Read Time:14 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പന്ത്രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


കടല്‍ക്കാറ്റിന് കുളിര് കൂടിവരുന്നുണ്ട്. വെള്ള്യാങ്കല്ലിന്റെ ചൂടൊക്കെ പോയിരിക്കുന്നു. വേലിയേറ്റം കാരണം തിരകള്‍ ഇപ്പോള്‍ അടുത്തെത്തി വെള്ളം തെറിപ്പിച്ച് മടങ്ങുന്നു. ഉയരംകൂടിയ വേറൊരു പാറയിലേക്ക് മാറേണ്ടിവരുമോ എന്നറിയില്ല. 

മാഷ് പറഞ്ഞു, “നമ്മളിനി രണ്ടു മണിക്കൂര്‍ കൂടിയേ ഇവിടുണ്ടാകൂ. ഇപ്പം പന്ത്രണ്ടര ആയി. മീന്‍പിടിക്കാന്‍ പോയ വള്ളങ്ങള്‍ തിരിച്ചെത്തിത്തുടങ്ങും മുമ്പ് ഇവിടം വിടണം. ഇല്ലെങ്കില്‍ നമ്മള്‍  പറക്കുന്നത് അവര്‍ കാണും. നല്ല നിലാവുണ്ട്.”

“മാഷേ, അവരുടെ കയ്യില്‍ വലിയ ടോര്‍ച്ചും കാണും. അതെങ്ങാന്‍ നമ്മടെ നേര്‍ക്കടിച്ചാല്‍ കുടുങ്ങിയതു തന്നെ. പിന്നെ തീരസംരക്ഷണ സേന ഓടി എത്തും. ആദ്യം അറസ്റ്റു ചെയ്യുക മാഷെ ആവും. പണി പോയിക്കിട്ടും”, ജോസ് അന്‍വര്‍മാഷെ പേടിപ്പിച്ചു.

മാഷ് പറഞ്ഞു, “ഈ കുട്ടിക്ക് എന്റെ കാര്യത്തില്‍ എന്തൊരു ശ്രദ്ധയാ”

അമ്മ പറഞ്ഞു, “ആകാശത്ത് വന്ന് അവര്‍ അറസ്റ്റ് ചെയ്യൂലല്ലോ. വീട്ടില് വന്നാ നമ്മള് പറയും, പറക്കാന്‍ ഞങ്ങക്ക് ചിറകില്ലല്ലോ, ആരോ വെറുതെ പറഞ്ഞതാവുംന്ന്. തക്കുടൂനെ അവര്‍ക്ക് കാണാന്‍ പറ്റൂല.”

“തീരസംരക്ഷണ സേനയുടെ കയ്യില്‍ ഇന്‍ഫ്രാറെഡ് ഗോഗ്ള്‍ ഉണ്ടാവും മാലിനീ,” മാഷ് പറഞ്ഞു. “അവര് തക്കുടൂനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. ടിവിലും പത്രത്തിലും എല്ലാം വാര്‍ത്ത വരും- ഭൂമിയില്‍ അന്യഗ്രഹജീവി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തീരദേശസേനയുടെ തക്കസമയത്തെ ഇടപെടല്‍മൂലം ശ്രമം പാളി.”

“തട്ടിക്കൊണ്ടുപോക്കിന് അധ്യാപകനും കൂട്ട്,” ദീപു കൂട്ടിച്ചേര്‍ത്തു. എല്ലാവരും ചിരിയോടു ചിരി.

ദില്‍ഷ ചോദിച്ചു, “തക്കുടൂ, അങ്ങനെയെങ്ങാന്‍ സംഭവിച്ചൂന്ന് ഇരിക്കട്ടെ. തക്കുടു എന്തുചെയ്യും?”

“ഞാന്‍ ജയിലില്‍ കിടക്കും. ദില്‍ഷ എനിക്ക് എല്ലാ ദിവസോം കുറച്ച് കൂന്തളോ മത്തിയോ കൊണ്ടത്തരില്ലേ?”

