Read Time:14 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ആറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം 


 

വെള്ള്യാം കല്ലില്‍ പോകാന്‍ വഴിയുണ്ടാക്കാം എന്ന അമ്മയുടെ വാഗ്ദാനം എന്റെ കൂട്ടുകാരെ മുഴുവന്‍ ആഹ്ലാദത്തിലാഴ്ത്തി. പക്ഷേ ‘എങ്ങനെ’ എന്ന ചോദ്യം അവരുടെയെല്ലാം മുഖത്ത് പ്രത്യക്ഷമായിരുന്നു.

അമ്മ പറഞ്ഞു, “നാളെ എന്റെ പിറന്നാളാണ് കുട്ടികളെ. ശരിക്കും ഇന്നു രാത്രി രണ്ടുമണിക്ക്. യദൂന് പോലും അത് അറിയില്ല. ഞാന്‍ എല്ലാരുടേം വീട്ടിലേക്ക് വിളിച്ചുപറയാം, നാളെയേ വരൂന്ന്.”

“പിറന്നാള് ശരിക്കും ഉള്ളതോ, അതോ ഞങ്ങടെ വീട്ടുകാരെ പറ്റിക്കാനോ?”, സംശയം മൈഥിലിക്കാണ്.

“ശരിക്കും ഉള്ളതു തന്നെ. യദൂന്റച്ഛനെ കാണാതായശേഷം ഞാനീ ദിവസം ഓര്‍ക്കാറേയില്ല.”

മാഷ് പറഞ്ഞു, “എന്നാ നമ്മക്കിന്ന് രാത്രി വെള്ള്യാംകല്ലിലിരുന്ന് പിറന്നാളാഘോഷിക്കാം. അമ്മേടെ എത്രാമത്തെ പിറന്നാളാ?”

“മുപ്പത്തെട്ടാമത്തെ.”

എല്ലാവരുടെയും മുഖത്ത് അത്ഭുതം. തലയെല്ലാം നരച്ച് കവിളെല്ലാം ഒട്ടിയ ഈ അമ്മയ്ക്ക് പ്രായം വെറും മുപ്പത്തെട്ടോ!

ഒരു ദൈന്യമായ ചിരിയോടെ അമ്മ പറഞ്ഞു, “നിങ്ങള്‍ വിശ്വസിക്കില്ല എന്നെനിക്കറിയാം. ഉണ്യേട്ടനെ കാണാതായി ഒരാഴ്ചകൊണ്ട് എന്റെ മുടിയെല്ലാം നരച്ചുപോയി. ഉറങ്ങാത്തതുകൊണ്ടാകാം. പിന്നൊരിക്കലും ഞാന്‍ സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. മോന് വേണ്ടി മാത്രാ ജീവിച്ചിരിക്കുന്നെ.”

എനിക്ക് കരച്ചില്‍ വന്നെങ്കിലും കരഞ്ഞില്ല.

“അതൊക്കെ മറക്ക്. ഉണ്യേട്ടനെ നമ്മക്ക് കണ്ടെത്താം. ഇന്ന് നമ്മക്ക് ആഘോഷിക്കാം. ഞാനിനി അമ്മേന്നൊന്നും വിളിക്കില്ല. എന്നെക്കാള്‍ എട്ടു  വയസ്സേ കൂടുതലുള്ളൂ. ഞാനിനി ചേച്ചീന്നേ  വിളിക്കൂ.”

“ഞങ്ങളും ചേച്ചീന്നേ വിളിക്കൂ.” കുട്ടികളെല്ലാം ഒന്നിച്ചു പറഞ്ഞു.

“ചേച്ചീ, ഞാനിന്ന് വന്നത് എത്ര ഭാഗ്യായി!”, തക്കുടൂന്റെ ശബ്ദത്തില്‍ അതിരറ്റ സന്തോഷവും സൗഹൃദവും ഉണ്ടായിരുന്നു.

