Read Time:29 Minute


ഡോ. കെ.പി. അരവിന്ദൻ

കോവിഡ്-19 രോഗത്തിന് ഒരു വാക്‌സീൻ അത്യാവശ്യമാണോ? ആണ് എന്നു തന്നെയാണുത്തരം. ഒരു സമൂഹത്തിൽ നിന്ന് രോഗം തുടച്ചു നീക്കണമെങ്കിൽ ചുരുങ്ങിയത് 70% പേരെങ്കിലും രോഗപ്രതിരോധ ശേഷി നേടിയിരിക്കണം. സ്വാഭാവികമായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകർന്ന് ഇതു സംഭവിക്കണമെങ്കിൽ അതിനു കുറേ സമയമെടുക്കും അതു വരെ കടുത്ത നിയന്ത്രണങ്ങളുമായി ജീവിക്കുക എന്നാൽ സാമ്പത്തിക തകർച്ച ദീർഘിപ്പിക്കുക എന്നതായിരിക്കും ഫലം. എല്ലാവർക്കും പെട്ടെന്ന് രോഗം വരാൻ അനുവദിച്ചാൽ അതിന് മരണവും ദുരിതവുമായി കൊടുക്കേണ്ടിവരുന്ന വില അതിഭീമമായിരിക്കും. രോഗം വരുന്നതു പരമാവധി കുറച്ച് സധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകണമെങ്കിൽ വാക്‌സിൻ തന്നെ വേണം.

അത്ഭുതകരമെന്ന് പറയട്ടെ, ഒന്നല്ല നിരവധി വാക്‌സിനുകൾ ഈ ഒരു കൊല്ലം കൊണ്ട് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അഭൂതപൂർവ്വമായ രീതിയിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണിത്. മാത്രമല്ല ശാസ്ത്രലോകത്തിന് ഇതുവരെ കാണാത്ത രീതിയിലുള്ള പിന്തുണ സർക്കാരുകളിൽ നിന്ന് ലഭിക്കുകയും ചെയ്തു. രാഷ്ട്രീയ ഇച്ഛാശക്തിയും അന്താരാഷ്ട്ര സഹകരണവും ഒന്നിച്ചു ചേർന്നാൽ ലോകത്തെ അലട്ടുന്ന മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാവും എന്നതിന്റെ സൂചന കൂടിയാണ് ഈ അനുഭവം.

രോഗപ്രതിരോധത്തെപ്പറ്റി അൽപ്പം

നിത്യമെന്നോണം ബാക്റ്റീരിയകളും, വൈറസുകളും പോലെ നിരവധി രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. അവ മിക്കതും രോഗമുണ്ടാക്കുന്നില്ല. ഇത്തരം അണുക്കളെ ചെറുക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശക്തിയാണ് കാരണം. ഒരു രോഗാണു മനുഷ്യശരീരത്തിനകത്തു കടന്നുകഴിഞ്ഞാൽ പിന്നെ എന്തുസംഭവിക്കുന്നു എന്നത് നിർണയിക്കുന്നത് ആ അണുവും ശരീരത്തിലെ പ്രതിരോധ കോശങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ പരിണിത ഫലമാണ്. രോഗാണു ആദ്യമായി ശരീരത്തിൽ കയറുമ്പോൾ അതിനെ നേരിടുന്നത് സ്വാഭാവിക പ്രതിരോധത്തിനു (Innate immunity) വേണ്ടി നിയോഗിക്കപ്പെട്ട ചില കോശങ്ങളാണ്. പാറാവുകാരുടെ ജോലിയാണ് ഇവർക്ക്. ”സാധാരണ ശരീരത്തിൽ കാണാത്ത ഏതോ കുഴപ്പക്കാരൻ” എന്ന് മാത്രം മനസ്സിലാക്കാനേ ഇവർക്കു കഴിയൂ. ഇവർ ഇത് ചില സിഗ്‌നലുകൾ വഴി വിളിച്ചു പറയുകയും അതിന്റെ ഫലമായി ആ പ്രദേശത്ത് ചെറിയ തോതിൽ വീക്കം ഉണ്ടാവുകയും അണുക്കൾ നീക്കം ചെയ്യപെടുകയും ചെയ്യും. എന്നാൽ ഈ പ്രതിരോധം ശക്തി കുറഞ്ഞതാണ്. ചെറിയൊരു പോലീസ് ആക്ഷൻ. അത്ര മാത്രം. അണുക്കൾ എണ്ണത്തിൽ വളരെ കുറവെങ്കിൽ ഓകെ. അല്ലെങ്കിൽ കുറെയേറെ അവശേഷിക്കും. അവ കോശങ്ങൾക്കുള്ളിലോ പുറത്തോ പെരുകാൻ തുടങ്ങും. അപ്പോഴേക്ക് പട്ടാളം തന്നെ ഇറങ്ങേണ്ടി വരും. ഇതാണ് ആർജിത പ്രതിരോധം (acquired immunity). അതായത് ആ പ്രത്യേക രോഗാണുവിനെതിരെയുള്ള കൃത്യമായ പ്രതിരോധം. ഡിഫ്തീരിയ അണുവാണെങ്കിൽ അതിനെതിരെ, കോവിഡ്-19 വൈറസ് ആണെങ്കിൽ എങ്കിൽ അതിനെതിരെ – അങ്ങനെ അങ്ങനെ. ആർജിത പ്രതിരോധം വളരെ കൃത്യതയുള്ളതു കൂടിയാണ്.

