Read Time:17 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തൊന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ


കേൾക്കാം


പായസം കഴിച്ച് എല്ലാരും തിരിച്ചെത്തിയപ്പം സമയം എട്ടുമണി. കബൂത്തര്‍ ദില്‍ഷേടെ മടിയില്‍ സ്ഥാനം പിടിച്ചുകൊണ്ടു പറഞ്ഞു, “എന്നാ ഇനി ഞാന്‍ പറയാം, ല്ലേ? എനിക്കു പറയാന്‍ കുറച്ചേ ഉള്ളൂ. എല്ലാം ഞാന്‍ വീഡിയോയിലാക്കീട്ടുണ്ട്. വര്‍ത്താനം വേഗം തീര്‍ത്തിട്ട് അതു കാണാം.

“സ്റ്റേഷന്‍വിട്ട് സന്യാസീടെ കാര്‍ പറപ്പിച്ചുപോയി. ഒപ്പം എത്താന്‍ ഞാന്‍ കഷ്ടപ്പെട്ടു. നാല്പതു മിനുട്ടു കഴിഞ്ഞപ്പം കാറ് മെയ്ന്‍ റോഡില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഒരു പുഴയുടെ കരയിലൂടെയുള്ള റോഡിലേക്കു കയറി. പത്തുമിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു പാലം കടന്ന്, കോട്ട പോലത്തെ ഒരു മതില്‍ക്കെട്ടിനു പുറത്തുകൂടി സഞ്ചരിച്ച്, വലിയ ഒരു ഗേറ്റിലൂടെ കടന്നുപോയി. ഗേറ്റിനു മുകളില്‍ ‘പ്രേംസാഗര്‍ പുരി’ എന്ന് എഴുതീട്ടുണ്ട്. ശരിക്കും രണ്ട് തുറന്ന ഗേറ്റുകള്‍. ഒന്ന് അകത്തേക്കും ഒന്ന് പുറത്തേക്കും. ഉള്ളില്‍ വലിയ റോഡും കാറുകളുടെ തിരക്കുമാണ്. ഗേറ്റിലെത്താന്‍ പുറത്തുനിന്ന് വേറേം വഴികളുണ്ട്.

ഗേറ്റ് കടന്ന് കുറച്ചുദൂരം പോയപ്പോള്‍ ഇടത്തോട്ട് ഒരു റോഡും ‘മൃത്യുഞ്ജയ ആസ്പതാല്‍’ എന്നെഴുതിയ ഗേറ്റും കണ്ടു. അധികം കാറുകളും ആ വഴിക്കു തിരിഞ്ഞുപോയി. നടന്നുപോകുന്നവരും ഒരുപാടുണ്ട്. സന്യാസീടെ കാര്‍ അങ്ങോട്ടു തിരിയാതെ നേരെ പോയി. ഒപ്പം ഞാനും. കുറച്ചുകൂടി പോയപ്പം വലതുവശത്ത്, മാഷ് മുമ്പു പറഞ്ഞ ‘ഹരിനാരായണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സി’ന്റെ മതില്‍ക്കെട്ടും തുറക്കാത്ത വലിയ ഗേറ്റും കണ്ടു. അവിടെ ഗേറ്റ് കീപ്പര്‍ പോലും ഇല്ല.

പിന്നേം കുറച്ചുകൂടി പോയപ്പം വലതുവശത്ത് വേറൊരു മതില്‍ക്കെട്ടും മനോഹരമായ ഒരു ഗേറ്റും. അടഞ്ഞ ഗേറ്റാണ്. ‘നന്ദലാലാ ബാല്‍വിഹാർ, എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതീട്ടുണ്ട്. ഗേറ്റ് നിറയെ കുട്ടികള്‍ വരച്ചതുപോലത്തെ ചിത്രങ്ങളാണ്. അതിനുള്ളില്‍ നിന്ന് കുട്ടികളുടെ ബഹളം കേള്‍ക്കാം.

കാര്‍ നേരെ പോയി, റോഡ് അവസാനിക്കുന്നിടത്ത് വേറൊരു ഗേറ്റിനു മുന്നില്‍ നിര്‍ത്തി. ഗേറ്റിനു പുറത്തു കാര്‍  പാര്‍ക്കിംഗും സന്ദര്‍ശകമുറിയും ഉണ്ട്. സന്യാസിയും സഹായിയും ഇറങ്ങി, ഇടതുവശത്തെ ഒരു ചെറിയ കവാടത്തിലൂടെ കടന്നുപോയി. ഞാന്‍ ഗേറ്റിനു മുകളിലൂടെയും.