“നീ വന്നത് ഞങ്ങക്കാ ഭാഗ്യായത്. ഇല്ലെങ്കി ചേച്ചീടെ ജന്മദിനം യദുപോലും അറിയില്ല.”, ദീപുവിന്റെ സ്വരത്തിലും അതേ സന്തോഷം.

മാഷ് പറഞ്ഞു, “എന്നാ ഇനി സമയം കളയണ്ട, നമ്മക്ക് യാത്രയ്ക്ക് ഒരുങ്ങാം. ഞാനൊന്ന് വീട്ടിലോളം പോയ് വരാം.”

“ഞാനും”,  തക്കുടുവും പുറപ്പെട്ടു.

“ക്യാമറ കൊണ്ടരാന്‍ മറക്കല്ലേ”, ഞാന്‍ വിളിച്ചുപറഞ്ഞു.

മാഷും തക്കുടൂം പോയതിനു പിന്നാലെ ദീപും ജോസും പോയി. ജോസിന്റെ അപ്പച്ചന് (അവന്‍ അച്ഛനെ അങ്ങനെയാണ് വിളിക്കുക) മാഹിയില്‍ വലിയ ബേക്കറി ഉണ്ട്. 

നാല് മണിക്ക് അവര്‍ തിരിച്ചെത്തിയത് ഒരു ബാഗു നിറയെ ചിക്കന്‍ റോള്‍, ഉന്നക്കായ, കായവറുത്തത് തുടങ്ങിയ പലഹാരങ്ങളും ഒരു വലിയ കേക്കും ആയിട്ടാണ്. മാഹീന്ന് ബിരിയാണി കഴിച്ചുപോയതുകൊണ്ട് ദിൽഷയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കോയ്യടയും മുട്ടമറിച്ചതും കഴിക്കാന്‍ വയറ്റില്‍ ഇടമില്ലാതെ പോയതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. ‘ദുഷ്ടന്മാര്‍. ദഹിക്കാതെ പോട്ടെ’, എന്നു മാത്രം ശപിച്ചു ദില്‍ഷ.

താമസിയാതെ അന്‍വര്‍മാഷും എത്തി. ഒരു നീലബാഗു നിറയെ കമ്പിളിക്കുപ്പായങ്ങളും തൊപ്പികളും ക്യാമറ, ടോര്‍ച്ച്, ലേസര്‍ ടോര്‍ച്ച് എന്നിവയും.

അപ്പഴാണ് ഒരു വലിയ പരുന്ത് പറന്നുവന്ന് മേശപ്പുറത്തിരുന്നത്. എല്ലാരും ഞെട്ടി എണീറ്റു. രക്ഷപ്പെടാനുള്ള തിടുക്കത്തില്‍ മൈഥിലി കസേര തട്ടിമറിച്ചിട്ടു. തക്കുടൂന്റെ മണികിലുക്കം പോലത്തെ പൊട്ടിച്ചിരി കേട്ടപ്പം എല്ലാരും ചമ്മി.

തക്കുടു പറഞ്ഞു, “മൈഥിലി എഴുന്നേറ്റോടിയതു നന്നായി. ഇല്ലെങ്കി പരുന്ത് റാഞ്ചിക്കൊണ്ടു പോയേനേം.”

പരുന്തിന്റെ നെഞ്ചത്തെ സിപ്പ് തുറന്ന് ഒരു വലിയ ക്യാമറ പുറത്തേക്കുവന്നു. തക്കുടു തുറന്നെടുക്കുന്നത് കാണാന്‍ പറ്റില്ലല്ലോ. 

ഞാന്‍ ചോദിച്ചു, “എന്തിനാ ക്യാമറയ്ക്ക് ഈ പരുന്തുപോലത്തെ കൂട്?”