ആർജിത പ്രതിരോധവും വാക്‌സിനുകളും

പല പകർച്ചവ്യാധികളും ഒരിക്കൽ വന്നാൽ പിന്നീട് വരില്ല എന്ന് നമുക്കറിയാം. ആർജിത പ്രതിരോധം തന്നെയാണ് ഇതിന് കാരണം. ചിത്രം 1-ൽ നിന്ന് നമുക്കതു ഇങ്ങനെ മനസ്സിലാക്കാം.

  1. രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു.
  2. രോഗാണുവിന്റെ തനതായ പ്രോട്ടീനുകൾ ശരീരത്തിന്റെ രോഗപ്രതിരോധ കോശങ്ങളെ ഉണർന്നു പ്രവർത്തിപ്പിക്കാൻ കാരണമാവുന്നു. പ്രധാനമായും രണ്ടു തരം ലിംഫോസൈറ്റ് കോശങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. T കോശങ്ങളും ആ കോശങ്ങളും. ഇവയുടെ പ്രവർത്തനഫലമായി നശീകരണ T കോശങ്ങളും ആന്റിബോഡികളും ഉണ്ടാവുന്നു.
  3. ആന്റിബോഡികളും നശീകരണ കോശങ്ങളും ഒരിക്കൽ രോഗബാധയേറ്റയാളിന്റെ ശരീരത്തിൽ ഉണ്ടാവും. കൂടുതൽ ഉൽപ്പാദനം പെട്ടെന്നു സംഘടിപ്പിക്കാൻ കഴിവുള്ള ഓർമ കോശങ്ങളും ഇവരുടെ ശരീരത്തിൽ ഉണ്ടായിരിക്കും.
  4. ഇങ്ങനെ ആർജിത പ്രതിരോധം നേടിക്കഴിഞ്ഞ ഒരാൾക്ക് വീണ്ടും അതേ രോഗാണുവിന്റെ ആക്രമണം ഉണ്ടായാൽ, അയാളുടെ ശരീരത്തിനകത്തു കയറുന്ന അണുക്കൾ ആന്റിബോഡികളും നശീകരണ T കോശങ്ങളും ഉപയോഗിച്ച് നശിപ്പിക്കപ്പെടുന്നു.
  5. വാക്‌സിനുകൾ പലതരമുണ്ട്. നിർവീര്യമാക്കപ്പെട്ട രോഗാണു, രോഗാണുവിന്റെ ഏതെങ്കിലും പ്രോട്ടീൻ, രോഗാണുവിന്റെ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ആർ.എൻ.എ തുടങ്ങി പല വിധം. അവ ഏതും കുത്തിവെച്ചാൽ ശരീരത്തിന്റെ ആർജിത പ്രതിരോധം ഉണരുകയും നശീകരണ T കോശങ്ങളും ആന്റിബോഡികളും ഉണ്ടാവുകയും ചെയ്യും.
  6. വാക്‌സിൻ എടുത്ത് ഒരാളിൽ അതേ രോഗാണുവിന്റെ ആക്രമണം ഉണ്ടായാൽ, അകത്തു കയറുന്ന അണുക്കൾ ആന്റിബോഡികളും നശീകരണ T കോശങ്ങളും ഉപയോഗിച്ച് നശിപ്പിക്കപ്പെടുന്നു – സ്വാഭാവിക രോഗം വന്നവരിലെന്നപോലെ.

