Read Time:21 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിരണ്ടാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


ഞാൻ പറഞ്ഞു,”ഗൾഫിലൊക്കെ കുടിക്കാനും കൃഷി ചെയ്യാനും വെള്ളം എടുക്കുന്നത് കറന്റ് ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിച്ചിട്ടല്ലേ? അത് എല്ലാടത്തും ചെയ്യാലോ . കറന്റ് ആകാശത്ത്ന്ന് ഫ്രീ ആയി കിട്ട്വല്ലോ.  പക്ഷേ കൃഷി ചെയ്യാൻ ഭൂമിക്കെന്തു ചെയ്യും  എന്നെനിക്കറിയില്ല .”

“വെള്ളം ഇഷ്ടം പോലെ ഉണ്ടെങ്കിൽ രാജസ്ഥാൻ മരുഭൂമീലും കൃഷി ചെയ്തൂടേ യദൂ? സഹാറയിലും കൃഷി ചെയ്തൂടേ ?” , ദിൽഷയ്ക്ക് ഇപ്പം ധൈര്യായി.

“കടലിലും കൃഷി ചെയ്തൂടേ

എന്ന് എന്താ ആരും ചോദിക്കാത്തെ?”, തക്കുടു ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.

“പൊട്ടത്തരം പറയല്ലേ തക്കുടു. ഉപ്പുവെള്ളത്തിൽ കൃഷി ചെയ്യേ?”

” നിങ്ങക്ക് കൃഷീന്ന് പറഞ്ഞാ നെല്ലും ഗോതമ്പും തക്കാളീം വെണ്ടേം ഒക്കെ മാത്രാ ദിൽഷേ . നിങ്ങടെ കടലിലും പലതരം സസ്യങ്ങളുണ്ട്. പലതരം പ്ലാങ്ടണുകളുമുണ്ട്. അതാണ് മീനിന്റെ ഭക്ഷണം. “

” അതിപ്പത്തന്നെ ഉണ്ടല്ലോ, ,എന്തിനാ കൃഷി ചെയ്യുന്നെ?”

“അതിനാരും ഇപ്പം പോഷണം നൽകാറില്ലല്ലോ. മഴക്കാലത്ത് നദികളിലൂടെ ഒഴുകിയെത്തുന്ന പോഷണം മാത്രാണ് ആശ്രയം. പകരം വൻകരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഇവ പോഷണം നൽകി കൃഷി ചെയ്യാം. കരയിൽ നിന്ന് ഏതാണ്ട് അമ്പത് കിലോമീറ്റർ ദൂരം വരെ അതു പറ്റും.അപ്പം ധാരാളം മീൻ വിളയും. ബുദ്ധിയുള്ളോര് അങ്ങനെയൊക്കെ ചിന്തിക്കണം . “

” സസ്യ പ്ലാങ്ടൺ കടലിലെ കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് അന്നജവും ഓക്സിജനും നിർമിച്ചു തരും “, മാഷ് കൂട്ടിച്ചേർത്തു. “പക്ഷേ കൃഷിക്ക് സംരക്ഷണം വേണം. ഇന്ത്യക്കാര് കൃഷി ചെയ്തു വളർത്തുന്ന മീൻ പാക്കിസ്ഥാൻ കാരോ ജപ്പാൻകാരോ പിടിച്ചോണ്ടു പോയാൽ എന്തു ചെയ്യും?”

“അതിനുള്ള ഉത്തരം എന്റെ കയ്യിലില്ല. ” തക്കുടു ചിരിച്ചു.

അമ്മ പറഞ്ഞു, “മാനത്ത് ബെൽറ്റുണ്ടാക്കാൻ രാജ്യങ്ങൾക്ക് സഹകരിക്കാമെങ്കിൽ കടൽ ക്കൃഷിക്കും അതു പറ്റൂലേ ? ” .

” ഇതെല്ലാംകൂടി   ചെയ്യിക്കാൻ നിങ്ങൾ അഞ്ചു പേർ മതിയാവ്വോ?” അച്ഛന്റെ പരിഹാസം .

