ഗ്രാവിറ്റി – കണ്ടിരിക്കേണ്ട സിനിമ

[author title=”വിജയകുമാർ ബ്ലാത്തൂർ” image=”https://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg”]ശാസ്ത്രലേഖകൻ[/author]

ഒരു ബഹിരാകാശ സ്റ്റേഷന്റെ അശ്രദ്ധ മൂലം ബഹിരാകാശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു… പല ബഹിരാകാശ സ്റ്റേഷനുകളും തകരുന്നു. അപകടത്തിൽ ബാക്കിയാവുന്നത്  നായിക മാത്രം..രക്ഷപെടാൻ യാതൊരു ഒരു മാർഗവും ഇല്ല…കൈയിൽ ഉള്ള ഓക്സിജൻ ആണെങ്കിൽ തീരാറായി.. പക്ഷേ അവിടെ കിടന്നു മരിക്കാൻ നായിക തയ്യാറല്ല… അവളുടെ പരിശ്രമങ്ങളുടെ കഥയാണ് ഗ്രാവിറ്റി പറയുന്നത്…

ഗ്രാവിറ്റി/അൽഫോൺസോ ക്വാറോൺ/2013/യു.കെ.-യു.എസ്./ഇംഗ്ലിഷ് /90 മിനിറ്റ്

[dropcap]2013[/dropcap]ൽ മെക്സിക്കൻ സംവിധായകനായ അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത് പുറത്തിറക്കിയ ത്രിമാന ചലച്ചിത്രമായ ഗ്രാവിറ്റിയിലെ ഏകാന്ത പശ്ചാത്തലം നമുക്ക് അന്യമായൊരിടമാണ്. നിശബ്ദതയുടെ മഹാന്ധകാരം. അതിരുകളില്ലാതെ അനന്ത പ്രപഞ്ചം ഭൂഗുരുത്വാകർഷണമില്ലാതെ, പിടിവിട്ടുപോയാൽ എങ്ങോട്ടേക്കെങ്കിലും ഒഴുകി നഷ്ടപ്പെട്ടുപോകുന്ന ബഹിരാകാശ വിസ്തൃതി. ബഹിരാകാശ സഞ്ചാരിയായ ഡോ.റിയാൻ സ്റ്റോൺ എന്ന സ്ത്രീയുടെ ഏകാന്തതയോളം തീവ്രമായ ഒരവസ്ഥ ഭൂമിയിലൊരാളും ഒരിക്കലും അനുഭവിച്ചിട്ടുണ്ടാവില്ല. ബഹിരാകാശത്തുള്ള ഹബ്ൾ ടെലിസ്കോപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന മെഡിക്കൽ എഞ്ചിനീയറാണവർ, മിഷൻ സ്പെഷലിസ്റ്റായി ആദ്യമായാണവർ സ്പെയിസ് വാക്ക് നടത്തുന്നത്. ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായി ആശയവിനിമയം നടത്തിക്കൊണ്ട് ആഹ്ലാദപൂർവം തന്റെ ജോലികൾചെയ്യുന്ന സ്റ്റോണിനെ കാണിച്ചുകൊണ്ടാണ് ഈ സയൻസ് ഫിക്ഷൻ സിനിമ ആരംഭിക്കുന്നത്. വിദൂരതയിൽ ഭൂമി പശ്ചാത്തലത്തിൽ കാണാം. നിരവധി തവണ ബഹിരാകാശസഞ്ചാരം നടത്തിയിട്ടുള്ള പരിചിത സമ്പന്നനായ മാത്യു കൊവാൾസ്കി അവർക്കൊപ്പം എല്ലാം നിരീക്ഷിച്ചുകൊണ്ട് ചുറ്റിക്കറങ്ങുന്നുണ്ട്. അനറ്റോളി സോളോവീവിന്റെ സ്പെയിസ് വാക്ക് റിക്കോർഡ് ഈ തവണ താൻ തകർക്കുമെന്ന് അയാൾ തമാശയായി പറയുന്നുണ്ട്. വളരെ പ്രായോഗിക ബുദ്ധിയുള്ള കൊവാൾസ്കി സരസ സംഭാഷണപ്രിയൻ കൂടിയാണ്.

