Read Time:27 Minute

ഹയോ മിയസാക്കിയുടെ ചലച്ചിത്രങ്ങൾ കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. നമ്മൾ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു..

മിയസാക്കി ചിത്രങ്ങളെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡ് കാണാം.. വായിക്കാം

വീഡിയോ കാണാം

കുട്ടികൾക്ക് വേണ്ടിയുള്ള ആനിമേറ്റഡ് സിനിമകളെ നമ്മളിൽ പലരും കാർട്ടൂൺ സിനിമ എന്നാണ് വിളിക്കാറ്. ഇപ്പോൾ പ്രചാരത്തിലുള്ള ഇത്തരത്തിലുള്ള പല സിനിമകളും കണ്ടാൽ നമുക്കതു തോന്നുകയും ചെയ്യും. കാരണം കുറച്ചു നേരം കണ്ടു, ചിരിച്ചു, ആശ്ചര്യപ്പെട്ടു, ആവേശം കൊണ്ട് തീർക്കാവുന്ന, നമ്മുടെ ഓർമയിൽ പിന്നീട് തങ്ങി നിൽക്കാത്ത സിനിമകളാണിവ. എന്നാൽ നല്ല ആഴമുള്ള, ജീവിത ഗന്ധിയായി കഥകൾ പറയുന്ന, ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, അതേ സമയം ഭാവനയുടെ വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്ന, ആനിമേറ്റഡ് സിനിമകളും ഇന്ന് നിർമ്മിക്കപ്പെടുന്നുണ്ട്. അവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. കാർട്ടൂൺ സിനിമ എന്ന തലത്തിൽ നിന്നും ആനിമേറ്റഡ് മൂവീസ് വളരെദൂരം മുന്നോട്ടു പോയിരിക്കുന്നു.

മകൾക്കു വേണ്ടി ഞാൻ നല്ല കുറച്ച് ആനിമേറ്റഡ് മൂവീസ് തിരയാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് , അത്ര നിഷ്കളങ്കമായി കണ്ടു കളയാൻ കഴിയുന്നവയല്ല പല അനിമേഷൻ സിനിമകളും. ഇവയിൽ മിക്കതും വയലൻസിനെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. വയലൻസ്, കണ്ടു രസിക്കാനുള്ള ഒന്നായി ചിത്രീകരിക്കപ്പെടുന്നു. ടോം ആൻഡ് ജെറിയിലൊക്കെ അതെത്രമാത്രം ആഘോഷിക്കപ്പെട്ടിട്ടുണ്ട് എന്നാലോചിച്ചു നോക്കൂ…. തല്ലു കണ്ടു, തല തല്ലി ചിരിക്കാൻ, നമ്മെ പഠിപ്പിക്കുന്ന സിനിമകൾ . മാത്രമല്ല ജീവിതത്തെ കറുപ്പും വെളുപ്പുമായി മാത്രം കാണാൻ ഇവ നമ്മളെ പഠിപ്പിക്കുന്നു. മിക്കവാറും സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾ. നന്മയെല്ലാം ഒരു വശത്തും തിന്മ എതിർ വശത്തും. ഇപ്പോഴാണെങ്കിൽ കാവിവത്കരണം കുട്ടികളിലേക്ക് ഒളിച്ച് കടത്തുന്ന, അല്ല പരസ്യമായി തന്നെ പകർന്നു നൽകുന്ന, ചോട്ടാ ഭീം പോലുള്ള മിത്തോളജി അനിമേഷനുകളും വ്യാപകമാണല്ലോ ? ഇത്തരം ചലച്ചിത്രങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് തോന്നിയപ്പോഴാണ് ഇതല്ലാത്ത അനിമേഷൻ സിനിമകൾ ഉണ്ടോ എന്നുള്ള തിരച്ചിൽ ഞാൻ ആരംഭിച്ചത്.