ചിരിയിൽ പങ്കു ചേർന്നുകൊണ്ടു ഞാൻ പറഞ്ഞു ” അച്ഛൻ നോക്കിക്കോ , അതൊക്കെ ഞങ്ങൾ ചെയ്യിക്കും. “

അച്ഛൻ ചോദിച്ചു,”ഇരുമ്പും അലുമിനിയോം ഒക്കെ ഭൂമീല് ഇഷ്ടം പോലെ ഉണ്ട്. പക്ഷേ ഇവിടെ വേണ്ടത്ര ഇല്ലാത്ത, വേഗം തീർന്നുകൊണ്ടിരിക്കുന്ന പല ലോഹങ്ങളും ഉണ്ട്. അതൊക്കെ എവിടുന്നു കൊണ്ടുവരും?”

” ചന്ദ്രനിലും ചൊവ്വേലും ഒക്കെ പോയി കൊണ്ടരും , പറ്റൂലേ തക്കുടു?”, ജോസിലെ വ്യാപാരി ഉണർന്നു.

“ഹായ് , ജോസും സ്വപ്നം കാണാൻ തുടങ്ങി ” , എല്ലാരും കയ്യടിച്ചത് സ്വീകരിച്ചു.

” പറ്റും ജോസേ. ആകാശ ബെൽറ്റിൽ നിന്ന് ഒരു വാഹനത്തിന് പുറത്തേക്കു പോകാൻ താഴേന്ന് പോകുന്നതിന്റെ ഏതാണ്ട് ഏഴിലൊന്ന് ഊർജം മതി. ചന്ദ്രനിൽ ഒരു ഖനി ഉണ്ടെങ്കിൽ വാഹനം അവിടെ ചെന്നാൽ റോബോട്ടുകൾ സാധനം വാഹനത്തിൽ നിറച്ചു തരും. ചന്ദ്രനിൽ നിന്നു തിരിച്ചു കുതിക്കാൻ  ബെൽറ്റിൽ നിന്നു വേണ്ടതിലും മൂന്നിലൊന്ന് ഊർജം മതി. ചൊവ്വയിൽ നിന്നാണെങ്കിൽ ബെൽറ്റിൽ നിന്ന് വേണ്ടതിലും അല്പം കൂടുതൽ ഊർജം വേണം, അത്രേ ഉള്ളൂ. “

അച്ഛൻ പറഞ്ഞു, ” ജോസേ നീയൊരു ഗ്രഹാന്തര ഗുഡ്സ് ട്രാൻ പോർട്ട് കമ്പനി തൊടങ്ങിക്കോ. ഗംഭീരാവും “

“പറ്റും ഉണ്ണിയേട്ടാ . പക്ഷേ ഈ മൈഥിലിയെപ്പോലത്തെ ചെല പ്രകൃതിക്കാര് സമരോം ആയിട്ട് വരുവോന്നാ പേടി. ഇവിടേള്ള മാലിന്യം പോരാഞ്ഞിട്ട് പൊറത്തുന്നും കൊണ്ടരണോന്നും ചോദിച്ചാവും സമരം “

” ഞാൻ എതിർക്കും ഒറപ്പാ ” , മൈഥിലി മുഷ്ടി ചുരുട്ടിപ്പറഞ്ഞു.

” അത് പറഞ്ഞു മനസ്സിലാക്കാൻ ജോസിന് കഴിയില്ലേ?”, തക്കുടു ഇടപെട്ടു. “ആദ്യ ഘട്ട ശുചീകരണം കഴിഞ്ഞല്ലേ നമ്മള് കൊണ്ടു പോരൂ . ബാക്കി പണി സുസ്ഥിര ബെൽറ്റിലല്ലേ? ഭൂമീല് മാലിന്യം എത്തില്ലല്ലോ.

” മാലിന്യം ചൊവ്വേലായാലും ബെൽറ്റിലായാലും മാലിന്യം തന്നെയല്ലേ?”, മൈഥിലി വിടാൻ ഭാവമില്ല.