“ഓ അതു ഞാനേറ്റു. പിടിച്ചു തരാന്‍ ഡോള്‍ഫിനുകളോടു പറഞ്ഞേക്കണേ. പക്ഷേ ഒരു പ്രശ്നം. ഈ പാവം പ്രാവും കാക്കേം എന്തുചെയ്യും?”, മടീലിരുന്ന പ്രാവിനെ തഴുകിക്കൊണ്ട് ദില്‍ഷ ദീനസ്വരത്തില്‍ ചോദിച്ചു.

“അവര്‍ക്ക് ജയിലില്‍ വരാന്‍ തടസ്സം ഇല്ലല്ലോ. വരുമ്പം അവര്‍ക്കുള്ള പണി ഞാന്‍ കൊടുത്തോളും.”

“എന്താ അവര്‍ക്കുള്ള പണി?”

“ചാരപ്പണി തന്നെ. തക്കുടു വലിയ ചാരന്‍; അവര്‍ ചെറിയ ചാരന്മാര്‍”, മാഷാണ്  മറുപടി പറഞ്ഞത്.

തക്കുടു പറഞ്ഞു, “ശരിയാ, ചാരപ്പണിതന്നെ. പക്ഷേ, സൈനികരഹസ്യം ചോര്‍ത്തലും ബിസിനസ് രഹസ്യം ചോർത്തലും ഒന്നുമില്ല. ഭൂമീല് ഏറ്റവും ബുദ്ധിയുള്ള ജീവികളായ നിങ്ങള്‍ എന്തൊക്കെയാ ചെയ്യുന്നെ, മറ്റു ജീവികളോട് നിങ്ങള്‍ എങ്ങനെയാ പെരുമാറുന്നെ, അവയൊക്കെ എങ്ങനയാ ജീവിക്കുന്നെ, നിങ്ങൾ എന്തൊക്കെ കണ്ടുപിടുത്തങ്ങളാ നടത്തീട്ടുള്ളെ, എന്തൊക്കെ രോഗങ്ങളാ നിങ്ങളെയും മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നത് തുടങ്ങി ഒരുപാടു കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ വന്നത്.  എന്നെപ്പോലെ ഒരുപാട് പേര്‍ പല ലോകങ്ങള്‍ തേടി പോയിട്ടുണ്ട്. ഒരു വലിയ പഠനപ്രോജക്റ്റിന്റെ ഭാഗമാണത്.”

“അപ്പം തക്കുടൂനെ പോലീസ് പിടിച്ചാല്‍ ഇങ്ങോട്ടുവന്നത് വെറുതെയാവില്ലേ? പഠനം ഒക്കെ പൊളിയൂലേ?”

“ദില്‍ഷ പേടിക്കണ്ട. എന്റെ പറക്കുന്ന ചാരന്മാര്‍ എല്ലായിടത്തും പോയി വിവരങ്ങള്‍ ശേഖരിച്ചോളും. കിട്ടിയ വിവരങ്ങളൊക്കെ അപ്പപ്പം എന്റെ ലോകത്തേക്ക് അയയ്ക്കുന്നുമുണ്ട്.”

വടക്കുഭാഗത്തുള്ള രണ്ടു പാറകള്‍ക്കിടയിലേക്ക് മാഷുടെ ടോര്‍ച്ച് എടുത്ത് അടിച്ചുകൊണ്ട് തക്കുടു പറഞ്ഞു, “അവിടെ, ആ വിള്ളലിന്റെ അടീല് എന്റെ റേഡിയോ ട്രാന്‍സ്മിറ്ററുണ്ട്. വെള്ളത്തിനടിയില്‍ കൂടെയേ അവിടെ എത്താന്‍ പറ്റൂ.”

“ആ കുന്ത്രാണ്ടം ഞങ്ങളെ ഒന്നു കാണിച്ചുതര്വോ? എനിക്കൊന്ന് അതിലൂടെ സംസാരിക്കണം, നിങ്ങടെ ലോകത്ത് ആരോടെങ്കിലും.”

