Read Time:52 Minute

ഡോ. പി.എൻ.എൻ. പിഷാരടി
ഏർളി ഡിറ്റക്ഷൻ സെന്റർ, എറണാകുളം ജനറൽ ഹോസ്പിറ്റൽ

മറ്റേതൊരു ശാസ്ത്രസാംസ്‌കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്‌സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്‌സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.

1796-ൽ എഡ്വേർഡ് ജന്നർ വികസിപ്പിച്ച വസൂരി വാക്‌സിനാണ് ആദ്യത്തേത്. യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാട്ടറിവിനെ സൈദ്ധാന്തികമായും പ്രായോഗികമായും അതീവ ലഘുവായ ഒരു പ്രക്രിയയിലൂടെ ഉപയോഗപ്പെടുത്തുകയാണ് ജന്നർ ചെയ്തത്. പശുക്കളിൽക്കാണുന്ന വസൂരിരോഗം ഇംഗ്ലണ്ടിലെ കറവക്കാരിൽ സാധാരണമായിരുന്നു. ഈ രോഗം വന്നവർക്ക് വസൂരി വരാറില്ലെന്നത് നഴ്‌സറിപ്പാട്ടുകളിൽവരെ നിഴലിച്ചിരുന്നു! ഇതൊന്നു പരീക്ഷിച്ചറിയാൻ ഒരു ഗ്രാമീണ ഡോക്ടറായ ജന്നർ ശ്രമിച്ചതിന്റെ പരിണതിയായിരുന്നു ആദ്യത്തെ വാക്‌സിൻ.

ഒരു കറവക്കാരിയുടെ കൈയ്യിലുണ്ടായിരുന്ന ‘ഗോവസൂരി’ വ്രണത്തിൽനിന്നും അല്പം ശ്രവം ശേഖരിച്ചു, ഒരു കുട്ടിയുടെ കൈത്തണ്ടയിലുണ്ടാക്കിയ മുറിവിൽ തേച്ചു പിടിപ്പിക്കുന്നു. അല്പദിവസങ്ങൾക്കുശേഷം ഇതേപോലെ മറ്റൊരു മുറിവിൽ ശരിയായ വസൂരിയുടെ സ്രവം പുരട്ടുന്നു. അത്ഭുതമെന്നു പറയട്ടെ, ആ ബാലനു വസൂരിയുണ്ടായില്ല; ഈ ശ്രമം പലവട്ടം ആവർത്തിച്ചിട്ടും. കുറെപ്പേരിൽക്കൂടി പഠനം നടത്തി തന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചു. ജന്നർക്കു പുറമേ ഇതിലെ കഥാപാത്രങ്ങളായ സാറ നെംസ് എന്ന കറവക്കാരിയും ജെയിം ഫിപ്പ്‌സ് എന്ന 8 വയസ്സുകാരനും എന്തിനേറെ ബ്‌ളോസ്സം എന്ന പശുവും ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. തന്റെ കണ്ടെത്തലുകൾ അപ്പോഴേക്കും വിഖ്യാതമായിക്കഴിഞ്ഞിരുന്നു. റോയൽ സൊസൈറ്റി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചപ്പോൾ ജന്നർ അതൊരു ലഘുലേഖയായി അച്ചടിച്ചിറക്കി.

An Inquiry into the Causes and Effects of the Variolae Vaccinae – 1798ൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം

ഇത്തരത്തിൽ ഗോവസൂരിയെ ഉപയോഗിച്ച് വസൂരിയെ തടയാനുള്ള ശ്രമം ആദ്യം നടത്തിയത് ജന്നർ അല്ല, ഇംഗ്ലണ്ടിലെ തന്നെ മറ്റൊരു പ്രദേശത്തെ കൃഷിക്കാരനായ ബെഞ്ചമിൻ ജസ്റ്റിയാണ്(Benjamin Jesty 1736- 1816). അദ്ദേഹത്തിന്റെ ശ്രമങ്ങൾ തന്റെ കുടുംബാംഗങ്ങളിൽ ഒതുങ്ങി. മാത്രമല്ല തുടർപഠനങ്ങൾ നടത്താനോ അതിൽനിന്നും നിഗമനങ്ങളിലെത്താനോ ജസ്റ്റി തുനിഞ്ഞുമില്ല.

ബെഞ്ചമിൻ ജസ്റ്റി (Benjamin Jesty)

ഒരു ശാസ്ത്ര സരംഭം എന്ന നിലയിലെ ആദ്യപരിശ്രമം എന്ന നിലയ്ക്കും മാനവചരിത്രത്തിൽ വസൂരിക്കുള്ള അനന്യ സാധാരണമായ സ്ഥാനംകൊണ്ടും ഏറെ പ്രസക്തിയും പ്രാധാന്യവുമുള്ളതാണ് വസൂരി എന്ന രോഗവും അതിനെതിരായ വാക്‌സിനും. അനാദികാലം മുതൽ ദരിദ്ര-സമ്പന്ന ഭേദമില്ലാതെ ഏവരേയും ഗ്രസിച്ചിരുന്ന ഒരു മഹാമാരിയാണ് വസൂരി. രോഗികളുടെ മുപ്പതുശതമാനത്തോളംപേരും വേദനാനിർഭരമായ മരണത്തിനും അതിലേറെപ്പേർ അന്ധതയുൾപ്പടെയുള്ള വൈകല്യങ്ങൾക്കും വശംവദരായിരുന്ന ഒന്ന്. 1980-ൽ രണ്ടുപതിറ്റാണ്ടോളം നീണ്ട ഒരു മാഹായജ്ഞത്തിന്റെ പരിസമാപ്തിയായി വസൂരി നിർമ്മാർജ്ജനം ചെയ്തുകൊണ്ടു ലോകാരോഗ്യസംഘടന പുറത്തിറക്കിയ വിജ്ഞാപനം മനുഷ്യരാശിക്ക് എന്നെന്നും അഭിമാനിക്കാവുന്ന വിജയഗാഥയാണ്.

യഥാർത്ഥത്തിൽ വസൂരിരോഗത്തിനെതിരായ പ്രതിരോധപ്രക്രിയ ചരിത്രാതീതമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വസൂരിയെ മെരുക്കാൻ ദൈവങ്ങളെ ആവാഹിച്ചവർ അതിന്റെ പ്രയോജനരാഹിത്യം കണ്ടറിഞ്ഞാകാം മറ്റു വഴികളും തേടിയത്. പ്രചീനലോകത്ത് പലയിടങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണ് വസൂരിയുടെ സ്രവം തൊലിപ്പുറത്തും ഉണങ്ങിയ വ്രണങ്ങൾ പൊടിരൂപത്തിൽ മൂക്കിലും ഒക്കെ പ്രയോഗിക്കുന്ന രീതി. ഇതെവിടെ ആരംഭിച്ചു എന്നറിയില്ല. ചൈനയിൽനിന്നുമൊക്കെയുള്ള പ്രാചീന ചികിത്സാഗ്രന്ഥങ്ങൾ ഇതു വിവരിക്കുന്നുണ്ട്. ഇപ്പോൾ ഘാന ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഇതു നിലനിന്നിരുന്നതായി സൂചനകളുണ്ട്. ഇന്ത്യയിലും നിലനിന്നിരുന്നതായി പറയപ്പെടുന്നുണ്ട്, വ്യക്തമായ രേഖകളുടെ അഭാവമുണ്ടെങ്കിലും. പ്രാചീനകാലത്തെ പല ചിന്താധാരകളും പ്രയോഗങ്ങളും അസാധാരണമാംവണ്ണം സാമ്യമുള്ളവയായതിനാൽ ഏത് എവിടെ തുടങ്ങി എങ്ങനെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചു എന്നൊക്കെ പറയുക എളുപ്പമല്ല. അതു മനുഷ്യസംസ്‌കൃതിയുടെ പൊതുസ്വത്തായിരുന്നു എന്നു കരുതുന്നതാണ് അഭികാമ്യം.