തക്കുടു ഉറക്കെ ചിരിച്ചു . “പ്രകൃതിക്കെന്ത് മാലിന്യം മൈഥിലീ ! മാലിന്യം ജീവജാലങ്ങൾക്കല്ലേ? ചൊവ്വയിൽ ജീവനില്ലല്ലോ. ബെൽറ്റിലും ജീവികളില്ല. ഫാക്റ്ററികൾ പ്രവർത്തിക്കുമ്പം വിഷവാതകങ്ങളൊക്കെ ഉണ്ടാകും. അതു ബഹിരാകാശത്തേക്ക് പൊയ്ക്കോളും . ദ്രാവകമാലിന്യങ്ങൾ ബാഷ്പീകരിച്ചും പോകും. ഖരമാലിന്യങ്ങൾ എത്ര കാലവും അവിടെ സൂക്ഷിക്കാം. അളവ് വളരെ കൂടുമ്പോൾ വേണങ്കില് സൂര്യനിലേക്ക് തൊടുത്തു വിടാം. അതിന് ചെറിയ റോക്കറ്റ് മതി. “

” ശുദ്ധീകരിക്കാൻ വെള്ളം വേണ്ടേ ? ചൊവ്വേലും ചന്ദ്രനിലും ഒക്കെ വെള്ളം എവിടെ ?”, ദീപൂന് സംശയം.

മാഷാണ് ഇത്തരം പറഞ്ഞത്. “ഓരോ വർഷവും അനേകം ധൂമകേതുക്കൾ സൂര്യനിലേക്ക് വന്നു വീഴുന്നുണ്ട് ദീപു. ചെറിയ ഒന്നിനെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ തിരിച്ചു വിടാൻ നമ്മടെ റോക്കറ്റുകൾക്കു കഴിയും. ധൂമകേതുക്കളിൽ എഴുപതു ശതമാനവും ഐസാണ്. “

” അപ്പം ആ പ്രശ്നോം തീർന്നു. വേണേങ്കി ഒന്നിനെ പിടിച്ചു കൊണ്ടന്ന് ബെൽറ്റിലും കെട്ടാം . ഇനി വല്ല പ്രശ്‌നോം ബാക്കി ഉണ്ടെങ്കില് വേഗം പറ . പണി ഇനി വൈകിച്ചൂട “, അച്ഛന്റെ പരിഹാസം.

“പ്രശ്നം ണ്ട് ഉണ്ണിയേട്ടാ ” , ദീപുവാണ്. “ഭൂമീല് ഓരോ ദിവസോം ഒത്തിരി ഉൽക്കകൾ വീഴുന്നുണ്ടെന്നും അത് ഘർഷണം കാരണം വായുവിൽ കത്തിച്ചാരമാകുന്നതു കൊണ്ടാ നമ്മളൊക്കെ രക്ഷപ്പെടുന്നതെന്നും ഈ അൻവർ മാഷ് ക്ലാസ്സിൽ മുമ്പ് പറഞ്ഞിട്ടുണ്ട്. നമ്മള് ബെൽറ്റില് കൊണ്ടോയി വ്യവസായ ശാല ഉണ്ടാക്കിയാ  ഉൽക്ക വന്നു വീണ് എല്ലാം കത്തിപ്പോവൂലേ ?”

“അതെങ്ങനെ? കത്താൻ വായു വേണ്ടേ ? ഉൽക്കകൾ അധികോം ചെറിയ കൽക്കഷണങ്ങളാ. അവ ഇടിച്ചു തുളയുണ്ടാക്കും. വാതകങ്ങളോ ദ്രാവകങ്ങളോ ഉള്ള ടാങ്കാണെങ്കിൽ ലീക്കാകും. പക്ഷേ അത് റോബോട്ടുകൾ  അടച്ചോളും”

“അയ്യോ മാഷേ , എന്റെ സ്പേസ് ഫുട്ബാൾസ്റ്റേഡിയം ലീക്കായാൽ നമ്മടെ യദൂം ദീപും  ജോസും ഒക്കെ ചത്തുപോവൂലേ?”, ദിൽഷേടെ നിലവിളി.

” അതു സാരല്ല. നമ്മക്ക് പുതിയ കളിക്കാരെ കണ്ടെത്താം “, മൈഥിലി   കൂട്ടച്ചിരിക്ക് തീ കൊളുത്തി.