My Neighbor Totoro

അങ്ങനെ ഉള്ള ഒരു തിരച്ചിലിനൊടുവിലാണ് ഹയോ മിയസാക്കി എന്ന ജാപ്പനീസ് സംവിധായകന്റെ “മൈ നെയ്‌ബർ ടോടോറോ” എന്ന ചിത്രം കാണാനിടയായത്. ഞാനും എന്റെ മകളും ഒരുമിച്ചിരുന്നു കണ്ടാസ്വദിച്ച മനോഹരമായ അനിമേഷൻ മൂവി. ഈ ചിത്രം അവളെപോലെ തന്നെ എനിക്കും ഏറ്റവും പ്രിയങ്കരമായി. ആരാണ് ഈ മിയസാക്കി….? ഇനിയും നല്ല സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടാകുമോ ? ഈ ആകാംഷ അദ്ദേഹത്തെയും അദ്ദേഹനത്തിന്റെ സിനിമകളെയും കുറിച്ചുമുള്ള അന്വേഷണത്തിലേയ്ക്ക് വഴി വച്ചു.

അദ്ദേഹത്തിന്റെ ചിത്രങ്ങൾ, കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. മുതിർന്നവർകാക്കട്ടെ ഭൂതകാലത്തെ കുറിച്ചുള്ള സുന്ദരമായ ഗൃഹാതുരത്വം ഉണർത്തുന്ന അതേസമയം ആഴത്തിൽ ഫിലോസോഫിക്കൽ ആയ അനുഭവമായിരിക്കും. നമ്മൾ കടന്നു പോയിട്ടുള്ള, അല്ലെങ്കിൽ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ വീണ്ടും എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

മൈ നയ്ബർ ടോടോറോ” തന്നെ എടുക്കാം. ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ രണ്ട് ചെറിയ പെൺമക്കളായ സത്സുകിയും മെയ്യും, ജപ്പാനിലെ ഒരു സുന്ദരമായ ഗ്രാമത്തിലേക്ക് താമസിക്കാൻ വരുന്നു. അവിടെ വച്ച് ടോടോറോ എന്ന വനത്തിന്റെ കാവൽക്കാരനായ ഭൂതത്തെ കണ്ടുമുട്ടുന്നു…. തുടർന്ന് അവർക്കിടയിൽ രൂപം കൊള്ളുന്ന സൗഹൃദത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ആ സിനിമയുടെ ഓപ്പണിങ് സീൻ തന്നെ ഒരു ഗ്രാമത്തിലൂടെ പോകുന്ന ഒരു വണ്ടിയും അതിൽ ഉള്ള രണ്ടു കുട്ടികളുമാണ്. ആ ഒരു സീൻ എനിക്ക് നൽകിയ ഒരു ഫീൽ പണ്ട് കുട്ടിയായിരിക്കുമ്പോൾ അച്ഛന്റെ നാട്ടിലേയ്ക്ക് ഉള്ള യാത്രകളാണ്. രണ്ടു വശവും പച്ചപരവതാനി പോലത്തെ വയലുകളും, പച്ചയിൽ തന്നെ പല നിറത്തിലുള്ള പച്ചകളും, അവയെ തലോടിപ്പോകുന്ന കാറ്റും…..ഓർമകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകുന്നു. കാറ്റ് ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ സീനിലും കാറ്റിനെ നമുക്ക് അനുഭവിച്ചറിയാം. കഥയുടെ രൂപപരിണാമത്തിനോടൊപ്പം കാറ്റും മാറിക്കൊണ്ടിരിക്കുന്നു. നിഗൂഢത നിറയുന്ന കാറ്റ്, മെല്ലെ തലോടി പോകുന്ന ആർദ്രമായ കാറ്റ്, ഉദ്വോഗമുയർത്തുന്ന തീവ്രമായ കാറ്റ്….. പ്രകൃതിയുടെ ഭാവപകർച്ചകൾക്ക് ഇത്രയും നിറം പകർന്ന അനിമേറ്റർ ഉണ്ടാകുമോ എന്ന് സംശയമാണ് (ഇദ്ദേഹത്തിന്റെ തന്നെ സുഹൃത്തായ ഇസാവോ തകഹാത്തയായിരിക്കും ഒരു പക്ഷെ ഇതിനു ഒരു അപവാദം. അദ്ദേഹത്തെ കുറിച്ച് നമുക്ക് മറ്റൊരു എപ്പിസോഡിൽ സംസാരിക്കാം). അദ്ദേഹം പ്രകൃതിയെയും ജീവ ജാലങ്ങളെയും ഓരോ സിനിമയിലും സൂക്ഷ്മമായി വരകളിലൂടെ കോറിയിട്ടിട്ടുണ്ട്.