എട്ടുവയസ്സുകാരൻ ജെയിംസ് ഫിപ്പ്സിന്റെ കൈകളിൽ ജെന്നർ കുത്തിവെക്കുന്നു.- 1796 മെയ് 14

തുർക്കിയിൽ വ്യാപകമായി നിലനിന്നിരുന്ന ഒന്നാണ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ വാരിയോളേഷൻ എന്നു പേരിട്ടു വിളിച്ചിരുന്ന ഈ രീതി. വളരെ ലളിതവും ഏറെക്കുറെ സുരക്ഷിതവുമായിരുന്നു തുർക്കിയിൽ ഇത് എന്നുപറയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അവിടെ ബ്രിട്ടീഷ് അംബാസഡറുടെ സഹധർമ്മിണിയായി എത്തിച്ചേർന്ന മേരി വോർട്‌ലി മൊണ്ടേഗ് ഒരിക്കൽ ഒരു സൗന്ദര്യധാമം തന്നെയായിരുന്നു. എന്നാൽ വസൂരിക്കലകൊണ്ടു വികൃതമായ മുഖത്തൊടെയാണവർ തുർക്കിയിൽ എത്തിയത്. തന്റെ മുഖത്തുനിന്നു കണ്ണെടുക്കാതിരുന്നവർ ഇപ്പോൾ തന്നെ കാണാൻ ഭയപ്പെടുന്നു എന്നാണവർ കൂട്ടുകാരിക്കെഴുതിയത്. തുർക്കിയിൽ പ്രചാരത്തിലുണ്ടായിരുന്ന വേരിയോളേഷൻ അവരെ വല്ലാതെ ആകർഷിച്ചു. തന്റെ ദൗർഭാഗ്യം മറ്റുള്ളവർക്കുണ്ടാകാതെ നോക്കാനായിരുന്നു അടുത്തതായി അവരുടെ ഉദ്യമം. തുർക്കിയിൽത്തന്നെ വച്ച് തന്റെ കുട്ടികളെ അതിനു വിധേയരാക്കുകയും ചെയ്തു. രാജസഭകളിൽ നിർബാധ സ്വാതന്ത്ര്യമുണ്ടായിരുന്ന അവർക്കത് ഇംഗ്ലണ്ടിലും നടപ്പാക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. വാരിയോളേഷൻ ബ്രിട്ടനിലും വ്യാപകമായി. എന്നാൽ തുർക്കിയിലെ നാടോടിസ്ത്രീകൾ ലളിതമായി ചെയ്തിരുന്ന ഈ പൗരസ്ത്യ ‘അപരിഷ്‌കൃതത്വ’ത്തെ ലോകത്തിന്റെ നെറുകയിൽ വാഴുന്ന ഇംഗ്ലീഷ് അഭിജാതവർഗ്ഗത്തിനു അപ്പാടെ സ്വീകാര്യമായില്ല എന്നത് സ്വഭാവികം മാത്രമാണല്ലോ. അവരതിനെ പാശ്ചാത്യവല്ക്കരിക്കാനൊരുങ്ങി. ഫലം ഇത് ഏറെ നാളത്തെ തയ്യാറെടുപ്പും പഥ്യവും ഒക്കെ വേണ്ട ഒരു സമ്പന്നസമ്പ്രദായമായി പരിണമിച്ചു എന്നതാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും എത്രയോ വലുതായിരുന്നു ചികിത്സാച്ചെലവ്.

കോട്ടൻ മാത്തർ (Cotton Mather)

അമേരിക്കയിൽ ഇതിന്റെ പ്രചാരകനായി രംഗത്തുവന്നവരിൽ അഗ്രഗാമി എന്നു പറയാവുന്നത് കോട്ടൻ മാത്തർ (Cotton Mather 1663-1728) എന്ന ബിഷപ്പായിരുന്നു. അമേരിക്കയിൽ ഇതിനകം കുപ്രസിദ്ധിയാർജ്ജിച്ച സാലം മന്ത്രവാദിനീ വേട്ടയ്ക്ക്  (witch hunt)  നേതൃത്വം കൊടുത്ത ആളായിരുന്നു ഇദ്ദേഹം എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ആഫ്രിക്കൻ വംശജനായ ഒണീസ്സിമസ് എന്ന തന്റെ അടിമയിൽ നിന്നാണ് വാരിയോളേഷനെപ്പറ്റി മാത്തർ മനസ്സിലാക്കിയത്. വാരിയോളേഷനു അനുകൂലമായ ഈ നിലപാട് മൂലം മാത്തർ തീവ്രമായ എതിർപ്പിനെ നേരിടേണ്ടിവന്നു. ചിലർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ബോംബെറിയുകവരെയുണ്ടായി എന്നുപറയപ്പെടുന്നു. ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഈ സമയത്ത് ഈ പ്രക്രിയയെ എതിർത്തവരിലുണ്ടായിരുന്നു. പക്ഷെ തന്റെ മകന്റ വസൂരിബാധയും മരണവും അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി.
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭടന്മാർക്ക് മേൽക്കൈ നേടിക്കൊടുത്ത ഒന്നായിരുന്നു അവരിലേറെപ്പേർ ചെറുപ്പത്തിലേ വസൂരി വന്നവരും അതിനെതിരെ പ്രതിരോധമുള്ളവരുമായിരുന്നു എന്നത്. അതുകൊണ്ടുതന്നെ തന്റെ സേനാംഗങ്ങൾക്ക് വാരിയോളേഷൻ നിർബന്ധമാക്കി ജോർജ് വാഷിങ്ടൺ ഉത്തരവിറക്കിയിരുന്നു.
ബ്രിട്ടനിൽ ഈയിടക്കുണ്ടായ മറ്റൊരു സംഭവവികാസമാണ് ഇനോക്കുലേഷൻ എന്നും അറിയപ്പെട്ട വാരിയോളേഷന്റെ വ്യാപാരവല്ക്കരണം. ഇതിൽ എടുത്തു പറയേണ്ട ഒരു പേരാണ് ഡാനിയേൽ സട്ടന്റേത്. ഇംഗ്ലണ്ടിലെ സഫോൽക്കിൽ സർജനായിരുന്ന റോബർട്ട് സട്ടൻ ഒരു സരംഭകൻ കൂടിയായിരുന്നു. ഇനോക്കുലേഷന്റെ മാനകീകരണം, വ്യാപനം മുതലായവയിൽ ലാഭേച്ഛയോടെ കണ്ണുവച്ചവരായിരുന്നു സട്ടന്മാർ. അച്ഛൻ റോബർട്ട് സട്ടനുമായി കലഹിച്ച് സ്വന്തം ‘ബിസിനസ്’ തുടങ്ങിയ ആളാണ് ഡാനിയേൽ സട്ടൻ. അതീവരഹസ്യമായ ഒരു സട്ടോണിയൻ രീതി ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിനകം വ്യാപകമായിരുന്ന പല വൈദ്യവല്ക്കരണശ്രമങ്ങളും ഒഴിവാക്കി, പഥ്യവും ചികിൽസക്കുവേണ്ട സമയവും കുറച്ചുകൊണ്ടുള്ളതായിരുന്നു. സട്ടന്റെ ‘രഹസ്യങ്ങളുടെ’ ഉള്ളറകളിലേയ്‌ക്കെത്തി നോക്കൻ പലരും വിഫലശ്രമങ്ങൾ നടത്താതിരുന്നില്ല. സട്ടോണിയൻ രീതിയുടെ സവിശേഷത അതിന്റെ താരതമ്യേനയുള്ള സുരക്ഷിതസ്വഭാവമായിരുന്നു. തന്റെ രീതികൊണ്ട് അപകടമുണ്ടാകുന്നു എന്നു തെളിയിക്കുന്നവർക്ക് സട്ടൻ ഇനാം വരെ വാഗ്ദാനം ചെയ്യുകയുണ്ടായി. കൂടാതെ ഡാനിയേൽ സട്ടൻ തന്റെ രീതിയുപയോഗിക്കുന്ന ഫ്രാഞ്ചൈസികളെ അനുവദിക്കാനും തുടങ്ങി. തന്റെ അറുപത്തൊന്നാം വയസ്സിൽ എല്ലാം വെളിവാക്കുമെന്ന് അവകാശപ്പെട്ട് ഡാനിയേൽ സട്ടൻ ‘ദി ഇനോക്കുലേറ്റർ‘ എന്ന പേരിൽ പുസ്തകം പുറത്തിറക്കി. വെളിവാക്കലിനേക്കാൾ ആത്മപ്രശംസയ്ക്കായിരുന്നു മുൻതൂക്കം എന്നു മാത്രം.

