Read Time:21 Minute

ഡോ. രതീഷ് കൃഷ്ണന്‍

സ്കോട്ട്ലാൻഡിനും ഐസ്‌ലാൻഡിനുമിടയിൽ, ഉത്തര അറ്റ്ലാൻറ്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ഫെരോ ദ്വീപുകൾ(Faroe Islands). 1846-ൽ ഈ ദ്വീപുകളിൽ അഞ്ചാം പനി പടർന്നു പിടിച്ചു. അഞ്ചാം പനിയ്ക്കു കാരണമാവുന്നത് മീസൽസ് മോർബില്ലിവൈറസ് മൂലമാണ് എന്നറിയാമല്ലോ. ഈ പ്രദേശത്തെ രോഗവ്യാപനത്തെക്കുറിച്ചു  പഠിക്കാൻ എത്തിയ ഡാനിഷ് ഡോക്ടർ പീറ്റർ പാനം (Peter Ludvig Panum), വളരെ രസകരമായ ഒരു കാര്യം കണ്ടെത്തി. അഞ്ചാം പനി പടർന്നു പിടിച്ച ദ്വീപുകളിൽ, പ്രായമായ മനുഷ്യർക്ക് രോഗം വന്നിട്ടില്ല. അതിനേക്കാൾ രസകരം രോഗം വരാത്തവരെല്ലാം തന്നെ, 1781-ൽ ഇതേ ദ്വീപുകളിൽ പൊട്ടിപ്പുറപ്പെട്ട അഞ്ചാം പനിയെ അതിജീവിച്ചവരായിരുന്നു എന്നതായിരുന്നു.

കോട്ട്ലാൻഡിനും ഐസ്‌ലാൻഡിനുമിടയിൽ, ഉത്തര അറ്റ്ലാൻറ്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം ഫെരോ ദ്വീപുകൾ – ഡോ. പീറ്റർ പാനം (Peter Ludvig Panum)

അഞ്ചാംപനി വൈറസുമായുള്ള ഒരൊറ്റ സമാഗമം അവർക്ക് ആജീവനാന്ത സംരക്ഷണം നൽകിയിരിക്കുന്നു. അല്ലെങ്കിൽ, അവരുടെ ശരീരത്തിൽ ആദ്യത്തെ രോഗപ്രതിരോധ പ്രവർത്തനത്തിൻറെ ഓർമ്മ അവശേഷിക്കുന്നു.

ഈ  രോഗപ്രതിരോധ ഓർമ്മയെ  വിളിക്കുന്ന പേരാണ് ഇമ്മ്യൂൺ മെമ്മറി. ഒരു രോഗാണുവിൻറെ തുടർച്ചയായ ആക്രമണത്തിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കുന്നതും, വാക്സിനുകളുടെ പ്രവർത്തനം സാധ്യമാക്കുന്നതും ഈ ദീർഘകാല രോഗ പ്രതിരോധ ഓർമ്മയാണ്.

കോവിഡ് -19 നെതിരെ ഒരു വാക്സിൻ എത്രയും വേഗം ലഭിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്ന ഈ അവസരത്തിൽ, അഞ്ചാം പനിക്കെതിരെ മനുഷ്യർ നേടിയ വിജയിത്തിൻറെ അനുഭവ കഥ പ്രോത്സാഹജനകമാണ്. രോഗവ്യാപനം ആരംഭിച്ചു ആറു മാസത്തിനകം തന്നെ, 10 വാക്സിൻ രൂപകല്പന ചെയ്‌തു മനുഷ്യരിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് ചെറിയ കാര്യമല്ല. ഇത് കൂടാതെ 114 വാക്സിനുകളെങ്കിലും വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഫലപ്രദവും ദീർഘകാല സംരക്ഷണം നൽകുന്നതുമായ ഒരു വാക്സിൻ, ഈ ഘട്ടത്തിൽ നമുക്ക് ഈ വൈറസ്സിനെതിരെ ചെറുതല്ലാത്ത ഒരു മേൽകൈ നേടിത്തരും എന്നത് നിസ്തർക്കമാണ്. ഇപ്പോഴുള്ള  ഏത് ചികിത്സ രീതികളെക്കാളും
മികച്ചതായിരിക്കും വികസിപ്പിക്കാൻ കഴിയുന്ന ഒരു  വാക്സിൻ. എന്നാൽ ഇവിടെ ഒരു രസകരമായ ചോദ്യത്തിനുള്ള സാധ്യതയുണ്ട്. നമ്മൾ വികസിപ്പിക്കുന്ന വാക്സിൻ ഒരു ദീർഘകാല സംരക്ഷണം നൽകുമോ? അതിനുള്ള ഉത്തരമാവട്ടെ മുകളിൽ ചർച്ച ചെയ്ത രോഗപ്രതിരോധ മെമ്മറിയെ ആശ്രയിച്ചിരിക്കും.