ഗേറ്റ് കടന്നാല്‍ ഒരു കുന്നിന്‍ചരിവാണ്. അതു തട്ടുകളായി തിരിച്ചിട്ടുണ്ട്. നിറയെ പുല്‍ത്തകിടികളും പൂച്ചെടികളും പൂമരങ്ങളും. അതിനെല്ലാം ഇടയ്ക്കുകൂടി നീര്‍ച്ചാലുകളും കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും . പൂക്കളുടെ നിറമൊന്നും എനിക്കു കാണാന്‍ പറ്റില്ലല്ലോ. ദില്‍ഷയെങ്ങാന്‍ അവിടെ ചെന്നാല്‍ തിരിച്ചുപോരില്ല.”

“അവള് തക്കുടൂന്റെ കൂടെ പോണ്ടാന്നു വെക്കും. എന്നിട്ടവിടെ ഒരു സന്യാസിനിയാകും”, ദീപു പരിഹസിച്ചു.

“നീ ഒരു കള്ള സന്യാസീം”, ദില്‍ഷ തിരിച്ചടിച്ചു.

കബൂത്തര്‍ തുടര്‍ന്നു, “മാനുകളും മുയലുകളും അവിടെ ഓടിനടക്കുന്നുണ്ട്. കിളികളും പൂമ്പാറ്റകളും വേറെ. മഹര്‍ഷീടെ ഉദ്യാനം ഇഷ്ടപ്പെട്ടു. അതിന്റെ രണ്ടു വശത്തുകൂടെയും അര്‍ധവൃത്താകൃതിയില്‍ റോഡും നടുവിലൂടെ മുകളിലേക്ക് പടികളും ഉണ്ട്. മൂന്നും ചെല്ലുന്നത് വൃത്തത്തിലുള്ള ഒരു വലിയ മണ്ഡപത്തിന്റെ മുന്നിലേക്കാണ്. അവിടെ ധാരാളം സന്യാസിമാരും സന്യാസിനിമാരും ഇരിപ്പുണ്ട്. എല്ലാം നല്ല തടിച്ചുകൊഴുത്ത, കാഷായ വസ്ത്രധാരികള്‍. മണ്ഡപത്തിന്റെ മറുതലയ്ക്കല്‍, അല്പം ഉയര്‍ത്തിയ സ്റ്റേജുപോലുള്ള ഒരിടത്ത് സിംഹാസനം പോലത്തെ ഒരു കസേരയുണ്ട്. മണ്ഡപം ആകെ ഓറഞ്ച് നിറമുള്ള വെല്‍വെറ്റു വിരിച്ചിട്ടുണ്ട്. എനിക്കും നിങ്ങള്‍ക്കും ഒരുപോലെ കാണാന്‍ പറ്റിയ  ഒരു നിറമാണല്ലോ ഓറഞ്ച്.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മണികിലുക്കുന്ന ശബ്ദം കേട്ടു. പിന്നിലെ വാതില്‍ തുറന്ന് ഒരു ഗംഭീരരൂപം പടികളിറങ്ങി മണ്ഡപത്തിലേക്കു വരികയാണ്. തിളങ്ങുന്ന നീണ്ട പട്ടുകുപ്പായം ധരിച്ച ഒരു താടിക്കാരനാണ്. ഇടത്തും വലത്തും താലമേന്തിയ രണ്ടു സന്യാസിനികള്‍. പിന്നിലുമുണ്ട് രണ്ടുപേര്‍. അതാരിക്കും മഹര്‍ഷി പ്രേംസാഗര്‍ എന്നെനിക്കു തോന്നി. എല്ലാ സന്യാസികളും അയാളെ താണുവണങ്ങി അഭിവാദ്യം ചെയ്തു. മഹര്‍ഷി എല്ലാവരെയും അനുഗ്രഹിച്ച്, മനോഹരമായി ചിരിച്ച് സിംഹാസനത്തില്‍ ഇരുന്നു. എന്നിട്ട്, പതുക്കെ,  താളത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ആ തക്കത്തിന് പിന്നിലെ വാതിലിലൂടെ അകത്തു കടന്നു. നിറയെ ചിത്രങ്ങളും കൊത്തുപണികളും അനേകം ദൈവങ്ങളുടെ, ഓടിലും കൃഷ്ണശിലയിലും തീര്‍ത്ത ശില്പങ്ങളും ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുള്ള വിശാലമായ സ്വീകരണമുറി. ഇടത്തും വലത്തും അടച്ചിട്ട മുറികളുണ്ട്. പിന്നില്‍ ഭക്ഷണ മുറിയും അടുക്കളയും. അവിടെ പാചകം നടക്കുകയാണ്. എന്നെക്കണ്ട് അവര്‍ ചട്ടുകവുമെടുത്ത് ഓടിവന്നു. ഞാന്‍  പറന്നു പുറത്തുകടന്നു. കണ്ടതെല്ലാം ഞാന്‍ വീഡിയോയിലാക്കീട്ടുണ്ട്.”

