Read Time:15 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനെട്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


സ്കൂളില്‍ കാര്യങ്ങളെല്ലാം സാധാരണപോലെ. പ്രാവിന്റെ പേര് കബൂത്തര്‍ ആയതും കാക്ക കവ്വാ ആയതും കൂട്ടുകാരോടു രഹസ്യമായി പറഞ്ഞു. ദീപുവും ജോസും വൈകിട്ട് വീട്ടില്‍ എത്തണമെന്ന കാര്യവും പറഞ്ഞു.

ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് ഇപ്പം വലിയ പരിഗണനയാണ്. ‘കീചകനെ തൊഴിച്ചു വീഴ്ത്തിയ വീരന്‍’ എന്ന ഖ്യാതി ഉണ്ട്. അര്‍ഹിക്കാത്ത ഖ്യാതി ആണെങ്കിലും ഞാനത് നിഷേധിച്ചില്ല. നെറ്റ്യേപ്പൊട്ടന്‍ മാഷിന് മാത്രം ഇപ്പോഴും അവജ്ഞയാണ്.

അന്‍വര്‍മാഷും ഞാനും അഞ്ചുമണിക്കു തന്നെ വീട്ടിലെത്തി. പാവം സലീമ, മാഷുടെ മോള്‍ ഇന്നു നടന്നാവും വീട്ടിലേക്കു പോയിട്ടുണ്ടാവുക. അതു സാരമില്ല. ഒന്നര കിലോമീറ്ററല്ലേ ഉള്ളൂ. ഞാനും ദീപൂം ദിവസേന അതിലേറെ ദൂരം നടന്നല്ലേ വരുന്നെ.

ഞാനും മാഷും ഫുട്ബാള്‍ ചരിത്രത്തിലെ അതിശയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ദീപൂം ജോസും എത്തി. പിന്നാലേ പലഹാരപ്പൊതികളും പഴങ്ങളുമായി അമ്മയും വന്നു. അമ്മ ഇന്ന് നേരത്തേയാണ്. അനുവാദം ചോദിച്ചു പോന്നതാകും.

അധികം കഴിയും മുമ്പ് കവ്വായും കബൂത്തറും പറന്നുവന്ന് ദീപൂന്റേം ജോസിന്റേം മടീലിരുന്നു. സന്ധ്യ ആയാലേ തക്കുടൂന് വരാന്‍ പറ്റൂ.

അമ്മ ചായ ഉണ്ടാക്കി വരുമ്പോഴേക്കും ഞങ്ങള്‍ പൊതികളഴിച്ച് തിന്നുതുടങ്ങിയിരുന്നു. ഉഴുന്നുവടയുടെ ഒരു കഷണം ജോസ് കവ്വായുടെ വായില്‍ തിരുകാന്‍ ശ്രമിച്ചെങ്കിലും അതു ചിരിക്കുക മാത്രം ചെയ്തു. ചിരിക്കുന്ന കാക്ക കൗതുകകരമായ ഒരു കാഴ്ച തന്നെ.

ചായ കുടിക്കുന്നതിനിടയില്‍ ജോസ് പറഞ്ഞു, “ഇപ്പോള്‍ മാലിനിച്ചേച്ചിക്ക് രണ്ടു വയസ്സു കുറഞ്ഞിട്ടുണ്ട്.”

“പോര, പത്തു വയസ്സെങ്കിലും കുറയ്ക്കണം”, മാഷ്.

അമ്മ ചിരിക്കുക മാത്രം ചെയ്തു. ദൈന്യമായ ചിരി.

തക്കുടു പറന്നുവന്ന ശബ്ദം എല്ലാവരും കേട്ടു. പക്ഷേ, ആളെവിടെ? അവന്‍ കട്ടിലില്‍ നിന്ന് എന്റെ പുതപ്പെടുത്ത് പുതച്ചുകൊണ്ട് പറഞ്ഞു, “ഇനി എന്നെ അശരീരി എന്നു വളിക്കണ്ട. ഇതാ ഞാനിവിടെയുണ്ട്.”

