Read Time:28 Minute

ഡോ. അജേഷ് കെ സഖറിയ

2019 ന്റെ അവസാനകാലത്ത് ലോകാരോഗ്യ സംഘടന (WHO), വുഹാൻ എന്ന ചൈനീസ്സ് നഗരം ഒരു അതീവ വിനാശകാരിയായ വൈറസു ബാധയുടെ കേന്ദ്രമാണെന്നും, അത് ചൈനയിൽ എമ്പാടും പടർന്നു പിടിച്ചെന്നും പറഞ്ഞു തുടങ്ങിയ കാലത്തു തന്നെ അത് യൂറോപ്പിലും, അമേരിക്കയിലും എത്തിച്ചേർന്നിരുന്നു. വുഹാൻ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പോളങ്ങളിൽ ഒന്നാണ്. അവിടെ നിന്നും ആണ് പല ലോകരാഷ്ട്രങ്ങളും അവർക്കു വേണ്ടുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത്. അമേരിക്കയിലേക്കും, ഇറ്റലിയിലേക്കും അവിടെ നിന്നും ചെന്നിറങ്ങിയ വിമാനങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളോടൊപ്പം അവിടേയ്ക്കു വൈറസ്സിനെയും എത്തിച്ചിരുന്നു. വൈറസു വ്യാപനത്തിന്റെ ശേഷി കുറയ്ക്കുവാൻ വേണ്ടി ഭരണകൂടങ്ങൾ ലോക്ക് ഡൗണുകൾ തുടർന്ന് പ്രഖ്യാപിച്ചു.

മലേഷ്യയിലെ പെനാങ്ങിൽ സാധാരണയായി തിരക്കേറിയ ഒരു ഹൈവേ, മൂവ്മെന്റ് കൺട്രോൾ ഓർഡർ (MCO) സമയത്ത്.

സ്വതന്ത്രമായി അവനവന്റെ ജീവിതത്തിനു വേണ്ടി ഓടിക്കൊണ്ടിരുന്ന മനുഷ്യർക്ക്‌ മുകളിലേയ്ക്ക് അങ്ങനെ ലോക്ക് ഡൗണുകൾ കടന്നു വന്നു. ആദ്യം മനുഷ്യൻ ശുഭാപ്തി വിശ്വാസി ആയിരുന്നു. ഇത്തരം ലോക്ക് ഡൗണുകൾ കുറച്ചു നാളത്തേയ്ക്ക് മാത്രമേ ആവശ്യം വരികയുള്ളൂ എന്ന് അവർ ചിന്തിച്ചു. ഫലപ്രദമായ ക്വാറന്റീൻ മാർഗ്ഗങ്ങളും, മരുന്നുകളും ഇതിനെ ഒരു പരിധി വരെ തടയും എന്ന് മനുഷ്യൻ പ്രതീക്ഷിച്ചു. എന്നാൽ ഈ നിഗമനങ്ങളെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് ആ ഇത്തിരിക്കുഞ്ഞൻ വൈറസ് അതിന്റെ വിളയാട്ടം നടത്തിക്കൊണ്ടിരുന്നു. ആധുനിക മനുഷ്യസമൂഹം അമ്പരന്നു. ഒരാഴ്ച്ചയും, രണ്ടാഴ്ചയും മറ്റും പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണുകൾ മാസങ്ങളോളം നീണ്ടു. വീടുകൾക്കുള്ളിൽ നമ്മൾ അടഞ്ഞുകിടന്നു. പഠനവും, ജോലിയും, വീടുകളിലേക്ക് വന്നു. ദുരിതത്തിലായ ജനസമൂഹങ്ങൾ പിറന്നു. അങ്ങനെ ‘ന്യൂ നോർമൽ’ ഉണ്ടായി.

 

അങ്ങനെ മനുഷ്യജീവിതത്തിൽ ന്യൂ നോർമൽ ഉണ്ടായപ്പോൾ പ്രകൃതി എന്തെടുക്കുകയായിരുന്നു? അല്ലെങ്കിൽ അതിന്റെ ഏറ്റവും ശക്തനായ ജീവി വർഗ്ഗം തങ്ങളുടെ ജീവിത ക്രമത്തെ നിശ്ചലമാക്കുമ്പോൾ പ്രകൃതിയിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു? അതൊരു കൗതുകകരമായ ചോദ്യം ആയിരുന്നു. അതിന്റെ ഉത്തരം കണ്ടെത്തുവാൻ കുറച്ചു പേർ തീരുമാനിച്ചു. അതിന്റെ തുടർച്ചയായി അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലമാകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ അവർ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും അവർ ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. ബിബിസി നാച്വറൽ ഹിസ്റ്ററി മ്യൂസിയം യൂണിറ്റ്, 2021 ൽ തോമസ് ബീഡ് (Thomas Beard ) സംവിധാനം ചെയ്ത ആ ഡോക്യുമെന്ററി ‘The Year Earth Changed’ എന്ന പേരിൽ പുറത്തിറക്കി. 