“എന്നാ ഇനി അതൊക്കെ ഒന്നു കാണാം. തക്കുടൂ ക്യാമറ…”

“ഇത്തിരികൂടി ക്ഷമിക്ക് ദില്‍ഷേ, ഇപ്പം തീര്‍ക്കാം”, കബൂത്തര്‍ പറഞ്ഞു.

“മഹര്‍ഷീടെ കൊട്ടാരത്തില്‍നിന്ന് ഞാന്‍ പുറത്തുകടന്ന്…”

“കൊട്ടാരംന്നല്ല, പര്‍ണശാലാന്ന് പറ കുട്ടീ. ആര്‍ഷഭാരതത്തില്‍ ഋഷിമാര്‍ താമസിക്കുക പര്‍ണശാലകളിലാണ്”, അമ്മ തിരുത്തി. അതിലെ പരിഹാസം തക്കുടൂന് പോലും മനസ്സിലായി.

കബൂത്തര്‍ പറഞ്ഞു, “പര്‍ണശാലയെങ്കില്‍ പര്‍ണശാല. അവിടുന്ന് ഞാന്‍ ആസ്പത്രി കാണാന്‍ പോയി. പക്ഷേ അകത്തു കടക്കാന്‍ ഒരു മാര്‍ഗോം കണ്ടില്ല. തുറന്ന ഒരു ജനല്‍ പോലും ഇല്ല. ഒറ്റ ഗേറ്റേ തുറന്നിട്ടുള്ളൂ. അവിടെ ഭയങ്കര ക്യൂവും പരിശോധനേം. അഞ്ചുമണിക്കേ ബാക്കി ഗേറ്റുകള്‍ തുറക്കൂ. പുറത്തൂന്ന് ഫോട്ടോ എടുത്ത് ഞാന്‍ ‘നന്ദലാലാ’യിലേക്കു പറന്നു. അകത്തു നിറയെ കുട്ടികളാണ്. നാലു വയസ്സു മുതല്‍ ഏകദേശം ദില്‍ഷേടത്ര പ്രായമുള്ളവര്‍ വരെ കാണും. മൂന്നൂറു മുന്നൂറ്റമ്പത് പേരുണ്ടാകും. പെണ്‍കുട്ടികളാണ് കൂടുതല്‍. കണ്ണുകാണാത്തവരും അംഗവൈകല്യമുള്ളവരും കുറച്ചുണ്ട്. എന്നാലും എല്ലാരും നല്ല സന്തോഷമുള്ളവരാണ്. കളിക്കളങ്ങളും നീന്തല്‍കുളങ്ങളും ഉദ്യാനങ്ങളും പഠനമുറികളും വായനശാലകളും ഒക്കെ അതിനുള്ളിലുണ്ട്. കുട്ടികളുടെ കൂടെ കളിക്കുന്ന ടീച്ചര്‍മാരേം കണ്ടു. യൂണിഫോമൊന്നുമില്ല. അച്ചടക്കത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല. എനിക്കവിടം വളരെ ഇഷ്ടപ്പെട്ടു. ഞാനവരുടെ ഇടയ്ക്ക് കൊറേ പറന്നുകളിച്ചു. അവരെന്നെ പിടിക്കാന്‍ പിറകേ ഓടി. ഞാന്‍ ചെടികള്‍ക്കുള്ളിലും മറ്റും ഒളിച്ചുകളിച്ചു. അന്‍വര്‍മാഷ് റെയില്‍വേസ്റ്റേഷനില്‍ ഇരുന്നു മടുത്തു കാണും എന്നറിയാം. എന്നാലും കുറച്ചുനേരം ഞാന്‍ കളിച്ചുപോയി.”

“പാവം മാഷ്”, ദീപു പറഞ്ഞു. “എന്നേം കൂടി കൊണ്ടുപോയിരുന്നെങ്കില്‍ വര്‍ത്താനം പറയാനെങ്കിലും ഒരാളായേനേം.”

“എല്ലാം കഴിഞ്ഞില്ലേ? എന്നാ ഇനി വീഡിയോ കാണിക്ക്”, ദില്‍ഷ വീണ്ടും തിടുക്കത്തിലാണ്.

