ഒരു ഇതിഹാസകാരി ജനിക്കുന്നു – തക്കുടു 25

 

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയഞ്ചാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ


കേൾക്കാം


ഇന്ന് വ്യാഴം. വീട്ടില്‍നിന്നു പോന്നിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഒരു നീണ്ടകാലം കടന്നുപോയ തോന്നല്‍. എന്തൊക്കെ സംഭവങ്ങളാ ഇതിനകം നടന്നത്! വീട്ടിലെത്തി അമ്മയെ കാണാൻ ധൃതിയായി.

അച്ഛനെ രണ്ടു മണിക്കുശേഷം ഡിസ്ചാര്‍ജ് ചെയ്യും എന്നാണ് സുഹൃദ് പറഞ്ഞിരുന്നതെങ്കിലും വിട്ടപ്പോള്‍ ആറുമണിയായി. അച്ഛന്റെ തടവറ സുഹൃത്ത് ഗൗതം ഇടയ്ക്ക് വല്ലാതെ ഛര്‍ദിച്ച് അവശനായതുകൊണ്ട് എല്ലാവരെയും ആറുമണിവരെ നിരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആറുമണിക്ക് പോലീസ് ജീപ്പില്‍ ഞങ്ങളെ ഗസ്റ്റ്ഹൗസില്‍ എത്തിച്ചു. അച്ഛന്‍ നീണ്ട, നരച്ച താടി ഷേവ് ചെയ്ത്, കുളിച്ചു വന്നപ്പോള്‍ ദൈന്യഭാവമെല്ലാം പോയിരിക്കുന്നു. അന്‍വര്‍ മാഷിന്  എന്തൊരു കരുതലാ! അച്ഛനു വേണ്ടി ഒരു പുതിയ ഷര്‍ട്ടും പാന്റ്സും മാഷ് വാങ്ങിവെച്ചിരുന്നു. അതിട്ടപ്പോള്‍ അച്ഛന്‍ പഴയപോലെ സുന്ദരന്‍. കാന്റീനില്‍പോയി ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരിച്ചുവന്നു. ഇനി നന്നായൊന്ന് ഉറങ്ങണം. ഞാനും ദീപൂം കഴിഞ്ഞ രാത്രി ഒരു മണിക്കൂര്‍ ഇരുന്നുറങ്ങിയതാണ്. മാഷ് ഉറങ്ങിയിട്ടേയില്ല.

എല്ലാര്‍ക്കും വെവ്വേറെ കട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ അച്ഛന്റെ കൂടെ പറ്റിച്ചേര്‍ന്നുകിടന്നു. കിടന്നതേ ഓര്‍മയുള്ളൂ , രാവിലെ ഏഴു മണിക്ക് സാന്ദീപ് ഗോറെയുടെയും ഹരീഷ് പാട്ടീലിന്റെയും ഉറക്കെയുള്ള സംസാരം കേട്ടാണ് ഉണര്‍ന്നത്.

പുറത്ത് തോക്കും പിടിച്ച് പോലീസുണ്ട്. മറ്റു സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഞങ്ങള്‍ ചില്ലറക്കാരല്ല എന്നൊരു തോന്നല്‍. പേടിത്തൊണ്ടനായ ഞാന്‍ പോലും വിപ്ലവകാരി ആയിരിക്കുന്നു. ഓര്‍ത്തപ്പോള്‍ ചിരിവന്നു. ശരിക്കുള്ള യോദ്ധാക്കള്‍, തക്കുടുവും കബൂത്തറും ഇപ്പോള്‍ എവിടെയാകും? വെള്ള്യാംകല്ലിലിരുന്ന് വെയില്‍ കായുന്നുണ്ടാകുമോ? അമ്മയോട് ഇന്നലെത്തന്നെ കാര്യങ്ങള്‍ പോയി പറഞ്ഞുകാണും. വായാടി ദില്‍ഷയും മൈഥിലിയും അമ്മയെ ഇന്നലെ ഉറക്കിക്കാണില്ല.

ഗോറെയും പാട്ടീലും അച്ഛനോട് ഏറെനേരം സംസാരിച്ചു. കടുത്ത ഹിന്ദിയിലാണ്. അച്ഛന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവങ്ങളെക്കുറിച്ചാണെന്നു മനസ്സിലായി. ഒടുവില്‍ ‘അതു പുസ്തകമാക്കണം, ഞാന്‍ സഹായിക്കാം.’ എന്നു ഗോറെ പറഞ്ഞത് ഇംഗ്ലീഷിലാണ്. വേഗം ചെയ്യണം എന്നു പാട്ടീലും പറഞ്ഞു. അച്ഛന്‍ ചിരിക്കുകമാത്രം ചെയ്തു. ചെയ്യിക്കാം എന്ന് ഉറപ്പുകൊടുത്തത് മാഷാണ്. 

ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാത്തതുകൊണ്ട് യാത്ര ഫ്ലൈറ്റില്‍ ആക്കിയ കാര്യവും ഗോറെ അറിയിച്ചു. ടിക്കറ്റും മാഷെ ഏല്പിച്ചു. കാശുമുടക്കിയത് ആരാണോ ആവോ? ഒരു മണിക്ക് വിമാനം പുറപ്പെടും. 11 മണിക്ക് സുഹൃദിന്റെ വണ്ടി വരും.

ഗോറെയും പാട്ടീലും പോയിക്കഴിഞ്ഞപ്പോള്‍ ദീപു രംഗം ഏറ്റെടുത്തു. കഴിഞ്ഞ മൂന്നാഴ്ച സംഭവിച്ച കാര്യങ്ങളെല്ലാം – കീചകന്റെ ആക്രമണവും തക്കുടുവിന്റെ വരവും ഞാന്‍ ഹീറോ ആയതും വെള്ള്യാംകല്ല് യാത്രയും ഡോള്‍ഫിനുകളെ താലോലിച്ചതും കബൂത്തറിന്റെയും കവ്വായുടെയും അത്ഭുതവിദ്യകളും മോട്ടോര്‍സൈക്കിള്‍ പറന്നതും അച്ഛനെ കബൂത്തര്‍ കണ്ടെത്തിയതും എല്ലാം, വിശദമായി അവന്‍ അച്ഛനോട് പറഞ്ഞു. അച്ഛന്‍ അത്ഭുതത്തോടെയാണ് അതെല്ലാം കേട്ടിരുന്നത്.

ഒടുവില്‍ മാഷ് പറഞ്ഞു, “ഇതൊന്നും പുറത്തു പറഞ്ഞുകൂട. തക്കുടുവിന്റെ ജീവന്‍ അപകടത്തിലാകും. അതുകൊണ്ട് നമ്മക്ക് വിശ്വസനീയമായ മറ്റൊരു കഥ ഉണ്ടാക്കണം. ആ പണിയും ദീപുവിനെത്തന്നെ ഏല്പിക്കാം. എന്താ ദീപൂ തയ്യാറല്ലേ?”

“അയ്യോ മാഷേ, അതിനുള്ള ഭാവനയൊന്നും എനിക്കില്ല.”

“ഒക്കെ പറ്റും ദീപൂ. ഞാനും സഹായിക്കാം. പത്തര മണിയായി, എല്ലാരും പോകാന്‍ ഒരുങ്ങിക്കോ,” മാഷ് എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

********

 

എനിക്കും ദീപൂനും ആദ്യ വിമാനയാത്രയാണ്. ഞങ്ങള്‍ക്ക് വിന്‍ഡോ സീറ്റു കിട്ടി. വിമാനം നിലംവിട്ടപ്പോള്‍ ഉള്ളൊന്നു കാളി. പിന്നെ, പൂനെ നഗരമാകെ ഇടത്തോട്ടും വലത്തോട്ടും ചെരിയുന്ന കാഴ്ച. വിമാനം കറങ്ങി ദിശമാറുന്നതാണെന്ന് അച്ഛന്‍ പറഞ്ഞു. എന്തൊരു വലുപ്പാ പൂനെ നഗരത്തിന്! നഗരത്തിനപ്പുറം വിശാലമായ പാടങ്ങളും കരിമ്പ് തോട്ടങ്ങളും മാന്തോപ്പുകളും ആണത്രേ. വിമാനം മേഘങ്ങള്‍ക്കു മുകളിലെത്തിയതോടെ താഴെ പഞ്ഞിക്കെട്ടുകള്‍പോലെ മേഘങ്ങള്‍. അവയ്ക്കിടയിലൂടെ ഭൂമിയുടെ പച്ചപ്പ് മിന്നിമായുന്നു. അനേകം കൊച്ചുകൊച്ചു നദികള്‍. അതില്‍ ഒന്നു കുറേ വലുതാണ്. അത് കൃഷ്ണ ആണെന്നു മാഷ് പറഞ്ഞു. എല്ലാം അത്ഭുതത്തോടെ കണ്ടിരുന്നു.

