞ്ചു കിലോമീറ്ററേ ഉള്ളൂ. അയാള്‍ 48 കൊല്ലം മുമ്പ് പന്‍വേലിലെത്തിയതാ. അന്നതൊരു കുഗ്രാമമാ. എന്തായാലും ഞാന്‍ അരോമ ബേക്കറി കണ്ടുപിടിച്ച് പ്രഭാകരനെ പരിചയപ്പെട്ടു. ഒരു നാട്ടുകാരനെ കണ്ട സന്തോഷം അയാള്‍ക്കുണ്ടായിരുന്നു. കാഷ് കൗണ്ടറൊക്കെ മകനെ ഏല്പിച്ച് അയാള്‍ എന്നെ പിന്നിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.”

“മാഷെന്തിനാ പന്‍വേലില്‍ വന്നത് എന്നു ചോദിച്ചില്ലേ?” ദില്‍ഷയ്ക്കാണ് സംശയം.

“ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒരു കള്ള സന്യാസി ഇവിടുന്ന് അവിടെ വരാറുണ്ട്. അയാളെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്ന്.”

“നൊണ, നൊണ, കല്ലുവെച്ച നൊണ.അത്രേം വല്യ മണ്ടത്തരം ദീപു പോലും പറയൂല.” ഇതും പറഞ്ഞ് ദില്‍ഷ അമ്മേടെ പിന്നില്‍ ഒളിച്ചു. ദീപു രൂക്ഷമായ ഒരു നോട്ടം മാത്രം സമ്മാനിച്ചു.

മാഷ് പറഞ്ഞു, “എന്നാ കേട്ടോ. ഞാനയാളോടു പറഞ്ഞു, ഞാന്‍ ഒരു മാഷാണ്. എന്റെ കസിന് ഒരു ആയുര്‍വേദ ഫാര്‍മസിയുണ്ട്. അവര് വില്‍ക്കുന്ന ഒരു ലേഹ്യത്തിന് ഭയങ്കര ഡിമാന്റാണ്. വൈകുന്നേരായാല്‍ അതു വാങ്ങാന്‍ ധാരാളം പേരെത്തും. തലവേദന മാറും, നല്ല ഉറക്കം കിട്ടും ഇതൊക്കെയാണത്രേ അതിന്റെ ഗുണം. സഹ്യാദ്രിയില്‍ വളരുന്ന  അപൂര്‍വ ഔഷധസസ്യങ്ങളുടെ സത്ത് ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ഒരു ചെറിയ ഡപ്പിക്ക് വില വെറും 99 രൂപ. അതുണ്ടാക്കുന്നത് ലോനാവലയ്ക്കടുത്തുള്ള ‘ഹരിനാരായണ്‍’ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സിലാണ്. വില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം കമ്മീഷനേയുള്ളൂ. ഏജന്റായി വരുന്ന ഒരു സന്യാസി കുറച്ചധികം തട്ടുന്നുണ്ടോന്നു സംശയം. ഇവിടുന്ന് നേരിട്ടൊര് ഏജന്‍സി കിട്ട്വോന്ന് അറിയാന്‍ വന്നതാണ്. പ്രഭാകരന് പരിചയമുള്ള ആരെങ്കിലും അവിടെ സഹായിക്കാനുണ്ടെങ്കില്‍ എളുപ്പാവ്വല്ലോന്നു  വിചാരിച്ചു.”

ജോസ് പറഞ്ഞു, “മാഷ് നല്ലോണം നുണ പറഞ്ഞു, ഇല്ലേ? മാഷക്ക് അങ്ങനെയൊരു കസിനുണ്ടോ?”

മാഷ് ചിരിച്ചു. “മുഴുവന്‍ നുണയല്ലടാ, കസിനില്ലെങ്കിലും സുഹൃത്തുണ്ട്. അയാള്‍ക്ക് ലേഹ്യം വരുന്നത് പാഴ്സലായിട്ടാ. പൈസ ഏല്പിക്കേണ്ടതു ചന്തൂനെയാണ്. ഇങ്ങനെ പല ഫാര്‍മസികളില്‍നിന്നു കിട്ടുന്ന പൈസയാണ് എല്ലാ ഞായറാഴ്ചയും ചന്തു ആ കള്ള സന്യാസിക്കു കൈമാറുന്നത്. ബാങ്കു വഴിയായാല്‍ ഇന്‍കംടാക്സുകാര് പിടിക്കും. ലഹരിയുള്ള ലേഹ്യമായതുകൊണ്ടാ ഇത്ര ഡിമാന്റ്. പുകയ്ക്കാനും കഴിക്കാനുമുള്ള ശക്തികൂടിയ മയക്കുമരുന്നുകളാണ് സന്യാസി പൊതി ആയി ചന്തൂന് നല്‍കുന്നത്.”

“അതെന്താ അതു പാഴ്സലായി അയയ്ക്കാത്തത്?”