അമ്മ ഓടിപ്പോയി ഒരു നീല ഷാള്‍ എടുത്തുകൊണ്ടുവന്ന്, പുതപ്പെടുത്തുമാറ്റി, തക്കുടൂനെ അതു പുതപ്പിച്ചു. അതെല്ലാര്‍ക്കും ഇഷ്ടപ്പെട്ടു.

മാഷ് പറഞ്ഞു, “എന്നാലിനി കാര്യത്തിലേക്കു കടക്കാം. പന്‍വേലിലും പൂനെയിലും ജോലി ചെയ്യുന്ന മലയാളികളുടെ അഡ്രസ്സുകള്‍ എനിക്കു കിട്ടിയിട്ടുണ്ട്. അധികവും ചെറിയ കച്ചവടക്കാരാണ്. പൂനെയിലെ ഡി.ഐ.ജി. എന്റെ കൂടെ ഭോപ്പാലില്‍ പഠിച്ച ഒരു രാമേശ്വര്‍ ദയാല്‍ ആണ്. ആള് സത്യസന്ധനാണ്. കേന്ദ്രസര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ്. രാഷ്ട്രീയക്കാരെയും സംസ്ഥാന ഭരണാധികാരികളെയും ഒന്നും പേടിക്കേണ്ട ആവശ്യമില്ല.”

“എങ്കില്‍ നമ്മക്ക് മുമ്പ്പറഞ്ഞ പരിപാടിയില്‍ അല്പം മാറ്റം വരുത്താം”, തക്കുടു പറഞ്ഞു. “ഞായറാഴ്ച ആ കള്ള സന്യാസി വരുമ്പോള്‍ സാധനം കൈമാറുന്ന ഫോട്ടോ എടുക്കണം, അതില്‍ മാറ്റമില്ല. എറണാകുളത്തുപോയി വണ്ടി തിരിച്ചെത്തുമ്പോള്‍ മാഷും അതില്‍ കേറണം. നമ്മുടെ കബൂത്തറും ഉണ്ടാകും കൂടെ. അയാള്‍ പന്‍വേലില്‍ തന്നെയല്ലേ ഇറങ്ങുന്നത് എന്ന് ശ്രദ്ധിച്ചോളണം. എങ്കില്‍ മാഷും അവിടെ ഇറങ്ങണം. കബൂത്തര്‍ അയാളെ പിന്തുടര്‍ന്നുപോയി സ്ഥലം കണ്ടുപിടിക്കട്ടെ. അവന്‍ തിരിച്ചുവരുന്നതുവരെ മാഷ് സ്റ്റേഷനില്‍ തന്നെ ഇരുന്നാ മതി.”

“മാഷുടെ കൂടെ അങ്ങോളം ഒരു പ്രാവിനെ കണ്ടാല്‍ ആളുകള്‍ സംശയിക്കൂലെ?”, അമ്മയ്ക്ക് സംശയം. “മാഷ് ഉറങ്ങുമ്പം ആരെങ്കിലും എന്തെങ്കിലും അതിനെ ചെയ്താലോ?”

“അവന്‍ വണ്ടീടെ മുകളില്‍ ഇരുന്നാവും പോവുക”, തക്കുടു പറഞ്ഞു.

“പാവം, ചുട്ടുപൊള്ളുന്ന വെയിലായിരിക്കും. ചത്തുപോകും.”

എല്ലാരും ഉറക്കെ ചിരിച്ചു. കബൂത്തറുപോലും ചിരിച്ചു. തക്കുടു പറഞ്ഞു, “ചേച്ചീ, ഇവനൊരു റോബോട്ടല്ലേ? തിളയ്ക്കുന്ന വെള്ളത്തിലിട്ടാലും ഒന്നും പറ്റില്ല.”

അമ്മ ഒരു ചമ്മിയ ചിരി ചിരിച്ചു.

മാഷ് ചോദിച്ചു, “കള്ള സന്ന്യാസിയെ കാത്ത് കാറ് കിടപ്പുണ്ടാകും. പൂനെ റൂട്ടിലാണ് പോകേണ്ടതെങ്കില്‍ നല്ല റോഡാണ്. കാറ് കത്തിച്ചുവിടും. പാവം  കബൂത്തറെങ്ങനെ കൂടെ എത്തും?”

