ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം. ഐക്യരാഷ്ട്ര സഭ ഈ വരുന്ന ദശകം (2021-2030) “United Nations Decade of Ocean Science for Sustainable Development” (സുസ്ഥിര വികസനത്തിനായി സമുദ്രശാസ്ത്രം) ആയി ആചരിക്കുകയാണ്. അതിന്റെ ആരംഭവർഷമെന്ന പ്രത്യേകതയും 2021ന് ഉണ്ട്.
എല്ലാവർക്കുമറിയാവുന്നത് പോലെ ഭൗമോപരിതലത്തിന്റെ 70% സമുദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 40 ശതമാനത്തോളം തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ലോകസമ്പദ്‌വ്യവസ്ഥയിലും സമുദ്രങ്ങൾക്ക് വലിയ പങ്കുണ്ട്. ചരക്കുഗതാഗതത്തിന്റെ 90 ശതമാനത്തിലധികം സമുദ്രങ്ങൾ വഴിയാണ്. ഇതിനെല്ലാമുപരിയായി സമുദ്രങ്ങൾ നമ്മുടെ കാലാവസ്ഥ വ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാലാവസ്ഥയേയും ദിനാവസ്ഥയെയും നിയന്ത്രിക്കുന്നതിൽ സമുദ്രങ്ങൾക്ക് വലിയ പങ്കാണുള്ളത്. ഭൂമിയിലേക്ക് എത്തുന്ന സൗരോർജത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ഈ ഊർജം പ്രധാനമായും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ആഗിരണം ചെയ്യപ്പെടുന്നത്. സമുദ്രജല പ്രവാഹങ്ങൾ വഴിയായാണ് ഉഷ്ണമേഖലാ പ്രദേശങ്ങൾ തൊട്ട് ധ്രുവങ്ങൾ വരെ ഊർജത്തിന്റെ സംക്രമണം നടക്കുന്നത്. സമുദ്രജലപ്രവാഹങ്ങൾക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരത്തോളം ഊർജപുനർവിതരണം നടത്താനുള്ള ശേഷിയുണ്ട്. കൂടാതെ മറ്റ് ജലസ്രോതസ്സുകളെ അപേക്ഷിച്ച് സമുദ്രങ്ങളിൽ നിന്നുള്ള ബാഷ്പീകരണമാണ് ഭൂരിഭാഗം മഴമേഘങ്ങൾക്കും കാരണമാകുന്നത്. ചുഴലിക്കാറ്റുകളും മറ്റ് കൊടുങ്കാറ്റുകളും (storms) സമുദ്രങ്ങളിൽ സംഭരിക്കപ്പെടുന്ന ഊർജത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ്. സമുദ്രത്തിലുണ്ടാകുന്ന എൽ നിന്യോ, ലാ നിന്യ പോലെയുള്ള പ്രതിഭാസങ്ങളിലൂടെ കാലാവസ്ഥാ വ്യതിചലനങ്ങളെയും (climate variabilities) സമുദ്രങ്ങൾ സ്വാധീനിക്കുന്നു.
അതേ സമയം തന്നെ കാലാവസ്ഥാ മാറ്റം സമുദ്രങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ആഗോളതാപനം സമുദ്രങ്ങളിൽ പലവിധ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നതാണ് നമുക്കെല്ലാം ഏറ്റവും പരിചിതമായ പ്രത്യാഘാതം. ആഗോളതാപനം കാരണം രണ്ടു രീതിയിലാണ് ജലനിരപ്പ് ഉയരുന്നത്. ഒന്ന് ചൂട് പിടിച്ച ജലം വികസിക്കുന്നത് കൊണ്ടും രണ്ടാമതായി മഞ്ഞും ഹിമപാളികളും ഉരുകുന്നത് കൊണ്ടും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സമുദ്രജല നിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്.
മറ്റൊരു പ്രത്യാഘാതം സമുദ്രജലത്തിന്റെ അമ്ലത (acidity) വർദ്ധിക്കുന്നതാണ്. കാർബൺ ഡയോക്സൈഡ് സമുദ്രജലത്തിൽ കലരുന്നത് സമുദ്രങ്ങളുടെ അമ്ലത വർദ്ധിക്കാൻ കാരണമാകുന്നു. ഇത് പവിഴപ്പുറ്റുകളെയും മറ്റു പുറംതോടുള്ള ജീവികളെയും ദോഷകരമായി ബാധിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ അമ്ലതയിലെ വർദ്ധന താഴെ ചിത്രത്തിൽ കാണാം.
ഇനി വരുന്ന കാലത്ത് കാലാവസ്ഥാ പ്രവചനം എത്രത്തോളം നിർണായകമാണെന്ന് പറയേണ്ടതില്ലല്ലോ. സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള പരസ്പരപ്രവർത്തനങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് മെച്ചപ്പെടുന്നത് ദിനാവസ്ഥാ/കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാകാൻ സഹായിക്കും. അതോടൊപ്പം സമുദ്രങ്ങളിൽ നിന്ന് കൂടുതൽ ഡേറ്റ ലഭിക്കുന്നതും പ്രവചനങ്ങളുടെ കൃത്യത വർദ്ധിപ്പിക്കും. ഇക്കാരണങ്ങളാൽ സമുദ്രങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും സമകാലിക സാഹചര്യങ്ങളിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.
അവലംബം: world meteorological organization
One thought on “ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും”