Read Time:15 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ഏഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം 
 


സമയം ആറുമണി ആയി. എന്റെ വീട് കുന്നുംപുറത്തായതുകൊണ്ട് ഇപ്പഴും നല്ല വെളിച്ചമുണ്ട്. ചുവന്ന സൂര്യന്‍ അറബിക്കടലില്‍ മുങ്ങാന്‍ ഇനി ഏറിയാല്‍ അര മണിക്കൂര്‍ മാത്രം. 

ഞാന്‍ പറഞ്ഞു, “തക്കുടൂ, നിന്നോട് ക്യാമറ കൊണ്ടരാന്‍ പറഞ്ഞത് ഞങ്ങടെ ഫോട്ടോ എടുക്കാനല്ല, നിന്റെ ഫോട്ടോ എടുത്തു കാണിക്കാനാ.”

“അതു ശരിയാ. ആരാ ഇപ്പം അവന്റെ ഫോട്ടോ എടുക്കുക? ക്യാമറ ആരാ ഓപ്പറേറ്റ് ചെയ്യുക?” മൈഥിലി ചോദിച്ചു.

“അതിനൊക്കെ പണീണ്ട് മൈഥിലീ; നോക്കിക്കോ.” തക്കുടുവിന്റെ ക്യാമറയില്‍നിന്ന് വീണ്ടും ലേസര്‍ ബീം വായുവില്‍ ഓടിക്കളിച്ചു. രണ്ടു മിനുട്ടു കഴിഞ്ഞപ്പോള്‍ നിന്നു.

തക്കുടു പറഞ്ഞു, “കൂട്ടുകാരെ എന്റെ ഫോട്ടോ റെഡി. പക്ഷേ അത് ഇന്‍ഫ്രാറെഡ്ഡിലാണ്, നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല.”

“പിന്നെ ആര്‍ക്ക് കാണാനാ?”, മൈഥിലിക്ക് ശുണ്ഠിവന്നു.

“ദേഷ്യപ്പെടല്ലേ, വഴിയുണ്ടാക്കാം. ചുവപ്പുനിറത്തില്‍ ആദ്യം പ്രൊജക്റ്റ് ചെയ്യാം. അതെന്റെ ശരിയായ നിറമല്ല, പക്ഷേ രൂപം കാണാം. ആരും അതുകണ്ട് ഞെട്ടരുത്”, പകുതി തമാശയിലും പകുതി കാര്യത്തിലും ആണ് തക്കുടു പറഞ്ഞത്.

അന്തരീക്ഷത്തില്‍ ഒരു ചുവപ്പ് രൂപം പറന്നുനടന്നു. പിന്നെ പതുക്കെ താഴ്ന്നു വന്നു നിന്നു. എല്ലാരുടേം മുഖത്ത് അന്ധാളിപ്പ്. ആരും ഒന്നും മിണ്ടുന്നില്ല.

“എന്നാലിനി നീല നിറത്തില്‍ കൂടി കണ്ടോളൂ.”

നീല നിറത്തില്‍ അതേ  കാഴ്ച. ഏതാണ്ട് രണ്ടുമീറ്റര്‍ നീളമുള്ള രൂപം. പരന്ന മുഖത്ത് ചെറിയ വായ. കണ്ണില്ല. ചെവികളുടെ സ്ഥാനത്ത് കോണ്‍ ഐസ്ക്രീം പോലത്തെ ഓരോ കൊമ്പ്. അതിനറ്റത്ത് ഓരോ വലിയ, ഉരുണ്ട ഗോട്ടികള്‍. മെലിഞ്ഞു നീണ്ട ദേഹത്തിന് ഇരുവശത്തും നീണ്ട രണ്ട് കൈ. നല്ല വീതിയുള്ള കൈപ്പത്തീം വിരലുകളും. കൈകള്‍ വിടര്‍ത്തുമ്പോള്‍ വലിയ രണ്ടു തോല്‍ച്ചിറകുകള്‍ വിടര്‍ന്നുവരും. വവ്വാലിന്റെ ചിറകുപോലെ അത് കയ്യും ശരീരവുമായി ചേര്‍ത്തിരിക്കുന്നു. അതു വീശി വായുവില്‍ തുഴഞ്ഞുകൊണ്ടാണ് പറക്കുന്നത്. രണ്ടു കുറിയ കാലുകളുടെ അറ്റത്തെ വിരലുകള്‍ താറാവിന്റേതുപോലെ തോലുകൊണ്ട് പരസ്പരം ചേര്‍ത്തിട്ടുണ്ട്.