2020 മാർച്ച് മാസം മുതൽ വിവിധ ലോകരാഷ്ട്രങ്ങൾ പൂർണമായ തോതിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ എങ്ങനെയാണ് പ്രകൃതിയെ ബാധിച്ചത് എന്നാണ് ഈ ഡോക്യുമെന്ററി അനാവരണം ചെയ്യുവാൻ ശ്രമിക്കുന്നത്. മനോഹരവും, ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ ദൃശ്യങ്ങളിൽ നിന്നുമാണ് ഡോക്യൂമെന്ററി തുടങ്ങുന്നത്. വിജനമായ ഒരു നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കു മുകളിലൂടെ, ആകാശത്തിന്റെ ആഴവും, പരപ്പും ആസ്വദിച്ചു പറന്നു പോകുന്ന ഒരു പക്ഷി. തുടർന്ന് നഗരത്തിന്റെ, മുൻപ് ദ്രുതചലനങ്ങളാൽ മുഖരിതമായിരുന്ന വഴികളിലേക്ക് ക്യാമറ എത്തിച്ചേരുന്നു. ആ ദൃശ്യത്തിന്റെ വലതു വശത്തു ‘City of Angels’ എന്നെഴുതിയ ബോർഡ്. ദൃശ്യം ചലിക്കുന്നു. പശ്ചാത്തലത്തിൽ വിവിധ ലോകരാഷ്ട്രങ്ങളിൽ അവിടുത്തെ ഭരണാധികാരികൾ ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുന്ന ശബ്ദം. അതും കഴിഞ്ഞു റിച്ചാർഡ് അറ്റെൻബോറോയുടെ (Richard Attenborough) ശബ്‌ദം. ഓർമ്മപ്പെടുത്തലുകൾ. ലോകം നിശ്ചലമായ നാൾവഴികൾ. മനുഷ്യൻ നിർമ്മിച്ച ഇടങ്ങളുടെ ദൃശ്യങ്ങൾ. അക്ഷരാർത്ഥത്തിൽ കൗതുകകരമായ 48 മിനുട്ടുകളിലേയ്‌ക്ക്‌ തുടർന്ന് നമ്മൾ കടക്കുകയാണ്. മൂന്നു തരത്തിലാണ് അവർ നിരീക്ഷിച്ച കാര്യങ്ങളെ സമീപിക്കുവാൻ സാധിക്കുക. നമ്മൾ പുതുതായി ശീലിച്ചെടുത്ത നിശ്ചലാവസ്ഥ എങ്ങനെ ആണ് (1) ജീവി വർഗ്ഗങ്ങളുടെ പ്രത്യുത്പാദനത്തിനെ (2) അവയുടെ നിലനിൽപ്പിനെ (3) പ്രകൃതിയുടെ പുനർജ്ജീവനത്തിനെ സഹായിച്ചത് എന്നതാണ് ആ സമീപനം.

ഡേവിഡ് അറ്റൻബർഗ് “The Year Earth Changed” വിവരിക്കുന്നു. കടപ്പാട്: apple.com
  1. തലമുറനിർമ്മാണം