“അയച്ചാ മയക്കുമരുന്ന് സ്ക്വാഡ് പിടിക്കില്ലേ ജോസേ? കടുത്ത ശിക്ഷയാ അതിന്. സന്യാസി ആകുമ്പം ആരും പിടിക്കില്ല. നമ്മുടെ രാജ്യത്ത് തട്ടിപ്പു നടത്താന്‍ ഏറ്റവും നല്ല വേഷം സന്യാസി വേഷമാണ്.”

“എന്നിട്ടെന്താ ലേഹ്യം പിടിക്കാത്തെ?”

“അത് ആയുര്‍വേദ ഔഷധമല്ലേ? ഇത്തിരി കഞ്ചാവു ചേര്‍ക്കും. അതും സഹ്യാദ്രിയില്‍ വളരുന്ന ഒരു സിദ്ധൗഷധമാണല്ലോ. 99 രൂപയ്ക്കല്ലേ വില്‍ക്കുന്നത്. അതില്‍ നല്ലൊരു  പങ്ക് പല കൂട്ടര്‍ക്കുള്ള കൈക്കൂലിയാണ്.”

അമ്മ ചോദിച്ചു, “എന്നിട്ട് പ്രഭാകരന്‍ സഹായിക്കാന്നു പറഞ്ഞോ?”

“അയാള്‍ കുറേനേരം ചിരിച്ചു. എന്നിട്ടു പറഞ്ഞു, മാഷേ അവര്‍ക്ക് ഏജന്റുമാരൊന്നും വേണ്ട. ലഹിരിവസ്തുക്കളുടെ കച്ചോടാ. അതിന് അവിടുത്തെ സന്ന്യാസിമാരേ പറ്റൂ. കോടികളുടെ ബിസിനസ്സാ. ഞാന്‍ ഇങ്ങനെ പറഞ്ഞൂന്ന് പുറത്തറിഞ്ഞാ പിന്നെ ഞാനും ഉണ്ടാവില്ല, എന്റെ ബേക്കറീം ഉണ്ടാവില്ല. മാഷും അന്വേഷണത്തിനൊന്നും പോണ്ട. ഭാര്യേം കുട്ട്യളും ഒക്കെ ഒള്ളതല്ലേ. ഞാന്‍ ചോദിച്ചു, കാണാന്‍ പോയ്ക്കൂടേ? ഓ, അതു പറ്റും.  എന്നിട്ടയാള്‍ വഴിയൊക്കെ പറ‍ഞ്ഞുതന്നു. മുംബൈ – പൂനെ ‘എക്സ്പ്രസ്സ് ഹൈവേ’യില്‍ ലോനാവല എന്ന സ്ഥലത്താണ്.ലോനാവലയിലെത്താന്‍ പന്‍വേലില്‍ നിന്ന് കഷ്ടിച്ച് ഒരു മണിക്കൂര്‍ മതി. എപ്പഴും ട്രെയിനും ഉണ്ട്. ലോനാവല ഒരു സുഖവാസകേന്ദ്രമാണ്. ധാരാളം ഹില്‍ റിസോര്‍ട്ടുകളും പ്രാചീന ബുദ്ധവിഹാരങ്ങളും തടാകങ്ങളും ഒക്കെയുണ്ട്. ലോനാവല എത്തും മുമ്പ്, എക്സ്പ്രസ് വേയുടെ വടക്ക് ഉല്‍ഹാസ് നദിയുടെ കരയില്‍ ‘മഹര്‍ഷി പ്രേം സാഗര്‍ജീ’യുടെ ആശ്രമവും മറ്റു സ്ഥാപനങ്ങളും ചേര്‍ന്ന വിശാലമായ കോംപ്ലക്സ് ഉണ്ട്. അതാണ് പ്രേംസാഗര്‍പുരി. ഞാന്‍ അതു പോയി കാണണംന്നും പറഞ്ഞു.”

“അതു നല്ല തമാശ”, ദില്‍ഷ അത്ഭുതത്തോടെ പറഞ്ഞു “അന്വേഷിക്കാന്‍ ചെല്ലുന്നോരെ പിന്നെ കാണില്ലാന്നും മുപ്പര്  പറയ്യ; എന്തായാലും പോയി കാണണോന്നും മൂപ്പര് തന്നെ പറയ്യ.”

“പോയി കാണാം, ചുഴിഞ്ഞന്വേഷിക്കരുതെന്നേയുള്ളൂ. വ്യാഴാഴ്ചതോറും മഹര്‍ഷി ദര്‍ശനം നല്‍കും. നേരത്തേ അപേക്ഷ നല്‍കിയാല്‍ അടുത്തുചെന്ന് അനുഗ്രഹം വാങ്ങാം. അല്ലാത്തോര്‍ക്ക് ദൂരേന്നു കാണാം. ആശ്രമത്തിനടുത്താണ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി. അങ്ങോട്ടാര്‍ക്കും പ്രവേശനമില്ല, കാവി ധരിച്ചവര്‍ക്കൊഴികെ. വ്യാഴാഴ്ചയാണ് സന്യാസിമാര്‍ക്ക് പണമടയ്ക്കാനും വിതരണത്തിനുള്ള ഔഷധം സ്വീകരിക്കാനുമുള്ള ദിവസം.”

