Read Time:16 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയാറാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


എല്ലാരും കൈകഴുകി തിരിച്ചു വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു, “എന്നാലിനി ദില്‍ഷേടെ മാന്ത്രികച്ചെപ്പ് തുറക്കൂ.”

ദില്‍ഷ പറഞ്ഞു, “അതേയ്, തക്കുടൂന്റെ ലോകത്ത് എനിക്കിഷ്ടപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. രണ്ടും ഇവിടെ നടപ്പാക്കി ലോകത്തെ ഞെട്ടിക്കണം. അതില്‍ ഒന്ന് അവരുടെ സ്പേസ് ഫുട്ബോളാണ്. കോര്‍ട്ടിന്റെ വലിപ്പം കുറച്ച് കുറയ്ക്കാം. നീളോ വീതീം ഉയരോം നൂറുമീറ്റര്‍ വേണ്ട. 50 മീറ്റര്‍ മതി. താഴെ നല്ല കട്ടീല് പൂഴി ഇടണം. വീണാലും എല്ലൊടിയരുത്. പറക്കാന്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ചിറക് വേണം. അത് തോളില് ഫിറ്റ് ചെയ്താ മതി. ഗോള്‍പോസ്റ്റ് രണ്ടും താഴെത്തന്നെ. അതിന് 10 മീറ്റര്‍ വീതിയും ഉയരവും . എങ്ങനെണ്ട്? ”

“ആ, അതു പറ്റും. വായുവില്‍ പറന്നുള്ള കളി”, ജോസിലെ സംരംഭകന്‍ ഉണര്‍ന്നു. “പുതിയ കളിയുടെ സാധ്യതകളെപ്പറ്റി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാരോടും പറയുന്നു. ‘ലോകത്ത് ആദ്യത്തെ സ്പേസ് ഫുട്ബോള്‍ ക്ലബ് വടകരയില്‍’ എന്നാണ് പോസ്റ്റര്‍. ആദ്യം നമ്മള് സ്വയം പറക്കാന്‍ പഠിക്കുന്നു. അതിന്റെ വീഡിയോ കാണിക്കുന്നു. പിന്നെ മറ്റുള്ളോരെ പറന്നു കളിക്കാന്‍ പഠിപ്പിക്കുന്നു.”

“ദില്‍ഷ തലകുത്തി വീണ് കഴുത്തൊടിയുന്ന ചിത്രം കൂടി കാണിക്കുന്നു.”, ദീപു കൂട്ടിച്ചേര്‍ത്തു.

“നീ പോടാ പേടിത്തൊണ്ടാ. നിന്റെ പഴഞ്ചന്‍ ഫുട്ബോളൊന്നും കാണാന്‍ പിന്നെ ആളുണ്ടാവില്ല.”

മാഷ് ഇടപെട്ടു, “ദില്‍ഷേ ഒരു സംശയം, പുതിയ കളീം കോർട്ടും ഒക്കെ റെഡിയാകാന്‍ പത്ത് പതിനഞ്ച് കൊല്ലം എങ്കിലും എടുക്കും.  ചിറകും  തയ്യാറാക്കണ്ടേ. അപ്പഴേക്കും നിങ്ങളൊക്കെ തടിമാടരായിട്ടുണ്ടാകും. അല്പം വല്യ ചിറകു വേണ്ടിവരും. അതിനു പറ്റിയ ബാറ്ററീം വേണ്ടേ. ഇപ്പഴത്തെ ബാറ്ററിക്കൊക്കെ ഭയങ്കര വെയിറ്റാ. ആദ്യം ഭാരം കുറഞ്ഞ ബാറ്ററീം അതിവേഗത്തില്‍ അടിക്കുന്ന ചെറിയ ചിറകും ഡിസൈന്‍ ചെയ്യണം. പക്ഷിച്ചിറക് പോര. അതിന് നിങ്ങള്‍ ആദ്യം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗും എയറോനോട്ടിക്കൽ എഞ്ചിനീയറിംഗും ഒക്കെ പഠിക്കണം.”