“അയ്യോ അതു നടക്കൂലല്ലോ മോളേ. അതിന് ശബ്ദംപിടിച്ചെടുക്കാനുള്ള കഴിവില്ല. പക്ഷേ സാധനം ദില്‍ഷേ മാത്രം കാണിച്ചുതരാം. ഇപ്പത്തന്നെ എന്റെ കൂടെ വന്നോ. വെള്ളത്തിനടീലൂടെ വേണേ പോകാന്‍”

“അയ്യോ അതു വേണ്ട, ചത്തുപോയാലോ. തക്കുടു തിരിച്ചുപോകുമ്പം കൂടെ പോരാനുള്ളതല്ലേ?”

പൊട്ടിച്ചിരിയില്‍ പങ്കുചേര്‍ന്നുകൊണ്ട് അമ്മ പറഞ്ഞു, “അപ്പം അതാ മോഹം, ല്ലേ? ഉമ്മേടേം ഉപ്പേടേം ഏക മോളാന്ന് പറഞ്ഞിട്ട്”

“ഉമ്മ ചെറുപ്പല്ലേ, ഒന്നൂടെ പെറ്റോട്ടെ. ഞാനെന്തായാലും പോകും. കൊണ്ടുപോവൂലേ തക്കുടൂ?”

“എന്റെ വാഹനത്തില്‍ ഒരു സീറ്റല്ലേ ഉള്ളൂ ദില്‍ഷേ”

“അതു സാരല്യ. ഞാന്‍ നെലത്തിരുന്നോളാം.”

“അപ്പം അക്കാര്യം ഒറപ്പിച്ചു”, തക്കുടു പറഞ്ഞു. “ഇനി ഒറ്റ പ്രശ്നേ ഉള്ളൂ. എന്റെ ലോകത്ത് നിനക്ക് ഒന്നും ശരിക്ക് കാണാന്‍ പറ്റൂല. എപ്പഴും ഇരുട്ടാരിക്കും.”

“അതെങ്ങനെ എപ്പഴും ഇരുട്ടാവ്വാ? രാത്രീലല്ലേ ഇരുട്ട്?”

“അതേയ്, നിങ്ങടെ സൂര്യന് ആറായിരം ഡിഗ്രീടെ അടുത്ത് ചൂടുണ്ട്. പക്ഷേ ഞങ്ങടെ പാവം നക്ഷത്രത്തിന് 4300 ഡിഗ്രി ചൂടേ ഉള്ളൂന്ന് പറഞ്ഞില്ലേ . അത് അധികവും പുറത്തുവിടുക ഇന്‍ഫ്രാറെഡ് പ്രകാശമാണ്. കൂടെ കുറച്ച് ഓറഞ്ചും ചുവപ്പും ഉണ്ടാകും. നിങ്ങള്‍ക്കവിടെ നട്ടുച്ചയ്ക്കുപോലും സന്ധ്യപോലെ തോന്നും.”

ദീപു ചോദിച്ചു, “എന്താ നിങ്ങടെ നക്ഷത്രത്തെ നിങ്ങള് വിളിക്കുന്ന പേര്?”

“ഞങ്ങള്‍ക്ക് ഒന്നിനും പേരു വേണ്ടല്ലോ. ഞങ്ങള്‍ പരസ്പരം ചിന്തകളും പ്രതിരൂപങ്ങളും ആണ് കൈമാറുന്നത് എന്നു പറഞ്ഞില്ലേ. ദീപൂനെക്കുറിച്ച് പറയുമ്പം ദീപൂന്റെ ഒരു രൂപം കേള്‍ക്കുന്ന ആളിലേക്ക് പകര്‍ന്നു നല്‍കും. ഞങ്ങടെ നക്ഷത്രത്തെക്കുറിച്ചു പറയുമ്പഴും അതു തന്നെ. പക്ഷേ ഞങ്ങടെ നക്ഷത്രത്തിന് നിങ്ങടെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഒരു പേരു കൊടുത്തിട്ടുണ്ട്: ല്യൂട്ടന്‍. ഞങ്ങടെ ഗ്രഹത്തിന് ല്യൂട്ടന്‍.സി എന്നും.”