Spirited Away

ഇനി അദ്ദേഹത്തിന്റെ മറ്റു സിനിമകളിലേക്ക് പോയികഴിഞ്ഞാൽ മിയാസാക്കി സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് സ്പിരിറ്റഡ് എവേ.. 2001-ൽ പുറത്തിറങ്ങിയ സ്പിരിറ്റഡ് എവേ, ജപ്പാനിൽ അതുവരെ നിർമ്മിച്ചതിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമയാണ്. ഈ ചിത്രം 2003-ൽ മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടി.

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ഹയോ മിയാസാക്കി ചിത്രമാണിത്. ഈ ചിത്രത്തിൽ ചിഹിരോ എന്ന 10 വയസ്സുകാരി ഒരു ഫാന്റസി ലോകത്തേക്ക് പ്രവേശിക്കുന്നതായും, അവിടെ അവളുടെ മാതാപിതാക്കൾ പന്നികളായി രൂപാന്തരപ്പെടുകയും അവൾ ആ ലോകത്ത് അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് പറയുന്നത്. വിചിത്രമായ ഈ ലോകത്തു അവൾ ഒറ്റപ്പെടുകയാണെങ്കിലും , തന്റെ വ്യക്തിത്വം നിലനിർത്താനും മാതാപിതാക്കളെ സഹായിക്കാനും അവൾ കഠിനമായി ശ്രമിക്കുന്നു. അവളെ കൂടാതെ, അവളെ എല്ലായ്‌പ്പോഴും സഹായിക്കുന്ന ഒരു ചെറുപ്പക്കാരനായ ഹകു, ചിഹിറോയുടെ പേര് മോഷ്ടിക്കുന്ന മന്ത്രവാദിനി യുബാബ എന്നിങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളെയും ഈ ഫാന്റസി സിനിമയിൽ നമുക്ക് കാണാനാകും .

Porco Rosso

1992-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമാണ് പോർക്കോ റോസോ. ഇതിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട തീമുകളിൽ ഒന്നായ വിമാനങ്ങൾ, പ്രധാന കഥാപാത്രമായി വരുന്നു . ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മഹാമാന്ദ്യത്തിന്റെ കാലത്തു , മനോഹരമായ നീല അഡ്രിയാറ്റിക് കടലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ഒരു നിറത്തിന്റെ തന്നെ പല വേർഷനുകൾ അദ്ദേഹം സിനിമയിലൂപയോഗിക്കുന്ന കാര്യം പറഞ്ഞല്ലോ. പോർക്കോ റോസോ-യിൽ നീലയുടെ പല വേർഷനുകൾ നമ്മളെ കാത്തിരിക്കുന്നുണ്ട്. പ്രധാന കഥാപാത്രമായ പന്നി, ഇറ്റാലിയൻ ഭാഷയിൽ “ചുവന്ന പന്നി” എന്ന് അർത്ഥമാക്കുന്ന പോർകോ റോസോ, യഥാർത്ഥത്തിൽ ഒരു മനുഷ്യനാണ്. അവൻ ഒരു ബൗന്റി വേട്ടക്കാരനായി സീപ്ലെയിനിൽ പറക്കുകയും എയർ കടൽക്കൊള്ളക്കാരുമായും ഡൊണാൾഡ് കർട്ടിസ് എന്ന അമേരിക്കൻ എയ്‌സുമായും യുദ്ധം ചെയ്യുന്നതിന്റെയു കഥ ഈ ചിത്രത്തിലൂടെ അദ്ദേഹം പറയുന്നു.

Princess Mononoke

1997-ൽ പുറത്തിറങ്ങിയ പ്രിൻസസ് മോണോനോക്കെ, ഹയോ മിയാസാക്കിയുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്. ഈ സിനിമയുടെ ആശയം നിർമ്മിക്കാൻ 16 വർഷവും അത് പുനർസൃഷ്ടിക്കാൻ ഏകദേശം 3 വർഷവുമെടുത്തു. മിയാസാക്കിയുടെ ഈ ഏഴാമത്തെ ചിത്രം നാഗരികതയും പ്രകൃതിയും തമ്മിലുള്ള യുദ്ധത്തിൽ അകപ്പെടുന്ന ഒരു യുവ രാജകുമാരന്റെയും “അയൺടൗണിന്റെ ” നേതാവായ ലേഡി എബോഷിയുടെയും കഥ പറയുന്നു.

അതോടൊപ്പം ശക്തമായ ഒരു പരിസ്ഥിതി സന്ദേശം നൽകുന്ന സിനിമ കൂടിയാണ് ഇത് . ഓരോ സന്ദർഭത്തിലും കാണിക്കുന്ന വെടിയുണ്ടയും, അമ്പും, ചെന്നായയും , സംഘട്ടനത്തിന്റെ ഇരുവശത്തും ഇഷ്‌ടപ്പെടുന്ന കഥാപാത്രങ്ങളുടെ സാന്നിധ്യം ഇവയെല്ലാം കാഴ്ചക്കാരന്റെ ശരി തെറ്റുകളെ കുറിച്ചുള്ള ബോധത്തെ നിരന്തരം മാറ്റുന്നു,. ഈ കഥ മിയസാക്കിയെ അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനാക്കിയ ഒരു സിനിമയാണ്. ഈ സിനിമയിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു നിന്ന് അപകടകരമായ സന്ദർഭങ്ങളെ നേരിടുന്നതും, അങ്ങനെ നമ്മൾ കാലങ്ങളായി നിർമിച്ചു വച്ചിട്ടുള്ള ലിംഗവിഭജനം അദ്ദേഹം നിഷ്പ്രയാസം തച്ചുടയ്ക്കുന്നതും കാണാൻ കഴിയും. ഇത് അദ്ദേഹത്തിന്റെ മിക്ക വർക്കുകളിലും കാണാൻ കഴിയും. അതുപോലെ കഥാപാത്രങ്ങൽ സാഹചര്യങ്ങൾക്കനുസരിച്ചു നന്മയുടെ ഭാഗത്തും തിന്മയുടെ ഭാഗത്തും നില കൊള്ളുന്നു. ഒരാളെയും കറുപ്പായിട്ടോ വെളുപ്പായിട്ടോ മാത്രം ചിത്രീകരീകരിക്കുന്നില്ല. ഈ സിനിമയിൽ വില്ലനായി മാറുന്നത് സാഹചര്യങ്ങൾ മാത്രമാണ്.

The Wind Rises

മിയാസാക്കി സിനിമകളിൽ ഉടനീളം എന്തിലും ഏതിലും സൗന്ദര്യം കണ്ടെത്താനാകും. ദുരന്തങ്ങളിൽ പോലും മിയാസാക്കിക്ക് സൗന്ദര്യം കണ്ടെത്താൻ കഴിയും. അതിനു ഒരു ഉത്തമോദാഹരണമാണ് 2013 ൽ പുറത്തിറങ്ങിയ ദി വിൻഡ് റൈസസ് എന്ന സിനിമ. 1923-ൽ നടന്ന വലിയ കാന്റോ ഭൂകമ്പത്തെ ചുറ്റിപ്പറ്റിയുള്ള ടോക്കിയോയിൽ നടക്കുന്ന കഥയാണ് ഈ സിനിമയുടെ പ്രതിപാദ്യം .

യുദ്ധവിമാന ഡിസൈനറായി ജോലി ചെയ്യുന്ന പ്രധാന കഥാപാത്രമായ ജിറോയെയും നായിക നവോക്കോയെയും കുറിച്ചാണ് സിനിമയുടെ ഇതിവൃത്തം. ഹയാവോ മിയാസാക്കിക്ക് ഏറ്റവും താൽപ്പര്യമുള്ള തീമുകളിൽ ഒന്നാണ് വിമാനം. പറക്കുന്ന രംഗങ്ങൾ സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇഷ്ട വിഷയമായത് കൊണ്ട് തന്നെ പല വർക്കുകളിലും പറക്കൽ ഒരു പ്രതിപാദ്യ വിഷയമാണ്. നിറങ്ങളുടെ കാര്യത്തിൽ എന്തെല്ലാം വ്യത്യസ്തതകൾ അദ്ദേഹം കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ടോ പറക്കലിന്റെ കാര്യത്തിലും ഈ വ്യത്യസ്‌തതകൾ നമുക്ക് കാണാൻ കഴിയും. ആത്മവിശ്വാസത്തോടെയുള്ള പറക്കൽ , സംശയിച്ചുള്ള പറക്കൽ, പേടിച്ചുള്ള പറക്കൽ, ഇതിൽ നിന്നെല്ലാം ഒരു വിഷയത്തെ അദ്ദേഹം എത്ര സൂഷ്മതയോടെയാണ് പഠിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും.