എങ്ങനെയാണ് ഈ രോഗപ്രതിരോധ മെമ്മറി പ്രവർത്തിക്കുന്നത് ?

മേൽ പറഞ്ഞ രോഗപ്രതിരോധ മെമ്മറിയുടെ പ്രവർത്തനത്തിൽ രണ്ട് ഘടകങ്ങളുണ്ട്. അതിൽ ആദ്യത്തേത്, രോഗാണു നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ആന്റിബോഡി പ്രതികരണമാണ്.  ഓക്സ്ഫോർഡ് യൂണിവാഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത, ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാക്കുന്ന ആന്റിബോഡി പ്രതികരണമാണ്. കൊറോണ വൈറസ്സിനെതിരെയുള്ള നമ്മുടെ പ്രതിരോധത്തിന് വലിയ ഊർജ്ജം പകരുന്നതും, വലിയ രീതിയിൽ പ്രതീക്ഷ ഉയർത്തുന്നതുമാണ്. ഇത് സാധ്യമാക്കുന്നത് ബി സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളാണ്. ആരോഗ്യവാനായ / ആരോഗ്യവതിയായ ഒരാളുടെ ശരീരത്തിൽ ബി സെല്ലുകളുടെ ഒരു വലിയ ശേഖരം നിലനിർത്താൻ രോഗപ്രതിരോധ സംവിധാനം
ശ്രദ്ധിക്കാറുണ്ട്. ഈ ബി സെല്ലുകളിൽ ഓരോന്നിനും വ്യത്യസ്ത ആന്റിബോഡികൾ ഉത്പാദിപ്പിക്കാനുള്ള   കഴിവുണ്ട്. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ, ആന്റിജനുകൾ എന്നറിയപ്പെടുന്ന രോഗകാരികളുടെ ഉപരിതലത്തിലെ പ്രത്യേക തന്മാത്രകളെ തിരിച്ചറിയുകയും അവയിൽ ബന്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധവ്യവസ്ഥ ഒരു പുതിയ രോഗകാരിയെ കണ്ടുമുട്ടുമ്പോൾ, അവയ്‌ക്കെതിരെ
ശരിയായ ആന്റിബോഡികൾ ഉൽ‌പാദിപ്പിക്കാൻ കഴിവുള്ള ബി സെല്ലുകൾ വന്യമായി വ്യാപിക്കുന്നു. ഇവ  പ്രസ്തുത ഭീഷണിയെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ ഉണ്ടാക്കുന്നു. ഇങ്ങനെ  രോഗപ്രതിരോധ പ്രതികരണം മേൽക്കൈ നേടി കഴിഞ്ഞാൽ, ഇമ്യൂണോഗ്ലോബുലിൻ ജി (IgG) എന്ന ആന്റിബോഡി രക്തത്തിൽ കണ്ടെത്താനാകും.
രോഗാണു ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞാലും, IgG ആഴ്ചകളോ, മാസങ്ങളോ,  വർഷങ്ങളോ, രക്തത്തിൽ തുടരുന്നു. ഈ ആന്റിബോഡികളെ അറിയപ്പെടുന്നത് ന്യൂട്രലൈസിംഗ് ആന്റിബോഡികളെന്നാണ്‌. അതെ സമയം ബി സെല്ലുകളാവട്ടെ, ദീർഘകാലം അസ്ഥിമജ്ജയിൽ നിലനിൽക്കുന്നു. ഇവ രണ്ടും ചേർന്ന്, രോഗാണുവിൽ നിന്നും നമ്മുടെ ശരീരത്തിന് അഭേദ്യമായ ഒരു കവചം നൽകുന്നു.