ലോക്ക് ഡൗണിന്റ തുടക്ക കാലഘട്ടങ്ങളിൽ പ്രകൃതിയിലേക്ക് ശ്രദ്ധിച്ചപ്പോളാണ് ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലായത്. ധാരാളം പക്ഷികൾ നമ്മുടെ വീടിനു ചുറ്റുപാടും ഉണ്ട് എന്നത്. എന്നാൽ ഈ പക്ഷികൾ ഒന്നും തന്നെ നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അവ സൃഷ്ടിക്കുന്ന ശബ്ദമുഖരിതമായ, മനോഹരമായ അത്തരം അന്തരീക്ഷം ചില പ്രായമുള്ളവരെയെങ്കിലും അവരുടെ കുട്ടിക്കാലത്തിലേയ്ക്ക് തിരികെ കൊണ്ട് പോയി. ഇത്തരം ഇണ ചേരാനുള്ള വിളികളുടെ പിന്നാലെ ബിബിസിയുടെ ക്യാമറ ടീം അന്വേഷിച്ചു പോയത് അമേരിക്കയിലെ സാൻ ഫ്രാൻസസിസ്കോയിൽ വെച്ചായിരുന്നു. ഏകദേശം 47 ലക്ഷം ആൾക്കാർ അധിവസിക്കുന്ന സാൻ ഫ്രാൻസിസ്‌കോയുടെ അന്തരീക്ഷം  വാഹനങ്ങളുടെയും, മറ്റും ശബ്ദങ്ങൾ നിറഞ്ഞു നിന്നിരുന്ന ഇടം ആയിരുന്നു. എന്നാൽ ലോക് ഡൗൺ പ്രഖ്യാപിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മനുഷ്യന്റെയും, അവരുടെ യന്ത്രങ്ങളുടെയും ശബ്ദം നിശ്ചലമായപ്പോൾ, അവിടുത്തെ അന്തരീക്ഷം പക്ഷികളുടെ ശബ്ദങ്ങൾ കൊണ്ട് നിറഞ്ഞു. 1950 കൾക്ക് ശേഷം ആ നഗരത്തിൽ പക്ഷികൾ ഉണ്ട് എന്ന് നഗരവാസികൾ തിരിച്ചറിഞ്ഞു. അവിടങ്ങളിൽ ധാരാളമായി കണ്ടിരുന്ന, എന്നാൽ ഇത്ര മാത്രം ശബ്ദം പുറപ്പെടുവിക്കുവാൻ കഴിയുന്ന പക്ഷിയാണോ ഇത് എന്ന് അവർ ചിന്തിച്ച white crowned കുരുവികൾ (White Crowned Sparrows) ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമകൾ. ആ പക്ഷികൾ തങ്ങളുടെ ഇണകളെ ആകർഷിക്കുവാൻ മുൻപ് ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, മനുഷ്യന്റെ ജീവിതക്രമം അത്തരം ശബ്ദങ്ങളെ മറച്ചുപിടിച്ചു. എന്തിനധികം പറയുന്നു, 1950 കൾക്ക് ശേഷം ആ കുരുവിയുടെ ഏറ്റവും നല്ല ബ്രീഡിങ് സീസൺ ആയിരുന്നു 2020 ൽ സംഭവിച്ചത്. മറ്റൊരു ഉദാഹരണം കണ്ടെത്തിയത് ഫ്ലോറിഡയിൽ നിന്നും ആയിരുന്നു. മുൻപ് ജനനിബിഡമായിരുന്ന ഫ്ലോറിഡയിലെ ബീച്ചുകളിൽ നിന്ന്. അവിടെ ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ മാത്രം മുട്ടയിടുവാൻ കടലിൽ നിന്നും, ബീച്ചിൽ എത്തിയിരുന്ന കടലാമകൾ ധാരാളം ഉണ്ടായിരുന്നു. കടൽത്തീരത്തുള്ള മണലിൽ കുഴികൾ കുഴിച്ച് അതിനുള്ളിലാണ് കടലാമകൾ സാധാരണ ഗതിയിൽ മുട്ട ഇടുന്നത്. എന്നാൽ ഒരിക്കലും വിജനതയെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഇത്തരം കടൽത്തീരങ്ങൾ അവയെ സംബന്ധിച്ചിടത്തോളം മുട്ടയിടുവാൻ പര്യാപ്തം ആയിരുന്നില്ല. എന്നാൽ ഇത്തവണ ആ അവസ്ഥ മാറി. മനുഷ്യൻ അവിടെ എത്തിച്ചേർന്നില്ല. ശാന്തമായ കടൽത്തീരത്ത് അവ വന്നു മുട്ടയിട്ടു. നൂറു കണക്കിന് കടലാമക്കുഞ്ഞുങ്ങൾ മണൽകുഴികളിൽ നിന്നും പുറത്തുവന്നു. അവ കടലിലേയ്ക്ക്  നീന്തിക്കയറി. ഗവേഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ പത്തു വർഷോത്തളമായി വെറും 40 ശതമാനത്തിൽ കിടന്ന കടലാമകളുടെ  എണ്ണം ഒരൊറ്റ വർഷം കൊണ്ട് 61 ശതമാനത്തിലേയ്ക്ക് കുതിച്ചു കയറി. 