“ഓ അവിടുന്നാണോ തക്കുടു വരുന്നത്?”, മാഷ് അത്ഭുതത്തോടെ ചോദിച്ചു. “ല്യൂട്ടനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. ഇടവം രാശീടെ തെക്ക് എറിഡാനസ് രാശിയിലുള്ള ഓറഞ്ച് താരം. അതിന് മൂന്ന് ഗ്രഹങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആദ്യം കണ്ടെത്തിയത് ല്യൂട്ടന്‍ ബി. വല്യ ഭീമന്‍ ഗ്രഹം. പിന്നെ സിയും ഡിയും. ല്യൂട്ടന്‍ സി ഭൂമിപോലെ പാറയും വായുമണ്ഡലവും ഒക്കെയുള്ള ഗ്രഹാണെന്നും ലേഖനത്തില്‍ ഉണ്ടായിരുന്നു. ജീവയോഗ്യമേഖലയിലായതുകൊണ്ട് ജീവന്‍ ഉണ്ടായേക്കാമെന്നും കൂടുതല്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതില്‍ പറയുന്നുണ്ട്.”

“ഓഹോ, അപ്പം നല്ല സമയത്താണല്ലോ ഞാന്‍ വന്നത്. നിങ്ങള്‍ ഞങ്ങളെ കണ്ടെത്തുംമുമ്പ് ഞങ്ങള്‍ നിങ്ങളെ തേടിപ്പിടിച്ചിരിക്കുന്നു. പക്ഷേ, മാഷ് പറഞ്ഞ ഒരു കാര്യം തെറ്റിപ്പോയി. ഞങ്ങള്‍ക്ക് മൂന്നു ഗ്രഹമല്ല, ഏഴു പേരുണ്ട്. അകലെയുള്ള നാലു ഗ്രഹങ്ങളെ നിങ്ങള്‍ കണ്ടില്ല.”

“മാഷെ”, ഞാന്‍ പറഞ്ഞു. “മാഷ് ഇപ്പറഞ്ഞതൊക്കെ ഒന്ന് മലയാളത്തില് പറയ്യോ?”

“പിന്നെന്താടാ ഞാന്‍ സംസ്കൃതത്തിലാ പറഞ്ഞെ?”

“അതല്ല മാഷേ, എന്താ ഈ എ ബി സി ഒക്കെ. എന്തോ ഒരു മേഖലേടെ കാര്യോം പറഞ്ഞല്ലോ.”

“ശരിയാ മാഷെ, ഞങ്ങക്കും മനസ്സിലായില്ല”, മൈഥിലീം എന്നെ സപ്പോര്‍ട്ടു ചെയ്തു.

“എന്നാ ശ്രദ്ധിച്ചോ. ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ അതിനെ നക്ഷത്രത്തിന്റെ പേരിന്റെ കൂടെ ബി എന്നു ചേര്‍ത്തു വിളിക്കും. ല്യൂട്ടന്‍ നക്ഷത്രത്തിന് ആദ്യം കണ്ടെത്തിയ ഗ്രഹമാണ് ല്യൂട്ടന്‍ ബി. രണ്ടാമത് കണ്ടെത്തിയത് ല്യൂട്ടന്‍ സി, പിന്നത്തേത് ഡി എന്നിങ്ങനെ. നക്ഷത്രത്തില്‍നിന്ന് എത്രാമത്തേത് എന്നല്ല, കണ്ടെത്തുന്ന ക്രമാണ് ബി, സി, ഡി എന്നത്. തക്കുടു പറഞ്ഞതനുസരിച്ച് ‘ല്യൂട്ടന്‍ ഐ’ വരെ ഗ്രഹങ്ങളുണ്ടാകും.”

“എന്താ ജീവിത മേഖലാന്നും കൂടി പറ.”

“ജീവിതമേഖലയല്ല മണ്ടച്ചാരേ, ജീവയോഗ്യമേഖല. ജീവിക്കാന്‍ പറ്റുന്ന മേഖല എന്നര്‍ഥം. ഉദാഹരണത്തിന് നമ്മടെ ഭൂമി സൂര്യനില്‍നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ്. അത് ഇപ്പം ശുക്രന്‍ ഉള്ള സ്ഥാനത്തായിരുന്നൂന്ന് വെക്ക്. എന്താകും ഭൂമീടെ അവസ്ഥ?”