തക്കുടു പറഞ്ഞു, “ദിൽഷ പേടിക്കണ്ട . ചെറിയ ഉൽക്ക ഒന്നും തുളച്ചു കടക്കാത്ത നല്ല ഗ്രാഫീൻ കവചം തന്നെ നമ്മക്ക് ഉണ്ടാക്കാം. വലിയ ഉൽക്കകളെ ദൂരേന്നേ കണ്ടെത്തി തകർക്കാനുള്ള സംവിധാനോം ഉണ്ടാക്കാം. “

“ഹാവൂ, സമാധാനായി!”,ദീപൂന്റെ കമന്റ്.

” മാഷെ, ഒര് ഐഡിയ ” , ജോസാണ്. “എന്തായാലും നമ്മള് സ്കൈ എസ്കലേറററും ബെൽറ്റും ഉണ്ടാക്കാൻ തീരുമാനിച്ചല്ലോ. ടൂറിസത്തിന് നല്ല സാധ്യതയുണ്ട്. അവിടെ ഒന്നിനും ഭാരം ഇല്ലല്ലോ. അവിടെ കുറച്ച് വിമാനങ്ങൾ നിർത്തിയാൽ എസ്കലേറ്ററിൽ ആളെ എത്തിച്ച് ചുരുങ്ങിയ ചെലവിൽ ബഹിരാകാശ യാത്ര നടത്താം. ഇഷ്ടം പോലെ ആളു വരും. “

” ശൂന്യതയിൽ വിമാനം പറത്താൻ നീയെന്താ ഭരദ്വാജ മഹർഷിയോ ?”

” ഓ , വിമാനത്തിന് പറക്കാൻ വായു വേണംന്ന കാര്യം ഞാൻ മറന്നു മാഷേ. എന്നാ ചെറിയ റോക്കറ്റ് ആയിക്കോട്ടെ . പറ്റൂലേ തക്കുടു?”

“പററും ജോസേ. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന അയോണിക്ക് പ്രൊപൽഷൻ റോക്കറ്റ് മതി. ഞങ്ങടെ ലോകത്തെ വലിയ അഡ്വഞ്ചർ സ്പോർട്സ്കളിൽ ഒന്നാണത്. “

” അതൊക്കെയൊന്ന്  പറഞ്ഞു താ . ഞങ്ങക്കും പറ്റ്വോന്ന് നോക്കട്ടെ .”

” ചിലതു പറ്റും , ചിലത് പറ്റില്ല. നീന്തൽ മത്സരം നിങ്ങക്കുo പറ്റും , പക്ഷേ ഞങ്ങള് പോകുന്നത്രേം ദൂരം പറ്റില്ല. ഞങ്ങൾ വൻകരയിൽ നിന്ന് വിദൂര ദ്വീപുകളിലേക്ക് മാരത്തൺ നീന്തൽ മത്സരം നടത്തും. കടലിന്റെ ആഴത്തിലേക്ക് മുങ്ങൽ മത്സരം നടത്തും. നഗരത്തിൽനിന്ന് നഗരത്തിലേക്ക് പറക്കൽ മത്സരം നടത്തും. “

ജോസ് പറഞ്ഞു,” ഞങ്ങള് ഇപ്പം എവറസ്റ്റ്‌ പോലുള്ള കൊടുമുടികൾ കേറും, കുത്തിയൊഴുകുന്ന നദികളിലൂടെ കയാക്കിംഗ് നടത്തും , സൈക്കിളിൽ ലോകം ചുറ്റും , പാരച്യൂട്ടിൽ വിമാനത്തിൽ നിന്ന് ചാടും . വേറെന്തൊക്കെ പറ്റും?”

