ദീപു പരിപാടിയാകെ പൊളിക്കുന്നു – തക്കുടു 23

 

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
 


കേൾക്കാം


പട്ടാളക്കാരനായ മകനെ യുദ്ധമുന്നണിയിലേക്ക് യാത്ര അയയ്ക്കുന്ന മട്ടിലാണ് എന്നെ അമ്മ അന്‍വര്‍മാഷിനും ദീപൂനും ഒപ്പം യാത്രയാക്കിയത്. ഭാഗ്യത്തിന് അമ്മ കരഞ്ഞില്ല.

ഞാനും ദീപൂം ആദ്യമായാണ് കേരളം വിട്ട് പുറത്തുപോകുന്നത്. രാത്രിയാണ്. ഒന്നും കാണാനില്ല. ഞങ്ങള്‍ വേഗം കിടന്നുറങ്ങി. രാവിലെ എണീറ്റപ്പോള്‍ സയമം ഏഴര. വണ്ടി രത്നഗിരി സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കയാണ്. കഴിക്കാന്‍ പൂരി കിട്ടി. ഇനി പുതിയ നാടുകള്‍ കണ്ടിരിക്കാം. പശ്ചിമഘട്ടം തുരന്നുണ്ടാക്കിയ നീണ്ട തുരങ്കങ്ങളിലൂടെയുള്ള യാത്ര പുതിയ അനുഭവമാണ്. ഓരോ തുരങ്കത്തില്‍ പ്രവേശിക്കുമ്പോഴും കൂവിയാര്‍ക്കുന്ന കുട്ടികളുണ്ട് കമ്പാര്‍ട്ടുമെന്റില്‍. എവിടേയ്ക്കോ ടൂര്‍ പോകുന്ന സ്കൂള്‍കുട്ടികളാണ്. ദീപുവും കൂവുന്നുണ്ട് അവര്‍ക്കൊപ്പം.

ഒരു മണിക്കൂര്‍കൊണ്ട് ചിപ്‌ലൂണ്‍. പിന്നെ നാലരമണിക്കൂര്‍ നിര്‍ത്താതെ ഓട്ടം. ഒരു മണിക്ക് പന്‍വേല്‍. അവിടെ ഇറങ്ങി. അന്‍വര്‍മാഷിന്റെ തമിഴ് സുഹൃത്തിന്റെ ഹോട്ടലില്‍നിന്ന് ശാപ്പാട്. പിന്നെ, ബംഗലൂര്‍ എക്സ്പ്രസ്സില്‍ നേരെ പൂനെയ്ക്ക്. ഇടയ്ക്കൊരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മാഷ് പറഞ്ഞു, ഇതാണ് ലോനാവല- നമ്മുടെ യുദ്ധഭൂമി.

പൂനെ ഗസ്റ്റ്ഹൗസില്‍ സുഹൃദ്‌വര്‍ധന്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നു. ആറു മണിവരെ സമയമുണ്ട്. അതുകൊണ്ട് കുളിച്ചു വൃത്തിയായി നഗരം കാണാനിറങ്ങി. ആദ്യം ആഘാഖാന്‍ പാലസില്‍ പോകാമെന്ന് മാഷ് പറഞ്ഞു. മനോഹരമായ ആ കെട്ടിടം ഗാന്ധിസ്മാരകം കൂടിയാണ്. ഗാന്ധിജിയുടെ ചിതാഭസ്മം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം സന്ദര്‍ശകരുണ്ട്.

ഇനി ഒരിടത്തുകൂടി പോകാന്‍ സമയമുണ്ട്. മാഷ് ചോദിച്ചു, എംപ്രസ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വേണോ രാജീവ്ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് വേണോ‌? ഗാര്‍ഡന്‍ മതി എന്നു ഞങ്ങള്‍ പറഞ്ഞു. അതു നന്നായി. ഇന്നുവരെ കണ്ടിട്ടില്ലാത്ത എത്ര മരങ്ങളും ചെടികളുമാണ്! കാല്‍ഭാഗം കണ്ടപ്പോഴേക്കും ആറുമണിയായി. മാഷ് അറിയിച്ചതുകൊണ്ടാകാം, ആറേകാലിന് സുഹൃദ് എത്തി. പോലീസ് വേഷമൊന്നുമില്ല. മാഷ് ഞങ്ങളെ പരിചയപ്പെടുത്തി. ഹിന്ദിയിലാണ്. ഞങ്ങള്‍ക്ക് ‘കുച്ച് കുച്ച്’ മനസ്സിലായി. പക്ഷേ അദ്ദേഹം ഹിന്ദിയില്‍ എന്തോ തമാശ പറഞ്ഞത് മനസ്സിലായില്ല. പ്രേംസാഗറിനോടു യുദ്ധം ചെയ്യാന്‍ ഇതിലും ചെറിയ കുട്ടികളെയൊന്നും കിട്ടിയില്ലേ എന്നാണത്രേ അദ്ദേഹം ചോദിച്ചത്. നഞ്ചെന്തിനാ നാനാഴി എന്നര്‍ഥം വരുന്ന മറുപടി മാഷും കൊടുത്തു.

