Read Time:8 Minute

ഡോ.സരിൻ.എസ്.എം.


ഇന്ന് ലോകമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് covid 19ന് എതിരെയുള്ള വാക്സിൻ. എന്താണ് വാക്സിൻ അഥവാ പ്രതിരോധകുത്തിവെപ്പ് ? മനുഷ്യനിൽ രോഗം വിതയ്ക്കുന്ന വൈറസ്, ബാക്ടീരിയ എന്നിങ്ങനെയുള്ള രോഗാണുക്കൾക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി രൂപപ്പെടാൻ സഹായിക്കുന്ന വളരെ സുരക്ഷിതമായ കുത്തിവെപ്പോ മരുന്നോ ആണ് വാക്സിനുകൾ . ഇവ ശരീരത്തിലെ സ്വതസിദ്ധമായ പ്രതിരോധ വ്യവസ്ഥയെ പ്രത്യേക രോഗാണുവിനെതിരെ സജ്ജമാക്കുന്നു. അവയ്ക്കെതിരെ ആൻറിബോഡികൾ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് സൃഷ്ടിക്കുന്നു. ലോകത്തിന്ന് ഇരുപതിലധികം മാരകമായ അസുഖങ്ങൾക്കെതിരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന വാക്സിൻ ഉപയോഗിച്ചുള്ള രോഗപ്രതിരോധ പ്രവർത്തനത്തേ ഒഴുച്ചു കൂടാനാവാത്ത മനുഷ്യാവകാശമായ് പ്രസ്താവിക്കുന്നു.

നമ്മുടെ രോഗപ്രതിരോധശേഷി രണ്ടുതരത്തിലുണ്ട് – സഹജമായ പ്രതിരോധശേഷിയും (Innate immunity) ആർജിത പ്രതിരോധശേഷിയും (Acquired Immunity). ഏതൊരു പുതിയ രോഗാണുവും നമ്മുടെ ശരീരത്തിൽ കയറുമ്പോൾ അതിനെ നേരിടുന്നത് നമ്മുടെ സഹജമായ പ്രതിരോധശേഷിയാണ്. പ്രത്യേക രോഗാണുവിനെതിരെയുള്ള കൃത്യതയാർന്ന പ്രതിരോധ ശേഷി നമ്മുടെ ശരീരത്തിനാഘട്ടത്തിൽ ഉണ്ടാവില്ല. സഹജ പ്രതിരോധം രോഗത്തെ നേരിടുമെങ്കിലും രോഗാണുവിനോടുള്ള പാരസ്പര്യത്തിനൊടുവിൽ രോഗം വരികയോ വരാതിരിക്കുകയോ ചെയ്യാം. എന്തായാലും രോഗം ജീവഹാനി വരുത്തിയില്ലെങ്കിൽ നമ്മുടെ ശരീരത്തിൽ പ്രത്യേക രോഗാണുവിനെതിരെ പ്രതിരോധ ശേഷി വരികയും രോഗാണുവിനെ കുറിച്ചുള്ള “ഓർമ”നമ്മുടെ പ്രതിരോധ വ്യവസ്ഥയിൽ നിലനിൽക്കുകയും ചെയ്യും. പിന്നീട് ഇതേ രോഗാണു നമ്മുടെ ശരീരത്തെ ആക്രമിക്കുകയുമാണെങ്കിൽ അവയോട് പൊരുതാൻ ശരീരം കൂടുതൽ സജ്ജമാകും എന്ന് സാരം. വാക്സിൻ ചെയ്യുന്നത് രോഗം തന്നെ വരുത്താതെ നമ്മുടെ ശരീരത്തിൽ പ്രത്യേക രോഗാണുവിനെതിരെ ആർജിത പ്രതിരോധവും രോഗാണുവിനെ കുറിച്ചുള്ള “ഓർമയും” സൃഷ്ടിക്കുക എന്നതാണ്.

വാക്സിൻ മേഖലയിൽ വളരെ ദ്രുതഗതിയിലുള്ള വളർച്ച നാം കഴിഞ്ഞ ദശാബ്ദങ്ങളിൽ കണ്ടുകഴിഞ്ഞു. 1798 ൽ ആദ്യമായി വസൂരിക്കെതിരെ എഡ്വർഡ് ജന്നർ വാക്സിൻ കണ്ടുപിടിച്ചത് മുതൽ കുറെയധികം തരം വാക്സിനുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പ്രധാന വാക്സിനുകൾ താഴെപ്പറയുന്ന തരത്തിലാണ്.

നേർമ വരുത്തിയ ജീവാണുവിൽ നിന്ന് നിർമ്മിക്കപ്പെട്ട വാക്സിൻ : ( Live attenuated vaccine ) : രോഗകാരിയായ അണുക്കളെ വിവിധതരത്തിൽ ശക്തി കുറച്ച് രോഗം ഉണ്ടാക്കാൻ പ്രാപ്തമല്ലാതാക്കുകയും വാക്സിനിൽ ഉപയോഗിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ശരീരത്തിൽ നല്ല പ്രതികരണം ഉണ്ടാക്കാനും ദീർഘകാല പ്രതിരോധശേഷി നേടിയെടുക്കാനും ഈ വിധത്തിലുള്ള വാക്സിൻ കൊണ്ട് സാധിക്കുന്നു. അഞ്ചാംപനി, മുണ്ടിനീര്, വസൂരി, ചിക്കൻ പോക്സ് എന്നിങ്ങനെ പല വാക്സിനുകളും ഈ ഗണത്തിൽ ഉള്ളതാണ്.