അമ്മ പറഞ്ഞു, “കബൂത്തര്‍ അന്വേഷിക്കാന്‍ പോയ കാര്യങ്ങളൊക്കെ മാഷ് പനവേലില്‍ ഇരുന്നുതന്നെ മനസ്സിലാക്കി. കബൂത്തറിന്റെ പോക്ക് വെറുതെയായി.”

മാഷ് പറഞ്ഞു, “എനിക്കു കിട്ടിയ വിവരങ്ങളൊന്നും കബൂത്തറിനു കിട്ടുന്നതല്ല മാലിനീ. കബൂത്തര്‍ നേരിട്ടു കണ്ട കാര്യങ്ങളൊന്നും എനിക്കും കിട്ടുന്നതല്ല. പ്രഭാകരന്‍ കുറച്ചുകാര്യങ്ങള്‍ കൂടി പറഞ്ഞു. അവിടെ പേരുകേട്ട ഒരു അനാഥാലയമുണ്ട്. കുട്ടികള്‍ക്കുള്ളതാണ്. സന്തുഷ്ടരായ കുട്ടികളാ പോലും അവിടെ. നടത്തിപ്പിനുള്ള പല അവാര്‍ഡുകളും അവര്‍ക്ക് കിട്ടീട്ടുണ്ട്. വിദേശികളും കയ്യയച്ചു സഹായിക്കുന്നുണ്ട്. ആശ്രമത്തിന്റെ വക ഒരു ഗംഭീര ആസ്പത്രീം ഉണ്ടത്രേ: ‘മൃത്യുഞ്ജയ ഹൈടെക് ആസ്പതാല്‍’. നിങ്ങടെ ശരീരത്തിന്റെ ഏതു ഭാഗം പോയാലും മാറ്റിവച്ചു തരും. കാല്, കയ്യ്, കരള്, കിഡ്നി, കണ്ണ്, ഹൃദയം – എന്തും. പൈസ ഇത്തിരി കൂടുതലാണ്. പാവങ്ങള്‍ക്ക് സൗജന്യമുണ്ട്. പക്ഷേ അവരുടെ ലിസ്റ്റ് നീണ്ടതായതുകൊണ്ട് അവരുടെ പേരെത്തുമ്പോഴേക്കും ആളു കാലിയായിട്ടുണ്ടാകും.”

“തലച്ചോര്‍ മാറ്റിക്കൊടുക്ക്വോ മാഷേ? എനിക്കു വേണ്ടീട്ടല്ല”എന്നു പറഞ്ഞ് ദീപു ദില്‍ഷയെ നോക്കി. ദില്‍ഷ കൊഞ്ഞനം കാട്ടുക മാത്രം ചെയ്തു.

നോക്കാം ദീപൂ എന്നു പറഞ്ഞ് മാഷ് തുടര്‍ന്നു, “പ്രഭാകരന്റെ അഭിപ്രായത്തില്‍, അല്പം മയക്കുമരുന്നു ബിസിനസ്സും ഗുണ്ടായിസോം ഒക്കെ ഇണ്ടെങ്കിലും നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു സ്ഥാപനമാണ് മഹര്‍ഷിയുടേത്. അതുകൊണ്ട് നാട്ടുകാരുടെ നല്ല സപ്പോര്‍ട്ടുണ്ട്.

എനിക്കന്ന് താമസിക്കാന്‍ ഒരു നല്ല ടൂറിസ്റ്റ് ഹോം പ്രഭാകരന്‍ ഒരുക്കിത്തന്നു. ഞാന്‍ യാത്ര പറഞ്ഞ് സ്റ്റേഷനിലേക്ക് നടന്നു. കബൂത്തര്‍ വേഗം തിരിച്ചു വന്നാലോ. ഇനി കബൂത്തര്‍ കണ്ട കാഴ്ച അവന്‍ പറയും.”

അമ്മ പറഞ്ഞു, “അതിനു മുമ്പ് ഞാന്‍ എല്ലാര്‍ക്കും ഓരോ കപ്പ് പായസം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതു കഴിച്ചിട്ട് കബൂത്തറിന്റെ കഥ.”

കേള്‍ക്കേണ്ട താമസം, കുട്ടികള്‍ അടുക്കളയിലേക്ക് ഓടി.

തുടരും എല്ലാ ശനിയാഴ്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

 19. പറന്നുപോയ മോട്ടോർ സൈക്കിൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post Dr.B.EKBAL – LUCA TALK ൽ പങ്കെടുക്കാം
Next post ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ
Close