ഞങ്ങള്‍ ഒരു പുല്‍ത്തകിടിയില്‍ ഇരുന്നു. സുഹൃദ്‌വര്‍ധന്‍ പറഞ്ഞു, “ഞാന്‍ ഒരു പുതിയ നമ്പര്‍ തരും. അതിലേക്കേ ഇനി എന്നെ വിളിക്കാവൂ. ദയാല്‍സാബിനെ വിളിക്കാനേ പാടില്ല. ഫോണുകള്‍ ചോര്‍ത്തപ്പെടും. ശരിക്കും ഇത് ലോനാവല പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന കേസാണ്. ഞങ്ങള്‍ ഇടപെടാന്‍ പാടില്ലാത്തതാണ്. പക്ഷേ, അവിടത്തെ എസ്സ്.ഐ.മഹര്‍ഷീടെ സ്വന്തം ആളാ. ശരി, ഇനി നിങ്ങടെ പരിപാടി പറയൂ.”

മാഷ് പറഞ്ഞു, “ഞങ്ങള്‍ക്ക് ചില രഹസ്യ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഉണ്ണിയേട്ടന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നാരായണനുണ്ണി മഹര്‍ഷീടെ ഔഷധനിര്‍മാണ യൂണിറ്റിലുണ്ട്. വേറെയും പത്തു മുപ്പതു പേരുണ്ട്. നാളെ രാത്രി പന്ത്രണ്ടുമണിക്കു മുമ്പ് ഉണ്ണിയേട്ടനെ പുറത്തുകടത്താന്‍ ഞങ്ങള്‍ക്കു കഴിയും. എങ്ങനെ എന്നു ചോദിക്കരുത്. പുറത്തെത്തിയാല്‍ സുരക്ഷിതമായി പൂനെയിലെത്തിക്കാന്‍ നിങ്ങടെ സഹായം വേണം.”

“അത്രയേ വേണ്ടൂ? അതു വളരെ നിസ്സാരമായ കാര്യമല്ലേ” സുഹൃദിന്റെ വാക്കുകളില്‍ അല്പം പരിഹാസമുണ്ടായിരുന്നു. “ഇതു പക്ഷേ മല എലിയെ പ്രസവിച്ചപോലായിപ്പോയി. സാരമില്ല. നിങ്ങള്‍ പറയുന്ന സ്ഥലത്തും സമയത്തും ഒരു വാഹനം എത്തിച്ചിരിക്കും.” അല്പം ആലോചിച്ച ശേഷം അദ്ദേഹം തുടര്‍ന്നു, “ദയാല്‍സാബ് നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി ശ്രദ്ധേയമായ എന്തെങ്കിലുമാണ്; ബാലഹത്യ നടത്തി അവയവം വില്ക്കുന്ന, മഹർഷിയെ വിമര്‍ശിക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്ന ആ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒരു സംഭവം. അതിന് എന്ത് റിസ്ക്കും എടുക്കാന്‍ അദ്ദേഹം തയ്യാറാണ്.”

മാഷ് പറഞ്ഞു, “ഞാന്‍ പറഞ്ഞത് ആദ്യഘട്ടം മാത്രമാണ്. ഉണ്ണിയേട്ടനെ രക്ഷപ്പെടുത്തിക്കഴിഞ്ഞാല്‍ നമ്മള്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ മയക്കുമരുന്നു ശേഖരത്തിന് തീയിടും. തീ കെടുത്താന്‍ ഫയര്‍സര്‍വീസ് എത്തുമ്പോള്‍ത്തന്നെ പോലീസും എത്തണം.”

