Read Time:16 Minute

ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദീഫാറും ടെഹ്റാനിൽ കുത്തിക്കൊല ചെയ്യപ്പെട്ടു. 20th IFFK യിൽ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ‘പശു’ എന്ന സിനിമ കണ്ട് അമ്പരന്ന് നിന്നു പോയിരുന്നു. ഇറാനിയൻ ന്യൂ വേവ് സിനിമയുടെ പതാക വാഹകൻ ആണ് ഈ സംവിധായകൻ. സെൻസർഷിപ്പിനെ മറികടന്ന്‌ ഇറാന്റെ ഉള്ളകം സിനിമയിൽ ആവാഹിച്ച ദാരിയുഷ്‌ മെഹർജുയിയെ കൊലപ്പെടുത്തിയതിലൂടെ ആദ്ദേഹത്തിന്റെ സന്ദേശങ്ങളെ  അവസാനിപ്പിക്കാനാകില്ല. അത് സിനിമയിലൂടെ ജീവിക്കും.

ദാരിയുഷ് മെഹർജുയി
മുന്നറിയിപ്പ്

ദാരിഷ് മെഹ്റൂയി 1969ൽ നിർമിച്ച “ഗാവ്” എന്ന ഇറാനിയൻ ക്ലാസിക് സിനിമ കാണാൻ ഉദ്ദേശിക്കുന്നവർ കണ്ടതിന് ശേഷം മാത്രം വായിക്കുക.

പശുവിന്റെ കണ്ണുകളിലേക്ക് നിങ്ങൾ എന്നെങ്കിലും നോക്കീട്ടുണ്ടോ? ഭൂമിയിലെ ഏറ്റവും നിഷ്കളങ്കവും നിരാശ്രിത ദൈന്യവുമായ എന്തോ ഒരിത് ആ കണ്ണുകളിൽ കാണാം. ഇറാനിൽ നിന്ന് വന്ന ഒരു “പശു ” പക്ഷെ ലോക നിയോ റിയലിസ്റ്റിക്ക് സിനിമയുടെ ചരിത്രത്തിൽ വളരെ പ്രധാനമേറിയതാണ്. – ഗുലാം ഹുസൈൻ സെയ്ദിന്റെ കഥയെ അവലംബിച്ച് ദാരിഷ് മെഹ്റൂയ് 1969ൽ സംവിധാനം ചെയ്ത് ഒരുക്കിയ ഈ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ തരിശായ ഒരു ഇറാൻ ഗ്രാമത്തിലെ ജീവിതമാണ് കാട്ടിത്തരുന്നത്.

കുട്ടികളില്ലാത്ത മധ്യവയസ്കനായ മാഷത് ഹസനെ സംബന്ധിച്ച് അയാളുടെ പശുവാണ് എല്ലാമെല്ലാം. കുഞ്ഞിനെ എന്ന പോലെയാണ് പശുവിനെ പരിചരിക്കുന്നത്. ആ ഗ്രാമത്തിലെ ഏക പശുവാണത്. പശുവിനെ ഗ്രാമത്തിനു പുറത്ത് മേയ്ക്കാൻ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയിൽ പോലും ഹസന്റെ ശ്രദ്ധ പശുവിൽതന്നെയാണ്. വികൃതി കുട്ടികൾ പശുവിനെ തൊടുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നുണ്ട്. പശുവിനെ തീറ്റുന്നതും വെള്ളം കുടിപ്പിക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ ഹസന്റെ സന്തോഷങ്ങളാണ്. രാത്രിയിൽ കൊള്ളക്കാരായ ബൊളിവർമാർ വന്ന് തന്റെ പശുവിനെ തട്ടിക്കൊണ്ട് പോവുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് ഭയന്ന് തൊഴുത്തിൽ പശുവിനോടൊപ്പമാണ് ഹസൻ ഉറങ്ങാറ്.

ഒരു നാൾ എന്തോ ആവശ്യത്തിനായി ഹസൻ ഗ്രാമത്തിന് പുറത്തെങ്ങോ പോയിരിക്കയായിരുന്നു. പുലർച്ചെ ഹസന്റെ ഭാര്യയുടെ നിലവിളികേട്ട് ഗ്രാമീണരൊക്കെയും വീട്ടിലെത്തി. ഗർഭിണിയായ പശു തൊഴുത്തിൽ ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്നു. പശു ചത്ത വിവരമറിഞ്ഞാൽ ഹസൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. വിവരം ഹസനിൽ നിന്ന്മറച്ച് വെക്കാനും പതുക്കെ പതുക്കെ വിവരം അറിയിക്കാനും ഗ്രാമമുഖ്യനും മറ്റുള്ളവരും ചേർന്ന് തീരുമാനിക്കുന്നു. പശു ഓടിപ്പോയെന്നും അന്വേഷിക്കുന്നുണ്ടെന്നും നുണ പറയാൻ എല്ലാവരും കൂടി നിശ്ചയിക്കുന്നു. പശുവിന്റെ ശവം എന്തു ചെയ്യണമെന്ന കാര്യത്തിലും പല അഭിപ്രായങ്ങളായി. പശുവിന്റെ തുകൽ പൊളിച്ചാൽ- ഹസൻ എന്നെങ്കിലും വിവരമറിഞ്ഞാലുണ്ടാകാവുന്ന പുകിലോർത്ത് അതിൽ നിന്നും എല്ലാവരും പിൻമാറി.
ശവം ഗ്രാമത്തിനു പുറത്ത് ഉപേക്ഷിച്ചാൽ- ഇടയൻമാർ പറഞ്ഞ് ഹസനറിഞ്ഞാലോ എന്നായി ഭയം. അവസാനം വീടിനടുത്തുള്ള പൊട്ടക്കിണറിൽ ശവമിട്ട് മൂടി! ഗ്രാമത്തിലെ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരൻ വിവരം ഹസനോട് പറഞ്ഞാലോ എന്ന് ഭയന്ന് അവനെ പഴയ ഒരു കെട്ടിടത്തിൽ കെട്ടിയിട്ടു. ഭയത്തോടെയും ആശങ്കയോടെയും ഗ്രാമീണർ ഹസന്റെ വരവിനെ പ്രതീക്ഷിച്ചു നിൽക്കുകയാണ്.

ഉച്ചവെയിലിൽ, പശുവിന്റെ കഴുത്തിൽ കെട്ടാൻ ഒരു മണിയുമായി സന്തോഷവാനായി ഗ്രാമത്തിലേക്കു വരുന്ന ഹസനെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെ പലരും ഒഴിഞ്ഞുമാറിക്കളഞ്ഞു. കതകുകളുടെ വിടവിലൂടെ എല്ലാവരും ഹസൻ ഇനിയെന്ത് ചെയ്യും എന്ന് ആശങ്കയോടെ നിരീക്ഷിക്കുകയാണ്. പശുവിന് വെള്ളം മുക്കാനായി തൊട്ടിയും കൊണ്ട് കുളക്കരയിലെത്തിയ ഹസനോട് സുഹൃത്തായ എസ്ലാം പശു ഓടിപ്പോയ വിവരം പറയുന്നു. വാർത്ത കേട്ട് തളർന്നു പോയ ഹസൻ ഇങ്ങനെയാണ് പറയുന്നത്.

“എന്റെ പശു എങ്ങും ഓടിപ്പോവില്ല.”

തന്റെ പശുവിനെ നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഹസന് സാധിക്കുന്നില്ല. ഗ്രാമീണർ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. മാനസികമായി തളർന്ന ഹസൻ മനോവിഭാന്തിയുടെ അവസ്ഥയിലെത്തി.
തന്റെ പശുവിനെ തട്ടിയെടുക്കാൻ വരുന്ന കൊള്ളക്കാരിൽ നിന്നും രക്ഷിക്കാനായി മരുപ്പറമ്പിലെ വിജനതയിൽ കൊടും തണുപ്പിൽ രാത്രി മുഴുവൻ ഹസൻ കാവൽ നിൽക്കുകയാണ് . പശു മരിച്ചു പോയെന്ന വിവരം പതുക്കെ ഹസനെ അറിയിച്ചെങ്കിലും അപ്പോഴേക്കും ഹസൻ തികച്ചും ഭ്രാന്താവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു. താൻ തന്റെ പശു തന്നെയാണെന്ന വിശ്വാസത്തിൽ ഹസൻ തൊഴുത്തിൽ വൈക്കോൽ തിന്നാൻ തുടങ്ങി . തന്നെ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഉടമയായ ഹസൻ വരുമെന്ന പ്രതീക്ഷയിൽ ആണയാൾ. ഹസന്റെ അവസ്ഥ ഗുരുതരമായതോടെ അയാളെ പട്ടണത്തിലെ ആശുപ്രതിയിൽ കൊണ്ടു പോയി ചികിത്സിക്കാൻ തീരുമാനിക്കുന്നു. മൂന്നു ആളുകൾ കൂടി തൊഴുത്തിൽ നിന്നുംഹസനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നു. അക്രമാസക്തനായ ഹസനെ കയർകൊണ്ട് വരിഞ്ഞുകെട്ടി മൂവരും കൂടി വലിച്ചും ഇഴച്ചും മഴയിലൂടെ കൊണ്ടുപോവുകയാണ്.