“ചിറക് എത്ര ചെറുതായാലും ഈ തടിയന്മാരെയും തടിച്ചികളെയും പൊക്കാന്‍  ഒരു നാലഞ്ച് മീറ്ററെങ്കിലും വീതി വേണ്ടിവരും. പതിനേഴും പതിനേഴും മുപ്പത്തി നാല് പേര് അമ്പത് മീറ്റര്‍ സ്പേസില്‍ പറക്കുമ്പോള്‍ ചിറകുകള്‍ തമ്മിലടിച്ചു താഴെ വീഴുംന്ന് ഉറപ്പാ. ആംബുലന്‍സ് എന്തായാലും ഓരോ ടീമും കരുതണം,” ഇക്കുറി ജോസിന്റെ വകയാണ് പരിഹാസം.

അച്ഛന്‍ പറഞ്ഞു, “ദില്‍ഷേ, വിട്ടുകൊടുക്കരുത്. ആണും പെണ്ണും ചേര്‍ന്നുള്ള ഫുട്ബോളിനെതിരെ പുരുഷന്മാരുടെ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. തക്കുടു എന്താ ഒന്നും മിണ്ടാത്തെ? ദില്‍ഷയെ ഒന്ന് സഹായിക്ക്.”

തക്കുടുവിന്റെ മണികിലുക്കം പോലത്തെ ചിരിമുഴങ്ങി. അവന്‍ പറഞ്ഞു, “ചിറകു വേണ്ടാന്നുവെക്കാം ദില്‍ഷേ. എല്ലാര്‍ക്കും ഓരോ ചെറിയ റോക്കറ്റ് ഫിറ്റ് ചെയ്യാം. ഇന്ധനം വേണ്ടാത്ത, അയോണിക് പ്രൊപ്പല്‍ഷന്‍ റോക്കറ്റ്. അതിനു പറ്റിയ ഭാരംകുറഞ്ഞ ബാറ്ററി ഉണ്ടാക്കിയാ മതി. അതൊക്കെ നടക്കും ദില്‍ഷേ.”

“എന്നാപ്പിന്നെ എന്തിനാ കോര്‍ട്ടിന്റെ വലുപ്പം കുറയ്ക്കുന്നെ, 100 മീറ്റര്‍ തന്നെ ആയിക്കോട്ടെ”, ഞാനും ചേര്‍ന്നു ദില്‍ഷയോടൊപ്പം.

“ക്യാപ്റ്റന്‍ പറ്റഞ്ഞാപ്പിന്നെ അപ്പീലില്ല”, ദീപൂന്റെ അഭിപ്രായം എല്ലാരും കയ്യടിച്ചു സ്വീകരിച്ചു. ഞാനൊന്ന് ഞെളിഞ്ഞിരുന്നു.

അമ്മ ചോദിച്ചു, “തക്കുടൂന്റെ ലോകത്തെ ഏതോ ഒരു കാര്യംകൂടി നടപ്പാക്കണംന്ന് ദില്‍ഷ പറഞ്ഞില്ലേ, ലോകത്തെ ഞെട്ടിക്കാന്‍. അതെന്താരുന്നു.”

“അതു ചേച്ചീ, പാട്ടുപാടിയുള്ള മരണാ. അതിന് ഇപ്പഴത്തെ നമ്മുടെ ആയുസ്സ് പോര. എഴുപതു വയസ്സാകുമ്പഴയ്ക്കും ഇപ്പം നമ്മളെല്ലാം വയസ്സമ്മാരാകുന്നു. അതു പറ്റൂല. 150 വയസ്സുവരെയെങ്കിലും യുവത്വത്തോടെ ജീവിക്കാൻ പറ്റണം. പിന്നെ ആര്‍ക്കും എപ്പം വേണേങ്കിലും മരിയ്ക്കാം. എല്ലാരും ഒത്തുചേര്‍ന്ന് പാട്ടൊക്കെപ്പാടി, സദ്യയൊക്കെ കഴിച്ച് സന്തോഷത്തോടെ മരണം. സംഗതി നല്ല രസാവും. പക്ഷേ 150 വയസ്സു വരെ യുവത്വം നീട്ടാന്‍ എന്താ ചെയ്യ്യ? മാഷ് പറ, എന്താ ചെയ്യ്യ?”

 മാഷ് ചിരിച്ചു, എല്ലാരും ചിരിച്ചു. ദില്‍ഷ പക്ഷേ വലിയ ഗൗരവത്തിലായിരുന്നു.

മാഷ് പറഞ്ഞു, “അതൊക്കെ സാധിക്കും ദില്‍ഷേ. വൃക്കേം കരളും ഹൃദയോം ഒക്കെ കേടായാല്‍ മാറ്റിവെക്കാന്‍ പറ്റും. അതൊക്കെ സ്റ്റെം സെല്ലുപയോഗിച്ച് വളര്‍ത്തിയെടുക്കാനും പറ്റുംന്നാ പറയുന്നെ. തലച്ചോറിന്റെ കാര്യത്തിലേ പ്രശ്നംള്ളൂ.”

“അതുള്ളവര്‍ക്കല്ലേ മാഷേ പ്രശ്നം. ദില്‍ഷയ്ക്ക് പ്രശ്നാവൂല”, ദീപു തീര്‍ത്തു പറഞ്ഞു.

“നീ പോടാ, ഇവിടെ ഗൗരവം ഉള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പം ഈ പൊട്ടന്റെ ഓരോ… മാഷ് പറ, അതിനെന്താ ചെയ്യ്യ?”

“ദില്‍ഷ ഒരു കാര്യം ചെയ്യ്, ന്യൂറോ സയന്‍സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും പഠിക്ക്. റോക്കറ്റിന്റേം ബാറ്ററീടേം ഒക്കെ കാര്യം ബാക്കിയുള്ളോര് നോക്കട്ടെ.”

“അതെന്താന്ന് ഒന്നു പറഞ്ഞ് താ മാഷെ. പഠിക്കുന്ന കാര്യം ഞാനേറ്റു.”

“ആർടിഫിഷൽ ഇന്റലിജൻസ് എന്താന്നറിയില്ലേ ? കൃത്രിമ ബുദ്ധി , നമ്മടെ കബൂത്തറിനും കവ്വായ്ക്കും ഒക്കെ ഉള്ള സംഗതി. നമ്മുടെ തലച്ചോറിലെ ന്യൂറോണ്‍ ഒക്കെ നശിച്ച് തലച്ചോറ് പണിമുടക്കുമ്പം അതിനെ സഹായിക്കാന്‍ ചില കമ്പ്യൂട്ടർ ചിപ്പുകളൊക്കെ സ്ഥാപിച്ച് ശരിയാക്കണം. അതിന് ആദ്യം തലച്ചോറ് എങ്ങനെയാ പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. അതിനാ ന്യൂറോ സയന്‍സ്. എന്താ പഠിച്ചൂടേ?”

“ഞാന്‍ റെഡി മാഷേ. ദീപൂം കൂടെ വേണം. എടയ്ക്ക് പരീക്ഷിച്ച് നോക്കണ്ടെ?”

ദീപു ചെരിപ്പ് കയ്യിലെടുത്തപ്പം തക്കുടു പറഞ്ഞു, “ക്ഷമിക്ക് ദീപൂ.  ആയുസ്സു വര്‍ധിപ്പിക്കാന്‍ അതൊന്നും വേണ്ട. നിങ്ങളിപ്പം ആധുനിക വൈദ്യം എന്നു പറയുന്ന ചികിത്സാരീതിയില്ലേ, അത് ഒട്ടും ആധുനികമല്ല. കൊറേ രാസവസ്തുക്കള്‍ വയറ്റിലേക്കോ രക്തത്തിലേക്കോ കടത്തിവിടും. അതില്‍ കുറച്ച് എത്തേണ്ടിടത്തെത്തും. ബാക്കി കക്കൂസിലെത്തും. വൃക്കയോ ഹൃദയമോ കേടായാല്‍ ആരെങ്കിലും അപകടത്തില്‍ മരിക്കുന്നതും കാത്തിരിക്കും, മാറ്റിവെക്കാന്‍. പ്രേംസാഗറിനെപ്പോലുള്ളവര്‍ അനാഥക്കുട്ടികളെ കൊന്ന് അവയവം എടുത്ത് വെച്ചു തരും. ഇതെല്ലാം മാറ്റാന്‍ പറ്റണം.”

“എങ്ങനെയെന്നു പറ. എന്നാ ഞാനതു പഠിക്കാം. ദില്‍ഷേ കൂട്ടില്ല.”