കൺട്രോൾ സെന്ററുമായും സ്റ്റോണുമായും അദ്ദേഹം കൈമാറുന്ന സന്ദേശങ്ങളിലൂടെ അദ്ദേഹത്തിന്റെ  ജീവിത വീക്ഷണവും വ്യക്തി ചിത്രവും നമുക്ക് ലഭിക്കുന്നുണ്ട്. വളരെ ലാഘവപൂർവമാണ് പഴയ ബഹിരാകാശ യാത്രകളിലെ ഓർമകൾ അദ്ദേഹം സ്റ്റോണുമായി പങ്കു വെയ്ക്കുന്നത്. “കഴിഞ്ഞതവണ ഞാൻ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുമ്പോൾ എന്റെ  നഗരത്തിനു മുകളിലെത്തുമ്പോൾ താഴേയ്ക്കു നോക്കും. പ്രിയ പത്നി എന്നെ കാത്ത് മുകളിലേക്ക് തന്നെ നോക്കി മുറ്റത്തുണ്ടാവുമല്ലോ എന്നോർത്തുകൊണ്ട്. ” എന്ന് കൊവാൾസ്കി സ്റ്റോണിനോട് പറയുന്നുണ്ട്. ദുഃഖത്തിന്റെ ഇടർച്ചകൾ മറച്ചുവെച്ച് ചിരിച്ചുകൊണ്ട് ബാക്കികൂടി പറയുന്നു. “തിരിച്ച് ഭൂമിയിൽ ഇറങ്ങിയപ്പോഴാണ്  അറിയുന്നത് അവൾ എന്റെ വക്കീലിനൊപ്പം താമസം തുടങ്ങി ” എന്ന്.