തക്കുടു പറഞ്ഞു, “അതില്ലാതെ ഈ  ക്യാമറേം കൊണ്ട് ആകാശത്തൂടെ പറന്നാല്‍ ആളുകള്‍ എന്താ വിചാരിക്യ? ഒരു ക്യാമറ തനിച്ചു പറക്കുന്നൂന്നല്ലേ? അവരു പിന്നാലെ പായില്ലെ? പരുന്താകുമ്പം ആര്‍ക്കും ഒരു സംശയോം തോന്നില്ല. പരുന്തിനേം ചേര്‍ത്തുപിടിച്ച് പറന്നത് ഞാനാണെന്നു മാത്രം.”

          കുറേനേരം എല്ലാവരും ക്യാമറ പരിശോധനയില്‍ മുഴുകി. ആര്‍ക്കും ഒരു പിടീം കിട്ടിയില്ല. ആകെ കറുത്ത ഒരു നീണ്ട പെട്ടി. ഒരു ലെന്‍സുപോലും എവിടേം കാണാനില്ല.

“ലെന്‍സില്ലാത്ത ക്യാമറയോ?” ജോസ് അത്ഭുതപ്പെട്ടു.

തക്കുടു പറഞ്ഞു, “ഇതു സാധാരണ ക്യാമറയല്ല. ഹോളോഗ്രാഫിക് ക്യാമറയാണ്. ഹോളോഗ്രാം എന്നു പറഞ്ഞാ എന്തു കുന്ത്രാണ്ടാന്ന് ചോദിക്കാന്‍ ദില്‍ഷയ്ക്ക് മുട്ടുന്നുണ്ടെന്നറിയാം. അത് അന്‍വര്‍മാഷ് പിന്നെ പറഞ്ഞുതരും. വൈറ്റ് ലേസര്‍കൊണ്ട് സ്കാന്‍ ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നുമാത്രം പറയാം. ഒരു ഫോട്ടോ എടുത്തു കാണിക്കുമ്പം മനസ്സിലാകും. എല്ലാരും ഫോട്ടോകള്‍ എടുക്കാന്‍ റെഡിയായിക്കോ.ഗ്രൂപ്പ് ഫോട്ടോ ആണേ. മുറ്റത്താകാം.”

എല്ലാരും ചാടിമുറ്റത്തെത്തി നിരന്നു നിന്നപ്പം നടുക്ക് ജോസാണ്. അവനെ ഉന്തിമാറ്റി ദില്‍ഷ നിന്നു. അവനെ തള്ളി നീക്കി ദീപു വന്നു. ആകെ ഉന്തും തള്ളും ബഹളോം. തക്കുടു ഉള്ളുതുറന്നു ചിരിച്ചു.

ഒടുവില്‍ മാഷ് ഇടപെട്ടു:  “യദൂന്റെ അമ്മേടെ പിറന്നാളാണ്. ആരാ നടുക്കു നില്‍ക്കണ്ടെ?”

മൈഥിലി അമ്മയെ കൊണ്ടുവന്ന് നടുക്കു നിര്‍ത്തി. ഞാനും അവളും ഇരുവശത്തും. ‘ഇനി ആരാന്നു വച്ചാല്‍ നിന്നോളിന്‍’ എന്നൊരു കമന്റും. എല്ലാരും നിരന്നുനിന്നു. മാഷ് ഒരറ്റത്ത്. ഈ സമയത്തെല്ലാം ക്യാമറയില്‍ നിന്ന് ഒരു വെളുത്ത പ്രകാശബീം ഞങ്ങളെ തഴുകി അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതാരിക്കും സ്കാനിംഗ് എന്ന് ഞാന്‍ ഊഹിച്ചു.

ഒടുവില്‍ തക്കുടു പറഞ്ഞു, “ഇനി എല്ലാരും ഇങ്ങോട്ടു പോരൂ. എന്നിട്ട് നിങ്ങള്‍ നിന്ന സ്ഥാനത്തേക്ക് നോക്കിക്കോളൂ.”

