Read Time:4 Minute

ഡോ.ദീപ.കെ.ജി

ചരിത്രത്തിലാദ്യമായി ഒരു ബഹിരാകാശ പേടകം സൂര്യന്റെ അന്തരീക്ഷത്തിൽ കടന്നിരിക്കുന്നു. മൂന്നു വർഷത്തോളം സൂര്യനെ വലംവച്ചുകൊണ്ടിരുന്ന നാസയുടെ പാർക്കർ സോളാർ പ്രോബ് (Parker Solar Probe) വിജയകരമായി സൂര്യന്റെ മുകളിലെ അന്തരീക്ഷമായ കൊറോണയിലേക്ക് കയറുകയായിരുന്നു. സൂര്യന്റെ പ്രതലത്തക്കാളും നൂറു മടങ്ങ് ചൂടുണ്ട് കൊറോണയിൽ.

സൂര്യനെ കുറിച്ച് പഠിക്കുന്ന പാർക്കർ സോളാർ പ്രോബിന്റെ ഒരു കലാകാരന്റെ ചിത്രീകരണം. കടപ്പാട്: ജോൺസ് ഹോപ്കിൻസ്

കൊറോണയിൽ നിന്നും സ്ഥിരമായി സൗരവാതം (solar wind) എന്നറിയപ്പെടുന്ന ഉയർന്ന ഊഷ്മാവിലും വേഗതയിലുമുള്ള പ്ലാസ്മയുടെ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോൾ ഉപഗ്രഹങ്ങൾക്ക് കേടുപാടുകളും ആശയവിനിമയത്തിന് തടസ്സങ്ങളുമൊക്കെ സൃഷ്ടിക്കുന്നുമുണ്ട്. കൊറോണയിലെ അതിതീവ്രമായ ചൂടിനെ മറികടക്കാൻ നാല് ഇഞ്ച് കട്ടിയുള്ള കാർബൺ സംയുക്തത്തിന്റെ കവചം പേടകത്തിനുണ്ടായിരുന്നു. മണിക്കൂറിൽ 5,00,000 കിലോ മീറ്ററിന് മുകളിലാണ് പാർക്കറിന്റെ വേഗത.

പേടകത്തിൽ ഘടിപ്പിച്ച ഉപകരണങ്ങളുടെ സഹായത്തോടെ സൗരാന്തരീക്ഷത്തെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ് പാർക്കർ. സൂര്യന്റെ കാന്തിക വലയത്തിന്റെ ശക്തി കൊറോണയിൽ കൂടുതലാണ്. ആൽവേയ്ൻ (Alfven) എന്നറിയപ്പെടുന്ന സൂര്യന്റെ അതിർത്തി കണക്കാക്കുവാൻ പാർക്കറിന്റെ ദൗത്യത്തിലൂടെ സാധിച്ചു. 1942-ൽ ഹന്നസ് ആൽവേ എന്ന സ്വീഡിഷ് ഭൗതിക ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലൂടെ സിദ്ധാന്തീകരിക്കപ്പെട്ട ‘സൂര്യന്റെ അതിര്’ എന്ന ആശയത്തെ അന്നു മുതൽ ശാസ്ത്രലോകം കൗതുകത്തോടെ അന്വേഷിക്കുകയായിരുന്നു. സൂര്യന് 13 ദശലക്ഷം കിലോ മീറ്റർ മുകളിലാണ് ആൽവേയ്ൻ അതിർത്തി. ഇത് ഭേദിച്ചാൽ കണികകൾ സൂര്യന്റെ കാന്തികവലയത്തിൽ നിന്നും സ്വതന്ത്രമാണ്. ആൽവേയ്ൻ പ്രതലത്തിൽ ഉയർച്ചകളും താഴ്ചകളും ഉള്ളതായും പാർക്കർ ശേഖരിച്ച ഡാറ്റയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

2020 ജനുവരി 6-ന് പാർക്കർ സോളാർ പ്രോബിന്റെ സ്ഥാനം ചിത്രം കാണിക്കുന്നു. പച്ച ലൈൻ സഞ്ചരിച്ച പാത കാണിക്കുന്നു, ചുവപ്പ് നിറം ആസൂത്രണം ചെയ്ത തുടർന്നുള്ള യാത്രയെ കാണിക്കുന്നു.

15 സോളാർ റേഡിയസ് ദൂരം അടുത്തുവരെ എത്തിയ പാർക്കർ സ്യൂഡോസ്ട്രീമർ എന്നറിയപ്പെടുന്ന, സൂര്യഗ്രഹണ സമയത്തു ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന ഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർക്കറിന് 8.86 സോളാർ റേഡിയസ് വരെ അടുത്തെത്താൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ.സൗരവാതത്തിന്റെ വളഞ്ഞു പുളഞ്ഞുള്ള ഒഴുക്കിനെപ്പറ്റിയും വിശകലനം നടക്കുന്നുണ്ട്. സൂര്യാന്തരീക്ഷത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പാർക്കർ ലഭ്യമാക്കും എന്നാണ് കരുതുന്നത്.

അവലംബം: Phys. Rev. Lett. 127, 255101, 2021


ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

 

 

Happy
Happy
0 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ പ്രധാന ഭാഗമായ പ്രാഥമിക കണ്ണാടി വിടരുന്നു
Next post തക്കുടുവിന്റെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം – തക്കുടു 26
Close