അടിയന്തിര സന്ദേശം ലഭിക്കുന്നതോടെ കഥാപശ്ചാത്തിലത്തിന്റെ ശാന്തസൗമ്യത പെട്ടെന്നുമാറി. റഷ്യൻ ചാര ഉപഗ്രഹത്തെ നശിപ്പിക്കാനായി അവർ തന്നെ തൊടുത്ത മിസൈൽ സ്ഫോടനം ബഹിരാകാശത്ത് അനഭിലഷണീയമായ തുടർ സ്ഫോടനങ്ങൾക്ക് കാരണമായിരിക്കുന്നു. തകർന്നുവീഴുന്ന ഉപഗ്രഹക്കഷണങ്ങൾ വെടിയുണ്ട വേഗത്തിൽ സ്പേസ് സേഷനടുത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മിഷൻ അവസാനിപ്പിച്ച് ഉടൻ സ്പെയ്സ് ഷട്ടിലായ എക്സ്പ്ലോററിലേക്ക് തിരിച്ചുകയറാൻ കൊവാൾസ്കി സ്റ്റോണിനോടും കൂടെ ജോലിചെയ്യുന്ന ഷെറിഫിനോടും പറയുന്നു. സാഹചര്യത്തിന്റെ ഗൗരവം കന്നിയാത്രക്കാരിയായ സ്റ്റോണിന് ആദ്യം ബോധ്യമാകുന്നില്ല. അവർ തന്റെ ജോലി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്. കൊവാൾസ്കിയുടെ കർശന ആജ്ഞയെത്തുടർന്ന് അവർ ഹബ്ളുമായുള്ള ബന്ധം വേർപെടുത്തി സ്പേസ് ഷട്ടിലിലേക്ക് കയറും മുമ്പു തന്നെ അപകടം സംഭവിച്ചുകഴിഞ്ഞു. പാഞ്ഞടുത്ത ഡെബ്രിസ് യന്ത്രഭാഗങ്ങൾ തട്ടി ഹബ്ൾ തകർന്നു. സ്പേസ് ഷട്ടിലിനും സാരമായ തകരാർ പറ്റി. എക്സ്പ്ലോററുമായി ബന്ധിപ്പിച്ചു നിർത്തിയ നാടകൾ മുറിഞ്ഞ് സ്റ്റോൺ ശൂന്യതയിലേക്ക് തെന്നിത്തെറിച്ചുപോയി. സ്പേസ് സ്യൂട്ടിനകത്തെ ഓക്സിജൻ കുറഞ്ഞുകൊണ്ടിരുന്നു.  തന്നെ രക്ഷിക്കാനായി സ്റ്റോൺ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരു പ്രതികരണവുമില്ല. ഇരുളിൽ എങ്ങോട്ടെന്നറിയാതെ ഒഴുകിനീങ്ങുന്ന സ്റ്റോണിന്റെ കിതപ്പുകൾ പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കും. അവസാനം കൊവാൾസ്കിയുടെ സന്ദേശങ്ങൾ ലഭിക്കുന്നു. സ്റ്റോണിന്റെ പൊസിഷൻ അറിയിക്കാൻ പറഞ്ഞുകൊണ്ട്. തന്റെ സ്പേസ് വാക്ക് സംവിധാനം ഉപയോഗിച്ച് കൊവാൾസ്കി സ്റ്റോണിനടുത്തെത്തുന്നു. ഒരു മനുഷ്യജീവിയെ വീണ്ടും കണ്ടെത്തുമ്പോൾ ജീവൻ കണ്ടെത്തുമ്പോൾ സ്റ്റോണിന്റെ ആഹ്ലാദം അപാരമായിരുന്നു. തന്നോടൊപ്പം സ്റ്റോണിനെ കൂടി ചേർത്ത് ബന്ധിച്ചുകൊണ്ട് മാന്യൂവൽ പ്രോജക്റ്റൈൽ ഉപയോഗിച്ച് ഓക്സിജനും ഇന്ധനവും തീരും മുമ്പ് സ്പേസ് ഷട്ടിലിലേക്ക് തിരിച്ചെത്താൻ കൊവാൾസ്കി നടത്തുന്ന തീവ്രശ്രമങ്ങളാണ് പിന്നീട് യാത്രയിൽ ഒഴുകിനീങ്ങുന്ന ഷെറിഫിന്റെ ശവശരീരം അവർ കാണുന്നുണ്ട്, സ്പേസ് സ്യൂട്ടിലെ ഹെൽമറ്റ് ഗ്ലാസ് പൊട്ടിപ്പോയതിനെത്തുടർന്ന് തലച്ചോറുപോലും തെറിച്ചു പോയ അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ ശരീരം. സ്പേസ് ഷട്ടിൽ പൂർണമായും തകർന്നിരുന്നു. ഉള്ളിൽ ആരും ജീവനോടെ ബാക്കിയില്ലായിരുന്നു.