ഡാനിയേൽ സട്ടന്റെ ‘ദി ഇനോക്കുലേറ്റർ‘ എന്ന പുസ്തകത്തിന്റെ കവർ

എഡ്വേർഡ് ജന്നറുടെ കൂടുതൽ ‘ശാസ്ത്രീയ’വും ദോഷം കൂറഞ്ഞുതുമായ ‘വാക്‌സിനെ’പ്പറ്റി പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ നിഗമനങ്ങളിൽ വസ്തുതാപരമായ ചില പിശകുകൾ ഉണ്ടായിരുന്നെങ്കിലും ഗോവസൂരിയെ സംബന്ധിച്ചു നിലവിലിരുന്ന ധാരണ ശരിയാണെന്നദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. മനുഷ്യനിൽ രോഗമുണ്ടാക്കുന്ന ഒന്നിനെ അതിനോടു സാമ്യമുള്ള ശക്തികുറഞ്ഞ മറ്റൊന്നിനെ ഉപയോഗിച്ചു നിയന്ത്രിക്കുക എന്ന ആശയം കൃത്യമായി പ്രയോഗത്തിൽ വരുത്തി എന്നതും സമാനരീതികൾ ഉപയോഗപ്പെടുത്തുന്നതിന്റെ സൈദ്ധാന്തിക അടിത്തറയിട്ടു എന്നതുമാണ് ജന്നറുടെ ഈ ശ്രമത്തിന്റെ പ്രാധാന്യം.

രോഗാണുക്കളെപ്പറ്റിയും രോഗപ്രതിരോധത്തിന്റെ രീതികളെപ്പറ്റിയും ഒന്നും അറിവില്ലാതിരുന്ന ഒരു കാലത്താണിതെന്നത് അതിനെ കൂടുതൽ പ്രസക്തമാക്കുന്നു. വാക്‌സിനേഷൻ താമസംവിനാ യൂറോപ്പിലെങ്ങും പരക്കെ അംഗീകരിക്കപ്പെട്ടു. ഈ സ്വീകാര്യതയുടെ പ്രധാനകാരണം അതുവരെ നിലവിലുണ്ടായിരുന്ന ഒരു പ്രക്രിയ കുറെക്കൂടി സുരക്ഷിതമായ രീതിയിൽ പുനരാവിഷ്‌ക്കരിക്കപ്പെട്ടു എന്നതാവണം. ഗോവസൂരി വസൂരിയുടെ പ്രതിരോധത്തിനുപകരിക്കുമെന്ന അവകാശവാദങ്ങൾ നേരത്തെ സൂചിപ്പിച്ച ബെഞ്ചമിൻ ജെസ്റ്റിയുൾപ്പടെ പലരും നടത്തിയിരുന്നെങ്കിലും അതിനെ കൂടുതൽ വ്യപസ്ഥാപിതമാക്കിയത് ജന്നറാണ്. മറ്റുപലരും അതു പരീക്ഷിച്ചറിഞ്ഞ് ശരിവയ്ക്കാനുള്ള അവസരവും തന്റെ പ്രസിദ്ധീകരണം വഴി അദ്ദേഹം നടത്തി. ഇക്കാരണങ്ങളാൽ ഏതാനും വർഷത്തിനകം യൂറോപ്പിലെങ്ങും കോടിക്കണക്കിനാളുകൾ, ‘വാക്‌സിനേഷനു’ വിധേയരായി. ജന്നർക്കുതന്നെ പശുക്കളിൽ ഈ രോഗം അധികം കാണാതായതു നിമിത്തം തന്റെ പഠനങ്ങൾ ആദ്യ നിരീക്ഷണം നടത്തിയ 1796-നുശേഷം രണ്ടുവർഷത്തോളം നിർത്തിവയ്‌ക്കേണ്ടി വന്നു. എന്നാൽ ഈ സമയത്ത് മറ്റൊരു കണ്ടെത്തൽ ജെന്നർ ഉൾപ്പടെ പലരും നടത്തി. പശുക്കളിൽനിന്നെടുക്കുന്ന ശ്രവങ്ങൾപോലെത്തന്നെ വാക്‌സിൻ ലഭിച്ചവരിലുണ്ടാകുന്ന വ്രണങ്ങളും വാക്‌സിനേഷനായി ഉപയോഗിക്കാമെന്നായിരുന്നു അത്. അതോടെ വാക്‌സിനുവേണ്ടി പശുക്കളെ പൂർണമായി ആശ്രയിക്കേണ്ടതില്ല എന്നും വന്നു.

ഈ കണ്ടെത്തലിന്റെകൂടി പരിണതഫലമാണ് സ്‌പെയിനിൽ നിന്നാരംഭിച്ച് തെക്കെ അമേരിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ വാക്‌സിൻ എത്തിക്കാൻ നടത്തിയ ബാമിസ് യാത്ര. വസൂരിരോഗം മൂലം 5 വയസ്സുകാരിയായ തന്റെ മകളുടെ അകാലവിയോഗം താങ്ങേണ്ടിവന്ന സ്‌പെയിനിലെ രാജാവ് ചാൾസ് നാലാമനാണിതിന് മുൻകൈ എടുത്തത്. വാക്‌സിൻ ദാതാക്കളായി 22 അനാഥ ബാലന്മാരെയുംകൊണ്ട് 1803-ൽ സ്‌പെയിനിൽ നിന്നും യാത്ര തിരിച്ച കപ്പൽ പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സന്ദർശിച്ച് ചൈനയിലും ഫിലിപ്പൈൻസിലും ഒക്കെ എത്തിച്ചേർന്നു. എന്തിനേറെ അന്ന് സ്‌പെയിനുമായി പോർമുഖത്ത് ഏറ്റുമുട്ടിക്കൊണ്ടിരുന്ന ബ്രിട്ടന്റെ അധീനതിയിലായിരുന്ന സെന്റ് ഹെലീനയിൽപ്പോലും ഡോ. ഫ്രാൻസിസ്‌കോ ബാമിസിന്റെ നേതൃത്വത്തിലുള്ള സംഘം വാക്‌സിനെത്തിച്ചു.

 

യൂറോപ്പിലെ വാക്‌സിൻ പ്രചാരത്തിനു സമാന്തരമായിത്തന്നെ അമേരിക്കയിലും വാക്‌സിൻ വ്യാപകമാവാൻ തുടങ്ങി. അവിടെ പുതുതായി ആരംഭിച്ച ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രഫസർ ബെഞ്ചമിൻ വാട്ടർഹൗസ് ആണിതിന് നേതൃത്വം കൊടുത്തത്. 1801-ൽ അന്നത്തെ പ്രസിഡണ്ടായിരുന്ന ജെഫേഴ്‌സന്റെ പിന്തുണയോടെ അമേരിക്കയിലെ പ്രാദേശിക ജനവിഭാഗങ്ങളിലാണിത് ആദ്യം നടപ്പാക്കിയത്. പശുക്കളിലെ വസൂരി ഇല്ലായിരുന്ന അമേരിക്കയിലേക്ക് വാക്‌സിനെത്തിക്കാൻ ജന്നർതന്നെ മുൻകൈ എടുത്തു. എന്നാൽ വാക്‌സിൻ ഉപയോഗം വ്യാപിച്ചതോടെ സാമ്പത്തികപരിഗണനകൾ വ്യാപകമാവാൻ തുടങ്ങി. നിലവാരം ഉറപ്പാക്കാത്തതുമൂലം വാക്‌സിൻ പരാജയങ്ങൾ വർദ്ധിക്കാൻ തുടങ്ങി. ഇതും ജെഫേഴ്‌സൺ ഇടപെട്ടു ഒരു പരിധിവരെ പരിഹരിച്ചു. 1812-ൽ അമേരിക്കൻ സേനയിൽ വാരിയോളേഷൻ (ഇനോക്കുലേഷൻ) അവസാനിപ്പിക്കുകയും പകരം വാക്‌സിൻ നടപ്പാക്കുകയും ചെയ്തു.