കബൂത്തര്‍ പറഞ്ഞു, “അഞ്ചുമിനുട്ടുകൂടി ക്ഷമിക്ക് ദില്‍ഷേ. ഞാന്‍ ഏറ്റവും ഒടുവിലെത്തിയത് ‘ഹരിനാരായണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സി’ലാണ്. അതൊരു ഭീകരസ്ഥലമാണ് കേട്ടോ. ആകെ ചൂടും ഒച്ചേം ബഹളോം. അവിടെയാണ് മാഷ് പറഞ്ഞ കുഞ്ഞു ഡെപ്പികളില്‍ ലേഹ്യം നിറയ്ക്കുന്നതും പായ്ക്ക് ചെയ്ത് അയയ്ക്കാന്‍ തയ്യാറാക്കുന്നതും. എല്ലാം ചെയ്യുന്നത് യന്ത്രങ്ങളാണ്. അതിനപ്പുറത്ത് കുപ്പികളിലും ഡബ്ബകളിലും വേറെയും പലവിധ ഔഷധങ്ങള്‍ നിറയ്ക്കുന്ന യന്ത്രങ്ങളുണ്ട്. പണിയെടുക്കാന്‍ ആകെ പത്തു പന്ത്രണ്ടു പേരേ ഉള്ളൂ. അതിനു തൊട്ടു തന്നെ മരുന്നുകള്‍ തയ്യാറാക്കുന്ന സ്ഥലവും. പക്ഷേ അങ്ങോട്ടു കടക്കാന്‍ പറ്റില്ല.

അതിനപ്പുറത്ത് ഒരു ചെറിയ ഹാളില്‍ കുറച്ചുപേരിരുന്ന് എന്തോ പൊടി ഒരു കുഞ്ഞു സ്പൂണ്‍ കൊണ്ടെടുത്ത് ഓരോ ചെറിയ പാക്കറ്റിലിട്ട് അലൂമിനിയം ഫോയിലില്‍ പൊതിയുന്നുണ്ട്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. മെലിഞ്ഞ്, താടീം മുടീം നീട്ടിയ മനുഷ്യര്‍. അവരെ നിരീക്ഷിച്ചുകൊണ്ട് ഒരു തടിമാടന്‍ വടീം പിടിച്ച് വാതില്‍ക്കല്‍ ഇരിപ്പുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍സ് ആകെ ഒരു ജയില്‍പോലെയുണ്ട്. എല്ലാരും ഉറങ്ങുന്നത് ഈ ചെറിയ ഹാളില്‍ ആണെന്നു തോന്നുന്നു. അയലുകള്‍ കെട്ടി വസ്ത്രം തൂക്കീട്ടുണ്ട്. കിടക്കകള്‍ മടക്കി വെച്ചിട്ടുണ്ട്. കുറച്ചകലെ അവര്‍ക്കുള്ള കക്കൂസും കുളിമുറീം ഉണ്ട്. പ്രേംസാഗറില്‍ ഈ ഒരു സ്ഥലം ഒഴികെ ബാക്കിയെല്ലാടോം മികച്ചതാണ്. ഞാന്‍ കഴിയുന്നത്ര അടുത്തുപോയി എല്ലാരുടേം ഫോട്ടോ എന്റെ കണ്ണുകൊണ്ട് ഒപ്പിയെടുത്തിട്ടുണ്ട്. മരുന്നുണ്ടാക്കുന്നിടത്തു മാത്രം പോകാന്‍ പറ്റിയില്ല.

എല്ലാം കഴിഞ്ഞ് സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പം സമയം ആറര. പാവം മാഷ്. നാട്ടുകാരന്റെ ബേക്കറീന്ന് തിച്ചെത്തീട്ട് മൂന്നര മണിക്കൂര്‍ എന്നേം കാത്ത് വെയിറ്റിംഗ് റൂമിലിരുന്നു.”

തക്കുടു പറഞ്ഞു, “സാരമില്ല കബൂത്തര്‍, ഈ സ്ഥലങ്ങളിലൊന്നും മാഷിന്കടന്നുചെല്ലാന്‍ പറ്റൂല്ലല്ലോ. നീ കൂടെയില്ലെങ്കില്‍ മാഷ്ടെ യാത്രകൊണ്ട്…”

“കൂറ കപ്പലില്‍ പോയ ഫലേ ഉണ്ടാകൂ, അല്ലേ തക്കുടൂ?” ജോസിന്റെ പരിഹാസം.