വിദൂരതയിലെ ഇന്റർനാഷണൽ സ്പെയിസ് സ്റ്റേഷനിൽ എത്തുകയാണ് ഇനിയുള്ള മാർഗം എന്നു മനസ്സിലാക്കിയ ഇരുവരും അങ്ങോട്ട് പുറപ്പെടുന്നു. അതിനു തൊട്ടടുത്തെത്തും മുമ്പ് തന്നെ കൊവാൾസ്കിയുടെ പ്രൊജക്റ്റെലിന്റെ ഇന്ധനം തീരുന്നു. എങ്കിലും ഉപേക്ഷിക്കപ്പെട്ട സോയൂസ് പേടകത്തിന്റെ പാരച്യൂട്ട് കണ്ണികളിൽ കാലുടക്കി സ്റ്റോൺ രക്ഷപ്പെടുന്നു. അവളുടെ കയ്യിൽ തൂങ്ങിക്കിടക്കുകയാണ്  കൊവാൾസി. രണ്ടുപേരും ഇപ്പോൾ ശൂന്യാകാശത്തേയ്ക്ക് ഊർന്നു വീഴും എന്നു മനസ്സിലാക്കി സ്റ്റോൺ രക്ഷപ്പെടട്ടെ എന്ന ഉദ്ദേശ്യത്തോടെ അവരെ തമ്മിൽ ബന്ധിപ്പിച്ച നാട അയാൾ അഴിച്ചുമാറ്റുന്നു. മരണത്തിലേക്ക് – അനന്തമായ ശൂന്യതയിലേക്ക് ഊർന്നുപോകുകയാണ് താൻ എന്ന് ബോധ്യമുണ്ടായിട്ടും വളരെ പ്രസന്നതയോടെ സ്റ്റോണിന് അതിജീവനത്തിനുള്ള പാഠങ്ങൾ സന്ദേശങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. ഐ.എസ്.എസ്സിൽ കേടായ സോയൂസ് ഉപയോഗിച്ച് ഭൂമിയിലേക്ക് തിരിച്ചിറങ്ങാനാവില്ലെങ്കിലും തൊട്ടടുത്തുള്ള ചൈനയുടെ സ്പേസ് സ്റ്റേഷനിലെത്താനുള്ള ഇന്ധനം അതിലുണ്ടാകുമെന്നറിയിക്കുന്നു.

സാഹസികമായി സോയൂസിനകത്ത് കയറിക്കൂടുന്നുണ്ട് സ്റ്റോൺ. ഇതിനിടയിൽ ഐ.എസ്.എസ്സി നും തീപിടിക്കുന്നു. കൊവാൾസ്കിയുടെ സന്ദേശങ്ങളും നിലച്ചുകഴിഞ്ഞു. രക്ഷപ്പെടാനായി സോയൂസിനെ ഐ.എസ്.എസ്സിൽ നിന്നും വേർപെടുത്തിയെങ്കിലും അതിന്റെ പാരച്യൂട്ട് നാടകൾ മറ്റുയന്ത്ര ഭാഗങ്ങളിലുടക്കിക്കളഞ്ഞു. സ്റ്റോൺ സോയൂസിന് പുറത്തിറങ്ങി ജീവൻ പണയപ്പെടുത്തി പാരചൂട്ട് നാടകൾ അഴിച്ചുമാറ്റുന്നതിനിടയിൽ വീണ്ടും തകർന്ന സാറ്റലൈറ്റ് ഭാഗങ്ങൾ വന്നിടിക്കുന്നുണ്ട്. ഭാഗ്യം കൊണ്ട് അവർ തിരിച്ച് സോയൂസിനകത്തേക്ക് തന്നെ കയറുന്നു.പക്ഷെ നിർഭാഗ്യം പിന്തുടരുകയായിരുന്നു .ഇന്ധനം ഇല്ലാത്തതിനാൽ സോയുസ് പ്രവർത്തനരഹിതമാണ്. മരിച്ച് പോയ മകളുടെ അരികിലേക്ക് താനും വരികയാണ് എന്ന് സ്വയം പറഞ്ഞ് മരണം കാത്ത് കിടക്കുകയാണ് അവർ ചെയ്യുന്നത്  . ഓക്സിജൻ കുറഞ്ഞ് അബോധാവസ്ഥയിലായ സ്റ്റോണിന് കൊവാൾസ്കി തന്റെ അരികിലേക്ക് തിരിച്ച് എത്തിയതായി ഭ്രമക്കാഴ്ചകൾ ഉണ്ടാകുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഭയക്കാതെ സേഫ് ലാൻറിങ്ങ് ജെറ്റുകൾ പ്രവർത്തിപ്പിച്ച് ചൈനക്കാരുടെ ടിയാൻഗോംഗ് ബഹിരാകാശ കേന്ദ്രത്തിൽ എത്താമെന്ന് പറഞ്ഞ് തരുന്നതായി അവർക്ക് തോന്നുന്നുണ്ട്. അപ്രകാരം ചെയ്ത് സ്റ്റോൺ ബഹിരാകാശ കേന്ദ്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അതും തകർന്ന് ഭൂമിയിലേക്ക് പതിക്കുന്ന അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ലാൻറിങ്ങ് കാപ്സ്യൂളിനകത്ത് കയറിക്കൂടിയ സ്റ്റോൺ ടിയാൻഗോം ഗിനൊപ്പം ഭൂമിയിലേക്ക് കുതിച്ച് വരികയാണ് . അന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ പല ഭാഗങ്ങളും കത്തി എരിയുന്നുണ്ട്. അതി വേഗതയിൽ തീ ഗോളം പോലെ ഭൂമിയിലേക്ക് വീഴുന്ന കാപ്സ്യൂളിൽ നിന്നുയർന്ന പാരച്യൂട്ടുകൾ വേഗത നിയന്ത്രിച്ചു . അവസാനം ഏതോ വിജന ദ്വീപിനടുത്തുള്ള കടലിൽ അത് വന്നു വീണു. ഇതിനിടയിൽ ഹുസ്റ്റൺ അവരുമായുള്ള ബന്ധം പുനസ്ഥാപിച്ച് കഴിഞ്ഞിരുന്നു. വെള്ളത്തിനടിയിൽ നിന്നും കഠിന പ്രയത്നം വഴി  മുകൾപ്പരപ്പിലേക്ക് എത്തി സ്വച്ഛമായ വായു ശ്വസിക്കുന്നു സ്റ്റോൺ. നീന്തിയും  ഇഴഞ്ഞു അവസാനം കരയിലേക്ക് കയറി നനഞ്ഞ മണലിൽ അവർ മുഖം ചേർത്തു വിതുമ്പുന്നുണ്ട്. ഇടറുന്ന കാലുകൾ മണ്ണിലമർത്തി എഴുന്നേറ്റ് നിൽക്കുന്നു . അപ്പോൾ അവരുടെ തലക്ക് മുകളിലൂടെ തകർന്ന് വീഴുന്ന ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിന്റെ ഭാഗങ്ങൾ കെളളിയാൻ പോലെ കത്തി മായുന്നത് കാണാം.