ജെന്നറുടെ വാക്‌സിനേഷൻ രീതി പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ യൂറോപ്പിലും അവരുടെ ഏഷ്യൻ ആഫ്രിക്കൻ കോളനികളിലും വ്യാപകമാവാൻ തുടങ്ങി. എന്നാൽ ഈ സമയത്തുതന്നെ എതിർപ്പുകൾ ഉയർന്നുവരാനും തുടങ്ങി. ആദ്യമായി വാക്‌സിനെ എതിർത്തവർ ഇനോക്കുലേഷൻ വഴി വലിയ വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന ഡോക്ടർമാരാണ്. രോഗങ്ങൾ ജനസംഖ്യ നിയന്ത്രിച്ചു നിർത്താനുള്ള സ്വാഭാവിക മാർഗ്ഗമായി കണ്ട മാൽത്തൂസിയന്മാരായിരുന്നു മറ്റൊരു കൂട്ടർ. ദൈവത്തിന്റെ പദ്ധതികളെ മാറ്റിമറിക്കാൻ ശ്രമിച്ചെന്നതായിരുന്നു മതസ്ഥാപനങ്ങളുടെ വിമർശനത്തിനാധാരം. എങ്ങനെ ഇതു പ്രവർത്തിക്കുന്നു എന്നറിയാത്തതും ജന്തുജന്യ വസ്തുക്കൾ ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങളുമാണ് ശാസ്ത്രലോകത്തുനിന്നുള്ള വിയോജിപ്പിനു കാരണം.

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ യൂറോപ്പിലുണ്ടായിക്കൊണ്ടിരുന്ന ആവർത്തിച്ചുള്ള വസൂരി ബാധകൾ വാക്‌സിൻ ഉപയോഗനിരക്കിലെ അപര്യാപ്തതയായി പലരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി. 1805-ൽ റഷ്യയിലും 1840-ൽ ബ്രിട്ടനിലും ഇനോക്കുലേഷൻ എന്ന പ്രാകൃതസമ്പ്രദായം നിയവിരുദ്ധമാക്കപ്പെടുകയും തത്ഥാനത്ത് വാക്‌സിൻ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. 1853-ൽ ബ്രിട്ടനിൽ വാക്‌സിനേഷൻ നിർബന്ധിതമാക്കികൊണ്ട് നിയമനിർമ്മാണം നടന്നു. ഇതും തുടർന്നുണ്ടായ കൂടുതൽ ശക്തമായ നിയമങ്ങളും വാക്‌സിൻ വിരുദ്ധത ശക്തി പ്രാപിക്കാനും അതു തെരുവിലേക്കിറങ്ങാനും ഇടയാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സൂക്ഷ്മജീവി ശാസ്ത്രത്തിലും രോഗപ്രതിരോധ ശാസ്ത്രത്തിലും ലൂയി പാസ്ചറുടേയും റോബർട്ട് കോച്ചിന്റെയും നേതൃത്വത്തിലുണ്ടായ വികാസങ്ങൾ പുതിയ വാക്‌സിനിലേക്ക് എത്തുന്നതിന്റെ ആദ്യപടി എന്നതിലുപരിയായി നിലവിലിരുന്ന ഏറ്റവും പ്രായംചെന്ന വാക്‌സിൻ എന്ന നിലയ്ക്കും അപ്പോഴും വ്യാപകമായിരുന്ന ഒരു രോഗത്തിനെതിരെ എന്ന നിലയിലും വസൂരി വാക്‌സിൻ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

വസൂരി നിർമ്മാർജ്ജനം – ഒരു അമേരിക്കൻ പോസ്റ്റർ

1950-കളോടെ യൂറോപ്പിലും അമേരിക്കയിലും വസൂരി മിക്കവാറും നിർമാർജനം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ മുഖ്യകാരണം ഇതിനകം പലയിടങ്ങളിലും വ്യാപകമായിക്കഴിഞ്ഞിരുന്ന ശൈശവ വാക്‌സിനേഷനായിരുന്നു. വസൂരി വാക്‌സിൻ ഒരു ലക്ഷത്തിൽ നാലാൾക്ക് എന്ന തോതിൽ ഗൗരവതരങ്ങളായ പാർശ്വഫലങ്ങളും പത്തുലക്ഷത്തിൽ ഒരാൾ എന്ന തോതിൽ മരണവും ഉണ്ടാക്കുന്നതായി അമേരിക്കയിലെ പഠനങ്ങളിൽ കണ്ടെത്തി. വിരളമായിക്കഴിഞ്ഞ രോഗത്തേക്കാൾ വാക്‌സിൻ, അപകടകാരിയാണെന്ന അവസ്ഥ വന്നു. വാക്‌സിൻ ഉപയോഗം താഴേയ്ക്കുവരാനും തുടങ്ങി. എന്നാൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലൊക്കെ അപ്പോഴും രോഗബാധകൾ പഴയപടി തുടർന്നുകൊണ്ടിരുന്നു.

വസൂരി നിർമ്മാർജ്ജനം

വസൂരിയെ എന്നന്നേക്കുമായി ഇല്ലാതാക്കുക എന്ന സ്വപ്‌നം ആദ്യമായി പങ്കുവച്ചത് ജന്നർ തന്നെയായിരുന്നു. എന്നാൽ ഈ സങ്കല്പം രാഷ്ട്രീയമായും ശാസ്ത്രീയമായും യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായത് ലോകാരോഗ്യ സംഘടനയുടെ രൂപീകരണം നടന്ന് ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം 1959-ൽ മാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ റഷ്യയിൽനിന്നുള്ള പ്രതിനിധി സംഘമാണിതിനു മുൻകൈ എടുത്തത്. എന്നാൽ ഇഴഞ്ഞുനീങ്ങിയ പരിപാടി എങ്ങുമെത്താൻ പോകുന്നില്ല എന്നു വ്യകതമായതോടെ 1966-ൽ കൂടുതൽ ഊർജസ്വലമാക്കാൻ തീരുമാനമുണ്ടായി. ഡൊണാൾഡ് എ. ഹെൻഡേഴ്‌സൺ, ഇസാ വോ അരീറ്റ എന്നിവർ ഇതിനു നേതൃത്വം കൊടുക്കുകയും ചെയ്തു.

1980-ൽ ലോകം വസൂരി മുക്തമായതായി പ്രഖ്യാപിച്ചപ്പോൾ മനുഷ്യചരിത്രത്തിലെ ഒരു സുവർണാധ്യായമാണ് എഴുതി ചേർത്തത്. രോഗങ്ങളെ കൂട്ടായ പ്രവർത്തനംവഴി വാക്‌സിനകളുപയോഗിച്ചു നിയന്ത്രിക്കുക സാധ്യമാണ് എന്ന ശുഭാപ്തിവിശ്വാസം ഇത് പ്രദാനം ചെയ്തു. ഇതിന്റെ സ്വാഭാവികപരിണതിയായിരുന്നു 1977-ൽ ലോകാരോഗ്യസംഘടന അന്നത്തെ സെക്രട്ടറി ജനറൽ ആയിരുന്ന ഹാഫ്‌ദേൻ മാലറുടെ നേതൃത്വത്തിൽ ലോകവ്യാപകമായ ഒരു വാക്‌സിൻ പരിപാടി ആവിഷ്‌കരിച്ചത്. എക്‌സ്പാൻഡഡ് പ്രോഗ്രാം ഓഫ് ഇമ്മ്യൂണൈസേഷൻ (ഋജക) എന്നറിയപ്പെട്ട ഇത് 1978-ൽത്തന്നെ ഇന്ത്യയിൽ നടപ്പാകുകയും ചെയ്തു.


വാക്‌സിൻ എതിർപ്പുകൾ

വസൂരി വാക്‌സിൻ ആവിഷ്‌കൃതമാവുമ്പോൾ അതിന്റെ ഗുണമോ ദോഷമോ സംബന്ധിച്ചുള്ള ശാസ്ത്രീയത ഒന്നും അറിയില്ലാതിരുന്നു. ഈ പരിമിതി അതിനെ ഏറെ പാർശ്വഫലങ്ങൾ ഉള്ള ഒന്നായി നിലനിർത്തി. അതുകൊണ്ടു തന്നെ അതിനെതിരായി ഉയർന്നുവന്ന വിമർശനങ്ങളും എതിർപ്പുകളും ഒരു പരിധിവരെ ന്യായീകരിക്കാവുന്നതുമായി കാണാവുന്നതാണ്.

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടേ ആധുനികശാസ്ത്രം ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയായിരുന്നു. ഇന്നു നാം കാണുന്ന എല്ലാ ശാസ്ത്രശാഖകളിലേയും പ്രധാന നാഴികക്കല്ലുകളെല്ലാം തന്നെ പിന്നിടുന്നത് തുടർന്നുള്ള ഒരു നൂറ്റാണ്ട് കാലയളവിലാണ്. ആയിരത്തി എണ്ണൂറ്റിമുപ്പതുകളിലെ കോശസിദ്ധാന്തവും സൂക്ഷ്മദർശിനിയുടെ വ്യാപകമായ ഉപയോഗവും ഇതിന്റെ തുടക്കമായി കരുതാം. വിയന്നയിലെ പ്രസവാശുപത്രിയിലെ മരണം കുറയ്ക്കാൻ കൈകഴുക എന്ന സന്ദേശവുമായി രംഗപ്രവേശം ചെയ്ത ഇഗ്‌നാസ് സെമ്മെൽവിസ്, കോളറ കുടിവെള്ളത്തിൽക്കൂടി പകരുന്നു എന്നു സ്ഥാപിച്ച ജോൺ സ്‌നോ എന്നിവരുടെ സംഭാവനകൾ രോഗങ്ങൾ സാംക്രമികമാകാമെന്നു സങ്കൽപ്പനത്തിലേക്കു നയിച്ചു. ഈ സമയത്തുതന്നെ ഇറ്റയിലെ ഫിലിപ്പോ പചീനി കോളറ രോഗികളുടെ കുടലിൽ ‘കോമ’ ആകൃതിയിലുള്ള ബാക്റ്റീരിയയെ കണ്ടെത്തിയിരുന്നു. എന്നാൽ ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച് ഈ വിവരം അന്നത്തെ ശാസ്ത്ര പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്ന പാരീസ്, ലണ്ടൻ, ജർമനി എന്നിവിടങ്ങളിലൊന്നും എത്തിയില്ല, അങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനാകാലത്ത് കോച്ച് ഈ അണുക്കളെ വീണ്ടും ‘കണ്ടെത്താൻ’ ഇടവന്നു. ഈ ഘട്ടത്തിലാണ് ഫ്രാൻസിൽ ലൂയി പാസ്ച്ചർ ഒരുതരം ജീവിയും അവരുടെ ‘മാതാപിതാക്കളിൽ’ നിന്നല്ലാതെ സ്വയംഭൂവാകില്ലെന്നു അസന്നിഗ്ദ്ധമായി തെളിയിച്ചത്. മുറിവുപഴുക്കുന്നതും മുന്തിരിച്ചാർ പുളിക്കുന്നതും ജൈവപ്രക്രിയകളണെന്നും അദ്ദേഹം തെളിയിച്ചു. ഈ സമയത്തുതന്നെ ഇംഗ്ലണ്ടിൽ ജോസഫ് ലിസ്റ്റർ എന്ന ശസ്ത്രക്രിയാകാരനും ജർമനിയിൽ ജനറൽ പ്രക്റ്റീസ് ചെയ്തിരുന്ന റോബർട്ട് കോച്ചും ഈ ആശയങ്ങൾക്ക് പിന്തുണയുമായെത്തി.
എന്നാൽ ലൂയി പാസ്ച്ചറും റോബർട്ട് കോച്ചും സ്വതന്ത്രമായി മറയില്ലാത്ത മത്സരബോധത്തോടെ സൂക്ഷ്മജീവിശാസ്ത്രത്തിനു പരിപൂരകമായ സംഭാവനകൾ ചെയ്തു. അങ്ങനെ സൂക്ഷ്മാണുക്കളെ രോഗവുമായി ബന്ധിപ്പിക്കാൻവേണ്ട സൈദ്ധാന്തിക അടിത്തറ കോച്ചിന്റെ പ്രമാണങ്ങൾ എന്നപേരിൽ 1876-ൽ പുറത്തുവന്നു.

ലൂയി പാസ്ചർ സാന്ദർഭികമായി രോഗാണുക്കളെ നിർവീര്യമാക്കുന്നതും വാക്‌സിനായി ഉപയോഗിക്കുന്നതും സംബന്ധിച്ചുള്ള കണ്ടുപിടിത്തത്തിൽ എത്തിച്ചേർന്നു.
അന്ത്രാക്‌സ് എന്ന കന്നുകാലിരോഗത്തിനുള്ള വാക്‌സിൻ പരീക്ഷണം അത്യന്തം പ്രകടനപരതയോടെയാണദ്ദേഹം ആവിഷ്‌ക്കരിച്ചത്. ഏതായാലും വൈകാതെ അദ്ദേഹത്തിന്റെ ശ്രദ്ധ പേവിഷബാധക്കെതിരായ വാക്‌സിൻ ആവിഷ്‌ക്കരിക്കുന്നതിലായി. ജോസഫ് മീസ്റ്റർ എന്ന ബാലനേറ്റ പേപ്പട്ടിയുടെ കടി ഏറെ ക്രൂരമായിരുന്നു. അന്നത്തെ നിലയ്ക്ക് ഉറപ്പായ മരണത്തിലേയ്ക്കുള്ള പാസ്‌പ്പോർട്ടുമായിരുന്നു. എന്നാൽ തന്റെ വാക്‌സിൻ എതിർപ്പുകളെ വകവയ്ക്കാതെയും അത്യഗാധമായ ആത്മസംഘർഷത്തോടെയും അദ്ദേഹം ആ ബാലനിൽ പ്രയോഗിച്ചു, ഫലം വിജയമാമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അടുത്തകാലംവരെ നാം ഉപയോഗിച്ചുവന്നിരുന്ന പേവിഷവാക്‌സിൻ ലൂയി പാസ്ചറുടെ ഈ രീതിയെ അവലംബിച്ചുള്ളതായിരുന്നു, ഏറെ പാർശ്വഫലങ്ങളുള്ള ഒന്നായിരുന്നു എങ്കിലും. രോഗാണുക്കളെ കണ്ടെത്തുക, ശോഷിപ്പിക്കുക, വാക്‌സിനുണ്ടാക്കുക (isolate, attenuate, vaccinate) ഇതായിരുന്നു പാസ്ചറുടെ ആപ്തവാക്യം.
ഇക്കാലത്തുതന്നെ സമാന്തരമായി ജർമ്മനിയിൽ റോബർട്ട് കോച്ചിന്റെ നേതൃത്വത്തിൽ എമിൽ ഫോൺ ബെറിങ്ങ്, പോൾ എർലിച് തുടങ്ങിയ പലരും രോഗാണുക്കളെപ്പറ്റിയും അവയെ ശരീരം പ്രതിരോധിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റിയും ഒക്കെ വിശദമായി പഠിക്കാൻ തുടങ്ങിയിരുന്നു.1890 കൾ ആയപ്പോഴേയ്ക്കും ഡിഫ്തീരിയക്കെതിരായ പ്രതിവിഷം (anti toxin) ബെറിങ്ങിന്റെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കാനാരംഭിച്ചിരുന്നു.1892 ൽ ഡിഫ്തീരിയ ബാധിച്ച ഒരു കുട്ടിയിൽ ഇത് വിജയകരമായി പ്രയോഗിക്കുകയും ചെയ്തു. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ഡിഫ്തീരിയ ഏറെ മാരകസ്വഭാവമുള്ളതാണ്.അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ഇതുവഴി ഒരുങ്ങിയത്.

1895-96 കാലത്ത് ജർമനിയിൽ റിച്ചാർഡ് പ്ലൈഫെർ, വില്ല്യം കോലി എന്നിവരും ഇംഗ്ലണ്ടിൽ സർ ആമ്രോത് റൈറ്റും ടൈഫൊയ്ഡ് വാക്‌സിൻ ആവിഷ്‌കരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ബ്രിട്ടീഷ് സേനാംഗങ്ങൾക്ക് ടൈഫോയ്ഡ് വാക്‌സിൻ നിർബന്ധിതമായിരുന്നു, ഈ സമയത്ത്. എന്നാൽ 1899 ആരംഭിച്ച രണ്ടാം ബോ(യെർ)-(boer)യുദ്ധത്തിൽ പങ്കെടുക്കാൻ നിയുക്തരായ സേനാംഗങ്ങളിൽ 95 ശതമാനംപേരും അപ്പോഴേയ്ക്കും നിലവിൽവന്നിരുന്ന 1898ലെ വാക്‌സിൻ നിയമത്തിലെ ‘മനസാക്ഷിമൂലമുള്ള വിയോജിപ്പ് (con-scentious objection) വകുപ്പുപ്രകാരം വാക്‌സിനിൽ നിന്നു വിട്ടുനിന്നു. ഈ യുദ്ധകാലത്ത് 58000 ഭടന്മാർക്ക് ടൈഫോയ്ഡ് പിടിപെടുകയും 9000 പേർ മരിക്കുകയും ചെയ്തു. ഈ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ അവിടെ പ്രവർത്തിക്കാനിടവന്ന ഷെർലൊക് ഹോംസ് കർത്താവ് ആർതർ കോണാൻ ഡോയ്ൽ താൻ അവിടെ പ്രവർത്തിച്ച മൂന്നു മാസത്തിനിടെ 5000 പേർക്ക് ടൈഫോയ്ഡ് വന്നതും അതിൽ ആയിരംപേർ മരണമടഞ്ഞതും രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം സ്വയമേവ വാക്‌സിൻ സ്വീകരിക്കുകയും സേനാംഗങ്ങൾക്കനുവദിച്ച ഇളവിൽ വിജോജിപ്പു രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

19-ാം നൂറ്റാണ്ടിന്റെ ഈ അവസാന നാളുകളിലാണ് വാൽഡിമർ ഹാഫ്കിൻ (Waldemar Haffkine 1860-1930) കോളറക്കെതിരായ വാക്‌സിൻ വികസിപ്പിച്ചത്. റഷ്യൻ സാമ്രാജ്യത്തിലെ ഉക്രൈനിൽ ജനിച്ച് ഫ്രാൻസിലേയ്ക്ക് കുടിയേറിയ ആളായിരുന്നു ഹാഫ്കിൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഷ്യയിലും യൂറോപ്പിലും ഒക്കെ വലിയ മാഹാവ്യാധികൾക്കിടവരുത്തിയിരുന്ന ഒന്നായിരുന്നു കോളറ. പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുമ്പോഴാണ് കോളറ വാക്‌സിൻ വികസിപ്പികുന്നതിലേയ്ക്കു നയിച്ചത്. എന്നാൽ അവിടെത്തന്നെ മുതിർന്ന ഗവേഷകനായ മെച്‌നിക്കോവോ (Mechnikov) പാസ്ചർ തന്നെയോ ഇതിൽ വലിയ താല്പര്യം കാണിച്ചില്ല. ഇതിനെ തുടർന്നദ്ദേഹം ഇന്ത്യയിൽ ബോംബെയിലുള്ള ബയ്ക്കുളയിൽ ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. അവിടെ കോളറ വാക്‌സിനും പ്ലേഗ് വാക്‌സിനും ഉത്പാദിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

1964 ൽ ഇന്ത്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

1902ൽ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ വാക്‌സിൻ കുത്തിവച്ച 19 പേർ ടെറ്റനസ് വന്നു മരണമടഞ്ഞു, അതേ വാക്‌സിൻ ലഭിച്ച 88 പേർക്ക് ഒന്നും സംഭവിച്ചുമില്ല. വാക്‌സിൻ നിറച്ചിരുന്ന ഒരു കുപ്പിയിൽമാത്രമാണ് പ്രശ്‌നമുണ്ടായിരുന്നത്. ഇന്ത്യാ ഗവണ്മെന്റ് നിയോഗിച്ച അന്വേഷണകമ്മീഷൻ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയും ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വാക്‌സിൻ കുപ്പികളിൽ നിറക്കാൻ നിയുക്തനായ വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ അനവധാനതയാണ് പ്രശ്‌നമുണ്ടാക്കിയത് എന്നു പിന്നീട് കണ്ടെത്തി.

വാൽഡിമർ ഹാഫ്കിൻ കൊൽക്കത്തയിലെ ഒരുഗ്രാമത്തിൽ 1894 മാർച്ചിൽ ഇനോക്കുലേഷന് നേത്വത്വം നൽകുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ വ്യാപകമായ രോഗബാധകളും ഗണനീയമായ തോതിലുള്ള മരണങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നവയാണ് ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ എന്നീ രോഗങ്ങൾ. പ്രാചീനകാലം മുതൽ വ്യാപകമായിരുന്ന, രോഗബാധിതരിൽ പതിനഞ്ചും ഇരുപതും ശതമാനത്തിലേറെപ്പേർ മരണമടയുകയും ചെയ്തിരുന്ന ഒന്നാണ് ഡിഫ്തീരിയ. അതിലേറെ മരണനിരക്കുള്ളതായിരുന്നു ടെറ്റനസ്. ഇവയെ അപേക്ഷിച്ച് മരണനിരക്കു കുറവായിരുന്നു എങ്കിലും നീണ്ടുനിൽക്കുന്ന ആതുരതകളായിരുന്നു വില്ലൻചുമയുടെ സവിശേഷത. 1886-ൽ കോച്ചിന്റെകൂടെ ചേർന്ന ഷിബുസാബുറൊ കിറ്റസാട്ടോയും 1889-ൽ എത്തിച്ചേർന്ന എമിൽഫോൻ ബെറിങ്ങും ചേർന്നു ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തി. മരണകാരിയാകാത്ത അളവിൽ അണുക്കളെ മൃഗങ്ങളിൽ കുത്തിവച്ച് അവയിൽനിന്നു ശേഖരിക്കുന്ന സിറത്തിന് (രക്തത്തിലെ കോശങ്ങൾ നീക്കം ചെയ്ത ദ്രവഭാഗം) ആ അണുക്കളെ നിർവീര്യമാക്കാൻ കഴിവുണ്ടെന്നതായിരുന്നു അത്. ഈ ‘പ്രതിവിഷം’ (antitoxin) അടങ്ങിയ സിറം കുത്തിവച്ചാൽ രോഗത്തിനെതിരായി പ്രവർത്തിക്കാനാവുമെന്നും അവർ കണ്ടെത്തി. ഡിഫ്തീരിയക്കെതിരായ ഈ സിറം ചികിത്സയുടെപേരിൽ വൈദ്യശാസ്ത്രത്തിനുള്ള ആദ്യ നോബൽസമ്മാനം ബെറിങ്ങിനു ലഭിക്കുകയും ചെയ്തു.

ഇതേ പാതയിൽ ടെറ്റനസിനെതിരായ ആന്റിറ്റോക്‌സിനും നിലവിൽ വന്നു. ഇവിടെ എടുത്തു പറയേണ്ട ഒന്ന്, ഇതേസമയത്ത് അമേരിക്കയിലെ സെന്റ്‌ലൂയി എന്ന സ്ഥലത്ത് ഡിഫ്തീരിയ ആന്റിറ്റോക്‌സിൻ ലഭിച്ച 15 കുട്ടികൾ ടെറ്റനസ് വന്നു മരിച്ചത്. ഇതിനെത്തുടർന്നു ഇത്തരം ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിയമനിർമാണം ആരംഭിച്ചു.