പലതരം കോവിഡ് വാക്‌സിനുകൾ

വാക്‌സിനുകൾ പല തരത്തിൽ ഉണ്ടാക്കാമെന്നു സൂചിപ്പിച്ചല്ലോ കോവിഡ്-19ന്റെ കാര്യത്തിൽ ഇന്നുള്ള വ്യത്യസ്തതരം വാക്‌സിനുകൾ ഏതെന്നു നോക്കാം.

1. നശിപ്പിക്കപെട്ട മുഴുവൻ  വൈറസ് വാക്‌സിൻ (Inactivated whole virus vaccine)

ഇതാണ് ഏറ്റവും ലളിതമായ സാങ്കേതിക വിദ്യ. ലബോറട്ടറി പാത്രങ്ങളിൽ വളർത്തിയെടുക്കുന്ന വൈറസിനെ നശിപ്പിച്ച് വാക്‌സിൻ ആയി കുത്തിവെക്കുകയാണ് ചെയ്യുന്നത്. വൈറസിന്റെ പല പ്രോട്ടീനുകൾ ശരീരത്തിന്റെ രോഗപ്രതിരോധത്തെ ഉത്തേജിപ്പിക്കുന്നു. ഇന്ത്യയിലെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, ചൈനയിലെ സിനോഫാം കമ്പനിയുടെ BBIBP-CorV വാക്‌സിൻ, മറ്റൊരു ചൈനീസ് കമ്പനിയായ സീനോവാക്കിന്റെ കോവിഡ്-19 വാക്‌സിൻ എന്നിവ ഉദാഹരണങ്ങൾ.
ഇത്തരം വാക്‌സിനുകളുടെ ഗുണം അതിന്റെ വിലക്കുറവാണ്. ഫലപ്രാപ്തി മറ്റു വാക്‌സിനുകളോളം ഉണ്ടാവണമെന്നില്ല.

2. പ്രോട്ടീൻ വാക്‌സിനുകൾ

കോവിഡ്-19 വൈറസിന്റെ പ്രത്യേക പ്രോട്ടീനുകൾ മാത്രം വേർതിരിച്ചെടുത്ത് വാക്‌സിൻ ആയി ഉപയോഗിക്കുന്ന രീതിയാണിത്. വൈറസ് മനുഷ്യകോശങ്ങളിലെയ്ക്ക് കടന്നു കയറാൻ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനിനെതിരായ ആന്റിബോഡികളും നശീകരണ T കോശങ്ങളും ധാരാളമായി ഉണ്ടാവുകയും അതുവഴി വൈറസ് കോശങ്ങൽക്കുള്ളിൽ കയറിപ്പറ്റാതെ നശിപ്പിക്കപ്പെടുകയും ചെയ്യുക എന്നാണുദ്ദേശ്യം. അമേരിക്കയിലെ നോവോവാക്‌സ് എന്ന കമ്പനി ഉൽപ്പാദിപ്പിക്കുന്ന NVX-CoV2373 ആണ് വിപണിയിൽ എത്താറായി നിൽക്കുന്നത്. കോവിഡ്-19 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ ജീനിന്റെ ഡി.എൻ.എ പതിപ്പ് നിശാശലഭങ്ങളെ ബാധിക്കുന്ന ബാക്കുലോവൈറസ് എന്ന വൈറസിന്റെ ഡി.എൻ.എ.യുമായി വിളക്കിച്ചേർക്കുകയാണ് ഇവർ ചെയ്യുന്നത്. ഇങ്ങനെ മാറ്റിയെടുത്ത ബാക്കുലോവൈറസിനെ ലബോറട്ടറിയിൽ നിശാശലഭ കോശങ്ങളിൽ വളർത്തുന്നു. ഈ നിശാശലഭ കോശങ്ങൾ അവയുടെ പ്രോട്ടീനുകൾക്കൊപ്പം കോവിഡ്-19 വൈറസ് സ്‌പൈക് പ്രോട്ടീനും നിർമിക്കുന്നു. ഇത് വേർതിരിച്ചെടുത്ത് വാക്‌സിനായി ഉപയോഗിക്കുന്നു.
ഈ വാക്‌സിനിന് 90 ശതമാനത്തിനടുത്ത് ഫലപ്രാപ്തിയുണ്ടെന്നാണ് ആദ്യഫലങ്ങൾ സൂചിപ്പിക്കുന്നത്. താരതമ്യേന വില കുറവായിരിക്കും എന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം സീറം ഇൻസ്റ്റിറ്റിയുട്ട് ഒഫ് ഇന്ത്യ എന്ന ഇന്ത്യൻ കമ്പനിക്ക് ഈ വാക്‌സിൻ നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നതാണ്.