” ഞങ്ങടെ ഇപ്പഴത്തെ ഏറ്റവും വലിയ അഡ്വെഞ്ചർ ബഹിരാകാശ യാത്രകളാണ്. ചെലപ്പം ഒരു ക്ലാസ്സിലെ കുറച്ചു കുട്ടികൾ ഒന്നിച്ച്, ചെലപ്പം ഒരു കുടുംബം ഒന്നിച്ച്, നിങ്ങൾ ടൂറിസ്റ്റ് ബസ്സിൽ പോകും പോലെ ഒരു വാഹനം വാടകയ്ക്ക് എടുത്ത് ബെൽറ്റിൽ നിന്ന് കുറച്ച് ദിവസത്തേക്ക് ഒരു സ്പേസ് ടൂറിനു പോകും. കുട്ടികൾക്ക് അതൊരു വലിയ അനുഭവമാണ്. പക്ഷേ ചെറുപ്പക്കാർക്ക് അതൊന്നും മതിയാവില്ല . “

“അവർക്ക് തക്കുടുനെപ്പോലെ

അന്യഗ്രഹങ്ങൾ തേടിപ്പോകാനാവും ഇഷ്ടം, അല്ലേ?”

“അതെ, അതിലേ സാഹസം ഉള്ളൂ. വർഷങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയാണ്. ചെലപ്പം തിരിച്ചെത്തിയില്ലാന്നും വരും. അതുകൊണ്ട് അവർക്ക് ഗംഭീര യാത്രയയപ്പൊക്കെ കൊടുത്താണ് ഞങ്ങൾ വിടുക.”

” പാട്ടും പാടിയുളള മരണം പോലെ, അല്ലേ ?”

“അല്ല, അത് വേറൊരു കൂട്ടർക്കാണ്. ഒരു വലിയ സംഘം പല വാഹനങ്ങളിൽ പുറപ്പെട്ട് പുറത്തു വെച്ച് വാഹനങ്ങൾ കൂട്ടിയിണക്കും. ഒരു ചെറിയ ഗ്രാമത്തോളം വരും അത്. മീൻ വളർത്തുന്ന കുളം പോലും അതിലുണ്ടാകും. തിരിച്ചു വരുംന്ന് ഉറപ്പില്ലാത്ത യാത്രയാണ്. അവരെ ഞങ്ങൾ പാട്ടും പാടി യാത്രയാക്കും. അതിൽ ചില സംഘങ്ങളൊക്കെ ഏതെങ്കിലും വിദൂര നക്ഷത്രങ്ങളുടെ ഗ്രഹങ്ങളിൽ എത്തിപ്പെട്ടതായി പിന്നീട് സന്ദേശം അയയ്ക്കും. ചിലര് കൊറേ വർഷം കഴിഞ്ഞ് തിരിച്ചു വരും. പക്ഷേ മിക്കവർക്കുമത് എന്നെന്നേക്കുമായുള്ള  യാത്രയാവും  . “

“ആകാശ ബെൽറ്റ് പണിതു കഴിഞ്ഞാൽ നമ്മക്ക് പുതിയ ഒര് അഡ്വഞ്ചർ സ്പോർട്സ് പ്രഖ്യാപിക്കണം. ബെൽറ്റിൽ നിന്ന് താഴോട്ട് ചാടുക. പുറത്ത് ഓക്സിജൻ സിലിണ്ടും നല്ല പാരച്യൂട്ടും ഒക്കെ കെട്ടിയാണ് ചാടുക. എങ്ങനെയുണ്ട് ഐഡിയ?”, ചോദ്യം ദീപൂന്റേതാണ്.

മാഷ് പറഞ്ഞു, ” അസ്സലാണ്. നല്ല ഒന്നാം തരം ഓരോ ചാക്ക് ചാരം കിട്ടും ” . കൂട്ടച്ചിരി.

“അതെങ്ങനെ. പാരച്യൂട്ട് കെട്ടീട്ടല്ലേ ചാടുന്നെ?”