തുടർന്നുണ്ടായ മറ്റൊരു നേട്ടമാണ് മൃഗങ്ങളിൽ റ്റോക്‌സിനും ആന്റിറ്റോക്‌സിനും ഒരുമിച്ചു ചേർത്തു കുത്തിവയ്ക്കുന്നത് ആന്റിടോക്‌സിൻ ഉത്പാദനത്തിൽ കൂടുതൽ ഫലപ്രദമാണെന്ന കണ്ടെത്തൽ. ഇതാണ് പിന്നീട് വാക്‌സിനിലേയ്‌ക്കെത്തിയത്. ഇപ്പോൾ ഡിഫ്തീരിയയ്ക്കും ടെറ്റനസിനും അവയുടെ വിഷങ്ങളെ നിർവീര്യമാക്കി ‘ടോക്‌സോയ്ഡ്’ആക്കിയാണ് വാക്‌സിൻ നിർമിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൻ സേനാംഗങ്ങൾക്ക് വ്യാപകമായ തോതിൽ ടെറ്റനസ് ടോക്‌സോയ്ഡ് കൊടുത്തുവന്നിരുന്നു. ഈ ഘട്ടത്തിൽ വില്ലൻ ചുമയ്‌ക്കെതിരായ വാക്‌സിൻ പലരും ഉത്പാദിപ്പിക്കാൻ തുടങ്ങി. നിയന്ത്രണങ്ങളോ നിയന്ത്രിത പഠനങ്ങളോ ഇല്ലാതിരുന്നതിനാൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ 1931-ൽ ഈ വാക്‌സിനുകളെ അവരുടെ പുതിയതും അനൗദ്യോഗിക ഉപയോഗത്തിനുള്ളവയുടെ പട്ടികയിൽനിന്നും നീക്കംചെയ്തു. ഉപയോഗക്ഷമത ഉറപ്പുവരുത്തിയ ഘട്ടത്തിൽ, 1944-ൽ ഇതു പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇവിടെ ഒരു വനിതാ വീരഗാധ പാടിപ്പുകഴ്‌ത്തേണ്ടതുണ്ട്. ശാസ്ത്രസംരംഭങ്ങൾ പുരുഷാധിപത്യപരമായിരുന്ന ഒരു കാലത്ത്, മുപ്പതുകളുടെ തുടക്കത്തിൽ പേൾ കെൻഡ്രിക്, ഗ്രൈസ് എൽഡെറിങ്, മാർഗരെറ്റ് പിറ്റ്മാൻ എന്നീ മൂന്നു സ്‌കൂൾ അധ്യാപികമാർ ബാക്റ്റീരിയോളജിയിലേക്കു തിരിയുന്നതും വില്ലൻചുമ ഗവേഷണത്തിൽ ഏർപ്പെടുന്നതും ചരിത്രത്തിലെ അപൂർവ്വതകളിൽ അപൂർവ്വമായ ഒരധ്യായമാണ്. ഇവരുടെ ശ്രമഫലമായി ഫലപ്രദമായ ഒരു വില്ലൻചുമ വാക്‌സിൻ നിലവിൽ വന്നു. ഡിഫ്തീരിയ, ടെറ്റനസ് വില്ലൻചുമ ഘടകങ്ങളെ കൂട്ടിച്ചേർത്ത് ഡിപിറ്റി എന്നപേരിൽ ഇന്നും നാം ഉപയോഗിക്കുന്ന ‘ട്രിപ്പ്ൾ’ വാക്‌സിൻ നാല്പതുകളോടെ നിലവിൽ വരികയും വ്യാപക ഉപയോഗത്തിലാവുകയും ചെയ്തു.

സൂക്ഷ്മാണുശാസ്ത്രത്തിലെ ആദ്യ കണ്ടുപിടിത്തങ്ങളിലൊന്നാണ് ക്ഷയരോഗത്തിന്റെ അണുക്കളായ മൈക്രോബാക്റ്റീരിയത്തിന്റേത്. 1882-ൽ റോബർട്ട് കോച്ചാണിവയെ കണ്ടെത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളായപ്പോഴേക്കും വാക്‌സിൻ ശാസ്ത്രം ഒരു കുതിച്ചുചാട്ടംതന്നെ നടത്തി എന്നുപറയാം. ജന്നറുടെ വാക്‌സിന്റെ ശതാബ്ദി ഘട്ടത്തിൽ അദ്ദേഹം ആവിഷ്‌കരിച്ച കുത്തിവയ്പ്പിന് വാക്‌സിനേഷൻ എന്നു പേര് നൽകി ലൂയിപാസ്ചർ അദ്ദേഹത്തെ സമുചിതമായി ആദരിച്ചു. പാസ്ചർ ചിക്കൻ കോളറ അണുക്കളെ ഉപയോഗിച്ച് രോഗാണുക്കളുടെ ശോഷണം എങ്ങനെ സാധിക്കാമെന്നു വ്യക്തമാക്കുകയും അന്ത്രാക്‌സ്, റാബീസ് എന്നിവയ്ക്കു വാക്‌സിൻ വികസിപ്പിക്കുകയും ചെയ്തു.

ക്ഷയരോഗ വാക്‌സിൻ നിർമിക്കാനുള്ള ശ്രമങ്ങൾ കോച്ചും അദ്ദേഹത്തിന്റെ സഹകാരിയായിരുന്ന ബെറിങ്ങും നടത്തി. എന്നാൽ ഇതിൽ വിജയം കണ്ടത് ഫ്രഞ്ചുകാരായ ആൽബർട്ട് കാൽമറ്റെ, കാമിൽ ഗ്വെറിൻ എന്നിവരായിരുന്നു. കന്നുകാലികളെ ബാധിക്കുന്ന ക്ഷയരോഗാണുക്കളെയാണവർ ഇതിനായി ഉപയോഗിച്ചത്. ആദ്യകാലത്തുപയോഗിച്ചിരുന്നത് തുള്ളിമരുന്നായി നൽകുന്ന വാക്‌സിനാണ്.

1929-ൽ വാക്‌സിന്റെ കൂടെ മനുഷ്യക്ഷയരോഗാണുക്കൾ കടന്നുകൂടിയതുമൂലം 252 കുട്ടികൾക്ക് ക്ഷയരോഗം വരികയും 72 പേർ മരിക്കുകയും ചെയ്തത് വലിയ തിരിച്ചടിയായി. ഇതിന്റെ പേരിലുള്ള നിയമനടപടികളൊക്കെ നേരിടേണ്ടിവന്ന് മനസ്സുമടുത്താണ് ജീവിതത്തിലേറെക്കാലം ക്ഷയരോഗ നിയന്ത്രണത്തിനു ചെലവഴിച്ച കാൾമെറ്റെ മരണമടയുന്നത്. ഗ്വെറിന്റെ നേതൃത്വത്തിൽ വാക്‌സിൻ ഗവേഷണം തുടരുകയും പുരോഗമിക്കുകയും ചെയ്തു. 1960-കളോടെയാണ് ബിസിജി കുത്തിവയ്പായി കൊടുക്കാൻ തുടങ്ങിയത്.

വ്യാപകമായ രോഗവും മരണവുമുണ്ടായിക്കൊണ്ടിരുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പനി (yellow fever). ഇതിന്റെ വൈറസ് (അന്നു വൈറസ് ഒരു സങ്കല്പം മാത്രമായിരുന്നു) ഈഡിസ് കൊതുകുകളാണ് പരത്തുന്നത് എന്നു വാൾട്ടർ റീഡ് (Walter Reed) 1915-20 കാലത്തു കണ്ടെത്തി. ഇതിനെത്തുടർന്ന് 1937-ൽ മാക്‌സ് തൈലർ (Max Theiler 1899-1972) ഇതിനെതിരായി വാക്‌സിൻ ആവിഷ്‌ക്കരിക്കുകയുമുണ്ടായി. മറ്റു പലരും യെലോ ഫീവറിനെതിരെ പല തരം വാക്‌സിനുകൾ ആവിഷ്‌കരിക്കുകയും പരീക്ഷണവിധേയമാക്കുകയും ഉണ്ടായിട്ടുണ്ട്.

മഞ്ഞപ്പനി വാക്‌സിൻ സംബന്ധിച്ച ചില വസ്തുതകൾ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കൻ സേനാംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ച ഒന്നായിരുന്നു ഈ വാക്‌സിൻ. ഇതിന്റെ നിർമ്മാണത്തിനു ധാരാളമായി ഉപയോഗിച്ച ഒന്നായിരുന്നു മനുഷ്യരുടെ രക്തത്തിൽനിന്നും ശേഖരിച്ച സിറം. ഇതുപയോഗിച്ചതിന്റെ ഫലമായി ഒട്ടേറെപ്പേർക്ക് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള മഞ്ഞപ്പിത്തബാധയുണ്ടാവുകയും വളരെപ്പേർ മരിക്കുകയും ചെയ്തു എന്നുള്ളതാണത്.
വാക്‌സിൻ ചരിത്രത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് നാല്പതുകളിൽ തോമസ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഇൻഫ്‌ളുവൻസയ്‌ക്കെതിരായ വാക്‌സിൻ നിർമിക്കുന്നത്.