3. വൈറൽ വെക്ടർ വാക്‌സിനുകൾ (Viral vector vaccines)

ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിന്റെ ഡി.എൻ.എ യോട് കോവിഡ്-19 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന്റെ ഡി.എൻ.എ വിളക്കിച്ചേർത്ത് നിർമ്മിക്കുന്ന വാക്‌സിനുകൾ ആണിവ. അഡിനോ വൈറസിന്റെ രോഗം ഉണ്ടാക്കാനുള്ള കഴിവ് നശിപ്പിച്ചിരിക്കുമെങ്കിലും അത് സ്വാഭാവികമായി കോശങ്ങൾക്കുള്ളിൽ കയറി പറ്റുകയും കോവിഡ്-19 സ്‌പൈക്ക് പ്രോട്ടീൻ നിർമ്മിക്കുകയും ചെയ്യും. ഈ പ്രോട്ടിനിനെതിരെ ആന്റിബോഡികളും T കോശങ്ങളും ഉണ്ടാവുന്നതോടെ രോഗപ്രതിരോധം കൈവരുന്നു.
ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽ വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിനും റഷ്യയിലെ ഗെമാലിയ ഇൻസ്റ്റിറ്റിയുട്ടിന്റെ സ്പുട്‌നിക് വാക്‌സീനുമാണ് ഉദാഹരണങ്ങൾ.
ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ട് ഇപ്പോൾ തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. സ്പുട്‌നിക് വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറി ലൈസൻസ് നേടിയിട്ടുണ്ട്.

4. എം.ആർ.എൻ.എ വാക്‌സിനുകൾ (mRNA vaccines)

വാക്‌സിനുകളിൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണിത്. കോവിഡ്-19 രോഗത്തിനെതിരെയാണ് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. കോവിഡ്-19 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ നിർമിക്കാനുള്ള സന്ദേശം വഹിക്കുന്ന mRNA തന്മാത്രകൾ ചെറിയ കൊഴുപ്പു കണങ്ങൾക്കുള്ളിലാക്കി കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഇവ കോശങ്ങൾക്കുള്ളിൽ കയറിയാൽ mRNA കൊഴുപ്പു കണത്തിൽനിന്നു പുറത്തു വരികയും സൈറ്റോപ്ലാസത്തിൽ (കോശദ്രവ്യം) കോവിഡ്-19 സ്‌പൈക്ക് പ്രോട്ടീൻ ഉൽപ്പാദനത്തിനു കാരണമാവുകയും ചെയ്യുന്നു. സ്‌പൈക്ക് പ്രോട്ടീനിനെതിരെ ആന്റിബോഡികളും T കോശങ്ങളും ഉണ്ടായി വ്യക്തി രോഗപ്രതിരോധ ശേഷി നേടുന്നു.
രണ്ടു കമ്പനികളുടെ mRNA വാക്‌സീനുകളാണ് മാർക്കറ്റിലുള്ളത്; ഫൈസർ കമ്പനിയുടെ Comirnaty വാക്‌സിനും മോഡേർണ എന്ന അമേരിക്കൻ കമ്പനിയുടെ mRNA-1273 വാക്‌സിനും.
രണ്ടു വാക്‌സീനുകൾക്കും 95% വരെ ഫലപ്രാപ്തിയുള്ളതായി കണ്ടിട്ടുണ്ട്. വില താരതമ്യേന കൂടുതലാണ്. മാത്രമല്ല വാക്‌സീനുകൾ കേടുവരാതെ അധികനാൾ സൂക്ഷിക്കണമെങ്കിൽ അതിശീതീകരണം വേണം. ഫൈസർ വാക്‌സിന് -80 ഡിഗ്രിയും മോഡേർണ വാക്‌സിന് -20 ഡിഗ്രിയും. നല്ല ശീതികരണ ശൃംഖല ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഇവയുടെ വ്യാപകമായ ഉപയോഗം ബുദ്ധിമുട്ടായിരിക്കും.

