Read Time:9 Minute


ഡോ.ജയകൃഷ്ണൻ ടി
പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ മെഡിക്കൽ കോളേജ്, കോഴിക്കോട്

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും മറുഭാഗത്ത് വാക്സിനുകും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. നിലവിലുള്ള നമ്മുടെ വാക്സിൻ ഉത്പാദന ക്ഷമതക്കും എത്രയോ ഇരട്ടി വാക്സിൻ ചുരുണ്ടിയ സമയത്തിനുളളിൽ ലഭ്യമാക്കേണ്ടതുണ്ട്. വാക്സിൻ നൽകണ്ടവരുടെ പ്രയോറിറ്റി ലിസ്റ്റ് പതിനെട്ട് വയസ്സ് തികഞ്ഞ വരേയും ഉൾപ്പെടുത്തി വിപുലപ്പെടുത്തി വികസിപ്പിച്ചപ്പോൾ വാക്സിൻ ലഭിക്കണ്ടവരുടെ എണ്ണം ഇപ്പോഴുള്ള ത്തിന്റെ മൂന്നര ഇരട്ടിയോളമായി വർദ്ധിച്ചിരിക്കയാണ്. ഇവരിൽ തന്നെ അറുപത് ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകുവാൻ 120 കോടി ഡോസ് വാക്സിൻ വേണ്ടി വരും. ആളുകളിൽ തന്നെ ഒറ്റ ഡോസ് മാത്രം ലഭിച്ചവർക്ക് സമയത്ത് തന്നെ രണ്ടാം ഡോസും ലഭ്യമാക്കി പൂർണ്ണ പ്രതിരോധം ലഭ്യമാക്കിയിട്ടില്ലെങ്കിൽ വൈറസുകൾക്ക് കൂടുതൽ ജനിതകവ്യതിയാനം സംഭവിക്കാനും സാധ്യത ഉണ്ട്.

വാക്സിൻ ലഭ്യതക്ക് ഞെരുക്കമനുഭവിക്കുന്ന സമയത്ത് തന്നെ വാക്സിൻ കമ്പനികൾക്ക് ഇരട്ടി വില ഈടാക്കി സംസ്ഥാന സർക്കാറുകൾക്കും മൂന്നിരട്ടി വിലയിൽ സ്വകാര്യ മേഖലകളിലേക്കും നൽകാൻ കമ്പനികൾ തീരുമാനിച്ചും / അതിന് സമ്മതം നൽകിയതും ഓക്സിജൻ ക്ഷാമമനുഭവപ്പെട്ട് മരിക്കുന്ന ജനതയുടെ നെഞ്ചിൽ മറ്റൊരു ഭാരം കയറ്റി ശ്വാസം മുട്ടിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഇപ്പോൾ രാജ്യത്ത് ഉപയോഗിച്ച് വരുന്ന കോവിഷീൽസ് വാക്സിന്റെ (സീറം ഇൻസ്റ്റിറ്റ്യൂട്ട് ) പ്രതിദിന നിർമ്മാണ ശേഷി 20 ലക്ഷം ഡോസും കോവാക്സിന്റെത് (ഭാരത് ബയോ ടെക് ) 2 ലക്ഷവുമാണ്. ഇതിന്റെ ഉത്പാദനം ഇരട്ടിപ്പിച്ചാലും നമ്മുടെ ഡിമാന്റിന്റെ അടുത്തെത്താൻ പോകുന്നില്ല.

അതിനാൽ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാറുകൾ അടിയന്തിര നടപടികളിലേക്ക് പോകേണ്ടതുണ്ട്.