സുഹൃദ് ചിരിച്ചു. അദ്ദേഹം പറഞ്ഞു, “അതിനകത്തു കേറി ആരു തീയിടും? തീയിട്ടാല്‍ത്തന്നെ അതു കെടുത്താനുള്ള ഏര്‍പ്പാടൊക്കെ പ്രേംസാഗര്‍പുരിയില്‍ത്തന്നെയുണ്ട്. പോലീസിന് അങ്ങോട്ടു കടക്കാനാവില്ല. അവര്‍ക്കുതന്നെ സൈന്യമുണ്ട്, യൂണിഫോം ഇല്ലെന്നേയുള്ളൂ. അവിടത്തെ അന്തേവാസികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനേ തീപ്പിടുത്തം ഉപകരിക്കൂ. എല്ലാം ആലോചിച്ച് പ്ലാന്‍ ചെയ്യൂ. ദയാല്‍ സാബ് നാളെ വിളിക്കും.”

ഞങ്ങള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്ന് പുറത്തേക്കു നടന്നു. സുഹൃദ് വര്‍ധന്‍ യാത്രപറഞ്ഞുപോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസിലേക്കു നടക്കാന്‍ തന്നെ തീരുമാനിച്ചു. രാത്രിയിലാണ് പൂനെ നഗരത്തിന്റെ ഭംഗി ശരിക്കും ബോധ്യമായത്.

മാഷ് അല്പം അങ്കലാപ്പിലാണ്. ദയാല്‍സാബിനോട് എന്തു പറയും എന്ന ചിന്ത ആയിരിക്കും. തക്കുടു എന്ന അശരീരി ഉള്ള കാര്യം  പറയാന്‍ പറ്റില്ലല്ലോ. കബൂത്തറിന്റെ കാര്യോം പറയാന്‍ പറ്റില്ല.

പോകുംവഴി ഒരു നല്ല ഇലക്ട്രോണിക്ക് ഷോപ്പ് കണ്ടപ്പോള്‍ മാഷ് അങ്ങോട്ടുകേറി. ഒരു മിനി ക്യാമറ വേണം പോലും. ക്യാമറപെന്‍, ക്യാമറ ബട്ടൺ, ക്യാമറ ലോക്കറ്റ്, ക്യാമറ വാച്ച് എല്ലാം അവിടുണ്ട്. മാഷ് ഒരു ചെറിയ ലോക്കറ്റ് ക്യാമറയും അതു തൂക്കാന്‍ പറ്റുന്ന കുഞ്ഞു ചെയ്നും വാങ്ങി.

“എന്തിനാ പെന്‍ക്യാമറ കൂടാതെ ഈ ലോക്കറ്റ് കൂടി മാഷക്ക്?” പോകുംവഴി ഞാന്‍ ചോദിച്ചു.

“അതൊക്കെ നാളെ കണ്ടോ” എന്നു മാത്രമായിരുന്നു മറുപടി.

പിറ്റേന്നു രാവിലെ ഞങ്ങള്‍ ലോനാവലയിലേക്കു പോയി. അച്ഛനെ പുറത്ത് എത്തിക്കേണ്ട സ്ഥാനം കണ്ടെത്തണം. പ്രേംസാഗറിന്റെ കാണാത്ത പിന്‍വശം കാണണം. അവിടെ വെളിച്ചം കുറഞ്ഞ ഒരു സ്ഥാനത്ത് വേണം അച്ഛനെ ഇറക്കാന്‍. ഞാനും തക്കുടുവും പോയി വേണം അച്ഛനെ എടുത്തുകൊണ്ടുവരാന്‍. അച്ഛന്‍ ടോയ്‌ലറ്റില്‍ പോകുന്ന വഴിക്ക് കബൂത്തര്‍ അച്ഛനെ ബന്ധപ്പെടുമെന്നും രാത്രി പന്ത്രണ്ട് മണിക്ക് ടോയ്‌ലറ്റിനടുത്ത് വീണ്ടും വരാന്‍ പറയണമെന്നും നിശ്ചയിച്ചു.

“കബൂത്തര്‍ എപ്പ വരും?”, ദീപു ചോദിച്ചു.

“ഞാനിവിടുണ്ട്.”, അവന്റെ തോളത്ത് വന്നിരുന്നുകൊണ്ട് കബൂത്തര്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ മരുന്നു നിര്‍മാണശാലയുടെ മതിലിനു തൊട്ടുപിന്നില്‍, രാജ്മാചി ഗ്രാമത്തിലേക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു. കബൂത്തര്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അച്ഛനെ ഇറക്കേണ്ട സ്ഥാനവും രക്ഷാവാഹനം നിര്‍ത്തിയിടേണ്ട സ്ഥാനവും മാഷ് നിര്‍ദേശിച്ചു.

“എന്നാ ഞാന്‍ പോയി തക്കുടൂനോടു പറയാം. തക്കുടു ചിഡിയഘട്ടിലാ ഉള്ളത്. ഞങ്ങള്‍ രാത്രീലെത്തി. തക്കുടൂന്റെ വാഹനത്തിന് ഭയങ്കര സ്പീഡാ.” കബൂത്തര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.

അപ്പഴാണ് ദീപൂന്റെ വായില്‍നിന്ന് ഇടിത്തീപോലൊരു ചോദ്യം ഉയര്‍ന്നത് : “ഇത്രയും വലിയ ഒരു സ്ഥാപനത്തില്‍ സിസിഡി ക്യാമറകളും സിസിഡി ടിവിയും ഇല്ലാതിരിക്കുമോ? തക്കുടു തനിച്ചു പറന്നാല്‍ കാണില്ലെങ്കിലും യദൂനേംകൊണ്ട് അകത്തേക്കു പറക്കുന്നതും അച്ഛനേംകൂട്ടി പുറത്തേക്കു പറക്കുന്നതും ക്യാമറ കാണാതിരിക്കുമോ? ഇപ്പത്തന്നെ അവര്‍ നമ്മളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?”

മാഷ് ഞെട്ടിപ്പോയി. ഇതുവരെ കാണാതിരുന്ന അപകടം. മാഷ് പറഞ്ഞു, “കബൂത്തര്‍ പോകാന്‍ വരട്ടെ. ആദ്യം അകത്തുപോയി എവിടെയൊക്കെ ഒളിക്യാമറയുണ്ട് എന്നു നോക്കിവാ. ഇവിടെ മതിലിനു പുറത്തും ഉണ്ടോന്ന് നോക്ക്.”

കബൂത്തര്‍ അരമണിക്കൂര്‍കൊണ്ട് സര്‍വേ നടത്തി വന്നു. അവന്‍ പറഞ്ഞു, “ഔഷധനിര്‍മാണയൂണിറ്റില്‍ എട്ടു ക്യാമറയുണ്ട്. ഒന്ന് ടോയ്‌ലറ്റിനടുത്താണ്. ബാല്‍വിഹാറിലും ഉണ്ട് എട്ടെണ്ണം. കൊട്ടാരത്തില്‍ പോയില്ല. ഈ മതിലില്‍ ഓരോ വിളക്കുതൂണിനു മുകളിലും ഓരോന്നുണ്ട്. മഹര്‍ഷീടെ കൊട്ടാരത്തിനു പിന്നില്‍, മതിലിനു പുറത്ത് ഒരു നല്ല കാടുണ്ട്. അവിടെ ആരും കാണാത്ത ഒരു ഗേറ്റും പുറത്തേക്ക് റോഡും അവിടെ കൊറേ ക്യാമറകളും ഉണ്ട്. അങ്ങോട്ടാരും പോകണ്ട.”

ഞങ്ങള്‍ രാജ്മാചി റോഡിലൂടെ നടന്നുപോയി കാട് ദൂരേന്ന് കണ്ടു. അപകടമുണ്ടായാല്‍ മഹര്‍ഷിക്ക് രക്ഷപ്പെടാനുള്ള വഴി ആയിരിക്കും അത്. 

മാഷ് പറഞ്ഞു, “പരിപാടിയൊക്കെ പൊളിഞ്ഞെന്നാ തോന്നുന്നെ. ഉണ്ണിയേട്ടനെ മാത്രമായി നമ്മക്ക് രക്ഷപ്പെടുത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. എല്ലാം ഒന്നിച്ചു തകര്‍ത്താലേ നടക്കൂ. പക്ഷേ ഒരു മരണം പോലും സംഭവിക്കരുതെന്ന് തക്കുടൂന് നിര്‍ബന്ധാ.  എനിക്കും മരണം ഒഴിവാക്കണംന്നുണ്ട്. പക്ഷേ അതെങ്ങനെ നടക്കും?”