1955-ലാണ് പോളിയോക്കെതിരായ ആദ്യവാക്‌സിനായ കുത്തിവയ്പ് രൂപത്തിലുള്ള സാൽക്ക് വാക്‌സിൻ ഉപയോഗത്തിലാവുന്നത്. അമേരിക്കൻ ജനതയുടെ ആശയാഭിലാഷങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും കഥയാണ് പോളിയോ വാക്‌സിന്റേത്. പോളിയോ ബാധിതനായിരുന്ന ഫ്രാങ്ക്‌ലിൻ റൂസ്‌വെൽട്ടിന്റെയും അദ്ദേഹത്തിന്റെ സഹായിയായിരുന്ന ബേസിൽ ഓ കോണറുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇൻഫന്റൈൽ പരാലിസിസ് ബഹുജനങ്ങളിൽനിന്നും സംഭാവനയായി സ്വീകരിച്ച പണമാണ് ഇതിനു മുഖ്യമായും ഉപയോഗിച്ചത്. അറുപതുകളോടെ സാബിന്റെ പോളിയോ തുള്ളിമരുന്നും നിലവിൽ വന്നു.

1963ലെ CDCയുടെ പോളിയോ വാക്സിൻ പരസ്യം

വാക്‌സിനുകൾ ഇന്ത്യയിൽ

അനാദികാലം മുതൽ മിക്കവാറും നാഗരികതകളെ ബാധിച്ചുകൊണ്ടിരുന്ന ഒന്നാണ് വസൂരി അഥവാ സ്‌മോൾ പോക്‌സ്. ലക്ഷക്കണക്കിനു രോഗങ്ങളും മരണങ്ങളും വൈകല്യങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്ന ഒന്ന്. ഏറെ പ്രസക്തമായ ഒരു ചരിത്ര ഘട്ടത്തിലാണ് എഡ്വേർഡ് ജന്നറുടെ’വാക്‌സിനേഷൻ’ നിലവിൽ വരുന്നത്. ഏതാനും വർഷത്തിനകം ലോകത്തിന്റെ പലഭാഗത്തും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. 1802 മെയിലാണ് ഇന്ത്യയിൽ വസൂരി വാക്‌സിൻ എത്തിച്ചേരുന്നത്. ജൂൺ 14-ന് ആദ്യമായി വസൂരി വാക്‌സിൻ ലഭിച്ച ബോംബെയിലെ അന്ന ദുസ്തൽ എന്ന പെൺകുട്ടിയാണ് ഇതുവഴി ചരിത്രത്തിൽ ഇടംപിടിച്ചത്. വസൂരി വാക്‌സിന്റെ വാരിയോളേഷനെ അപേക്ഷിച്ചുള്ള സുരക്ഷിതത്വം 1804 ആയപ്പോഴേയ്ക്കും യൂറോപ്പിലും ഇന്ത്യയിൽ തന്നെയെയും ആദ്യം പറഞ്ഞതിനെ നിരോധിക്കുന്നതിലെത്തിച്ചേർന്നു. രഹസ്യമായി ഇന്ത്യയിൽ ഏറെക്കാലം ഇതു തുടർന്നിരുന്നു എന്നു പറയപ്പെടുന്നു. വാക്‌സിനേഷൻ നടപ്പാക്കൻ തുടങ്ങിയപ്പോൾത്തന്നെ മതവിഭാഗങ്ങളിൽനിന്നും തൊഴിൽ നഷ്ടപ്പെടുമെന്നു ഭയപ്പെട്ട ഇനോക്കുലേറ്റർമാരും എതിർപ്പുമായി രംഗത്തുവരാൻ തുടങ്ങി. വാക്‌സിൻ കിട്ടേണ്ടവർ ചെറിയൊരു ഫീസ് നൽകേണ്ടിയിരുന്നു എന്നതും എതിർപ്പിനു കാരണമായിരുന്നു. 1892-ൽ വാക്‌സിനേഷൻ നിർബ്ബന്ധമാക്കിക്കൊണ്ട് നിയമം വന്നെങ്കിലും വ്യാപകരോഗബാധകളുടെ (എപ്പിഡെമിക്ക്) സമയത്തൊഴികെ ഇത് ഗൗരവപൂർവം നടപ്പാക്കപ്പെട്ടിരുന്നില്ല. 1850 വരെ വാക്‌സിൻ ഇംഗ്ലണ്ടിൽനിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഈ സമയത്തുതന്നെ വാക്‌സിൻ സംബന്ധിച്ച പല ഗവേഷണങ്ങൾക്കും ഇന്ത്യ വേദിയുമായി. 1919-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യ ആക്റ്റ് നിലവിൽ വന്നതോടെ ആരോഗ്യ സംരക്ഷണം പ്രാദേശിക സർക്കാരുകളുടെ ചുമലിലായി. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ഇവർ വാക്‌സിൻ പരിപാടി മുന്നോട്ടുകൊണ്ടുപോകാൻ ഏറെ പണിപ്പെട്ടു. 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ ആദ്യ ഇരകളിൽ ഒന്ന് വാക്‌സിൻ പരിപാടിയായി, വാക്‌സിനേഷൻ നിരക്കു കുത്തനെ താഴേയ്ക്കു വന്നു. വസൂരിബാധകൾ വ്യപകമാവാനും തുടങ്ങി. യുദ്ധാനന്തരം വാക്‌സിനേഷൻ മെച്ചപ്പെട്ടത് രോഗബാധകൾ കുറക്കാൻ സഹായിച്ചു.
1893-ൽ ഹാഫ്കിൻ കോളറ വാക്‌സിനും 1897-ൽ പ്ലേഗ് വാക്‌സിനും ഇന്ത്യയിൽ പരീക്ഷിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വസൂരി, കോളറ, പ്ലേഗ് ടൈഫോയ്ഡ് എന്നിവയ്ക്കുള്ള വാക്‌സിനുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഉണ്ടായ പ്രധാന സംഭവ വികാസം 1948 ബിസിജി നടപ്പാക്കാനുള്ള പദ്ധതികൾ ആരംഭിച്ചതാണ്. 1977-ൽ വസൂരി നിർമാർജനപ്രവർത്തനങ്ങൾ വിജയപൂർവം പൂർത്തീകരിക്കുകയും 1978-ൽ നേരത്തെ സൂചിപ്പിച്ച ഋജക ആരംഭിക്കുകയും ചെയ്തു.

1974 ലെ ബീങാറിലെ വസൂരി വാക്സിനേഷൻ സെന്റർ

അറുപതുകൾക്കുശേഷം നിരവധി വാക്‌സിനുകൾ നിലവിൽ വരികയുണ്ടായി. ഇതെല്ലാം നിരവധി മരണങ്ങളും വൈകല്യങ്ങളും ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്. അവസാനമായി പറഞ്ഞറിയിക്കാനാവാത്തത്ര വേഗതയിലാണ് നമുക്കു കോവിഡ് വാക്‌സിൻ ജനങ്ങളിലെത്തിക്കാനായത്. വാക്‌സിനോളജി എന്ന ശാസ്ത്രശാഖ നേടിയ അഭൂതപൂർവ്വമായ വികാസമാണ് നമ്മെ അതിനു പ്രാപ്തരാക്കിയത്.


2021 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം. ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം

അധികവായനയ്ക്ക്

  1. Moonkin Seth : The Panic Virus.simon and Shuster 2011
  2. Allen Arthur: Vaccines, the controversial story of medicines greatest life saver, W W Norton & Co. 2007
  3. Chandrakant Lahariya A brief History of vaaccination in India Indian J Med Res. 2014 Apr; 139(4): 491-511.accessed 13/02/2021
  4. Andrew W. Artenstein (Editor) Vaccines :A biography, Springer 2010
  5. Tish Davidson:The vaccine Dibate, Greenwood 2019

അനുബന്ധവായനകൾക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2021 മാർച്ചിലെ ആകാശം
Next post മാധ്യമം പത്രത്തിന്റെ വാക്സിൻ വിരുദ്ധത
Close