 

വാക്‌സിൻ സുരക്ഷിതത്വവും ഫലപ്രാപ്തിയും

എല്ലാ വാക്‌സിനുകളും മൂന്ന് ഘട്ടം പരീക്ഷണങ്ങളിലൂടെ കടന്നാണ് വിപണിയിൽ എത്തുന്നത് ഒന്നാംഘട്ടത്തിൽ പൂർണ്ണ ആരോഗ്യവാന്മാരായ വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുന്നത്. അതുമൂലം ഗുരുതരമായ പാർശ്വഫലങ്ങളോ മറ്റ് പ്രത്യാഘാതങ്ങളോ ഉണ്ടോ എന്നാണ് പഠിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലാണ് രണ്ടാം ഘട്ടം പഠനത്തിലേക്ക് നീങ്ങുക. ഈ ഘട്ടത്തിലും വളണ്ടിയർമാരിൽ തന്നെയാണ് പരീക്ഷണം. പാർശ്വഫലങ്ങൾ പഠിക്കുന്നതിനപ്പുറം വാക്‌സിൻ കൊണ്ട് ശരീരത്തിൽ രോഗപ്രതിരോധ ടി കോശങ്ങളും ആന്റിബോഡികളും ഉണ്ടാവുന്നുണ്ടോ എന്നും പഠിക്കുന്നു. ഈ ഘട്ടത്തിലും വിജയം നേടിയാൽ ആണ് മൂന്നാംഘട്ട പരീക്ഷണം.
യഥാർത്ഥത്തിൽ ഫലപ്രാപ്തി പഠനം നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. പരീക്ഷണ വളണ്ടിയർമാരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുന്നു. അതിൽ ഒരു കൂട്ടർക്ക് വാക്‌സിനും (പഠന ഗ്രൂപ്പ്) മറ്റുള്ളവർക്ക് ഉപ്പുവെള്ളം പോലെ ഫലപ്രദമല്ലാത്ത എന്തെങ്കിലുമോ കുത്തിവെക്കുന്നു (നിയന്ത്രിത ഗ്രൂപ്പ്). രോഗികളോ മരുന്ന് നൽകുന്നവരോ ആർക്ക് എന്തു കൊടുത്തു എന്ന് അറിയുന്നില്ല. Randomised control trial എന്നറിയപ്പെടുന്ന ഈ രീതിയാണ് ഇന്ന് എല്ലാ മരുന്നുകളുടെയും വാക്‌സിനുകളുടേയും മറ്റും ഫലപ്രാപ്തി തെളിയിക്കാൻ ഉപയോഗിക്കുന്നത്. ഈ പഠനത്തിൽ പഠന ഗ്രൂപ്പിലുള്ളവർക്ക് നിയന്ത്രിത ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് രോഗം വരുന്നവരുടെ നിരക്ക് ഗണ്യമായ തോതിൽ കുറവായിരിക്കണം. ഇത് 75 ശതമാനം കുറവെങ്കിൽ 75% ഫലപ്രാപ്തി, 95% എങ്കിൽ 95% ഫലപ്രാപ്തി എന്നൊക്കെ പറയുന്നു.
വിപണിയിൽ എത്തുന്നതിനുമുൻപ് മൂന്നു ഘട്ടം പഠനങ്ങളും പൂർത്തിയാക്കി ഫലങ്ങൾ പരസ്യമാക്കിയിരിക്കണം. വാക്‌സീൻ നിർമാണത്തിന്റെ മറ്റെല്ലാ ഘട്ടങ്ങളും വേഗത്തിലാക്കുമ്പോഴും ഈ മൂന്നു ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റില്ല.
ഇന്ന് വിപണിയിൽ എത്തിക്കഴിഞ്ഞ വാക്‌സിനുകളെല്ലാംതന്നെ ഈ ഘട്ടങ്ങൾ കഴിഞ്ഞവയാണ്. ജനങ്ങൾക്ക് വാക്‌സീനുകളിൽ ഉള്ള വിശ്വാസ്യത നില നിർത്താൻ ഈ ഉറപ്പ് പരമപ്രധാനമാണ്. ഇന്ത്യയിൽ ഭാരത് ബയോടെക്ക് കമ്പനിയുടെ കോവാക്‌സീനിന് താൽക്കാലിക (പരീക്ഷണ ഘട്ട) അനുമതി നൽകിയത് ആശങ്കയുളവാക്കിയത് ഈ ഉറപ്പ് ലംഘിക്കുന്നുവോ എന്ന സംശയം കാരണമാണ്.