” തന്നെ തന്നെ. പക്ഷേ വീഴുന്നത് ശൂന്യതയിലൂടെയാണ്. 36000 കിലോമീറ്റർ. എത്ര കാലം വേണം വായുമണ്ഡലത്തിലെത്താൻ ? എന്താരിക്കും വേഗത ? പാരച്യൂട്ടടക്കം കത്തിപ്പോകും. “

” അതിന് പണീണ്ട് മാഷേ.” തക്കുടു ചിരിച്ചു കൊണ്ടു പറഞ്ഞു. “മൂട്ടിലൊരു റിട്രോ റോക്കറ്റു കൂടി ഫിറ്റ് ചെയ്താ മതി. വേഗത കുറയ്ക്കാം. “

” ആ അതു പറ്റും. അപ്പം അതിനും കാശു വാങ്ങാം. ” ജോസിന്റെ കച്ചവടക്കണ്ണ്. എല്ലാരും കയ്യടിച്ചു.

ദിൽഷ പറഞ്ഞു, ” നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് നമ്മൾ എത്ര സമയാ കളയുന്നെ! ഇനി നമ്മക്ക് എന്തെങ്കിലും നടക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം, അല്ലേ മാഷേ ?”

” ദിൽഷ വർഗ വഞ്ചകി. ഞങ്ങളെയെല്ലാം പറ്റിച്ച് അവൾ പിന്മാറുന്നു”, ദീപു വിളിച്ചു പറഞ്ഞു.

മാഷു പറഞ്ഞു, “അതു ശരിയാ ദിൽഷേ. നിന്നെ വിശ്വസിച്ചല്ലേ ഇവരെല്ലാം ആകാശ പദ്ധതിയിൽ ആവേശം കൊണ്ടത്. നീ ഇങ്ങനെ പിന്മാറാൻ പാടുണ്ടോ?”

” തക്കുടു നമ്മളെ കളിയാക്കുവാ മാഷേ. അല്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും കാണിക്കണ്ടേ?  അല്ലെങ്കി എന്നേം മാഷേം ഒന്നവിടെ കൊണ്ടോയി കാണിക്കാൻ തയ്യാറാകണ്ടേ ?”

ആകെ ബഹളം .

“അപ്പം ഞങ്ങളെന്താ രണ്ടാം കിടക്കാരോ ” : ജോസ്

” അങ്ങനെ ദിൽഷ വല്യ ആളാകണ്ട” : ദീപു

അച്ഛനും അമ്മയും തക്കുടും ചിരിയോടു ചിരി. തക്കുടു പറഞ്ഞു,

“ഞങ്ങടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാനുള്ള അർഹത മനുഷ്യർക്ക് ഇപ്പഴില്ല എന്നു നിങ്ങൾ തന്നെ ഇപ്പം തെളിയിച്ചില്ലേ. നിങ്ങളിപ്പഴും വഴക്കാളികളാണ്. അഡ്വെഞ്ചർ സ്പോർട്സ് കൊണ്ട് എങ്ങനെ കാശുണ്ടാക്കാം , എന്നാ ചിലരുടെ ചിന്ത. “

” അതൊക്കെ ഞങ്ങടെ തമാശയല്ലേ .ഞങ്ങള് പാവങ്ങളല്ലേ തക്കുടു”, മൈഥിലിയാണ്.

“ഇപ്പം നിങ്ങള് പാവങ്ങളാ. പക്ഷേ ഞങ്ങടെ ലോകത്ത് വന്ന് പുതിയ സാങ്കേതികവിദ്യകൾ കൈവശമാക്കിക്കഴിഞ്ഞ് നിങ്ങൾ മാറില്ലെന്ന് ആരു കണ്ടു?”

“ഇല്ല, ഞങ്ങളിനി തക്കുടുവുമായി കൂട്ടില്ല. ഞങ്ങളെ വിശ്വാസം ഇല്ലാത്ത തക്കുടുവുമായി എന്തിനാ കൂട്ടു കൂടുന്നെ ?”, ദിൽഷ ശരിക്കും പിണങ്ങി.

“അയ്യോ ദിൽഷേ പെണങ്ങല്ലേ ” , മാഷിന് ചിരിയടക്കാൻ കഴിഞ്ഞില്ല. “ഭൂസ്ഥിര പഥം മുകളിൽ നിന്ന് മാടി വിളിക്കുന്നു.  വരൂ , സ്പേസ് ഫുട്ബാൾ സ്റ്റേഡിയം പണിയൂ എന്നും പറഞ്ഞ്. ദിൽഷ എന്ന ഗ്രാഫീൻ നാടയാണ് ഞങ്ങടെ ഉറപ്പ് “

മൈഥിലി ചോദിച്ചു, ” മാഷ് ശരിക്കും ഈ തക്കുട്ടൂന്റെ കഥകളിൽ വിശ്വസിക്കുന്നുണ്ടോ ? കേൾക്കാൻ രസംണ്ട് , പക്ഷേ നടക്ക്വോ?”