“കാറിന്റെ സ്പീഡ് കൂടിയാല്‍ 120 കിലോമീറ്റര്‍ ആയിരിക്കും. ഇവന് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനറിയാം.”

“എന്നാ ശരി, ടിക്കറ്റ് കിട്ടുമോന്ന് നോക്കാം. ഇല്ലെങ്കില്‍ തത്കാല്‍ എടുക്കാം.”

“ടിക്കറ്റിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം,” അമ്മ പറഞ്ഞു. “തിരിച്ചുള്ള ടിക്കറ്റ് എന്നേക്കാ?”

“ചെല്ലുന്ന ദിവസോം പിന്നെ ഒരു ദിവസോം കൂടി അവിടെ അന്വേഷിക്കാന്‍ വേണ്ടിവരും. ബുധനാഴ്ച തിരിച്ചുപോരാം.”

“ശരി, അപ്പം ഇതു വെച്ചോളൂ”, യദുവിന് മുമ്പു കൊടുത്ത അതേതരം ഒരു പരിഭാഷി യന്ത്രം അന്‍വര്‍മാഷിനു കൊടുത്തുകൊണ്ട് തക്കുടു പറഞ്ഞു, “അവിടെ ചെന്നാല്‍ കബൂത്തറിനോടു വര്‍ത്താനം പറയാന്‍ ഇതു വേണം. ഇവിടത്തെപ്പോലെ അവന്‍ അവിടുന്ന് ഉറക്കെ മലയാളം പറയില്ല. മാഷ് തിരിച്ചു പറയുമ്പഴും ശ്രദ്ധിക്കണം. മലയാളം അറിയുന്ന ആരെങ്കിലും കാണും. അവര്‍ കേട്ടാ കുഴപ്പാ. അതുകൊണ്ട് നടന്നോണ്ടുവേണം പറയാന്‍.”

ദീപൂന് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അവന്‍ പറഞ്ഞു, “കയ്യില്‍ ഒരു ഫോണ്‍പോലും ഇല്ലാതെ ഒരാള്‍ റെയില്‍വേ സ്റ്റേഷനിലൂടെ വര്‍ത്താനം പറഞ്ഞോണ്ട് തെക്കും വടക്കും നടന്നാലത്തെ കാര്യം. അതും മലയാളത്തില്‍, ഉച്ച മുതല്‍ വൈകീട്ടു വരെ.”

അതോര്‍ത്തപ്പോള്‍ മാഷും ചിരിച്ചുപോയി.

മടിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന പ്രാവിനെ തടവിക്കൊണ്ട് ജോസ് ചോദിച്ചു, “കബൂത്തറേ നിനക്ക് ആ പ്രദേശത്തൊക്കെ ഒത്തിരി കൂട്ടുകാരുണ്ടെന്ന് മാഷ് പറഞ്ഞല്ലോ, നേരാ?”

“ആ, കൊറേണ്ട്. ശബ്നംണ്ട്, സിതാര ണ്ട്, നന്ദന്‍ ണ്ട്, പിന്നെ നന്ദന്റെ പിതാജി, തന്‍വര്‍ സാബ്, ചാച്ചാജി…”

“അവരെ ഒക്കെ എങ്ങനെ പരിചയപ്പെട്ടു?”

“ചിഡിയാഘട്ടില് താമസിക്കുമ്പം.. അവിടെ ആണ്‍കുട്ട്യോളും പെണ്‍കുട്ട്യോളും ഒന്നിച്ചാ ക്രിക്കറ്റ് കളിക്ക്യ. ഞാനാ ബോള്‍ എടുത്ത് കൊണ്ടോയി കൊടുക്ക്വ. കാലില് ഇറ്ക്കീട്ടാ കൊണ്ടുവര്വാ. കബൂത്തര്‍ന്നും പറഞ്ഞ് അവരെന്റെ പിന്നാലെ കൂടും. അവരാ എന്നെ ഗുജറാത്തി പഠിപ്പിച്ചെ.”