“അതു പറ്റില്ല, രണ്ടാളും കൂടി പഠിച്ചാ മതി. എന്താ ചെയ്യണ്ടത് എന്നു പറയാം. ഞങ്ങളുപയോഗിക്കുന്നത് മൈക്രോ റോബോട്ടുകളെയാണ്. ഒരു കുഞ്ഞുറുമ്പിന്റെയോ മൂട്ടയുടെയോ ഒക്കെ വലുപ്പമുള്ള റോബോട്ടുകള്‍. നമ്മടെ രക്തക്കുഴലിലൂടെ നീന്തിപ്പോയി കൃത്യസ്ഥാനത്ത് മരുന്ന് എത്തിക്കും. കൊഴുപ്പടിഞ്ഞ് രക്തക്കുഴലില്‍ ബ്ലോക്കുവന്നാല്‍ അവിടെ പോയി അത് അലിയിച്ചു കളയും. ക്യാന്‍സറോ ട്യൂമറോ കണ്ടാല്‍ തെരഞ്ഞുപിടിച്ചു നശിപ്പിക്കും, അതു തലച്ചോറിനുള്ളിലോ ശ്വാസകോശത്തിലോ എവിടെ ആയാലും. വൃക്കയിലെ അരിപ്പകള്‍ കേടായാലും ശ്വസനനാളി ഇടുങ്ങി ആസ്തമാ പിടിപെട്ടാലും പാന്‍ക്രിയാസിന് കേടുവന്ന് പ്രമേഹം പിടിപെട്ടാലും ഒക്കെ അതു റിപ്പേര്‍ ചെയ്തോളും.”

“എന്റെ മുത്തശ്ശിയെ ശരിയാക്കാന്‍ പറ്റ്വോ?” മൈഥിലീടെ ആകാംക്ഷ നിറഞ്ഞ ചോദ്യം.

“എന്താ നിന്റെ മുത്തശ്ശിക്കു കുഴപ്പം?”

“അള്‍ഷിമേഴ്സ്. പുതിയ കാര്യം ഒന്നും ഓര്‍മേല് നിക്ക്ണില്ല. മരിച്ചുപോയോരോടൊക്കെ വര്‍ത്താനം പറയും. ഞങ്ങടെ പേരെല്ലാം മറക്കും.”

“അതൊക്കെ ശരിയാക്കാം. തലച്ചോറിലെ നശിച്ച സെല്ലുകളൊക്കെ മാറ്റണം. അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിനാപ്സ്കള്‍ക്ക് കേടുപറ്റീട്ടുണ്ടാകും. പ്രോട്ടീന്‍ പ്ലേക്കുകള്‍ വന്നടിഞ്ഞിട്ടുണ്ടാകും. അതും നീക്കണം. മൈഥിലീം പഠിച്ചോ മെഡിക്കല്‍ റോബോട്ടിക്സ്.”

“അപ്പം സ്പേസ് ഫുട്ബോളിന് ആളില്ലാണ്ടായി”, ഞാന്‍ സങ്കടത്തോടെ പറഞ്ഞു. എല്ലാരും ചിരിച്ചു.

ജോസ്  പറഞ്ഞു, “യദു പേടിക്കണ്ട, ഞാനുണ്ട് കൂടെ.”

“അപ്പം എല്ലാം ശരിയായി ” , മാഷ് പറഞ്ഞു. “ഇനി, ആരെയാ നിങ്ങള് ആദ്യം പാട്ടുപാടി പറഞ്ഞയയ്ക്കാന്ന് തീരുമാനിച്ചാ മതി. ഞാനൊരു കാന്‍ഡിഡേറ്റ് ആണേ.”

“പറ്റൂല, പറ്റൂല. ഞങ്ങളുള്ളപ്പഴോ,” അച്ഛനും അമ്മേം ഒന്നിച്ചാ പറഞ്ഞത്. “ നൂറ്റമ്പതൊന്നും വേണ്ട, നൂറു വയസ്സാകുമ്പം റെഡി”, അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

“ അതിലും ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല”, അമ്മേം പറഞ്ഞു.

തക്കുടു ചിരിയോടു ചിരി.