എല്ലാരുടേം അന്ധാളിപ്പ് കണ്ട് തക്കുടു ഉറക്കെ ചിരിച്ചു.

ആദ്യം പ്രതികരിച്ചത് ദീപുവാണ്. “ഇതൊരു ഡോള്‍ഫിനല്ലേ? ചിറകും കയ്യും കാലും ഉണ്ടെന്നു മാത്രം”, അവന്‍ പറഞ്ഞു.

“ശരിയാ, വര്‍ത്താനം പറയുന്ന ഡോള്‍ഫിന്‍. പക്ഷേ കണ്ണില്ല,” മൈഥിലി കൂട്ടിച്ചേര്‍ത്തു.

“ഡോള്‍ഫിന് ഇരട്ട പങ്കായം പോലത്തെ വാലില്ലേ? തക്കുടൂന് ആ സ്ഥാനത്ത് താറാവിന്റെ പോലത്തെ കാലല്ലേ?” ജോസ് പറഞ്ഞു. 

കൂട്ടുകാരുടെ ഓരോ കമന്റിനും ഒപ്പം തക്കുടുവിന്റെ മണികിലുക്കുന്ന ചിരി കേള്‍ക്കാമായിരുന്നു. മാഷും അമ്മയും ഒന്നും മിണ്ടാതെ കേട്ടിരുന്നു.

തക്കുടു ചോദിച്ചു, “മാലിനിച്ചേച്ചി എന്താ ഒന്നും പറയാത്തെ?”

“എന്തു പറയാനാ കുട്ടീ, നല്ല രസംണ്ട് നിന്നെക്കാണാന്‍.”

ഞാന്‍ പറഞ്ഞു, “ഇവന്‍ പറക്കും പോലെ നമ്മക്കും പറക്കാന്‍  പറ്റും. ഇങ്ങനത്തെ രണ്ടു ചിറകു കിട്ടിയാ മതി.”

“അതു ഞാനുണ്ടാക്കിത്തരാം”, മാഷ് പറഞ്ഞു. “പക്ഷേ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കും മുമ്പ് കുറേപ്പേര്‍ ചിറകും വെച്ചുകെട്ടി ചാടി നടുവൊടിഞ്ഞതാ. അമ്മയോടു ചോദിച്ചിട്ട് ചെയ്താമതി.”

ദില്‍ഷ ആരോടെന്നില്ലാതെ പറഞ്ഞു, “തക്കുടൂന്റെ മുഖത്ത് കണ്ണും ഇല്ല, ചെവീം ഇല്ല. എന്നിട്ടും അവന്‍ കാണുന്നും ഉണ്ട്. കേള്‍ക്കുന്നും ഉണ്ട്. അതെങ്ങനെ സാധിക്കും?”

തക്കുടു ചിരിച്ചു, “എനിക്ക് ദില്‍ഷേപ്പോലെ സുറുമയെഴുതിയ കണ്ണും ലോലാക്കിട്ട ചെവിയും ഒന്നും ഇല്ലെങ്കിലും എനിക്കും ഉണ്ട് കണ്ണും ചെവിയും. ഫോട്ടോയിലേക്ക് ഒന്നു സൂക്ഷിച്ച് നോക്ക്”, പ്രജക്‌ഷന്‍ വീണ്ടും കാണിച്ചുകൊണ്ട് തക്കുടു പറഞ്ഞു  “തലയുടെ ഇരുവശത്തും കോണ്‍ ഐസ്ക്രീം പോലെ ഓരോ സാധനം കാണുന്നില്ലേ, പരന്ന് കനം കുറഞ്ഞ്? അതാണെന്റെ ചെവി. അതിന്റെ അറ്റത്ത് ഓരോ വലിയ ഗോട്ടി കണ്ടോ. അതാണ് കണ്ണ്.”

“ആദ്യം ആ ഗോട്ടികൊണ്ട് എങ്ങനെയാ കാണുന്നത് എന്നു പറ.”