1986-ൽ പുറത്തിറങ്ങിയ,കാസിൽ ഇൻ ദി സ്കൈ, സ്റ്റുഡിയോ ഗിബ്ലിയുടെ ആരാധകർക്കിടയിൽ ഏറ്റവും ജനപ്രിയമായ ക്ലാസിക് ആനിമേഷൻ സിനിമകളിൽ ഒന്നാണ്. ഔദ്യോഗികമായി, 1985 ൽ സ്റ്റുഡിയോ ഗിബ്ലി സ്ഥാപിതമായതിന് ശേഷം ഹയോ മിയാസാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. കാസിൽ ഇൻ ദി സ്കൈ രണ്ട് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിക്കുന്നു: പാസു എന്ന ചെറുപ്പക്കാരനും ശീത എന്ന പെൺകുട്ടിയും. വിമാന കടൽക്കൊള്ളക്കാരും സർക്കാർ ഏജൻസിയും അവളെ പിന്തുടരുന്നു, അവരുടെ ലക്ഷ്യം അവളുടെ ക്രിസ്റ്റൽ പെൻഡന്റാണ്.

Kiki’s Delivery Service

കികീസ് ഡെലിവറി സർവീസ് 1989-ൽ ജപ്പാനിൽ റിലീസ് ചെയ്‌തതു മുതൽ ലോകമെമ്പാടുമുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. കിക്കി എന്ന മന്ത്രവാദിനിയായ 13 വയസ്സുകാരിയാണ് പ്രധാന കഥാപാത്രം.

അവളുടെ വളർത്തുമൃഗമായ കറുത്ത പൂച്ച ജിജിയോടൊപ്പം അവൾ വീട്ടിൽ നിന്ന് പുറം ലോകത്തേയ്ക്ക് പോകുമ്പോഴാണ് കഥ ആരംഭിക്കുന്നത്. അപരിചിതമായ പട്ടണങ്ങൾ സന്ദർശിക്കുകയും പുതിയ സുഹൃത്തുക്കളെ കാണുകയും അവളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ സ്വയം അഭിമുഖീകരിക്കാൻ പഠിക്കുന്നതിനെയും കുറിച്ചു ആണ് ഈ സിനിമ പറയുന്നത്. ആകാശകാഴ്ചകളിലൂടെ ഭൂപ്രദേശങ്ങളുടെ ഭാവമാറ്റങ്ങൾ അദ്ദേഹം മനോഹരമായി അവതരിപ്പിക്കുന്നു.

Nausicaä of the Valley of the Wind

Nausicaä of the Valley of the Wind സ്റ്റുഡിയോ ഗിബ്ലിയെയും മിയാസാക്കിയെയും കൂടുതൽ ആളുകൾക്ക് സുപരിചിതമാക്കി. യുദ്ധം കഴിഞ്ഞ് 1000 വർഷങ്ങൾ കടന്നുപോകുന്ന ലോകമാണ് കഥയുടെ പശ്ചാത്തലം. യുദ്ധം മൂലം അപകടകരമായ വിഷവാതകങ്ങൾ നിറഞ്ഞ ഒരു വിഭ്രാന്തമായ ലോകത്തെ നമുക്കിവിടെ കാണാം . പ്രധാന കഥാപാത്രമായ നൗസിക ഈ അവസ്ഥയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വം ഉറപ്പാക്കാൻ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.

മിയാസാക്കി സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീള സിനിമയായ ദി കാസിൽ ഓഫ് കാഗ്ലിയോസ്ട്രോ സ്റ്റുഡിയോ ഗിബ്ലി സ്ഥാപിക്കുന്നതിന് മുമ്പ് 1979-ൽ പുറത്തിറങ്ങി. ഒരു വിദഗ്ധനായ കള്ളൻ ആഴ്‌സെൻ ലുപിൻ മൂന്നാമനും അവന്റെ സഹപ്രവർത്തകനായ ഡെയ്‌സുകെ ജിഗനും ഒരു കാസിനോയ്‌ക്കായി ധാരാളം പണം മോഷ്ടിക്കുന്നു, എന്നാൽ മോഷ്ടിച്ചത് വ്യാജ ബില്ലുകളാണെന്ന് തിരിച്ചറിയുന്നു. തുടർന്ന്, അവർ വ്യാജ ബില്ലുകളുടെ ഉറവിടമെന്ന് തോന്നുന്ന കാഗ്ലിയോസ്ട്രോ എന്ന രാജ്യത്തേക്ക് പോകുകയും നായിക ക്ലാരിസിനെ കാണുകയും ചെയ്യുന്നത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