ഞങ്ങള്‍ കണ്ട കാഴ്ച വിസ്മയകരമായിരുന്നു. നേരത്തേ  നിന്ന സ്ഥാനത്ത് ഞങ്ങള്‍ ഉന്തും തള്ളും കൂടുന്നതും ഒടുവില്‍ നിരന്നു നില്‍ക്കുന്നതും അതിനിടെ ദീപു കാണിക്കുന്ന ഗോഷ്ടികളും എല്ലാം അതേപോലെ. ശരിക്കും ഞങ്ങള് തന്നെ. ഏഴു ത്രിമാന രൂപങ്ങള്‍. 

ദില്‍ഷ പറഞ്ഞു, “ഫോട്ടോ എടുക്കുന്നതിനു പകരം തക്കുടു നമ്മളെയെല്ലാം ക്ലോണ്‍ ചെയ്തു. ഇപ്പം എല്ലാരും രണ്ടുവീതമുണ്ട്.”

“ഇതാണ് ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ എന്നു പറയുന്നത്. ഭാവിയില്‍ നിങ്ങടെ സിനിമയും ടി.വിയുമെല്ലാം ഇങ്ങനെയാകും. ഇപ്പത്തന്നെ ചെറിയ വസ്തുക്കളുടെ ഹോളോഗ്രാമെടുക്കാന്‍ നിങ്ങടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നുണ്ട്.”

മാഷ് ചോദിച്ചു, “തക്കുടു പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കും നിങ്ങള്‍ക്കു മനസ്സിലായോ? സ്ക്രീനില്ലാത്ത ടെലിവിഷനും സിനിമാതിയേറ്ററും ഒക്കെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ ഒരു കാടിന്റെ നടുക്കും, മുന്നിലും പിന്നിലുമെല്ലാം കാട്ടാനകളും. തിയേറ്ററാണെന്ന കാര്യം മറന്ന് നിങ്ങള്‍ പേടിച്ചലറില്ലേ?”

ഒരു നിമിഷം എല്ലാരും നിശ്ശബ്ദരായി. “അപ്പം ഞാന്‍ സിനിമ കാണാന്‍ പോകില്ല”, ദില്‍ഷ പ്രഖ്യാപിച്ചത് എല്ലാര്‍ക്കും ചിരിക്കാന്‍ വക നല്‍കി.

‘ഞാനവരെ ഒന്നു ചുറ്റി നടന്നു നോക്കട്ടെ’ എന്നു പറഞ്ഞ് ഞാന്‍ നടന്നപ്പോള്‍ എല്ലാരും പിന്നാലെ വന്നു. അമ്മയും മാഷും ഉണ്ടായിരുന്നു കൂടെ. ഇടത്തോട്ടു നീങ്ങിയപ്പം ആ ‘ക്ലോണ്‍ ചെയ്ത’ രൂപങ്ങളുടെ വലതുഭാഗം മാത്രം നന്നായി കാണാം. ഇടത്തേ കവിളും ചെവിയും എല്ലാം കാണാതായി. പിന്നിലെത്തിയപ്പം ഒന്നും കാണാനില്ല.

“അയ്യോ ഓഫാക്കല്ലേ”, ദീപു വിളിച്ചുപറഞ്ഞു. തക്കുടു ഉറക്കെ ചിരിച്ചു. “ഓഫാക്കീട്ടൊന്നുമില്ല.”

ഞങ്ങള്‍ മുന്നില്‍ വന്നു വീണ്ടും നോക്കിയപ്പോള്‍ അവരവിടെത്തന്നെയുണ്ട്. അടുത്തു ചെന്ന് തൊടാന്‍ നോക്കിയപ്പഴല്ലേ തമാശ, അവിടെ ആരുമില്ല. കുട്ടികള്‍ പിന്നേം ചുറ്റും നടന്നുനോക്കി. തക്കുടു ക്യാമറ ഒന്നു ചെരിച്ചപ്പം ആ രൂപങ്ങളെല്ലാം മുകളിലേക്ക് പൊങ്ങി. പിന്നെ അവരെ ചാടിപ്പിടിക്കാനായി ശ്രമം.