മാഷ് പറഞ്ഞു, “നമ്മക്ക് നറുക്കിടാം. ഇപ്പം ധൃതിയില്ലല്ലോ. ഉണ്ണിയേട്ടാ, സമയം പോയതറിഞ്ഞില്ല. വീട്ടില്‍ അവരെന്നെ കാത്തിരുന്നു മടുത്തിട്ടുണ്ടാകും. എത്ര ദിവസായി വീട്ടിന്ന് പോന്നിട്ട്. അപ്പം ഞാന്‍ പോണു. ദീപൂനേം ദില്‍ഷേനേം ഞാന്‍ കൂടെ കൂട്ടുന്നു. മറ്റന്നാള് ഉണ്ണിയേട്ടന് കഥ വേണ്ടേ? മൈഥിലീടെ കഥ ചീറ്റിപ്പോയല്ലോ. ഞങ്ങളിന്ന് പുതിയ കഥ ഉണ്ടാക്കും. വാ കുട്ട്യളേ.”

ദില്‍ഷ ചാടി എണീറ്റുകൊണ്ടു പറഞ്ഞു, “ഹായ് അതു നന്നായി. സലീമയെ കണ്ടിട്ട് കൊറേ നാളായി. മാഷേ , ഒരു മിനിട്ട്. തക്കുടൂനോട് ഒരപേക്ഷയുണ്ട്. നാളെ രാത്രീല് നമ്മക്ക് ഒന്നുംകൂടി വെള്ള്യാംകല്ലില് പോണം. ഉണ്ണിയേട്ടന്‍ അവിടെ പോയിട്ടില്ലല്ലോ.”

എല്ലാരും കയ്യടിച്ച് അതു സ്വീകരിച്ചു. കവ്വായും കബൂത്തറും ദില്‍ഷേടെ രണ്ടു തോളത്തും പറന്നിരുന്ന് സന്തോഷം അറിയിച്ചു.

തക്കുടു പറഞ്ഞു, “ഞാന്‍ കൊണ്ടുപോകാം, പക്ഷേ ഒരു കാര്യം  ചെയ്യുംന്ന് വാക്കുതരണം. യദുവും ഉണ്ണിയേട്ടനും ചന്തൂന്റെ വീട്ടില്‍ പോണം.  അവരോടിനി നമ്മള്‍ക്കാര്‍ക്കും ശത്രുത ഉണ്ടാവരുത്. ഇനി മുതല്‍ അയാള്‍ ചന്തുവല്ല, ചന്ദ്രശേഖരനാണ്. മകന്‍ ഗണേശനും . അവരിനിയും  മാഫിയാ സംഘത്തില്‍ പെടാതെ നിങ്ങള്‍ നോക്കണം. വേണേങ്കില്‍ സാമ്പത്തിക സഹായോം ചെയ്യണം. ചേച്ചീം അന്‍വര്‍മാഷും കൂടി ഒപ്പം പോകുന്നതു നല്ലതാ.”

കുട്ടികളെല്ലാം അമ്പരന്നുപോയി. അവര്‍ അച്ഛനേം അമ്മയേം മാറിമാറി നോക്കി. വല്ലാത്ത നിശ്ശബ്ദത. ഒടുവില്‍ മറുപടി പറഞ്ഞത് അമ്മയാണ്. “പോകാം. എപ്പഴാ പോവാന്‍ പറ്റ്വാന്ന് മാഷ് പറ.”

മാഷ് പറഞ്ഞു, “ഇന്നു വെള്ളി. മറ്റന്നാള് രാവിലെ പോകാം. അതിനു മുമ്പ് ചന്ദ്രശേഖരനെ ഞാന്‍ വിളിക്കാം. എങ്കില്‍ ഇപ്പം ഞങ്ങള് പോകുന്നു. നാളെ സന്ധ്യക്ക് കാണാം.”

“ശരി, ഞങ്ങളും പോട്ടെ”, കവ്വായാണ് തക്കുടൂനും കബൂത്തറിനും വേണ്ടി യാത്ര പറഞ്ഞത്.

ജോസും മൈഥിലീം പിന്നാലെ യാത്രയായി. ‘മൈഥിലീടെ വീടുവരെ ഞാനും വരാം’ എന്നു പറഞ്ഞ് അച്ഛനും കൂടെ ഇറങ്ങി. 

തുടരും എല്ലാ ആഴ്ച്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post സൂര്യനെ തൊട്ട് പാർക്കർ സോളാർ പ്രോബ്
Next post LUCA TALK – World Logic Day
Close