വാക്‌സിൻ ലഭ്യത

കോവിഡ് രോഗത്തെ ലോകത്തുനിന്ന് തുടച്ചു മാറ്റണമെങ്കിൽ ലോകജനസംഖ്യയിൽ വളരെ വലിയ ഒരു ഒരു ശതമാനത്തിന് എത്രയും പെട്ടെന്ന് വാക്‌സിനേഷൻ നൽകിയേ തീരൂ ഇതാകട്ടെ നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  1. ജനങ്ങളുടെ ബോധനിലവാരം
  2. വാക്‌സിൻ ഉൽപ്പാദനം
  3. വാക്‌സിൻ വിതരണം
  4. വാക്‌സിൻ വില

വാക്‌സിൻ വിദ്യാഭ്യാസം

വാക്‌സിനുകളെ പറ്റി നിരവധി ദുഷ്പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മിഡിയ വഴിയും നടക്കുന്ന കാലമാണിത്. ചെറിയ പിഴവുകൾ പോലും പർവതീകരിച്ച് പ്രതിരോധ ചികിത്സയ്‌ക്കെതിരെ ഉപയോഗിക്കാൻ ഇടയുണ്ട്. തികഞ്ഞ സുതാര്യതയും നിരന്തരമായി ജനങ്ങളുമായി വിവരങ്ങൾ പങ്കിടുന്ന രീതിയും വഴി മാത്രമേ ഇവയെ നേരിടാൻ കഴിയൂ.
വാക്‌സിനേഷൻ കഴിഞ്ഞ് എന്തു ചെറിയ പ്രശ്‌നമുണ്ടെങ്കിൽപോലും ആ വിവരങ്ങൾ ശേഖരിച്ച് അന്വേഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇവ മുഴുവൻ രേഖപ്പെടുത്തി അന്വേഷിക്കുന്നതിന് Adverse event following immunization (AEFI) നിരീക്ഷണം എന്നാണ് പറയുക. ഇതിന്റെ ഭാഗമായി നൂറുകണക്കിന് ചെറിയ ചെറിയ പ്രശ്‌നങ്ങൾ രേഖപ്പെടുത്തും. അവയിൽ ചിലത് വാക്‌സിനേഷന്റെ പാർശ്വഫലം ആയിരിക്കാം. മറ്റുള്ളവ വാക്‌സിനേഷനുമായി ബന്ധമില്ലാത്ത, ആകസ്മികമായി ആ സമയത്ത് ഉണ്ടായ, അസുഖങ്ങളായിരിക്കാം. ഇവ മിക്കതും ആകസ്മികമായി ആ സമയത്ത് ഉണ്ടാവുന്നതും വാക്‌സിനേഷനുമായി ബന്ധമില്ലാത്തവയും ആണ്. അപൂർവ്വമായി ഗുരുതരമായ പ്രശ്‌നങ്ങളോ മരണം തന്നെയോ ഉണ്ടായേക്കാം. ലക്ഷക്കണക്കിന് മനുഷ്യർ ഒരു ദിവസം വാക്‌സിനേഷന് വിധേയരാവുമ്പോൾ അവരിൽ അപൂർവ്വം ചിലർക്കെങ്കിലും അന്നേ ദിവസം വാക്‌സിനേഷൻ ചെയ്തില്ലായിരുന്നെങ്കിൽ പോലും ഉണ്ടാവുമായിരുന്ന ഹാർട്ട് അറ്റാക്കോ മസ്തിഷ്‌ക്കാഘാതമോ ഒക്കെ ഉണ്ടാവാനുള്ള സാധ്യയുണ്ട്. AEFI പ്രകാരം ഇവയൊക്കെ രേഖപ്പെടുത്തി അന്വേഷിക്കണം. വാക്‌സിനേഷൻ കാരണമല്ല അതുണ്ടായതെന്ന് ഈ അന്വേഷണത്തെ തുടർന്ന് രേഖപ്പെടുത്തും. എന്നാൽ ചില വാക്‌സിൻ വിരുദ്ധരും അവരെ പിൻതുണക്കുന്ന മാധ്യമങ്ങളും AEFI വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നു. വിവരാകാശം വഴി സുതാര്യമായ AEFI വിവരങ്ങൾ ശേഖരിച്ച് വാക്‌സിൻ നൽകിയതിനു ശേഷം ഇത്ര മരണം ഇത്ര ഹാർട്ട് അറ്റാക്ക് എന്നൊക്കെ വാർത്തയാക്കുന്നു. പണ്ട് പെന്റാവാലന്റ് വാക്‌സിനുകൾ ഇറങ്ങിയപ്പോൾ AEFI വിവരങ്ങൾ വെച്ച് വാക്‌സിൻ മൂലം കുട്ടികൾ മരിക്കുന്നതിനെപറ്റി ചില മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഇന്ന് ദേശവ്യാപകമായി ഈ വാക്‌സിനുകൾ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചു വരുന്നു. തികച്ചും അധാർമികമായ ഇത്തരം മാധ്യമപ്രവർത്തനങ്ങൾക്കെതിരെ നിയമനടപടികൾ ആവശ്യമാണ്.