രണ്ടു മണിക്ക് ഭക്ഷണം വന്നു. മൂന്ന് പത്തിന് അനൗണ്‍സ്മെന്റ് : ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വിമാനം ബംഗലൂര്‍ കെംപഗൗഡ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമത്രേ. താപനില 21 ഡിഗ്രിയാണുപോലും. പിന്നെ മേഘങ്ങള്‍ക്കിടയിലൂടെ ഒരു ഊളിയിടല്‍. ബംഗളൂര്‍  നഗരം ചാഞ്ഞും ചെരിഞ്ഞും പിന്നോട്ടു പറക്കുന്നു. ഒരു കുലുക്കത്തോടെ വിമാനം നിലംതൊട്ടപ്പോള്‍ ഉള്ള് വീണ്ടും ഒന്നു കാളി. മുമ്പ് ‘തക്കുടു വിമാന’ത്തില്‍ വെള്ള്യാകല്ലില്‍ പറന്നിറങ്ങിയപ്പോള്‍ ഇങ്ങനെ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല. തക്കുടു പക്ഷേ നിലംപറ്റിയല്ലേ പറന്നത്.

കോഴിക്കോട്ടേയ്ക്കുള്ള വിമാനം പുറപ്പെടാന്‍ 20 മിനുട്ട് വൈകി. അഞ്ചരമണിക്ക് പശ്ചിമഘട്ടം കടക്കുമ്പോള്‍ മേഘങ്ങളധികമില്ല. മനോഹരമായ കാഴ്ച. ആറു മണിക്ക് ലാന്‍ഡിംഗ്. വിമാനത്താവളത്തിനു പുറത്ത് ജോസും അവന്റെ അപ്പച്ചനും കാത്തുനില്‍പുണ്ടായിരുന്നു. ‘ദേവമാതാ ബേക്കറി, മാഹി’ എന്ന്  ഇരുവശത്തും വലിയ അക്ഷരത്തില്‍ എഴുതിയ വാനിലാണ് യാത്ര. അപ്പച്ചന്‍ രസികനാണ്. തനി മാഹി ഭാഷയില്‍ മാഹിക്കഥകള്‍ പറഞ്ഞുകൊണ്ടുള്ള ഒന്നര മണിക്കൂര്‍ യാത്ര രസകരമായിരുന്നു. ജോസിന് മിണ്ടാന്‍ അവസരം പോലും കിട്ടിയില്ല.

വീട്ടിലെത്തിയപ്പോള്‍ വലിയൊരു സംഘം കാത്തിരിപ്പുണ്ട്. എന്റെ കൂട്ടുകാര്‍ കുടുംബസമേതം, എന്റെ ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍, അധ്യാപകര്‍, നൂര്‍ബിനത്താത്തയും മക്കളും മറ്റ് അയല്‍ക്കാരും, അച്ഛന്റെയും അമ്മയുടെയും സഹപ്രവര്‍ത്തകരും യൂണിയന്‍ നേതാക്കളും, പിന്നെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും. എല്ലാരും ടിവിയില്‍ സംഭവങ്ങള്‍ കണ്ടവര്‍.  അച്ഛന്‍ ആദ്യം അമ്മയുടെ അടുത്തുചെന്ന് തോളത്ത് കയ്യിട്ടപ്പോള്‍ അമ്മയ്ക്ക് നാണം വന്നോ? മാഷ് ആ രംഗം മൊബൈലില്‍ പകര്‍ത്തി.

ചെറിയ കുശലാന്വേഷണങ്ങള്‍ക്കുശേഷം, വിശദമായി സംസാരിക്കാന്‍ പിന്നെ വരാം എന്നുപറഞ്ഞ് ഓരോരുത്തരായി പിരിഞ്ഞുപോയി. മറ്റന്നാളു മുതല്‍ പല സംഘടനകളുടെ വക സ്വീകരണങ്ങളാണ്. അതിനുമുമ്പ് കഥയുണ്ടാക്കണം. ദില്‍ഷയെക്കൂടി ദീപുവിനെ സഹായിക്കാന്‍ ഏര്‍പ്പാടാക്കി.  “ഇന്നു രാത്രികൊണ്ട് ചെയ്യണം”, മാഷ് കര്‍ക്കശ നിര്‍ദേശം നല്‍കി.