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ, ആഫ്രിക്കൻ ജാക്കേസ് പെൻഗ്വിനുകളുടെ (African Jackass Penguins) വാസസ്ഥലങ്ങൾ ആണ്. അവിടുത്തെ ബീച്ചിനടുത്തുള്ള ചില കേന്ദ്രങ്ങൾ ആണ് അവരുടെ ആവാസസ്ഥലം. അവരുടെ കുഞ്ഞുങ്ങളുമൊത്ത് അവർ അവിടെ കാലങ്ങളായി താമസിച്ചു വരികയായിരുന്നു. പെൻഗ്വിനുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അവിടങ്ങളിൽ ആക്കിയിട്ടു പകൽ നേരങ്ങളിൽ കടലിൽ ഇര പിടിക്കുവാൻ പോകും. സാധാരണ ഗതിയിൽ ഈ പെൻഗ്വിനുകൾ ഏകദേശം 80 അടിയോളം താഴ്ചയിൽ വരെ, കടലിൽ ഇര പിടിക്കുവാൻ എത്തിച്ചേരാറുണ്ട്. ഇങ്ങനെ ഭക്ഷണവും കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങൾക്കു കൊടുക്കുവാൻ പോകുമ്പോഴാണ് അവർ ശരിക്കും കഷ്ട്ടപ്പാട് അനുഭവിക്കുന്നത്. ആ ബീച്ച് പകൽനേരങ്ങളിൽ മനുഷ്യരെക്കൊണ്ട് നിറഞ്ഞു തുളുമ്പി നിൽക്കുകയായിരിക്കും. ഇതിനിടയിലൂടെ എങ്ങനെ ആണ് ഭക്ഷണം കുഞ്ഞുകൾക്കു എത്തിക്കുക? അവർ രാത്രി വരെ കാത്തിരിക്കും. രാത്രി ആകുമ്പോൾ ഇരുട്ടിന്റെ മറ പറ്റി കുഞ്ഞുങ്ങൾക്ക് അടുത്തേയ്ക്കു എത്തുമ്പോൾ അവർ വിശന്നു വലഞ്ഞു  ഇരിക്കുകയായിരിക്കും. ചിലപ്പോൾ ചിലതൊക്കെ ചത്തും പോകും. എന്നാൽ ഈ വർഷം അവർക്കു കിട്ടിയത് ധാരാളം ഭക്ഷണം ആയിരുന്നു. മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ വിജനമായി കിടന്ന ആ ബീച്ചിലൂടെ പെൻഗ്വിനുകൾ അവർക്കു ഭക്ഷണം കിട്ടിയ സമയത്തൊക്കെ അവരുടെ കുഞ്ഞുങ്ങളെ തേടി എത്തി. ഇത് മറ്റൊരു ആരോഗ്യമുള്ള ഒരു പെൻഗ്വിൻ തലമുറ വളർന്നു വരുന്നതിനു കാരണമാവുകയും, പുതിയ തലമുറകളുടെ ഉല്പാദനത്തിന് പെൻഗ്വിനുകൾ തിടുക്കം കൂട്ടുകയും ചെയ്തു. ഇത്തരം പുതിയ തലമുറകളുടെ ഉദയത്തിന്റെ ഉദാഹരണങ്ങൾ ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. കെനിയയിലെ ഭിവാന്ദി (Bhivandi) നാഷണൽ പാർക്കിൽ മനുഷ്യന്റെ ശല്യം ഇല്ലാതിരുന്നതു കൊണ്ട് ഇരട്ടിയിൽ അധികം കുരങ്ങുകളുടെ കുഞ്ഞുങ്ങൾ 2020 ൽ ഉണ്ടായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യുകെയിലെ കടലിന്റെ ആഴങ്ങളിൽ കടൽക്കുതിരകളുടെ വംശവർദ്ധനവിന് മനുഷ്യന്റെ കടൽഗതാഗതം ഇല്ലാതായത് കാരണം ആയി.

  1. നിലനിൽപ്പുകൾ

1300 വർഷങ്ങൾക്കു മുമ്പ് തന്നെ ജപ്പാനിലെ നാരാ (Nara) എന്ന പ്രദേശത്തു സിക ഡീർ (Zika Deer) എന്ന് അറിയപ്പെടുന്ന മാനുകൾ താമസം ഉണ്ടായിരുന്നു. മനുഷ്യൻ അവരുടെ അധിവാസകേന്ദ്രങ്ങൾ, ഈ ജീവികളുടെ ആവാസകേന്ദ്രങ്ങളെ പിടിച്ചെടുത്തുകൊണ്ടു വികസിപ്പിച്ചെടുത്തപ്പോൾ അവർ, മനുഷ്യരോടൊപ്പം ജീവിക്കുവാൻ പഠിച്ചു. ഭക്ഷണക്രമം മനുഷ്യനോട് ചേർത്ത് വികസിപ്പിച്ചെടുത്തു. നാരാ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആയിരുന്നു. അവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികളോടൊപ്പം സെൽഫി എടുത്തും, അവർ നല്കുന്ന ഭക്ഷണം കഴിച്ചും മാനുകൾ ജീവിച്ചു. എന്നാൽ, ലോക്ക് ഡൗൺ കാര്യങ്ങൾ മാറ്റിമറിച്ചു. അവർ അധിവസിച്ചിരുന്ന പാതയോരങ്ങളിൽ മനുഷ്യൻ വരാതായപ്പോൾ ആദ്യം പട്ടിണി കിടന്നു. പിന്നെ, തങ്ങളുടെ അതിജീവനത്തിനു പുതിയൊരു മാർഗ്ഗം അന്വേഷിച്ചു. മനുഷ്യൻ അപ്പോൾ ഇറങ്ങുവാൻ സാധ്യത ഇല്ലാത്ത ആ തെരുവ് വീഥികളിലൂടെ അവർ നടന്നു. നഗരത്തിൽ പുതിയ പുൽമേടുകൾ കണ്ടെത്തി. അങ്ങനെ, 1300 വർഷം മുൻപ് തന്റെ പൂർവ്വികർ എങ്ങനെ ആയിരുന്നോ, അത്തരത്തിൽ ജീവിക്കുവാൻ ഈ മാനുകളെ ലോക്ക് ഡൗൺ സഹായിച്ചു. 