അതിനേക്കാൾ ആവശ്യം ജനങ്ങൾക്ക് വാക്‌സിനുകളെപറ്റിയുള്ള ശരിയായ വിദ്യാഭ്യാസം നൽകുകയെന്നതാണ്. എങ്കിൽ മാത്രമേ കപട പ്രചരണങ്ങൾ തിരിച്ചറിയാൻ അവർക്ക് സാധിക്കുകയുള്ളു. വസൂരിയും പോളിയോയും ഇല്ലാതാക്കാൻ കഴിഞ്ഞതും ആ നേട്ടം നേടിയതെങ്ങിനെയെന്നുംമറ്റും അവരറിയണം. വലിയ തോതിലുള്ള ജനകീയ വിദ്യാഭ്യാസ പരിപാടി സർക്കാരും ആരോഗ്യ പ്രവർത്തകരും സംഘടിപ്പിക്കണം.

ഉൽപ്പാദനവും വിതരണ നീതിയും  പേറ്റന്റ് വ്യവസ്ഥയും

വാക്‌സിൻ ഉൽപ്പാദനം, വിതരണം, വില എന്നീ പ്രശ്‌നങ്ങൾ തമ്മിൽ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. ലോകത്തിന് ആവശ്യമായത്ര വലിയ തോതിൽ വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നതു തന്നെയാണ് മുഖ്യ പ്രശ്‌നം. ഈ സാഹചര്യത്തിൽ ലഭ്യമായ വാക്‌സിനുകൾ ധനിക രാജ്യങ്ങൾ വാങ്ങിക്കൂട്ടുകയും അവികസിത-വികസ്വര രാജ്യങ്ങൾക്ക് വേണ്ടത്ര അവ കിട്ടാതെ വരികയും ചെയ്യുന്നു. മാത്രമല്ല, വില ഉയർന്നു തന്നെ നിൽക്കാനും ഇതു കാരണമാവുന്നു. ലോകാരോഗ്യ സംഘടനയും മറ്റും ചേർന്ന് രൂപംനൽകിയ COVAX എന്ന കൂട്ടായ്മ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിനുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഉൽപാദനം നടന്നില്ലെങ്കിൽ ഇതൊന്നും സാധ്യമാവുകയില്ല.
ഇന്ന് എല്ലാവർക്കും വാക്‌സിനുകൾ വളരെ പെട്ടെന്ന് ലഭ്യമാകുന്ന രീതിയിൽ വളരെ വേഗത്തിൽ ഉൽപ്പാദനം നടക്കാത്തതിന്റെ ഒരു പ്രധാന കാരണം പേറ്റന്റ് വ്യവസ്ഥയടക്കമുള്ള നിലവിലെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളാണ്.
വാക്‌സിനുകൾ വികസിപ്പിക്കാനുള്ള അടിസ്ഥാന ഗവേഷണങ്ങൾ പൊതു സങ്കേതങ്ങളായ യൂണിവേഴ്‌സിറ്റികളിലും പൊതുമേഖല ലബോറട്ടറികളിലുമായാണ് നടക്കുന്നതെങ്കിലും, ഇതിലൂടെ ലഭ്യമാവുന്ന വിവരങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകളുടെ കാര്യം വരുമ്പോൾ ചിത്രമാകെ മാറുന്നു. അവിടെ ശക്തമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ കടന്നുവരുന്നു. അടിസ്ഥാന സയൻസ് നൽകുന്ന വിവരങ്ങൾ വാക്‌സിനുകളും മരുന്നുകളുമൊക്കെയായി മാറുമ്പോൾ അതിനുമേൽ വലിയ ‘നോക്കുകൂലി’യുമായി സ്വകാര്യ കമ്പനികൾ രംഗത്തു വരുന്നു. പേറ്റന്റ് വ്യവസ്ഥ കാരണം വാക്‌സിനാടക്കമുള്ള മരുന്നുകൾ ലോകജനതയിൽ വലിയൊരു വിഭാഗത്തിന് അപ്രാപ്യമാവുന്നു.
ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്‌സിനുകളുടെ കാര്യമെടുക്കൂ. വാക്‌സിൻ രംഗത്ത് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് mRNA വാക്‌സിനുകൾ. ഫൈസർ, മോഡേണ എന്നീ രണ്ടു കമ്പനികളാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നതെങ്കിലും ഈ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള അടിസ്ഥാന ഗവേഷണങ്ങൾ മുഴുവൻ നടന്നത് പൊതു മേഖലാ സ്ഥാപങ്ങളിലും സർവ്വകലാശാലകളിലുമാണ്. പക്ഷെ, പേറ്റന്റ് വ്യവസ്ഥകൾ ഉപയോഗിച്ച് ഇതിന്റെ സാമ്പത്തിക