 1. രാജ്യത്ത് നിലവിലുള്ള 1897 ലെ എപിഡെമിക് ഡിസീസ് ആക്ട് സെക്ഷൻ 2, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ട് (1940) ലെ സെക്ഷൻ 26 ബി പ്രാകാരവും ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാറിന് വാക്സിനുകളുടെ നിർമ്മാണം . വ്യാപാരം വിതരണം എന്നിവ നിയന്ത്രിക്കാനും പുതിയ നിർമ്മാണ ലൈസൻസുകൾ നൽകിയും മറ്റ് നിർമ്മാതാക്കളുട ഉത്പാദന കപ്പാസിറ്റി കടമെടുത്ത് വാക്സിൻ ഉത്പാദനം നടത്താനും പറ്റുന്നതാണ്.
 2. പേറ്റന്റ് ആക്ട് സെക്ഷൻ 92 അനുസരിച്ച് ഇത്തരം അടിയന്തിര ഘട്ടത്തിൽ നിർബന്ധിത ലൈസൻസിംഗ് വ്യവസ്ഥ അനുസരിച്ച് ഇതിന് തയ്യാറാക്കുന്ന നിർമ്മാണ സാങ്കേതിക സൗകര്യമുള്ള മറ്റ് കമ്പിനികളോടൊ , അല്ലെങ്കിൽ സർക്കാറിന് നിർബ്ബന്ധമായി മറ്റ് സ്വകാര്യ വാക്സിൻ കമ്പനികളോട് വാക്സിൻ നിർമ്മിച്ചു നൽകാൻ നിർദ്ദേശിക്കുകയും ചെയ്യാവുന്ന വ്യവസ്ഥകളുണ്ട്.
 3. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിൻ വികസിപ്പിച്ചതും നിർമ്മിക്കുന്നതും സർക്കാറിന്റെ ഫണ്ടുകൾ ഉപയോഗിച്ചാണ്. ഇവയൊക്കെ ജനങ്ങളുടെ നികുതിയിൽ നിന്ന് സമാഹരിക്കപ്പെട്ടതാണ്. കോവാക്സിന്റെ വിത്തുകോശങ്ങൾ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.ഐ.വി.- പൂനയിലെ ഐ.സി.എം.ആർ ശാസ്ജ്ഞരാണ്. അതിനാൽ കേന്ദ്ര ബൗദ്ധിക സ്വത്തവകാശ “പേറ്റന്റ് നിയമങ്ങൾ ” (TRIPS) മറികടന്ന് രാജ്യത്തെ മറ്റ് വാക്സിൻ ഉത്പാദകർക്കും ഈ വാക്സിനുകൾ നിർമ്മിക്കാനുള അനുമതി കേന്ദ്ര സർക്കാറിന് നൽകാവുന്നതാണ്.
 4. സർക്കാറിന് രാജ്യത്തെ കേന്ദ്ര – സംസ്ഥാന സർക്കാർ മേഖലകളിലെ ഔഷധനിർമ്മാണ യൂനിറ്റുകളിലെ “വാക്സിൻ സാധ്യതകൾ ആരായാമായിരുന്നു. ഇവിടങ്ങളിലെ നിർമ്മാണ യന്ത്രങ്ങൾ ഇതിനുസരിച്ച “റീ പർപ്പസ് ” ചെയ്യുകയും ചെയ്യാം. ( ഉദാ. കസൗളി, കൂനൂർ, ചെന്നൈ തുടങ്ങിയ വാക്സിൻ കേന്ദ്രങ്ങൾ )
 5. രാജ്യത്തെ മറ്റ് വാക്സിനുകൾ നിർമ്മിക്കുന്ന ഇടങ്ങളിൽ തൽക്കാലം അവ നിർത്തി കോവിഡ് വാക്സിൻ നിർമ്മിക്കാൻ ആവശ്യപ്പെടാവുന്നതാണ്. (റീ പർപ്പസിങ്ങ്)
 6. അടിയന്തിര സാഹചര്യം മാനിച്ച് കേന്ദ്ര സർക്കാറിന് സീറം ഇൻസ്റ്റിട്ട്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റേയും കോവിഡ് വാക്സിൻ നിർമ്മാണത്തിലെ കുത്തക അവകാശം മോണോ പൊളി ഒഴിവാക്കി മറ്റ് നിർമ്മാതാക്കൾക്ക് പുതിയ ലൈസൻസുകൾ നൽകാവുന്നതാണ്.
 7. രാജ്യത്താകെ കോവീഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്ക് മാത്രമേ ഇത് വരെ ഉപയോഗ അനുമതി നൽകിയിട്ടുള്ളൂ.
 8. അടുത്തിടെ അനുമതി നൽകിയ റഷ്യൻ വാക്സി നായ സ്പൂട്ട് നിക് വി ഇവിടെ ഇത് വരെ ലഭ്യമായി തുടങ്ങിയിട്ടില്ല. മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന ഫൈസർ, മോഡേർണ, ജോൺസൺസ്, സിനോ ഫാം തുടങ്ങിയവരുടെ വാക്സിനുകൾക്ക് ഉപയോഗത്തിനു ഇവിടേയും ഇറക്കുമതി അനുമതി നൽകി സ്വകാര്യമാർക്കറ്റിൽ ലഭ്യമാക്കുകയാണെങ്കിൽ ആവശ്യമുള്ളവർക്ക് കാശ് കൊടുത്ത് ഇവ വാങ്ങി ഉപയോഗിക്കാവുന്നതാണ്.
 9. രാജ്യത്ത് നിലവിലുള്ള മറ്റ് ഔഷധ നിർമ്മാണ കമ്പിനികർക്ക് മറ്റ് വിദേശ വാക്സിനുകളുടെ നിർമ്മാണ ലൈസൻസുകൾ നൽകി അവയുടെ ഉത്പാദനം ഇവിടെ തുടങ്ങാവുന്നതാണ്. റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയിലെ ആറിലധികം കമ്പനികൾ കരാറായിട്ടുണ്ട് . ഇത് ത്വരിതപ്പെടുത്തണം.
 10. മറ്റു രാജ്യങ്ങളിൽ ഉത്പാദിക്കപ്പെടുന്ന വാക്സിനുകൾക്ക് ഇപ്പോഴുള്ള നിരോധനം നീക്കി ഇറക്കുമതി ലെസൻസുകൾ നൽകാവുന്നതാണ്.
  ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട വാക്സിനുകൾക്ക് സബ്സിഡികൾ നൽകി രാജ്യത്ത് വിൽപനയും വിതരണവും നടത്താവുന്നതാണ്.