അവിടെ നിന്നും ഒരുപാട് കിലോമീറ്ററുകൾക്ക് അപ്പുറത്ത് അർജന്റീനയിലെ ബ്യുനെസ്സു അയേഴ്‌സിൽ ആ സമയത്തു തങ്ങൾക്കു മുൻപ് നഷ്ട്ടമായ പുൽപ്രദേശങ്ങൾ നഗരത്തിൽ അന്വേഷിച്ചു ഇറങ്ങിയത് Capybara എന്ന എലിവർഗ്ഗത്തിൽ പെട്ട ജീവികൾ ആയിരുന്നു. അവർ നഗരത്തിലെ പുൽമേടുകളിൽ സ്വതന്ത്രമായി വിഹരിച്ചു നടന്നു. ശല്യപ്പെടുത്താൻ ഒരൊറ്റ മനുഷ്യൻ പോലും അടുത്തേയ്ക്കു വന്നില്ല. അവിടെ നിന്നും സഞ്ചരിച്ചു, ദക്ഷിണാഫ്രിക്കയിലെ ഒരു റിസോർട്ടിലേയ്ക്ക് വന്നാൽ മറ്റൊരു കൗതുകകരമായ ദൃശ്യം കാണാം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അടച്ചിട്ടിരുന്ന ആ റിസോർട്ടിൽ മൃഗങ്ങൾ, പ്രത്യേകിച്ചും  മാനുകളും,കുരങ്ങുകളും, ചില പക്ഷികളും മറ്റും എത്തിയിരുന്നതു ചിത്രീകരിച്ചിരുന്ന ബിബിസിയുടെ വൈൽഡ് ലൈഫ് ക്യാമെറ യൂണിറ്റുകാരുടെ മുൻപിലേക്ക് ഒരു അപ്രതീക്ഷിത അതിഥി  എത്തിച്ചേർന്നു. ഒരു പുള്ളിപ്പുലി ആയിരുന്നു അത്. ആ റിസോർട് അത്, തന്റെ വാസസ്ഥലം ആക്കി മാറ്റി. പട്ടാപ്പകൽ, അവിടെ വെച്ച് ഒരു മാനിനെ വേട്ടയാടി പിടിച്ചു. കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് എണ്ണത്തിൽ  ഇരുപത്തിയഞ്ചു ശതമാനത്തിൽ ഏറെ കുറവ് രേഖപ്പെടുത്തിയ കൂട്ടത്തിൽ ഉണ്ടായിരുന്ന ആ ജീവിവർഗ്ഗം അതിജീവനത്തിനായി അതിന്റെ സ്വാഭാവിക ഇരപിടിയൻ രീതിയ്ക്ക് മാറ്റം കൊണ്ട് വന്നതിനു അവർ സാക്ഷ്യം വഹിച്ചു. 