തക്കുടു പറഞ്ഞു, “എന്നാലിനി നമ്മക്ക് കബൂത്തര്‍ കണ്ട കാഴ്ചകള്‍ ഒന്നു നേരിട്ടു കാണാം. പക്ഷേ എല്ലാം ഇന്‍ഫ്രാറെഡ്ഡിലാണ്. നിങ്ങളെ ഏതെങ്കിലും നിറത്തില്‍ കാണിച്ചുതരാം. പച്ച, നീല, ചുവപ്പ് – ഏതാ വേണ്ടത്?”

മാഷ് പറഞ്ഞു, “നീലയാവട്ടെ. ഏതെങ്കിലും ഭാഗം വ്യക്തമായില്ലെങ്കില്‍ പച്ചയിലും കാണാം. ചുവപ്പ് കണ്ണിന് അസ്വാസ്ഥ്യമുണ്ടാക്കും.”

തക്കുടു പ്രൊജക്റ്റര്‍ ഓണാക്കി.  കബൂത്തര്‍ കണ്ട കാഴ്ചകള്‍ ഓരോന്നായി ചുറ്റും കാണാനായി. മഹര്‍ഷിയുടെ പൂന്തോട്ടത്തിന് നടുവിലൂടെ സ്റ്റെപ്പുകള്‍ കേറി പോവുകയാണ് ഞങ്ങള്‍. ചെറു വെള്ളച്ചാട്ടങ്ങളും കിളികളും മുയലുകളും മാനുകളും – കാഴ്ച മാത്രമല്ല ശബ്ദവും. പൂക്കളടക്കം എല്ലാം നീലയാണെന്നു മാത്രം. നന്ദലാലാ ബാല്‍വിഹാര്‍ ആണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കബൂത്തറിനെ പിടിക്കാന്‍ പിന്നാലെ ഓടുന്ന കുട്ടികളെ പിടിക്കാന്‍ ദില്‍ഷേം മൈഥിലീം ശ്രമിച്ചപ്പോള്‍ എല്ലാരും ചിരിച്ചുപോയി.

ഹരിനാരായണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനുള്ളിലെ ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് വിരസമായി. അമ്മയും മാഷും പക്ഷേ കണ്ണിമയ്ക്കാതെ അതു നോക്കിയിരുന്നു. താടീം മുടീം നീട്ടിയ പന്ത്രണ്ടു മെലിഞ്ഞ രൂപങ്ങള്‍ കുനിഞ്ഞിരുന്ന് അലൂമിനിയം ഫോയിലില്‍ എന്തോ പൊതിയുകയാണ്. കബൂത്തര്‍ അവരെ ഓരോരുത്തരെയായി വീഡിയോയില്‍ എടുത്തിട്ടുണ്ട്. ഏഴാമത്തെ രൂപം എത്തിയപ്പം അമ്മ ചാടിയെഴുന്നേറ്റ് ഉറക്കെപ്പറഞ്ഞു, “അതാ ഉണ്ണിയേട്ടന്‍. അത് ഉണ്ണിയേട്ടന്‍ തന്നെയാ.” ശരിക്കും അതൊരു കരച്ചിലായിരുന്നു.

ഞാനും പറഞ്ഞു, “അച്ഛന്‍ തന്നെയാ. കൊമ്പന്‍മീശ ഇപ്പഴും ഉണ്ട്. നരച്ചുപോയീന്നു മാത്രം. നരച്ച താടീം മുടീം ഉണ്ട്.”

അമ്മ കരച്ചിലിന്റെ വക്കിലെത്തി. ദില്‍ഷേം മൈഥിലീം അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ട്. തക്കുട ആ രംഗം ചുവപ്പിലും പച്ചയിലും കൂടി കാണിച്ചപ്പോള്‍ അച്ഛന്റെ രൂപം തെളിഞ്ഞുവന്നു. ഞാന്‍ കബൂത്തറിനെ എടുത്തു നെഞ്ചോടുചേര്‍ത്തുവെച്ചു.

മാഷ് പറഞ്ഞു, “മാലിനി കരയേണ്ട സമയമല്ലിത്, സന്തോഷിക്കേണ്ട സമയാണ്. ഉണ്ണിയേട്ടന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ രക്ഷിക്കും എന്ന് തക്കുടു പറഞ്ഞത് ഓര്‍മയില്ലേ. മാലിനി പോയി മുഖം കഴുകി വാ. ഞാന്‍ ചെയ്ത കാര്യങ്ങളും കൂടി കേള്‍ക്കണ്ടേ?”

ദില്‍ഷേം മൈഥിലീം അമ്മയെ വാഷ്ബേസിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

എല്ലാ ശനിയാഴ്ചയും തുടരും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post വൈറസ് വകഭേദങ്ങൾക്ക് കാരണം വാക്സിൻ അസമത്വം
Next post ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ
Close