“അതു നിങ്ങടെ കണ്ണുപോലെ തന്നെ. ഒരു വസ്തുവില്‍നിന്നുള്ള വെളിച്ചം നിങ്ങടെ കണ്ണില്‍ വീണാല്‍ അത് കണ്ണിന്റെ റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യപ്പെടും. അതിന്റെ സിഗ്നല്‍ നാഡികളിലൂടെ തലച്ചോറിലെത്തും. അതാണ് കാഴ്ച. നിങ്ങളുടെ കണ്ണിലും ഇന്‍ഫ്രാറെഡ് പ്രകാശം വന്നു വീഴുന്നുണ്ടെങ്കിലും റെട്ടിന മൈന്‍ഡ് ചെയ്യില്ല. എന്റെ കണ്ണ് നേരെ തിരിച്ചാണ്. നിങ്ങള്‍ കാണുന്ന പ്രകാശം എന്റെ കണ്ണില്‍ വന്നു വീണാല്‍ മൈന്‍ഡ് ചെയ്യില്ല. പക്ഷേ ഇന്‍ഫ്രാറെഡ് പ്രകാശം വന്നുവീണാല്‍ പ്രതികരിക്കും. തലച്ചോറിലേക്ക് സിഗ്നല്‍ പോകും. ഞാന്‍ വസ്തുവിനെ കാണും.”

“അതിന് പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഉണ്ടക്കണ്ണെന്തിനാ? ഞങ്ങടെ കണ്ണുപോലെ മുഖത്ത് ഉറപ്പിച്ചാപ്പോരേ?”

“അയ്യോ ദില്‍ഷേ, ഇത് ഞാന്‍ ഫിറ്റ് ചെയ്തതല്ലല്ലോ. ഞങ്ങടെ ലോകത്ത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടു സംഭവിച്ച പരിണാമത്തിലൂടെ ഉണ്ടായി വന്നതല്ലേ?  ഞാന്‍ വിചാരിച്ചാ എടുത്ത് മുഖത്ത് ഫിറ്റു ചെയ്യാന്‍ പറ്റ്വോ?”

“എന്നാ വേണ്ട, അവിടെത്തന്നെ ഇരുന്നോട്ടെ.”

എല്ലാരും ചിരിച്ചു. തക്കുടു പറഞ്ഞു, “ദില്‍ഷേ, നിങ്ങള്‍ മനുഷ്യര്‍ കരയില്‍ ജീവിക്കുന്നവരാണ്. ഓടാനും ചാടാനും ഒക്കെ മുന്നോട്ടു കണ്ടാ മതി. ഞങ്ങള് കരയിലും വെള്ളത്തിലും വായുവിലും ഒക്കെ കഴിയുന്നവരാണ്. എല്ലാ ദിക്കിലേക്കും കാണുന്നതാ സൗകര്യം.”

“ഞങ്ങക്കും അതു മതിയാരുന്നു”, ദീപു പറഞ്ഞു. “എന്നാ ഫുട്ബോള്‍ കളിക്കാന്‍ എന്തു സുഖാരുന്നു. ബോള്‍ എവിടുന്നു വന്നാലും കാണാലോ.”

“ഈ ദീപൂന് എപ്പഴും ഫുട്ബോളിന്റെ വിചാരേ ഉള്ളൂ”, അമ്മ കളിയാക്കി.

മൈഥിലി  പറഞ്ഞു, “തക്കുടു ഇനി വരുമ്പം അങ്ങനത്തെ രണ്ടെണ്ണം കൊണ്ടുവന്ന് ദീപൂന് കൊടുക്കണേ.”

“രണ്ടെണ്ണാക്കണ്ട നാലെണ്ണായ്ക്കോട്ടെ. രണ്ടെണ്ണം യദൂനും കൊടുക്കാലോ”, അന്‍വര്‍മാഷ് റെക്കമന്റ് ചെയ്തു.

“അക്കാര്യം ഞാനേറ്റു. പക്ഷേ അതുപയോഗിക്കാന്‍ പറ്റിയ വിധം തലച്ചോറും മാറ്റേണ്ടിവരും.”

“അതിനെന്താ അതും രണ്ടെണ്ണം കൊണ്ട് പോര്”, മാഷ് പറഞ്ഞു.