നിർവീര്യമാക്കപ്പെട്ട ജീവാണുവുള്ള വാക്സിൻ (Inactivated vaccine ) : ഇതിൽ രോഗകാരിയായ അണുവിനെ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്. ആദ്യവിഭാഗം വാക്സിനുകളുടെയത്ര പ്രതിപ്രവർത്തനം ശരീരത്തിൽ സൃഷ്ടിക്കാൻ ഈ വാക്സിനുകൾക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബൂസ്റ്റർ ഡോസുകൾ വേണ്ടിവന്നേക്കാം. ഹെപ്പറ്റൈറ്റിസ് എ, പേവിഷബാധയുടെ വാക്സിൻ എന്നിവ ഈ ഗണത്തിൽ പെടുന്നു.

രോഗാണുവിന്റെ ചെറു ഘടകങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വാക്സിനുകൾ (Sub unit vaccine ) : രോഗകാരിയായ അണുവിനെ പൂർണ്ണമായും ഉപയോഗിക്കാതെ അവയിൽ പ്രതിരോധവ്യവസ്ഥ തിരിച്ചറിയുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് ഇത്തരം വാക്സിനുകൾ നിർമ്മിക്കുന്നത്. ഇവ നല്ല പ്രതിരോധപ്രവർത്തനം ശരീരത്തിൽ ഉണ്ടാക്കാൻ കെൽപ്പുള്ളതാണ്. ഹിബ് വാക്സിൻ , വില്ലൻ ചുമയുടെ വാക്സിൻ , ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എന്നിവയാണ് ഉദാഹരണങ്ങൾ.

ടോക്സോയിഡ് വാക്സിൻ (Toxoid vaccine ) : ചില രോഗാണു പുറപ്പെടുവിക്കുന്ന വിഷപദാർത്ഥങ്ങൾ (Toxins) ഉപയോഗിച്ചു വാക്സിനുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ പ്രതിരോധം രോഗാണുവിനെതിരെയല്ല, അതുണ്ടാക്കുന്ന വിഷാംശത്തിനെതിരെയായിരിക്കും. തൊണ്ടമുള്ള് (Diphtheria), ടെറ്റനസ് എന്നിവയിൽ ടോക്സോയിഡ് വാക്സിൻ ആണുള്ളത്.

ന്യൂക്ലിക് ആസിഡ് വാക്സിനുകൾ : ഇത് അടുത്ത കാലത്ത് വികസിച്ചുവരുന്ന പുതിയ വാക്സിൻ സാങ്കേതികവിദ്യയാണ്. രോഗാണുവിന്റെ ജനിതകഘടകങ്ങൾ ഉപയോഗിച്ച് വാക്സിൻ നിർമ്മിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഡിഎൻഎ പ്ലാസ്മിഡ് വാക്സിൽ , എം-ആർഎൻഎ വാക്സിൻ എന്നിങ്ങനെ ഒന്നിലധികം ഇനം ഇതിലുണ്ട്.

റീകോമ്പിനെന്റ് വെക്ടർ വാക്സിൻ (Recombinant vector vaccine) : ഇവിടെ രോഗകാരിയായ അണുവിന്റെ ജനിതകഘടകങ്ങൾ മറ്റൊരു അണുവിന്റെ സഹായത്തോടെയാണ് ശരീരത്തിലെത്തുന്നത്. എബോള ഉൾപ്പെടെ പല മുൻകാല മഹാമാരികളുടെ വാക്സിനുകളും ഈ വിധത്തിൽ നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് നടന്നിട്ടുള്ളത്.

കോവിഡിനെതിരെ 170ൽ പരം വാക്സിനുകളാണ് പരീക്ഷണത്തിന്റെ പലഘട്ടങ്ങളിൽ എത്തിനിൽക്കുന്നത്. അതിൽ 33 എണ്ണം മനുഷ്യനിലുള്ള പരീക്ഷണഘട്ടം എത്തിക്കഴിഞ്ഞു. ഈ കൊല്ലം അവസാനമോ അടുത്തകൊല്ലം ആദ്യമാസങ്ങളിലോ കോവിഡ് വാക്സിൻ ഉപയോഗത്തിൽ വരും എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഒരു സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എന്തായാലും താളംതെറ്റിയ മനുഷ്യരാശിക്ക് താളം വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ കച്ചിത്തുരുമ്പാകുമെന്നത് തീർച്ചയാണ്.


കോവിഡ് 19 – എങ്ങനെയാണ് വാക്സിനുകൾ പരിഹാരമാവുന്നത് ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ലൂക്ക – ചോദ്യപ്പൂക്കളം
Next post തെളിവോ തഴമ്പോ?
Close