രോഗപ്രതിരോധ മെമ്മറിയുടെ മറ്റൊരു ഘടകം, മേൽ പറഞ്ഞ പ്രവർത്തനത്തിൽ ഏർപ്പെട്ട ചില ബി സെല്ലുകൾ മെമ്മറി ബി സെല്ലുകളായി പക്വത പ്രാപിക്കുന്നതാണ്. ഇവ ലിംഫ് നോഡുകളിലും പ്ലീഹയിലും ദീർഘകാലം നിലനിൽക്കുന്നു. രക്‌തത്തിലെ IgG ആന്റിബോഡികൾ, കുറയുകയോ പൂർണ്ണമായി നിർവീര്യമാവുകയോ ചെയ്യുന്ന ഘട്ടത്തിൽ, രോഗാണു വീണ്ടും ശരീരത്തെ ആക്രമിക്കുകയാണെങ്കിൽ, ഈ ബി സെല്ലുകൾ വീണ്ടും വ്യാപിക്കാൻ തുടങ്ങുകയും വേഗത്തിൽ അതിനെ കീഴടക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ പലപ്പോഴും രോഗാണു കാരണമുള്ള രോഗ ലക്ഷണങ്ങളൊന്നും പ്രകടമായേക്കില്ല.

നമ്മുടെ ശരീരത്തിൽ ടി-സെല്ലുകൾ എന്നറിയപ്പെടുന്ന മറ്റ് രോഗപ്രതിരോധ കോശങ്ങളും പ്രതിരോധശേഷിക്ക് കാരണമാകുന്നുണ്ട്. ഈ കോശങ്ങൾ പൊതുവിൽ രണ്ട് തരമുണ്ട്‌. രോഗബാധയുള്ള കോശങ്ങൾക്കെതിരായ രോഗപ്രതിരോധ ആക്രമണങ്ങളെ ഏകോപിപ്പിക്കുന്നഹായി ടി-സെല്ലുകളും (Helper T Cells), രോഗാണുവിനെതിരെ ആക്രമണം നടത്തുന്ന കൊലയാളി ടി സെല്ലുകളും (Killer T Cells or Cytototoxic T Cells). രണ്ട് തരത്തിലുമുള്ളവയും, ദീർഘകാല മെമ്മറി ടി-സെല്ലുകളായി മാറുകയും ലസീക (Lymhatic) അവയവങ്ങളിലേക്കും ടിഷ്യുകളിലേക്കും മാറുകയും ചെയ്യുന്നു. ഇങ്ങനെ ബി, ടി സെല്ലുകളുടെ മെമ്മറി പതിപ്പുകൾ, നമ്മുടെ ശരീരത്തിന്‌  പ്രവർത്തനപരമായ പ്രതിരോധശേഷി നൽകുകയും രോഗാണുവിന്റെ രണ്ടാമത്തെ ആക്രമണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വീണ്ടും ചോദ്യത്തിലേക്ക് മടങ്ങാം. നമ്മൾ വികസിപ്പിക്കുന്ന വാക്സിൻ ഈ കൊറോണ വൈറസ്സിനെതിരെ ഒരു ദീർഘകാല സംരക്ഷണം നൽകുമോ?

ജലദോഷമുണ്ടാക്കുന്ന നാല് കൊറോണ വൈറസ്സുകളെയെങ്കിലും മനുഷ്യർക്ക് പരിചയമുണ്ട്. അവയാവട്ടെ, നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധ പ്രതികരണങ്ങൾ സൃഷ്ടിക്കാറുമുണ്ട്. എന്നാൽ ഈ പ്രതികരണങ്ങൾ ദീർഘകാല ഓർമ്മകൾ ഉണ്ടാക്കാറില്ല. എല്ലാ മഴക്കാലത്തും ജലദോഷവും പനിയും വരുന്ന മലയാളികൾക്ക് ഇത് പരിചിതമാണല്ലോ. അതെ സമയം, ഈ വൈറസ് കുടുംബത്തിൽ നിന്നും അടുത്ത കാലത്ത് മനുഷ്യരെ ആക്രമിച്ചു, SARS, MERS എന്നീ രോഗങ്ങൾക്ക് കാരണമാവുന്ന കൊറോണ വൈറസുകൾ ഉണ്ടാക്കുന്ന രോഗപ്രതിരോധ പ്രവർത്തനം ദീർഘകാല ഓർമ്മയായി മാറുന്നുമുണ്ട്.

ഇവിടെയാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. കോവിഡ് -19 ന് കാരണമാവുന്ന SARS-CoV-2 വൈറസ്  എങ്ങനെ പെരുമാറും? കുറച്ച് വർഷത്തെ പരിരക്ഷയോടെ MERS, SARS എന്നീ വൈറസുകൾ പോലയോ അതോ ജലദോഷമുണ്ടാക്കുന്ന മറ്റുള്ളവയെപ്പോലെയോ?