‘എനിക്കും വേണമെന്ന്’ ദില്‍ഷ. എല്ലാരുടേം ചിരി അടങ്ങിയപ്പോള്‍ മാഷ് പറഞ്ഞു, “തക്കുടൂ, ഏതു പരിണാമത്തിനും കാരണമായിട്ട് ഒരു സാഹചര്യം വേണമല്ലോ. നിങ്ങടെ കണ്ണ് ഇന്‍ഫ്രാറെഡ് മാത്രം കാണാന്‍ കാരണമെന്താ?”

“അതു മനസ്സിലാക്കാന്‍ എളുപ്പം അല്ലേ മാഷേ. നിങ്ങടെ സൂര്യന്‍  ഏറ്റവും കൂടുതല്‍ പുറത്തുവിടുന്ന പ്രകാശത്തിലാണ് നിങ്ങടെ കണ്ണ് എല്ലാ വസ്തുക്കളേയും കാണുക. അതിനെ നിങ്ങള്‍ ദൃശ്യപ്രകാശം എന്നു വിളിക്കും, അല്ലേ? ഞങ്ങടെ നക്ഷത്രം ഒരു ചൂടുകുറഞ്ഞ ഓറഞ്ചു നക്ഷത്രമാണ്. നിങ്ങളും കാണുന്ന നിറമാണ് ഓറഞ്ച്. പച്ചേം നീലേം ഒന്നും ഞങ്ങടെ നക്ഷത്രത്തില്‍ നിന്നു കാര്യമായി വരുന്നില്ല. അതു കൂടുതല്‍ പുറത്തുവിടുന്നത് ഇന്‍ഫ്രാറെഡ്ഡാണ്. അതുകൊണ്ട് ഇന്‍ഫ്രാറെഡ്ഡില്‍ എല്ലാം കാണാനാണ് ഞങ്ങടെ കണ്ണ് ശീലിച്ചിട്ടുള്ളത്.”

“അതെന്താ നിങ്ങടെ നക്ഷത്രം ഇന്‍ഫ്രാറെഡ് കൂടുതല്‍ പുറത്തുവിടുന്നത്?”, ജോസിനാണ് സംശയം.

“ സൂര്യന്റെ പുറത്തെ ചൂട് 5800 ഡിഗ്രിക്കടുത്താണ്. അതുകൊണ്ട് 400 നാനോമീറ്റര്‍ മുതല്‍ 700 നാനോമീറ്റര്‍ വരെ തരംഗദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശമാണത് കൂടുതല്‍ പുറത്തുവിടുക. ഞങ്ങടെ പാവം നക്ഷത്രത്തിന് 4300 ഡിഗ്രി ചൂടേ ഉള്ളൂ. അതു കൂടുതലും പുറത്തുവിടുക 650 നാനോമീറ്റര്‍ മുതല്‍ 1400 നാനോമീറ്റര്‍ വരെയുള്ള ഇന്‍ഫ്രാറെഡ്ഡാണ്.”

“ഓ എനിക്കെല്ലാം മനസ്സിലായി”, ജോസിന്റെ തമാശ എല്ലാര്‍ക്കും രസിച്ചു.

“ചേച്ചി കളിയാക്കരുതേ, ഞാന്‍ തക്കുടൂനോടൊരു സംശയം ചോദിച്ചോട്ടെ” ,   ദീപു മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ട് ചോദിച്ചു, “നിങ്ങടെ ലോകത്ത് ഫുട്ബോള്‍ കളിയുണ്ടോ? ഈ ഉണ്ടക്കണ്ണ് അതിനു പറ്റിയതാ.”

“ഇല്ല ദീപൂ, ഫുട്ബോളും ഇല്ല വോളീബോളും ഇല്ല, ബാസ്ക്കറ്റ് ബോളും ഇല്ല. കാരണം ഞങ്ങള്‍ പറന്നുനടക്കുന്ന ജീവികളല്ലേ. ഇവിടെ വന്നിട്ടാ ഞാന്‍ ആ കളികളൊക്കെ കാണുന്നത്. പക്ഷേ അതെല്ലാം കൂടി ചേര്‍ന്ന ഒരു വമ്പന്‍ കളിയുണ്ടവിടെ. ഏകദേശം 100 മീറ്റര്‍ വീതം നീളവും വീതിയും ഉയരവുമുള്ള ഒരു ചതുരപ്പെട്ടി പോലത്തെ കോര്‍ട്ടാണതിനു വേണ്ടത്. 100 മീറ്റര്‍ കൃത്യം അല്ല. ഞങ്ങടെ അളവൊക്കെ വേറെയാണല്ലോ. നിങ്ങടെ ബാസ്ക്കറ്റ്ബാള്‍ പോലത്തെ ബോളുകൊണ്ടാണ് കളി. ഒരു ടീമില് 17 പേരുണ്ടാകും.”