“അസാധ്യമായതൊന്നും തക്കുടു പറഞ്ഞിട്ടില്ല മൈഥിലീ. പക്ഷേ ഇന്നത്തെ നമ്മടെ സാങ്കേതിക വിദ്യകൊണ്ടു നടക്കില്ല. ആദ്യം നമ്മടെ സംസ്ക്കാരം മാറണം. ഇപ്പം നമ്മടെ ശാസ്ത്രവും സംസ്ക്കാരും എല്ലാം മത്സരത്തെയും യുദ്ധത്തെയും ചുറ്റിപ്പറ്റിയാ . അതു മാറിയാൽ ശാസ്ത്രത്തിന്റെ ദിശ മാറും. അപ്പം ഇപ്പറഞ്ഞതൊക്കെ സാധ്യാകും. അപ്പഴും ദിൽഷേടെ സ്പേസ് ഫുട്ബാൾ സ്വപ്നം സാധിക്കുമോ എന്നെനിക്കറിയില്ല. “

തക്കുടു ദിൽഷേ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു , ” നീ എന്നോടു പിണങ്ങി, ഇല്ലേ. സാരം ല്ല. നിങ്ങൾ മനുഷ്യർ എപ്പഴും പറയുന്ന ഒരു പദം ഇല്ലേ , മനുഷ്യത്തം . അത് നിങ്ങടെ സംസ്ക്കാരത്തിൽ ഇപ്പഴും ഇല്ല. അതുണ്ടാകുന്ന ഒരു കാലം വരും. അപ്പം ഞങ്ങൾ നിങ്ങളെ ഞങ്ങടെ ലോകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോകും. അപ്പം നമ്മളെപ്പോലെ ചിന്തിക്കുന്ന വേറേം ലോകങ്ങൾ നമ്മൾ കണ്ടെത്തും. അത്തരം ഒരു ഗ്രഹാന്തര കൂട്ടായ്മ നമ്മക്ക് സ്വപ്നം കാണാം. ശരി, ഇപ്പം നമ്മക്ക് പിരിയാം. രണ്ടാളു വീതം എന്റെ വിമാനത്തിൽ കേറിക്കോ “. തക്കുടു എഴുന്നേറ്റു . ഞങ്ങളും.

പാതിര കഴിഞ്ഞു കാണും. ചന്ദ്രനില്ല.എന്നിട്ടും കടലിൽ നല്ല വെളിച്ചം. ഡോൾഫിൻ കൂട്ടുകാർ നല്ല ഉറക്കത്തിലാകും. കവ്വായും കബൂത്തറും എല്ലാരുടേം തോളത്ത് മാറി മാറി പറന്നിരുന്ന് യാത്ര പറഞ്ഞു. ഇനി ഉടനൊന്നും കാണില്ല എന്നവർക്കറിയാം.

തക്കുടു ഞങ്ങളെയെല്ലാം വീട്ടിലെത്തിച്ച് തിരിച്ചു പോയി. ഇനി എന്നു വരും എന്നു മാത്രം പറഞ്ഞില്ല. ഞങ്ങൾ ചോദിക്കാനും മറന്നു.

എല്ലാ ആഴ്ച്ചയും തുടരും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം

 

27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി

28 . മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം

29. തക്കുടൂ, നിങ്ങക്കെന്താ പണി ?

30. മാനത്തൊരു സ്റ്റേഡിയം

31. തക്കുടുവിന്റെ ലോകം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒമിക്രോൺ വ്യാപനവും വൈറസ് ഘടനയും
Next post വനിതാദിനം – നൂറ്റാണ്ടിലെ നാൾവഴികൾ
Close