2004-ൽ പുറത്തിറങ്ങിയ ഹൗൾസ് മൂവിംഗ് കാസിൽ , മിയസാക്കി സംവിധാനം ചെയ്ത ഈ സ്റ്റുഡിയോ ഗിബ്ലി ചിത്രം വലിയ ബോക്സ് ഓഫീസിൽ ഹിറ്റ് ആയിരുന്നു. ഡയാന വിൻ ജോൺസ് എഴുതിയ ഹൗൾസ് മൂവിംഗ് കാസിൽ എന്ന ബ്രിട്ടീഷ് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മന്ത്രവാദിനിയുടെ ശാപത്താൽ തൊണ്ണൂറുകാരിയായി രൂപാന്തരപ്പെടുന്ന നായിക സോഫി, പ്രധാന കഥാപാത്രമായ വിസാർഡ് ഹൗളും ഒരു യുദ്ധത്തെ മറികടക്കാൻ പരസ്പരം സഹായിക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഈ സിനിമയിലും മാന്ത്രികതയും സാധാരണത്വവും പരസ്പരം വേർതിരിച്ചു നിർത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.

Ponyo

2008 ൽ റിലീസ് ചെയ്ത “പൊന്യോ” മാജിക്കൽ റിയലിസത്തിന്റെ മറ്റൊരു മനോഹരമായ ഉദാഹരണമാണ്. ഇതിൽ പൊന്യോ എന്ന ഗോൾഡ് ഫിഷ് ഒരു മനുഷ്യ കുട്ടിയായി രൂപം മാറുന്നതും സോസുകെ എന്ന ബാലകനുമായി സൗഹൃദം സ്ഥാപിക്കുന്നതുമാണ് ഇതിവൃത്തം.

ഈ ചിത്രത്തിൽ വെള്ളത്തിന്റെ രൂപപരിണാമം അതിശയിപ്പിക്കുന്നതാണ്. മഴയും സുനാമിയും കടലും വിവിധ ഭാവപ്പകർച്ചകളിലൂടെ സിനിമയിൽ അണിചേരുന്നു. കടൽ എന്ന മായികലോകത്തെ അതി മനോഹരമായി ഇവിടെ ദൃശ്യവത്കരിക്കുന്നു.

അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ സാധാരണ നമ്മൾ കാണുന്ന തരത്തിലുള്ള ഫെയറി ടൈൽ മോഡൽ കഥാപാത്രങ്ങൾ അല്ല എന്ന് മനസിലാക്കാൻ കഴിയും. സിനിമകളിലുടനീളം വളരെ സാധാരണരായിട്ടുള്ള പെൺകുട്ടികൾ എന്നാൽ ഉചിതമായ സമയമങ്ങളിൽ ഉചിതമായ തീരുമാനങ്ങളിലൂടെയും പ്രവർത്തികളിലൂടെയും നമ്മെ അത്ഭുതപ്പെടുത്തുന്നവരായി തീരുന്നതു കാണാൻ കഴിയും. മിയസാക്കിയുടെ ആനിമേറ്റഡ് ഫിലിം പരമ്പരാഗത ലിംഗ വീക്ഷണത്തെ അട്ടിമറിച്ചു, സ്വതന്ത്രമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് മുൻപിൽ കൊണ്ട് വരുന്നു.

മിയാസാക്കിയുടെ ഒരു സിനിമ കാണുന്നത് യാഥാർത്ഥ്യവും അതിശയകരമായ ഫാന്റസിയും ചേർന്ന ഒരു ലോകത്തിലേക്ക് നടക്കുന്നതുപോലെയാണ്. അതിനു അദ്ദേഹം സാധാരണയായി ഉപയോഗിക്കുന്ന ഒന്ന് നിറങ്ങളുടെ വിന്യാസമാണ്. നിറങ്ങൾക്ക് അർത്ഥമുണ്ട്. കാഴ്ചക്കാർ നിറങ്ങളെ അവരുമായി, അവരുടെ സാഹചര്യങ്ങളുമായി, വികാരങ്ങളുമായും ബന്ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ ലാൻഡ്‌സ്‌കേപ്പുകളെ വർണിക്കുന്നതിനു മാത്രമല്ല അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്നതിൽ ഒരു പ്രധാന പങ്കു നിറങ്ങൾക്കുണ്ട്.