കബൂത്തര്‍ പെട്ടെന്ന് എവിടെനിന്നോ പറന്നുവന്ന് എന്റെ മടിയില്‍ ഇരുന്നു. കവ്വാ ദീപൂന്റെ മടിയിലും. 

ഞാന്‍ ചോദിച്ചു,  “തക്കുടു എവിടെ?”

കബൂത്തര്‍ പറഞ്ഞു, “ലൈറ്റൊക്കെ ഓഫാക്കിയാ വരും.”

 “ലൈറ്റൊക്കെ ഓഫാക്കി എല്ലാരും അകത്തേക്ക് പോര് ” , അമ്മയുടെ നിർദ്ദേശം. “ഭക്ഷണം കഴിക്കണ്ടേ. മൈഥിലീം ദില്‍ഷേം എന്റെ കൂടെ വാ, ചോറും കറീം കൊണ്ടുവരാന്‍.”

അച്ഛന് പ്രിയപ്പെട്ട വറുത്തരച്ചുവെച്ച അയലക്കറീം മത്തി പൊരിച്ചതും ചീരത്തോരനും പച്ചടീം പപ്പടോം പൊന്നിയരിച്ചോറും മേശപ്പുറത്ത് നിരന്നു. അച്ഛന്‍ പറഞ്ഞു, “ഇതൊക്കെ എനിക്കിപ്പം ഇഷ്ടാവ്വോന്നറിയില്ല. നാലു വര്‍ഷമായി എല്ലാ നേരോം സൂക്കാറോട്ടീം ആലു സബ്ജീം ദാലും മാത്രം കഴിച്ചാ ശീലം.”

ഞാന്‍ പറഞ്ഞു, “അധികം പറയണ്ടച്ഛാ, അമ്മ ഇപ്പം കരയും.”

“അതൊക്കെ പോട്ടെ”, പ്ലേറ്റിലേക്ക് ചോറും കറികളും എടുത്തുകൊണ്ട് മൈഥിലി പറഞ്ഞു. “ഞാനൊരു കഥ പറയാം. ദീപൂം ദില്‍ഷേം മാഷും ഉണ്ടാക്കുന്ന കഥയ്ക്കൊരു ബദല്‍ കഥ. നമ്മുടെ രാജ്യത്തെ ആളുകള്‍ക്ക് യോജിച്ച കഥ. നമ്മക്ക് പൈസേം ഉണ്ടാക്കാം. പറയട്ടേ?”

“പിന്നെന്ത്, ധൈര്യായിട്ട് പറഞ്ഞോളൂ. പൈസ കിട്ടുന്ന കാര്യല്ലേ”, മാഷ് പ്രോത്സാഹിപ്പിച്ചു.

“എന്നാ കേട്ടോ. ആ പ്രേംസാഗര്‍ തന്ത്രശാലിയും ദുഷ്ടനുമായ ഒരസുരന്റെ ജന്മമാണ്. മഹര്‍ഷിയുടെ വേഷംകെട്ടി അയാള്‍ ജനങ്ങളെ കബളിപ്പിച്ചു. യഥാര്‍ഥ ഭക്തിമാര്‍ഗത്തില്‍നിന്ന് അവരെ അകറ്റാന്‍ അയാള്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും അവര്‍ക്കു നല്‍കി. ഒരു വലിയ അസുരപ്പടയുണ്ട് അയാളുടെ സഹായത്തിന് . ചന്തൂം കീചകനും കള്ള സന്യാസീം എല്ലാം അതില്‍പെടും. മയക്കുമരുന്നു വില്പനയെ എതിര്‍ത്തതിന് അവര്‍ ഈശ്വരഭക്തനായ ഉണ്ണിയേട്ടനെ തട്ടിക്കൊണ്ടുപോയി (കൂട്ടച്ചിരി). എന്നിട്ട് ആ കച്ചവടത്തിന്റെ തന്നെ ഭാഗമാക്കി , കഞ്ചാവ് പൊതിയാന്‍. അദ്ദേഹത്തിന്റെ പതിവ്രതയായ പ്രിയപത്നി ശാലിനി തപസ്സനുഷ്ഠിക്കുന്നു. മൂന്നു ദിവസം ഭക്ഷണവും വെള്ളംപോലും ഉപേക്ഷിച്ച് കൊടും തപസ്സ്.”

“പഞ്ചാഗ്നി മധ്യത്തില്‍ വേണോ മൈഥിലീ”, മാഷുടെ പരിഹാസം.

“അതൊന്നും വേണ്ട. മൂന്നാം നാള്‍ തീര്‍ത്തും അവശയായ ചേച്ചിയുടെ മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു – വെറും ശബ്ദരൂപത്തില്‍. എന്തു വരമാണ് വേണ്ടത് എന്നു ചോദിക്കുന്നു. എന്റെ പ്രിയതമനെ രക്ഷിച്ചു നല്‍കിയാല്‍ മാത്രം മതി എന്നവര്‍ പറയുന്നു. (കൂട്ടച്ചിരിയില്‍ അച്ഛനും അമ്മയും പോലും പങ്കുചേര്‍ന്നു.). ശരി, അതു സാധിച്ചിരിക്കും എന്നു മാത്രം പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനാകുന്നു. പിന്നെ ധര്‍മരക്ഷാര്‍ഥം ഒരു ദേവനെ ഭൂമിയിലേക്കയക്കുന്നു. അതാണ് തക്കുടു – അദൃശ്യനായ ദേവന്‍. പിന്നെ നടന്നതെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കാന്‍ ദീപൂനെ ഏല്പിക്കാം.”

കഥ സൃഷ്ടിച്ച ഉദ്വേഗത്തിനിടയ്ക്ക് മാഷ് പറഞ്ഞു, “അങ്ങനെ അതാ ഒരു ഇതിഹാസകാരി ജനിച്ചിരിക്കുന്നു. പക്ഷേ, ഇതുകൊണ്ട് എങ്ങനെയാ മൈഥിലീ പൈസ കിട്ടുക?”

“അതെളുപ്പാ മാഷെ. പുതിയ ദൈവത്തിനായി നമ്മളൊരു ദേവാലയം പണിയുന്നു. കഥ ഒരു നീണ്ട സ്ത്രോത്രരൂപത്തില്‍ രചിച്ച് ഒരു നല്ല ഗായികയെക്കൊണ്ട് പാടിച്ച് റിക്കാര്‍ഡു ചെയ്യുന്നു. അതാണ് എന്നും പ്രഭാത കീര്‍ത്തനം. ക്ഷേത്രത്തിന് സുന്ദരനായ ഒരു പൂജാരിയും വേണം.”

“പൂജാരിണിയാ നല്ലത്”, ജോസിന്റെ പരിഹാസം.

“പോടാ, ഗൗരവമുള്ള കാര്യം പറയുമ്പം… ” മൈഥിലി ശുണ്ഠി അഭിനയിച്ചു.

ദില്‍ഷ ഇടപെട്ടു. “ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തെക്കുറിച്ച് എനിക്കൊരു നിര്‍ദേശമുണ്ട്. ഇളം ചുവപ്പുഛായയുള്ള സുതാര്യമായ സ്പടികം കൊണ്ടുള്ള തക്കുടൂന്റെ രൂപം വേണം. ശ്രീകോവിലിന്റെ അകത്തെ ചുമര്‍ ഇളം ചുവപ്പ് പെയിന്റടിക്കണം. രണ്ട് ഓട്ടുവിളക്ക് കത്തിച്ച വെളിച്ചമേ അതിനകത്തു പാടുള്ളൂ. സൂക്ഷിച്ചു നോക്കിയാലേ വിഗ്രഹത്തെ കാണാന്‍ പാടുള്ളൂ.”

ദീപു പറഞ്ഞു, “പേര് തക്കുടൂന്നൊന്നും പോര. ഇപ്പം ഡിമാന്റ് കേരളത്തില്‍ മതേതര ദൈവത്തിനാ. അന്‍വര്‍മാഷ് ആകണം മുഖ്യ ട്രസ്റ്റി. ഭണ്ഡാരം ഇത്തിരി വലുതായിക്കോട്ടെ. അതും സ്പടികം കൊണ്ടായിക്കോട്ടെ . അതില്‍ പൈസയിട്ടാ ഒരു മിന്നല്‍പ്പിണര്‍ വിഗ്രഹത്തിന്റെ അടിയില്‍നിന്ന് ഉള്ളിലൂടെ പായണം. അതുകണ്ട് ഭക്തജനങ്ങള്‍ അത്ഭുതപരതന്ത്രരാകണം.”