സാധാരണമായ സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ സംഭവങ്ങൾക്ക് പ്രാധാന്യമോ നാടകീയകഥാഗതിയോ ഒന്നും ഇല്ല. സിനിമയുടെ മുക്കാൽ പങ്ക് സമയവും ഒറ്റൊരു കഥാപാത്രം മാത്രമേ ഉള്ളു. സിനിമ ആരംഭിക്കുന്നത് തന്നെ വളരെ ദീർഘമായി  നീളുന്ന ചില ഷോട്ടുകളിലാണ്. ഇരുപത് മിനിട്ടിനുള്ളിൽ ഒരു തവണയാണ് കാമറ കട്ട് ചെയ്യുന്നത്. എങ്കിലും സമയദൈർഘ്യം നമ്മൾ അറിയുകയേ ഇല്ല. കാലവും സമയവും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ച് ബഹിരാകാശ സംഭവങ്ങളുടെ ഒരു ദൃക്ക് സാക്ഷിയായി പ്രേക്ഷകരും അവർക്ക് ഒപ്പം ഉള്ള പൂർണ അനുഭവപ്രതീതി ഉണ്ടാക്കുന്നുണ്ട് ഈ രീതി.. ഇമാനുവൽ ലുബിൻസ്കിയുടെ ഛായഗ്രഹണ പ്രതിഭ ഈ സിനിമയെ ഇത്രമാത്രം ആസ്വാദ്യമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. 3D സാങ്കേതിക വിദ്യ,  ഗ്രാഫിക്, അനിമേഷൻ സ്പെഷൽ ഇഫക്റ്റുകൾ എന്നിവയുടെ ഔചിത്യപൂർണമായ മിശ്രണം മറ്റ് സയൻസ് ഫിക്ഷൻ എന്റർ ട്രയിനർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കലാ മൂല്യമുള്ള ഒരു സൃഷ്ടിയായി ഗ്രാവിറ്റിയേ മാറ്റുന്നുണ്ട്. ഡോ .സ്റ്റോൺ ആയി വേഷമിട്ട സാന്ദ്ര ബുലോക്കിന്റെയും കൊവാൾസ്കിയായ ജോർജ് ക്ലൂണിയുടേയും അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.