SARS-CoV-2 വൈറസിനു ഒരു രോഗപ്രതിരോധ മെമ്മറി സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഇത് ദീർഘകാലത്തേയ്ക്കു നിലനിൽക്കുന്ന ഒന്നാണോ അല്ലയോ എന്നത് ഇപ്പോൾ വ്യക്തമല്ല. ഒരാൾക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ വികസിച്ച് അഞ്ച് ദിവസത്തിന് ശേഷം രക്തപ്രവാഹത്തിൽ IgG പ്രത്യക്ഷപ്പെടുന്നതായി നമുക്കറിയാം. (ഇതാണ് ആന്റിബോഡി ടെസ്റ്റുകളുടെ അടിസ്ഥാനം)  ഇതിനർത്ഥം മെമ്മറി ബി സെല്ലുകൾ രൂപം
കൊള്ളുന്നുവെന്നും കൂടിയാണ്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴും ആശങ്കകളുണ്ട്. അതിലൊന്ന്, രോഗം ബാധിച്ചവരും, എന്നാൽ നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവരുമായ ആളുകളിൽ, രോഗപ്രതിരോധ ഓർമ്മകൾ സൃഷ്ട്ടിക്കാൻ മാത്രം ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടാവുന്നുണ്ടോ എന്നതാണ്. ഇനി
ഉണ്ടാവുന്ന IgG യെ സംബന്ധിച്ചിടത്തോളം, അവ വളരെ പെട്ടെന്ന് കുറയുന്നു എന്നതാണ് മറ്റൊന്ന്. അടുത്തിടെ ചൈനയിൽ നടത്തിയ ഒരു പഠനം ഇത് രണ്ടും പ്രശ്‌നങ്ങളാണെന്ന് സ്ഥിരീകരിക്കുന്നതായി തോന്നുന്നു. രോഗലക്ഷണമുള്ള രോഗികളേക്കാൾ, ലക്ഷണമില്ലാത്ത, എന്നാൽ രോഗബാധിതരായ ആളുകൾക്ക് IgG
കുറവാണെന്ന് ഈ പഠനം ചൂണ്ടികാണിക്കുന്നു. അതെ പോലെ രോഗമുക്തി നേടുന്ന 60ശതമാനം ആളുകളിലും രണ്ട് മൂന്ന് മാസത്തിന് ശേഷം IgG  അളവ് കുറയുന്നതായും ഇതേ പഠനം റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിലെ ആന്റിബോഡികളുടെ സാന്ദ്രത ഒരു  വ്യക്തിയുടെ സുരക്ഷിതത്വത്തിന്റെ മാനദണ്ഡമല്ല എന്ന് മാത്രമല്ല ഉയർന്ന നിലവാരമുള്ള കുറച്ച് ആന്റിബോഡികൾ ഉണ്ടെങ്കിൽ, അവയുടെ സാന്ദ്രത കുറവാണെങ്കിൽ പോലും ആ വ്യക്തി പരിരക്ഷിതനായിരിക്കും. എന്നാൽ വാക്സിൻ വികസനത്തിൽ ഈ അറിവ്‌  വളരെ പ്രധാനപ്പെട്ടതാണ്. കാലിഫോർണിയയിലെ സ്‌ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ശാസ്ത്രജ്ഞർ കോവിഡ്-19 രോഗികളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികളെ വേർതിരിച്ച്, വ്യത്യസ്ത ആന്റിബോഡികളിൽ, മൂന്ന് സൂപ്പർ-പവർ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. അസിംപ്റ്റോമാറ്റിക് കേസുകളായ  ആളുകൾ ഈ ആന്റിബോഡികൾ, അല്ലെങ്കിൽ സമാനമായ ആന്റിബോഡികൾ നിർമ്മിക്കുന്നുണ്ടെങ്കിൽ അവർക്കു സംരക്ഷണം ലഭിച്ചേക്കും. എന്നാൽ അപ്പോഴും ഇവ ദീർഘകാലം നിലനിൽക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

ഇവിടെയാണ് ചിലർ ഹെർഡ്‌ ഇമ്മ്യൂണിറ്റിയുടെ വക്താക്കളാവുന്നത്. കൊറോണ വൈറസിന് മനുഷ്യരിൽ കുറഞ്ഞ കാലത്തേയ്ക്ക് മാത്രമേ പ്രതിരോധശേഷി ഉണ്ടാക്കുന്നുള്ളു എന്ന തെളിവുകൾ ഉണ്ടായിരുന്നിട്ടും, വാക്സിനില്ലാതെ ഹെർഡ്‌ ഇമ്മ്യൂണിറ്റി ചർച്ച ചെയ്യുന്നത് അപഹാസ്യമാണ്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഹേലി റാൻ‌ഡോൾഫും ലൂയിസ് ബാരീറോയും പറയുന്നതനുസരിച്ച്, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് -19 ബാധിതരായാലെ ഹെർഡ്‌ ഇമ്മ്യൂണിറ്റി നേടാൻ കഴിയുകയുള്ളു. നിലവിലെ മരണനിരക്ക് അനുസരിച്ച്, 30ദശലക്ഷം വൈറസ് മരണങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ഓർക്കണം. അതായത് ഇപ്പോഴുള്ളതിന്റെ 50 ഇരട്ടി മരണം. ഇനി ഇത്രയും ആളുകൾ രോഗ ബാധിതരാവുമ്പോൾ ആരോഗ്യ സംവിധാനങ്ങളിൽ ഇതുണ്ടാക്കുന്ന ക്ലേശം കൂടുതൽ മരണങ്ങൾക്ക് കാരണമാവും. ഈ അവസ്ഥ സംജാതമാവാതിരിക്കാൻ വാക്സിൻ വികസിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.

എങ്ങനെയാണ് വാക്സിനുകൾ പരിഹാരമാവുന്നത് ?

ഒരു രോഗാണുവിനെയോ അതിന്റെ ഒരു ഭാഗത്തേയോ തിരിച്ചറിയാൻ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിച്ചാണ് വാക്സിനുകൾ പ്രവർത്തിക്കുന്നത്. ഇതിന് വിവിധ മാർഗങ്ങളുണ്ട്. ഒരു മാർഗ്ഗം
നിർജ്ജീവമാക്കിയ രൂപത്തിൽ കൊറോണ വൈറസ് കുത്തിവെയ്ക്കുന്നതാണ്. ഇത്തരം വൈറസ്സുകൾക്ക് മനുഷ്യശരീരത്തിൽ പ്രത്യുല്പാദനം നടത്താൻ കഴിയില്ല. ആയതിനാൽ തന്നെ, ഗുരുതരമായ രോഗം ഉണ്ടാക്കാനും കഴിയില്ല. മറ്റൊരു രീതി കൊറോണ വൈറസിന് പുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ അടങ്ങിയ ഒരു സബ്യൂണിറ്റ് വാക്സിൻ വികസിപ്പിക്കുക എന്നതാണ്. ഈ രണ്ടു രീതിയും നമ്മുടെ ശരീരത്തിൽ വലിയൊരു രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകില്ല, അതിനാൽ അവയുടെ ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിന് പലപ്പോഴും വിവിധ രാസവസ്തുക്കൾ ചേർക്കേണ്ടിവരും. ഇന്ന് നാം ഉപയോഗിക്കുന്ന പല ഫ്ലൂ വാക്സിനുകളും ഈ രണ്ട് രീതികളിൽ
വികസിപ്പിച്ചവയാണ്.

ജീവനുള്ള രോഗ ശേഷി കുറഞ്ഞ വൈറസുകൾ ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. ഇതിനായി വൈറസിന്റെ ഒരു രാസപരിവർത്തനം ചെയ്ത പതിപ്പാണ് ഉപയോഗിക്കുന്നത്. അത് രോഗത്തിന്റെ സൗമ്യമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ലക്ഷണങ്ങളുണ്ടായാൽ തന്നെ വളരെ ചെറിയ രീതിയിൽ മാത്രമേ അവ പ്രകടമാവുകയുള്ളു. മീസിൽസ്, മം‌പ്സ്, റുബെല്ല വാക്സിനുകൾ ഈ  രീതിയിലാണ് പ്രവർത്തിക്കുന്നത്.

വാക്സിൻ വികസിപ്പിക്കുന്നതിനു ഒരു മാർഗ്ഗം കൂടിയുണ്ട്. ഇതിൽ മറ്റൊരു വൈറസിന്റെ ഷെൽ അല്ലെങ്കിൽ ഫാറ്റി ഡ്രോപ്ലറ്റുകൾ ഉപയോഗിച്ച് സ്പൈക്ക് പ്രോട്ടീൻ പോലുള്ള ഒരു വൈറൽ പ്രോട്ടീന്റെ ജനിതക കോഡ്
മനുഷ്യകോശങ്ങളിലേക്ക് എത്തിക്കുന്നു. ഈ ആർ‌എൻ‌എ അല്ലെങ്കിൽ ഡി‌എൻ‌എ കോഡ് പിന്നീട് മനുഷ്യ കോശങ്ങൾ ഉപയോഗിച്ച് പ്രോട്ടീൻ നിർമ്മിക്കുന്നു. ഈ രീതിയിൽ വാക്സിനുകൾക്കായി ഡി‌എൻ‌എ അല്ലെങ്കിൽ ആർ‌എൻ‌എ ഉപയോഗിക്കുന്നത് താരതമ്യേന പുതിയ ഒരു ആശയമാണ്, ഒരു രോഗത്തിനും ഇതുവരെ ഈ രീതിയിൽ വാക്സിനുകൾ വികസിപ്പിച്ചിട്ടില്ല.

വ്യത്യസ്ത പരീക്ഷണ വാക്സിനുകൾക്ക് വ്യത്യസ്ത ശക്തിയും ബലഹീനതയും ഉണ്ടാകും. ചിലത് പ്രായമായവരിൽ നന്നായി പ്രവർത്തിച്ചേക്കില്ല, അല്ലെങ്കിൽ വളരെ ഹ്രസ്വകാല പരിരക്ഷ മാത്രമേ നൽകൂ. ഈ വാക്സിനുകൾ എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗം എല്ലാ പ്രായത്തിലുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഇവ നൽകുക എന്നതു മാത്രമാണ്. എന്നാൽ ഇതെല്ലം തന്നെ പരിഹരിക്കാവുന്ന വിഷയങ്ങളാണ്. ഒരു വാക്സിനെ പരിഷ്‌കരിച്ചോ, ഒന്നിലേറെ വാക്സിനുകൾ ഉപയോഗിച്ചോ, ഹ്രസ്വകാലത്തിൽ ആവർത്തിക്കേണ്ടവ വികസിപ്പിച്ചോ എല്ലാം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷെ നമ്മുടെ പ്രശ്നം സമയമാണ്. രോഗവ്യാപനത്തിനെ തടഞ്ഞു നിർത്തണമെങ്കിൽ കാലതാമസമില്ലാതെ വാക്സിൻ ലഭ്യമായേ മതിയാവൂ.

എത്ര വേഗത്തിൽ ഒരു വാക്സിൻ നിർമ്മിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. പരീക്ഷണങ്ങൾ ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തിയാലും, 700 കോടി ആളുകൾക്ക് മതിയായ ഡോസുകൾ ഉണ്ടാക്കുകയെന്ന വലിയ വെല്ലുവിളി ഒരു തടസ്സമായിരിക്കും. ഇതിന്റെ കൂടെയാണ് ലോകം ഇപ്പോൾ നേരിടുന്ന വാക്സിനുകൾ സംഭരിക്കാനാവശ്യമുള്ള ചില്ലു കുപ്പിയുടെ ദൗർലഭ്യത. വലിയ രീതിയിലുള്ള അന്താരാഷ്ട്ര സഹകരണങ്ങൾ ഉറപ്പാക്കിയാലേ ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുകയുള്ളൂ. എത്രയും വേഗം വാക്സിൻ വികസനം പൂർത്തിയാവും എന്ന് പ്രത്യാശിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ.


അധികവായനയ്ക്ക്

1.  medRxiv, doi: https://doi.org/10.1101/2020.04.30.20085613
2.  medRxiv, doi: https://doi.org/10.1101/2020.06.07.20124636
3.  bioRxiv, doi: https://doi.org/10.1101/2020.06.05.134551
4.  The Journal of Infectious Diseases, https://doi.org/10.1093/infdis/jiaa152
5.  Nature Medicine, doi.org/10.1038/s41591-020-0965-6D
6.  Science, doi.10.1126/science.abc7520
7.  bioRxiv, doi.org/10.1101/2020.05.21.108308
8.  Science Immunology,10.1126/sciimmunol.abd2071
9.  Immunity,doi.org/10.1016/j.immuni.2020.04.012
10. https://www.washingtonpost.com/business/2020/07/13/coronavirus-vaccine-corning-glass/

കോവിഡ് ശാസ്ത്രവും രാഷ്ട്രീയവും

ഡോ. രതീഷ് കൃഷ്ണന്റെ അവതരണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സയൻസാൽ ദീപ്തമീ ലോകം
Next post പുഴു വെറും പുഴുവല്ല
Close