അത് നമുക്ക് വളരെ കൂടുതൽ കാണാൻ കഴിയുന്നത് സ്പിരിറ്റഡ് എവേയ് എന്ന സിനിമയിലാണ്. ഒരു കലാരൂപത്തെ അർഥവത്താക്കുന്നതിൽ മ്യൂസിക്കിന് വളരെ പ്രാധാന്യമുണ്ട്. ഇത് നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാൾ കൂടിയാണ് മിയസാക്കി. സ്റ്റുഡിയോ ഗിബ്ലി സൗണ്ട് ട്രാക്കുകൾ അവർ പറയുന്ന കഥകളോട് വളരെ ചേർന്ന് നിൽക്കുന്നവയാണ് , അതോടൊപ്പം നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നതും,വളരെ നിഷ്കളങ്കവുമാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത അത് ഒരു പോലെ കുട്ടികൾക്കും സീരിയസ് സിനിമാ നിരൂപകർക്കും ആസ്വദിക്കാൻ കഴിയുന്നതു് എന്നതാണ്. നമ്മുടെ വികാരങ്ങളെ ആധികാരികമായി നിലനിർതുന്നതിലൂടെ അദ്ദേഹം അത് വളരെ വിദഗ്ധമായി സാധിച്ചെടുക്കുന്നു. കുട്ടികളുടെ ബുദ്ധിശക്തിയെയും അവരുടെ ധാരണാശക്തിയെയും മിയാസാക്കി വ്യക്തമായി മനസിലാക്കുന്നു.

ഓരോ മിയസാക്കി സിനിമകളും നമുക്ക് നമ്മളെ മനസിലാക്കാൻ, നമ്മുടെ കുട്ടികളെ, നമ്മുടെ ചുറ്റുപാടുകളെ, പ്രകൃതിയെ മനസിലാക്കാനുള്ള ഒരു പാത തുറന്നിടുന്നവയാണ്. അതോടൊപ്പം മനുഷ്യന്റെ വിവരക്കേടുകൾ, അതുമൂലം മനുഷ്യരാശിക്കുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവയിലേയ്ക്കും വിരൽ ചൂണ്ടുന്നവയാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികളും നമ്മൾ മുതിർന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാകുന്നു മിയസാക്കി ചിത്രങ്ങൾ.

അടുത്ത എപ്പിസോഡിൽ കാണാം….സയനോറാ……

ഇനി അടുത്ത എപ്പിസോഡിൽ മിയസാക്കിയുടെ ജീവിതത്തിലേക്കും അദ്ദേഹവും കൂട്ടുക്കാരായായ ഇസാവോ തക്കഹാതയും സുസുക്കിയും ചേർന്ന് ആരംഭിച്ച സ്റ്റുഡിയോ ഗിബ്ലിയെ കുറിച്ചും സംസാരിക്കാം. ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാൻ മറക്കില്ലല്ലോ. നമ്മുടെ മക്കൾക്ക് മികച്ച ഒരുപിടി ചലച്ചിത്രങ്ങൾ കാണുവാൻ അത് അവസരമൊരുക്കിയേക്കാം. മിയസാക്കിയുടെ പല ചിത്രങ്ങളും ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

കുടുംബ സമേതം അവ കാണാൻ മറക്കല്ലേ….


ലേഖനത്തിന്റെ വീഡിയോ അവതരണം കാണാം


prosthetic arm on blue background

നിങ്ങൾ കണ്ടിരിക്കേണ്ട 30 സയൻസ് ഫിക്ഷൻ സിനിമകൾ പരിചയപ്പെടാം

ബാലചന്ദ്രൻ ചിറമ്മിൽ എഴുതുന്ന പംക്തി വായിക്കാം

Happy
Happy
57 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രൊഫ.താണു പത്മനാഭൻ – അനുസ്മരണം സെപ്റ്റംബർ 17 ന്
Next post പ്രൊഫസർ താണു പത്മനാഭൻ ഒരു ഓർമ്മ
Close