ഗുണഫലങ്ങൾ മുഴുവൻ നിർമാണ കമ്പനികൾ സ്വന്തമാക്കുകയാണ്. അവർ സ്വന്തമായി ഉൽപ്പാദിപ്പിക്കുകയും ഉയർന്ന വിലയ്ക്ക് വിൽക്കുകയുമല്ലാതെ മറ്റുള്ളവർക്ക് ഉൽപ്പാദന ലൈസൻസ് നൽകുന്നുമില്ല. ലോകത്തിനാവശ്യമായ വലിയ തോതിലുള്ള വാക്‌സിൻ ഉൽപ്പാദനത്തിന് ഇതു പ്രതിബന്ധമാവുന്നു. ‘ഈ സ്ഥിതി മാറിയേ തീരൂ’ എന്ന ഏറെ കാലമായുള്ള ആവശ്യത്തിനു പിന്നിൽ കോവിഡ് കാലഘട്ടത്തിൽ ഒട്ടേറെ പേർ അണി നിരക്കുന്നതാണ് നാം കാണുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇന്നത്തെ പേറ്ന്റ് വ്യവസ്ഥയിൽ മാറ്റങ്ങൾ വേണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മറിച്ചും സംഭവിക്കുന്നുണ്ട്. ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അഡനോവൈറസ് വെക്ടർ വാക്‌സിൻ, അസ്ട്രാ സെനെക്ക കമ്പനിക്ക് കൈമാറിയപ്പോൾ അവർ മുന്നോട്ടുവച്ച നിബന്ധന ഇത് ലോകമെമ്പാടും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവണമെന്നായിരുന്നു. അതിന്റെ ഫലമായാണ് ഇന്ത്യയിൽ ഈ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനായത്.
ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രലോകത്തു നിന്നും അതിനു പുറത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന ഡിമാന്റുകളിൽ ഒന്ന് സുതാര്യത ആണ് – ഓപ്പൺ സയൻസ്. അടിസ്ഥാന ശാസ്ത്രത്തിന്റെ വിവരങ്ങൾ ഒരുതരത്തിലുള്ള വിലക്കുകളുമില്ലാതെ ലോകം മുഴുവൻ പങ്കിടുന്ന അവസ്ഥ. ഓപ്പൺ സയൻസ് ആകുമ്പോൾ അതിന്റെ ഫലങ്ങളും ഒരു കൂട്ടർക്കു മാത്രം കുത്തകയാക്കി വെക്കുവാൻ സാധിക്കില്ല. ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഇന്നത്തെ അവസ്ഥയിൽ തുടരേണ്ടതുണ്ടോ എന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടതായിട്ടുണ്ട്. പല കമ്പനികളും രാജ്യങ്ങളും ചേർന്ന് അവകാശങ്ങൾ സംയോജിപ്പിച്ച് പേറ്റന്റ് പൂളുകൾ (Patent pools) ഉണ്ടാക്കണമെന്ന നിർദേശം ഉയർന്നുവന്നിട്ടുണ്ട്. ഇപ്പോൾതന്നെ നിലനിൽക്കുന്ന നിർബന്ധിത ലൈസൻസിങ്ങ് (Compulsory licensing) സമ്പ്രദായം വ്യാപകമായി ഉപയോഗിക്കണമെന്നും അഭിപ്രായമുണ്ട്. നിർഭാഗ്യവശാൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സർക്കാരുകൾ ഇതിന് എതിരു നിൽക്കുകയാണ്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ലോകം മനസ്സിലാക്കിയെടുത്ത ഒരു ഗുണപാഠം, മഹാമാരികൾ അടക്കമുള്ള വലിയ പ്രശ്‌നങ്ങളെ നേരിടാൻ നമുക്ക് സയൻസ് മാത്രമാണ് ആശ്രയമായിട്ടുള്ളത് എന്നാണ്. പക്ഷെ സയൻസ് ശൂന്യതയിലല്ല പ്രവർത്തിക്കുന്നത്; സമൂഹത്തിലാണ്. സയൻസിന്റെ ഗുണഫലങ്ങൾ പരമാവധി ഉപയോഗിക്കാൻ ഉതകുന്ന രീതിയിൽ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യം.


വാക്സിൻ ലൂക്ക ലേഖനങ്ങളും വീഡിയോകളും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും
Next post അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ
Close