Read Time:12 Minute

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘മാലി’യെക്കുറിച്ച് വായിക്കാം.. പാതാള തവളയുടെ ജീവചക്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തദ്ദേശീയ ജ്ഞാനകൈമാറ്റത്തിന്റെ ദൃശ്യവത്ക്കരണമാണ് മാലി.

മാലി – ഡോക്യൂമെന്ററി കാണാം

ദ്ദേശീയജ്ഞാനത്തെ ജൈവവൈവിധ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തണമെന്ന ആശയത്തിന് ഇന്ന് ആഗോളപ്രസക്തി കൈവന്നിട്ടുണ്ട്. ഭാഷാശാസ്തം, നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം എന്നിങ്ങനെയുള്ള വൈജ്ഞാനികമേഖലകളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. യുനെസ്കൊയുടെ നിർവചനപ്രകാരം, ഒരു സമൂഹം സ്വാഭാവികപരിസ്ഥിതിയുമായുള്ള ദീർഘകാലത്തെ പ്രതിപ്രവർത്തനങ്ങൾ കൊണ്ട് ആർജിച്ചെടുക്കുന്ന ധാരണകൾ, നൈപുണികൾ, തത്വചിന്തകൾ എന്നിവയെല്ലാണ് തദ്ദേശീയജ്ഞാനം. യുനെസ്കൊയുടെ തദ്ദേശീയജ്ഞാനപദ്ധതി (Local and Indigenous Knowledge Systems Programme) ഈ അറിവുകളെ നയരൂപീകരണം, ആഗോള കാലാവസ്ഥാശാസ്ത്രം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരവികസനം, പ്രകൃതിദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ ‘മാലി’ എന്ന കൊച്ചു സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ട്. തദ്ദേശീയസമൂഹം, ഭാഷ, പരിസ്ഥിതി എന്നീ മൂന്നു ഘടകങ്ങളുടെയും പാരസ്പര്യത്തെ അതുല്യചാരുതയോടെ ദൃശ്യവൽക്കരിക്കാൻ മാലി എന്ന ഹ്രസ്വസിനിമയ്ക്ക് സാധിക്കുന്നുണ്ട്. 

വംശനാശഭീഷണി നേരിടുന്ന പാതാളതവളയെക്കുറിച്ചുള്ള (Purple frog) ഊരാളിഗോത്രത്തിന്റെ പാരമ്പര്യജ്ഞാനത്തെ അതിസുന്ദരമായി ദൃശ്യവൽക്കരിക്കുകയാണ് ‘മാലി’യിൽ. ജൈവസമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ഗോത്രവർഗമാണ് ഊരാളിസമൂഹം. 2003 ൽ എസ് ഡി ബിജുവും ഫ്രാങ്കി ബൊസൂയിട്ടും പർപ്പിൾ തവളയെ ആദ്യമായി കണ്ടെത്തുന്നതും ഇടുക്കിയിൽ നിന്നാണ്. ദിനോസറുകളുടെ കാലത്തോളം പഴക്കമുള്ള, ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന ഈ തവളയുടെ ബന്ധുക്കൾ മഡഗാസ്‌കറിന്റെയും ഇന്ത്യയുടെയും ഇടയിലുള്ള സീഷെൽസ് ആർക്കിപെലാഗോ ദ്വീപസമൂഹങ്ങളിലാണ് കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഗ്വോണ്ടാന ഭൂഖണ്ഡ സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവായിട്ടാണ് ഉഭയജീവി ഗവേഷകർ ഈ തവളയെ പരിഗണിച്ചു വരുന്നത്. 2012 ലാണ് ഡോ. അനിൽ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉഭയജീവി ഗവേഷകസംഘം ഈ തവളയുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത്. എന്നാൽ അതിനേക്കാൾ ഒത്തിരി കാലങ്ങൾക്കു മുമ്പു തന്നെ ഊരാളി ഗോത്രത്തിന്റെ പാട്ടുകളിലും മിത്തുകളിലും പർപ്പിൾതവള ഇടം പിടിച്ചിരുന്നു എന്നതാണ് കൌതുകകരം. 