അൽഫോൺസോ ക്വാറോൺ
സംവിധാനം : അൽഫോൺസോ ക്വാറോൺ

മികച്ച സംവിധാനത്തിനും ഛായഗ്രഹണത്തിനും വിഷ്വൽ എഫക്റ്റിനും അടക്കം ഏഴ് അക്കാഡമി പുരസ്കാരങ്ങളാണ് ഗ്രാവിറ്റിക്ക് ലഭിച്ചത്. മികച്ച ബ്രിട്ടീഷ് സിനിമയ്ക്കും സംവിധായകനുമുള്ള ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ ഈ സിനിമ നേടി. തന്റെ ഭൂമിയിലേക്ക് ഒരിക്കലും തിരിച്ച് വരാനാവില്ല എന്ന ആധിയോടെ വിദൂരതയിൽ കാണുന്ന ആ നീല ഗ്രഹത്തിലേക്ക് കണ്ണ് നട്ട് കരയുന്ന നായികയുടെ കണ്ണീർ ഒലിച്ചിറങ്ങുകയല്ല ചെയ്യുന്നത് – സ്പേസ് ഷട്ടിലിന്നുള്ളിലൂടെ പളുങ്കുമണി തുള്ളികളായ് ഒഴുകി നടക്കുകയാണ്. അവരപ്പോൾ സ്വയം മന്ത്രിക്കുന്നുണ്ട്- – ‘”ഈ ശൂന്യാകാശം – ഞാനേറെ വെറുക്കുന്നു” എന്ന്.

ഭൂമിയിലെ കൺട്രോൾ സ്റ്റേഷനുമായുള്ള  എല്ലാ റേഡിയോ സിഗ്നലുകളും നഷ്ടമായി – എല്ലാ പ്രതീക്ഷകളും കൈ വിട്ട് കഴിയുമ്പോൾ അവർ ആദ്യമായി മനുഷ്യ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പ്രത്യാശയോടെ തന്റെ അവസ്ഥയും പൊസിഷനും അറിയിച്ച് കൊണ്ട് സ്റ്റോൺ മറു സന്ദേശം അയക്കുന്നുണ്ട്. പക്ഷെ ഗ്രീൻലാൻഡിലെ ഏതോ മുക്കുവക്കുടിലിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങളായിരുന്നു അവ. ഒരാൾ തന്റെ കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്ന സന്ദേശം.

 

സ്റ്റോൺ പൂർണ വിശ്രാന്തിയോടെ  മയക്കത്തിലേക്ക് ആഴുന്നത് ആ താരാട്ടുപാട്ട് കേട്ടുകൊണ്ടാണ്. ഭൂഗുരുത്വാകർഷണം വിട്ട് പ്രപഞ്ച ശൂന്യതയിലൂടെ ഒഴുകി നീങ്ങാൻ – എല്ലാ ദുരന്ത ഭയങ്ങളും മറന്ന് സ്വച്ഛമായ ശാന്തതയിൽ മയങ്ങാൻ താരാട്ടുപാട്ടുകളല്ലാതെ മറ്റെന്തുണ്ട് മനുഷ്യന് ബാക്കി.


ഗ്രാവിറ്റി ട്രയ്‌ലർ കാണാം

Leave a Reply