“ആണുങ്ങടെ ടീമിലും പെണ്ണുങ്ങടെ ടീമിലും 17 തന്നെയാണോ?” ദില്‍ഷയ്ക്കാണ് സംശയം.

“ഞങ്ങടെ ലോകത്ത് അങ്ങനെ രണ്ടുവീതം ടീമില്ല. ആണും പെണ്ണും ഒന്നിച്ചാണ് കളിക്കുക.”

“അയ്യ! അതെനിക്കിഷ്ടപ്പെട്ടു. ഇനി കളിക്കുന്നതെങ്ങനെയാണെന്നു കൂടി പറ.”

“അതു പറയാം. ചതുരപ്പെട്ടി കോര്‍ട്ടിന്റെ താഴത്തെ ഇടത്തേ മൂലയ്ക്ക് 10 മീറ്റര്‍ വീതം നീളവും  ഉയരവും ഉള്ള ഒരു ഗോള്‍ പോസ്റ്റും, അവിടെ ഒരു ഗോളിയും ഉണ്ടാകും. മറ്റേ ടീമിന്റെ ഗോളിയുള്ളത് കോര്‍ട്ടിന്റെ മുകളിലത്തെ വലത്തേ മൂലയിലാണ്.”

“അവിടെ എങ്ങനയാ, ആകാശത്ത് പറന്നു നില്‍ക്കുമോ?”, ഞാന്‍ ചോദിച്ചു.

“വേണ്ട, നില്‍ക്കാന്‍ ഒരു സ്റ്റാന്‍ഡുണ്ടാകും. പക്ഷേ ഗോളി അധികനേരോം പറന്ന് നടക്ക്വാരിക്ക്വല്ലോ. ഇനി കളീടെ നിയമം അറിയണ്ടേ? ഗോളി മാത്രമേ ബോള്‍ പിടിക്കാന്‍ പാടുള്ളൂ. ബാക്കിയുള്ളോര്‍ക്ക് കൈകൊണ്ടോ തലകൊണ്ടോ തട്ടാനേ പാടുള്ളൂ. ബോള്‍ ചിറകില്‍ കുടുങ്ങിയാലും കാലുകൊണ്ടു തട്ടിയാലും ഫൗളാണ്. ബാക്കി ഫൗള്‍ നിയമങ്ങളൊക്കെ നിങ്ങടെ ഫുട്ബോളിന്റേതുപോലെ തന്നെ.”

‍ഞാന്‍ ചോദിച്ചു, “അപ്പം നിങ്ങടെ ഉണ്ടക്കണ്ണ് എന്ത് ചെയ്യും? അത് ബോളുകൊണ്ടാ പൊട്ടിപ്പോവൂലേ?”

“അതിന് കേടുപറ്റാതിരിക്കാന്‍ സുതാര്യമായ ഹെല്‍മെറ്റ് ഇടും.”

“ശ്ശൊ”, ദില്‍ഷേടെ നിരാശ മുഴുവന്‍ ആ ശബ്ദത്തിലുണ്ടായിരുന്നു. “നമ്മള്‍ പാവങ്ങള്‍, ചിറകില്ലാ ജീവികള്‍. അല്ലെങ്കില്‍ ആണും പെണ്ണും നോക്കാതെ പറന്നുനടന്ന് ബോള്‍ കളിക്കാരുന്നു.”

ആരും ഇക്കുറി ദില്‍ഷയെ പരിഹസിച്ചു ചിരിച്ചില്ല.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “ഇതൊരു ഡോള്‍ഫിനല്ലേ?

  1. എല്ലാ മക്കൾ എല്ലാ ശനിയാഴ്ച്ചയും തക്കുടുവിനെ കേൾക്കാൻ കാത്തിരിക്കുന്നു… നന്ദി ലൂക്ക. പാപ്പൂട്ടി മാഷ്

Leave a Reply

Previous post കൊറോണല്‍ മാസ് ഇജക്ഷന്‍ കണ്ടെത്താന്‍ പള്‍സാര്‍ സിഗ്നലുകള്‍
Next post ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ
Close