തക്കുടു ഇടപെട്ടു, “ജോസേ ഇവിടെ വരും മുമ്പ് ഞങ്ങള് രണ്ടു സ്ഥലത്ത് ആറുമാസം വീതം താമസിച്ചിട്ടുണ്ട്. ഒന്ന് ടാന്‍സാനിയയില്‍”

“അത് ആഫ്രിക്കേലല്ലേ?”

“ആ, ആഫ്രിക്കേത്തന്നെ. അവിടെ വിക്റ്റോറിയ തടാകത്തിലാണ് വാഹനം സൂക്ഷിച്ചത്. കേരളത്തിന്റെ ഇരട്ടി വലുപ്പണ്ട് ആ തടാകത്തിന്. എണ്‍പത് മീറ്റര്‍ വരെ ആഴവും ഉണ്ട്. തടാകത്തിന്റെ പകുതി ടാന്‍സാനിയയ്ക്കും ബാക്കി ഉഗാണ്ടയ്ക്കും കെനിയയ്ക്കും അവകാശപ്പെട്ടതാ. ഞാന്‍ മുസാമ നഗരത്തിനടുത്ത് ഒരു മീന്‍പിടുത്ത ഗ്രാമത്തിലാ താമസിച്ചത്. അവിടുന്നാ ഞങ്ങള് സ്വാഹിളി ഭാഷ പഠിച്ചത്. വലിയ ഒരു നാഷനല്‍ പാര്‍ക്കും ഉണ്ട് അടുത്ത്.”

“ആരാ ഭാഷ പഠിപ്പിച്ചു തന്നത്?”

“അവിടത്തെ കുട്ടികള്. എന്റെ രണ്ട് ചാരന്മാരും കുട്ടികളുടെ കൂടെ കളിക്കുമ്പം ഭാഷ പഠിക്കും. അക്കൂട്ടത്തില്‍ ഞാനും പഠിക്കും.”

“കുട്ടികള്‍ക്ക് കുറച്ചു വാക്കല്ലേ അറിയൂ. അത്രേം പഠിച്ചാ മതിയോ?”

“പോര. കുറച്ചു പഠിച്ചുകഴിഞ്ഞാല്‍ പിന്നെ കബൂതര്‍ സ്കൂളിലും കോളേജിലും ഒക്കെ പോയി ചുമരിന്റെ മോളിലിരുന്നു ക്ലാസു കേള്‍ക്കും. റിക്കാര്‍ഡു ചെയ്യും. സയന്‍സും കണക്കും ഒന്നും വേണ്ടല്ലോ. അത് ഞങ്ങടെ ലോകത്തും ഇവിടേം ഒന്നുതന്നെയല്ലേ. ഭാഷേം ചരിത്രോം കലാപഠനോം ആണ് പ്രധാനം.”

മാഷ് ചോദിച്ചു, “ഇംഗ്ലീഷും ഫ്രഞ്ചും റഷ്യനും സ്പാനിഷും ഒന്നും പഠിക്കാതെ സ്വാഹിലീം മറാത്തീം മലയാളോം പഠിച്ചാ മനുഷ്യരെക്കുറിച്ചുള്ള പഠനം ആവ്വോ? എന്താ യൂറോപ്പില് പോകാത്തെ?”

“മനുഷ്യരുള്ള സ്ഥലങ്ങളിലെല്ലാം അവരുടെ സംസ്കാരോം ഇല്ലേ? കഴിയുന്നിടത്തെല്ലാം പോണം. പക്ഷേ യൂറോപ്പിലേക്ക് അടുക്കാന്‍ പറ്റ്വോ? എല്ലാടത്തും റാഡാര്‍ അല്ലേ? എല്ലാര്‍ക്കും എല്ലാരേം സംശയം അല്ലേ? ഞാന്‍ റാഡാറില്‍ പെട്ടാല്‍പ്പിന്നെ എന്റെ നേരെ മിസൈല്‍ വരൂല്ലേ?”