അതേസമയം, മൂന്നുലക്ഷത്തിലധികം ആൾക്കാരെ കൊണ്ട് വർഷം മുഴുവൻ നിറയാറുള്ള കെനിയയിലെ മസ്സായ് മാര (Massyi Mara) എന്ന സഫാരി പാർക്കിൽ ചിത്രീകരിക്കുവാൻ ചെന്നവർ കണ്ടെത്തിയത് മറ്റൊരു കാഴ്ച. ഏകദേശം 80 മുതൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചീറ്റകൾ അവരുടെ അതിജീവനശേഷി വീണ്ടെടുത്ത കാഴ്ച ആയിരുന്നു അത്.  IUCN ന്റെ കണക്കുകൾ പ്രകാരം ലോകമെമ്പാടും വെറും 7000 ത്തോളം എണ്ണം ചീറ്റകൾ മാത്രമേ ഉള്ളൂ. ഇത്തരം സഫാരി പാർക്കുകളും, അവിടുത്തെ മനുഷ്യന്റെ ഇടപെടലുകളും എങ്ങനെ ആണ് അവരുടെ വംശനാശത്തിന് ആക്കം കൂട്ടുന്നത് എന്ന് കൃത്യമായി ഇക്കാലയളവിൽ മനസ്സിലായി. കൃത്യമായി അത് മനസ്സിലാകണമെങ്കിൽ അതിന്റെ ഇര പിടിക്കുന്ന സ്വഭാവം കൂടി  മനസിലാക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ അവ തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം ആണ് ഇര പിടിക്കുവാൻ പോകുന്നത്. അമ്മച്ചീറ്റ ഇര പിടിക്കുവാൻ തയ്യാറെടുക്കുമ്പോൾ ചീറ്റ കുഞ്ഞുങ്ങൾ അത് നോക്കി നിൽക്കും. എന്നാൽ, ഇരയുടെ സൂക്ഷ്മചലനങ്ങൾ നിരീക്ഷിച്ച് അവയെ അമ്മച്ചീറ്റ പിടികൂടി കഴിയുമ്പോഴേയ്ക്കും, ചീറ്റ കുഞ്ഞുങ്ങളും, അമ്മച്ചീറ്റയും തമ്മിൽ ഉള്ള ദൂരം ഒരുപാട് കൂടുതൽ ആയിരിക്കും. കുഞ്ഞുങ്ങളെ വിളിക്കുവാൻ അന്നേരം അമ്മച്ചീറ്റ ഒരു പ്രത്യേക തരം ശബ്ദം ഉണ്ടാക്കും. ആഫ്രിക്കൻ സഫാരികൾ അതിന്റെ തീവ്രഭാവത്തിൽ നിൽക്കുബോൾ ഇത്തരം വിളികൾ സാധാരണ ആ കുഞ്ഞുങ്ങൾ കേൾക്കാറില്ല . ഒരു പാട് ശബ്ദം എടുത്തു അമ്മച്ചീറ്റയ്ക്കു വിളിക്കാനും ആവില്ല. അത്, ആ കുഞ്ഞുങ്ങളെ കണ്ടെത്തുവാൻ അതിന്റെ ശത്രുക്കൾക്കു സാധിക്കും. വേട്ടയാടിപ്പിടിച്ച ഇരയെ അവിടെ ഇട്ടിട്ടു പോകാനും പറ്റില്ല. അത്തരം സന്ദർഭങ്ങൾ ഇപ്രാവശ്യം ഒഴിവായി കിട്ടി. മനുഷ്യൻ ഇല്ലാത്ത ആ സഫാരി പാർക്കുകളിൽ ചീറ്റകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പരിപോഷിപ്പിച്ചു.  

അലാസ്‌കയിൽ തിമിംഗലങ്ങളെക്കുറിച്ചു  പഠിക്കുന്ന  ഗവേഷകർ കണ്ടെത്തിയത് മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം ആയിരുന്നു. ആഗോള ജലഗതാഗതം ഏകദേശം പൂർണ്ണമായും നിലച്ച അവസ്ഥയിൽ തിമിംഗലങ്ങൾ അവരുടെ വാർത്താവിനിമയ സംവിധാനം കൃത്യമായി ഉപയോഗിച്ചു. അവർ ദൂരെ സ്ഥലങ്ങളിൽ വേട്ടയ്ക്ക് പോയി. തങ്ങളുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വിട്ടിട്ടു അവർ പോയത് അവയിൽ നിന്നുമുള്ള ശബ്ദങ്ങളെ ശാന്തമായ കടലാഴങ്ങളിൽ കൃത്യമായി കേൾക്കാം എന്നത് കൊണ്ട് ആയിരുന്നു. അതുകൊണ്ടു തന്നെ വളരെ ദൂരം ഇര അന്വേഷിച്ചു പോയപ്പോൾ പോലും അവർക്കു കുഞ്ഞുങ്ങളെ ശ്രദ്ധിക്കുവാനും, കൂടാതെ കൂടുതൽ ഭക്ഷണം കിട്ടിയതുകൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുവാനും സാധിച്ചു. മുൻ കാലങ്ങളിൽ വെറും ഏഴു ശതമാനം മാത്രം ആയിരുന്നു പ്രായപൂർത്തി ആകുന്ന തിമിംഗല കുഞ്ഞുങ്ങളുടെ എണ്ണം എങ്കിൽ ഇപ്രാവശ്യം അത് കൂടുവാൻ ഏറെ സാധ്യത ഉണ്ട് എന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. അതു പോലെ തന്നെ ന്യൂസിലൻഡിലെ ഡോൾഫിനുകളെ അതിജീവനത്തിനായി അതെ സമയം സഹായിച്ചത് ജലഗതാഗതത്തിന്റെ ഏതാണ്ട് പൂർണ്ണമായും ഉള്ള അടച്ചിടൽ ആണ്. 