മൈഥിലി പറഞ്ഞു, “മാഷേ, ഞാന്‍ പറഞ്ഞുതീരും മുമ്പേ ഇവർ ഇടപെടുന്നു. പ്രധാന കാര്യം പറഞ്ഞില്ല. നമ്മുടെ പ്രധാന വരുമാനം പ്രത്യേക പൂജകളില്‍ നിന്നാകണം. ഭര്‍ത്താക്കന്മാരെ കാണാതായ ഭാര്യമാര്‍ക്കും ഭാര്യമാരെ കാണാതായ ഭര്‍ത്താക്കന്മാര്‍ക്കും മക്കളെ കാണാതായ രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം പൂജ വേണം. അതിനൊക്കെ ഉചിതമായ സംസ്കൃത പേരുകള്‍ വേണം. ജാതിമത ഭേദമെന്യേ ആര്‍ക്കുവേണ്ടിയും പൂജ നടത്താം. തുടക്കത്തില്‍ ഒരു പൂജയ്ക്ക് ആയിരം രൂപ മതി. പേരെടുത്തു കഴിഞ്ഞാല്‍ അയ്യായിരമോ പതിനായിരമോ ഒക്കെ ആക്കാം. കബൂത്തര്‍ ശ്രമിച്ചാല്‍ ആദ്യത്തെ ഒന്നു രണ്ട് കേസുകള്‍ വിജയിപ്പിക്കാം.  തട്ടിക്കൊണ്ടുപോയ രണ്ടു കുട്ടികളെ കണ്ടെത്തിയാ മതിയല്ലോ. അതിനു സഹായിക്കില്ലേ കബൂത്തര്‍?”

“തക്കുടു സമ്മതിച്ചാല്‍ സഹായിക്കാം.” കബൂത്തറിന്റെ ഗൗരവത്തിലുള്ള മറുപടി ഉയര്‍ത്തിയ പൊട്ടിച്ചിരിക്കിടയില്‍, മുറ്റത്തെ ഇരുട്ടില്‍ നിന്ന് തക്കുടുവിന്റെ  ശബ്ദം ഉയര്‍ന്നു, “ഈ മൈഥിലിയെ ഞാനിന്ന് രാത്രി വെള്ള്യാംകല്ലിലെ കടലില്‍ മുക്കിക്കൊല്ലും, തീര്‍ച്ച.” 

അതോടെ പൊട്ടിച്ചിരി ഒരട്ടഹാസമായി മാറി.

തക്കുടുവിന് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അമ്മ കൊടുത്ത നീല ഷാള്‍ പുതച്ച്, അച്ഛന്റെ തോളത്ത് കയ്യിട്ടുകൊണ്ട് അവന്‍ പറഞ്ഞു, “കഥ എനിക്ക്  ഇഷ്ടപ്പെട്ടു. നിങ്ങടെ ലോകത്ത് ഇതും ഇതിലപ്പുറവും നടക്കും. ദൈവത്തെ വിറ്റ് കാശാക്കാന്‍ നിങ്ങള്‍ ബഹുവിരുതരാണ്. പക്ഷേ, എന്നെ അങ്ങനെ വില്‍ക്കാന്‍ നോക്കണ്ട. ഇത്തരം രക്ഷകരെ തേടുന്ന പണി നിങ്ങള്‍ എന്നു നിര്‍ത്തുന്നുവോ  അന്നേ നിങ്ങള്‍ രക്ഷപ്പെടൂ.”

അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, “കഷ്ടായിപ്പോയി. വ്യാസനോ വാത്മീകിയോ പോലെ ഒരു ഇതിഹാസകാരി ജനിക്കേണ്ടതായിരുന്നു. അതു ചീറ്റിപ്പോയി. കഥാ നായകന്‍ തന്നെ പറ്റില്ലെന്നു പറഞ്ഞാല്‍ എന്തുചെയ്യാനൊക്കും! ഇനി ഇപ്പം എന്തുചെയ്യും? ”

ദില്‍ഷ പറഞ്ഞു, “അതിന് പണീണ്ട് ഉണ്ണിയേട്ടാ. ഒരു പുതിയ സംരംഭം. ലോകത്തെല്ലാരേം നമ്മള്‍ ഞെട്ടിക്കും. ഞാന്‍ കൈ കഴുകി വന്നിട്ട് പറയാം.”

“ഓ, കൈ കഴുകുന്ന കാര്യം മറന്നു.” എല്ലാരും എഴുന്നേറ്റ് വാഷ്ബേസിനടുത്തേക്കു നടന്നു.

തുടരും എല്ലാ ശനിയാഴ്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

Leave a Reply