“നമ്മളെല്ലാം ചൂട്കൊണ്ട് ചത്തുപോകും. കടലൊക്കെ വറ്റിപ്പോകും” മൈഥിലി പറഞ്ഞു.

“നമ്മള്‍ ഉണ്ടായിട്ട് വേണ്ടേ ചത്തുപോകാന്‍. ഭൂമീല് ജീവന്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. ഇനി, ഇപ്പം ചൊവ്വയുള്ള സ്ഥാനത്തായിരുന്നു ഭൂമി എങ്കിലോ?”

“വെള്ളം എല്ലാം ഐസായിപ്പോകും. നമ്മള് തണുത്തു ചാകും. സോറി, നമ്മള് ഉണ്ടാകുമായിരുന്നില്ല. അതല്ലേ ശരി?”

“അതാ ശരി”, മാഷ് ചിരിച്ചു. “ഭൂമി ഇപ്പം ഉള്ളത് സൂര്യന്റെ ജീവയോഗ്യ മേഖലയിലാണ്. സൂര്യനില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കോടി കിലോമീറ്റര്‍ മുതല്‍ 18 കോടി കിലോമീറ്റര്‍ വരെയുള്ള സ്ഥാനം ജീവയോഗ്യമേഖലയായി കണക്കാക്കാം. ഭൂമി അവിടെ എവിടെ ആയാലും ജീവന്‍ ഉണ്ടാകും.”

“ഇപ്പഴാ ശരിക്കുള്ള അന്‍വര്‍മാഷായത്. സ്കൂളില്‍ ക്ലാസ്സെടുക്കുംപോലെ തന്നെ.” ദില്‍ഷേടെ കമന്റ് കേട്ട് മാഷുപോലും ചിരിച്ചുപോയി.

 ദില്‍ഷ പറഞ്ഞു, “ഇനി ബാക്കി ഞാന്‍ പറയാം. തക്കുടൂന്റെ ലോകം ല്യൂട്ടന്‍ നക്ഷത്രത്തിന്റെ ജീവയോഗ്യമേഖലേലാണ്, ശരിയല്ലേ?”

“അത് കറക്റ്റ്.”, ദീപു കളിയാക്കുംമട്ടില്‍ അഭിനന്ദിച്ചു.

തക്കുടു പറഞ്ഞു, “പക്ഷേ ദില്‍ഷേ, ല്യൂട്ടന് ചൂടുകുറവായതുകൊണ്ട് ജീവയോഗ്യമേഖല കുറേക്കൂടി നക്ഷത്രത്തോട് അടുത്താണ്. ഞങ്ങളുള്ളത് നക്ഷത്രത്തില്‍നിന്ന് ഒമ്പതര കോടി കിലോമീറ്റര്‍ മാത്രം അകലെയാണ്.”

“ദില്‍ഷേ, ഇനി എന്താണെന്നുവെച്ചാ വേഗം ചോദിച്ചു മനസ്സിലാക്കിക്കോ. തക്കുടൂന്റെ കൂടെ അങ്ങോട്ടു പോകണ്ടതല്ലേ”, അമ്മ കളിയാക്കി.

“ആ ചേച്ചീ, ഇനീം ചോദിക്കാനുണ്ട്. പക്ഷേ, വല്ലാണ്ട് വിശക്കുന്നു. എന്തെങ്കിലും കഴിച്ചിട്ടാകാം.”

എല്ലാരും അതിനോടു യോജിച്ചു.

തുടരും.. എല്ലാ ശനിയാഴ്ച്ചയും



തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12.  തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ബഹിരാകാശ വാരം -7 ദിന പരിപാടികളിൽ പങ്കെടുക്കാം- രജിസ്ട്രേഷൻ ആരംഭിച്ചു.
Next post 2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം തത്സമയം ലൂക്കയിലും
Close