മാലിയിൽ നിന്നും

ഇടുക്കിയിലെ ജൈവസമ്പന്നമായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ഊരാളിഗോത്രത്തിന് സവിശേഷമായ ഭാഷയും സംസ്കാരവുമുണ്ട്. ഊരാളിഭാഷയിൽ ചെറുവെള്ളച്ചാട്ടങ്ങൾക്ക് അല്ലെങ്കിൽ ഒഴുക്കുവെള്ളത്തിനാണ് മാലി എന്നു പറയുന്നത്. മഴയെയും മലവെള്ളപ്പാച്ചിലിനെയുമൊക്കെ സൂചിപ്പിക്കാൻ തമിഴിലും മലയാളത്തിലുമെല്ലാം ഉപയോഗിക്കുന്ന മാരി എന്ന പദത്തിന്റെ ഗോത്രാവിഷ്കാരം തന്നെയാണ് മാലി. മാലി എന്ന ശീർഷകം തന്നെ സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയത്തിന്റെ സൌന്ദര്യം ഏറ്റവുമാഴത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. മാലി അഥവാ വെള്ളം മനുഷ്യരുടെയും ഇതരജീവജാലങ്ങളുടെയും നിലനിൽപിന് ഒഴിച്ചുകൂടാനാവാത്ത അജൈവഘടകമാണല്ലൊ. മാലിയുമായുള്ള പർപ്പിൾതവളകളുടെ ബന്ധത്തെ ദീർഘകാലത്തെ സഹവാസം കൊണ്ട് മനസിലാക്കിയ ഊരാളിഗോത്രം അവരുടെ പാട്ടുകളിലും മിത്തുകളിലും അവയെക്കൂടി അടയാളപ്പെടുത്തിയതെങ്ങനെയെന്ന അന്വേഷണമാണ് മാലി.

മാലിയിൽ നിന്നും

വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തേയ്ക്കു വന്ന് ഇണചേർന്ന്, പുതുമഴയിൽ സജീവമാകുന്ന മാലിയിൽ മുട്ടകളിട്ട് മണ്ണിനടിയിലേക്ക് മടങ്ങുന്ന ഈ തവളവർഗത്തെ സ്വന്തം പൂർവികരായിത്തന്നെയാണ് ഗോത്രസമൂഹം കാണുന്നത്. ശാപം കിട്ടിയ ആദിമനുഷ്യരത്രേ അവർക്ക് തവളകൾ. എന്നു വെച്ചാൽ സ്വന്തം കൂടപ്പിറപ്പുകൾ തന്നെ. സഹജീവിയോടുള്ള ഗോത്രസമൂഹത്തിന്റെ മനോഭാവം കൂടിയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്. 

മാലിയിൽ നിന്നും

ജീവികൾക്ക് പേരിടാൻ മനുഷ്യർ അവയുടെ ശബ്ദത്തെ ആശ്രയിച്ചിരുന്നു. ശബ്ദത്തെ അനുകരിച്ച് പേരിടുന്നതിന് ശബ്ദാനുകരണം (onomatopoeia) എന്നാണ് പറയുന്നത്. ഊരാളി ഗോത്രാംഗങ്ങളായ പാറുക്കുട്ടി കോർമ്പനും തങ്കമ്മ വെള്ളാനും തവളകളുടെ ശബ്ദത്തെ അനുകരിച്ച് അവയ്ക്ക് പേരിട്ടതിനെക്കുറിച്ച് പറയുന്നുണ്ട്. ആൺതവളയെ കൊറവനെന്നും പെൺതവളയെ പതിയാൾ എന്നുമാണ് അവർ വിളിക്കുന്നത്. പർപ്പിൾ തവളയുടെ രൂപസവിശേഷതകൾ, ശബ്ദം, ജീവിതരീതികൾ, നിലനിൽപ്പ് എന്നിവയെക്കുറിച്ചെല്ലാം ഊരാളിഗോത്രത്തിന് കൃത്യമായ ധാരണയുണ്ടെന്ന് പാറുക്കുട്ടി കോർമ്പന്റെയും തങ്കമ്മ വെള്ളാന്റെയും സംസാരത്തിൽ നിന്ന് വ്യക്തമാണ്.