ഹിമാലയൻ മലനിരകൾ, അൻഷുൽ ചോപ്രയുടെ ഫോട്ടോഗ്രാഫ്
  1. പുതുപ്രകൃതി 

സൂക്ഷ്മതലങ്ങളിൽ ഇങ്ങനെ ജീവൻ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുമ്പോൾ പ്രകൃതി മറ്റൊരു മാറ്റത്തിനു കൂടി വിധേയം ആവുകയായിരുന്നു. അതിനു ചില ഉദാഹരണങ്ങൾ ഇന്ത്യയിൽ നിന്നും ആയിരുന്നു. ജലന്ധർ എന്ന നഗരത്തിലെ ഒരു അമച്വർ  ഫോട്ടോഗ്രാഫർ ആയിരുന്ന അൻഷുൽ ചോപ്ര (Anshul Chopra) തന്റെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്തു അദ്ദേഹത്തിന്റെ പിതാവ്, ‘ഇപ്പോൾ നമുക്ക് മലനിരകൾ കാണാം എന്ന് ആഹ്ലാദത്തോടെ പറഞ്ഞു. തന്റെ ക്യാമറയുമായി ടെറസിന്റെ മുകളിൽ കയറിയ അന്ഷുലിന് കിട്ടിയത് അത്യപൂർവമായ, പിന്നീട് ലോകമെമ്പാടും വൈറലായ ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു. ജലന്ധറിൽ നിന്നും 200 കിലോമീറ്റർ ദൂരെ ഉള്ള ഹിമാലയൻ മലനിരകൾ 30 വർഷങ്ങൾക്കു ശേഷം അവിടെ ദൃശ്യമായി. എത്ര തീവ്രമായ തോതിലുള്ള വായു മലീനികരണത്തിനാണ് നമ്മൾ വിധേയരായിരിക്കുന്നത് എന്നുള്ള ചിന്തയിലേക്ക് ആണ് അത് നയിച്ചത്. ഡൽഹിയുടെ അന്തരീക്ഷം മലിനീകരണമില്ലാതെ തെളിഞ്ഞു കിടന്നതു നമ്മൾ പിന്നീട് പത്രത്താളുകളിൽ വായിച്ചു. പിന്നീടുള്ള വാർത്തകൾ ഗംഗ നദീതടങ്ങളിൽ നിന്നും ആയിരുന്നു. അവിടുത്തെ ജലത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. ഇത് പോലെ പ്രകൃതി പല രാജ്യങ്ങളിലും പുനരുജ്ജീവനത്തിനു സാക്ഷ്യം വഹിച്ചു. അന്തരീക്ഷത്തിലേക്ക് വമിക്കപ്പെടുന്ന കാർബൺ ഡൈയോക്സിഡുകൾ പോലെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ ഏകദേശം ആറു ശതമാനത്തോളം കുറവ് ഒരു വർഷത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ട് ഉണ്ടായി. ലോകത്തെമ്പാടുമുള്ള ജലസ്രോതസ്സുകൾ ശുദ്ധജലത്താൽ നിറഞ്ഞു. 

ആഗോള പ്രതിദിന ഫോസിൽ CO₂ ഉദ്‌വമനം, കോവിഡ് -19 പാൻഡെമിക് സമയത്ത് (2020 പകുതി വരെ) ശതമാനത്തിൽ.

ഇതിൽ നിന്നൊക്കെയും എന്താണ് ശരിക്കും മനസ്സിലാവുന്നത്?