“ഇങ്ങനത്തെ ഒരു ക്യാമറ എവിടുന്നാ കിട്ടുക?”, ദില്‍ഷ ചോദിച്ചത് ഗൗരവത്തിലായിരുന്നു.

ജോസിന്റെ ഉത്തരവും ഗൗരവത്തില്‍ത്തന്നെ.

“നിന്റെ എളേപ്പ ദുബായിലല്ലേ? ആടെ കിട്ടും”

“നേരാ മാഷെ, ദുബായില് കിട്ട്വോ?”

കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. മാഷും അമ്മേം പോലും അതില്‍ പങ്കുചേര്‍ന്നു.

മാഷ് പറഞ്ഞു, “ദില്‍ഷേ, അതിന് ഇനീം ഒത്തിരി കാലം പിടിക്കും. ഇപ്പം ലോകത്ത് ചില ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ മാത്രമേ ഹോളോഗ്രാഫിക് ചിത്രങ്ങളെടുക്കാനുള്ള സംവിധാനമുള്ളൂ. പക്ഷേ അതൊരു മുറി നിറയെയുള്ള ഏര്‍പ്പാടാണ്; പഴയകാലത്തെ കമ്പ്യൂട്ടറുകള്‍ പോലെ. കമ്പ്യൂട്ടര്‍ ചെറുതായി പോക്കറ്റിലിടാവുന്ന വലുപ്പത്തിലായില്ലേ? അതുപോലെ ഹോളാഗ്രാഫിക് ക്യാമറയും ചെറുതായി ദില്‍ഷേടെ കയ്യില്‍ എത്തും. ക്ഷമയോടെ കാത്തിരിക്ക്. അല്ലെങ്കില്‍ തക്കുടൂനോട് പറ, ഒന്ന് കൊണ്ടത്തരാന്‍.”

“കൊണ്ടത്തര്വോ തക്കുടൂ?” ദില്‍ഷേടെ നിഷ്ക്കളങ്കമായ ചോദ്യത്തില്‍ തക്കുടൂനും ചിരിപൊട്ടി. അവന്‍ പറ‍ഞ്ഞു, “ഇനി വരുമ്പോഴാകട്ടെ.”

“ഇനി പോയിട്ടെപ്പഴാ വരിക?”

“വേഗം വരാം. അവിടെയെത്താന്‍ 16 കൊല്ലം മതി. തിരിച്ചുവരാനും 16 കൊല്ലം. ചെന്നാല്‍ അഞ്ചുകൊല്ലം എങ്കിലും കഴിയാതെ എന്റെ കുഞ്ഞനിയത്തി വിടൂല. അപ്പം…”

“37 കൊല്ലം! പടച്ചോനേ, അപ്പഴേക്കും ഞാന്‍ ചത്തുപോവൂലേ!”

വീണ്ടും പൊട്ടിച്ചിരി, ബഹളം. അമ്മ പറഞ്ഞു, “നോക്ക് അയല്‍ക്കാരെല്ലാം എത്തിനോക്കുന്നു. പതുക്കെ ചിരിക്ക്. നാലുകൊല്ലായിട്ട് ആരും ചിരിക്കാത്ത വീടാ ഇത്. അവര്‍ക്കെല്ലാം അതിശയാവും.”

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നരേന്ദ്ര ധാബോൽക്കർ-ആനന്ദ്‌ പട്‌വർധന്റെ ഡോക്യുമെന്ററിയുടെ ആദ്യഭാഗം
Next post കോസ്റ്ററിക്കയിലെ വിഷപ്പാമ്പുകൾ
Close