“അതൊക്കെ ഇന്ത്യേലും ഉണ്ടല്ലോ”

“മുംബൈലും ഡല്‍ഹീലും ഒന്നും പോകാന്‍ പറ്റൂല. നമ്മടെ അന്വേഷണത്തിന് പൂനേല് പോകേണ്ടിവന്നാത്തന്നെ ഞാന്‍ വരൂല്ല. അവിടെ വലിയ ആയുധനിര്‍മാണ ശാലകള്‍ ഉള്ള സ്ഥലാ. ഞാന്‍ കുടുങ്ങും.”

“എവിടെയാ കബൂത്തര്‍ പറഞ്ഞ ചിഡിയാ ഘട്ട്? നമ്മള് പോകുന്ന വഴിക്കാ?”, ദീപൂന് സംശയം.

“അത് രത്നഗിരിയൊക്കെ കഴിഞ്ഞ്, പന്‍വേല്‍ എത്തുന്നതിനു മുമ്പുള്ള ഒരു കടല്‍ത്തീര ഗ്രാമമാണ്. നമ്മളാ വഴിക്ക് പോകില്ല. അവിടെ തീരത്തു നിന്ന് കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന കരിങ്കല്‍ പാറകളും ഒരു കുന്നും ഉണ്ട്. അവിടെ ഒരുപാട് പാഴ്മരങ്ങളും കുറ്റിച്ചെടികളും ധാരാളം കിളികളും ഉണ്ട്. കുന്നിന്റെ രണ്ടു വശത്തും മീന്‍പിടിച്ചു ജീവിക്കുന്ന പാവങ്ങളാണ്. അവിടത്തെ കുട്ടികളാണ് ഇവരുടെ കൂട്ടുകാര്‍”

“എന്തിനാ ഇങ്ങനെ കുട്ടികളെ തേടിപ്പോകുന്നെ?”

“അവരില്‍നിന്നാണ് ഭാഷ പഠിക്കാന്‍ എളുപ്പം. അവരൊന്നും മറച്ചുവെക്ക്വേം അഭിനയിക്ക്യേം ഇല്ല. മാത്രമല്ല, വര്‍ത്താനം പറയുന്ന ഒരു പ്രാവിനേം കാക്കേനേം കണ്ടാ മുതിര്‍ന്നവര്‍ ഉണ്ടാക്കുന്ന ബഹളം എന്താരിക്കും! കുട്ടികളാണെങ്കിലോ? ആദ്യം അത്ഭുതപ്പെടും. പിന്നെ അതു കൗതുകമായി മാറും. ഒടുവില്‍ അവരതങ്ങു സ്വീകരിക്കും. എന്താ കാക്കയ്ക്ക് വര്‍ത്താനം പറഞ്ഞാല് എന്നാണവര് ചിന്തിക്ക്യ”

“എന്നിട്ട് അവരിലൂടെ കുറച്ച് മുതിര്‍ന്നവരെയും സുഹൃത്തുക്കളാക്കാം, അല്ലേ?” മാഷ് ചോദിച്ചു.

“മാഷെപ്പോലേം അമ്മേപ്പോലേം, അല്ലേ?” ഞാന്‍ പറഞ്ഞു.

അമ്മ ചോദിച്ചു, “ഇവിടെ കഴിഞ്ഞാ ഇനി എങ്ങോട്ടാ?”

“ചൈനേ പോണം. ബ്രസീലില് പോണം. ഇറാനിലും ഈജിപ്തിലും പോണം. ഒന്നും ഒറപ്പിച്ചിട്ടില്ല. സമയംണ്ടല്ലോ. ഇന്നിപ്പം സമയം കൊറേ ആയി. കുട്ട്യള്‍ക്ക് പോണ്ടേ?”

“കുട്ട്യള് ഇന്ന് പോണില്ല”, അമ്മയാണ് പ്രഖ്യാപിച്ചത്.

“ശരി, എന്നാ ഞാന്‍ പോട്ടെ”, മാഷ് എണീറ്റു.

തക്കുടൂം കബൂത്തറും കവ്വായും ഒന്നിച്ചു പറഞ്ഞു “ഞങ്ങളും”.

എല്ലാ ശനിയാഴ്ച്ചയും തുടരും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സമയത്തെ നയിക്കുന്ന ക്വാർട്സ്
Next post കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ
Close