മാലിയിൽ നിന്നും

മനുഷ്യജീവിതം പോലെത്തന്നെയാണ് അവർ തവളകളുടെ ജീവിതത്തെയും കാണുന്നത്. മേടമാസത്തിൽ പുതുമഴ പെയ്യുമ്പോൾ വിത്തിടുന്നതു പോലെ, തവളകൾ അവയുടെ വിത്ത് വിതയ്ക്കാൻ മാളങ്ങളിൽ നിന്ന് കയറി വരുന്നു. അവ കൂട്ടത്തോടെ പാട്ടുപാടി തുള്ളുന്നു. ഇണകളെ തപ്പിക്കണ്ടെത്തുന്നു. ഇണ ചേരുന്നു. മാലിയിലെ വിള്ളലുകളിൽ മുട്ടകളിടുന്നു. മുട്ടയിടൽ കഴിഞ്ഞാൽ ആൺതവളയും പെൺതവളയും തിരിച്ച് മണ്ണിലേക്കു തന്നെ മടങ്ങുന്നു. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണെന്നും പുറന്തോടിന് കട്ടിയുണ്ടെന്നുമാണ് ഗോത്രനിരീക്ഷണം.

മാലിയിൽ നിന്നും

ഇണചേരാനെത്തുന്നതിനിടയിൽ ഇവ അപകടത്തിൽപ്പെടുന്നതിനെക്കുറിച്ചും അവർ പറയുന്നുണ്ട്. വലിപ്പക്കൂടുതൽ പെൺതവളയ്ക്കാണ്. അതിനാൽ പാമ്പും മൂങ്ങയും കാക്കയും പരുന്തുമൊക്കെ പതിയാളിനെ പിടിച്ചു തിന്നും. കൊറവൻ അതിജീവിക്കും. പെണ്ണാണ് അപകടത്തിൽപ്പെടുന്നത്. അതു പറയുമ്പോൾ പാറുക്കുട്ടിയമ്മ ഒരു മനുഷ്യസ്ത്രീയുടെ അതിജീവനശ്രമം പോലെത്തന്നെയാണ് പതിയാളിന്റെ ജീവിതത്തെയും കാണുന്നത്. ഉടുമ്പുകൾ തവളകളുടെ ശബ്ദം കേട്ട് മാളം തേടിച്ചെന്ന് പിടിച്ചു തിന്നുന്നതിനെക്കുറിച്ചും അവർ പറയുന്നുണ്ട്. ആവാസവ്യവസ്ഥയുടെ നാശവും മലിനീകരണവും തവളകളുടെ അതിജീവനത്തെ ബാധിക്കുന്നതിനെക്കുറിച്ചും അവർക്കു വ്യക്തമായ ധാരണയുണ്ട്. പർപ്പിൾതവളകൾ പിൻകാലുകൊണ്ട് മണ്ണ് മാന്തി പിറകിലേക്ക് സഞ്ചരിക്കുന്നതിനെക്കുറിച്ച് വെള്ളാൻ സൂചിപ്പിക്കുന്നുണ്ട്. ഒരു ജീവിയുടെ രൂപ- സ്വഭാവസവിശേഷതകളെക്കുറിച്ച് ഗോത്രസമൂഹം നേടിയ ജ്ഞാനമാണ് ഇതിലൂടെ വെളിവാകുന്നത്. 

ചിത്രം : സംവിധായകൻ – കെ.പ്രണവ് 

തദ്ദേശീയമായ ആവാസവ്യവസ്ഥയില്‍ ദീര്‍ഘകാലം പ്രതിപ്രവര്‍ത്തിച്ച് പരിവര്‍ത്തനപ്പെടുന്ന ചെറുസമൂഹങ്ങൾ തങ്ങളുടെ പരിസ്ഥിതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിവിധ സാംസ്കാരികരൂപങ്ങളിലൂടെ തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നതെങ്ങനെയെന്ന് സൗന്ദര്യാത്മകമായി ആവിഷ്കരിക്കാൻ മാലിയുടെ സംവിധായകൻ കെ. പ്രണവിനും അണിയറപ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. പർപ്പിൾ തവളയുടെ ജീവിതചക്രത്തെ അതിസൂക്ഷ്മതയോടെ ക്യാമറയിലാക്കിയ അമൽ തങ്കച്ചൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. 


മാലി – ഡോക്യൂമെന്ററി കാണാം


Happy
Happy
9 %
Sad
Sad
0 %
Excited
Excited
73 %
Sleepy
Sleepy
9 %
Angry
Angry
0 %
Surprise
Surprise
9 %

Leave a Reply

Previous post ശോഭീന്ദ്രൻ മാഷ് വിടവാങ്ങി
Next post ഒക്ടോബർ 15 – ഗ്രാമീണ വനിതാദിനം
Close