നടക്കാൻ മടിച്ചു നിൽക്കുന്ന ഹസനെ ഒരു ഘട്ടത്തിൽ എല്ലാം മറന്ന് അതൊരു മനുഷ്യനാണ് എന്ന് പോലും ഓർമിക്കാതെ ഒരുമാടിനെ എന്നപോലെ അവർ അടിച്ചു പോവുന്നു. അതു വരെയും ഒരു പശുവിനെപോലെ അവർക്കൊപ്പം നടന്ന ഹസൻ തന്റെ പരിവർത്തനം പൂർണ്ണമായതോതിൽ അനുഭവപ്പെട്ടപ്പോൾ സുഹൃത്തുക്കളിൽ നിന്നും കുതറി മാറി , വെകിളി പിടിച്ച പശുവിനെ പോലെ മുന്നോട്ട് കുതിച്ചോടി. ചെങ്കുത്തായ കുന്നിൽ നിന്നും അയാൾ താഴോട്ടു വീണു. തൊഴുത്തിൽ ചോരയൊലിച്ച് മരിച്ചു കിടക്കുന്ന പശുവിനെ പോലെ താഴെ ചളിയിൽ മുഖമടിച്ച് മരിച്ച് കിടക്കുന്ന ഹസനിൽ സിനിമ അവസാനിക്കുന്നു.

സിനിമയെന്ന കലയുടെ കുത്തക അവകാശം തങ്ങൾക്കാണെന്ന് വിശ്വസിച്ചിരുന്ന പാശ്ചാത്യ സിനിമാക്കാരെ ഞെട്ടിച്ച സിനിമയായിരുന്നു 1951 ലെ വെനീസ് ചലചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട കുറോസവയുടെ “റാഷമോൺ.’ ആ വർഷം ഗോൾഡൻ ലയൺ പുരസ്കാരം ആ സിനിമ നേടി. ജാപ്പനീസ് സിനിമയുടെ ജൈത്രയാത്ര അതോടെ ആരംഭിച്ചു. സമാനമായൊരു അനുഭവമാണ് ദാരിഷ് മെഹ്റൂയിയുടെ രണ്ടാമത്തെ സിനിമയായ “ഗാവ്’ (പശു) സൃഷ്ടിച്ചത്. ഷായുടെ ഭരണത്തിൻ കീഴിലായിരുന്ന ഇറാനിൽ ഗവൺമെന്റ് ധനസഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ സിനിമയെ പക്ഷെ റിലീസ് ചെയ്യാൻ അനുവദിച്ചില്ല. ഗ്രാമീണ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പുറംലോകത്ത് ഇറാന് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും, സിനിമയിൽ ഒളിച്ചുവെക്കപ്പെട്ട രാഷ്ട്രീയ വിമർശനം സർക്കാറിന് എതിരാണെന്നും പറഞ്ഞ് ഷായുടെ സെൻസർമാർ പടം നിരോധിച്ചു. മെഹ്റൂയി രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിനു പുറത്തെത്തിച്ച് 1970ലെ വെനീസ് ചലചിത്രമേളയിൽ പ്രദർശിപ്പിച്ചു. സബ് ടൈറ്റിൽ പോലുമില്ലായിരുന്നെങ്കിലും അവിടെ സിനിമ കണ്ടവരെ “പശു’ ശരിക്കും കീഴടക്കി.. ഇറാനിൽ നിന്നും ഇത്തരമൊരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ നിയോ റിയലിസ്റ്റ് സിനിമകളുടെ ഉദയം ഇറാനിൽ ആരംഭിച്ചു. ഇതിന്റെ പിൻ തുടർച്ചയായി അബ്ബാസ് കിയരോസ്തമി, മക്മൽ ബഫ് തുടങ്ങിയ സിനിമ സംവിധായകരിലൂടെ ഇറാനിയൻ സിനിമ തൊണ്ണൂറുകളിൽ ലോകസിനിമയുടെ നെറുകയിൽ ഇടം നേടി. (1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സിനിമ എന്ന പ്രസ്ഥാനം തന്നെ നിരോധിക്കാൻ ഒരുക്കം കൂട്ടിയ അയത്തൊള്ള ഖൊമൈനിക്ക് “പശു’ എന്തുകൊണ്ടോ ഇഷ്ടമായി. അതിനാൽ ഇറാനിൽ നിയന്തണങ്ങളോടെയുള്ള സിനിമാ നിർമ്മാണം ഖൊമൈനി അനുവദിച്ചു. സിനിമയെന്ന കലാപ്രസ്ഥാനം മരണവാറന്റിൽ നിന്നും അന്ന് തത്ക്കാലം രക്ഷപെട്ടു .)