ഇന്ത്യയിൽ പഠനം നടത്തിയ തെളിവുകൾ ഇല്ലെന്ന വാദത്തിന്റെ വെളിച്ചത്തിൽ ഫൈസർ വാക്സിൻ അടക്കം പലതിനും ഇന്ത്യയിൽ അനുമതി നൽകിയിരുന്നില്ല. പ്രിയോറിറ്റി ഗ്രൂപ്പിൽപ്പെട്ട മുഴുവൻ പേർക്കും ഇപ്പോഴുള്ളത് പോലെ വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കുവാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാക്കുകയും ആഭ്യന്തര മാർക്കറ്റിൽ വാക്സിനുകളുടെ വില നിയന്ത്രണത്തിനും സർക്കാർ ഉറപ്പ് നൽകുകയും വേണ്ടതുണ്ട്.

ലോകത്തിലാവശ്യമുള്ള വാക്സിനുകളുടെ 60 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന “ലോകത്തിന്റെ ഫാർമസി”യായി അറിയപ്പെടുന്ന രാജ്യത്ത് പാൻഡമിക്കിന്റെ അടിയന്തിര ഘട്ടത്തിൽ വാക്സിൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ വിവേകപൂർണ്ണമായ നടപടികൾ ആവശ്യപ്പെടുന്നുണ്ട്.

 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിന്റെ ഭൂമി: വർത്തമാനവും ഭാവിയും – ചർച്ച
Next post ചൊവ്വയിൽ പത്തുമിനിറ്റ് ഓക്സിജൻ ശ്വസിക്കാം!
Close