മാഷ് കുറേ നേരം ഒന്നും മിണ്ടാതെ നടന്നു. കബൂത്തര്‍ ദീപുവിന്റെ തോളത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. വഴി വിജനമാണ്. വെയിലിന് ചൂട് കൂടിക്കൂടി വരുന്നുണ്ട്.

മാഷുടെ ഫോണ്‍ റിംഗ് ചെയ്തു. സുഹൃദ് ആണ്. ചെറിയ സംഭാഷണം. അതു കഴിഞ്ഞ് മാഷ് ഞങ്ങളോടു പറഞ്ഞു, “നമുക്കുടനെ പൂനെയ്ക്ക് തിരിച്ചുപോകണം. നമ്മളെ കാണാന്‍ രണ്ടുപേര്‍ വരും. കബൂത്തര്‍ എവിടെ?”

കബൂത്തര്‍ വീണ്ടും നിരീക്ഷണത്തിനു പോയ്ക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ തിരിച്ചുനടക്കുമ്പോള്‍ അവന്‍ വന്നു. പുതിയ വാര്‍ത്തയുമായിട്ടാണ് വരവ്. ബാല്‍വിഹാറില്‍ എന്തോ വലിയ ചടങ്ങ് നടക്കാന്‍ പോകുന്നു. ഓപ്പണ്‍ സ്റ്റേജിലാണ്. എല്ലാടോം അലങ്കരിക്കുന്നുണ്ട്. കസേരകള്‍ നിരത്തുന്നുണ്ട്. ഒന്നുകില്‍ ഇന്ന് പുതിയ കുട്ടികള്‍ എത്തിച്ചേരുന്നുണ്ട്, അല്ലെങ്കില്‍ ഏതോ കുട്ടികളെ യാത്ര അയയ്ക്കുന്നുണ്ട്.

മാഷ് പറഞ്ഞു, “രണ്ടായാലും നല്ല വാര്‍ത്ത. സമ്മാനമായി നിനക്കിതാ ഒരു മാല.” 

മാഷ് ഇന്നലെ വാങ്ങിയ ലോക്കറ്റ് ക്യാമറയും മാലയും കബൂത്തറിന്റെ കഴുത്തില്‍ ഇട്ടു. ഊരിപ്പോകാത്തവിധം മാല രണ്ടു ചുറ്റാക്കി കുടുക്കിയാണിട്ടത്. എന്നിട്ട് പറഞ്ഞു, “കബൂത്തര്‍കുട്ടാ, ഇതൊരു ക്യാമറയാണ്. ഇതില്‍ എടുക്കുന്ന വീഡിയോ ഞങ്ങള്‍ക്കും കാണാന്‍ പറ്റും. മൂന്നു മണിക്കൂര്‍ റിക്കാഡ് ചെയ്യാം. അത്രയും കമ്പ്യൂട്ടറിലേക്ക് മാറ്റിയാല്‍ വീണ്ടും റിക്കാഡ് ചെയ്യാം. ഞങ്ങളിപ്പോള്‍ പൂനെയ്ക്ക് പോകുന്നു. തിരിച്ചുവരുമ്പോഴേക്കും ബാല്‍വിഹാറിലെ ചടങ്ങുകളുടെയും ഉണ്ണിയേട്ടനുള്ള സ്ഥലത്തെ മുഴുവന്‍ അന്തേവാസികളുടെയും വീഡിയോ തയ്യാറാക്കിയിരിക്കണം.”

മാഷ് തലയിലൊരുമ്മ കൊടുത്ത് അവനെ യാത്രയാക്കി.

ഞങ്ങള്‍ പൂനെ ഗസ്റ്റ്ഹൗസില്‍ എത്തി അര മണിക്കൂറിനുള്ളില്‍ സുഹൃദ് വന്നു. കൂടെ രണ്ട് അപരിചിതരും ഉണ്ട്. ഒരാള്‍ തടിച്ചു കുറുതായ, സന്തുഷ്ട മുഖമുള്ള ആളാണ്. സുഹൃദ് പരിചയപ്പെടുത്തി, “ഇത് സാന്ദീപ് ഗോറേ. ബഡേ സമാചാര്‍ എന്ന ഹിന്ദി വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടറാണ്. ഇദ്ദേഹത്തിന് ഹിന്ദി, മറാത്തി മേഖലയിലും കര്‍ണാടകയിലും വലിയ ബന്ധങ്ങളുണ്ട്. ഇത് ഹരീഷ് പാട്ടീല്‍. അന്ധവിശ്വാസവിരുദ്ധ പ്രസ്ഥാനമായ ചാര്‍വാക ദര്‍ശന്റെ പൂനേയൂനിറ്റ് സെക്രട്ടറിയാണ്. ആള് മെലിഞ്ഞിട്ടാണെന്നതൊന്നും പ്രശ്നമാക്കണ്ട, ആള് ഉഷാറാ. ആളുകളെ സംഘടിപ്പിക്കാന്‍ കേമനാ. അതു മിക്കപ്പോഴും ഞങ്ങള്‍ പോലീസുകാര്‍ക്കെതിരെ ആയിരിക്കുമെന്നുമാത്രം.”

പാട്ടീല്‍ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു, “എന്നാലിനി നമ്മള്‍ക്ക് ഉടന്‍ എന്തൊക്കെ ചെയ്യാനാകും എന്നാലോചിക്കാം. അന്‍വര്‍ സാബ് പറ.”

മാഷ് പറ‍ഞ്ഞു, “ബാല്‍വിഹാറില്‍ ഇന്നെന്തോ വലിയ ചടങ്ങു നടക്കുന്നുണ്ട്. ഒന്നുകില്‍ പുതിയ കുട്ടികള്‍ വരുന്നു, അല്ലെങ്കില്‍ ആരെയോ യാത്രയാക്കുന്നു. എന്തായാലും, എല്ലാ കുട്ടികളുടെയും ഫോട്ടോകള്‍ ഇന്നുതന്നെ നിങ്ങള്‍ക്കു തരാം. അതു കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എല്ലാ അന്തേവാസികളുടെയും ഫോട്ടോ തരാം. അതില്‍ നിങ്ങളുടെ സുഹൃത്തുക്കളും ഉണ്ടാകുമല്ലോ.”

മൂന്നുപേരും അത്ഭുതത്തോടെയും അല്പം അവിശ്വാസത്തോടെയും മാഷെ നോക്കി. ഗോറേ ചോദിച്ചു, “അതെങ്ങനെ പറ്റും? അകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ലല്ലോ.”

മാഷ് പറഞ്ഞു, “എങ്ങനെ എന്നു ചേദിക്കരുത്. നിങ്ങടെ ഇ-മെയില്‍ അഡ്രസ് തരൂ. ഇന്നു രാത്രി ഒമ്പതുമണിക്കുള്ളില്‍ എല്ലാം നിങ്ങടെ കമ്പ്യൂട്ടറില്‍ എത്തിയിരിക്കും.”

“എങ്കില്‍ രാവിലെ അഞ്ചരമണി മുതല്‍, മറ്റു വാര്‍ത്തകള്‍ നിര്‍ത്തിവച്ച്, ആ ചിത്രങ്ങളും വാര്‍ത്തകളും ഇന്ത്യ മുഴുവന്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കും. കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിളിക്കാന്‍ തുടങ്ങും. സര്‍ക്കാര്‍ സമ്മര്‍ദത്തിലാകും. പോലീസിന് ഇടപെടാതിരിക്കാന്‍ കഴിയാതാകും”, ഗോറെ ഉറപ്പിച്ചു പറഞ്ഞു.

“തടവിലാക്കപ്പെട്ട പൊതുപ്രവര്‍ത്തകരുടെ ബന്ധുക്കളും ഞങ്ങടെ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനത്തെ വളയും”, പാട്ടീലും പ്രഖ്യാപിച്ചു.

മഹര്‍ഷി രക്ഷപ്പെടാനിടയുള്ള പിന്നിലെ ഗേറ്റിന്റെ കാര്യം മാഷ് സൂചിപ്പിച്ചു. അതു ഞാന്‍ നോക്കിക്കൊള്ളും എന്ന് സുഹൃദും ഉറപ്പുനല്‍കി. എല്ലാവരും ആവേശത്തോടെ യാത്രപറഞ്ഞു പിരിഞ്ഞു.

ഞങ്ങള്‍ ഗസ്റ്റ് ഹൗസില്‍ നിന്നുതന്നെ ഭക്ഷണം കഴിച്ച് ലോനാവലയിലേക്കു തിരിച്ചുപോയി.

തുടരും എല്ലാ ശനിയാഴ്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

 22. യുദ്ധരംഗത്തേക്ക്

Leave a Reply