മനുഷ്യന്റെ ഉദയം മുതൽ ഇന്ന് വരെയും, അവൻ പ്രകൃതിയിൽ വരുത്തിയ പരിക്കുകൾ എത്രത്തോളം ഭയാനകം ആണെന്ന സത്യം അവശേഷിക്കുമ്പോൾ തന്നെ അതിന്റെ പരിഹാരങ്ങളും ചെയ്യുവാൻ അവൻ തന്നെ ശ്രമിച്ചാൽ നടക്കാവുന്നതേ ഉള്ളൂ എന്നതാണ്. പല തരം നിർദ്ദേശങ്ങൾ പലരും മുൻപോട്ടു വെക്കുന്നുണ്ട്. ഒന്ന്, ഇത്തരത്തിൽ ഉള്ള ലോക്ക് ഡൗണുകൾ വർഷത്തിൽ ഒരു തവണ എങ്കിലും ഏർപ്പെടുത്തുക. രണ്ട്‌, മറ്റു ജീവി വർഗ്ഗങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടലുകൾ കുറയ്ക്കുക. അവയൊക്കെ എങ്ങനെ സാധ്യമാകും എന്ന് അത്ഭുതപെടുവാൻ വരട്ടെ. നമ്മുടെ ചുറ്റുപാടും തന്നെ ഒരു പാട് ബദൽ മാർഗ്ഗങ്ങൾ ഉണ്ട്. അവയെക്കുറിച്ചു തല്ക്കാലം ഇവിടെ വിശദമാക്കുന്നില്ല. പകരം ഈ ഡോക്യൂമെന്ററിയിൽ കണ്ട മറ്റൊരു നല്ല മാതൃക ഇവിടെ പങ്കു വെയ്ക്കാം. ആസ്സാമിലെ ഒരു മലയോരഗ്രാമത്തിലെ കൃഷിക്കാരെ ഏറ്റവും കൂടുതൽ അലട്ടിക്കൊണ്ടിരുന്നു ഒന്നായിരുന്നു ആനകളുടെ ശല്യം. ആനകൾ എല്ലാ വർഷവും, അടുത്തുള്ള കാട്ടിൽ നിന്നും ഇറങ്ങി വരികയും അവരുടെ വിളവെടുക്കാൻ പാകമായ വയലിലെ കൃഷി മുഴുവൻ ഭക്ഷിക്കുകയും ചെയ്യും. ചെണ്ട കൊട്ടുക, തീ കത്തിക്കുക, പടക്കം പൊട്ടിക്കുക അങ്ങനെ പല വിധ മാർഗ്ഗങ്ങളിലൂടെ അവയെ അവർ അകറ്റുവാൻ ശ്രമിക്കും. എന്നാൽ, കുറച്ചു നാളുകൾക്കു മുൻപ് ഇതിനൊരു സ്ഥായിയായ പരിഹാരം കണ്ടെത്തി. ആനകൾക്ക് ഭക്ഷിക്കുവാൻ പുല്ലു വെച്ച് പിടിപ്പിക്കുക. പെട്ടെന്നു വളർന്നു വലുതാവുന്ന പുല്ലുകൾ ആനകൾക്കായി കാടിനടുത്തു ഒരു ബഫർ സോൺ കണ്ടെത്തി വെച്ച് പിടിപ്പിച്ചു. ആനകൾ പതിവായി ഇറങ്ങി വരുന്ന വഴിയിൽ ഉള്ള ആ പുല്ലുകളൊക്കെ അവർ തിന്നുമോ അതോ അവ നശിപ്പിച്ചു തങ്ങളുടെ കൃഷി ഭൂമിയിലെ വിളവ് തന്നെ എടുക്കുവാൻ വരുമോ എന്നുള്ള സംശയം ആദ്യം ഉണ്ടായിരുന്നു. എന്നാൽ, ആനകൾ കാടിറങ്ങി വന്നു ഭക്ഷിച്ചതു ആ ബഫർ സോണിൽ ആനകൾക്കായി നട്ടു പിടിപ്പിച്ച പുല്ലു തന്നെ ആയിരുന്നു.

ഇത് നമ്മളെ ഓർമ്മിപ്പിക്കുന്നത് ചില വസ്തുതകൾ ആണ്. മനുഷ്യൻ അവന്റെ ചുറ്റുപാടുമുള്ള പ്രകൃതിയോട് ഇഴ ചേർന്നാണ് ജീവിക്കേണ്ടത് (Coexistence). അതിനെ നശിപ്പിച്ചുകൊണ്ടല്ല, അതിന്റെ താൽപര്യങ്ങൾക്കു  ചെവി കൊടുത്തുകൊണ്ടായിരിക്കണം. എന്നാൽ ഇവയൊക്കെയും, എത്ര പറഞ്ഞാലും നമുക്ക് മനസ്സിലാവുമോ എന്ന സംശയം ബാക്കി നിൽക്കുന്നു. ഇല്ലെങ്കിൽ, ഇനിയും പലതും ഇങ്ങനെ സൂക്ഷ്മ തലങ്ങളിലൂടെ നമ്മുടെ അത്യാർത്തികളിൽ കയറി ഇരിക്കും. അന്നേരം നമ്മൾ ഈ ബദൽ മാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കും. അപ്പോഴേയ്ക്കും കാലമേറെ കഴിഞ്ഞിട്ടുണ്ടാകും, അവസാനത്തെ പുൽനാമ്പും പക്ഷിയും തേനീച്ചയും നശിച്ചിരിക്കും. തുറസ്സായ  സ്ഥലത്ത് അവസാനത്തെ മനുഷ്യൻ അവന്റെ/അവളുടെ പൂർവ്വികരെ ശപിച്ചുകൊണ്ട് സ്വയം ക്രമീകരിക്കുന്ന പ്രകൃതി ഒരുക്കിയ  വംശനാശത്തിന് അപ്പോഴേയ്ക്കും വിധേയ(ൻ) ആകും.


‘The year earth changed’ ഡോക്യുമെന്ററിയുടെ ട്രയലർ കാണാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച – നമുക്ക് അറിയുന്നതും അറിയാത്തതും
Next post താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ
Close