ലളിതമായ ഒരു കഥയാണ് ഈ സിനിമയിൽ വളരെ യഥാതഥമായി കാട്ടിത്തരുന്നതെങ്കിലും കഥയോടൊപ്പം തന്നെ ഗ്രാമത്തിലെ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ നിരവധി ജീവിതങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സമൂഹമനസ്സാക്ഷിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും വിമർശനങ്ങളും സംവിധായകൻ ചർച്ചചെയ്യുന്നുണ്ട്. ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥയോടുള്ള കലഹമെന്നതിനപ്പുറം ലോകത്തെങ്ങുമുള്ള സമാന ജീവിതാവസ്ഥകളിലേക്കുള്ള ഒരു കണ്ണാടി കൂടിയാണ് പശു . തന്റെ ജീവിതം തന്നെ ആയ ഒന്ന് നഷ്ടപ്പെടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് “ബൈ സൈക്കിൾ തീവ്സിൽ ഡിസീക്കയും, “ലാ സ്ട്രാഡ’ യിൽ ഫെല്ലിനിയും “ഒക ഊരി കഥ’യിൽ മൃണാൾസെന്നും, ഇതുപോലെ കാട്ടിത്തന്നിട്ടുണ്ട്. സത്യങ്ങൾ വളരെക്കാലമൊന്നും മൂടി വെക്കാനാവില്ലെന്നും അത്തരത്തിലുള്ള മൂടി വെക്കലുകൾ കൂടുതൽ മോശമായ സാഹചര്യങ്ങൾ മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും ഈ സിനിമ പ്രഖ്യാപിക്കുന്നുണ്ട്. തങ്ങളെ ആക്രമിക്കാൻ എപ്പോഴും തക്കം പാർത്തിരിക്കുന്നവരെക്കുറിച്ചുള്ള (സാങ്കൽപ്പികവുമാവാം) ഭീതി നിറഞ്ഞവർ, ബുദ്ധിയുറക്കാത്ത ചെറുപ്പക്കാരനെ കോലം കെട്ടിക്കുന്നവർ, കുശുമ്പും ദുഷ്ടതയും നിറഞ്ഞവർ, യാതൊരു പ്രതികരണവുമില്ലാതെ ഒന്നിലും ഇടപെടാതെ ജാലകത്തിനപ്പുറമിരിക്കുന്ന കാഴ്ചക്കാർ, അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പിറകെ പോകുന്നവർ, തീരുമാനമെടുക്കാനാവാത്ത അധികാരികൾ (ഗ്രാമമുഖ്യൻ ), ഇവരൊക്കെ കഥാപാത്രങ്ങൾക്കപ്പുറം ഓരോ ആശയങ്ങളായാണ്
സിനിമയിൽ വരുന്നത്. ഈ സിനിമയിൽ ഹസന്റെ വേഷം അനശ്വരമാക്കിയത് ഇറാനിലെ പ്രമുഖ നാടക കലാകാരനായ ഇസ്ത്തുള്ള എൻസമിയാണ്. ഗ്രാമീണ മുഖങ്ങളുടെ സമൃദ്ധമായ ക്ലോസപ്പുകളും നിഴലും വെളിച്ചവും ഇഴചേരുന്ന പശ്ചാത്തലങ്ങളുടെ ഷോട്ടുകളും പ്രത്യേകമായൊരു മൂഡ് നിലനിർത്തുന്നുണ്ട്. ടൈറ്റിലുകളിൽ തെളിയുന്ന ഹസന്റെയും പശുവിന്റെയും നെഗറ്റീവ് ദൃശ്യങ്ങളും പുല്ലാങ്കുഴലിന്റെ പശ്ചാത്തല സംഗീതവും അവിസ്മരണീയമാണ്.

ലോകത്തിലെ ഏറ്റവും നിഷ്കളങ്കവും നിരാശ്രിത ദൈന്യമായ കണ്ണുകൾ പശുവിന്റേതാണെന്ന പഴമൊഴിക്ക് ചേരും വിധമാണ് ഹസനായി പരാവർത്തനം ചെയ്യപ്പെട്ട ഇസ്ത്തുള്ള എൻസമിയുടെ കണ്ണുകളും. ഒരു മിണ്ടാപ്രാണിയുടെ ദൈന്യമായ പശു നോട്ടം സിനിമകണ്ട് നാളേറെ കഴിഞ്ഞാലും നമ്മെ പിൻതുടർന്നുകൊണ്ടേയിരിക്കും – തീർച്ച.

Happy
Happy
33 %
Sad
Sad
13 %
Excited
Excited
53 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിണ്ണിലെ ചന്ദ്രൻ മണ്ണിലെത്തും ! ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ
Next post ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ
Close